പോലീസിനാവശ്യം ആത്മവീര്യമല്ല, ജനാധിപത്യബോധം

നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ പോലീസിന്റെ ആത്മവീര്യവുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന ചര്‍ച്ചകളുടെ ലക്ഷ്യം വിഷയത്തെ വഴി തിരിച്ചുവിടുകയാണെനന്നു വ്യക്തം. നടന്നത് വ്യാജഏറ്റുമുട്ടലാണെന്നു ഏറെക്കുറെ ഉറപ്പാകുകയും ഭരണമുന്നണിയിലെ വിവിധ കോണുകളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ശക്തമായിരിക്കുന്നത്. ഈയാവശ്യവുമായി പോലീസ് ഓഫീസേഴ്‌സ് അാേസസിയേഷന്‍ തന്നെ രംഗത്തുണ്ട്. കൂടാതെ ശക്തമായി രംഗത്തുവന്ന ഒരാള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് […]

xyz

നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ പോലീസിന്റെ ആത്മവീര്യവുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന ചര്‍ച്ചകളുടെ ലക്ഷ്യം വിഷയത്തെ വഴി തിരിച്ചുവിടുകയാണെനന്നു വ്യക്തം. നടന്നത് വ്യാജഏറ്റുമുട്ടലാണെന്നു ഏറെക്കുറെ ഉറപ്പാകുകയും ഭരണമുന്നണിയിലെ വിവിധ കോണുകളില്‍ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ശക്തമായിരിക്കുന്നത്. ഈയാവശ്യവുമായി പോലീസ് ഓഫീസേഴ്‌സ് അാേസസിയേഷന്‍ തന്നെ രംഗത്തുണ്ട്. കൂടാതെ ശക്തമായി രംഗത്തുവന്ന ഒരാള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നു പറയുന്ന അദ്ദേഹം ചിലപ്പോള്‍ നടപടിക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായെന്ന് വരാമെന്നും കൂട്ടിചേര്‍ക്കുന്നു. പോലീസുകാര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കണം. എന്നാല്‍ പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
രസകരമായ വസ്തുത പോലീസിനായി ശക്തമായി രംഗത്തുവന്നിരിക്കുന്നത് കോണ്‍ഗ്രസ്സ് നേതാക്കളാണെന്നതാണ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമാണതില്‍ മുന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള തണ്ടര്‍ബോള്‍ കേരളത്തിലെ പ്രവര്‍ത്തനം ശക്തമാകുന്നത് ഇവരിവരുടേയും ഭരണകാലത്താണല്ലോ. പിന്നെ മുരളീധരനാണ്. അതും സ്വാഭാവികം. ഒരുപാട് നക്‌സലൈറ്റ് പ്രവര്‍ത്തകരുടെ ചോരയില്‍ മുക്കിയ കൈകള്‍ക്കുടമയായ ഒരാളുടെ മകനാണല്ലോ അദ്ദേഹം. അതേസമയം കെ പി സി സി പ്രസിഡന്റ്് വി എം സുധീരനും വീക്ഷണം പത്രവും പോലീസ് ഭാഷ്യം വിഴുങ്ങുന്നില്ല. പ്രതിപക്ഷത്താകട്ടെ കാനം തുടങ്ങിവെച്ച പ്രതിഷേധം വിഎസടക്കം നിരവധി നേതാക്കള്‍ ഏറ്റെടുത്തുകഴിഞ്ഞു. കോടിയേരിയടക്കം അസംതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. പിണറായിയാകട്ടെ മോദിയെപോലെ മൗനത്തിലാണ്. മെജിസ്റ്റീരിയല്‍ – ക്രൈബ്രാഞ്ച് അന്വേഷണങ്ങള്‍ തൃപ്തികരമല്ല എന്നാണ് മനുഷ്യാലവകാശപ്രവര്‍ത്തകരുടെ നിലപാട്.
സുപ്രിംകോടതി നിര്‍ദ്ദേശങ്ങളടക്കം നിലനില്‍ക്കുന്ന എല്ലാ നിയമങ്ങള്‍ക്കും പുല്ലുവില കൊടുക്കാതെയാണ് പോലീസ് ഇരുവരേയും വധിച്ചതെന്നതില്‍ കാര്യമായ സംശയമൊന്നുമില്ല. മരിച്ച അജിതക്കെതിരെ ഒരു കേസുപോലും നിലവിലുള്ളതായി അറിയില്ല. മാവോയിസത്തില്‍ വിശ്വസിക്കുന്നത് തെറ്റല്ല എന്നും ഒരാള്‍ കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്തിട്ടുണ്ടെങ്കില്‍ മാത്രമേ നിയമനടപടി പാടൂ എന്നു നിര്‍ദ്ദേശിച്ചിട്ടുള്ള സുപ്രിം കോടതി അതിനായി തന്നെ നിരവധി നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്. അവയൊന്നും പാലിക്കാതെയാണ് പോലീസ് നടപടിയുണ്ടായിട്ടുള്ളത്. നടന്നത് ശരിയായ ഏറ്റുമുട്ടലാണെന്ന് സ്ഥാപിക്കാനുള്ള പോലീസ് ഭാഷ്യങ്ങളൊന്നും തന്നെ വിശ്വസനീയവുമല്ല. പണ്ട് നക്‌സലൈറ്റുകള്‍ കേരളത്തില്‍ ഏതാനും പേരെ വധിച്ചിട്ടുണ്ടെങ്കിലും മാവോയിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ശേഷം അത്തരമൊരു സംഭവമുണ്ടായിട്ടില്ല. പോലീസാണ് ഇപ്പോള്‍ കൊലകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനൊരു തിരിച്ചടിയുണ്ടാകുകയാണെങ്കില്‍ ഉത്തരവാദിത്തം പോലീസിനു തന്നെയായിരിക്കും.
പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്ന ഉമ്മന്‍ ചാണ്ടിയുടേയും പോലീസിന്റേയും നിലപാടാണ് ശക്തമായി എതിര്‍ക്കേണ്ടത്. ഇത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്നും ജനങ്ങളില്‍ നിന്ന് ഒന്നും ഒളിക്കാനുള്ള അവകാശം പോലീസിനോ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കോ ഇല്ല എന്ന അടിസ്ഥാനതത്വമാണ് ഇഈ നിലപാടുവഴി തള്ളിക്കളയുന്നത്. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് സംവിധാനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ലല്ലോ. നക്‌സല്‍ നേതാവായിരുന്ന വര്‍ഗ്ഗീസിനെ ലക്ഷ്മണയടക്കമുള്ള മേലധികാരികളുടെ കല്പന കേട്ട് വെടിവെച്ചു കൊന്നത് താനാണെന്നു ഏറ്റു പറഞ്ഞ് ശിക്ഷ വാങ്ങാന്‍ തയ്യാറായി കേരളീയ മനസ്സാക്ഷിക്കുമുന്നില്‍ നിന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ തന്റെ ആത്മകഥയില്‍ പറയുന്ന ഒരു ഭാഗമിങ്ങനെ. ടോംസിന്റെ ഒരു കാര്‍ട്ടൂണ്‍. അതില്‍ അവിടെ എത്രപേരുണ്ടെന്ന ചോദ്യത്തിന് ബോബന്‍ പറഞ്ഞ മറുപടി ഇങ്ങനെ…. നാലു മനുഷ്യരും ഒരു പോലീസുകാരനും. കേരളത്തിലെ സാധാരണക്കാരന്‍ പോലീസിനെ നോക്കികാണുന്ന വിധമാണ് ടോംസ് വെളിവാക്കിയത്. അതില്‍ കാര്യമായ മാറ്റമൊന്നും ഇപ്പോഴുമില്ല. ജനമൈത്രി പോലീസും മറ്റും ലക്ഷ്യം നേടുന്നില്ലല്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ പോലീസിനകത്തുതന്നെ പ്രതിഷേധം ശക്തമാണെന്നതാണ് സത്യം.
50 വര്‍ഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്ര്‌റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. നിര്‍ഭാഗ്യവശാല്‍ പോലീസിനെ അങ്ങനെമാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല. പിണറായി മുഖ്യമന്ത്രിയായതിനുശേഷം മൂന്നു ലോക്കപ്പ് കൊലപാതകങ്ങളും രണ്ടു വ്യാജഏറ്റുമുട്ടല്‍ കൊലകളും നടന്നു കഴിഞ്ഞല്ലോ. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും. സ്ത്രീകളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വഴിവക്കിലെ വാഹന പരിശോധന നോക്കൂ. പോലീസിനെ കാണുമ്പോഴേക്കും മുണ്ടിന്റെ കുത്തഴിച്ച്, സര്‍ എന്നു വിളിച്ച് വിനയപുരസ്സരം നില്‌ക്കേണ്ട ആവശ്യം എന്താണ്. വാസ്തവത്തില്‍ സര്‍, ക്ഷമിക്കണം എന്ന് പറഞ്ഞ് നിര്‍ത്തിയ വാഹനത്തിനടുത്തേക്ക് വരേണ്ടത് പോലീസാണ്. പരിശോധനയില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ സോറി പറഞ്ഞ് വിടണം. ഉണ്ടെങ്കില്‍ കോടതിക്കുള്ള കടലാസ് നല്‍കി വിടണം. അതിനപ്പുറം നമ്മെ അപഹസിക്കാനോ ചീത്ത പറയാനോ ഉള്ള അവകാശം പോലീസിന് ആര്‍ കൊടുത്തു? എന്നാല്‍ നടക്കുന്നത് എന്താണ്. നിലനില്‍ക്കുന്നത് രാജഭരണമാണെന്നാണന്നും തങ്ങള്‍ രാജഭടന്മാരുമാണെന്നാണ് പോലീസ് കരുതുന്നത്.
കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ചില മാറ്റങ്ങള്‍ക്ക് ശ്രമിക്കുകയുണ്ടായി. ലോക്കപ്പിലുള്ളവരോട് മാന്യമായി പെരുമാറുക, സമയത്ത് ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുക, സഭ്യമായ ഭാഷ ഉപയോഗിക്കുക, കസ്റ്റഡിയിലുള്ളവരെ പ്രദര്‍ശന വസ്തുവാക്കാതിരിക്കുക, സാക്ഷികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്താതിരിക്കുക, അഥവാ അതൊഴിവാക്കാന്‍ കഴിയില്ലെങ്കില്‍ അവര്‍ക്ക് ഒരു ദിവസത്തെ വേതനം നല്‍കുക, വൃദ്ധരേയും സ്ത്രീകളേയും കുട്ടികളേയും ഒരിക്കലും അനാവശ്യമായി സ്റ്റേഷനിലേക്കു വരുത്താതിരിക്കുക, ആരു ചോദിച്ചാലും ഐഡി കാര്‍ഡ് കാണിച്ചു കൊടുക്കുക തുടങ്ങിയവയെല്ലാം നല്ല നിര്‍ദ്ദേശങ്ങളായിരുന്നു. എന്നാല്‍ കാര്യമായൊന്നും നടന്നില്ല. കുറ്റം തെളിയിക്കപ്പെടുന്ന വരെ ഒരാള്‍ നിരപരാധിയാണെന്നും അത് തെളിയിക്കേണ്ട് കോടതിയാണെന്നും പോലീസ് എപ്പോഴും മറക്കുന്നു. പോലീസിന്റെ അതിരുവിട്ട കളി നിയന്ത്രിക്കാന്‍ കംപ്ലെയിന്റ് അതോറിട്ടിയൊക്കെയുണ്ട്. എന്നാല്‍ ആത്മവീര്യത്തിന്റഎ പേരിലാണ് എന്തനീതിയും ന്യായീകരിക്കപ്പെടുന്നത്. പോലീസില്‍ വലിയൊരു ഭാഗം ക്രിമിനലുകളാെന്നു സമ്മതിച്ച ഡിജിപിയുണ്ടായിട്ടും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. കുറ്റം തെളിയിക്കാന്‍ ആധുനിക രീതികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചും കാര്യമായ നടപടികള്‍ ഇന്നുമില്ല. അതിനുള്ള മാര്‍ഗ്ഗം മര്‍ദ്ദനമാണെന്നുതന്നെയാണ് ഭൂരിഭാഗം പോലീസും ഇന്നും കരുതുന്നത്. മമ്മുട്ടിയും സുരേഷ്‌ഗോപിയും പൃഥ്വീരാജും അഭിനയിക്കു്‌നന പോലീസ് വേഷങ്ങളാണ് പല ഉദ്യോഗസ്ഥരും മാതൃകയാക്കുന്നത്.
എന്നെ തല്ലണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല എന്ന വാശിയാണെന്നു തോന്നുന്നു നമ്മുടെ പോലീസിന്. മുത്തങ്ങയില്‍ ആദിവാസികളെ മര്‍ദ്ദിക്കുന്നതു കണ്ട് വേദനിച്ച ഐസക് ആന്റണി എന്ന പോലീസുകാരന്‍ ജനാധിപത്യത്തിലെ പോലീസ് എന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പോലീസിന്റെ ഉദ്ഭവം മുതല്‍ ഇന്നു നിലനില്‍ക്കുന്ന പോലീസ് ആക്ടിന്റെ പരിമിതികള്‍ വരെയുള്ള മുഴുവന്‍ കാര്യങ്ങളും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. അതെങ്കിലും ഒന്നു വായിച്ചു നോക്കാന്‍ മുഖ്യമന്ത്രിയും ഉന്നതപോലീസ് ഉദ്യാഗസ്ഥരും ഉമ്മന്‍ ചാണ്ടിയും തയ്യാറാകണം. നിലനില്‍ക്കുന്ന ആക്ടില്‍ കാര്യമായ മാറ്റം വരാതെ പോലീസിനെ നവീകരിക്കല്‍ അസാധ്യമാണെന്ന് ഈ പുസ്തകം സമര്‍ത്ഥിക്കുന്നു. എന്നാല്‍ അതിനുള്ള ഗൗരവമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ കാലാകാലമായി ഭരിച്ച സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ സാഹചര്യമെങ്കിലും അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ അതെത്ര നന്നായിരിക്കും ആത്മവീര്യം നിലനിര്‍ത്തുകയല്ല, ജനാധിപത്യവല്‍ക്കരിക്കരിക്കപ്പെടുകായണ് പോലീസ് സേന ഇന്നു ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply