പേരന്‍പ് മനുഷ്യരെ വിശുദ്ധരാക്കും

വി സി. സുരേഷ് നല്ല കലാസൃഷ്ടികള്‍ അങ്ങനെയാണ് . അവ മനുഷ്യനെ ആന്തരികമായി വല്ലാതെ സംസ്‌കരിക്കും. ആസ്വാദനത്തിന്റെ നിറവില്‍ എല്ലാ ദുഷിപ്പുകളെയും കഴുകി ക്കളഞ്ഞു വെടിപ്പാക്കി , നന്മയുടെ നൈര്മല്യത്തില്‍ ജ്ഞാനസ്‌നാനം ചെയ്യിപ്പിക്കും . നമ്മുടെ ശരിയെന്ന പൊതു ബോധം എത്രമാത്രം കെട്ടതാണെന്ന തിരിച്ചറിവുണ്ടാക്കും . ഒരു നിമിഷമെങ്കിലും നാം നല്ലവരാകും. പേരന്പ് എന്ന സിനിമ കണ്ടു തിയേറ്റര്‍ വിട്ടിറങ്ങുന്ന ആള്‍കൂട്ടം ഇപ്രകാരം വിശുദ്ധരാക്കപ്പെട്ടവരാണ്. എന്തെന്നാല്‍ , പ്രതിവിധിയില്ലാത്ത കടുംനോവുകള്‍ക്കും അളവറിയാത്ത ആകുലതകള്‍ക്കും നേരെ പൊരുതി നില്ക്കാന്‍ കരുത്തേകുന്ന […]

ppവി സി. സുരേഷ്

നല്ല കലാസൃഷ്ടികള്‍ അങ്ങനെയാണ് . അവ മനുഷ്യനെ ആന്തരികമായി വല്ലാതെ സംസ്‌കരിക്കും. ആസ്വാദനത്തിന്റെ നിറവില്‍ എല്ലാ ദുഷിപ്പുകളെയും കഴുകി ക്കളഞ്ഞു വെടിപ്പാക്കി , നന്മയുടെ നൈര്മല്യത്തില്‍ ജ്ഞാനസ്‌നാനം ചെയ്യിപ്പിക്കും . നമ്മുടെ ശരിയെന്ന പൊതു ബോധം എത്രമാത്രം കെട്ടതാണെന്ന തിരിച്ചറിവുണ്ടാക്കും . ഒരു നിമിഷമെങ്കിലും നാം നല്ലവരാകും. പേരന്പ് എന്ന സിനിമ കണ്ടു തിയേറ്റര്‍ വിട്ടിറങ്ങുന്ന ആള്‍കൂട്ടം ഇപ്രകാരം വിശുദ്ധരാക്കപ്പെട്ടവരാണ്. എന്തെന്നാല്‍ , പ്രതിവിധിയില്ലാത്ത കടുംനോവുകള്‍ക്കും അളവറിയാത്ത ആകുലതകള്‍ക്കും നേരെ പൊരുതി നില്ക്കാന്‍ കരുത്തേകുന്ന ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മഹാവിളംബരമാണ് ഈ ചിത്രം .
നിരാശ്രയത്വത്തിന്റെ ഇരുട്ടറയില്‍ തപ്പിത്തടയുന്ന അമുദന്‍ എന്ന ടാക്‌സി ഡ്രൈവറുടെ സങ്കടക്കടലല്ല പേരന്‍പ് .അങ്ങനെ ആവാതിരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട് ഇതിന്റെ പ്രവര്‍ത്തകര്‍ . ജീവിതത്തിന്റെ തുടര്‍ച്ചയായ എതിരടികളില്‍ അതീവ ദുര്‍ബലനും നിസ്സഹായനുമായി ഇടറുന്ന പിതാവിന്റെ ദൈന്യം, അതിഭാവുകതയുടെ കണ്ണീര്‍പുഴ ഒഴുക്കാതെ ഇവര്‍ കാത്തു .
കൗമാരത്തിലേക്ക് കാലൂന്നുന്ന പുത്രിയുടെ ഗുരുതരമായ ശാരീരിക വൈകല്യം, ഏകനായി അഭിമുഖീകരിക്കുന്ന അച്ഛന്‍ . മമ്മൂട്ടി ഇന്നോളം ചെയ്ത മികവുറ്റ കഥാപാത്രങ്ങളില്‍ മുന്‍നിരയിലുണ്ടാവും അമുദന്‍. നിരാസങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ഏറ്റുവാങ്ങേണ്ടി വരുമ്പോഴും, വികലാംഗയായ മകളുടെ സന്തോഷത്തിന് പാടുപെടുന്ന അമുദന്റെ പിരിമുറുക്കം പ്രേക്ഷകനെ അലോസരപ്പെടുത്തും . മമ്മൂട്ടിയെന്ന പ്രതിഭാധനന്റെ അഭിനയമികവിനെ വാഴ്ത്തുന്നത് cliche ആവും. എന്നാലും പറയാതിരിക്കാനാവില്ല .. ഇത് ഏറ്റവും മികച്ചത് .
തങ്കമീന്‍ കളില്‍ ഏറ്റവും മികച്ച ബാലതാരം ആയി പുരസ്‌കൃതയായ സാധന എന്ന പെണ്‍കുട്ടി ,. ആ അംഗീകാരം യാദൃച്ഛികത ആയിരുന്നില്ലെന്ന് തെളിയിച്ചു . പേരന്പിന്റെ ഓരോ ഫ്രെയിമിലും, കൈകാലുകള്‍ വികലമാക്കി , മുഖം കോട്ടി , അസ്പഷ്ട ശബ്ദത്തില്‍ ആശയ സംവേദനം നടത്തിയ പാപ്പ, സാധനയുടെ അത്ഭുതകരമായ നടനമികവിനെ വെളിപ്പെടുത്തി. ഭാവത്തിലും ചലനത്തിലും ശബ്ദത്തിലുമെല്ലാം പാപ്പയുടെ വൈകല്യമേല്‍പ്പിക്കുന്ന ദുരന്തം വരച്ചുകാട്ടാന്‍ കഠിനാധ്വാനം ചെയ്തു സാധന. അഭിനന്ദനങ്ങളും അവാര്‍ഡ് കളും ഇവളെ തേടിയെത്തട്ടെ.
വിധിയേല്പിച്ച കൊടുംയാതനയുടെ പെരുമഴയത്ത് അമുദനും മകള്‍ക്കും കുടയാവുന്നത് ഇരുട്ടില്‍ നിന്നുമെത്തുന്ന മറ്റൊരു ചെറുജീവിതം. പകല്‍വെളിച്ചം അറപ്പോടെ അകറ്റിനിര്‍ത്തുന്ന അരികുവാസി ..അഞ്ജന അമീര്‍ ചെയ്ത കഥാപാത്രം ..മീര ..ഇതാകുന്നു പേരന്പിന്റെ പൊന്‍തിളക്കം .. മൂന്നാംവര്‍ഗ്ഗ ജീവിതത്തെ പൊതുസമൂഹം തള്ളിയിട്ട ചെളിക്കുഴിയില്‍നിന്ന് മനുഷ്യസ്‌നേഹത്തിന്റെ, നന്മയുടെ, നീരുറവ ചുരത്തുന്നു പേരന്‍പിലെ മീര .. കരുത്തുറ്റ പാത്രസൃഷ്ടി.
കാലാവസ്ഥ വിവിധഭാവങ്ങളാല്‍ വിളംബരപ്പെടുന്ന പ്രകൃതിയാണ് പേരന്‍പിലെ നടികര്‍ തിലകം . മഞ്ഞും തടാകവും കുതിരയും കുരുവിയും കുന്നിന്‌ചെരിവിലെ പുരാതനബംഗ്‌ളാവുമെല്ലാം ചിത്രത്തിന്റെ മൂഡ് ക്രീയേഷന് വേണ്ടി നേരനുപാതത്തില്‍ ലയിച്ചുചേരുന്നു . അമുദന്റെയും പാപ്പയുടെയും ദൈന്യതയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള പശ്ചാത്തലം, അതിമനോഹരമായി കോണ്‍സ്റ്റിട്യൂട് ചെയ്ത പ്രോപ്പര്‍ട്ടി സെറ്റിംഗ്‌സ് .  തങ്കമീന്‍കളും തിരമണിയും കാണാന്‍ സാധിച്ചില്ല. എങ്കിലും ഒന്നുറപ്പിക്കാം . മാസ്റ്റര്‍ ക്രീയേറ്റര്‍ മാരുടെ ഉന്നത പീഠങ്ങളില്‍ റാം എന്ന സംവിധായകനെ അവരോധിക്കാന്‍ പേരന്പ് മതി . ഇത് സംവിധായകന്റെ സിനിമ .
അതിസുന്ദരമായ ഫ്രെയിമുകള്‍ ഒരുക്കിയ ഫോട്ടോഗ്രാഫി എടുത്തു പറയാനുണ്ട് . ഒരു മെലഡി ഭാവത്തിലുള്ള ചിത്രണം . പശ്ചാത്തല സംഗീതവും മികവുറ്റത് . തെന്നിന്ത്യയിലെ പുതുനാമ്പുകള്‍ അനുഗ്രഹീതരാണെന്നത് ഇത് സാക്ഷ്യം . കെട്ടുകാഴ്ചകളുടെ മഹാമാമാങ്കങ്ങളും പ്രച്ഛന്നവേഷക്കാരുടെ കാര്ണിവലുകളും കണ്ണും കാതും മനസ്സും മലിനപ്പെടുത്തുമ്പോള്‍ ഇങ്ങനൊന്ന് ഇടയ്‌ക്കെത്തണം. വരണ്ട കാഴ്ചശീലങ്ങളിലേക്ക്,നനുത്തൊരു കുളിര്മഴയായി പെയ്തിറങ്ങുന്ന മനോഹര സൃഷ്ടികള്‍ . മനസ്സിനെ വല്ലാതെ ആര്‍ദ്രമാക്കുന്ന ചലച്ചിത്ര അനുഭവം ..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply