
പോലീസിനെയെങ്കിലും പിണറായി ശരിയാക്കുമോ..?
ലോകത്തെ ഏറ്റവും വലിയ ഭീരുക്കള്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സിനിമയിലല്ലാതെ തങ്ങള്‍ക്കു തിരിച്ചടി കിട്ടില്ല എന്ന ഉറപ്പില്‍ ലോക്കപ്പിലിട്ട് കുറ്റവാളികളേയും അല്ലാത്തവരേയും ദുര്‍ബ്ബലവിഭാഗങ്ങളേയും മര്‍ദ്ദിക്കുന്ന പോലീസുകാര്‍.. നിയമപാലകര്‍ തന്നെ ഏറ്റവും വലിയ നിയമലംഘനം നടത്തുന്നത് ആ ഉറപ്പിലാണല്ലോ. ഇത്തരം ഭീരുക്കളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. ഭീരുക്കളായ പോലീസുകാരുടെ നിയമവിരുദ്ധമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഒടുവിലത്തെ ഉദാഹണമാണ് പോയവാരം കൊല്ലത്ത് കണ്ടത്. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ചാലും മൂട് പോലീസ് അഞ്ച് ദിവസമാണ് നിരപരാധികളായ ദളിത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ […]
ലോകത്തെ ഏറ്റവും വലിയ ഭീരുക്കള്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. സിനിമയിലല്ലാതെ തങ്ങള്‍ക്കു തിരിച്ചടി കിട്ടില്ല എന്ന ഉറപ്പില്‍ ലോക്കപ്പിലിട്ട് കുറ്റവാളികളേയും അല്ലാത്തവരേയും ദുര്‍ബ്ബലവിഭാഗങ്ങളേയും മര്‍ദ്ദിക്കുന്ന പോലീസുകാര്‍.. നിയമപാലകര്‍ തന്നെ ഏറ്റവും വലിയ നിയമലംഘനം നടത്തുന്നത് ആ ഉറപ്പിലാണല്ലോ. ഇത്തരം ഭീരുക്കളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്.
ഭീരുക്കളായ പോലീസുകാരുടെ നിയമവിരുദ്ധമായ ലോക്കപ്പ് മര്‍ദ്ദനത്തിന്റെ ഒടുവിലത്തെ ഉദാഹണമാണ് പോയവാരം കൊല്ലത്ത് കണ്ടത്. അറസ്റ്റ് രേഖപ്പെടുത്താതെ അഞ്ചാലും മൂട് പോലീസ് അഞ്ച് ദിവസമാണ് നിരപരാധികളായ ദളിത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചത്. കൊല്ലം അഞ്ചാലുംമൂട് കാഞ്ഞിരംകുഴി അമ്പുതാഴത്തില്‍ രാജീവ്, ബന്ധു ഷിബു എന്നിവരെയാണ് പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചത്. പൂര്‍ണ്ണ നഗ്‌നനാക്കി തല തിരിച്ച് വെച്ച് മുഖമടച്ച് അടിക്കുകയായിരുന്നു. കഴിഞ്ഞില്ല. മുള കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് കൈവിരലുകള്‍ക്ക് ഇടയില്‍ കയറ്റി വിരലുകള്‍ തകര്‍ത്തു. മസിലുകളില്‍ നിര്‍ത്താതെ ഇടിക്കുക. മുതുകത്ത് ചവിട്ടുക. ജനനേന്ദ്രിയത്തില്‍ ക്ലിപ്പിട്ടു പിടിക്കുകയും വലിക്കുകയും ചെയ്യുക. ഇങ്ങനെയൊക്കെയാണ് യുവാക്കളെ പോലീസ് മര്‍ദ്ദിച്ചത്. മോഷണകുറ്റം ആരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് ജോലിക്ക് പോയിരുന്നിടത്തെ ആക്കത്തൊടി രമണന്‍ എന്ന കോണ്‍ട്രാക്ടറുടെ 1.80 ലക്ഷം രൂപ കളവ് പോയിരുന്നു. അതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. അഞ്ച് ദിവസവും ബന്ധുക്കളെ പോലും കാണിക്കാതെ പട്ടിണിക്കിട്ടു. അക്രമത്തെ തുടര്‍ന്ന് അവശനിലയിലായ രാജീവിനെ തെളിവില്ലെന്നുകണ്ട് കേസ് പോലും എടുക്കാതെ പിന്നീട് വിട്ടയക്കുകയായിരുന്നു. രാജീവിന്റെ കൂട്ടാളിയാണ് എന്നാരോപിച്ചാണ് ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അടിയന്തരാവസ്ഥകാലത്ത് ക്രൂരമായ രീതിയില്‍ പോലീസ് പീഡനത്തിനിരയായ മുഖ്യമന്ത്രി പിണറായി വിജയനാണല്ലോ ആഭ്യന്തരവകുപ്പ് കയ്യാളുന്നത്. മര്‍ദ്ദനത്തിനു വിധേയനായി എന്നു മാത്രമല്ല, ആ സംഭവത്തെ തന്റെ രാഷ്ട്രീയമായ ഉയര്‍ച്ചക്ക് ധാരാളം ഉപയോഗിക്കുകയും ചെയ്ത വ്യക്തായാണ് പിണറായി. തീര്‍ച്ചയായും അ്‌ദ്ദേഹം ഭരിക്കുമ്പോള്‍ പോലീസ് ഇത്തരത്തില്‍ ഭീരുത്വം കാണിക്കരുത്. അഥവാ കാണിച്ചാല്‍ തന്നെ അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ നടന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍ സര്‍ക്കാര്‍ കാര്യമായി ഇടപെട്ടിട്ടില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നത്.
സമീപകാലത്ത് നിവധി ദളിത് യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടികാട്ടുന്നു. ഒക്ടോബര്‍ 17ന് തിരുവനന്തപുരം കഠിനംകുളം സ്വദേശിയായ ദളിത് യുവാവ് സജിത്തിന് കഠിനംകുളം എസ് ഐ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ നിന്നും മര്‍ദ്ദനമേറ്റു. പുലയന്‍മാരെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നുവത്രെ മര്‍ദ്ദനം. ജൂലൈ 1ന് ഇടക്കൊച്ചിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറായ സുരേഷിനെ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത എറണാകുളത്തെ ഹാര്‍ബര്‍ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. സുരേഷ് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ 25ന് പാലാരിവട്ടം ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സൂരജ് എന്ന വെല്‍ഡിങ് തൊഴിലാളിയും ദളിതനുമായ 19 കാരനെ പോലീസ് മര്‍ദ്ദിച്ചവശനാക്കി. ആറംഗങ്ങളുള്ള കുടുംബത്തിന്റെ ഏക ആശ്രയമായ സൂരജ് ഇപ്പോഴും തൊഴിലിന് പോകാനാകാതെ വിശ്രമത്തിലാണ്. സെപ്റ്റംബര്‍ 26ന് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ എസ്. ഐയും മറ്റ് 6 പോലീസുകാരും ചേര്‍ന്ന് തയ്യല്‍ തൊഴിലാളിയായ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രദീഷിനെ (36) മര്‍ദ്ദിച്ചവശനാക്കി. കണ്ണിലും രഹസ്യ രഹസ്യ ഭാഗങ്ങളിലും പച്ചമുളക് അരച്ച് തേച്ചു. സെപ്റ്റംബര്‍ 19ന് സെപ്റ്റംബര്‍ 24ന് തായ്ക്കാട്ടുകാര ചേരാറ്റുപറമ്പില്‍ ശെല്‍വന്‍ എന്ന ഓട്ടോ ഡ്രൈവര്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി. കഞ്ചാവ് മാഫിയ വെട്ടിപ്പരിക്കേല്‍പ്പിച്ചയാളെ ആശുപത്രിയിലെത്തിച്ചതിനാണ് പൊലീസ് ശെല്‍വനെ മര്‍ദ്ദിച്ചത്. പറവൂര്‍ പട്ടണം കണ്ണാട്ടുപാടത്ത് മോഹനന്‍ (61), തൊഴിലാളിയും ദളിതനുമായ കുട്ടമ്പുഴ സ്വദേശി ഷിജോമോന്‍ തുടങ്ങിയവരും ലോക്കപ്പ് മര്‍ദ്ദനത്തിനു വിധേയരായവരാണ്. രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവവുമുണ്ടായി. സെപ്റ്റംബര്‍ 18 ന് മലപ്പുറം ജില്ലയിലെ വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ അബ്ദുല്‍ ലത്തീഫ്, ഒക്ടോബര്‍ 9 നു തലശ്ശേരി പോലീസിന്റെ കസ്റ്റഡിയില്‍ തമിഴ്‌നാട് സേലം സ്വദേശി കാളിമുത്തു എന്നിവരാണ് മരിച്ചത്. ഒക്ടോബര്‍ 7 നു കസ്റ്റഡിയിലെടുത്ത കാളിമുത്തുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. കസ്റ്റഡിയിലെടുക്കാതെയുള്ള പൊലീസ് അതിക്രമങ്ങളും പെരുകുകയാണ്.
ആധുനിക ജനാധിപത്യ സമൂഹത്തിനു യോജിച്ച രീതിയില്ല ഇപ്പോഴും നമ്മുടെ പോലീസ് സംവിധാനം നിലനില്‍ക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തുക എന്നതാണ് തങ്ങളുടെ തൊഴില്‍ എന്നവര്‍ വിശ്വസിക്കുന്നു. ജനമൈത്രി പോലീസിനെ കുറിച്ച് ധാരാളം പ്രസംഗിക്കുമ്പോഴും പോലീസിനെ അത്തരത്തില്‍ മാറ്റിയെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. അത്തരത്തില്‍ മാറാന്‍ പോലീസും തയ്യാറല്ല. അത്തരത്തിലുള്ള നടപടികള്‍ പോലീസിന്റെ വീര്യം കളയുമെന്നാണവര്‍ കരുതുന്നത്. മാര്‍ക്‌സിസ്റ്റ് ശൈലിയില്‍ പറഞ്ഞാല്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെയാണ് പോലീസ്. മാര്‍ക്‌സിസ്റ്റ് ഭരണത്തിലും അങ്ങനെതന്നെ.
പൊതുസ്ഥലങ്ങളിലെല്ലാം സിസിടിവി ക്യമറകള്‍ സ്ഥാപിച്ച് ജനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന പോലീസിനെ ഞെട്ടിച്ച ഒരു നിര്‍ദ്ദേശം സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി മുന്നോട്ട് വെച്ചിരുന്നു. പോലീസ് സ്‌റ്റേഷനിലെ എല്ലാ മുറികളും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കണം, ലോക്കപ്പ് പ്രതികളും പൊലീസും തമ്മില്‍ ആശയ വിനിമയം നടത്തുന്ന ഇടങ്ങള്‍ തുടങ്ങി സ്‌റ്റേഷനുകളിലെ എല്ലാ കോണുകളും ദിവസത്തില്‍ 24 മണിക്കൂറും നിരീക്ഷണ വലയത്തില്‍ വരുന്ന വിധത്തില്‍ ക്യാമറകള്‍ സ്ഥാപിക്കണം, പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ മാധ്യമ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതി രൂപീകരിക്കണം, സിസി ടി.വി ദൃശ്യങ്ങള്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിക്കണം, ഇത് പരിശോധിച്ച് മനുഷ്യാവകാശ കമ്മിഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം, കസ്റ്റഡി പീഡനങ്ങള്‍ നിയന്ത്രിക്കുന്നതിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മേല്‍നോട്ടം വഹിക്കണം, എല്ലാ സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കോടതികള്‍ സ്ഥാപിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജനങ്ങളെ നിരീക്ഷിക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനും അവകാശമുള്ളപ്പോള്‍തന്നെ നിങ്ങളും ജനാധിപത്യത്തില്‍ അപ്രമാദിത്തമുള്ളവരല്ല എന്ന സന്ദേശമാണ് ഇത് പോലീസിന് നല്‍കിയത്. നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്നു ധരിച്ചിരിക്കുന്ന നിയമപാലകര്‍ക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു അത്. പതിവുപോലെ ആ റിപ്പോര്‍ട്ട് നടപ്പാക്കപ്പെട്ടില്ല. അത് നടപ്പാക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപെടേണ്ടത്.
പോലീസില്‍ സാധാരണമായ അനഭലഷണീയമായ പ്രവണതകളെ കുറിച്ച് മുന്‍ ഡി ജി പി സെന്‍കുമാര്‍ ഒരിക്കല്‍ തുറന്നു പറഞ്ഞ സത്യങ്ങളും ഓര്‍ക്കുന്നത് നന്നായിരിക്കും. വ്യക്തികളോടും സമൂഹത്തോടും പരുഷമായി പെരുമാറുക. അകാരണമായി അവരെ അപമാനിക്കുക, ദേഹോപദ്രവം ഏല്‍പ്പിക്കുക നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി കേസ് രജിസ്റ്റര്‍ ചെയ്യുക. നിയമവിരുദ്ധമായി വ്യക്തികളെ അറസ്റ്റ് ചെയ്യുക നിയമവിരുദ്ധമായ തെരച്ചിലുകള്‍ നടത്തുക. വസ്തുവകകളും വാഹനങ്ങളും മറ്റും അകാരണമായി പിടിച്ചെടുക്കുക, പണമോ സ്വാധീനമോ വഴി സ്വാധീനിക്കാന്‍ കഴിയാത്തവരുടെ പരാതികള്‍ അവഗണിക്കുക, ക്രമസമാധാനത്തിനു വേണ്ടി അമിതബലപ്രയോഗം നടത്തുക വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുക, വ്യക്തിപരമായ താല്പര്യങ്ങള്‍ക്കുവേണ്ടി പൊലീസ് സംവിധാനം ദുര്‍വിനിയോഗം ചെയ്യുക, സത്യസന്ധമായും നീതിപൂര്‍വ്വകമായും മുഖം നോക്കാതെയും നടപടികള്‍ എടുക്കാതിരിക്കുക കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പീഡിപ്പിക്കുക സ്ത്രീകളോട് മോശമായി പെരുമാറുക ഡ്യൂട്ടിയ്ക്കിടയില്‍ മദ്യപിക്കുക, മുറുക്കുക, പുകവലിക്കുക എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ സ്വയം വിമര്‍ശനങ്ങള്‍. പൊലീസിന്റെ അഴിമതി പലപ്പോഴും സാധുക്കളോട് ആകുന്നതുകൊണ്ടാണ് അതേറ്റവും കൂടുതല്‍ സമൂഹത്തെ ബാധിക്കുന്നത്.
ഇടതുപക്ഷം എല്ലാം ശരിയാക്കും എന്നാരും കരുതുന്നില്ല. എന്നാല്‍ പോലീസ് മര്‍ദ്ദനത്തിന് ഒരിക്കലെങ്കിലും ഇരയായിട്ടുള്ള മുഖ്യമന്ത്രി പോലീസിനെയെങ്കിലും ശരിയാക്കിയെടുക്കുമെന്ന് സാധാരണക്കാര്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. അതിനദ്ദേഹത്തിനു കഴിയുമോ എന്ന് കാത്തിരുന്നു കാണാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in