പൊളിച്ചെഴുത്തിന് സിപിഎമ്മും കത്തോലിക്കസഭയും

മാറ്റങ്ങളെ എന്നും ഭയപ്പെടുകയും പുതിയ ചിന്തകള്‍ക്കുനേരെ എന്നും വാതിലുകള്‍ കൊട്ടിയടക്കുകയും ചെയുന്നവരാണ് കമ്യൂണിസ്റ്റുകാരും കത്തോലിക്കസഭയും. ഒരേരീതിയില്‍ അടഞ്ഞതും കേന്ദ്രീകൃതവുമായ സംഘടനാ ചട്ടക്കൂട് മുറുക്കിപിടിക്കുന്ന ഇരുകൂട്ടരുടേയും ആശയരൂപീകരണവും നടക്കുന്നത് കേന്ദ്രീകൃതമായി തന്നെ. ഒരു കൂട്ടര്‍ ഭൗതികതയിലും ഒരു കൂട്ടര്‍ ആത്മീയതയിലും ഊന്നുന്നു എന്ന കാര്യത്തിലൊഴികെ മറ്റുകാര്യങ്ങളിലെല്ലാം നിരവധി സാമ്യങ്ങള്‍ കാണാം. സാമൂഹ്യപ്രശ്‌നങ്ങളിലാണ് കമ്യൂണിസ്റ്റുകാര്‍ കലാഹരണപ്പെട്ട ആശയങ്ങള്‍ മുറുകിപിടിക്കുന്നതെങ്കില്‍ സഭ മുഖ്യമായും കുടുംബ സദാചാര വിഷയങ്ങളിലാണത് ചെയുന്നത്. ഇപ്പോഴിതാ ഒരേ സമയത്ത് ഇരുകൂട്ടരും ഒരു പുനപരിശോധന നടത്തുന്നു. കഴിഞ്ഞ രണ്ടു […]

commമാറ്റങ്ങളെ എന്നും ഭയപ്പെടുകയും പുതിയ ചിന്തകള്‍ക്കുനേരെ എന്നും വാതിലുകള്‍ കൊട്ടിയടക്കുകയും ചെയുന്നവരാണ് കമ്യൂണിസ്റ്റുകാരും കത്തോലിക്കസഭയും. ഒരേരീതിയില്‍ അടഞ്ഞതും കേന്ദ്രീകൃതവുമായ സംഘടനാ ചട്ടക്കൂട് മുറുക്കിപിടിക്കുന്ന ഇരുകൂട്ടരുടേയും ആശയരൂപീകരണവും നടക്കുന്നത് കേന്ദ്രീകൃതമായി തന്നെ. ഒരു കൂട്ടര്‍ ഭൗതികതയിലും ഒരു കൂട്ടര്‍ ആത്മീയതയിലും ഊന്നുന്നു എന്ന കാര്യത്തിലൊഴികെ മറ്റുകാര്യങ്ങളിലെല്ലാം നിരവധി സാമ്യങ്ങള്‍ കാണാം. സാമൂഹ്യപ്രശ്‌നങ്ങളിലാണ് കമ്യൂണിസ്റ്റുകാര്‍ കലാഹരണപ്പെട്ട ആശയങ്ങള്‍ മുറുകിപിടിക്കുന്നതെങ്കില്‍ സഭ മുഖ്യമായും കുടുംബ സദാചാര വിഷയങ്ങളിലാണത് ചെയുന്നത്. ഇപ്പോഴിതാ ഒരേ സമയത്ത് ഇരുകൂട്ടരും ഒരു പുനപരിശോധന നടത്തുന്നു. കഴിഞ്ഞ രണ്ടു ദശകത്തിലേറെയായി  തുടര്‍ന്നുവരുന്ന രാഷ്ട്രീയ അടവു നയം പൊളിച്ചെഴുതാന്‍ സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുകയാണത്രെ. മറുവശത്ത് സ്വവര്‍ഗ അനുരാഗികളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയിലുള്ള പൊളിച്ചെഴുത്തിനാണ് സഭ തയ്യാറാകുന്നത്.
അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിനൊപ്പം അവതരിപ്പിക്കേണ്ട കരടുരാഷ്ട്രീയ നയത്തിന് സിപിഎം പി.ബി രൂപം നല്‍കി. ഈ മാസം 26-28 തീയതികളില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം കൂടി അംഗീകരിച്ചാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇത് അവതരിപ്പിക്കും.
പാര്‍ട്ടിയുടെ രാഷ്ട്രീയ അടവ് നയം പൂര്‍ണമായി പൊളിച്ചെഴുതാനാണ് സി.പി.എം തീരുമാനിച്ചിരിക്കുന്നത്. മൂന്നാം മുന്നണി രൂപീകരണം അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ തന്നെ ഇതിന്റെയൊപ്പം പാര്‍ട്ടി വളര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടി ഉണ്ടാകണമെന്നതായിരിക്കും ഇതില്‍ മുഖ്യം.
ബൂര്‍ഷ്വാ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായെങ്കിലും ഈ കക്ഷികളെ പൂര്‍ണമായി ഒഴിവാക്കി നിര്‍ത്തിക്കൊണ്ട് ദേശീയതലത്തില്‍ വിശാല സഖ്യ രൂപീകരണം സാധ്യമല്ലെന്ന തരത്തിലുള്ള ചര്‍ച്ചയും രണ്ടുദിവസമായി നടന്ന പി.ബിയില്‍ ഉയര്‍ന്നുവന്നു. എ.ഐ.എ.ഡി.എം.കെ, ടി.ഡി.പി തുടങ്ങിയ കക്ഷികളുമായി കൂട്ടു ചേര്‍ന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു എന്ന വിമര്‍ശനവും ഉയര്‍ന്നു.
ഒന്നാം യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ തെറ്റില്ലായിരുന്നു. എന്നാല്‍ ഇതുവഴി സി.പി.എമ്മിന് എന്തെങ്കിലും ഗുണമുണ്ടായോ എന്ന കാര്യത്തില്‍ പരിശോധിക്കണം. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തകരുകയാണുണ്ടായത്. ഇനി ഇത്തരത്തിലുള്ള പിന്തുണ, സഖ്യസാധ്യതകള്‍ എന്നിവ തേടുമ്പോള്‍ പാര്‍ട്ടിക്ക് ഏതുവിധത്തില്‍ ഗുണം ചെയ്യും എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്ന് കരട് രേഖയില്‍ പറയുന്നു. അതേസമയം വളരെ പ്രധാനപ്പെട്ട കാര്യം വിട്ടുവെ്ന്നുതോന്നുന്നു. അതു മറ്റൊന്നുമല്ല, ജ്യേതിബാസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള നിര്‍ദ്ദേശം തള്ളിക്കളഞ്ഞത്. അതായിരുന്നു ഇക്കാലയളവില്‍ സിപിഎം ചെയ്ത ചരിത്രപരമായ ഏറ്റവുംവവലിയ മണ്ടത്തരം. പിന്നെ ബംഗാളില്‍ സ്വീകരിച്ച ജനവിരുദ്ധ നയങ്ങളേയും കുറിച്ച് കാര്യമായ പരാമര്‍ശമില്ല. അതിനാല്‍തന്നെ ഈ സ്വയം വിമര്‍ശനവും അടവാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
അപ്പോഴും ബംഗാളില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിക്ക് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള നയപരമായ പ്രശ്‌നങ്ങളും കാരണമായിട്ടുണ്ടെന്നു വിലയിരുത്തുന്നുണ്ട്. ഓരോ സംസ്ഥാനത്തേയും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങളെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കുടുതല്‍ പങ്കാളിത്തം വേണമെന്ന ആലോചനകളും പി.ബിയില്‍ നടന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്ഥിതികള്‍ കൂടി പരിഗണിച്ചു മാത്രമേ ഭാവിയില്‍ മറ്റു കക്ഷികളുമായി കൂട്ടുചേരുന്ന കാര്യങ്ങള്‍ പരിഗണിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.
തൊഴിലാളി വര്‍ഗ്ഗ പ്രതിച്ഛായ മാത്രം പോര. മധ്യവര്‍ഗത്തേയും യുവാക്കളെയും ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്ക് കഴിയണം, മുതിര്‍ന്നവരുടെ പാര്‍ട്ടിയാണ് ഇതെന്ന് യുവാക്കള്‍ കരുതുന്നു, പാര്‍ട്ടിയുടെ സമരരീതികള്‍ മാറ്റണം, ഫഌഷ് മോബ്, ഓണ്‍ലൈന്‍ പെറ്റീഷന്‍ തുടങ്ങിയവ പരീക്ഷിക്കണം, പ്രസംഗശൈലി, ഭാഷ എന്നിവ മാറ്റണം, ലഘുലേഖകളുടെ ശൈലി മാറ്റണം, പുതിയ സംഘടനയും സാംസ്‌കാരിക പ്രവര്‍ത്തനവും വേണം, പാര്‍ട്ടി നേതാക്കള്‍ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കണം തടങ്ങി നിരവധി വിഷയങ്ങളും ചര്‍ച്ച ചെയ്തതായി അറിയുന്നു.
മറുവശത്ത് പുതിയ പോപ്പിന്റെ നേതൃത്വത്തില്‍ സദാചാരമേഖലയില്‍ വലിയൊരു വിപ്ലവത്തിനാണ് സഭ ശ്രമിക്കുന്നത്. സ്വവര്‍ഗ അനുരാഗികളെ തുറന്ന മനസോടെ സ്വീകരിക്കണമെന്ന് കത്തോലിക്ക സഭയുടെ ആഗോള സിനഡില്‍ അഭിപ്രായമുയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വിവിധ പ്രശ്‌നങ്ങളില്‍ സഭക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന സവിശേഷതകളും കഴിവുകളും സ്വവര്‍ഗാനുരാഗികള്‍ക്കുണ്ടെന്ന് വത്തിക്കാന്‍ പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കി.  സിനഡിലെ ചര്‍ച്ചകളെ സംബന്ധിച്ച് പുറത്തുവിട്ട രേഖയിലാണ് ഇത് സംബന്ധിച്ച പരാമര്‍ശമുള്ളത്.
സ്വവര്‍ഗ അനുരാഗികള്‍, സഭാ നിയമത്തിന് വിരുദ്ധമായി വിവാഹം കഴിച്ചവര്‍, വിവാഹ മോചിതര്‍, സഭാ പാരമ്പര്യം പിന്തുടരാത്തവരുടെ മക്കള്‍ തുടങ്ങിയവരെ സഭയുമായി അടുപ്പിക്കുകയാണ് വത്തിക്കാന്റെ ലക്ഷ്യമത്രെ.
സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന  നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സ്വവര്‍ഗ അനുരാഗികളെ തുറന്ന മനസോടെയും കാരുണ്യത്തോടെയും സ്വീകരിക്കാന്‍ തയാറാവുകയാണ് വേണ്ടതെന്നും രേഖ ആവശ്യപ്പെടുന്നു. അതേസമയം സ്വവര്‍ഗ വിവാഹത്തിന്‍െ ധാര്‍മിക പ്രശ്‌നങ്ങളെ പറ്റിയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ നിയമിച്ച പ്രത്യേക കമ്മിറ്റിയാണ് സ്വവര്‍ഗ അനുരാഗികളെ കുറിച്ച് 12 പേജുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്.
തീര്‍ച്ചയായും ഇതൊരു ധാര്‍മ്മിക പ്രശ്‌നമല്ല, ജൈവികവും സാമൂഹ്യവും ജനാധിപത്യപരവുമായ പ്രശ്‌നമാണ്. അതിലേക്ക് സഭ ഇപ്പോഴൊന്നും എത്താന് പോകുന്നില്ല. എങ്കിലും ഇത്രയും അംഗീകരിച്ചത് നന്നായി. മാറ്റത്തിന്റെ തുടക്കമായി ഇതിനെ കാണാം. പ്രതേകിച്ച് സിനഡിലെ അഭിപ്രായത്തെ വഞ്ചനയെന്നാണ് യാഥാസ്തിക വിഭാഗങ്ങള്‍ വിശേഷിപ്പിക്കുമ്പോള്‍.  ഗര്‍ഭ നിരോധം, ഗര്‍ഭഛിദ്രം, വിവാഹ മോചനം തുടങ്ങിയ കാര്യങ്ങളെ കുറിച്ചും സിനഡില്‍ ചര്‍ച്ച നടക്കും.  നിയമപരമായി വിവാഹം കഴിക്കാതെ വ്യക്തികള്‍ ഒരുമിച്ച് താമസിക്കുന്നതിന്റെ നല്ല വശങ്ങള്‍ കാണണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനാധിപത്യപരമായി കാര്യങ്ങളെ നോക്കികാണാത്ത ഈ രണ്ടു പ്രസ്ഥാനങ്ങളും സ്വയം പരിശോധനക്കും തിരുത്തലിനും തയാറാകുന്നതിനെ എന്തൊക്കെ പരിമിതിയുണ്ടെങ്കിലും സ്വാഗതം ചെയുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply