പൂരം : സുനില്‍ കുമാര്‍ പാഴാക്കിയത് സുവര്‍ണ്ണാവസരം

മന്ത്രി വി എസ് സുനില്‍ കുമാര്‍ പാഴാക്കിയത് ഒരു സുവര്‍ണ്ണാവസരമാണ്. ഉത്സവങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ നിരന്തരമായി സംഭവിക്കുന്ന ബലികള്‍ക്ക് അവസാനമുണ്ടാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം. സംസ്ഥാനത്തെ ആഘോഷങ്ങള്‍ അക്ഷരം പ്രതി ആഘോഷങ്ങളാക്കാമായിരുന്ന അവസരം. അത് നഷ്ടപ്പെടുത്തിയത് സ്വന്തം വിശ്വാസത്തിന്റെ പേരിലാകാനിടയില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാകാനേ ഇടയുള്ളു. കഴിഞ്ഞ വര്‍ഷം 100ല്‍പരം പേരുടെ ജീവനെടുത്ത കൊല്ലം വെടിക്കെട്ടപകടത്തിനും നിരന്തരമായി ആവര്‍ത്തിക്കുന്ന ആനയിടയലുകളുടെ ഭാഗമായുള്ള മനുഷ്യകുരുതികളും ആവര്‍ത്തിക്കുമ്പോള്‍ അവക്കൊരു അറുതി വരുത്താന്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ഇക്കുറി ശക്തമായി ഇടപെട്ടു. നിരവധി ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് […]

vs

മന്ത്രി വി എസ് സുനില്‍ കുമാര്‍ പാഴാക്കിയത് ഒരു സുവര്‍ണ്ണാവസരമാണ്. ഉത്സവങ്ങളുടെ ആഘോഷത്തിമര്‍പ്പിനിടയില്‍ നിരന്തരമായി സംഭവിക്കുന്ന ബലികള്‍ക്ക് അവസാനമുണ്ടാക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം. സംസ്ഥാനത്തെ ആഘോഷങ്ങള്‍ അക്ഷരം പ്രതി ആഘോഷങ്ങളാക്കാമായിരുന്ന അവസരം. അത് നഷ്ടപ്പെടുത്തിയത് സ്വന്തം വിശ്വാസത്തിന്റെ പേരിലാകാനിടയില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമാകാനേ ഇടയുള്ളു.
കഴിഞ്ഞ വര്‍ഷം 100ല്‍പരം പേരുടെ ജീവനെടുത്ത കൊല്ലം വെടിക്കെട്ടപകടത്തിനും നിരന്തരമായി ആവര്‍ത്തിക്കുന്ന ആനയിടയലുകളുടെ ഭാഗമായുള്ള മനുഷ്യകുരുതികളും ആവര്‍ത്തിക്കുമ്പോള്‍ അവക്കൊരു അറുതി വരുത്താന്‍ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങള്‍ ഇക്കുറി ശക്തമായി ഇടപെട്ടു. നിരവധി ആരാധനാലയങ്ങളിലെ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ടുപേക്ഷിച്ചു. പലരും ഡിജിറ്റല്‍ വെടിക്കെട്ടിലേക്കുമാറി. പലരും അതിനായി ചിലവഴിക്കുന്ന പണം കൊണ്ട് ജീവകാരുണഅയപ്രവര്‍ത്തനങ്ങള്‍ നടത്തി. അതുപോലെ ചില ആരാധനാലയങ്ങളെങ്കിലും ആനകള്‍ക്കു പകരം മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. ഒരു സ്ഥലത്തുപോലും ആചാരത്തെ അട്ടിമറിക്കുന്നതായി ആരോപിച്ച് ഒരു കലാപവും ഉണ്ടായില്ല. പൂരങ്ങളുടെ പൂരമായി തൃശൂരിലും ഈ ദിശയിലൊരു സ്റ്റെപ്പെങ്കിലും മു്‌ന്നോട്ടുവെച്ചിരുന്നെങ്കില്‍ അതുണ്ടാകകുമായിരുന്ന മാറ്റം വളരെ ഗുണകരമാകുമായിരുന്നു. തൃശൂരിലെ പൂരപ്രേമികളില്‍ വലിയൊരു വിഭാഗം അതു പ്രതീക്ഷിക്കുകയും ചെയ്തു. എ്ന്നാല്‍ അതിനെ അട്ടിമറിച്ചത് കമ്യൂണിസ്റ്റുകാരനായ സ്ഥലം എം എല്‍ എയും മന്ത്രിയുമായ സുനില്‍ കുമാറാണെന്നതാണ് വൈരുദ്ധ്യം. കുറ്റം പറയരുതല്ലോ, സുനില്‍ കുമാറിന് അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍ പുരനഗരിയില്‍ ഉയര്‍ന്നിട്ടുണ്ട്. ജനലക്ഷങ്ങള്‍ അതുകാണുമെന്ന് മന്ത്രിക്ക് ആഹ്ലാദിക്കാം.
ആചാരങ്ങളുടെ പേരുപറഞ്ഞാണ് ഇപ്പോഴും തൃശൂരിലെ പൂരപ്രേമികള്‍ മാറ്റങ്ങളെ ചെറുക്കുന്നത്. എന്നാല്‍ ഏതാചാരമാണ് കാലത്തിനനുസരിച്ച് മാറാത്തതെന്ന് ഇവരാരും പറയുന്നുമില്ല. സുപ്രിംകോടതി ജസ്റ്റീസ് വി ചിദംബരേഷ് തന്നെ ആചാരങ്ങേളാ ജീവനോ വലുത് എന്നു ചോദിക്കുകയുണ്ടായി. സത്യത്തില്‍ ഒരു കാലത്ത് കതിനകള്‍ മാത്രമായിരുന്നില്ലേ വെടിക്കെട്ടിന് ഉപയോഗിച്ചിരുന്നത്? ഇപ്പോഴോ? എങ്ങനെയാണിത് മാറിയത്? വെടിക്കെട്ടില്ലാത്ത പൂരങ്ങള്‍ക്കൊക്കെ വെടിക്കെട്ട്, ആനകളില്ലാതിരുന്ന ഉത്സവങ്ങള്‍ക്ക് ആനകള്‍.. കഴിഞ്ഞ നൂറ്റാണ്ടിനാരംഭത്തില്‍ തിരുവിതാംകൂര്‍ ജഡ്ജിയായിരുന്ന കൊട്ടിലില്‍ കൊച്ചുകൃഷ്ണമാരാര്‍ മദ്രാസില്‍ പോയപ്പോള്‍ ഒരു വെടിക്കെട്ടില്‍ വെച്ച് അമിട്ടു പൊട്ടുന്നതു കണ്ടു. അവിടെനിന്ന് ലഭിച്ച പൊട്ടാത്ത അമിട്ട് അദ്ദേഹം ഇങ്ങോട്ടുകൊണ്ടുവന്നു. അവയെങ്ങനെയുണ്ടാക്കി എന്നു പഠിച്ചാണ് ഇവിടത്തെ വെടിക്കെട്ടുനിര്‍മ്മാതാക്കള്‍ അമിട്ടുണ്ടാക്കിയതും ഇപ്പോഴത്തെ വന്‍ദുരന്തങ്ങള്‍ക്ക് കാരണമായ അവ ഉത്സവങ്ങള്‍ക്ക് പൊട്ടിക്കാന്‍ തുടങ്ങിയതും. എന്തുകൊണ്ട് കാലത്തിനനുസരിച്ച് മാറ്റം ഇപ്പോഴും ആയിക്കൂട? പൂരം കഴിഞ്ഞാല്‍ തൃശൂരില്‍ ഏറ്റവുമധികം ജനം കൂടുന്ന പുലിക്കളിക്ക് ഇക്കുറി നടന്ന ഡിജിറ്റല്‍ വെടിക്കെട്ട് എത്രയോ ഗംഭീരമായിരുന്നു. അതിഗംഭീരവെടിക്കെട്ടു നടന്നിരുന്ന ഉത്രാളിക്കാവിലും മറ്റും ഇക്കുറി വെടിക്കെട്ടില്ലാഞ്ഞിട്ടും ഒരു കലാപവുമുണ്ടായില്ലല്ലോ. നാളെ നടക്കുന്ന പ്രശസ്തമായ പാവറട്ടി പെരുന്നാളിനും വെടിക്കെട്ട് നിരോധിച്ചു. എന്നാല്‍ പതിവുപോലെ ഭയാനകമായ വെടിക്കെട്ടില്ലെങ്കില്‍ പൂരം ചടങ്ങാക്കുമെന്ന ഭീഷണിയിലാണ് എല്ലാ വര്‍ഷവും തൃശൂരില്‍ ഈ നാടകം ആവര്‍ത്തിക്കുന്നത്. കൂടാതെ വെടിക്കെട്ട് ആധുനീകരിക്കണമെന്നു പറയുന്നവരെ ശിവാകാശി മാഫിയക്കാരും വിദേശചാരന്മാരുമാക്കി ചിത്രീകരിക്കുന്നു. ഒളിബിക്‌സിലും മറ്റും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് വെടിക്കെട്ടു നടത്തുന്നവരും ശിവകാശി മാഫിയക്കാരാണാവോ ? ഒളിബിക്‌സിനേക്കാള്‍ മനോഹരമായി വെടിക്കെട്ടു നടത്താനുള്ള സാഹചര്യം തൃശൂരിലുണ്ട്. എന്നാല്‍ അതിനുള്ള മനസ്സാണ് ഇല്ലാത്തത്. അമ്പലങ്ങളില്‍ പ്രവേശിക്കുന്ന വേഷം മുതല്‍ മാറാത്തതെന്താണുള്ളത്? ക്ഷേത്രപ്രവേശനവിളംബരത്തെ കുറിച്ച് മന്ത്രിയുടെ അഭിപ്രായമെന്താണാവോ? ഒന്നുമില്ലെങ്കില്‍ നാഴികക്കു നാല്‍പ്പതുവട്ടം നാരായണഗുരുവിനെ ഉരുവിടുന്നവര്‍ അദ്ദേഹത്തിന്റെ കരിയും വേണ്ട, കരിമരുന്നും വേണ്ട എന്ന വാചകം മറക്കുന്നതെന്തേ?
പതിവുപോലെ കുറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചാണ് ഇക്കുറിയും വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടുള്ളത്. അവയെല്ലാം ലംഘിക്കപ്പെടുമെന്നതില്‍ ആര്‍ക്കും സംശയമില്ല. വെടിക്കെട്ടിനുപയോഗിക്കുന്ന വെടിമരുന്നിന്റെ അളവും ശബ്ദവും ആരും പരിശോധിക്കാന്‍ പോകുന്നില്ല. ഗര്‍ഭം കലക്കി എന്നറിയപ്പെടുന്ന ഡൈന ഒഴിവാക്കിയാല്‍ അത്രയും നന്ന്. കഴിഞ്ഞ വര്‍ഷവും നിയമവിരുദ്ധവും അപകടകരവുമായ രാസവസ്തുക്കള്‍ വെടിക്കെട്ടില്‍ ഉപയോഗിച്ചതായ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ എഡിഎം തൃശൂര്‍ പൂരം നടത്തിപ്പുകാരായ പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാരുടെ വെടിക്കെട്ട് കരാറുകാരുടെയടക്കം ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ എക്‌സ്പ്‌ളോസീവ് വിഭാഗം കര്‍ശനമാക്കുകയും ചെയ്തു. സത്യത്തില്‍ അതനുസരിച്ച് ഇപ്പോഴത്തെ രീതിയിലുള്ള വെടിക്കെട്ട് നടത്തുക അസാധ്യമാണ്. എന്നാല്‍ അവസാനം എല്ലാം പഴയപടി. നിയമലംഘനത്തിന് പ്രത്യക അനുമതി. ഇക്കുറിയും കുറെ മാസങ്ങള്‍ക്കുശേഷം അന്വഷണ റിപ്പോര്‍ട്ട് പുറത്തുവരും. എന്തു കാര്യം? നിബന്ധനയനുസരിച്ച് സാമ്പിള്‍ വെടിക്കെട്ടിന് ജനങ്ങളെ നിയന്ത്രിച്ചത് തെറ്റായെന്നും വെടിക്കെട്ടിന് അതൊഴിവാക്കണമെന്നുമാണ് പുതിയ ആവശ്യം. തീര്‍ച്ചയായും മന്ത്രി അത് നടപ്പാക്കുമെന്നു കരുതാം.
വെടിക്കെട്ടിന്റെ മറുവശം തന്നെ ആനയെഴുന്നള്ളെത്തും. ആനപ്രേമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഭീകരമായ ആനപീഡനങ്ങളാണ് ആഘോഷവേളകളിലെ കുരുതികള്‍ക്ക് മറ്റൊരു കാരണമാകുന്നത്. ആനയെഴുന്നള്ളിപ്പിലും നിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനവും നിരന്തരമായി അട്ടിമറിക്കപ്പെടുന്നു. കഴിഞ്ഞ 15 വര്‍ത്തിനുള്ളില്‍ 500ല്‍പ്പരം പേരാണ് ഉത്സവാരവങ്ങള്‍ക്കിടയില്‍ കുരുതികളായത്. ജെല്ലിക്കെട്ടില്‍ പോലും ഇത്രയധികം കുരുതികള്‍ ഉണ്ടായിട്ടില്ല. ആനച്ചോറ് കൊലച്ചോറ് എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നപോലെ മിക്കവാറും പാപ്പാന്മാര്‍. രണ്ടുപേര്‍ നായ കടിച്ചു മരിച്ചപ്പോള്‍ എല്ലാ നായ്ക്കളേയും കൊല്ലാന്‍ നടക്കുന്ന നാം അതിനേക്കാള്‍ എത്രയോ അപകടരമായ ആനകളെ പൂരങ്ങളില്‍ നിന്ന് ഒഴിവാക്കാത്തതാണ് വൈരുദ്ധ്യം. അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ് ആനകളിടയാന്‍ കാരണമാകുന്നത്. കഴിഞ്ഞ തൃശൂര്‍ പൂരത്തിനുപോലും നിയമം ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതായി പിന്നീട അന്വഷണ റിപ്പോര്‍ട്ട് വന്നു. എന്തു കാര്യം. പൂരമടുക്കുമ്പോള്‍ എല്ലാം മറക്കും. 36 മണിക്കൂര്‍ നീണ്ടിനില്‍ക്കുന്ന പൂരത്തിനായി ആനകള്‍ സന്തോഷപൂര്‍വ്വം കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. തിടമ്പെഴുന്നള്ളിക്കാന്‍ അവസരം കിട്ടിയതില്‍ ഒരാന കൃതാര്‍ത്ഥനാണെന്നും ചാനല്‍ തട്ടിവിട്ടു. ഈയവസ്ഥയില്‍ നിയമങ്ങള്‍ ലംഘിക്കപ്പെടാന്‍ മാത്രമുള്ളതാകും. അതിനു ചുക്കാന്‍ പിടിക്കുന്നത് മന്ത്രിയും.
സത്യത്തില്‍ പൂരത്തെ ജനകീയമാക്കാന്‍ മന്ത്രി ചെയ്യേണ്ടത് മറ്റു ചില കാര്യങ്ങളാണ്. പൂരത്തെ സ്ത്രീസൗഹൃദമാക്കുക എന്നതാണ് അതില്‍ പ്രധാനം. ജനസംഖ്യയില്‍ പകുതി വരുന്നവര്‍ക്ക് ധൈര്യത്തോടെ കടന്നു ചെല്ലാനാകാത്ത ഒരിടം എങ്ങനെയാണ് ജനകീയമാകുക. കൂടാതെ പന്തല്‍ പണിയുടേയും മറ്റും പേരില്‍ ആവശ്യത്തില്‍ കൂടുതല്‍ ദിവസം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറക്കുക. പൂരദിവസങ്ങളില്‍ എല്ലാ മേഖലയിലുമുള്ള തീവെട്ടിക്കൊള്ളകള്‍ അവസാനിപ്പിക്കുക, നല്ല ഭക്ഷണവും വെള്ളവംു ലഭിക്കാന്‍ അവസരമുണ്ടാക്കുക തുടങ്ങിയവയൊക്കെയാണത്. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കാനുള്ള ആര്‍ജ്ജവമോ ധൈര്യമോ മന്ത്രിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തീര്‍ച്ചയായും മന്ത്രി ഒരു സുവര്‍ണ്ണാവസരം പാഴാക്കി എന്നു പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply