പൂര്‍ണ്ണനഗ്നരായി ഭരണകൂടത്തിനുമുന്നില്‍

രാജ്യം ഒരിക്കല്‍ കൂടി അടിയന്തരാവസ്ഥാ വാര്‍ഷികം ആചരിച്ചപ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രഭരണകൂടം മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ ഭരണകൂടത്തിനെതിരായ നീക്കങ്ങള്‍ക്ക് തടയിടാനാണ് നീക്കം. ഭീകരത, മാവോയിസം, സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സൈബര്‍ ലോകവും എന്നിവ ചൂണ്ടികാട്ടിയാണ് പ്രസ്തുതനീക്കം ശക്തമാക്കുന്നത്. ഭീകരതയുടേയും മാവോയിസത്തിന്റേയും പേരുപറഞ്ഞ് ഇപ്പോള്‍തന്നെ ശക്തമായ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് കേന്ദ്രതീരുമാനം എന്നറിയുന്നു. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണവും ഏതാനും ദിവസം മുമ്പ് ഛത്തിസ്ഗണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ അക്രമണവുമാണ് നടപടികള്‍ ശക്തമാക്കാന്‍ […]

Untitled-1 copy

രാജ്യം ഒരിക്കല്‍ കൂടി അടിയന്തരാവസ്ഥാ വാര്‍ഷികം ആചരിച്ചപ്പോള്‍ മനുഷ്യാവകാശങ്ങള്‍ക്കുനേരെയുള്ള കടന്നുകയറ്റം കൂടുതല്‍ ശക്തമാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രഭരണകൂടം മുന്നോട്ടുപോകുന്നതായി റിപ്പോര്‍ട്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ ഭരണകൂടത്തിനെതിരായ നീക്കങ്ങള്‍ക്ക് തടയിടാനാണ് നീക്കം. ഭീകരത, മാവോയിസം, സോഷ്യല്‍ നെറ്റ് വര്‍ക്കുകളും സൈബര്‍ ലോകവും എന്നിവ ചൂണ്ടികാട്ടിയാണ് പ്രസ്തുതനീക്കം ശക്തമാക്കുന്നത്.
ഭീകരതയുടേയും മാവോയിസത്തിന്റേയും പേരുപറഞ്ഞ് ഇപ്പോള്‍തന്നെ ശക്തമായ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് കേന്ദ്രതീരുമാനം എന്നറിയുന്നു. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സൈനികര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണവും ഏതാനും ദിവസം മുമ്പ് ഛത്തിസ്ഗണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ അക്രമണവുമാണ് നടപടികള്‍ ശക്തമാക്കാന്‍ തീരുമാനമെടുത്തതിനു കാരണമെന്നറിയുന്നു. അടിയന്തരാവസ്ഥ കാലത്തു കൊണ്ടുവന്ന കരിനിയമം മിസ ഇപ്പോള്‍ നിലവിലില്ല എന്നു പറയുമ്പോഴും അതിന്റെ രൂപം മാറി മാറി കൂടുതല്‍ ജനാധിപത്യവിരുദ്ധമായി മാറികഴിഞ്ഞു. മിസക്കുശേഷം ടാഡയും പോട്ടയുമെല്ലാം വന്നു. ഇപ്പോഴത് യുഎപിഎയില്‍ എത്തി നില്‍ക്കുന്നു. ടാഡയും പോട്ടയും മറ്റും ചുമത്തപ്പെട്ട് ആയിരകണക്കിനു ചെറുപ്പക്കാര്‍ വിചാരണ പോലും ലഭിക്കാതെ ജയിലുകളില്‍ കഴിയുന്നുണ്ട്. സ്വാഭാവികമായും അവരില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവിഭാഗങ്ങള്‍ തന്നെ. ഇവരുടെ കേസുകള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നൊക്കെ പറയുമ്പോഴും അതിനുള്ള കാര്യമായ നടപടികളൊന്നും നടക്കുന്നില്ല.
ഭീകരവേട്ടയുടെ പേരിലുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ കരുത്തോടെ വധശിക്ഷ തിരിച്ചുകൊണ്ടുവന്നത്. ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിട്ടുപോലും വധശിക്ഷ നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. രാജ്യത്തെ വലിയൊരു ഭാഗം ജനങ്ങളെ അതിനുപുറകില്‍ അണിനിരത്താനും കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിനെ തൂക്കികൊന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് കാര്യമായ പ്രശ്‌നങ്ങള്‍ ഉണഅടാകാതിരുന്നത് കേന്ദ്രത്തിനു ആത്മവിശ്വാസം നല്‍കി. അപൂര്‍വ്വമായി പ്രതികരിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം. അഫ്‌സല്‍ ഗുരുവിനെ വധിച്ച ദ്വസം വധശിക്ഷക്കെതിരെ പ്രകടനം നടത്തിയ തൃശൂരിലെ ഏതാനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത വകുപ്പുകളിട്ട് കേസെടുത്തിരിക്കുന്നത് അതിന്റെ ഭാഗമാണ്.
മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതായ ആരോപണമുണ്ടായാല്‍പോലും മാവോയിസ്റ്റു ഭീഷണിയെ ശക്തമായി ചെറുക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. അടുത്തു നടന്ന മാവോയിസ്റ്റ് അക്രമത്തിനുശേഷം ഛത്തിസ്ഗഡിലും സമീപ സംസ്ഥാനങ്ങളിലുമുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി. കേരള കര്‍ണ്ണാടക അതിര്‍ത്തിയില്‍ പോലും മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോര്‍ട്ട് കേന്ദ്രത്തെ ഞെട്ടിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ മനുഷ്യാവകാശപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. അവരില്‍ പലരും മാവോയിസ്റ്റ് വക്താക്കളാണെന്നാണ് രഹസ്യപോലീസ് വിവരമത്രെ. സത്യത്തില്‍ മാവോയിസത്തെക്കുറിച്ചുള്ള ചര്‍ച്ച പോലും ഭരണകൂടം ഉയര്‍ത്തിക്കൊണ്ടു വരുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരേയും ജനപക്ഷ ആക്റ്റിവിസ്റ്റുകളേയും വേട്ടയാടാനാണ്. പാര്‍ശ്വവല്ക്കരിക്കപ്പെടുന്ന എല്ലാ മനുഷ്യരുടേയും സമരഭൂമികള്‍ മാവോയിസ്റ്റ് കേന്ദ്രങ്ങളാണെന്ന് പ്രഖ്യാപിക്കുക, സമരഭൂമിയിലേക്ക് കയറിച്ചെല്ലുന്നവരെ കസ്റ്റഡിയിലെടുക്കുക.. ഇതൊക്കെയാണ് ഭരണകൂടത്തിന്റെ പുതിയ തന്ത്രങ്ങള്‍. ബിജെപിയുടേയും ഇടതുപക്ഷത്തിന്റെ പോലും പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുന്നതാണ് സര്‍ക്കാരിനു കരുത്തു നല്‍കുന്നത്. മാവോയിസ്റ്റ് വേട്ടയില്‍ കാര്യമായ എന്തെങ്കിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുണകരമായി ഉപയോഗിക്കാമെന്ന പ്രതീക്ഷയും കോണ്‍ഗ്രസ്സിനുണ്ട്.
വാസ്തവത്തില്‍ കോര്‍പ്പറേറ്റുകളാണ് മാവോയിസ്റ്റ് വേട്ടക്കു പുറകില്‍. മുഴുവന്‍ ജനതക്ക് അവകാശപ്പെട്ട ഖനിജ വിഭവങ്ങള്‍ കയ്യടക്കാനുള്ള അവരുടെ ശ്രമത്തെ ഫലപ്രദമായി ചെറുക്കുന്നത് മാവോയിസ്റ്റുകള്‍ മാത്രമാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ബാന്ധവമാണ് മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികാടിത്തറയെ ബലപ്പെടുത്തി നിര്‍ത്തുന്നത്. കോര്‍പ്പറേറ്റ്‌വല്ക്കരണമാണ് ഇന്ന് വികസനമായി വിലയിരുത്തപ്പെടുന്നത്. ഖനിജവിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ കര്‍ണ്ണാടകത്തിലേയും ഒറീസ്സയിലേയും ഒക്കെ ആദിമമായ ഗോത്രവാസകേന്ദ്രങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഗുരുതരമായ പാര്‍ശ്വവല്ക്കരണത്തെ നേരിടുന്നു. കാല്‍ക്കീഴിലെ ഖനിജ വിഭവങ്ങള്‍ കോര്‍പ്പറേറ്റ് തട്ടിക്കൊണ്ടു പോവുന്നതിനെ ചോദ്യം ചെയ്യുന്നവരൊക്കെ ഭരണകൂടത്തിന്റെ വേട്ടകള്‍ക്ക് ഇരകളായി മാറുന്നു. അവര്‍ മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരെ എത്ര വേഗത്തിലാണ് തീവ്രവാദികളും ഭീകരവാദികളുമാക്കി മാറ്റാന്‍ കഴിയുന്നത്. ഈ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഉന്നതതലങ്ങളില്‍ തീരുമാനമായിട്ടുണ്ട്. കേരളത്തില്‍ പോലും സ്ഥിതി അങ്ങിനെയാണ്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സമരത്തെ സര്‍ക്കാര്‍ നേരിടുന്നത് നിയമവിരുദ്ധമായാണ്. സമരനേതാക്കളേയും പ്രവര്‍ത്തകരേയും വീടുകളില്‍ വെച്ചും പച്ചക്കറിക്കടയില്‍ വെച്ചുമൊക്കെയാണ് അറസ്റ്റു ചെയ്യുന്നത്. ഭീതിയുടെ പുതപ്പ് ജനതക്കുമേല്‍ വിരിക്കുകയാണ് ചെയ്യുന്നത്. അതാണ് എന്നും ഫാസിസ്റ്റ് തന്ത്രം. അടിയന്തരാവസ്ഥ കാലത്ത് അത് പ്രത്യക്ഷമായിരുന്നു എങ്കില്‍ ഇപ്പോള്‍ പരോക്ഷമാണെന്ന വ്യത്യാസമേ ഉള്ളു. എങ്കിലും രാജ്യത്തിന്റെ പോക്ക് അങ്ങോട്ടാണെന്ന്
ചൂണ്ടികാട്ടുന്നവര്‍ നിരവധിയാണ്.
കൂടുതല്‍ ശക്തമായി കേന്ദ്രം തടയാനുദ്ദേശിക്കുന്നത് സൈബര്‍ ആക്ടിവിസമാണ്. വളരെ കുറഞ്ഞവിഭാഗമാണെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഭരണകൂട ഭീകരതക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഉന്നതങ്ങളിലെ അനുമതി കൂടാതെ തന്നെ ആരുടേയും സൈറ്റുകള്‍ ഹാക്കുചെയ്യാനും ഇ മെയിലുകള്‍ വായിക്കാനും മൊബൈല്‍ സംഭാഷണങ്ങല്‍ ചോര്‍ത്താനുമുള്ള സാങ്കേതിക വിദ്യകള്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു. വളരെ വിപുലമായ സജ്ജീകരണങ്ങളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. പരസ്യമാക്കിയും അല്ലാതേയും സിസി ക്യാമറകള്‍ വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം നൈതികമല്ല എന്ന മുതലാളിത്തമൂല്യം പോലും കൈവിടാനാണ് തീരമാനം. സ്വകാര്യജീവിതം നഷ്ടപ്പെട്ട് പരിപൂര്‍ണ്ണ നഗ്നരായാണ് നാം ഇന്ന് ഭരണകൂടത്തിനുമുന്നില്‍ നില്‍ക്കുന്നതെന്നാണ് വാസ്തവം. സത്യത്തില്‍ ഓരോ അടിയന്തരാവസ്ഥാവാര്‍ഷികവും കടന്നുപോകുന്നത് അദൃശ്യമായ ചങ്ങലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയാണ്. ഇക്കുറിയും അതങ്ങനെ തന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply