പൊതുവഴി നിഷേധിക്കപ്പെടുന്നവര്‍ക്കായി

പട്ടിയും പൂച്ചയും പോലും നടന്നുപോകുന്ന പൊതുവഴികളില്‍ കൂടി നടന്നുപോകാന്‍ അവകാശമില്ലാതിരുന്ന നിരവധി ജനവിഭാഗങ്ങള്‍ ഒരുകാലത്ത് കേരളത്തിലുണ്ടായിരുന്നല്ലോ. കുതിരവണ്ടിയില്‍ തലപ്പാവണിഞ്ഞ് പരമ്പരാഗത മൂല്യസങ്കല്പങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് വിലക്കപ്പെട്ട വീഥികളിലൂടെ അയ്യങ്കാളി കടന്നുവരേണ്ടിവന്നു ആ സ്ഥിതിക്കൊരു മാറ്റം വരുത്താന്‍. കാലം മാറി. ഫ്യൂഡല്‍ മൂല്യസങ്കല്പങ്ങള്‍ ഒരു പരിധിവരെ മുതലാളിത്ത മൂല്യസങ്കല്പങ്ങള്‍ക്ക് വഴിമാറി. പുതിയ കാലഘട്ടത്തിലും പൊതുവഴി നിഷേധിക്കപ്പെടുന്നവരുണ്ടോ? ദേശീയപാതകള്‍ സ്വകാര്യവല്‍ക്കരിച്ച് ടോള്‍ പിരിക്കുന്നത് ഇതിന്റെ ആധുനിക രൂപമാണെന്നതില്‍ സംശയമില്ല. അതു പ്രത്യക്ഷമായി തന്നെ നടക്കുന്നു. എന്നാല്‍ പരോക്ഷമായി പൊതുവഴി നിഷേധിക്കപ്പെടുന്നവര്‍ […]

krishnakumar

പട്ടിയും പൂച്ചയും പോലും നടന്നുപോകുന്ന പൊതുവഴികളില്‍ കൂടി നടന്നുപോകാന്‍ അവകാശമില്ലാതിരുന്ന നിരവധി ജനവിഭാഗങ്ങള്‍ ഒരുകാലത്ത് കേരളത്തിലുണ്ടായിരുന്നല്ലോ. കുതിരവണ്ടിയില്‍ തലപ്പാവണിഞ്ഞ് പരമ്പരാഗത മൂല്യസങ്കല്പങ്ങളെ മുഴുവന്‍ വെല്ലുവിളിച്ച് വിലക്കപ്പെട്ട വീഥികളിലൂടെ അയ്യങ്കാളി കടന്നുവരേണ്ടിവന്നു ആ സ്ഥിതിക്കൊരു മാറ്റം വരുത്താന്‍. കാലം മാറി. ഫ്യൂഡല്‍ മൂല്യസങ്കല്പങ്ങള്‍ ഒരു പരിധിവരെ മുതലാളിത്ത മൂല്യസങ്കല്പങ്ങള്‍ക്ക് വഴിമാറി. പുതിയ കാലഘട്ടത്തിലും പൊതുവഴി നിഷേധിക്കപ്പെടുന്നവരുണ്ടോ? ദേശീയപാതകള്‍ സ്വകാര്യവല്‍ക്കരിച്ച് ടോള്‍ പിരിക്കുന്നത് ഇതിന്റെ ആധുനിക രൂപമാണെന്നതില്‍ സംശയമില്ല. അതു പ്രത്യക്ഷമായി തന്നെ നടക്കുന്നു. എന്നാല്‍ പരോക്ഷമായി പൊതുവഴി നിഷേധിക്കപ്പെടുന്നവര്‍ നിരവധിയാണെന്നു പറയുന്നു യാത്രക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഏറെകാലമായി പോരാടുന്ന പി. കൃഷ്ണകുമാര്‍. കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരും ബസ് യാത്രക്കാരുമാണ് ഇത്തരത്തില്‍ പൊതുവഴി നിഷേധിക്കപ്പെടുന്നവരില്‍ മുഖ്യമെന്ന് ഇദ്ദേഹം പറയുന്നു. പൊതുവഴി തിരിച്ചുപിടിക്കാനുള്ള ഈ വിഭാഗങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് കാലങ്ങളായി കൃഷ്ണകുമാര്‍ നിലകൊള്ളുന്നത്, പ്രവര്‍ത്തിക്കുന്നത്.
ഗതാഗത പരിഷ്‌കാരത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചകളിലും പരിഗണിക്കപ്പെടാതെ പോകുന്ന വിഭാഗങ്ങളാണ് മുകളില്‍ സൂചിപ്പിച്ച മൂന്നു കൂട്ടരും. കാല്‍നടക്കാര്‍ക്കു പൊതുവഴിയില്‍ യാതൊരവകാശവുമില്ല എന്നു ധരിച്ചുവെച്ചിരിക്കുന്നവരില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ മാത്രമല്ല, പോലീസും ഗതാഗതവകുപ്പ് അധികൃതരും ഉള്‍പ്പെടും. അവര്‍ക്കു നടക്കാനെന്നപേരില്‍ നിര്‍മ്മിച്ച ഫുട്പാത്തുകളുടെ അവസ്ഥ എത്രയോ ശോചനീയം. നഗരങ്ങളിലെ ഫുട്പാത്തുകളെല്ലാം പൊട്ടിപൊളിഞ്ഞു കിടക്കുന്നു. പൊളിഞ്ഞ കാനയില്‍ വീണു എത്രയോ പേരുടെ കാലൊടിഞ്ഞിരിക്കുന്നു. നിരവധി മരണങ്ങളും ഉണ്ടായി.  കേരളത്തിലെ നഗരങ്ങളിലെല്ലാം മാലിന്യങ്ങള്‍ പലയിടത്തായി ഫുട്പാത്തുകളില്‍ കൂട്ടിയിട്ടിരിക്കുകയാണ്. പൊട്ടിപൊളിഞ്ഞ നഗരവീഥികളില്‍ കൂടി വാഹനങ്ങളോടുമ്പോള്‍ ചെളി തെറിക്കുന്നത് കാല്‍നടക്കാരുടെ മേല്‍. ചെളിയില്‍ നിന്നു രക്ഷപ്പെടാനുള്ള വെപ്രാളം കണ്ട് വാഹനങ്ങളില്‍ ചില്ലുകയറ്റിയിരിക്കുന്നവര്‍ ചിരിക്കും. ഇതിനെല്ലാം പുറമെയാണ് ഫുട്പാത്തുകളെല്ലാം കച്ചവടക്കാര്‍ കയ്യേറിയിരിക്കുന്നത്. കടകള്‍ക്കുമുന്നിലെ ഫുട്പാത്ത് തങ്ങളുടേതാണെന്നാണ് പല കച്ചവടക്കാരും ധരിച്ചുവെച്ചിരിക്കുന്നത്. കാല്‍നടക്കാരുടെ അവകാശമായ സീബ്രാലൈനില്‍പോലും സ്വസ്ഥമായി നടക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ലഭിക്കുന്നില്ല. ഹോണടിച്ചു അഹങ്കാരത്തോടെ പാഞ്ഞുവരുന്ന വാഹനങ്ങള്‍ കാണുമ്പോള്‍ ജീവനാണു വലുതെന്നു കരുതി അവര്‍ മാറിനില്ക്കുന്നു. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ തങ്ങളുടെ വാഹനം വരുമ്പോള്‍ സീബ്രാലൈനില്‍ റോഡ് ക്രോസ് ചെയ്തതിനു ജില്ലാ പഞ്ചായത്തംഗങ്ങള്‍  വൃദ്ധനെ മര്‍ദ്ദിച്ച സംഭവം പോലുമുണ്ടായി. പലയിടത്തും സ്ഥാപിച്ച ഓട്ടോമാറ്റിക് ലൈറ്റുകളില്‍ കാല്‍നടക്കാര്‍ക്ക് റോഡുമുറിച്ചുകടക്കാനുള്ള സമയം അനുവദിച്ചിട്ടില്ല. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ സിഗ്നലുകളില്ലലാം കാല്‍നടക്കാര്‍ക്കു തുല്ല്യപ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. ഒരു തരത്തിലുള്ള അന്തരീക്ഷ മലിനീകരണമോ ഗതാഗതകുരുക്കോ ഇന്ധനത്തിന്റെ ഉപയോഗമോ ഉണ്ടാക്കാതെ സഞ്ചരിക്കുന്ന കാല്‍നടക്കാര്‍ക്കാണ് റോഡുകളില്‍ പ്രഥമ പരിഗണന നല്‍കേണ്ടതെന്ന അവബോധം പല വികസിത രാഷ്ട്രങ്ങളിലും രൂപപ്പെടുന്നുണ്ടെന്നും കൃഷ്ണകുമാര്‍ ചൂണ്ടികാട്ടുന്നു. അവിടങ്ങളില്‍ റോഡില്‍ പ്രഥമ പരിഗണന ലഭിക്കുന്നത് അവര്‍ക്കാണുതാനും. നടത്തത്തിലൂടെ ജീവിതചര്യ രോഗങ്ങളെ തടയുന്ന ഇവര്‍ സമൂഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ പങ്കാളിയാണെന്ന കാര്യവും വിസ്മരിക്കപ്പെടുന്നു.
സമാനമാണ് സൈക്കിള്‍ യാത്രക്കാരുടെ പ്രശ്‌നങ്ങളുമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അടുത്ത കാലം വരെ സാധാരണക്കാരന്റെ വാഹനമായിരുന്ന സൈക്കിളിനും സൈക്കിള്‍ യാത്രക്കാരനും ഇന്നു പൊതുവഴിയില്‍ ലഭിക്കുന്നത് അവഗണനയും പുച്ഛവും മാത്രം. സൈക്കിള്‍ യാത്രക്കാരന്‍ നമുക്ക് പ്രാകൃതനാണ്. അവനു യാതൊരു വിധ അവകാശവുമില്ല. ചൈനയെപോലുള്ള രാജ്യങ്ങളിലെ തെരുവുകളില്‍ സൈക്കിളുകളുടെ പ്രവാഹമാണ്. പല യൂറോപ്യന്‍ നഗരങ്ങളിലും ഹബ്ബുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്ന് ഓഫീസുകളിലേക്ക് സൈക്കിളില്‍ പോകുന്ന രീതിയുണ്ടായിട്ടുണ്ട്. അതുവഴി ഗതാഗതകുരുക്കും കാര്‍ബണ്‍ പുറംതള്ളലും കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ മാത്രമല്ല, സമൂഹത്തിന്റേയും. കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലെ പ്രവേശന കേന്ദ്രങ്ങളിലും ഈ രീതി ആവിഷ്‌കരിക്കാമെന്നാണ് കൃഷ്ണകുമാറിന്റെ പക്ഷം. നാടാകെ സൈക്കിള്‍ ക്ലബ്ബുകള്‍ രൂപീകരിക്കണം. നെതര്‍ലാന്റിനെ ഇക്കാര്യത്തില്‍ ഉദാഹരണമായി എടുക്കാം. അടുത്തയിടെ കേരളത്തിലെത്തിയ ഡച്ച് സൈക്കിളിംഗ് ഏമ്പസിയുടെ ഡയറക്ടര്‍ റോള്‍ഫ് വിറ്റിംഗ് ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നതായും കൃഷ്ണകുമാര്‍ പറയുന്നു. തിരുവനന്തപുരത്ത് അതിരൂപ് എന്ന യുവാവിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പരീക്ഷണം നടക്കുന്നുണ്ട്. ഇക്കോ മൊബിലിറ്റി എന്നതാണ് ഈ വീക്ഷണത്തിന്റെ അടിത്തറ.
ഇനി ബസ് യാത്രക്കാരുടെ പ്രശ്‌നം. റോഡിലൂടെ ഓടുന്ന വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്ന പൊതുവാഹനമാണ് ബസ്. അതുകൊണ്ടുതന്നെ പൊതുവഴികളില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് ബസിനാണ്. എന്നാല്‍ സംഭവിക്കുന്നത് തിരിച്ചാണ്. നഗരങ്ങളില്‍ എന്തെങ്കിലും ഗതാഗതതടസ്സമുണ്ടായാല്‍ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. കാറുകള്‍ക്കും ബൈക്കുകള്‍ക്കും പരമാവധി അവസരം നല്‍കും. സത്യത്തില്‍ കാറുകളും ബൈക്കുകളും മറ്റും വഴിതിരിച്ചുവിട്ടാലും അവര്‍ ലക്ഷ്യത്തിലെത്തികൊള്ളും. ബസുകളാകട്ടെ യാത്രക്കാരെ എവിടെയെങ്കിലും ഇറക്കിവിടും. പിന്നീട് എല്ലാവരും ഓട്ടോ വിളിക്കാനും മറ്റും നിര്‍ബന്ധിതരാകും. ഗതാഗതകുരുക്ക് കൂടുകയാണ് ഫലം. ചുരുങ്ങിയപക്ഷം ഗതാഗതതടസ്സമുള്ള സമയങ്ങളിലെങ്കിലും കാറുകള്‍ നഗരത്തിനു പുറത്തു പാര്‍ക്കുചെയ്ത് ബസുകളില്‍ യാത്രചെയ്യാന്‍ തയ്യാറാകുകയാണ് വേണ്ടത്. എന്നാല്‍ സംഭവിക്കുന്നത് മറിച്ച്. തൃശൂര്‍ പൂരം പ്രമാണിച്ച് മിക്കവാറും ബസുകള്‍ക്ക് മൂന്നാഴ്ചയോളം നഗരത്തിലേക്ക് പ്രവേശനം നിഷേധിക്കുന്നത് ഉദാഹരണമായി കൃഷ്ണകുമാര്‍ ചൂണ്ടികാട്ടുന്നു. ഒരാള്‍ യാത്രചെയ്യുന്ന വലിയ കാറുകള്‍ക്ക് ഒരു തടസ്സവുമില്ല.
ആധുനിക സമൂഹങ്ങളില്‍ പലയിടത്തും റെയില്‍സ്റ്റേഷനുകളിലേക്കും എയര്‍പോര്‍ട്ടിലേക്കും മറ്റും ബസുകള്‍ കടത്തിവിടും. സ്വകാര്യവാഹനങ്ങളാണ് നിയന്ത്രിക്കുക. നമ്മുടെ നാട്ടില്‍ തിരിച്ചാണ്. ബസുകള്‍ക്ക് അവയുടെ നാലയലത്തുപോലും പ്രവേശനമില്ല. അതുപോലെ പൊതുവഴിയില്‍ സ്വകാര്യവാഹനങ്ങള്‍ മണിക്കൂറുകള്‍ പാര്‍ക്കുചെയ്താലും പ്രശ്‌നമില്ല. ഒരു ബസ്സ്, യാത്രക്കാരെ കയറ്റാന്‍ ഒരു സെക്കന്റ് കൂടുതല്‍ നിര്‍ത്തിയാല്‍ പ്രശ്‌നമായി. പോലീസിന്റെ വിസിലായി. പിഴയായി. വികസിത രാഷ്ട്രങ്ങളില്‍ പലയിടത്തും ഒന്നോ രണ്ടോ പേര്‍ മാത്രമായി കാറില്‍ പോകുന്നത് ദേശീയനഷ്ടമായാണ് കണക്കാക്കുന്നത്. അത് കുറ്റകരവുമാണ്. വഴിയില്‍ ബസുകാത്തുനില്ക്കുന്നവരെ കയറ്റിവേണം പോകാന്‍. അതുപോലെ വന്‍നഗരങ്ങളിലേക്ക് സ്വകാര്യവാഹനങ്ങള്‍ പോകുന്നതില്‍ നിരവധി നിയന്ത്രണങ്ങളുമുണ്ട്. അതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ഓണം – റംസാന്‍ – കൃസ്തുമസ്  കാലത്ത് നഗരങ്ങളിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കണെമെന്ന് മന്ത്രി തിരുവഞ്ചൂര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആരു കേള്‍ക്കാന്‍? വിദേശത്ത് പലയിടത്തും ടോളുകളില്‍നിന്ന് ബസുകളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇവിടെയത് ബൈക്കുകളെയാണ്. ബസുകള്‍ക്ക് കുറഞ്ഞ ടോളേ ഉള്ളു എന്നത് ശരി. കാറുകള്‍ക്കാണ് കനത്ത ടോള്‍. എന്നാല്‍ സമരം ചെയ്യുന്നവരില്‍ കാറുടമകള്‍ ആരുമില്ല എന്നത് വേറെ കാര്യം.
പൊതുയാത്രയെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ പീറ്റര്‍ കോക്‌സിനെപോലെയുള്ളവരെ മലയാളിക്കറിയില്ല എന്നു പറയുന്നു കൃഷ്ണകുമാര്‍. ഏഴാമത് ദേശാന്തര ബസ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി നടന്ന ഇസ്താംബുള്‍ പ്രഖ്യാപനം ബസ് യാത്രക്കാരുടെ അവകാശ പ്രഖ്യാപനമാണെന്നും  ഇദ്ദേഹം ചൂണ്ടികാട്ടുന്നു.
ബിടെക് എഞ്ചിനിയറായ കൃഷ്ണകുമാര്‍ രാജ്യത്തിനകത്തും പുറത്തും നിരവധി സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണ്ണമായും യാത്രക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ്. തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply