പാര്‍ട്ടി പ്ലീനം : ചൈന എങ്ങോട്ട്

ഡോ: സെബാസ്റ്റിയന്‍ ചിറ്റിലപ്പിള്ളി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാമത് കേന്ദ്രകമ്മിറ്റിയുടെ മൂന്നാം പ്ലീനം ബീജിംഗില്‍ ആരംഭിച്ചിരിക്കുകയാണ്. ചൈനയുടെ മുന്നോട്ടുള്ള ഗതിയില്‍ ഈ സമ്മേളനം നിര്‍ണ്ണായകമാകുമെന്നാണഅ കരുതപ്പെടുന്നത്. 1978ലെ ഇത്തരമൊരു പ്ലീനമാണ് ചൈനയെ മാറ്റിമറിച്ചത്. അന്ന്, മാവോ സെ തൂങ്ങിന്റെ മരണശേഷം രണ്ടുവര്‍ഷം കഴിഞ്ഞുള്ള മൂന്നാം പ്ലീനത്തിലാണ് അതിനുമുമ്പ് മൂന്നുവട്ടം വെട്ടിനിരത്തപ്പെട്ട ഡങ്ങ് ഷ്യാവ് പിംഗ് രാജ്യത്തിന്റെ സാരഥ്യത്തിലേക്ക് കടന്നു വന്നത്. വര്‍ഗ്ഗസമരത്തേക്കാള്‍ പ്രധാനം അതിജീവനമാണെന്ന് ചൂണ്ടികാട്ടി ഗവണ്മന്റ് നിയന്ത്രണങ്ങള്‍ കെട്ടഴിച്ച് വിട്ട് വിദേശവ്യാപാരത്തിനും നിക്ഷേപത്തിനുംവേണ്ടി ചൈനയെ തുറന്നു […]

images
ഡോ: സെബാസ്റ്റിയന്‍ ചിറ്റിലപ്പിള്ളി

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാമത് കേന്ദ്രകമ്മിറ്റിയുടെ മൂന്നാം പ്ലീനം ബീജിംഗില്‍ ആരംഭിച്ചിരിക്കുകയാണ്. ചൈനയുടെ മുന്നോട്ടുള്ള ഗതിയില്‍ ഈ സമ്മേളനം നിര്‍ണ്ണായകമാകുമെന്നാണഅ കരുതപ്പെടുന്നത്. 1978ലെ ഇത്തരമൊരു പ്ലീനമാണ് ചൈനയെ മാറ്റിമറിച്ചത്. അന്ന്, മാവോ സെ തൂങ്ങിന്റെ മരണശേഷം രണ്ടുവര്‍ഷം കഴിഞ്ഞുള്ള മൂന്നാം പ്ലീനത്തിലാണ് അതിനുമുമ്പ് മൂന്നുവട്ടം വെട്ടിനിരത്തപ്പെട്ട ഡങ്ങ് ഷ്യാവ് പിംഗ് രാജ്യത്തിന്റെ സാരഥ്യത്തിലേക്ക് കടന്നു വന്നത്. വര്‍ഗ്ഗസമരത്തേക്കാള്‍ പ്രധാനം അതിജീവനമാണെന്ന് ചൂണ്ടികാട്ടി ഗവണ്മന്റ് നിയന്ത്രണങ്ങള്‍ കെട്ടഴിച്ച് വിട്ട് വിദേശവ്യാപാരത്തിനും നിക്ഷേപത്തിനുംവേണ്ടി ചൈനയെ തുറന്നു കൊടുത്തത് അന്നു മുതല്‍ക്കാണ്. ‘പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി’ എന്ന ഡങ്ങിന്റെ പഴയ ഉദ്ധരണി ചൈനയുടെ പുരോഗതിയുമായി ചേര്‍ത്തുവായിക്കാന്‍ തുടങ്ങിയത് ഭ സമ്മേളനത്തിനുശേഷമാണ്.
അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട 370ലേറെയുള്ള പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുന്ന നവംബര്‍ പ്ലീനം 1978നു ശേഷമുള്ള അതിപ്രധാനമായ ഒന്നായിരിക്കുമെന്ന് രാജ്യത്തിന്റെ പരമോന്നതനേതാവും പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഏഴാമത്തെ പ്രസിഡന്റും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ ജനറല്‍ സെക്രട്ടറിയുമായ ഷി ജിന്‍ പിന്‍ വിദേശത്തുനിന്ന് എത്തിച്ചേരുന്ന വിശിഷ്ടാതിഥികളോട് സൂചിപ്പിച്ചുവരുന്നുണ്ട്. 1979ല്‍ ഡങ്ങ് തുടങ്ങിവെച്ച പരിഷ്‌കരണങ്ങളും 1993ല്‍ ഷു റോങ്ങ്ജി മുന്നോട്ടുകൊണ്ടുപോയ ‘സോഷ്യലിസ്റ്റ് വിപണി സമ്പദ് വ്യവസ്ഥ’?യും ചൈനയെ പുരോഗതിയുടെ പാതയില്‍ ഉന്നയിച്ചിരുന്ന ലക്ഷ്യങ്ങള്‍ ഏറെക്കുറെ നേടിക്കഴിഞ്ഞതുകൊണ്ടും വളര്‍ച്ച തന്നെ വരുത്തി വെച്ചിട്ടുള്ള പുതിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടതുകൊണ്ടും ഈ പ്ലീനം പുതുമയാര്‍ന്ന നയങ്ങള്‍ സ്വീകരിക്കുവാന്‍ സാധ്യതയുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.
‘സോഷ്യലിസത്തിലെ തുടര്‍വിപ്ലവം’ എന്ന മാവോയുടെ സിദ്ധാന്തം തള്ളിക്കളഞ്ഞുകൊണ്ട് ജനകീയ വര്‍ഗ്ഗ സമരങ്ങളുടെ കാലം സോഷ്യലിസത്തില്‍ കഴിഞ്ഞുവെന്ന പ്രസിഡന്റ് ലിയു ഷവോക്കിയുടെ പ്രമാണം അനുസരിച്ച് സാമൂഹ്യശക്തികളുടെ വളര്‍ച്ചക്ക് ഉല്‍പ്പാദനത്തിലെ ബന്ധങ്ങള്‍ നവീകരിക്കുകയാണ് ഉടനടി വേണ്ടതെന്ന് തുറന്നു സമ്മതിച്ചതാണ് 1978ലെ മൂന്നാം പ്ലീനത്തില്‍ പുതുമയാര്‍ന്ന് തീരുമാനമായത്. അതനുസരിച്ച്് നാലുതുറയിലുള്ള ആധുനീകരണത്തിന് രാജ്യം ഊന്നല്‍ കൊടുക്കാന്‍ തീരുമാനിച്ചു. വ്യവസായം, കൃഷി, രാജ്യസുരക്ഷ, ശാസ്ത്ര – സാങ്കേതിക വിദ്യ എന്നീ മേഖലകളായിരുന്നു അവ. പിന്നീട് ചൈനക്ക് പുരോഗതിയുടെ പാതയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല എന്നതാണ് 35 വര്‍ഷങ്ങള്‍ക്കുശേഷം നാം തിരിഞ്ഞുനോക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം. നൂറ്റാണ്ടവസാനനിക്കുന്നതിനുമുമ്പ് ചൈനയെ ആധുനികവും ശക്തവുമായ സോഷ്യലിസ്റ്റ് രാജ്യമാക്കുക എന്ന ലക്ഷ്യം അവര്‍ നേടിക്കഴിഞ്ഞു.
2013ലെ മൂന്നാം പ്ലീനത്തില്‍ എന്താണ് സംഭവിക്കുകയെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഓദ്യോഗികമായി കാര്യമായ സൂചനകളൊന്നും തന്നെയില്ല. വികസനം വരുത്തിവെച്ച ചില പ്രശ്‌നങ്ങളുണ്ട്. പണ്ടത്തെപ്പോലെ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടാതായി തുടങ്ങി. ഗവണ്മന്റ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത എവിടേയുമെന്നപോലെ ചൈനയിലും പ്രശ്‌നമാണ്. മൂലധനത്തിന്റെ വിന്യാസരീതി സ്വകാര്യ സംരംഭകര്‍ക്കും വ്യക്തികളുടെ സമ്പാദ്യശീലത്തിനും പ്രോത്സാഹനം നല്‍കുന്നില്ല.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം എന്തായാലും ചൈനയുടെ കാര്യപരിപാടിയിലില്ല. പക്ഷേ, അവയെ കൂടുതല്‍ മത്സരക്ഷമമാക്കി പ്രവര്‍ത്തനലക്ഷ്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഒരു സാധ്യത, വര്‍ദ്ധിച്ചുവരുന്ന വയോജനങ്ങളുടെ സുരക്ഷക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ട് എന്ന സ്ഥാപനത്തെ ഇത്തരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏല്‍്പ്പിച്ചു കൊടുക്കുകയെന്നതാണ്. ഫണ്ടിന് ഇപ്പോള്‍തന്നെ 130 ബില്യന്‍ ഡോളറിന്റെ ആസ്തിയുള്ളതുകൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ധനസമാഹരണം എളുപ്പമാകുമെങ്കിലും ഫണ്ടിന് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ഇതോടൊപ്പം തന്നെ ചൈനക്ക് പക്വതയാര്‍ന്ന ഒരു സാമ്പത്തിക ശക്തിയാകണമെങ്കില്‍ പലിശനിരക്ക്, നാണയവിനിമയ നിരക്ക്, മൂലധന പ്രവാഹം എന്നീ മേഖലകളില്‍ ഉദാരവല്‍ക്കരണം നടപ്പാക്കേണ്ടിവരും.
എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗ്രാമങ്ങളാണ് ചൈനയുടെ കൂടുതല്‍ വലിയ വെല്ലുവിളി. ചൈനയിലെ 140 കോടി ജനസംഖ്യയുടെ പകുതിയും ഗ്രാമങ്ങളിലാണ്. പക്ഷെ ഗ്രാമവികസനത്തിനുള്ള പ്രധാന തടസ്സം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വിഭവങ്ങള്‍ സമാഹരിക്കുന്നതിനുള്ള കഴിവില്ലായ്മയാണ്. 1998ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാനായി നല്‍കപ്പെട്ട ഉദാരമായ ഉത്തേജക പദ്ധതിപ്രകാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ വന്നുകൂടിയിട്ടുണ്ട്. പക്ഷെ, അവയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഏറെ വഴികളില്ല. വസ്തുനികുതിയാണ് സ്ഥിരവരുമാനത്തിനുള്ള പ്രധാനവഴി. പക്ഷെ അത് വലിയൊരു വെല്ലുവിളിയാണ്.
1978ലെ പ്ലീനം ഗ്രാമങ്ങലിലെ വിശന്നുവലഞ്ഞിരുന്ന ജനങ്ങലെ കമ്യൂണുകളിലെ നിര്‍ബ്ബന്ധിത സേവനങ്ങളില്‍ നിന്ന് സ്വതന്ത്രരാക്കി. പക്ഷെ, മറ്റവകാശങ്ങള്‍ നല്‍കിയില്ല. അവര്‍ക്ക് കൃഷിയിടങ്ങള്‍ വില്‍ക്കാനാകില്ല. ഗ്രാമവാസികള്‍ക്കല്ലാതെ വീടുപോലും കൈമാറ്റം ചെയ്യാനാകില്ല. കൃഷിയിടവും വീടും പണയപ്പെടുത്താനാകില്ല. ജോലി തേടി നഗരങ്ങളിലേക്ക് ചേക്കേറാനും അനുമതിയില്ല. എന്നാല്‍ മറുഭാഗത്ത് നഗരങ്ങളില്‍ തൊണ്ണൂറുകളുടെ ഒടുവിലുണ്ടായ ഭവന മേഖലയിലെ വമ്പിച്ച സ്വകാര്യവല്‍ക്കരണത്തിലൂടെ നഗരവാസികള്‍ ആത്മാഭിമാനത്തോടെ വീട്ടുടമകളായി ജീവിക്കുന്നു.
കൃഷിയിടങ്ങളിലും സര്‍ക്കാര്‍ സംരംഭങ്ങലിലും കുറഞ്ഞ കൂലിക്ക് ആളെ ലഭിക്കുന്നതിന് 1959 മുതല്‍ തന്നെ ചൈനയില്‍ പാര്‍ട്ടി കൊണ്ടുവന്ന ഗ്രാമങ്ങളിലെ ഈ ആവാസ വ്യവസ്ഥയാണ് ഹുക്കൂ. ഇതുപ്രകാരം ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്ക് അവരുടെ ഭൂപ്രദേശത്തിനപ്പുറം കുടിയേറി പാര്‍ക്കാനാകില്ല. അതിന് ഒരിക്കലും സാധ്യമാകാത്ത ആറു പെര്‍മിറ്റുകള്‍ വരെ അവര്‍ നേടിയെടുക്കണം. അനുമതി ഇല്ലാതെ അങ്ങിനെ ചെയ്താല്‍ റേഷന്‍, ആരോഗ്യരക്ഷ, വീട്, വിദ്യാഭ്യാസം, ജോലി, എന്തിന് വിവാഹംവരെ അത് ബാധിക്കുമായിരുന്നു. ഇത് നഗരവാസികളും ഗ്രാമവാസികളും തമ്മില്‍ വലിയ അന്തരം വരുത്തി വെച്ചു. ഗ്രാമവാസികളെവിടേയും രണ്ടാംകിട പൗരന്മാരായി. എണ്‍പതുകളില്‍ സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഗ്രാമണതൊഴിലാളികളെ പുറംതള്ളിയപ്പോള്‍ ഗ്രാമവാസികളുടെ ജീവിതം തീര്‍ത്തും ദുരിതപൂര്‍ണ്ണമായി. 1980 തുടങ്ങി 20 കോടിയിലേറെ ഗ്രാമവാസികള്‍ നിവൃത്തിയില്ലാതെ നഗരങ്ങളിലേക്ക് അനുമതിയില്ലാതെ കുടിയേറിയിട്ടുണ്ട്. ഇവര്‍ അനധികൃതമായ പരദേശികളെ പോലെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയാണ്. കുറ്റകൃത്യങ്ങളും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നത് ഇതുമൂലമാണ്. ഇങ്ങനെ കുടിയേറിയ ഗ്രാമവാസികളുടെ മക്കള്‍ക്ക് നഗരത്തിലെ സ്‌കൂളുകളില്‍ ചേരാന്‍ അനുമതിയില്ല. അവര്‍ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കൂടെ നിന്ന് ഗ്രാമത്തിലെ സ്‌കൂളുകളില്‍ പഠിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. മാതാപിതാക്കളുടെ സാമിപ്യമില്ലാതെ ഗ്രാമങ്ങളില്‍ താമസിക്കുന്ന 13 കോടിയോളം കുട്ടികളുണ്ടെന്നാണ് കണക്ക്. തൊണ്ണൂറുകള്‍ക്ക് ശേഷം നഗരങ്ങലില്‍ കുടിയേരി ജോലി ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പെര്‍മിറ്റുകള്‍ നല്‍കി തുടങ്ങി. ഇതിന്റെ ഫീസ് ക്രമേണ കുറഞ്ഞുവന്ന് താങ്ങാവുന്ന നിലയിലായിട്ടുണ്ട്. പരക്കെ ശക്തമായ അസംതൃപ്തി വിതക്കുന്ന ഹുക്കു വ്യനസ്ഥയില്‍ കാര്യമായ ഇളവുകള്‍ പ്ലീനം നല്‍കുമെനന്ാണ് പ്രതീക്ഷ.
എന്നാല്‍ ആ നീക്കത്തിന് എതിര്‍പ്പും രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഉണ്ടാകും. ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന ഹുക്കു വ്യവസ്ഥ ഭൂമി തുച്ഛമായ വിലക്ക് ഏറ്റെടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറി പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ക്ക് സ്വത്തുസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി പരിണമിച്ചിട്ടുണ്ട്. ഭൂമി കൈമാറ്റത്തിനും തൊഴിലിനും വേതനവര്‍ദ്ധനക്കുമൊക്കെ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ദയാവായ്പ് ഇരന്നു കൊണ്ട് ഗ്രാമവാസികള്‍ക്ക് ജീവിക്കേണ്ട സാഹചര്യം ഇല്ലായ്മ ചെയ്യാന്‍ പ്ലീനം ശക്തമായ നടപടികളെടുക്കുകയാണെങ്കില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. എന്നാല്‍ ഇതു മുന്‍കൂട്ടികണ്ട് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്.
വിദേശനിക്ഷേപത്തിന് തുറന്നു കൊടുക്കുക കൂടി ചെയ്ത് കോര്‍പ്പറേറ്റ് മേഖല ഉദാരവല്‍ക്കരിക്കുക, ഷാങ്ങ് ഹായ് മോഡല്‍ സൗജന്യ വ്യാപാര മേഖലകള്‍ വിപുലപ്പെടുത്തുക, ദമ്പതികള്‍ക്ക് ഒരു കുട്ടി മാത്രമേ ഉണ്ടാകൂ എന്ന നയം മയപ്പെടുത്തുക തുടങ്ങി നിരവധി പരിഷാരങ്ങള്‍ അംഗീകരിക്കാനും സാധ്യതയുണ്ട്.
ചൈനയുടെ മൂലധനശേഖരം തുറന്നുവിടുകയാണെങ്കില്‍ അത് ആഗോള സാമ്പത്തിക വിപണിയെതന്നെ വിഴുങ്ങിക്കളയുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. അമേരിക്കയുടെ ദേശീയ സമ്പാദ്യം 2.7 ട്രില്യണ്‍ ഡോളറാണെങ്കില്‍ ചൈനയുടേത് 4.2 ട്രില്യണ്‍ ഡോളറാണെന്ന വസ്തുത മനസ്സിലാകുമ്പോള്‍ ഇപ്പറഞ്ഞതില്‍ അതിശയോക്തിയില്ലെന്ന് മനസ്സിലാകും. ഉദാരവല്‍ക്കരണ ചൈനയിലെ പുതുതലമുറയെ അമേരിക്ക, ഇംഗ്ലണ്ട്, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഭൂമി, ഓഹരിവിപണി, സ്വകാര്യ മൂലധന നിക്ഷേപം എന്നീ മേഖലകളിലായ സമ്പാദ്യം വിന്യസിക്കുന്നതിന് വഴിയൊരുക്കി കൂടെന്നില്ല.
ഉയര്‍ന്ന ആഭ്യന്തര പലിശ നിരക്കുകളിലൂടെ കമ്പനികളുടെ മിച്ച വരുമാനം ഉപഭോക്താവിലെത്തിച്ച് സമ്പദ് വ്യവസ്ഥയിലെ ആവശ്യമായ പുനസന്തുലനം സ്ഥാപിച്ചെടുക്കാന്‍ ഭരണകൂടം ശ്രമിച്ചേക്കാം. അല്ലെങ്കില്‍ തന്നെ, നിക്ഷേപത്തില്‍ നിന്നും കയറ്റുമതിയില്‍ നിന്നും ഊന്നല്‍ മാറ്റി വളര്‍ച്ചാ നിരക്ക് കുറച്ചുകൊണ്ടുവന്ന് ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വ്യവസ്ഥയില്‍ പുനസന്തുലനം നേടിയെടുക്കുമെന്ന് ചൈന സൂചിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഈ വര്‍ഷം നേടാനിടയുള്ള 7.6 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കഴിഞ്ഞ 24 വര്‍ഷത്തേതിലും കുറവാണെങ്കില്‍പോലും സര്‍ക്കാര്‍ പ്രവചിച്ച ഏഴു ശതമാനത്തിനു മുകളില്‍ തന്നെയാണ്.
ചുരുക്കത്തില്‍ മൂന്നര പതിറ്റാണ്ടുകാലമായി ചൈന കൈവരിച്ച അസൂയാര്‍ഹമായ പുരോഗതിക്കിടെ തിരുത്താന്‍ വൈകിയ, പരക്കെ അതൃപ്തിയുളവാക്കിയ ഗ്രാമീണ – നഗര ജനതതികള്‍ക്കിടയിലെ ഭീകരമായ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുക, മൂലധനത്തിന്റെ ആഗോളവിന്യാസം ഉദാരവല്‍ക്കരിക്കുക, ലോകത്തിലെ ഏറ്റവും മികച്ച സമ്പദ് വ്യവസ്ഥയായി മാറുന്നതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ രാജ്യത്തെ സജ്ഝമാക്കുക എന്നീ ദിശകളില്‍ മൂന്നാം പ്ലീനം നയരൂപീകരണം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ സൈന്യം കാവല്‍ നിലനില്‍ക്കുന്ന ബീജിംഗിലെ ഹോട്ടലില്‍ നിന്ന് പ്ലീനത്തിന്റെ തീരുമാനങ്ങള്‍ 1978ലെ പോലെ തന്നെ ഉടനെയെന്നല്ല വര്‍ഷങ്ങളോളം ചിലപ്പോള്‍ പുറത്തുവന്നില്ല എന്നും വരാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply