പാരിസ്ഥിതിക സമരങ്ങളും ഒരുകോടി വൃക്ഷതൈകളും

പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരു കൊടി വൃക്ഷത്തെകള്‍ നട്ടു എന്നത് അതിശയോക്തിപരമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം. കേരളത്തിനു നഷ്ടമാകുന്ന ഹരിതാഭയും കാര്‍ഷികസംസ്‌കൃതിയും തിരിച്ചുപിടിക്കാനുള്ള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടത്. എന്തായാലും വെക്കുന്നതത്രയും നന്ന്. ഒപ്പം മഴക്കുഴികളുടെ നിര്‍മ്മാണവും വ്യാപകമാണ്. സത്യത്തില്‍ വൃക്ഷങ്ങള്‍ വേണ്ടുവോളമുണ്ടെങ്കില്‍ മഴക്കുഴികള്‍ അനാവശ്യമാണ്. എല്ലാ വര്‍ഷവും സംഭവിക്കാറുള്ളപോലെ ഈ വര്‍ഷം നട്ട സ്ഥലങ്ങളില്‍ തന്നെ അടുത്ത വര്‍ഷവും തൈകള്‍ നടേണ്ടിവരില്ല എന്നു കരുതാം. കഴിഞ്ഞ വര്‍ഷം ഏറെ കൊട്ടിഘോഷിച്ച് വയനാട് കബനി നദി […]

ppp

പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് ഒരു കൊടി വൃക്ഷത്തെകള്‍ നട്ടു എന്നത് അതിശയോക്തിപരമാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം. കേരളത്തിനു നഷ്ടമാകുന്ന ഹരിതാഭയും കാര്‍ഷികസംസ്‌കൃതിയും തിരിച്ചുപിടിക്കാനുള്ള ഹരിതകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് വൃക്ഷത്തൈകള്‍ നട്ടത്. എന്തായാലും വെക്കുന്നതത്രയും നന്ന്. ഒപ്പം മഴക്കുഴികളുടെ നിര്‍മ്മാണവും വ്യാപകമാണ്. സത്യത്തില്‍ വൃക്ഷങ്ങള്‍ വേണ്ടുവോളമുണ്ടെങ്കില്‍ മഴക്കുഴികള്‍ അനാവശ്യമാണ്.
എല്ലാ വര്‍ഷവും സംഭവിക്കാറുള്ളപോലെ ഈ വര്‍ഷം നട്ട സ്ഥലങ്ങളില്‍ തന്നെ അടുത്ത വര്‍ഷവും തൈകള്‍ നടേണ്ടിവരില്ല എന്നു കരുതാം. കഴിഞ്ഞ വര്‍ഷം ഏറെ കൊട്ടിഘോഷിച്ച് വയനാട് കബനി നദി തീരത്ത് മന്ത്രി തോമസ് ഐസക്കിന്റഎ നേതൃത്വത്തില്‍ നട്ട ഇരുപതിനായിരം വൃക്ഷത്തൈകള്‍ സംരക്ഷണമില്ലാതെ നശിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തന്നെ വന്നിരുന്നു. വാസ്തവത്തില്‍ ഇത്തരം സംഭവങ്ങളിലുമുണ്ട് രാഷ്ട്രീയം. തദ്ദേശീയ ജനതക്ക് ഭൂമി, വനം, കടല്‍, വയല്‍,പുഴ തുടങ്ങിയ വിഭവങ്ങളിലൊന്നും ഉടമസ്ഥതയോ അധികാരമോയില്ലാത്തതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമെന്നതാണത്. ആദിവാസികള്‍ക്ക് വനത്തിലും കൃഷിഭൂമിയിലും ദളിത് ജനസമൂഹങ്ങള്‍ക്ക് വയലിലും കാര്‍ഷിക ഇതര ഭൂമിയിലും മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തും കടലിലുമൊന്നും അവകാശമില്ലല്ലോ. ഉണ്ടെങ്കില്‍ വനനശീകരണമോ പുഴനശീകരണമോ പാടങ്ങള്‍ നികത്തലുകളോ ഉണ്ടാകുമായിരുന്നില്ല.
കെ എഫ് ആര്‍ എയിലെ ശാസ്ത്രജ്ഞന്‍ ഡോ ടി വി സജീവ് ചൂണ്ടികാണിച്ച പോലെ ഒരു മരത്തൈ നടുന്നയാളുടെ മനസില്‍ ആ മരം പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴുള്ള അതിന്റെ ആര്‍ക്കിടെക്ച്ചര്‍ സങ്കല്പിക്കാനാകണം. ശിഖരങ്ങളുടെയും തായ്‌വേരിന്റെയും പാര്‍ശ്വവേരുകളുടെയും വിന്യാസം മനസില്‍ തെളിയണം. അങ്ങനെയായാല്‍ മുകളില്‍ വൈദ്യുത കമ്പികളുണ്ടോ എന്നതും താഴെ പൈപ്പുകള്‍ പോകുന്നുണ്ടോ എന്നതുമൊക്കെ കണക്കാക്കപ്പെടും. പൊതുനിരത്തുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നുമുള്ള അകലവും ശ്രദ്ധിക്കപ്പെടും. ഇതൊന്നുമറിയാത്തതാണ് പ്രധാനപ്രശ്‌നം. കാരണം മരംനടല്‍ നമുക്കൊരു അനുഷ്ഠാനം മാത്രമാണല്ലോ. മാത്രമല്ല, ഒറ്റപ്പെട്ട മരങ്ങളേക്കാള്‍ വൈവിധ്യമാര്‍ന്ന മരങ്ങളുടെ കൂട്ടങ്ങളാണ് അനിവാര്യം. പഴയ കാവുകളെപോലെ. മഴവെള്ളത്തെ, അതിന്റെ വേഗതകുറച്ച് മണ്ണിലേക്കിറങ്ങുവാന്‍ സമയംകൊടുത്ത് ഭൂഗര്‍ഭ ജല അറകളെ നിറയ്ക്കാന്‍ കഴിഞ്ഞിരുന്ന ഇത്തരം മരക്കൂട്ടങ്ങള്‍ ഇല്ലാതായതാണ് കേരളത്തെ മഴക്കാലം കഴിഞ്ഞാല്‍ അതിവേഗം വരള്‍ച്ചയിലേക്കും കുടിവെള്ളക്ഷാമത്തിലേക്കും നയിക്കുന്നത്. പരിസ്ഥിതിദിനാഘോഷക്കാര്‍ ഇതൊന്നും തിരിച്ചറിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
കേരളം ഇന്നു നേരിടുന്ന അതിഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അവഗണിച്ചും അവയുന്നയിക്കുന്നവരെ വികസനവിരുദ്ധരായി ചിത്രീകരിച്ചുമാണ് ഏതാനും മരംനട്ട് നാം പരിസ്ഥിതിദിനം ആഘോഷിക്കുന്നത്. സൈലന്റ് വാലി മുതല്‍ അതിരപ്പിള്ളി വരെ സംസ്ഥാനത്ത് നടന്ന നൂറുകണക്കിനു പാരിസ്ഥിതിക സമരങ്ങളില്‍ ഇവരില്‍ മിക്കവാറും പേര്‍ എതിര്‍പക്ഷത്തായിരുന്നു. സംസ്ഥാനത്ത് ചില വികസനമുടക്കികളുണ്ടെന്നും അവരാണ് വികസനം തടയുന്നതുമെന്ന് ഇപ്പോഴത്തെ മുഖ്യമന്ത്രിയും നിരന്തരമായി ആവര്‍ത്തിക്കുന്നു. ജൈവസമ്പന്നമായ 138 ഹെക്ടര്‍ നിബിഡ വനങ്ങളും ജൈവസമ്പുഷ്ടമായ 28.5 ഹെക്ടര്‍ പുഴയോരക്കാടുകളും കാടര്‍ ആദിമജനതയുടെ ആവാസ വ്യവസ്ഥയും ഇല്ലാതാക്കിയാണ് അതിരപ്പിള്ളിയില്‍ കാലഹരണപ്പെട്ട ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ വൈദ്യുതമന്ത്രി വാശിപിടിക്കുന്നത്. കേരളത്തിലെ 486 പക്ഷികളില്‍ 264 ഉം കാണപ്പെടുന്നത് ഇവിടെയാണ്. 175 മത്സ്യങ്ങളില്‍ 104 ഉം ചാലക്കുടിപ്പുഴയില്‍ കാണുന്നുണ്ട്. അതില്‍ 14 ഇന മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയാണ്. ആനസാന്ദ്രത കൂടിയ രണ്ടാമത്തെ ഡിവിഷനാണിത്. ഇതെല്ലാം പതിക്കുന്നത് ബധിരകര്‍ണ്ണങ്ങലളിലാണ്. പശ്ചിമഘട്ടമേഖലയിലെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി വിലയിരുത്തിയ അതിരപ്പിള്ളിയുടെ പ്രാധാന്യം പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്രസംഘടന (ഐയുസിഎന്‍) യും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റഎ പാരിസ്ഥിതിക സന്തുലനം നിനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള നിലപാടും നമ്മുടെ കാപട്യത്തിന്റഎ ഉദാഹരണമാണ്. ആഫ്രിക്കന്‍ നാടുകളും ആമസോണ്‍ തീരവും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവവൈവിധ്യം നിലനില്ക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയുടെ ജൈവ വൈവിധ്യശേഖരത്തിന്റെ 27 ശതമാനവും പശ്ചിമഘട്ടനിരകളിലാണ് കാണപ്പെടുന്നത്. 1500 ഇനങ്ങളിലുള്ള അപൂര്‍വ്വ സസ്യങ്ങള്‍, 116 അപൂര്‍വ്വ ഇനം ശലഭങ്ങള്‍, 19 ഇനം അപൂര്‍വ്വ പക്ഷികള്‍19 ഇനം അപൂര്‍വ്വയിനം സസ്തനികള്‍ എന്നിവ ഈ മേഖലയില്‍ സ്ഥിതിചെയ്യുന്നു. ഇപ്പോള്‍തന്നെ ഏറെക്കുറെ നശിച്ചുകഴിഞ്ഞ പശ്ചിമഘട്ടത്തിനു പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങളെയെല്ലാം തകര്‍ത്താണ് നാം പരിസ്ഥിതിദിനമാഘോഷിക്കുന്നത്. അതാകട്ടെ പ്രധാനമായും അനധികൃതമായി പ്രവര്‍ത്തിക്കുന്ന വന്‍കിടക്വാറികള്‍ക്കും വന്‍കിട കയ്യേറ്റക്കാര്‍ക്കും വോട്ടുബാങ്കിനും വേണ്ടി. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളും ഇടനാടന്‍ കുന്നുകളുമെല്ലാം നിയമലംഘനങ്ങളിലൂടെ നിര്‍ബാധം കാര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ് വന്‍കിട ക്വാറികള്‍. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബിനാമികളാണ് പല പാറമടകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നതും ഇവര്‍ നടത്തുന്ന നിയമവിരുദ്ധ ഖനനത്തിന് സഹായകമായിത്തീരുന്നു.
പുഴകളുടെ കാര്യവും വ്യത്യസ്ഥമല്ല. മണലെടുക്കലും കയ്യേറ്റങ്ങളും മാലിന്യങ്ങളുമെല്ലാം മിക്കവാറും എല്ലാ പുഴകള്‍ക്കും ചരമഗീതം നല്‍കി കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിനെ വിഷഫാക്ടറികള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു കഴിഞ്ഞു. അപകടകരമായ കീടനാശിനികളുടെയും ഘനലോഹങ്ങളുടെയും സാന്നിധ്യം ഇവിടെ ജീവന്‍ തുടച്ചു നീക്കുന്ന തോതില്ലെിത്തിയിരിക്കുന്നൂ. പെരിയാറില്‍ നിന്ന് വ്യവസായശാലകള്‍ക്കു ആവശ്യാനുസരണം വെള്ളം എടുക്കാനും, കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ രാസമലിന ജലം നിര്‍ബാധം തള്ളാനും കഴിഞ്ഞ 7 ദശാബ്ദങ്ങളായി മാറിമാറി വരുന്ന ഭരണാധികാരികള്‍ ഒത്താശ ചെയ്തതിന്റെ പരിണിത ഫലമാണിത്. ഈ അവസാനഘട്ടത്തിലെങ്കിലും റെഡ് കാറ്റഗറി വ്യവസായങ്ങളെങ്കിലും അടച്ചുപൂട്ടണമെന്ന ജനകീയ ആവശ്യം പോലും അംഗീകരിക്കപ്പെടുന്നില്ല. അതാകട്ടെ പ്രധാനമായും തൊഴിലാളികളുടെ തൊഴിലിന്റെ പേരിലും. അവിടെ മുതലാളിയും തൊഴിലാളിയും എല്ലാ പ്രസ്ഥാനങ്ങളും ഒന്നിക്കുന്നു. ചാലക്കുടി പുഴയെ നശിപ്പിക്കുന്ന കാതിക്കുടം കമ്പനിയും നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. സൈലന്റ്വാലി, മാവൂര്‍, പ്ലാച്ചിമട സമരങ്ങളിലുണ്ടായ വിജയങ്ങള്‍ പിന്നീടുണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മാലിന്യസംസ്‌കരണം, പാടങ്ങളും നീര്‍ത്തടങ്ങളും ജലാശയങ്ങളും നികത്തല്‍, കരിമണല്‍ – കളിമണ്‍ ഖനനം, വിഴിഞ്ഞം പോലുള്ള വന്‍കിടപദ്ധതികള്‍, വാഹനവൈപുല്യം, കടല്‍ മലിനമാക്കല്‍ തുടങ്ങി എത്രയോ രൂക്ഷമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് എത്രയോ പാരിസ്ഥിതിക ജനകീയ സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നു. അവയെയല്ലാം അവഗണിച്ചും എതിര്‍ത്തുമാണ് സംഘടിതപ്രസ്ഥാനങ്ങള്‍ പരിസ്ഥിതിദിനമാഘോഷിക്കുന്നതെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply