പുഴക്കല്‍ പാടം ഹൈടെക് സിറ്റിയാകുമ്പോള്‍

തൃശൂര്‍ നഗരത്തിന്റെ വികസന മുരടിപ്പിനു പരിഹാരമായി പുഴക്കല്‍ പാടത്ത് ഹൈടെക്ക് സിറ്റി എന്ന ആശയവുമായി വികസന അതോറിട്ടിയും കോര്‍പ്പറേഷനും എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനും മുന്നോട്ടുപോകുകയാണ്. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കെ എസ് കെ ടി യു പോലുള്ള കര്‍ഷക തൊഴിലാളി സംഘടനകളും പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. ഹരിത എം എല്‍ എ ടി എന്‍ പ്രതാപന്‍ കൂടി രംഗത്തെത്തിയതോടെ വിഷയത്തിനു സംസ്ഥാനതല പ്രാധാന്യവും വന്നു. പാടം നികത്തി സിറ്റി […]

puzhakkal

തൃശൂര്‍ നഗരത്തിന്റെ വികസന മുരടിപ്പിനു പരിഹാരമായി പുഴക്കല്‍ പാടത്ത് ഹൈടെക്ക് സിറ്റി എന്ന ആശയവുമായി വികസന അതോറിട്ടിയും കോര്‍പ്പറേഷനും എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനും മുന്നോട്ടുപോകുകയാണ്. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കെ എസ് കെ ടി യു പോലുള്ള കര്‍ഷക തൊഴിലാളി സംഘടനകളും പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. ഹരിത എം എല്‍ എ ടി എന്‍ പ്രതാപന്‍ കൂടി രംഗത്തെത്തിയതോടെ വിഷയത്തിനു സംസ്ഥാനതല പ്രാധാന്യവും വന്നു. പാടം നികത്തി സിറ്റി നിര്‍മ്മിക്കുന്നത് നെല്‍വയല്‍ നീര്‍ത്തട നിയമത്തിന് എതിരാണെന്നാണ് മുഖ്യമായ വിമര്‍ശനം. തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ പ്രധാന നെല്ലറയായ കോള്‍ നിലങ്ങളെ ഈ നീക്കം തകര്‍ക്കുമെന്നും വന്‍തോതതില്‍ കുടിവെള്ള ക്ഷാമത്തിനു കാരണണാകുമെന്നുമാണ് മുഖ്യമായ വിമര്‍ശനം.
കോള്‍ നിലങ്ങളെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അവ വര്‍ഷം മുഴുവനും സമ്പത്തിന്റെ വിളനിലങ്ങളായിരിക്കും. കോള്‍ നിലങ്ങളിലെ കൃഷി എന്നും കൃഷിക്കാര്‍ക്ക് നല്ല ‘കോളു’ തന്നെയാണ്. മറ്റു നെല്‍പ്പാടങ്ങള്‍ നെല്‍കൃഷിക്കു മാത്രമുപയോഗിക്കുമ്പോള്‍ കോള്‍ നിലങ്ങളില്‍ നിന്നുള്ള നേട്ടം പലതാണ്. 15,000 പശുവിന് തീറ്റി നല്‍കാനുള്ള വൈക്കോല്‍ കോള്‍ നിലങ്ങളിലെ കൃഷിയില്‍ നിന്നു ലഭിക്കും. ഇവയുടെ ചാണകമാകട്ടെ ഒന്നാന്തരം ജൈവവളവുമാണ്. അതുപോലെ മണ്‍സൂണ്‍ സീസണില്‍ കോള്‍ നിലങ്ങളില്‍ നിന്നുള്ള മത്സ്യക്കൊയ്ത്ത് മറ്റുള്ളതിനേക്കാള്‍ ഇരട്ടി ലാഭകരമാണ്. ഇവയുടെ അവശിഷ്ടങ്ങള്‍ ഒന്നാന്തരം വളവും. കൃഷിയിറക്കിയാല്‍ എത്തുന്ന പക്ഷികളും ഇവിടെ കാണപ്പെടുന്ന ഔഷധസസ്യങ്ങളുമെല്ലാം കോള്‍ നിലങ്ങളുടെ ഫലഭൂയിഷ്ഠതയില്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഇത്തരത്തില്‍ എല്ലാ അര്‍ത്ഥത്തിലും സമ്പന്നമായ പ്രകൃതിയുടെ ഒരു ആവാസ വ്യവസ്ഥയാണ് കോള്‍ നിലങ്ങള്‍.
നേരത്തെ കായല്‍, താല്‍കാലികമായി ബണ്ട് കെട്ടി തിരിച്ച് കൃഷിഭൂമിയാക്കി മാറ്റുന്നതായിരുന്നു കോള്‍ കൃഷിയുടെ രീതി. വെള്ളം പമ്പ് ചെയ്തു കളഞ്ഞ് ഇറക്കിയിരുന്ന കൃഷി ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള കാലഘട്ടങ്ങളിലാണ് കര്‍ഷകര്‍ നടത്തി വന്നിരുന്നത്. എന്നാല്‍ വെള്ളം പൊങ്ങിയുള്ള നാശനഷ്ടങ്ങള്‍ക്ക് ഏറെ സാധ്യതയുമുണ്ടായിരുന്നു. ഇന്ന് സര്‍ക്കാര്‍ ഏജന്‍സികളായ കെഎല്‍ഡിസി, ജലസേചന വകുപ്പ് എന്നിവ ബണ്ടുകളും വെള്ളച്ചാലുകളും റെഗുലേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. മണ്ണിന്റെ ഗുണമേന്മ മൂലം കോള്‍ കൃഷിയിലെ വിളവെടുപ്പ് കേരളത്തിലെ ഉയര്‍ന്ന അളവിലുള്ളതാണ്.
കേരളത്തിന്റെ ഭൂപ്രകൃതി മഴവെള്ളം പെട്ടെന്ന് കടലില്‍ ഒഴുകിയെത്തുന്ന തരത്തിലുള്ളതാണ്. നദികളിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് കടലില്‍ ഒഴുകിച്ചേരുന്നത്. എന്നാല്‍ പാത്രം പോലെ കുഴിഞ്ഞിരിക്കുന്ന കോള്‍ നിലങ്ങള്‍ ഒഴുകുയെത്തുന്ന ജലമത്രയും ശേഖരിക്കുന്നു. ഇത് പിന്നീട് മണ്ണിലേക്ക് കിനിഞ്ഞിറങ്ങി പരിസരപ്രദേശങ്ങളിലെ ഭൂഗര്‍ഭ ജലസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്നു. കോള്‍ പ്രദേശങ്ങളോടു ചേര്‍ന്നുള്ള കുളങ്ങളും കിണറുകളും ഏതു കാലത്തും ജലസമൃദ്ധിയനുഭവിക്കുന്നത് ഈ പ്രത്യേകത കൊണ്ടാണ്. ഭക്ഷ്യസുരക്ഷയും മറ്റു പാരിസ്ഥിതിക ആഘാതങ്ങളും മാറ്റി നിര്‍ത്തിയാല്‍ തന്നെയും കോള്‍ നിലങ്ങള്‍ നാടു നീങ്ങുന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകും. കോളുകള്‍ വ്യാപകമായി കൈയേറ്റം ചെയ്യപ്പെട്ടതോടെ കടല്‍ജലം (ഓര്) തീരദേശങ്ങളിലേക്ക് കയറിത്തുടങ്ങിയിരിക്കുന്നു. കിണറുകളിലും കുളങ്ങളിലും ഉപ്പുവെള്ളം കയറുന്ന പ്രതിഭാസം കൊടുങ്ങല്ലൂരിലും മതിലകത്തുമെല്ലാം വ്യാപകമാണ്. ഹൈടെക് സിറ്റി കൂടിയാകുമ്പോള്‍ ഈ പ്രവണത രൂക്ഷമാകുമെന്ന് ഭയപ്പെടുന്നവര്‍ നിരവധിയാണ്.
ഇത്തവണ മഴക്കാലത്തു തന്നെ പുഴയ്ക്കല്‍ കോള്‍പാടങ്ങളിലെ വലിയ ഒരു പ്രദേശം കണ്ടാല്‍ ആരും ഒന്നു ഞെട്ടിപ്പോകുന്ന അവസ്ഥയായിരുന്നു. കോലഴി, കൈപറമ്പ്, അടാട്ട്, തോളൂര്‍, മണലൂര്‍, മുല്ലശ്ശേരി, വെങ്കിടങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ പാടമെല്ലാം കടുത്ത വേനലിലെന്നപോലെ വറ്റിവരണ്ടിരിക്കുന്നു. ഏനാമാവ് ഇടിയഞ്ചിറ ഭാഗത്തെ ഷട്ടറുകള്‍ അറ്റകുറ്റപണിക്കും പെയിന്റിംഗിനുമെന്ന് പറഞ്ഞ് തുറന്നതാണ് ഈ ദുരന്തത്തിന് കാരണമായത്. അതോടെ വെള്ളം മുഴുവന്‍ കടലിലേക്ക് ഒഴുകിപോയി. മാസങ്ങളോളം കോള്‍പാടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഈ മേഖലയിലെ ബിസിനസ്സുകാര്‍ക്കും താമസക്കാര്‍ക്കും അസൗകര്യമുണ്ടാക്കുന്നതിന്റെ പേരിലാണ് ബണ്ട് തുറന്നതെന്നതാണെന്ന് ആരോപണമുണ്ട്.
സംസ്ഥാനത്തെ നെല്ലുല്‍പാദനം ഒരു ഹെക്ടറില്‍ നിന്ന് രണ്ടു ടണ്‍ ആണെങ്കില്‍ കോള്‍ നിലങ്ങളില്‍ നിന്ന് ഇത് ഹെക്ടറില്‍ 4-5 ടണ്‍ വരെയാണ്. ചിലപ്പോള്‍ 7-8 ടണ്‍ വരെയാകുന്നതും അസാധാരണമല്ല. തൃശൂരിലും മലപ്പുറത്തുമായി 13,632 ഹെക്ടര്‍ പരന്നു കിടക്കുന്നതാണ് കോള്‍ നിലങ്ങള്‍. ഭൂമിശാസ്ത്രപരമായി നോക്കിയാല്‍ തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, ചാവക്കാട്, തൃശൂര്‍ താലൂക്ക് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലുമാണ് കോള്‍ നിലങ്ങള്‍. ചാലക്കുടി പുഴയുടെ തെക്കു ഭാഗത്തുള്ള വേളൂക്കര മുതല്‍ ചാവക്കാട് താലൂക്കിലെ മുല്ലശ്ശേരി വരേയും തോളൂര്‍ – കൈപറമ്പ് മേഖലയിലുമാണ് തൃശൂര്‍ കോള്‍. ചാവക്കാടും പിന്നെ ചൂണ്ടല്‍ മുതല്‍ തവനൂര്‍, തലപ്പിള്ളി എന്നീ ഭൂപ്രദേശങ്ങളിലൂടെ പൊന്നാനി വരെ നീളുന്നതാണ് പൊന്നാനി കോള്‍. മുണ്ടകന്‍ സീസണില്‍ കോള്‍ നിലങ്ങളുടെ 37 ശതമാനമാണ് കൃഷിക്കുപയോഗിക്കുന്നത്. 5,001 ഹെക്ടര്‍. നെല്ലു വിളയിക്കുന്ന മൊത്തം വിസ്തൃതി 18,632 ഹെക്ടര്‍. അത് സംസ്ഥാനത്തെ മൊത്തം നെല്ലുല്‍പാദന മേഖലയുടെ 3.2 ശതമാനമാണ്. തൃശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളിലെ നെല്ലുല്‍പാന മേഖല 16,606 ഹെക്ടറാണ്. അത് ജില്ലയിലെ മൊത്തം നെല്ലുല്‍പാദന മേഖലയുടെ 22.3 ശതമാനം വരും. മലപ്പുറം ജില്ലയില്‍ കോള്‍ പ്രദേശം 11 ശതമാനമാണ്. 2,026 ഹെക്ടര്‍. മലപ്പുറം ജില്ലയിലെ മൊത്തം നെല്ലുല്‍പാദന മേഖലയുടെ 4 ശതമാനമാണിത്.
എങ്ങനെ ശ്രമിച്ചാലും പുഴക്കല്‍ പാടം പഴയ അവസ്ഥയിലേക്ക് മാറ്റാനാവില്ല എന്നാണ് വികസന അതറിട്ടി പറയുന്നത്. പാടം എന്ന നിലയില്‍ അതു നശിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന പാടശേഖരങ്ങള്‍ സംരക്ഷിക്കുകയും പുഴക്കല്‍ മേഖലയിലെ ഈ ഭാഗം നഗരവികസനത്തിനായി ഉപയോഗിക്കുകയും ചെയ്താല്‍ ജില്ലയുടെ സമഗ്രമായ പുരോഗതിക്ക് അതു സഹായകരമായിരിക്കും എന്നും അതോറിട്ടി പറയുന്നു. എന്തായാലും വരും ദിവസങ്ങള്‍ ഈ വിഷയം സജീവമായ ചര്‍ച്ചക്കു വിധേയമാകുമെന്നതില്‍ സംശയമില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply