പിണറായി വിജയന്‍ ബ്യൂറോക്രാറ്റുകളുടെ പിടിയിലോ?

ആര്‍ സുരേഷ് നാം എത് മുഖം വെറുക്കുന്നുവോ, ആ മുഖം നമുക്ക് വന്നു ചേരുമെന്ന്” പറഞ്ഞത് പ്രശസ്ത ചരിത്രകാരനായ അര്‍ണോള്‍ഡ് ടോയിന്‍ബിയാണ്. കേരളത്തിലെ സര്‍ക്കാരിന്റെ ഓരോദിവസവും കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പറഞ്ഞത് എത്ര വസ്തുതാപരമായിരുന്നുവെന്ന് നമുക്ക് ആലോചിക്കേണ്ടിവരും. നിരവധി നല്ലകാര്യങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടാകാം. എന്നാലും ചെറിയ തെറ്റുകളായിരിക്കും സമൂഹത്തില്‍ മുഴച്ചുനില്‍ക്കുക. പ്രത്യേകിച്ചും മാധ്യമപരിലാളന ഒരിക്കലും ലഭിക്കാത്ത പിണറായിവിജയനെപ്പോലൊരാള്‍ കേരളത്തിന്റെ ഭരണം കൈയാളുമ്പോള്‍. വിവാദങ്ങള്‍ കേരളത്തിന്റെ കൂടെപ്പിറപ്പാണ്. അത് ഇ.എം.എസ്. ഭരിച്ചാലും അച്ച്യുതമേനോന്‍ ആയാലും കരുണാകരനായാലും ആന്റണിയായാലും […]

ppആര്‍ സുരേഷ്

നാം എത് മുഖം വെറുക്കുന്നുവോ, ആ മുഖം നമുക്ക് വന്നു ചേരുമെന്ന്” പറഞ്ഞത് പ്രശസ്ത ചരിത്രകാരനായ അര്‍ണോള്‍ഡ് ടോയിന്‍ബിയാണ്. കേരളത്തിലെ സര്‍ക്കാരിന്റെ ഓരോദിവസവും കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹം പറഞ്ഞത് എത്ര വസ്തുതാപരമായിരുന്നുവെന്ന് നമുക്ക് ആലോചിക്കേണ്ടിവരും. നിരവധി നല്ലകാര്യങ്ങള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടാകാം. എന്നാലും ചെറിയ തെറ്റുകളായിരിക്കും സമൂഹത്തില്‍ മുഴച്ചുനില്‍ക്കുക. പ്രത്യേകിച്ചും മാധ്യമപരിലാളന ഒരിക്കലും ലഭിക്കാത്ത പിണറായിവിജയനെപ്പോലൊരാള്‍ കേരളത്തിന്റെ ഭരണം കൈയാളുമ്പോള്‍.

വിവാദങ്ങള്‍ കേരളത്തിന്റെ കൂടെപ്പിറപ്പാണ്. അത് ഇ.എം.എസ്. ഭരിച്ചാലും അച്ച്യുതമേനോന്‍ ആയാലും കരുണാകരനായാലും ആന്റണിയായാലും ഉമ്മന്‍ചാണ്ടിയായാലും വി.എസ്. അച്യുതാനന്ദനായാലും ഒരു കുറവുമുണ്ടാവില്ല. പക്ഷേ പിണറായിവിജയനാകുമ്പോള്‍ അതിന്റെ തീവ്രതയേറുമെന്നതില്‍ സംശയവുമില്ല. ഇത്തരത്തില്‍ വിവാദം വ്യവസായമാക്കി ജീവിക്കുന്നവര്‍ക്ക് കവണയും കല്ലും കൊടുക്കുന്നത് കേരളത്തിലെ സര്‍ക്കാര്‍ തന്നെയെന്ന് പറയാതിരിക്കാനും കഴിയില്ല.

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് ചില പ്രതീക്ഷകളുണ്ടായിരുന്നു. അതിനെ നയിക്കുന്നത് പിണറായി വിജയനെപ്പോലൊരാള്‍ ആകുമ്പോള്‍ വിവാദങ്ങള്‍ പടച്ചുവിടുന്നവര്‍ക്കെന്നപ്പോലെ സാധാരണക്കാരും ചിലതൊക്കെ ആഗ്രഹിച്ചിരുന്നു. അതിന് കോട്ടമുണ്ടാകുമ്പോഴാണ് വിവാദികള്‍ക്ക് വളവും വെള്ളവും ലഭിക്കുന്നത്.

കേരളത്തിലെ പോലീസിന്റെ കാര്യം തന്നെ എടുക്കാം. എന്നും നാട് ഭരിച്ചിരുന്നവരെ പ്രതിസന്ധിയിലാക്കിയ ചരിത്രമാണ് കേരള പോലീസിനുള്ളത്. ദേശീയതലത്തില്‍ കേരള പോലീസിന്റെ കാര്യക്ഷമതയെക്കുറിച്ചൊക്കെ വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ആഭ്യന്തരവകുപ്പ് എന്നത് കേരളം ഭരിക്കുന്നവരുടെ മുള്‍കിരിടമായിരുന്നു. യു.ഡി.എഫിന്റെ കാലത്താണ് അത് ഏറ്റവും കൂടുതല്‍ പ്രകടമായിരുന്നത്. കെ. കരുണാകരനെയും, എ.കെ. ആന്റണിയേയും എന്തിന് ഏറ്റവും അവസാനം ഉമ്മന്‍ചാണ്ടിയെപ്പോലും പ്രതിസന്ധിയിലാക്കിയതില്‍ ആഭ്യന്തരവകുപ്പിന് വലിയ പങ്കുണ്ട്.

എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ അത്രത്തോളം അത് ഭരണത്തെ ബാധിച്ചിരുന്നില്ല. സെല്‍ഭരണം, പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരാറുണ്ടെങ്കിലൂം ഭരണത്തിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്ക് അത് വളര്‍ന്നിരുന്നില്ല. എന്തെന്നാല്‍ പോലീസിന്റെ കടിഞ്ഞാണ്‍ പാര്‍ട്ടിയുടെ കൈയിലായിരുന്നു എന്നതുതന്നെ കാരണം. പോലീസ് മാത്രമല്ല, ഭരണം തന്നെ നിയന്ത്രിച്ചിരുന്നത് പാര്‍ട്ടിയായിരുന്നു. എ.കെ.ജി. സെന്ററിലായിരുന്നു ഭരണത്തിന്റെ കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. ഇ.കെ. നായനാര്‍ അവസാനം മുഖ്യമന്ത്രിയായിരുന്ന 1996-2001 വരെ മന്ത്രിസഭായോഗത്തിന്റെ തലേദിവസം അജണ്ട എ.കെ.ജി. സെന്ററിലെത്തി, അവിടെ പാര്‍ട്ടിയുടെ അവൈലബിള്‍ സെക്രട്ടേറിയറ്റ് ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇത് സംബന്ധിച്ച് പലപ്പോഴും ആരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞതവണ വിഭാഗീയത അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അധികാരത്തില്‍ വന്ന വി.എസ്. അച്യുതാനന്ദനാണ് ഈ പതിവുകള്‍ തെറ്റിച്ചത്. നായനാരെ പാര്‍ട്ടിയുടെ പാശം കൊണ്ട് വലിച്ചുമുറുക്കി ശ്വാസം മുട്ടിച്ചിരുന്ന അച്ച്യുതാനന്ദന്‍ തന്നെ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടിയെ പുറംകാലുകൊണ്ട് തൊഴിച്ച് തന്നിഷ്ടപ്രകാരം നീങ്ങിയിരുന്നു. അതും വലിയ വിവാദം പലപ്പോഴും ഉണ്ടാക്കിയിരുന്നു.

അത്തരത്തിലല്ലെങ്കിലും അതിന്റെ മറ്റൊരു തലമാണ് ഇപ്പോള്‍ പിണറായിവിജയന്റെ കാലത്ത് അരങ്ങേറുന്നത്. വി.എസിന്റെ കാലത്ത് പാര്‍ട്ടിയില്‍ രണ്ടുപക്ഷമായിരുന്നെങ്കില്‍ ഇന്ന് പാര്‍ട്ടിയില്‍ തനിക്ക് എതിരില്ലെന്ന നിലപാടാണ് പിണറായിയെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതും. മുന്‍കാലങ്ങളില്‍ ഏതൊരുനിയമനവും പാര്‍ട്ടിയുടെ കൂടി താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നിരുന്നത്. ജനങ്ങളുമായി ഏറെ അടുത്ത് ഇടപെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സര്‍ക്കാരിനെ ഉപദേശിച്ചിരുന്നത്. ഒരു ബ്രാഞ്ച് സെക്രട്ടറിക്കുപോലും മുഖ്യമന്ത്രിയേയും ജനറല്‍ സെക്രട്ടറിയെപ്പോലും പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യാനാകുമെന്നതാണ് സി.പി.എമ്മിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പാര്‍ട്ടിക്ക് ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ പിണറായി അധികാരമേറ്റശേഷം പാര്‍ട്ടിയെക്കാളേറെ ദന്തേഗാപുരവാസികളായ ചില ഉപദേഷ്ടാക്കളുടെ പിടിയിലാണെന്ന ആരോപണമാണ് ഉയരുന്നത്. ഇവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നുണ്ടോ? ഇല്ലയോ? എന്തായാലും അത്തരമൊരു വികാരം പൊതുസമൂഹത്തിലും പാര്‍ട്ടിക്കുള്ളിലുമുണ്ട്. ബ്യൂറോക്രസി എന്നത് എന്നും ഭരണത്തെ പിന്നോടടിക്കുന്ന ഒരു സംവിധാനമാണ്. നിധി കാക്കുന്ന ഭൂതത്തിന്റെയൂം സ്തുതിപാഠകരുടെയും റോളാണ് ഇവര്‍ പ്രധാനമായും അഭിനയിക്കുന്നത്.

ഒരിക്കല്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ സമൂഹത്തിനോട് ഒരു ബാദ്ധ്യതയും വേണ്ട എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും. മാത്രമല്ല, ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന, ഭരണസര്‍വീസ് പരീക്ഷപാസായി വന്നിട്ടുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്ന് പറയുന്ന വിഭാഗത്തിനാണെങ്കില്‍ പൊതുജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരാണ്. പുസ്തകത്താളുകളില്‍ നിന്നും ഭരണംപഠിച്ച് സെക്രട്ടേറിയറ്റിലെ ശീതികരിച്ച മുറിയിലിരുന്ന് അത് നടപ്പാക്കുന്നവരാണ് അവര്‍. അതുകൊണ്ടുതന്നെയാണ് സി.പി.എം നയിക്കുന്ന ഭരണമുണ്ടാകുമ്പോഴൊക്കെ ഇത്തരം സര്‍വീസുകാരെക്കാളും പാര്‍ട്ടിയെ വിശ്വസിക്കുന്നതും.

എന്നാല്‍ ഇവിടെ ഇപ്പോള്‍ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണം പൂര്‍ണ്ണമായും യു.ഡി.എഫിന്റെ കാലത്തിനേക്കാള്‍ ഉപരിയായി ബ്രൂറോക്രാറ്റുകളുടെ പിടിയിലാണ്. അതാണ് പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്നത്. പ്രത്യേകിച്ചും പോലീസ് ഭരണത്തെക്കുറിച്ച്. പാര്‍ട്ടിക്കാര്‍ക്കുപോലും രക്ഷയില്ലാത്തതരത്തിലാണ് പോലീസ് ഭരണം മുന്നോട്ടുപോകുന്നത്. ഒരു ജിഷ കേസും മറ്റും ഉയര്‍ത്തിക്കാട്ടി പോലീസിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയിലെ ഒരു സാധാരണ അംഗത്തിനുപോലും അതിനോട് യോജിപ്പില്ലെന്നാണ് പാര്‍ട്ടിസമ്മേളനങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.

സ്ത്രീപീഡനത്തിന്റെയും പാവപ്പെട്ടവര്‍ക്കെതിരെ മൂന്നാംമുറ നടന്നിന്റെയും കവര്‍ച്ചയുടെയൂം നിസ്സംഗതയുടെയുമൊക്കെ പേരില്‍ പോലീസ് രൂക്ഷമായി വിമര്‍ശിക്കപ്പെടുകയാണ്. പാര്‍ട്ടിയില്‍ നിന്നുള്ള വിമര്‍ശനം രുക്ഷമായതുകൊണ്ടാണ് ഒരു ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ പിണറായി വിജയനു തന്നെ പോലീസിനെ രൂക്ഷമായി വിമര്‍ശിക്കേണ്ടിവന്നത്. പോലീസിനുള്ളില്‍ ആര്‍.എസ്.എസിന്റെ ഒരു വിഭാഗം ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുപോലും മുഖ്യമന്ത്രി ചില ഉപദേഷ്ടാക്കളുടെയും മേധാവിമാരുടെയൂം ഉപദേശനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നോട്ടുപോകുന്നുവെന്നാണ് വിമര്‍ശനം. കഴിഞ്ഞദിവസങ്ങളില്‍ കോഴിക്കോടും മലബാര്‍ മേഖലയിലും നടന്ന പോലീസിന്റെ ചില അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നത് ആര്‍.എസ്.എസിന്റെ മാത്രമല്ല, ഇസ്ലാം തീവ്രവാദത്തിന്റെ വേരുകളും പോലീസിലുണ്ടെന്നാണ്.

ഇത് അപകടരമായ സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. അച്ചടക്കം മുഖമുദ്രയാക്കിയിട്ടുള്ള പോലീസ് സേനയെ നിയന്ത്രിക്കാനോ വരുതിയില്‍ നിര്‍ത്താനോയുള്ള ശേഷി ഇന്ന് അതിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കില്ലെന്നതാണ് ഇത് നല്‍കുന്ന സൂചന. ഇതിനെക്കാളും പാര്‍ട്ടിയുടെ നിയന്ത്രണമായിരുന്നിരിക്കും പോലീസിന് കൂടുതല്‍ മെച്ചമെന്ന് ചിന്തിക്കാന്‍ പോലും സാധാരണക്കാര്‍ തയാറാകുന്ന തരത്തിലായിട്ടുണ്ട് കാര്യങ്ങള്‍.

വിജിലന്‍സിന്റെ കാര്യമാണെങ്കില്‍ അതിലും ഗുരുതരമായ സ്ഥിതിയിലാണ്. ഒരിക്കലും ഒരു ഉദ്യോഗസ്ഥനെ ആശ്രയിച്ചായിരുന്നില്ല സി.പി.എമ്മിന്റെ ഭരണം. എന്നാല്‍ ഭരണത്തില്‍ കയറിയ ആവേശത്തില്‍ ചുവപ്പും പച്ചയും കാര്‍ഡുകൊണ്ട് ഫുട്ട്ബോള്‍ മാച്ച് നിയന്ത്രിച്ചിരുന്ന ഒരു വ്യക്തിയെപിടിച്ച് വിജിലന്‍സിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത് സര്‍ക്കാര്‍ സ്വയം മുഖത്ത് കരിപൂശിയതുപോലെയായി. പാറ്റൂര്‍കേസും ബാര്‍ക്കോഴ കേസുമൊക്കെ ഇപ്പോള്‍ അതാണ് സര്‍ക്കാരിന് തലവേദനയാകുന്നത്. തന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ചിലര്‍ നടത്തിയ ശ്രമത്തില്‍ അന്നത്തെ പ്രതിപക്ഷം കുടുങ്ങി. പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ അത് പാരയുമായി. അതാണ് ഇപ്പോള്‍ പാറ്റൂര്‍ കേസിലും സംഭവിച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ ആരോപണങ്ങള്‍ ഉന്നയിക്കു സ്വാഭാവികമാണ്. എന്നാല്‍ സ്വന്തം പ്രതിച്ഛായ നിലനിര്‍ത്താന്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ നടത്തുന്ന്ര്ര ശമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയെന്നത് ഇടതുപക്ഷഭരണത്തില്‍ ഭൂഷണമല്ല. അതാണ് ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലേക്ക് സര്‍ക്കാര്‍ മാറിക്കൊണ്ടിരിക്കുന്നത്. പിണറായിവിജയനെപ്പോലെ ഇത്രയുമധികം പാര്‍ട്ടി സ്വാധീനവും പാര്‍ട്ടിയുടെ തണലല്ലാതെ മറ്റൊന്നും വളര്‍ച്ചയ്ക്ക് ലഭിക്കാതിരിക്കുകയും ചെയ്ത വ്യക്തിയുടെ കാലത്ത് ഇതുണ്ടാകാന്‍ പാടില്ലാത്താണ്.

ഉപദേഷ്ടാക്കളും ഉദ്യോഗസ്ഥരുമല്ല ഭരണം നടത്തേണ്ടത്, അത് ജനങ്ങളുമായി ഏറെ സമ്പര്‍ക്കമുള്ള മന്ത്രിമാര്‍ തന്നെയാണ് നയിക്കേണ്ടത്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഭരണഘടന പാര്‍ലമെന്ററി ജനാധിപത്യത്തിലധിഷ്ഠിതമാക്കിയത്. മന്ത്രിസഭയാണ് അതിന്റെ അടിസ്ഥാനഘടകം. ജനങ്ങളുമായി ഏറെ ബന്ധമുള്ള ജനപ്രതിനിധികള്‍ക്കാണ് അവരുടെ ഓരോ സ്പന്ദനവും അറിയുക എന്നത് തന്നെയാണ് ഇതിന്റെ അര്‍ത്ഥം. ആ അറിവിനെ ഇരുട്ടറയിലിട്ടുപൂട്ടിയശേഷം ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പോകുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ല.

മറ്റാരെക്കാളും വളരെ സൂക്ഷ്മതയോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കേണ്ട വ്യക്തിയാണ് പിണറായി വിജയന്‍. എന്തെന്നാല്‍ അദ്ദേഹം ഒരിക്കലും മാധ്യമങ്ങളുടെ സുഹൃത്ത് ആയിരുന്നില്ലെന്നതുതന്നെ. കെ. കരുണാകരന് ശേഷം മാധ്യമങ്ങളുടെ കണ്ണിലെ കരടായത് അദ്ദേഹമാണ്. പ്രത്യേകിച്ചും കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി മാധ്യമങ്ങളുടെ ശത്രുപക്ഷത്താണ് പിണറായിവിജയന്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളേയും മാധ്യമങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടാകും. ഉള്ളതിനും ഇല്ലാത്തതിനുമൊക്കെ വിമര്‍ശനങ്ങളും മറ്റും അതുകൊണ്ടുതന്നെ ഉണ്ടാകുകയും ചെയ്യും. ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുള്ള അപകടകരമായ മാധ്യമസംസ്‌ക്കാരവും ഇതിന് ചൂട്ടുപിടിക്കുന്നുണ്ട്. അത്തരം പ്രചരണങ്ങളില്‍ നിന്നും രക്ഷനേടി ശരിയായ പാതയില്‍ മുന്നോട്ടുപോകുന്നതിന് പാര്‍ട്ടിയൂം ജനങ്ങളും ആവശ്യമാണ്. അതാണ് ശക്തിപ്പെടുത്തേണ്ടതും.

എന്നാല്‍ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ സംബന്ധിച്ച് പാര്‍ട്ടിയും ഭരണവും കുടുംബത്തിനെ വളര്‍ത്താനുള്ള ഒരു തൊഴിലിടമാക്കി മാറ്റരുത്. സീസറുടെ ഭാര്യയും സംശയത്തിനതീതയായിരിക്കണമെന്ന തത്വം ഇവിടെയും പാലിക്കപ്പെടണം. ഉന്നതങ്ങളിലിരിക്കുന്നവര്‍ മക്കള്‍ എന്തുചെയ്യുന്നുവെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ അവരുമായുള്ള ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ തയാറാകണം. അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ മുന്നില്‍വച്ചിട്ടുള്ള പ്രസ്ഥാനമാണ് സി.പി.എം. അവിടെ ദന്തഗോപുരവാസികള്‍ക്കും അപ്പുറത്തുള്ള കണ്ണാടിമാളികയില്‍ സസുഖം വാഴുന്ന ചില നേതാക്കളുടേതല്ല, സമൂഹത്തിന്റെ നന്മയ്ക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന സാധാരണക്കാരായ പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് വിലകൊടുത്ത് ഭരണത്തെ ജനകീയമാക്കണം.

ജനങ്ങളില്‍ നിന്നും ഭരണം എത്ര അകന്നുപോയി എന്ന് വ്യക്തമാക്കാന്‍ നിയമസഭസഭയിലെ നടപടികള്‍ തന്നെ എടുത്താല്‍ മതി. ജനകീയപ്രശ്നങ്ങള്‍ക്ക് മുന്തിയപരിഗണന നല്‍കാന്‍ പ്രതിപക്ഷവും അവിടെ തയാറല്ല. അതുപോലെ നിയമസഭയില്‍ മന്ത്രിമാര്‍ നല്‍കുന്ന മറുപടിയും ഭരണത്തിന്റെ ജനകീയത വെളിവാക്കിയിരുന്നതാണ്. മുന്‍കാലങ്ങളില്‍ ചോദ്യങ്ങള്‍ വന്നാല്‍ ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന ലേഖനം വായിച്ച് അവസാനിപ്പിക്കുകയായിരുന്നില്ല, മന്ത്രിമാര്‍. അവര്‍ കാര്യങ്ങള്‍ പഠിച്ച് സ്വന്തം നിലയിലാണ് ഉത്തരങ്ങള്‍ നല്‍കിയിരുന്നത്.

അതുകൊണ്ടുതന്നെ ഫയലിലെ അക്ഷരങ്ങളെക്കാള്‍ ആ ഉത്തരങ്ങള്‍ കൂടുതല്‍ ജനകീയമായിരുന്നു, അത് ജനങ്ങളുമായുള്ള ബന്ധത്തിന്റെ ആധാരമായിരുന്നു. എന്നാല്‍ ഇന്ന് തോമസ് ഐസക്കിനെപ്പോലെ ചുരുക്കം ചിലരൊഴികെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ഉദ്യോഗസ്ഥപ്രമാണിമാര്‍ എഴുതികൊടുക്കുന്നത് അതേപടി വായിച്ച് തങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. ഇത് തന്നെ എല്ലാം ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചുവെന്നതിന്റെ തെളിവാണ്.

ഇത്തരത്തില്‍ എല്ലാം ബ്യൂറോക്രസിയേയൂം ഉപദേഷ്ടാക്കളെയും ഏല്‍പ്പിക്കുന്നതിന് മുമ്പ് പഞ്ചതന്ത്രത്തിലെ തന്റെ വിശ്വസ്തനായ ആള്‍ക്കുരങ്ങില്‍ തന്റെ സുരക്ഷ ഏല്‍പ്പിച്ച രാജാവിന്റെ കഥ കൂടി ഒന്ന് വായിച്ചിരിക്കുന്നത് നന്നായിരിക്കും. ഉറങ്ങികിടന്ന രാജാവിനെ നിരന്തരം ശല്യം ചെയ്തിരുന്ന ഈച്ചയെ എത്ര ആട്ടിയിട്ടും അത് പോകാതെ വന്നപ്പോള്‍ രാജാവിന്റെ കഴുത്തില്‍ കയറിയിരുന്ന ഈച്ചയെ സ്വന്തം വാളുകൊണ്ട് വെട്ടികൊലചെയ്ത് ആത്മാര്‍ത്ഥത തെളിയിക്കാന്‍ ശ്രമിച്ച കുരങ്ങിന്റെ കഥ. അങ്ങനെ കുരങ്ങ് വെട്ടിയപ്പോള്‍ ഈച്ച പറന്നുപോകുകയും രാജാവിന്റെ കഴുത്ത് അറ്റുപോകുകയും ചെയ്തു. അത്തരത്തിലാകരുത് പാര്‍ട്ടിയേയും ജനങ്ങളേയും മറന്നുകൊണ്ട് ഉദ്യോഗസ്ഥവൃന്ദത്തെ ആശ്രയിക്കുന്ന പിണറായിയുടെ ഭരണം എന്നുമാത്രമേ പറയാനുള്ളു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply