പൊതുസമൂഹത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

ഗീതാനസീര്‍ തുറന്നുപറയാനും ചെറുത്തുനില്‍ക്കാനും കൂടുതല്‍ സ്ത്രീകള്‍ തയാറായതേടെ പൊതുവായ സ്ത്രീവിരുദ്ധതയ്ക്ക് ആക്കം കൂടിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ ധാര്‍മികമൂല്യങ്ങളാണ്. കേരളത്തില്‍ ജന്മിത്വത്തിന്റെ ചട്ടക്കൂടില്‍ വാര്‍ത്തെടുത്ത വ്യവസ്ഥാപിതമായ കുടുംബ സ്ത്രീസങ്കല്‍പങ്ങള്‍ തിരുത്തലുകള്‍ നേരിടുകയാണിന്ന്. അതിന് രണ്ട് കാരണങ്ങളുണ്ട്. നുകം കഴുത്തിലിരുന്ന് തഴമ്പിച്ച കര്‍ഷകന്റെ മനസും ശരീരവും വിമുക്തമാകാന്‍ എത്രയോ കാലമെടുത്തു. സ്ത്രീകളുടെ അവസ്ഥയും അതുതന്നെയാണ്. എന്നാല്‍ അതില്‍ കാതലായ മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കാനുള്ള അടിസ്ഥാനകാരണം 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസമോ തുറന്ന സാമൂഹ്യ […]

WW

ഗീതാനസീര്‍

തുറന്നുപറയാനും ചെറുത്തുനില്‍ക്കാനും കൂടുതല്‍ സ്ത്രീകള്‍ തയാറായതേടെ പൊതുവായ സ്ത്രീവിരുദ്ധതയ്ക്ക് ആക്കം കൂടിയിരിക്കുന്നു. പൊതുസമൂഹത്തിന്റെ പൊതുബോധമെന്നത് നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ ധാര്‍മികമൂല്യങ്ങളാണ്. കേരളത്തില്‍ ജന്മിത്വത്തിന്റെ ചട്ടക്കൂടില്‍ വാര്‍ത്തെടുത്ത വ്യവസ്ഥാപിതമായ കുടുംബ സ്ത്രീസങ്കല്‍പങ്ങള്‍ തിരുത്തലുകള്‍ നേരിടുകയാണിന്ന്. അതിന് രണ്ട് കാരണങ്ങളുണ്ട്. നുകം കഴുത്തിലിരുന്ന് തഴമ്പിച്ച കര്‍ഷകന്റെ മനസും ശരീരവും വിമുക്തമാകാന്‍ എത്രയോ കാലമെടുത്തു. സ്ത്രീകളുടെ അവസ്ഥയും അതുതന്നെയാണ്. എന്നാല്‍ അതില്‍ കാതലായ മാറ്റം ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കാനുള്ള അടിസ്ഥാനകാരണം 1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ്. വിദ്യാഭ്യാസമോ തുറന്ന സാമൂഹ്യ ബന്ധങ്ങളോ പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ച ഇരുണ്ടകാലത്തില്‍ നിന്നും പെണ്‍കുട്ടികളെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടുവന്നത് ആ മന്ത്രിസഭയുടെ കാലത്താണ്. അന്നാണാദ്യമായി വിദ്യാഭ്യാസം സാര്‍വത്രികമാക്കിയത്. അതോടെയാണ് ജാതിമതഭേദമന്യേ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ആര്‍ജിക്കാനും ഇന്നു കാണുന്ന തലത്തിലുള്ള ശാക്തീകരണം നേടാനും ഇടയായത്. പക്ഷേ അപ്പോഴും ജന്മിത്വ സൃഷ്ടിയായ കുടുംബത്തില്‍ ജനാധിപത്യവല്‍ക്കരണം നടന്നില്ല. കൂട്ടുകുടുംബവ്യവസ്ഥയ്ക്ക് പകരം അണുകുടുംബം വന്നത് ഭൂമിയുമായും സ്ത്രീയുടെ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായ ഒരു ഘടനാമാറ്റമാണ്. അവിടെ സ്ത്രീ പക്ഷേ ഇരട്ടഭാരമാണ് ഏറ്റെടുക്കേണ്ടിവന്നത്. വിദ്യാഭ്യാസവും തൊഴിലും നേടുന്ന സ്ത്രീയുടെ അധികഭാരം കുറയ്ക്കാനുള്ള നിയമങ്ങളും നടപടികളും ഭരണകൂടം നടപ്പിലാക്കാന്‍ തുനിഞ്ഞത് അങ്ങനെയാണ്. ക്രഷുകള്‍ തൊഴിലിടത്തില്‍ വേണമെന്ന ആവശ്യം, വീടിനടുത്ത് സ്ഥലമാറ്റം ആവശ്യപ്പെടല്‍, തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിന് തടയിടാന്‍ സംവിധാനം നടപ്പിലാക്കല്‍ തുടങ്ങി പല പുതിയ ആവശ്യങ്ങളും പൊന്തിവന്നതും അതുകൊണ്ടാണ്. പ്രസാവവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
പുരോഗമനസ്വഭാവമുള്ള ഭരണകൂടങ്ങള്‍ സ്ത്രീപക്ഷപരമായി തീരുമാനങ്ങളെടുക്കുന്നത് ഒന്നോ രണ്ടോ കേസുകളുടെ അടിസ്ഥാനത്തിലല്ല. ആഴത്തില്‍ വേരുള്ള പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ ശക്തിയും സ്വാധീനവും ബോധ്യമുള്ള ജനകീയ ഭരണകൂടങ്ങള്‍ അവയെ മറികടക്കാന്‍ അതിനിരയാക്കപ്പെടുന്ന ഭൂരിപക്ഷ സ്ത്രീസമൂഹത്തിന് വേണ്ടിയാണ് നിലകൊള്ളുക. രോഗം സമൂഹത്തിനാണെന്നം ചികിത്സ വേണ്ടത് ആരോഗ്യത്തിന് കാരണമാകുന്ന സാമൂഹ്യവീക്ഷണത്തിനാണെന്നുമുള്ള ബോധ്യമാണ് ഇതിനാധാരം. ഫ്രെഡറിക് ഏംഗല്‍സിനെപോലുള്ള മഹാചിന്തകന്മാര്‍ കുടുംബത്തെക്കുറിച്ചും ഭരണകൂടത്തെക്കുറിച്ചും സ്വകാര്യസ്വത്തിനെക്കുറിച്ചുമൊക്കെ ശാസ്ത്രീയമായി നടത്തിയ നിരീക്ഷണങ്ങളും വിശകലനങ്ങളും അദ്ദേഹത്തെ പിന്തുടരുന്നവര്‍ പോലും ഉള്‍ക്കൊള്ളാനും സ്വാംശീകരിക്കാനും കഴിയാതെ പോകുന്ന രാഷ്ട്രീയ സാമൂഹ്യ കാലാവസ്ഥയാണിന്നുള്ളത്.
ഈ ഒരു പശ്ചാത്തലത്തില്‍ നിയമരംഗത്ത് നടന്ന രണ്ട് സ്ത്രീവിരുദ്ധ മാറ്റത്തെക്കുറിച്ച് പ്രതിപാദിക്കേണ്ടതുണ്ട്. ഒന്ന് സ്ത്രീധനപീഡന നിയമത്തിലെ 498 എ വകുപ്പ് ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം, മറ്റൊന്ന് സ്ത്രീസംരക്ഷണ നിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന കോടതി നിരീക്ഷണം. സ്ത്രീധന നിരോധന നിയമം 1961ലാണ് ഇന്ത്യയില്‍ വന്നത്. എന്നാല്‍ ഈ നിയമത്തെ നോക്കുകുത്തിയാക്കി ഇവിടെ ഇപ്പോഴും സ്ത്രീധന വിവാഹങ്ങള്‍ തകര്‍ത്തുനടക്കുകയാണ്. എണ്ണിപ്പറഞ്ഞുറപ്പിച്ച് ചിലര്‍ അത് ചെയ്യുമ്പോള്‍, എന്തായാലും മകള്‍ക്കുള്ളതല്ലേ എന്ന് സൗമ്യമായി പറഞ്ഞുറപ്പിക്കുന്നു മറ്റു ചിലര്‍. ജാതകചേര്‍ച്ചയും മുഹൂര്‍ത്തവും ജാതി പോലും ഈ വിപത്തിന് മുന്നില്‍ വഴിമാറി നടക്കും. ഈ മനോഭാവം എല്ലാവര്‍ക്കും അറിയുന്നതുകൊണ്ടുതന്നെ സ്ത്രീധനത്തെച്ചൊല്ലി പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല. കേരളത്തിലെ കുടുംബകോടതികളില്‍ എത്തുന്ന കേസുകളില്‍ നല്ലൊരു ശതമാനം സ്ത്രീധനത്തെ സംബന്ധിച്ചുള്ളതാണ്. സ്ത്രീധന നിരോധന നിയമത്തിന്റെ പിന്‍ബലത്തോടെ ഈ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നിയമഞ്ജരുടേയും സ്ത്രീസംഘടനകളുടേയും മറ്റ് സ്ത്രീ വിമോചന പ്രവര്‍ത്തകരുടേയുമൊക്കെ ദീര്‍ഘമായ ചര്‍ച്ചയെ തുടര്‍ന്നാണ് 498 എ വകുപ്പ് ഇതില്‍ ഉള്‍ചേര്‍ക്കുന്നത്. ഇത്തരം കേസുകളില്‍ ഇടപെടുന്ന അനുഭവജ്ഞാനമുള്ള പല അഭിഭാഷകരും ഈ വകുപ്പിന്റെ സഹായത്തോടെയാണ് തുടര്‍ക്കഥപോലെ നീണ്ടുപോയിക്കൊണ്ടിരുന്ന സ്ത്രീധന പീഡനത്തിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുന്നത്.
ഇന്നിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഈ വകുപ്പ് ദുര്‍ബലപ്പെടുത്താനാണ് ഒരുങ്ങുന്നത്. 2015ല്‍ ഇതിനുള്ള നീക്കം അവര്‍ ആരംഭിച്ചിരുന്നു. സേവ് ഫാമിലി ഫൗണ്ടേഷന്‍ എന്നൊരു പുരുഷാവകാശ സംഘടന നല്‍കിയ ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്ത്രീധനപീഡനങ്ങള്‍ കുറഞ്ഞുവരികയാണെന്നും ഈ നിയമം ഉപയോഗിച്ച് നിരപരാധികളായ പുരുഷന്‍മാരെ സ്ത്രീകള്‍ കുടുക്കുകയുമാണെന്ന് ഒരു നിവേദനം അവര്‍ കേന്ദ്രമന്ത്രിസഭയ്ക്ക് നല്‍കി. അതേസമയം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവിട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498 എ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ ശതമാനം 93.6 ആണ്. 2016 വരെ അതേസമയം ഇവയില്‍ ശിക്ഷിക്കപ്പെട്ടത് കേവലം 14.4 ശതമാനം. 2013ല്‍ മൊത്തം കേസുകള്‍ 4,66,079 ആണ്. ഇതില്‍ 7258 കേസുകളില്‍ ശിക്ഷ വിധിച്ചു, 38,165 കേസുകള്‍ തള്ളിപ്പോയി, 8,218 കേസുകള്‍ പിന്‍വലിക്കപ്പെട്ടു. അതില്‍നിന്നും മൂന്നുകൊല്ലംകൊണ്ട് മാറ്റം വന്നില്ലെന്ന് മാത്രമല്ല എണ്ണം കൂടുകയാണ് ചെയ്തത്. ഈ കണക്കുകള്‍ സര്‍ക്കാര്‍ നിയമിച്ച ക്രൈം ബ്യൂറോയുടെ കണക്കുകളാണ്. എന്നാല്‍ സേവ് ഫാമിലി ഫൗണ്ടേഷന്‍ എന്നൊരു സ്വകാര്യ സംഘടന ഒരടിസ്ഥാനവുമില്ലാത്ത കണക്കുകള്‍ ചൂണ്ടിക്കാണിച്ച് നല്‍കിയ നിവേദനത്തില്‍ സര്‍ക്കാര്‍ സ്ത്രീവിരുദ്ധമായി മാത്രമല്ല അരുംകൊലകള്‍ക്ക് കൂട്ടുനില്‍ക്കുന്ന രീതിയിലാണ് തീരുമാനമെടുക്കുന്നത്. സ്റ്റൗ പൊട്ടിത്തെറിച്ചും അടിച്ചുകൊന്ന് കെട്ടിത്തൂക്കിയും എത്ര സഹോദരിമാര്‍ ഇനിയും നീചമായി കൊല്ലപ്പെടുമെന്ന് മാത്രം നോക്കിയാല്‍ മതി.
പശുവിന് മന്ത്രാലയവും നര്‍മദയില്‍ കുടിയൊഴിപ്പിക്കലും പോലുള്ള മനുഷ്യവിരുദ്ധമായ നടപടികള്‍ സ്വീകരിക്കുന്ന സര്‍ക്കാരില്‍ നിന്നും സ്ത്രീവിരുദ്ധമായി എന്ത് വിധികളും നടപടികളും വന്നാല്‍ അതിശയപ്പെടേണ്ടതില്ല. ഈ നിയമം നിലനിര്‍ത്തേണ്ടത് ഇപ്പോള്‍ സ്ത്രീകളുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു, ഒപ്പം ലിംഗാവബോധമുള്ള പൊതുസമൂഹത്തിന്റെയും.
സ്ത്രീസുരക്ഷാനിയമങ്ങള്‍ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണവും ഈ പശ്ചാത്തലത്തില്‍ വേണം പരിശോധിക്കാന്‍. ദുരുപയോഗം ചെയ്യുന്നവര്‍ ചെറിയൊരു ശതമാനം മാത്രമാണ്. പക്ഷെ ഭൂരിപക്ഷത്തിന് നിയമവും നിയമപാലകരും സര്‍ക്കാരുമൊക്കെ ഇന്നും സമീപിക്കാന്‍ കഴിയാത്തവിധം സ്ത്രീവിരുദ്ധമാണ്. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പോലും തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാന്‍ തയാറാകാത്ത സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ബസില്‍ ഒരു ‘ശല്യം’ ഉണ്ടാകുമ്പോള്‍ പോലും പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സ്‌നേഹിച്ച് വിശ്വസിച്ച് ഒപ്പം നില്‍ക്കുന്ന പുരുഷനില്‍ നിന്ന് പീഡനമേല്‍ക്കുമ്പോള്‍ ചോദ്യം ചെയ്യാന്‍ കഴിയാത്തതെന്തുകൊണ്ടെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. മാത്രമല്ല സ്ത്രീ അതിക്രമങ്ങള്‍ കൂടുതലും നടക്കുന്നത് വീടിനകത്താണന്ന വസ്തുത പല പഠനങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വന്തം പിതാവിനും സഹോദരനും സുഹൃത്തിനുമെതിരെ പരാതിപ്പെടാന്‍ കഴിയാത്തത്ര സമ്മര്‍ദാന്തരീക്ഷമാണ് സമൂഹത്തിലുള്ളത്. പുരുഷാധിപത്യ സാമൂഹ്യക്രമങ്ങള്‍ നിലനിര്‍ത്തേണ്ടത് യാഥാസ്ഥിതിക പ്രത്യയശാസ്ത്രത്തിന്റെ മാത്രം ആവശ്യമല്ല എന്ന് നമുക്ക് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് തുറന്നുപറയാന്‍ തയാറാകുന്ന സ്ത്രീകളുടെ ചാരിത്രചരിത്രം തേടി ഈ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പോകുന്നത്. ബന്ധങ്ങളിലെ ചൂഷണ സാധ്യതകള്‍ മാനിച്ച് ശക്തമായ സ്ത്രീപക്ഷ നിലപാടുകള്‍ നീതിന്യായ സംവിധാനങ്ങളും ഭരണകൂടവും സ്വീകരിക്കുമ്പോള്‍ അത് ആരോഗ്യകരമായ സ്ത്രീപുരുഷ സൗഹൃദത്തിന് തുറന്ന അന്തരീക്ഷമൊരുക്കും. അവിടെ പരിരക്ഷ ആവശ്യമുള്ള അടിച്ചമര്‍ത്തപ്പെട്ട സ്ത്രീസമൂഹത്തിന് തുണയാകേണ്ട സ്ത്രീസുരക്ഷാനിയമങ്ങളും സ്ത്രീധനനിരോധന നിയമങ്ങളും ദുര്‍ബലപ്പെടുത്താന്‍, സംരക്ഷണം നല്‍കേണ്ട ഭരണകൂടവും നീതിന്യായ വ്യവസ്ഥയും ശ്രമിക്കുന്നു എന്നത് നടുക്കത്തോടെ മാത്രമേ സ്ത്രീസമൂഹത്തിന് കാണാനാകൂ

വാട്‌സ് ആപ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply