പൊതുബോധത്തിനു കുറുകെ ചാടുന്ന മാര്‍ജാരന്‍

ഐ ഗോപിനാഥ് ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വ്യാപനം അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയാണെന്ന് പറയാറുണ്ട്. ബ്ലോഗുകളുടേയും മറ്റും വ്യാപനം പുസ്തകങ്ങള്‍ക്കും. എന്നാല്‍ കേരളത്തിലെങ്കിലും അത്തരമൊരു മാറ്റത്തിന് ഇനിയും കാലമേറെയെടുക്കുമെന്നാണ് പ്രസാധകര്‍ പറയുന്നത് ബ്ലോഗുകളുടെ വ്യാപനമൊന്നും പുസ്തകങ്ങളെ ബാധിക്കുന്നില്ല. എന്നു മാത്രമല്ല, മികച്ച ബ്ലോഗെഴുത്തുകള്‍ പുസ്തകങ്ങളായി പുറത്തുവരുകയും ചെയ്യുന്നു. സംവിധായകനും എഴുത്തുകാരനുമായ മണിലാലിന്റെ മാര്‍ജാരന്‍ ഈ നിരയില്‍ ഏറ്റവും മികച്ച പുസ്തകമാണെന്ന് നിസംശയം പറയാം. ഈ പുസ്തകത്തെ ഏതുവിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് പറയാന്‍ എളുപ്പമല്ല. തീര്‍ച്ചയായും ഇതിലെ കുറിപ്പുകള്‍ ശക്തമായ രാഷ്ട്രീയ […]

marjaran-coverഐ ഗോപിനാഥ്

ഓണ്‍ ലൈന്‍ മാധ്യമങ്ങളുടെ വ്യാപനം അച്ചടി മാധ്യമങ്ങള്‍ക്ക് ഭീഷണിയാണെന്ന് പറയാറുണ്ട്. ബ്ലോഗുകളുടേയും മറ്റും വ്യാപനം പുസ്തകങ്ങള്‍ക്കും. എന്നാല്‍ കേരളത്തിലെങ്കിലും അത്തരമൊരു മാറ്റത്തിന് ഇനിയും കാലമേറെയെടുക്കുമെന്നാണ് പ്രസാധകര്‍ പറയുന്നത് ബ്ലോഗുകളുടെ വ്യാപനമൊന്നും പുസ്തകങ്ങളെ ബാധിക്കുന്നില്ല. എന്നു മാത്രമല്ല, മികച്ച ബ്ലോഗെഴുത്തുകള്‍ പുസ്തകങ്ങളായി പുറത്തുവരുകയും ചെയ്യുന്നു.
സംവിധായകനും എഴുത്തുകാരനുമായ മണിലാലിന്റെ മാര്‍ജാരന്‍ ഈ നിരയില്‍ ഏറ്റവും മികച്ച പുസ്തകമാണെന്ന് നിസംശയം പറയാം. ഈ പുസ്തകത്തെ ഏതുവിഭാഗത്തില്‍ ഉള്‍പ്പെടുത്താമെന്ന് പറയാന്‍ എളുപ്പമല്ല. തീര്‍ച്ചയായും ഇതിലെ കുറിപ്പുകള്‍ ശക്തമായ രാഷ്ട്രീയ – സാംസ്‌കാരിക വിമര്‍ശനങ്ങളാണ്. ചിരിപ്പിച്ചുകൊണ്ടാണവ ചിന്തിപ്പിക്കുന്നത്. ഒപ്പം പുതുകാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ – സാംസ്‌കാരിക നിലപാടുകളും ഇതിലുണ്ട് – ഗ്രന്ഥകാരന്‍ അങ്ങനെ അവകാശപ്പെടുന്നില്ലെങ്കിലും. മൂല്യങ്ങളുടേയും വിശ്വാസങ്ങളുടേയും കപടമുഖത്തുജീവിക്കുന്ന ശരാശരി മലയാളിയുടെ വഴികള്‍ക്കു കുറുകെ ചാടുന്ന ചിന്തകളുടേയും അനുഭവങ്ങളുടേയും കാഴ്ചപ്പാടുകളുടേയും പുസ്തകമാണിത്. അതുകൊണ്ടായിരിക്കണം തന്റെ ബ്ലോഗിനും പുസ്തകത്തിനും അദ്ദേഹം മാര്‍ജാരന്‍ എന്ന പേര്‍ നല്‍കിയത്. ഒപ്പമവ കപടസദാചാരത്തിനെതിരായ ഒരു ജാരന്റെ കുറിപ്പുകളുമാണ്.
ടാഗോറും സത്യജിത് റായും മുതല്‍ ബാദല്‍ സര്‍ക്കാരും ബാവുള്‍ സംഗീതവും വരെ കേട്ട ആവേശത്തില്‍, വി സാംബശിവന്റെ കല്‍ക്കട്ടാ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ എന്ന വരികളോര്‍ത്ത് അവിടെയെത്തിയപ്പോഴുണ്ടായ അനുഭവമാണ് മണിലാലിന്റെ ആദ്യകുറിപ്പ്. എവിടെപോയാലും ദൈന്യതയാര്‍ന്ന കണ്ണുകളോടെ ചുറ്റും കൂടുന്ന സൈക്കിള്‍ റിക്ഷക്കാരെ മാത്രം കണ്ടാല്‍ മതി കല്‍ക്കത്തയുടെ ഇന്നത്തെ അവസ്ഥ അറിയാന്‍. 10 രൂപ കൂടുതല്‍ കൊടുത്താല്‍ അവര്‍ നമ്മെ ടാഗോറിനേക്കാള്‍ ബഹുമാനിക്കുമെന്ന മണിലാലിന്റെ വരികള്‍ പൊള്ളിപ്പിക്കുന്ന ഹാസ്യമായി. കൊണ്ടപ്പിള്ളിയിലിരുന്ന് വാടാനപ്പിള്ളി മഹത്തരമാണെന്നു പറയുന്ന കമ്യൂണിസ്റ്റുകാരേയും മണിലാല്‍ കണക്കറ്റു പരിഹസിക്കുന്നു.
ബോധി കോളേജ്, വാടാനപ്പിള്ളി പി ഒ (നിലവിലില്ല) എന്ന കുറിപ്പ് ആരാണ് മണിലാല്‍ എന്നതിന്റെ രേഖാചിത്രമാണ്. ഒപ്പം ഒരുകാലത്ത് പ്രതികരണശേഷിയുണ്ടായിരുന്ന മലയാളി ചെറുപ്പക്കാര്‍ എന്തായിരുന്നു എന്നതിന്റേയും. പിഎസ് സി ടെസ്റ്റെഴുതി തൊഴിലിനു കാത്തിരിക്കുന്നവരുടെ കേന്ദ്രമായിരുന്നല്ലോ ഒരുകാലത്ത് നമ്മുടെ പാരലല്‍ കോളേജുകള്‍. ഒപ്പം ഫിലിം സൊസൈറ്റികള്‍, നാടകങ്ങള്‍, ചര്‍ച്ചകള്‍, കവിത, നക്‌സലൈറ്റുകള്‍, പുസ്തകങ്ങള്‍, പ്രണയം എന്നിവയുടേയും. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു, വിപ്ലവം തോക്കിന്‍ കുഴലിലൂടെ തുടങ്ങിയ വരികള്‍ കേരളത്തില്‍ പ്രചരിച്ചത് മുഖ്യമായും പാരലല്‍ കോളേജുകളിലൂടെ. കാഫ്‌കെയും നെരൂദയും മുതല്‍ ആനന്ദും സച്ചിദാനന്ദനും വരെയുള്ളവരും. ഗോദാര്‍ദ് മുതല്‍ ജോണ്‍ അബ്രഹാം വരെയുള്ളവരും.. അത്തരത്തിലുള്ള ഒരു മാതൃകാ പാരലല്‍ കോളേജ് തന്നെയായിരുന്നു ബോധി. ഗൃഹാതുരത്വമോ അമിതാവേശമോ ഇല്ലാതെ രസകരമായി ബോധിയിലെ നാളുകള്‍ മണിലാല്‍ വിശദീകരിക്കുന്നു. അതേസമയം ഭൂതകാലത്തെ ഉദാത്തവരിക്കാനോ പുതുതലമുറയെ കുറ്റപ്പെടുത്താനോ അദ്ദേഹം തയ്യാറാകുന്നില്ല താനും. അന്നൊക്കെ വാടാനപ്പിള്ളിയില്‍ ഗൂര്‍ഖകളെ ആവശ്യമുണ്ടായിരുന്നില്ല, ഉറക്കമില്ലാതെ സ്വപ്നം കണ്ടുനടന്നിരുന്ന കുറെ ഭ്രാന്തന്‍ യുവാക്കള്‍ വാടാനപ്പിള്ളിയെ ഉണര്‍ത്തി നിര്‍ത്തിയിരുന്നു – ഇതിനേക്കാള്‍ നന്നായി അക്കാലത്തെ ആവിഷ്‌കരിക്കാന്‍ ആര്‍ക്കു കഴിയും?
മണിലാല്‍ അടിസ്ഥാനപരമായി യാത്രികനാണ്. കുടുബചങ്ങലകളോ സ്ഥിരം തൊഴിലോ പോലുള്ള പ്രതിബന്ധങ്ങളില്ലാത്തിനാല്‍ യാത്രകള്‍ അഭംഗുരം തുടരുന്നു. യാത്രകളില സൗഹൃദങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം. മയ്യഴി എന്നു കേള്‍ക്കുമ്പോള്‍ തന്നെ അച്ചാറിലോ എരിവിലോ കൈമുക്കുന്നതുപോലെ മുഖമുള്ള മദ്യസുഹൃത്തുക്കളും എരിവും പുളിയും തികട്ടി വരുന്നതുപോലെ മുഖം എങ്കോണിക്കുന്ന സോ കോള്‍ഡ് സദാചാരവാദികളുമുണ്ടെന്ന് മണിലാല്‍ പറയുന്നു. യാത്രകള്‍ക്കിടയില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരായ അസാധാരണക്കാരാണ് ഈ പുസ്തകത്തിലെ മിക്ക കുറിപ്പുകളിലേയും പ്രതിപാദ്യ വിഷയം. അവരുമായി ബന്ധപ്പെട്ടാണ് തന്റെ ലോകവീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഒപ്പം സംവിധായകനെഴുതുമ്പോഴുണ്ടാകുന്ന സിനിമാറ്റിക് കാഴ്ചകളും അവയിലുണ്ട്. മാമല്ലാപുരത്തെ സുശീലാമ്മ, നെഷി എന്ന പെണ്‍കുട്ടി, മധുരകനി ഒരു പ്രണയക്കനി, നര്‍മ്മം പോയ കോമാളി, കാലന്‍കുട തൂക്കിയിട്ടതുപോലെ ഒരു ജീവിതം, ഇയേമ്മസിലേയും എകെജിയേയും സൃഷ്ടിച്ച വേലപ്പന്‍, പരന്ന ഭൂമിയില്‍ ഉരുണ്ടുകളിച്ച ഉസ്മാന്‍, ഇളംകാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുന്ന രാമന്‍ മാഷ്, തെരുവില്‍ ആദ്യത്തെ പെണ്ണ്, ബെറ്റ് കുട്ടപ്പന്‍ ബെസ്റ്റ് കുട്ടപ്പന്‍, കൊച്ചുവിന്റെ പ്രണയപരാക്രമങ്ങള്‍, കയ്യിട്ടുവാരലിന്റെ മനുഷ്യത്വമാണ് മണിയേട്ടന്‍, ജോസാട്ടന്റെ തൃശൂര്‍ പൂരം, ചീങ്കണ്ണിയെ നീന്തല്‍ പഠിപ്പിക്കേണ്ടതില്ല, നായന്മാര്‍ കുതിരപ്പുറത്തുനിന്നു വീഴുമ്പോള്‍, മദ്യപാനികളുടെ ദൈവത്തെ ചിങ്ങംചിറയില്‍ കണ്ടെത്തി തുടങ്ങിയ കുറിപ്പുകള്‍ നോക്കുക. തൃശൂരിന്റെ സ്വന്തം ശില്‍പ്പിയായ രാജനെ അവതരിപ്പിക്കുന്നതാകട്ടെ അത്യന്തം രസകരമായാണ്. അന്തരിച്ച കവി മുല്ലനഴിയേയും മണിലാല്‍ ഒരു കുറിപ്പില്‍ സ്മരിക്കുന്നു.

manilalഅടുക്കളയില്‍ നിന്നുള്ള അരുചികരമായ വര്‍ത്തമാനങ്ങള്‍ എന്ന കുറിപ്പ് ആരംഭിക്കുന്നതു നോക്കൂ. അടുക്കള എന്നൊരു ലോകം നിര്‍മ്മിച്ച് വീടിന്റെ രണ്ടായി പകുത്തതോടെയാണ് ആണ്‍ – പെണ്‍ ബന്ധത്തില്‍ തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങള്‍ ഉടലെടുക്കുന്നത്. ദിവസത്തെ അധികാരമെല്ലാം ഉറപ്പുവരുത്തി അടുക്കളയിലേക്ക് ചൂളി കിടപ്പറയിലേക്ക് ക്ഷണിക്കുന്ന സ്ഥിരം പുരുഷ പ്രയോഗമായ നിന്റെ പണി ഇതുവരെ കഴിഞ്ഞില്ലേ എന്ന ചോദ്യവും ദാ കഴിഞ്ഞു എന്ന അടുക്കളയില്‍ നിന്നുള്ള വിനീതവും ജീവിതമില്ലാത്തതുമായ മറുപടിയുമാണ് താന്‍ ഏറ്റവും രസിക്കുന്ന പുരുഷ തമാശ എന്നു മണിലാല്‍ പറയുമ്പോള്‍ അതു തമാശയല്ലെന്ന് നാം മനസ്സിലാക്കുന്നു. അതാണ് മാര്‍ജാരനെ ശ്രദ്ധേയമാക്കുന്നത്.
ഈ താളുകളിലെ ലോകം ഒരു ശിശുവിന്റെ കണ്ണുകള്‍ കണ്ടതാണ്. ആകയാല്‍ ഈ പുസ്തകം സത്യമാകുന്നു എന്ന് അവതാരികയില്‍ നടന്‍ വി കെ ശ്രീരാമന്‍.

മാര്‍ജാരന്‍, മണിലാല്‍, ഡിസിബുക്‌സ്. വില 160രൂപ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പൊതുബോധത്തിനു കുറുകെ ചാടുന്ന മാര്‍ജാരന്‍

  1. Avatar for Critic Editor

    Cvthankappan Velayudhan

    “മാര്‍ജാരന്‍” എന്ന കൃതിയെക്കുറിച്ച് ശ്രീ.ഐ.ഗോപിനാഥ് എഴുതിയ അവലോകനം നന്നായിരിക്കുന്നു .ബ്ലോഗ് വഴി ശ്രീ.മണിലാലിന്‍റെ രചനകളില്‍ ചിലത് വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്
    ഇനി പുസ്തകം വായിക്കണം.
    ആശംസകള്‍

Leave a Reply