പെസ: ആദിവാസി അവകാശസംരക്ഷണത്തിന്റെ അവസാന കച്ചിത്തുരുമ്പ്

രാജേന്ദ്രപ്രസാദ് ജനാധിപത്യം സര്‍ക്കാര്‍ രൂപം മാത്രമല്ല, പ്രാഥമികമായി ഒന്നിച്ച് ജീവിക്കുന്നതിന്റെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റേയും രീതികൂടിയാണത്. തീര്‍ച്ചയായും സഹജീവികളോട് ആദരവും ബഹുമാനവും പുലര്‍ത്തുന്നതിനുള്ള ഒരു മനോഭാവം കൂടിയാണ്. -ഡോ. ബി. ആര്‍. അംബേദ്കര്‍. ലോകത്തെമ്പാടുമുള്ള ആദിവാസികള്‍ അവരുടെ സ്വത്വവും ജീവിതചര്യയും ഭൂമിയിലും വിഭവങ്ങളിന്മേലുമുള്ള പരമ്പരാഗത അവകാശങ്ങളും നിലനിര്‍ത്തുന്നതിനുള്ള സമരത്തിലാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ശക്തമായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രതിരോധിക്കാനാവാതെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്ന ജനത… ഏഴു പതിറ്റാണ്ടായി കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടം കിട്ടാതെ പോയ വിഭാഗമാണ് ആദിവാസികള്‍. […]

PESAരാജേന്ദ്രപ്രസാദ്

ജനാധിപത്യം സര്‍ക്കാര്‍ രൂപം മാത്രമല്ല, പ്രാഥമികമായി ഒന്നിച്ച് ജീവിക്കുന്നതിന്റെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റേയും രീതികൂടിയാണത്. തീര്‍ച്ചയായും സഹജീവികളോട് ആദരവും ബഹുമാനവും പുലര്‍ത്തുന്നതിനുള്ള ഒരു മനോഭാവം കൂടിയാണ്.
-ഡോ. ബി. ആര്‍. അംബേദ്കര്‍.

ലോകത്തെമ്പാടുമുള്ള ആദിവാസികള്‍ അവരുടെ സ്വത്വവും ജീവിതചര്യയും ഭൂമിയിലും വിഭവങ്ങളിന്മേലുമുള്ള പരമ്പരാഗത അവകാശങ്ങളും നിലനിര്‍ത്തുന്നതിനുള്ള സമരത്തിലാണ്. തങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ ശക്തമായ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ പ്രതിരോധിക്കാനാവാതെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്ന ജനത… ഏഴു പതിറ്റാണ്ടായി കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടം കിട്ടാതെ പോയ വിഭാഗമാണ് ആദിവാസികള്‍. വികസനത്തിന്റെ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ജീവിതം നഷ്ടപ്പെട്ടവര്‍. വനത്തിനും വനവിഭവങ്ങള്‍ക്കും മേല്‍ അവര്‍ക്കുണ്ടായിരുന്ന പരമ്പരാഗത അവകാശം നഷ്ടമായി. ഇതു തിരിച്ചറിഞ്ഞ ഐക്യരാഷ്ട്ര സംഘടന (യു.എന്‍.) ലോകത്താകമാനമുള്ള ആദിവാസികളുടെ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് പല പ്രഖ്യാപനങ്ങളും നടത്തി. 2007 ലെ പ്രഖ്യാപനത്തില്‍ ഒപ്പുവച്ച 142 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
ആദിവാസി ജനതയുടെ സ്വയംഭരണം അടക്കമുള്ള അവകാശങ്ങള്‍ സംബന്ധിച്ച യു.എന്‍. പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷിക ദിനമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ ആദിവാസി ഊരുകളിലും പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികത്തില്‍ വിവിധ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. യു.എന്‍. പാസാക്കിയ, തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനത്തിന്റെ ആര്‍ട്ടിക്കിള്‍ നാല് സ്വയംഭരണത്തിനുള്ള ആദിവാസികളുടെ അവകാശം ഉറപ്പു വരുത്തുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായും ചര്‍ച്ചയാകുന്നത് ആദിവാസികളുടെ ഭൂ അധികാരം, വികസനം സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങളാണ്. ഇതു നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത് പെസ നിയമപ്രകാരം ആദിവാസി മേഖലകള്‍ക്ക് സ്വയംഭരണം എപ്രകാരം സാധ്യമാക്കാം എന്നതിലേക്കാണ്. വനാവകാശനിയമപ്രകാരം ഭൂവധികാരം എപ്രകാരം സാധ്യമാക്കാനാവും എന്നതും ചിന്തനീയമാണ്.
ഭരണഘടനയുടെ 244-ാം അനുഛേദപ്രകാരമാണ് അഞ്ചാം പട്ടിക പ്രദേശങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പട്ടിക പ്രദേശങ്ങളുണ്ട്. പൊതുവില്‍ നടപ്പാക്കുന്ന നിയമങ്ങള്‍ ആ മേഖലയ്ക്ക് യോജിച്ചതല്ലെങ്കില്‍ അവയെ ഒഴിവാക്കുവാനും ഭൂമി െകെമാറ്റം, ഭൂമി അനുവദിക്കുന്നതിനുള്ള നിയന്ത്രണം, കച്ചവടവും പണം കടംകൊടുക്കലിനുള്ള നിയന്ത്രണം, ആദിവാസികളുടെ ഉപദേശക കൗണ്‍സില്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചാം പട്ടിക. പട്ടികയിലെ ആറാം ഖണ്ഡികയിലെ രണ്ടാം ഉപവകുപ്പ് അനുസരിച്ച് പുതിയതായി നിര്‍ദേശിക്കപ്പെടുന്ന പ്രദേശങ്ങള്‍കൂടി താഴെ പറയുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
1. പട്ടികവര്‍ഗ ജനങ്ങളുടെ ആധിപത്യമുള്ള പ്രദേശങ്ങള്‍
2. സംയോജിപ്പിക്കുവാനും മതിയായ വലിപ്പവുമുള്ള പ്രദേശങ്ങള്‍
3. പ്രദേശത്തിന്റെ പിന്നാക്കാവസ്ഥ
4. പ്രദേശത്തു വസിക്കുന്ന ഇതര ജനവിഭാഗങ്ങളുമായിട്ടുള്ള പ്രത്യക്ഷമായ വികസന വിടവ്.

മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്‍പ്പം ഭരണഘടനയുടെ നാല്‍പ്പതാം അനുഛേദത്തില്‍ പറഞ്ഞുവച്ചെങ്കിലും അത് യാഥാര്‍ത്ഥ്യമാക്കാന്‍ 73 , 74-ാം ഭരണഘടന ഭേദഗതിയില്‍ കൂടി (1994) മാത്രമാണ് കഴിഞ്ഞത്. എന്നാല്‍ ഈ നിയമ ഭേദഗതി അഞ്ചാം പട്ടിക പ്രദേശങ്ങളില്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. 1996 ല്‍ ഭൂരിയ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ദി ഷെഡ്യൂള്‍ഡ് ഏരിയ (പെസ) ആക്ട് നിലവില്‍ വന്നത്.
ഭരണഘടനയുടെ 244 വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപ വകുപ്പ് രണ്ട് അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്‌കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ മേഖലകളെ പട്ടികവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് രാഷ്ട്രപതിക്ക് അധികാരമുണ്ട്്. ഈ പശ്ചാത്തലത്തിലാണു കേരളത്തിലെ ആദിവാസി മേഖലകളില്‍ സ്വയംഭരണം ഉറപ്പു വരുത്തുന്ന നിയമമായ പെസ നിയമം 1996 ഷെഡ്യുള്‍ഡ് എരിയാസ് ഓര്‍ഡര്‍ 2015 (കേരള സംസ്ഥാനം) എന്ന പേരില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായുള്ള വകുപ്പ് നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചത്. കേരളത്തിലെ 31 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലുമായി 2445 ഊരുകള്‍ പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുവാനായുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. ഇടുക്കി കണ്ണൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ മാത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. മറ്റു ജില്ലകളിലെ ആദിവാസി മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
1970 ലെ പട്ടികവര്‍ഗ ഉപപദ്ധതി, 2003 ഊരുകൂട്ട നിയമം, 2006 ലെ വനാവകാശ നിയമം എന്നിവ കേരളത്തില്‍ പ്രാബല്യത്തില്‍ വന്നതിന്റെ പിന്തുടര്‍ച്ചയായി വേണം പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തിക്കാന്‍.
ഇന്ത്യയില്‍ ജനാധിപത്യപ്രക്രിയ ഏറ്റവും കൂടുതല്‍ വികസിച്ചിട്ടുള്ള സംസ്ഥാനമാണു കേരളം. പഞ്ചായത്ത് രാജ് നിയമപ്രകാരം 29 വിഷയങ്ങളില്‍ സ്വയം തീരുമാനമെടുക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുകയും ബജറ്റിന്റെ 40 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇഷ്ടാനുസരണം ഉപയോഗിക്കാനും ഇവിടെ അധികാരമുണ്ട്. 73 ാം ഭരണഘടന ഭേദഗതിയെ ഇത്രയധികം ചലനാത്മകമാക്കുകയും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്ത മറ്റൊരു സംസ്ഥാനവും രാജ്യത്തില്ല. ആഗോള തലത്തില്‍ ആദിവാസികളുടെ അവകാശ സംരക്ഷണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു ശതമാനം വരുന്ന ആദിവാസികളുടെ വികസന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ബാധ്യത ജനാധിപത്യ സര്‍ക്കാരിനുണ്ട്.
2009 ലെ അഡ്മിനിസ്ട്രേറ്റീവ് റിഫോം കമ്മിറ്റി (മുംഗേക്കര്‍) ശിപാര്‍ശയെ തുടര്‍ന്ന് 2010 ല്‍ കേന്ദ്ര സര്‍ക്കാര്‍ പഞ്ചായത്ത് രാജ് സമ്പ്രദായം കാര്യക്ഷമമാക്കുന്നതിനെ പറ്റി ആലോചിച്ചു. എല്ലാ ഗ്രാമസഭകള്‍ക്കും പെസ ഗ്രാമ സഭകള്‍ക്കുള്ള നിയമ പരിരക്ഷ നല്‍കണം എന്നതില്‍ ആ ചര്‍ച്ചകള്‍ എത്തിചേര്‍ന്നു. 2010 ല്‍ ഷെഡ്യുള്‍ഡ് ഏരിയയ്ക്ക് പുറമെയുള്ള പ്രദേശങ്ങളിലെ ഗ്രാമസഭകളില്‍ സ്വയംഭരണം നടപ്പാക്കുന്നതിനെ സംബന്ധിച്ച് ഭരണഘടന ഭേദഗതി ചര്‍ച്ചയ്ക്കായി വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചു കൊടുത്തു. അപ്രകാരമുള്ള ഭേദഗതി നല്ലതാണെന്നു അന്നത്തെ വി.എസ്. സര്‍ക്കാര്‍ മറുപടിയും നല്‍കി. 1960 ലെ ദേബര്‍ കമ്മിഷനാണ് ആദിവാസികളുടെ അധിവാസ മേഖലകളെ പട്ടികവര്‍ഗ പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് ആദ്യം നിര്‍ദേശിച്ചത്. വനമേഖല ഉള്‍പ്പെടെ 1624 ച.കി.മീ. പ്രദേശം പട്ടിക വര്‍ഗപ്രദേശമാണെന്നു കമ്മിഷന്‍ കണ്ടെത്തി.
2012 ല്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അെഡ്വെസറി കൗണ്‍സില്‍ അഞ്ചാം ഷെഡ്യുള്‍ഡില്‍ ഉള്‍പ്പെടാത്ത ആദിവാസി മേഖലകള്‍ കൂടി പെസ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. അതില്‍ കേരളവും ഉള്‍പ്പെടും. പൊതുസമൂഹത്തിന്റെ പിന്‍ബലത്തോടു കൂടി മാത്രമേ ആദിവാസികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയൂ. മേഖലയില്‍ താമസിക്കുന്ന പൊതുസമൂഹത്തിന് പെസ നിയമം എതിരല്ല. ആദിവാസി ഇതര വിഭാഗക്കാര്‍ക്കും ഷെഡ്യൂള്‍ഡ് ഏരിയയില്‍ ഉള്‍പ്പെടാം. നിയമത്തിന്റെ എല്ലാ നല്ലവശങ്ങളും അനുഭവിക്കാനുള്ള സാധ്യത അവര്‍ക്കും െകെവരും. ആദിവാസി അവകാശ സംരക്ഷണത്തിന്റെ അവസാന കച്ചിത്തുരുമ്പാണ് പെസ നിയമം. ഭരണകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ പിന്‍ബലത്തോടെ ആദിവാസി ജനതയുടെ സമഗ്ര വികസനം സാധ്യമാക്കാന്‍ ഈ നിയമത്തിലൂടെ നമുക്കു കഴിയണം. അതിനുള്ള തുറന്ന ചര്‍ച്ചയ്ക്ക് യു.എന്‍. പ്രഖ്യാപന ദിനം തുടക്കംകുറിക്കട്ടെ.

(ഗോത്രഭൂമി മാസികയുടെ പത്രാധിപരും സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യുക്കേഷന്‍, ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്( തമ്പ്) അധ്യക്ഷനുമാണ് ലേഖകന്‍.)

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply