പെണ്‍കുട്ടികള്‍ക്കില്ലേ ജനാധിപത്യാവകാശങ്ങള്‍…?

പ്രസാദ് അമോര്‍ കേരളത്തിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) തികച്ചും ജനാധിപത്യ വിരുദ്ധവും മനുഷ്യത്യരഹിതവുമായ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കുകയുണ്ടായി . പെണ്‍കുട്ടികള്‍ വളരെ അപകടകാരിയാണെന്നും അവരുടെ അവകാശങ്ങളെല്ലാം തന്നെ നിയന്ത്രിക്കപ്പെടണമെന്നും അവര്‍ക്കു തുറന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെടരുത് എന്നുമുള്ള ആശയങ്ങളാണ് ഈ കമ്മിറ്റിയുടെ പേരില്‍ പെണ്മക്കള്‍ നന്നായി വരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന വ്യാഖ്യേനെ പ്രചരിപ്പിക്കുന്നത്. ജനാധിപത്യവല്‍ക്കരത്തിനായുള്ള പേരാട്ടങ്ങളെയെല്ലാം നിഷ്‌കരുണം ഭഞ്ജിക്കുന്ന ഇതിന്റെ രചയിതാവ് സൈക്കോളജിസ്റ്റ് ശ്രീ മാത്യു പടമാടനാടനാണെന്നു കാണുന്നു. ഇതേ വരെ ഒളിച്ചോടിപ്പോയ/ […]

ggg

പ്രസാദ് അമോര്‍

കേരളത്തിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (CWC) തികച്ചും ജനാധിപത്യ വിരുദ്ധവും മനുഷ്യത്യരഹിതവുമായ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിക്കുകയുണ്ടായി . പെണ്‍കുട്ടികള്‍ വളരെ അപകടകാരിയാണെന്നും അവരുടെ അവകാശങ്ങളെല്ലാം തന്നെ നിയന്ത്രിക്കപ്പെടണമെന്നും അവര്‍ക്കു തുറന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെടരുത് എന്നുമുള്ള ആശയങ്ങളാണ് ഈ കമ്മിറ്റിയുടെ പേരില്‍ പെണ്മക്കള്‍ നന്നായി വരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന വ്യാഖ്യേനെ പ്രചരിപ്പിക്കുന്നത്. ജനാധിപത്യവല്‍ക്കരത്തിനായുള്ള പേരാട്ടങ്ങളെയെല്ലാം നിഷ്‌കരുണം ഭഞ്ജിക്കുന്ന ഇതിന്റെ രചയിതാവ് സൈക്കോളജിസ്റ്റ് ശ്രീ മാത്യു പടമാടനാടനാണെന്നു കാണുന്നു. ഇതേ വരെ ഒളിച്ചോടിപ്പോയ/ വഴിതെറ്റിപ്പോയ കുട്ടികളുടെ സാഹചര്യങ്ങള്‍ പഠനവിധേയമാക്കിയാണ് ഈ നിയമാവലികള്‍ ഉണ്ടാക്കിയതെന്നും വായിച്ചുമനസ്സിലാക്കുകയും ഷെയര്‍ ചെയ്താലും മാത്രം പോരാ പ്രാവര്‍ത്തികമാക്കുകയും വേണമെന്നും പഴഞ്ചരാണെന്ന പഴി കേള്‍ക്കേണ്ടി വന്നാലും പണം ചിലവായാലും പിന്നീട് ‘മകള്‍ പോയേ..’ എന്നു വിലപിക്കേണ്ടി വരില്ല എന്നും ആമുഖമായി പറഞ്ഞാണ് ഉപദേശങ്ങള്‍ ആരംഭിക്കുന്നത്. മാത്യു പടമാടനാടന്റെ നിര്‍ദ്ദേശങ്ങളും അവയോടുള്ള പ്രതികരണവുമാണ് താഴെ. cwc കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ പേരിലാണ് ഈ 20 നിര്‍ദദേശങ്ങള്‍ പ്രചരിക്കുന്നത് കണ്ടത്.

1. അത്യാവശ്യത്തിനല്ലാതെ മൊബൈല്‍ കൊടുക്കാതിരിക്കുക (basic)

മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരിവര്‍ത്തന കാലഘട്ടമാണിത്.ലോകം ഇന്ന് സൈബര്‍ സാങ്കേതിക വിദ്യയുടെ ,നിയന്ത്രണത്തിലാണ്. നമ്മുടെ പല അറിവുകളും ഉപയോഗ ശൂന്യമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ അറിവിന്റെ മേഖലയില്‍ നടക്കുന്ന വിസ്‌ഫോടനം അറിയാതെ പോകുന്നവര്‍ പിന്തള്ളപ്പെടും. അവര്‍ ഇരകളാകും. ആധുനികസാങ്കേതിക വിദ്യയുടെ പ്രയോഗത്തെക്കുറിച് കൃത്യമായ ധാരണയില്ലാത്ത അധ്യാപകരും രക്ഷകര്‍ത്താക്കളും കുട്ടികളുടെ മുന്നില്‍ പരിഹാസ്യരാകും . വിനിമയോപാധിയായ മൊബൈല്‍ ഫോണ്‍ സ്വയം നിയന്ദ്രിതമായി ഉപയോഗിക്കാനുള്ള അവകാശം കുട്ടികള്‍ക്കുണ്ട് .

2. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ നമ്മുടെ സാനിധ്യത്തിലല്ലാതെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കുക.

ഇത് വ്യക്തിയുടെ സ്വകാര്യതയുടെ മേലുള്ള കൈയേറ്റമാണ് .മറ്റുള്ളവരോടും ലോകത്തോടും ബന്ധപ്പെട്ടുകൊണ്ടിരിക്കുബോഴാണ് നാം മനുഷ്യരായി തീരുന്നതു .സ്ത്രീ പുരുഷഭേദമെന്യ എല്ലാവരുമായും ഇടപെഴകി സൗഹൃദം സ്ഥാപിച്ചു കുട്ടികള്‍ ജീവിക്കണം .സംഘടിക്കുന്നതിനും നിയമപരമായി കൂട്ടം കൂടുന്നതിനും കുട്ടികള്‍ക്ക് അവകാശം ഉണ്ട് .ഏകപക്ഷീയമായ നടപടികളിലൂടെ കുട്ടികളുടെ സ്വകാര്യത നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല .സോഷ്യല്‍ മിഡിയയും ഇന്റര്‍നെറ്റും കുട്ടികളെ പഠനത്തില്‍ താല്പര്യം കുറയ്ക്കും, സ്വഭാവം മോശമാകും, എന്നൊക്കെയുള്ള ചിന്തകളാണ്
നമുക്കുള്ളത്. യഥാര്‍ത്ഥത്തില്‍ പ്രായോഗിക തലത്തില്‍ നിന്നുകൊണ്ട് വേണം നമ്മള്‍ ഇക്കാര്യത്തെ സമീപിക്കാന്‍.അപകടം ഉണ്ടാകുമെന്നു കരുതി ഒരാളും റോഡിലൂടെ നടക്കാതിരിക്കുനില്ല ,വാഹനം ഒടിക്കാതിരിക്കുന്നില്ല

3. വീട്ടില്‍ ജോലിക്കുവരുന്നവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ട ഭക്ഷണവും മറ്റും നിങ്ങള്‍ തന്നെ എത്തിച്ചു കൊടുക്കുക. അവരുമായുള്ള കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക.

ജനാധിപത്യ വല്‍ക്കരണത്തിനായുണ്ടായ പോരാട്ടങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന ആശയമാണിത് .സാമ്പത്തിക ,ജാതി ലിംഗ പരിഗണനകളൊന്നും കൂടാതെ ഏതൊരു കുട്ടിക്കും വളര്‍ച്ച ഉറപ്പുവരുത്തുന്ന പരിസരവും ഇടപെഴകാലുകളുമാണ് നമുക്കാവശ്യം .

4. പരിചിതരും അപരിചിതരുമായ പുരുഷന്‍മാരോട് സംസാരിക്കേണ്ടി വരുമ്പോള്‍ ഗൗരവത്തില്‍ തന്നെ സംസാരിക്കാന്‍ പഠിപ്പിക്കുക. ഇതിന് അമ്മയടക്കമുള്ള മറ്റ് മുതിര്‍ന്ന സ്ത്രീകള്‍ മാതൃകയായിരിക്കുക. നിങ്ങളുടെ മൃദുല ഭാഷ അന്യരുടെ മനസ്സില്‍ വേണ്ടാത്ത ചിന്ത മുളപ്പിക്കും.

ഒന്നാം ക്ലാസ് മുതല്‍ തന്നെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രണ്ടുഭാഗത്തു ഇരുത്തി പഠിപ്പിക്കുന്നു .രണ്ട് വ്യത്യസ്ത ലിംഗ വിഭാഗങ്ങളെ എത്രത്തോളം അകറ്റി നിര്‍ത്താമോ അത്രത്തോളം അകറ്റി നിര്‍ത്തുന്ന സദാചാരമാണ് സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നുന്നത്. സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് പലതരത്തില്‍ പെട്ട അടിച്ചമര്‍ത്തല്‍ ഉണ്ടാവുകയും അതെ സമയം ഇതിന്റെ ദുഷിച്ച കച്ചവടം മറ്റൊരു സാഹചര്യത്തിലൂടെ അനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു . ഇത് കുട്ടികളില്‍ വലിയ ആശയകുഴപ്പം ഉണ്ടാക്കും.കൗമാര പ്രായക്കാരിലും , പ്രത്യേ കിച്ചു പാടില്ല എന്ന് പറയുന്നതിലേക്ക് സ്വാഭാവികമായും ആകര്‍ഷണം കൂടും.ആണും പെണ്ണും പരസ്പരം ഇടപെഴുകി സ്വതന്ത്രരായി ജീവിക്കുകയാണ് വേണ്ടത് .

5.നിങ്ങളുടെ പെണ്മക്കളുടെ കൂട്ടുകാരികളോട് അമ്മമാര്‍ ചങ്ങാത്തം കൂടുക.

6.മകള്‍ക്ക് ഈശ്വരവിചാരം – പുരാണ പഠനം, വേദപാഠം ഇവ നിര്‍ബന്ധമാക്കുക. ദൈവവിശ്വാസത്തിലും ദേശസ്‌നേഹത്തിലും മാതൃക യായി ജീവിച്ച ധീരവനിതകളുടെ ചരിത്രങ്ങള്‍ പറഞ്ഞു കൊടുക്കുകയോ കേള്‍പ്പിക്കുകയോ ( disc) ബുക്ക്‌സ് വാങ്ങി കൊടുക്കുകയോ ചെയുക. അവരെ ഇടയ്ക്കിടക്ക് അതുരാശ്രമങ്ങളിലും ഹോസ്പിറ്റലുകളിലെ അത്യാഹിത വാര്‍ഡുകളിലും പാലിയേറ്റീവ് സെന്ററുകളിലും സന്ദര്‍ശിക്കുവാന്‍ കൊണ്ടു പോകുക

സ്വയം തിരിച്ചറിയാനും സ്വന്തം കഴിവ് പ്രയോജനപ്പെടുത്തുവാനും സമൂഹത്തില്‍ നന്നായി ജീവിക്കാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് ആവശ്യം .വേദപഠനവും സന്മാര്‍ഗ്ഗ പാഠങ്ങളും ഗുണത്തേക്കാളേറെ ദോക്ഷമാണ് .സമൂഹത്തിനിന്നും അനുഭവങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇന്ദ്രിയങ്ങളിലൂടെ മൂല്യങ്ങള്‍ പാകപ്പെടുത്തിയെടുക്കാനുള്ള കഴിവുകള്‍ കുട്ടികള്‍ക്കുണ്ട് .

7.സ്‌കൂളില്‍ നിന്നോ college നിന്നോ ടൂര്‍ പോകുവാന്‍ സമ്മതിക്കരുത് , പകരം നിങ്ങള്‍ ഫാമിലിയായി ടൂര്‍ പോവുക. ടൂര്‍ എന്നത് ആഭാസം നിറഞ്ഞ ഒന്നായി മാറിയിരിക്കുന്നു… ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇടപഴകാനും ആഘോഷ തിമിര്‍പ്പില്‍ മദ്യവും മയക്കുമരുന്നുകളും ഉപയോഗിക്കുവാനും ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നു.

കുട്ടികള്‍ കൂട്ടുകാരുമായി യാത്ര ചെയ്യണം സ്വതന്ത്രമായ പരസ്പര ഇടപെഴകളിലൂടെ അവര്‍ക്ക് നിര്‍ഭയരാവാനാകും .ടൂര്‍ പ്രോഗ്രാമുകളും ,പാദനയാത്രകളും അയവേറിയ അന്തരീക്ഷം സാധ്യമാക്കും .അത് ഒരിക്കലും അച്ചടക്കം നഷ്ടപെടുത്തുകയില്ല .അച്ചടക്കം എന്നത് കുട്ടിയുടെ ഉള്ളില്‍ നിന്ന് സ്വയം രൂപപ്പെട്ടുവരുകയും സ്വയം നിയന്ദ്രിക്കുകയും ചെയ്യുന്ന നിയമങ്ങളും ചിട്ടകളുമാണ് .സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ മേഖലയുമാണിത് .തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന പെരുമാറ്റമാണത് .അത് രൂപപ്പെടാനുള്ള അവസരങ്ങളാണ് ആവശ്യം

8.മകളെ വീട്ടില്‍ തനിച്ചാക്കാതിരിക്കുകയും കഴിയുന്നതും അവരെ തനിച്ച് കിടത്താതിരിക്കുക യും ചെയ്യുക. (ഇവിടെയാണ് വീട്ടിലെ വല്യമ്മച്ചിമാരുടെ (grandma) പ്രസക്തി).

തീര്‍ച്ചയായും കുട്ടികള്ക്ക് സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട് .എന്നാല്‍ അത് അമിത നിയന്ത്രണത്തിന്റേതാകരുത് .തനിച്ചു കിടക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിക്ക് അതിന് അവസരം വേണം .

9.മകള്‍ പഠിക്കുന്ന സ്ഥാപനങ്ങളും പോകുന്ന വഴികളും അവരറിഞ്ഞും അറിയാതെയും സന്ദര്‍ശിക്കുക (suprise visit).

ജനാധിപത്യ വിരുദ്ധമായോ ഏകപക്ഷീയമായോ കുട്ടിയുടെ സ്വാതന്ദ്ര്യം നിഷേധിക്കാന്‍ പാടില്ല

10.ഇത്തരം സ്ഥാപനങ്ങളിലെ സമയ ക്രമം അറിഞ്ഞിരിക്കുക (സ്‌പെഷ്യല്‍ ക്ലാസുള്ള ദിവസങ്ങള്‍ സ്ഥാപനങ്ങളില്‍ വിളിച്ച് ഉറപ്പുവരുത്തുക)

11.മകളോട് സുഹൃത്തിനോടെന്ന പോലെ പെരുമാറുക. എന്തും തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മിച്ചെടുക്കുക.

12. സ്‌നേഹവും കരുതലും ‘പ്രകടിപ്പിക്കുക’. നിങ്ങളില്‍ നിന്ന് അത് ലഭിക്കാതെ വരുമ്പോഴാണ് മറ്റ് ചതിക്കുഴികളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നത്.

13.തെറ്റുകളോട് മാന്യമായി പ്രതികരിക്കുക. തെറ്റുകള്‍ മനുഷ്യസഹജമാണെന്നും ഇനി ആവര്‍ത്തിക്കപ്പെടാതെ ശ്രദ്ധിക്കണമെന്നതും വാല്‍സല്യത്തോടെ ഉപദേശിക്കുക.

14.ചെറിയ കാര്യങ്ങളില്‍ പോലും അഭിനന്ദിക്കാനും പ്രശംസിക്കാനും മടി കാണിക്കരുത്.(‘ സുന്ദരിയായിട്ടുണ്ടല്ലോ….’ തുടങ്ങിയ വാക്കുകള്‍ പറയാന്‍ മഠിക്കണ്ട) നിങ്ങളത് ചെയ്യുന്നില്ലെങ്കില്‍ വഴിയരികിലെ കഴുകന്‍മാരുടെ പ്രശംസയ്ക്ക് അവള്‍ പ്രാധാന്യം നല്‍കും.

തീര്‍ച്ചയായും കുട്ടികള്‍ ബഹുമാനിക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് .പങ്കാളികളെന്ന നിലയിലും മിത്രങ്ങളെന്ന നിലയിലും അവരോട് പെരുമാറണം .പക്ഷെ ഒരു കാര്യം നാം മറക്കാതിരിക്കണം .കുട്ടികള്‍ ഭാവിയിലെ ജനങ്ങളല്ല .അവര്‍ ഇപ്പോള്‍ തന്നെ ജനങ്ങളാണ് .

15.വീടുകള്‍ക്കുള്ളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുക.

വീടുകള്‍ ജനത്യപത്യവല്‍ക്കരിക്കുകയാണ് വേണ്ടത് .അവിടെ പരസ്പര ധാരണ, ക്ഷമ, സമാധാനം, ലിംഗ സമത്വം എന്നിവ നിറഞ്ഞിരിക്കണം

16.ഉപദേശിച്ചു നേരെയാക്കുന്നതിന് പകരം പ്രവര്‍ത്തിച്ചു കാണിച്ച് കൊടുക്കുക. അമിതമായ ഉപദേശം വിപരീത ഫലം ചെയ്യും.

17.പഠന സാമഗ്രികളും, ബാഗുകളും മറ്റും അവരറിഞ്ഞും അറിയാതെയും പരിശോധിക്കുക. നിങ്ങള്‍ മൊബൈല്‍ നല്‍കിയില്ലെങ്കിലും അവളുടെ കയ്യില്‍ സുഹൃത്തുകള്‍ മുഖേന അത് എത്തിച്ചേരാം.

18. ലെഗ്ഗിന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ഒരു കാരണവശാലും മക്കള്‍ക്ക് വാങ്ങിക്കൊടുക്കാതിരിക്കുക. കഴുകന്‍ കണ്ണുകളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം ലഭിക്കും.

ഇഷ്ട്ടപെടുന്ന വസ്ത്രം ധരിക്കാനുള്ള മനുഷ്യാവകാശത്തെ നിഷേധിക്കുന്ന ഒന്നാണിത് .

19.വിവാഹജീവിതത്തോടുള്ള ആഗ്രഹം അവരില്‍ നിന്ന് നേരിട്ടോ സുഹൃത്തുകള്‍ മുഖേനയോ ചോദിച്ചറിയുക. വിവാഹത്തിനോട് താല്‍പര്യം തോന്നിത്തുടങ്ങിയെങ്കില്‍ എത്രയും പെട്ടെന്ന് കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക (പഠനം വിവാഹശേഷവും മുഴുമിപ്പിക്കാം)

സ്ത്രീയുടെ ജീവിത ലക്ഷ്യം വിവാഹ ജീവിതം മാത്രമാണെന്ന ധാരണയാണിത് .കേരളത്തിലെ പുരുഷന്മാര്‍ സ്ത്രീകളെ കളിയാക്കി വിളിക്കാറുണ്ട് അവള്‍ ഒരു ചരക്കാണെന്ന് . ചരക്ക് ഒരു ജഡ വസ്തുവാണ് .അതിനൊരു പ്രത്യേകമായ ചിന്തയോ അഭിപ്രായമോ ഇല്ല.ചരക്ക് വില്‍ക്കപ്പെടുകയോ, കൈമാറ്റം ചെയ്യപ്പെടുകയോ ,തോന്നിയതുപോലെ ഉപയോഗിക്കപ്പെടുകയോ ചെയ്യാം. സ്ത്രീവിരുദ്ധവും ജനാതിപത്യ വിരുദ്ധവുമായ ആശയം

20.കൗമാരക്കാരിയായ മകള്‍ നിറങ്ങളുടെ ലോകത്താണ്. ചിരിച്ചും കളിച്ചും നിങ്ങളും ആ ലോകത്തിലുണ്ടന്ന തോന്നല്‍ അവരിലുണ്ടാക്കുക.

കൗമാരത്തില്‍ പെണ്‍കുട്ടികളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അനിയന്ത്രിതമാകാറുണ്ടെന്നും അതുമൂലം പെണ്‍കുട്ടികളെ എളുപ്പം വശീകരിക്കാമെന്ന പ്രചരണം ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ വൃത്തികെട്ട ചിന്തയാണ്. സ്ത്രീകളുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും നിഷേധിക്കുന്ന പരാമര്‍ശം .

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply