പാര്‍ട്ടി തേടുന്ന അദ്ധ്യക്ഷന്‍ (പാര്‍ട്ടി അംഗങ്ങള്‍ക്ക് ഒരു കത്ത്)

രാഹുല്‍ഗാന്ധി കത്തുകളെഴുതുക എന്നത് എന്റെ കുടുംബത്തിന്റെ രീതിയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്റെ പ്രപിതാമഹന് കത്തെഴുത്തില്‍ വലിയ താല്പര്യമായിരുന്നു. ചിന്തയിലും ആശയങ്ങളിലും പ്രവൃത്തികളിലും മാതൃകയാക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത്. പതിവായി ആള്‍ ഇന്ത്യാ റേഡിയോവിലൂടെ സ്വന്തം ഹൃദയ വികാരങ്ങള്‍ പുറത്തേക്കൊഴുക്കുന്ന, അതിവാചാലനായ എതിരാളി എന്നെ കുഴക്കുന്നുണ്ട്. എനിക്ക് ഇതേപ്പറ്റി പരാതി പറയാനാവില്ല. കാരണം താന്‍ അധികാരത്തിലിരുന്ന കാലത്ത് എന്റെ മുത്തശ്ശി എ.ഐ.ആറിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ ധൂര്‍ത്ത് കാണിച്ചത് എനിക്കറിയാം. അതിനാല്‍ കാലഹരണപ്പെട്ടു പോയ കത്തെഴുത്ത് എന്ന […]

rrr

രാഹുല്‍ഗാന്ധി

കത്തുകളെഴുതുക എന്നത് എന്റെ കുടുംബത്തിന്റെ രീതിയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. എന്റെ പ്രപിതാമഹന് കത്തെഴുത്തില്‍ വലിയ താല്പര്യമായിരുന്നു. ചിന്തയിലും ആശയങ്ങളിലും പ്രവൃത്തികളിലും മാതൃകയാക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ് ഞാന്‍ അദ്ദേഹത്തെ അനുകരിക്കുന്നത്. പതിവായി ആള്‍ ഇന്ത്യാ റേഡിയോവിലൂടെ സ്വന്തം ഹൃദയ വികാരങ്ങള്‍ പുറത്തേക്കൊഴുക്കുന്ന, അതിവാചാലനായ എതിരാളി എന്നെ കുഴക്കുന്നുണ്ട്. എനിക്ക് ഇതേപ്പറ്റി പരാതി പറയാനാവില്ല. കാരണം താന്‍ അധികാരത്തിലിരുന്ന കാലത്ത് എന്റെ മുത്തശ്ശി എ.ഐ.ആറിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ ധൂര്‍ത്ത് കാണിച്ചത് എനിക്കറിയാം. അതിനാല്‍ കാലഹരണപ്പെട്ടു പോയ കത്തെഴുത്ത് എന്ന മാര്‍ഗത്തില്‍ അഭയം തേടുകയാണ് ഞാന്‍.
കൊതിപ്പിക്കുന്നതും എന്നാല്‍ അടുത്ത കാലത്ത് ഏറെ അധിക്ഷേപിക്കപ്പെട്ടതുമായ ഈ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായതു മുതല്‍ നിങ്ങളോട് സംസാരിക്കാനും എന്റേതായ നിരവധി ധര്‍മ്മസങ്കടങ്ങള്‍ പങ്കുവെക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രകടനവും രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പ് വിജയങ്ങളും, ഇത്തിരി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച വെച്ചാല്‍ പാര്‍ട്ടിക്ക് പുനര്‍ജീവന്‍ നല്‍കാന്‍ സാധിക്കുമെന്ന പ്രത്യാശ അവശേഷിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ കത്ത്.
ഇക്കൊല്ലം റിപ്പബ്ലിക്ക് ദിനത്തില്‍ ഞാനൊരു കത്തെഴുതിയിരുന്നു. ഗുജറാത്തിലൂടെ നടത്തിയ യാത്രകളില്‍ നിന്ന് ഒരു കാര്യം ഞാന്‍ മനസ്സിലാക്കുകയുണ്ടായി- സ്വന്തം പാര്‍ട്ടിയംഗങ്ങളോട് സംസാരിക്കുന്നതിനേക്കാള്‍ എളുപ്പം സാധാരണക്കാരായ സ്ത്രീ-പുരുഷന്മാരുമായി സംസാരിക്കുകയാണ്. ഇക്കാലത്ത് പാര്‍ട്ടിയംഗങ്ങള്‍ അദൃശ്യരാണ്. എവിടെയെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ ഗൗരവ സ്വഭാവമുള്ള എന്തെങ്കിലും ശ്രദ്ധിക്കുവാന്‍ അവര്‍ തുനിയാറില്ല. അവര്‍ക്ക് എന്നെ ഗൗരവത്തിലെടുക്കാന്‍ പ്രയാസമാണ്. അവര്‍ എന്നെ ഒരു നേതാവ് എന്നതിലേറെ അലങ്കാരമായിട്ടാണ് കണക്കാക്കുന്നത്.
എന്നെക്കുറിച്ചുള്ളതും അതുവഴി കോണ്‍ഗ്രസ്സിനെ കുറിച്ചുള്ളതുമായ ഒരു വിമര്‍ശനം അധികാര സ്ഥാനങ്ങളിലേക്ക് കുടുംബ ബന്ധങ്ങളുപയോഗിച്ച്, ആളുകളെ കയറുകളില്‍ കെട്ടിയിറക്കുന്നു എന്നതാണ്. കുടുംബവാഴ്ച എന്നാണ് ഇതേപ്പറ്റി പറയാറുള്ളത്. അമേരിക്കയിലെ ബര്‍ക്ക്‌ലി യൂണിവേഴ്‌സിറ്റിയില്‍ വെച്ച് ഈ വിഷയം സംബന്ധിച്ച് എന്റെ ഭാഗത്തു നിന്നുണ്ടായ ഏതാണ്ട് വില കുറഞ്ഞ ആ പ്രതികരണം ഒഴിവാക്കാമായിരുന്നു എന്ന് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ മാത്രമല്ല, നമ്മുടെ പാര്‍ട്ടിഭാരവാഹികളും പല സംസ്ഥാനങ്ങളിലേയും വന്‍തോക്കുകളും രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുമുള്ളവരാണെന്ന് എനിക്കറിയാം. ഇത് കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകരെ ഉയര്‍ന്ന പദവികളിലെത്തുന്നതില്‍ നിന്ന് തടയുന്നു. അതിനു പുറമെ കുടുംബ ബന്ധങ്ങളില്‍ നിന്നുടലെടുക്കുന്ന അഹങ്കാരവും ആത്മബോധവും പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു. എന്റെ വിശ്വസ്തരായ പടനായകരില്‍ പലരും രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്ന് വന്നവരായ അവസ്ഥയില്‍ നിങ്ങളെ ഉപദേശിക്കാന്‍ എനിക്കെങ്ങനെ സാധിക്കും? അതിനാല്‍ എന്റെ ആദ്യത്തെ ധര്‍മ്മസങ്കടം ഇതാണ്. കുടുംബ പശ്ചാത്തലമായി രാഷ്ട്രീയമുള്ള ആളുകളെ എങ്ങനെയാണ് ഒഴിവാക്കുക എന്ന കാര്യം. ഞാന്‍ അപ്രകാരം ചെയ്തു എന്ന് വെക്കുക എങ്കില്‍ നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമോ, അതോ ആന്ധ്രപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അനുയായികള്‍ ചെയ്തതുപോലെ ഉപേക്ഷിച്ചു പോവുമോ?
ഉള്‍പാര്‍ട്ടി ജനാധിപത്യത്തിനും സംഘടനാ തെരഞ്ഞെടുപ്പുകള്‍ക്കും വേണ്ടിയുള്ള എന്റെ ആദ്യകാലത്തെ ഉത്സാഹം നിങ്ങളില്‍ പലരും ഓര്‍ക്കുന്നുണ്ടാവും. നിങ്ങളില്‍ ഒരുപാട് പേര്‍ അതിനെ തകിടം മറിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചു. ഇന്ത്യയിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലും യഥാര്‍ത്ഥത്തിലുള്ള ആഭ്യന്തര ജനാധിപത്യം ഇല്ല എന്നും നമ്മളും അതില്‍ നിന്ന് ഒഴിവല്ലെന്നുമുള്ള വാദത്തില്‍ എനിക്ക് തീര്‍ച്ചയായും അഭയം കണ്ടെത്താവുന്നതേയുള്ളു. കുടുംബാധിപത്യത്തിന്റെ കാര്യത്തില്‍ ഞാന്‍ വാദിച്ചു നോക്കിയത് ഇതേ രീതിയിലാണല്ലോ. ഇത് എന്നെ രണ്ടാമത്തെ ധര്‍മ്മ സങ്കടത്തിലെത്തിക്കുന്നു. പാര്‍ട്ടിയിലെ ശക്തരായ നേതാക്കളെ സ്വന്തം വഴിയിലൂടെ സഞ്ചരിക്കാനും ഏതാനും സ്ഥലങ്ങളില്‍ എങ്ങനെയെങ്കിലുമൊക്കെ വിജയം ഒപ്പിച്ചെടുക്കാനും അനുവദിച്ചാല്‍ ഞാനൊരു വിജയിച്ച അദ്ധ്യക്ഷന്‍ ആയി എന്നു വന്നേക്കാം. പക്ഷേ എങ്ങനെയാണ് തെരഞ്ഞെടുപ്പുകള്‍ ജയിക്കാനും അതോടൊപ്പം പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം സ്ഥാപിക്കാനും സാധിക്കുക? പാര്‍ട്ടിയുടെ എല്ലാ വേദികളിലും നാം സ്വതന്ത്രമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അത് പാര്‍ട്ടി പ്രസിഡണ്ടിനെ തുറന്ന മട്ടില്‍ വിലയിരുത്തുന്നതില്‍ നിന്ന് തുടങ്ങണമെന്നും നിര്‍ദ്ദേശിക്കാനെങ്കിലും എനിക്ക് ഏറ്റവും ചുരുങ്ങിയത് സാധിക്കുമോ? ഒരുപാട് പേര്‍ നിങ്ങളെ ശിങ്കിടികള്‍ എന്ന് വിളിക്കുന്നുണ്ടാവാം. ഈ സംജ്ഞ തെറ്റാണെന്ന് തെളിയിച്ചുകൊടുക്കേണ്ട സമയമായി. നമുക്ക് എവിടെയാണ് പിഴച്ചതെന്ന് നിങ്ങളുടെ പ്രാദേശിക നേതാക്കളോടും എന്നോടും പറയാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടോ? എന്റെ പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഉന്നത നേതാക്കളായി നിലനിര്‍ത്താനുള്ള ധൈര്യം എനിക്കുണ്ടോ? കോണ്‍ഗ്രസ്സ് ഭവനിലുണ്ടാക്കുന്ന ഒച്ചപ്പാടുകള്‍ സ്വതന്ത്രവും തുറന്നതുമായ ചര്‍ച്ചകളല്ലെന്ന് നിങ്ങളോട് പറയേണ്ടതില്ലല്ലോ.
ആഭ്യന്തര ജനാധിപത്യത്തിന്റെ കാര്യം പറയുമ്പോള്‍ ഒരു വസ്തുത സമ്മതിച്ചേ തീരൂ- അതിന് ആദ്യം വേണ്ടത് ഒരു സംഘടന ഉണ്ടാവുക എന്നതാണ്. ഏതെങ്കിലും പാര്‍ട്ടിനേതാവിന്റെ സന്ദര്‍ശന വേളയില്‍ മാത്രമാണ് കോണ്‍ഗ്രസ് ആപ്പീസുകള്‍ സജീവമാകുന്നതെന്നും അല്ലാത്തപ്പോഴെല്ലാം അവിടം വിജനമാണെന്നും എത്രയോ തവണ ഞാന്‍ കേട്ടിട്ടുണ്ട്. മിക്ക പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ പൗരന്മാരില്‍ നിന്ന് ഏതാണ്ട് പൂര്‍ണ്ണമായും ബന്ധം വിഛേദിച്ചവരാകയാല്‍ അതില്‍ അത്ഭുതമില്ല. ഇപ്പോള്‍ പ്രതിഛായ നിര്‍മ്മിക്കുന്നത് പബ്ലിക് റിലേഷന്‍ ഏജന്‍സികളാണ്. യഥാര്‍ത്ഥത്തിലുള്ള കഠിനാധ്വാനത്തേക്കാള്‍ മാധ്യമങ്ങളേയും പരസ്യത്തേയും ഉപയോഗിച്ച് രാഷ്ട്രീയ വളര്‍ച്ച കരഗതമാക്കുന്നു എന്ന് പറഞ്ഞ് എനിക്കു നിങ്ങളെ കുറ്റപ്പെടുത്താനാവുകയില്ല. എന്റെ പ്രതിഛായ പൊലിപ്പിച്ചെടുക്കാന്‍ എങ്ങനെയാണ് ഒരു പബ്ലിക് റിലേഷന്‍ കമ്പനി സഹായിച്ചത് എന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ വായിച്ചിട്ടുമുണ്ടാവും. പക്ഷേ പാര്‍ട്ടിയധ്യക്ഷനെന്ന നിലയില്‍ രാഷ്ട്രീയമെന്നത് പ്രതിഛായാ നിര്‍മ്മാണത്തേക്കാളധികം മറ്റു ചിലതു കൂടിയാണെന്ന് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതില്‍ പ്രാദേശികമായും ദേശീയമായും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ നാം ജനങ്ങളെ പ്രതിനിധാനം ചെയ്‌തേ മതിയാവൂ. സംവരണം ഉറപ്പു നല്‍കികൊണ്ട് പട്ടേല്‍മാരെ പ്രതിനിധാനം ചെയ്യുക എളുപ്പമാണ്. (ഭരണഘടനാപരമായി അപ്രായോഗികമാണെന്നറിഞ്ഞു കൊണ്ടു തന്നെ മഹാരാഷ്ട്രയില്‍ മറാത്തികളുടെ കാര്യത്തില്‍ നമ്മുടെ ഗവണ്‍മെന്റ് അതു ചെയ്തില്ലേ?) ഒരു സിനിമയുടെ പേരില്‍ രജപുത്രന്മാരോട് സഹതാപം കാണിക്കുക എന്നതും അത്രതന്നെ എളുപ്പമല്ലേ? ആവിഷ്‌കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുതന്നെ ഇതു ചെയ്യാവുന്നതാണ്. ഹാര്‍ദിക്കും അല്‌പേഷും ദിഗ്വിജയ് സിംഗ്ജിയും ഇത് നേരത്തെ തന്നെ കാട്ടിത്തന്നിട്ടുണ്ടല്ലോ.
പ്രാതിനിധ്യമെന്നാല്‍ ഇങ്ങനെയൊക്കെയാണെന്ന് ചിലപ്പോഴൊക്കെ ഞാനും വിചാരിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ എന്റെ പിതാമഹനെ ഓര്‍ക്കും. അദ്ദേഹം ജനങ്ങളെ പ്രതിനിധാനം ചെയ്തു. അതേസമയം ജനപ്രിയമല്ലാത്ത നിലപാടുകള്‍ കൈക്കൊള്ളാന്‍ ഭയപ്പെട്ടതുമില്ല. താന്‍ വിശ്വസിച്ച നിലപാടുകള്‍ക്കു വേണ്ടി വാദിക്കുന്ന കാര്യത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കാത്ത മഹാത്മയേയും ഞാന്‍ ഓര്‍ക്കുന്നു. തന്റെ ആന്തരിക ശബ്ദത്തേയും അതിന് വിരുദ്ധമായ ജനകീയ വികാരങ്ങളേയും പൊരുത്തപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന് യാതൊരു പ്രയാസവുമില്ലായിരുന്നു അപ്പോള്‍ വീണ്ടുമൊരു പ്രതിസന്ധി വരുന്നു. പ്രാതിനിധ്യമെന്നു പറഞ്ഞാല്‍ ജന വികാരങ്ങള്‍ക്കും അവരുടെ മുന്‍വിധികള്‍ക്കും തലകുനിച്ചു കൊടുക്കുകയാണോ അതോ, നിങ്ങള്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നതിനാല്‍ അവരെ വിവേകപൂര്‍ണ്ണമായ സമീപനങ്ങളിലേക്ക് നയിക്കുകയോ? ഇത്തരം കാര്യങ്ങളില്‍ താരതമ്യേന പരിചയക്കുറവുള്ള ആളാണ് ഞാന്‍. ജനങ്ങളുടെ മുന്‍വിധികളുമായും യുക്തിയില്ലായ്മയുമായും പൊരുത്തപ്പെടാതെ തന്നെ നമ്മുടെ പാര്‍ട്ടിക്ക് ജനങ്ങളുടെ പ്രാതിനിധ്യം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.
തീര്‍ച്ചയായും ഇവയെല്ലാം ദീര്‍ഘകാല വിഷയങ്ങളാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാം നല്ല പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ ഇത്തരം വിഷയങ്ങളെക്കുറിച്ചു ചിന്തിക്കുന്ന കാര്യത്തില്‍ നാം കുറച്ചുകൂടി നല്ല അവസ്ഥയിലായിരിക്കും. അതിനാല്‍ തെരഞ്ഞെടുപ്പിലെ അതിജീവനം എന്ന അടിയന്തിരാവശ്യത്തില്‍ ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. വരുന്ന മാസങ്ങളില്‍ നാം അതിവേഗം, അതീവ മിടുക്കോടെ നീങ്ങണം. ഇക്കാര്യത്തില്‍ നാം നമ്മുടെ ശത്രുവായ ബി.ജെ.പി യുടെ പാത പിന്തുടരണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മാധ്യമങ്ങള്‍ വഴിയുള്ള അവരുടെ കടന്നാക്രമണത്തിലൂടെയല്ല, ഭീതിയുടേയും സംശയത്തിന്റേയും രാഷ്ട്രീയത്തിലൂടെയല്ല, തെരഞ്ഞെടുപ്പുകള്‍ താഴേ തട്ടില്‍ അവര്‍ കൈകാര്യം ചെയ്യുന്ന രീതിയിലൂടെയാണ് നാം നീങ്ങേണ്ടത്. അവിടെയാണ് നിങ്ങളെപ്പോലെയുള്ള പ്രാദേശിക പ്രവര്‍ത്തകര്‍ കൂടുതല്‍ വിമര്‍ശനബുദ്ധി പുലര്‍ത്തേണ്ടത്. തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള വ്യവസ്ഥാപിതമായ തയ്യാറെടുപ്പാണ് നമ്മുടെ ഏറ്റവും അടിയന്തരമായ പ്രവൃത്തി. ഇക്കാരണത്താലാണ് പാര്‍ട്ടിയുടെ സംഘാടനത്തെപ്പറ്റി ഞാന്‍ സമഗ്രമായി സൂചിപ്പിച്ചത്. ഇതേ കാരണത്താലാണ് ജനങ്ങളുമായി വ്യക്തി ബന്ധമില്ലാത്ത അവസ്ഥയെപ്പറ്റി ഞാന്‍ സൂചിപ്പിച്ചത്. പണ്ഡിറ്റ്ജിയുടെ കാലത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകള്‍ ജയിച്ചത് അദ്ദേഹം ജനകീയനായിരുന്നത് കൊണ്ട് മാത്രമല്ല. പാര്‍ട്ടിക്ക് തുല്യ അളവില്‍ തന്നെ പ്രാദേശിക പ്രവര്‍ത്തകരുടെ ഒരു ശൃംഖലയുണ്ടായിരുന്നു. പാര്‍ട്ടിക്കും പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ക്കും വോട്ടുണ്ടാക്കി കൊടുക്കുന്നവരായിരുന്നു ഈ ശൃംഖലയിലെ ആളുകള്‍. എന്റെ പ്രപിതാമഹന്റെ വ്യക്തി പ്രഭാവമോ ഇപ്പോഴത്തെ എന്റെ ശത്രുവിനുള്ള വാഗ്‌വിലാസമോ എനിക്കില്ലെന്ന് എന്നെ വിമര്‍ശിക്കുന്നവര്‍ പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും അത്‌കൊണ്ട് നിങ്ങളുടെ ഭാരം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഇത് ഒരു ധര്‍മ്മ സങ്കടമുണ്ടാക്കുന്നുമുണ്ട്. പാര്‍ട്ടി അദ്ധ്യക്ഷനെന്ന നിലയില്‍ സംഘടനക്ക് പുനര്‍ജീവന്‍ നല്‍കുക എന്ന ഉത്തരവാദിത്വം എന്റേതാണ്. നാം തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമെന്നുറപ്പ് വരുത്തേണ്ടതും എന്റെ ഉത്തരവാദിത്വമാണ്. അണ്ടിയോ മൂത്തത് മാവോ മൂത്തത് എന്ന തരത്തിലുള്ള ഒരു ധര്‍മ്മ സങ്കടമാണിത്. ഞാന്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധയൂന്നുന്നില്ലെങ്കില്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാനാവുകയില്ല. എന്നാല്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാവുന്ന സുഖകരമായ അവസ്ഥയിലല്ല താനും നാം.
ഇത് എന്നെ ഏറ്റവും ഒടുവിലത്തേതും ഏറ്റവും കുഴക്കുന്നതുമായ വിഷയത്തിലേക്കാണ് കൊണ്ടു പോകുന്നത്. എന്തിന് ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്യണമെന്ന് ചില വൃത്തികെട്ട വിമര്‍ശകര്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. ഈ ചോദ്യം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ വിചാരിച്ചത്, ജനങ്ങള്‍ക്കു മുമ്പാകെ വെക്കാന്‍ വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ പക്കലുണ്ടോ എന്ന് ചിന്തിക്കുമ്പോള്‍ ഞാനും ബേജറാവുന്നത് കൊണ്ടാണ്. ഭരണകക്ഷിയെന്ന നിലയില്‍ സമീപ ഭൂതകാലത്ത് മിക്ക സംസ്ഥാനങ്ങളിലും നമ്മുടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ തിളക്കമറ്റതാണെന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. അതിനാല്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും അസമിലും ഹിമാചലിലും മറ്റും നാം തോറ്റുപോയതിന് സമ്മതിദായകരെ കുറ്റപ്പെടുത്താന്‍ എനിക്ക് കഴിയുന്നില്ല. കാരണം ചീത്തയായ പ്രകടനം കൊണ്ടാണ് വോട്ടര്‍മാര്‍ നമ്മെ ഉപേക്ഷിച്ചു പോയത്. മതേതരത്വത്തേയും ബഹുസ്വരതയേയും കുറിച്ചുള്ള ശരിയായ രാഷ്ട്രീയ നിലപാടുകള്‍ ഗവണ്‍മെന്റിന്റെ പ്രകടനങ്ങള്‍ക്ക് പകരമാവുകയില്ല. എന്നാല്‍ മാന്യമായ രീതിയിലുള്ള പ്രകടനം നടത്താമെന്ന് കരുതുമ്പോള്‍ തന്നെ, ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ഈ ഒരേയൊരു കാര്യം മാത്രമാണോ നമുക്കു മുന്നോട്ട് വെക്കാനുള്ളത്? ഞാന്‍ ആര്‍.എസ്.എസിനെ നിരന്തരം വിമര്‍ശിച്ചു പോന്നിട്ടുണ്ട്. ഇതുമൂലം എന്റെ പേരില്‍ കോടതിയില്‍ കേസുമുണ്ട്. എന്നാല്‍ ആര്‍.എസ്.എസിന് എന്താണ് കുഴപ്പം എന്ന കാര്യത്തില്‍ നിങ്ങളില്‍ പലര്‍ക്കും വ്യക്തമായ ധാരണയില്ല എന്നതിലാണ് എന്റെ പേടി. സ്വന്തം ആശയങ്ങളെക്കുറിച്ചും തങ്ങള്‍ നിലനില്‍ക്കുന്നത് എന്തിനു വേണ്ടിയാണെന്നും വ്യക്തമല്ലാത്ത ഒരു പാര്‍ട്ടിക്ക് എങ്ങിനെയാണ് ആശയപരമായ പോരാട്ടങ്ങള്‍ നടത്താന്‍ സാധിക്കുക?
ഇന്ന് നമ്മെ അഭിമുഖീകരിക്കുന്നത് മൂന്ന് സാമൂഹ്യ-രാഷ്ട്രീയാവസ്ഥകളാണ്. ലോകത്തുടനീളം ആഗോളവല്‍ക്കരണം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ആഗോളമൂലധന ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും നീതിപൂര്‍വ്വമായ വിഭവ വിതരണം ഉറപ്പുവരുത്തുന്ന നയങ്ങള്‍ രൂപപ്പെടുത്തേണ്ട അടിയന്തരാവശ്യത്തിനുമിടയില്‍ എങ്ങനെയാണ് നാം സമതുലനമുണ്ടാക്കുക? രണ്ടാമത്തെ വിഷയം ജാതീയമായ അസമത്വമാണ്. സാമൂഹ്യ നീതിയുടെ വേലിയേറ്റത്തെ നാം അവഗണിച്ചു. എന്നാല്‍ ഇന്ന് നാം വെറും ജാതീയമായ സ്വത്വബോധത്തിന്റെ മാത്രം കാറ്റിനാല്‍ ചുഴറ്റിയെറിയപ്പെടുകയാണ്. മൂന്നാമത്തേത് നമ്മുടെ ദേശീയത്വത്തിന്റെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. മതേതരത്വത്തിന്റെ പേരില്‍ പരസ്പരം മത്സരിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയതയിലേക്ക് നാം വഴുതി വീണു. ഇക്കാര്യത്തില്‍ എന്റെ പിതാവിന്റെ സംഭാവന ഗണനീയമാണ്. ആശയപരമായ ഈ സ്തംഭനാവസ്ഥയെ നാം എങ്ങനെയാണ് മറികടക്കുക?
പാര്‍ട്ടി തകര്‍ന്നു പോകാതെ അവശേഷിക്കുന്നുവെന്ന് എന്റെ അമ്മ ഉറപ്പു വരുത്തിയിരുന്നു. പ്രധാനമായും മൂന്നു തന്ത്രങ്ങളാണ് അവര്‍ ഉപയോഗിച്ചത്. ആദ്യത്തേത് പാര്‍ട്ടിയുടെ പ്രാദേശിക അധികാര ഘടനയില്‍ അവര്‍ ഇടപെടാതിരുന്നു. പാര്‍ട്ടിയെ നിയന്ത്രിക്കാന്‍ അതാതിടത്തെ പ്രാദേശിക നേതാക്കളെ അനുവദിച്ചു. (ഈ പ്രാദേശിക രാജാക്കന്മാരോട് എനിക്ക് അത്രയൊന്നും ബഹുമാനമില്ല കെട്ടോ) രണ്ടാമതായി അവര്‍ സമര്‍ത്ഥമായി ചില രാഷ്ട്രീയ സഖ്യങ്ങളില്‍ ഏര്‍പ്പെട്ടു (യു.പി.എയിലെ പല പങ്കാളികള്‍ക്കും എന്നില്‍ അത്ര വിശ്വാസം പോരാ) താന്‍ പ്രധാനമന്ത്രിയാവാനില്ലെന്ന് പറയുക വഴി തന്റെ ഏറ്റവും വലിയ പരിമിതിയെ അവര്‍ ഒരു സാധ്യതയാക്കി മാറ്റുകയായിരുന്നു എന്നതാണ് മൂന്നാമത്തെ കാര്യം. പക്ഷേ അവര്‍ ചെയ്തത് പിടിച്ചുനില്‍ക്കുക എന്ന പണി മാത്രമായിരുന്നു. പാര്‍ട്ടി ശിഥിലമായിപ്പോവുകയോ തെരഞ്ഞെടുപ്പുകള്‍ വഴി ഉന്മൂലനം ചെയ്യപ്പെടുകയോ ഇല്ലെന്ന് അവര്‍ ഉറപ്പു വരുത്തി.
എന്റെ ചുമതല കുറേക്കൂടി കഠിനമാണ് എന്ന് ഞാന്‍ തീര്‍ച്ചയായും ഭയപ്പെടുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഏറ്റവും അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത് പാര്‍ട്ടിയംഗങ്ങളായ നിങ്ങളെ എന്താണ് കോണ്‍ഗ്രസ്സിന്റെ പ്രാധാന്യം എന്ന് ബോധ്യപ്പെടുത്തുകയാണ്. പാര്‍ട്ടിയെ ആശയ വ്യക്തതയുടെ പ്രതലത്തില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ മാത്രമേ ആ ദൃഢബോധ്യം സാധ്യമാവുകയുള്ളു. സോഷ്യലിസം, മതേതരത്വം തുടങ്ങിയ പ്രയോഗങ്ങള്‍ വളരെയധികം അവ്യക്തമായി മാറിയിട്ടുണ്ടെന്ന് എനിക്കറിയാം. സാമൂഹ്യനീതി എന്ന പ്രയോഗം പോലും മുഷിപ്പന്‍ വര്‍ത്തമാനമായിക്കഴിഞ്ഞു. ആശയങ്ങളേയും സിദ്ധാന്തങ്ങളേയും പുനരുദ്ധരിക്കുകയും പുനര്‍ നിര്‍വ്വചിക്കുകയുമാണ് നാം ചെയ്യേണ്ടത്. അവയ്ക്ക് ആധികാരികതയും ഒഴക്കുമുണ്ടാവണം. നയ പരിപാടികളിലേക്ക് അവ പരാവര്‍ത്തനം ചെയ്യപ്പെടുമെന്ന പ്രത്യാശ നല്‍കാന്‍ സാധിക്കണം. ഈ ചുമതല നിറവേറ്റുന്ന കാര്യത്തിലാണ്. എനിക്ക് പരിചയക്കുറവും നിസ്സഹായതയും അനുഭവപ്പെടുന്നത്. അതിനാല്‍ ഇത് എന്റെ മറ്റൊരു ധര്‍മ്മ സങ്കടമാണ്.
ഞാന്‍ ഇപ്പോള്‍ പാര്‍ട്ടി പ്രസിഡണ്ടാണ്. ഞാന്‍ എന്റെ കുടുംബത്തിന്റെ പ്രതിബിംബമായാണോ നിലനില്‍ക്കുന്നത്, അതോ ഒരു അലങ്കാരമായി മാത്രമോ? ചേരിപ്പോരുകള്‍ വരുമ്പോള്‍ ഇടപെടുന്ന മധ്യസ്ഥനാണോ ഞാന്‍? അതല്ല, എന്റേതായ ഒരു വഴി ഞാന്‍ യഥാര്‍ത്ഥത്തില്‍ വെട്ടിത്തുറക്കുന്നുണ്ടോ? പ്രസ്തുത യാത്രയില്‍ നിങ്ങള്‍ എന്നോടൊപ്പം ചേരുമോ? അതോ വെറുതെ രാഹുല്‍ജിയെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുക മാത്രം ചെയ്യുമോ?

(സുഹാസ് പാല്‍ശികാര്‍ തയ്യാറാക്കിയത്, പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply