പുതുതലമുറക്കുമുന്നില്‍ വഴിമുടക്കുന്നവരോട്‌

സ്വന്തം ഭൂതകാലത്തേയും വര്‍ത്തമാന കാലത്തേയും ഉദാത്തവല്‍ക്കരിക്കുക, പുതുതലമുറയുടേയും അവരുടെ ചിന്തകളേയും തള്ളിക്കളയുക…. എല്ലാകാലത്തും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നവരുടെ പൊതുപ്രവണതയാണിത്‌. വ്യക്തിജീവിതത്തിലാണെങ്കിലും സാമൂഹ്യ – രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളിലാണെങ്കിലും ഈ പ്രവണത ശക്തമാണ്‌. എന്നാല്‍ എന്നും പുതുതലമുറ അതെല്ലാം അവഗണിച്ച്‌ മുന്നോട്ടുപോകാറുണ്ട്‌. അതിനാലാണ്‌ സമൂഹം ചലനാത്മകമാകുന്നത്‌. ഇത്തരത്തിലൊരു സാഹചര്യത്തിലൂടെയാണ്‌ ഇപ്പോള്‍ കേരളം കടന്നു പോകുന്നത്‌. തങ്ങള്‍ അരാഷ്ട്രീയക്കാരാണെന്ന വിമര്‍ശനങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകമായാണ്‌ പുതുതലമുറ മറുപടി നല്‍കുന്നത്‌. അവരുടേത്‌ കക്ഷിരാഷ്ട്രീയമല്ല എന്നുമാത്രം. തീര്‍ച്ചയായും മലയാളിയുടെ ധൈഷണികവും സാസ്‌കാരികവുമായ ചിന്തകളില്‍ ഇടിമുഴക്കം […]

kkkസ്വന്തം ഭൂതകാലത്തേയും വര്‍ത്തമാന കാലത്തേയും ഉദാത്തവല്‍ക്കരിക്കുക, പുതുതലമുറയുടേയും അവരുടെ ചിന്തകളേയും തള്ളിക്കളയുക…. എല്ലാകാലത്തും സമൂഹത്തില്‍ ആധിപത്യം സ്ഥാപിക്കുന്നവരുടെ പൊതുപ്രവണതയാണിത്‌. വ്യക്തിജീവിതത്തിലാണെങ്കിലും സാമൂഹ്യ – രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളിലാണെങ്കിലും ഈ പ്രവണത ശക്തമാണ്‌. എന്നാല്‍ എന്നും പുതുതലമുറ അതെല്ലാം അവഗണിച്ച്‌ മുന്നോട്ടുപോകാറുണ്ട്‌. അതിനാലാണ്‌ സമൂഹം ചലനാത്മകമാകുന്നത്‌.
ഇത്തരത്തിലൊരു സാഹചര്യത്തിലൂടെയാണ്‌ ഇപ്പോള്‍ കേരളം കടന്നു പോകുന്നത്‌. തങ്ങള്‍ അരാഷ്ട്രീയക്കാരാണെന്ന വിമര്‍ശനങ്ങള്‍ക്ക്‌ സര്‍ഗ്ഗാത്മകമായാണ്‌ പുതുതലമുറ മറുപടി നല്‍കുന്നത്‌. അവരുടേത്‌ കക്ഷിരാഷ്ട്രീയമല്ല എന്നുമാത്രം.
തീര്‍ച്ചയായും മലയാളിയുടെ ധൈഷണികവും സാസ്‌കാരികവുമായ ചിന്തകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ചുംബനസമരം തന്നെ ഇതിനേറ്റവും മികച്ച ഉദാഹരണം.
‘ചുംബന കൂട്ടയ്‌മയിലേക്ക്‌ കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്‌. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്‌. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന്‌ എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്‌. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ്‌ എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക്‌ ബോധ്യപ്പെടേണ്ടതുണ്ട്‌. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ’
ഇതായിരുന്നു കിസ്‌ ഓഫ്‌ ലൗ പ്രവര്‍ത്തകരുടെ ആദ്യത്തെ ആഹ്വാനം. കക്ഷിരാഷ്ട്രിയത്തിന്റെ പേരിലും വര്‍ഗ്ഗീയ സാമുദായിക ചിന്തകളുടെ പേരിലും പണത്തിനുവേണ്ടിയും കാമപൂര്‍ത്തീകരണത്തിനായും സദാചാരത്തിന്റെ പേരിലും പരസ്‌പരം അക്രമിക്കുന്ന ഒരു സമൂഹത്തിനു മുന്നില്‍ ഇതിനേക്കാള്‍ മഹത്തായൊരു രാഷ്ട്രീയ സന്ദേശം മറ്റെന്തുണ്ട്‌? വാസ്‌തവത്തില്‍ ആലിംഗനങ്ങളും സ്‌പര്‍ശവും ചുംബനങ്ങളും സ്‌നേഹവും മറന്ന ഒരു സമൂഹത്തെയല്ലേ മാതാ അമൃതാനന്ദമയിയും മറ്റും തന്റേതായ രീതിയില്‍ ഉപയോഗിക്കുന്നത്‌? ഇവിടയിതാ യുവതലമുറ അതിനെ സര്‍ഗ്ഗാത്മക സമരമുഖമാക്കുന്നു. അതിനോട്‌ ഐക്യപ്പെടാനുള്ള രാഷ്ട്രീയവും മാനസരികവുമായ വളര്‍ച്ചയില്ലാത്തതാണ്‌ നമ്മുടെ പ്രശ്‌നം. അതിനാലാണ്‌ ഈ സമരത്തെ അശ്ലീലമായി വിശേഷിപ്പിക്കുന്നത്‌.
ഭാര്യയും ഭര്‍ത്താവും കിടപ്പുമുറിയില്‍ ചെയ്യുന്നത്‌ തെരുവില്‍ ചെയ്യാനുള്ളതല്ല എന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവന ഈ വിഷയത്തോടുള്ള ശരാശരി മലയാളിയുടെ പ്രതികരണമാണ്‌. ചുംബനസമരക്കാര്‍ക്കെതിരായ അക്രമത്തില്‍ പിണറായി പ്രതിഷേധിച്ചിരിക്കാം. അതു ചൂണ്ടികാട്ടിയാണ്‌ സമരത്തിനോട്‌ മാനസിക ഐക്യമുള്ള ഇടതുപക്ഷക്കാര്‍ ആശ്വസിക്കുന്നത്‌. അക്രമിച്ചവര്‍ സംഘപരിവാറില്‍ പെട്ടവരായതുകൊണ്ടാണ്‌ പിണറായി അതെങ്കിലും പറഞ്ഞത്‌. നേരത്തെ അബ്ദുള്ളക്കുട്ടിക്കെതിരെ ഡിവൈഎഫ്‌ഐക്കാരും സദാചാരഗുണ്ടകളായി രംഗത്തുവന്നിരുന്നല്ലോ. അതിനെ പിണറായി തള്ളിയില്ലല്ലോ.
വളരെ വ്യക്തമായി തങ്ങളുടെ നിലപാട്‌ വ്യക്തമാക്കിയിട്ടും ചുംബനസമരത്തെ കാമാര്‍ത്തമായി കാണുന്നതാണ്‌ യഥാര്‍ത്ഥ അശ്ലീലം. വാസ്‌തവത്തില്‍ കേരളത്തിലെ പുതുതലമുറയാണോ കാമാര്‍ത്തരായി അലയുന്നത്‌? ഇവിടത്തെ സ്‌ത്രീപീഡനകേസുകളിലെ പ്രതികളില്‍ ബഹുഭൂരിഭാഗവും മധ്യവയസ്‌കരാണെന്ന്‌ മറക്കരുത്‌. പുതിയ സാമൂഹ്യസാഹചര്യത്തില്‍ പരസ്‌പരം ഇടകലര്‍ന്ന്‌ പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവതലമുറ സ്‌ത്രീപുരുഷ ബന്ധത്തില്‍ എത്രയോ മുന്നിലാണ്‌. പല കലാലയങ്ങളിലും അധ്യാപകരാണ്‌ പീഡകര്‍, സഹപാഠികളല്ല എന്നു മറക്കരുത്‌. സദാചാരഗുണ്ടായിസവും പീഡനവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും.
നവോത്ഥാന പ്രസ്ഥാനത്തിന്റെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണെന്നും അതിന്റെ ഗുണഫലമാണ്‌ കേരളത്തിലുണ്ടായതെന്നുമുള്ള പതിവു കമ്യൂണിസ്റ്റ്‌ ഭാഷ്യം പിണറായിയും ആവര്‍ത്തിക്കുന്നു. ദളിത്‌ പക്ഷത്തുനിന്ന്‌ കടുത്ത വിമര്‍ശനമുള്ള ഒരു വിഷയമാണിത്‌. അതവിടെ നില്‍ക്കട്ടെ. എന്നാല്‍ നവോത്ഥാന പ്രസ്ഥാനം, ദേശീയ പ്രസ്ഥാനം, കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം, നക്‌സലൈറ്റ്‌ പ്രസ്ഥാനം തുടങ്ങിയവയുടെയല്ലാം കാലഘട്ടത്തില്‍ അഭിമുഖീകരിക്കാതിരുന്ന വിഷയമായിരുന്നു സ്‌ത്രീ പുരുഷ ബന്ധത്തിന്റേത്‌. ഇവരാരും നിലനിന്നിരുന്ന സദാചാരബോധത്തെ ചോദ്യം ചെയ്യാന്‍ തയ്യാറായില്ല. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചു എന്നവകാശപ്പെടുന്ന മിഷണറിമാരുടെ കോണ്‍വെന്റ്‌ വിദ്യാഭ്യാസമാകട്ടെ ഈ രംഗത്ത്‌ നമ്മെ ഏറെ പുറകോട്ടുവലിച്ചു. വിദ്യാഭ്യാസത്തോടൊപ്പം അവര്‍ പ്രചരിപ്പിച്ച പാപബോധത്തിലധിഷ്‌ഠിതമായ വിക്ടോറിയന്‍ സദാചാരബോധമായിരുന്നു എല്ലാ പ്രസ്ഥാനങ്ങളേയും നയിച്ചത്‌. നക്‌സലൈറ്റ്‌ പ്രസ്ഥാനം പോലും കാബറെ വിരുദ്ധ സമരം നടത്തിയത്‌ സദാചാരത്തിന്റെ ഭാഗത്തുനിന്നായിരുന്നു.
നിലനില്‍ക്കുന്ന കപടമായ ഈ സദാചാരബോധത്തിന്റെ ഇരകള്‍ സ്‌ത്രീകളായതുകൊണ്ടുതന്നെയായിരുന്നു പുരുഷന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രസ്ഥാനങ്ങള്‍ക്ക്‌ അതൊരു വിഷയമാകാതിരുന്നത്‌. പോരാട്ടങ്ങലില്‍ പുരുഷനെ സഹായിക്കാനുള്ളവര്‍ മാത്രമായിരുന്നല്ലോ ഇവര്‍ക്കെല്ലാം സ്‌ത്രീകള്‍. 1990കളോടെ കേരളത്തില്‍ ഫെമിനിസ്റ്റ്‌ ആശയങ്ങള്‍ ശക്തമായപ്പോഴാണ്‌ ചെറിയ തോതിലുള്ള മറുചിന്തകള്‍ ആരംഭിച്ചത്‌. അപ്പോഴും പൊള്ളുന്ന സദാചാരബോധത്തില്‍ അവരും കൈവെച്ചില്ല. ലൈംഗികതൊഴിലാളികളും മൂന്നാംലിംഗക്കാരുമൊക്കെ സാമൂഹ്യജീവിതത്തിന്റെ അവകാശവുമായി രംഗത്തുവന്നപ്പോഴാണ്‌ ആ ദിശയിലുള്ള ചര്‍ച്ചകളള്‍ ആരംഭിച്ചത്‌. ഇപ്പോഴിതാ ചുംബനസമരത്തിലൂടെ പുതുതലമുറ ഉന്നയിക്കുന്നത്‌ ഈ വിഷയമാണ്‌. മുഖ്യമായും പെണ്‍കുട്ടികളാണ്‌ ഇവിടെ തെരുവകള്‍ കയ്യേറുന്നത്‌. സഞ്ചാരം മുതല്‍ ചുംബനം വരെയുള്ളതെല്ലാം നിയന്ത്രിക്കപ്പെട്ടിരുന്ന പെണ്‍കുട്ടികളാണ്‌ മുഖ്യമായും ഈ സമരങ്ങളിലൂടെ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്നത്‌. ആ പ്രഖ്യാപനത്തെ പിന്തുണക്കുകയാണ്‌ ആണ്‍കുട്ടികള്‍ ചെയ്യുന്നത്‌. അതുതന്നെയാണ്‌ ഈ പോരാട്ടത്തിന്റെ രാഷ്ട്രീയ പ്രസക്തി. പൊതുതെരുവിലെ ചുംബനം എന്ന സമരമുറ തന്നെയാണ്‌ പോരാട്ടത്തിന്റെ ഊര്‍ജ്ജം. സമൂഹം വ്യക്തമായും രണ്ടുപക്ഷമായി അണിനിരക്കാന്‍ കാരണവും അതുതന്നെ. വാലുമായി രംഗത്തിറങ്ങുന്നില്ലെങ്കിലും വലിയൊരു വിഭാഗത്തിന്റേയും മനസ്സ്‌ ഹനുമാന്‍മാരോടൊപ്പമാണ്‌. പോലീസ്‌ പോലും ഹനുമാന്‍ സേനയായി മാറുന്നു.
മുതിര്‍ന്ന നേതാക്കളെ വെറുതെ വിടുക. എം ബി രാജേഷിനയേും വിടി ബലറാമിനേയും പോലുള്ളവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ യുവജനസംഘടനകളും സംഘടനാപരമായി ഈ പോരാട്ടത്തെ പിന്തുണക്കുന്നില്ല. സദാചാരവിഷയമല്ല കേരളത്തിലെ മുഖ്യവിഷയം എന്നാണവരുടെ പ്രധാനവാദം. പിന്നെന്താണ്‌ പ്രധാനവിഷയം? കേരളസമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ മനസ്സിലാക്കാതെ നൂറ്റാണ്ടുകളായി തൊവിലില്ലായ്‌മയുടെ വിഷയം മാത്രം ഉന്നയിക്കുകയാണല്ലോ അവര്‍ ചെയ്യുന്നത്‌? ഇവര്‍ പറയുന്ന സര്‍ക്കാര്‍ ജോലി മാത്രം ലക്ഷ്യമിട്ട്‌ ജീവിക്കുന്നവരല്ല പുതുതലമുറ എന്നതാണ്‌ യാഥാര്‍ത്ഥ്യം. നേരത്തെ മിടുക്കന്മാരെയാണ്‌ സര്‍ക്കാര്‍ ജോലിക്കു ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ശരാശരിക്കു താഴെയുള്ളവരാണ്‌ ആ വഴിക്കു പോകുന്നത്‌. യുവത്വം മാറുന്നത്‌ മനസ്സിലാക്കാത്തവരാണ്‌ നമ്മുടെ യുവജനസംഘടനകള്‍. ഇനിയും അധികകാലം അവരെ കകക്ഷിരാഷ്ട്രീയത്തിലേക്കു നയിക്കാനുള്ള ഏജന്‍സികളായി പ്രവര്‍ത്തിക്കാമെന്ന്‌ ഈ സംഘടനകള്‍ കരുതുന്നു എങ്കില്‍ അത്‌ മൗഢ്യമാണ്‌. തെരുവുകളിലിറങ്ങി എതിരാളികള്‍ക്കുനേരെ ഭത്സിക്കുന്നതോ അക്രമിക്കുന്നതോ അതല്ല ഇനിയുള്ള കാലത്ത്‌ അവരുടെ രാഷ്ട്രീയം. അതിനെ അരാഷ്ട്രീയമെന്നു വിളിച്ച്‌ നിങ്ങള്‍ക്കു കാലം കളയാം. ഏറെകാലം കഴിഞ്ഞ്‌ തെറ്റു തിരുത്താം. അത്രതന്നെ.
കേരളത്തില്‍ മറ്റനവധി വിഷയങ്ങളുണ്ടെന്ന്‌ പറഞ്ഞ്‌ ഈ സമരത്തെ ഇടിച്ചുതാഴ്‌ത്താന്‍ ശ്രമിക്കുന്നവരും നിരവധിയാണ്‌. എന്നാല്‍ അവര്‍ മനസ്സിലാക്കേണ്ടത്‌ കേരളീയ സമൂഹത്തില്‍ ഉയരുന്ന പുതുചലനങ്ങളോട്‌ എപ്പോഴും ഐക്യപ്പെടുന്നവരാണ്‌ ഈ വിഭാഗങ്ങള്‍ എന്നതാണ്‌. ആറാം മാസത്തേക്കുകടന്നിരുന്ന ആദിവാസികളുടെ നീതിക്കുവേണ്ടിയുള്ള നില്‍പ്പു സമരം തന്നെ ഉദാഹരണം. സ്വാതന്ത്ര്യത്തിനുശേഷം കേരളം കണ്ട സമൂഹത്തിന്റെ ഏറ്റവും അഠിത്തട്ടില്‍ നിന്നുള്ള ഈ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനുപിന്നില്‍ അണി നിരന്നിരിക്കുന്നതാരാണ്‌? നേരത്തെ സൂചിപ്പിച്ച സംഘടിത പ്രസ്ഥാനങ്ങളോ സദാചാരവാദികളോ അല്ല. കഴിഞ്ഞ ദിവസം മനുഷ്യാവകാശദിനാചരണത്തിന്റെ ഭാഗമായി എത്രയോ കലാലയങ്ങലില്‍ വിദ്യാര്‍ത്ഥികള്‍ ഈ സമരത്തോട്‌ ഐക്യപ്പെട്ടു. എത്രയോ തെരുവുകളില്‍ ഈ പോരാട്ടം നടന്നു. അവിടെയൊന്നും ഈ ഹനുമാന്‍ സേനയെ കണ്ടില്ലല്ലോ.
പരമ്പരാഗതരീതിയില്‍ മാത്രം ചിന്തിക്കാന്‍ പഠിച്ചവര്‍ – അത്‌ യാഥാസ്ഥിതികരോ വിപ്ലവകാരികളോ ആകട്ടെ – ഇനിയും മനസ്സിലാക്കേണ്ടത്‌ നമ്മുടെ സാമൂഹ്യഭാവുകത്വം മാറുകയാണെന്നാണ്‌. മുമ്പും അത്തരം മാറ്റങ്ങള്‍ക്കെതിരെ നിന്നിട്ടുള്ളവര്‍ ചരിത്രത്തിലെവിടെയെത്തി എന്നു മറക്കാതിരിക്കുക. സമൂഹത്തില്‍ നടക്കുന്ന ഏതുമാറ്റത്തിന്റേയും ആധികാരികത അവകാശപ്പെടുന്ന രീതി ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. നിങ്ങള്‍ പൂര്‍വ്വീകരെ വെല്ലുവിളിച്ചാണ്‌ മാറ്റങ്ങള്‍ക്കായി നിലനിന്നതെങ്കില്‍ അതേ ചരിത്രം തന്നെയാണ്‌ ആവര്‍ത്തിക്കുന്നതെന്ന്‌ മറക്കാതിരിക്കുക. ആരെങ്കിലും തടുക്കാന്‍ ശ്രമിച്ചാല്‍ നില്‍ക്കുന്നതല്ല സാമൂഹ്യചലനങ്ങളെന്നും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply