പാരമ്പര്യത്തിലേക്കൊരു തിരിഞ്ഞുനോട്ടം

കെ.പി ശശി മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ മുതുമുതു മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഹിന്ദുക്കളായിരുന്നു എന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നല്ലോ. ഫേസ്ബുക്കില്‍ സംഘപരിവാരം ഇത് ആഘോഷിക്കുകയും ചെയ്തു. ‘ നിങ്ങളോട് ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ, നിങ്ങള്‍ ഞങ്ങളില്‍ നിന്ന് വന്നവരാണെന്ന്’ എന്ന ഭാവമാണവര്‍ക്ക്. ചില മുസ്ലീങ്ങളില്‍ ഇത് നീരസവും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുന്നു. ഒരു മതം എന്ന നിലയില്‍ ഹിന്ദുമതം രൂപപ്പെടുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ജനങ്ങള്‍ അനുഷ്ഠിച്ചിരുന്ന മതങ്ങളായിരുന്നു കൃസ്തുമതവും ഇസ്‌ളാം മതവും എന്ന് മനസ്സിലാക്കുകയാണ് ഈ സംവാദത്തില്‍ പരമപ്രധാനം. […]

aryan

കെ.പി ശശി
മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ മുതുമുതു മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഹിന്ദുക്കളായിരുന്നു എന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നല്ലോ. ഫേസ്ബുക്കില്‍ സംഘപരിവാരം ഇത് ആഘോഷിക്കുകയും ചെയ്തു. ‘ നിങ്ങളോട് ഞങ്ങള്‍ പറഞ്ഞിരുന്നില്ലേ, നിങ്ങള്‍ ഞങ്ങളില്‍ നിന്ന് വന്നവരാണെന്ന്’ എന്ന ഭാവമാണവര്‍ക്ക്. ചില മുസ്ലീങ്ങളില്‍ ഇത് നീരസവും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുന്നു.
ഒരു മതം എന്ന നിലയില്‍ ഹിന്ദുമതം രൂപപ്പെടുന്നതിന് മുമ്പ് തന്നെ ഇന്ത്യയില്‍ ജനങ്ങള്‍ അനുഷ്ഠിച്ചിരുന്ന മതങ്ങളായിരുന്നു കൃസ്തുമതവും ഇസ്‌ളാം മതവും എന്ന് മനസ്സിലാക്കുകയാണ് ഈ സംവാദത്തില്‍ പരമപ്രധാനം. സൈന്ധവ താഴ് വരയിലും ചുറ്റും നിലനിന്നിരുന്ന നാഗരികതയെ സുചിപ്പിക്കാന്‍ വേണ്ടിയാണ് ‘ഹിന്ദു’ എന്ന സംജ്ഞ ഉപയോഗിച്ചിരുന്നത്. അത് ഒരു മതമായിരുന്നില്ല. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ഒരു മതമായി ഹിന്ദുമതം ഉയര്‍ന്നു വന്നതിനു ശേഷം ചിലരൊക്കെ ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ടാവാം. കേരളത്തില്‍ കൃസ്തുമതം ആരംഭിക്കുന്ന കാലത്ത് ആ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ബ്രാഹ്മണരെ അക്കാലത്ത് ഹിന്ദുക്കള്‍ എന്ന് വിളിച്ചിരുന്നില്ല. അവര്‍ ബ്രാഹ്മണര്‍ എന്ന ഒരു ജാതി മാത്രമായിരുന്നു. ഏഴ് ബ്രാഹ്മണ കുടുംബങ്ങളെ തോമാശ്‌ളീഹ സ്വാധീനിക്കുകയും അവര്‍ കൃസ്തുമതത്തിലേക്ക് മാറുകയും ചെയ്തു എന്നാണല്ലോ പൊതുവായി വിശ്വസിക്കപ്പെടുന്നത്. തങ്ങളുടെ പൂര്‍വ്വികര്‍ ബ്രാഹ്മണരായിരുന്നു എന്ന് ഇപ്പോഴും അഭിമാനത്തോടെ അവകാശപ്പെടുന്നവരാണ് പല സിറിയന്‍ കൃസ്ത്യാനികളും. എന്നാല്‍ തങ്ങള്‍ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്ന് അവര്‍ കരുതുന്നില്ല.
ഭൂരിപക്ഷം മുസ്ലീങ്ങളും കൃസ്ത്യാനികളും ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്ന് വന്നവരാണ്. അക്കാലത്തെ ജാതീയമായ മര്‍ദ്ദനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാം മതവും കൃസ്തുമതവും ദളിതര്‍ക്ക് ഏറെ സുരക്ഷിതവും താരതമ്യേന മര്‍ദ്ദനാത്മകത കുറഞ്ഞതുമായി അനുഭവപ്പെട്ടു എന്നതാണ് ഈ പ്രതിഭാസത്തിന് ഞാന്‍ കാണുന്ന ഒരേയൊരു കാരണം. ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും പരിവര്‍ത്തനം ചെയ്ത സവര്‍ണ ജാതിക്കാരുടെ അനുപാതം മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ വളരെ കൂടുതലാണ്. ഈ പ്രതിഭാസത്തിന്റെ ചരിത്രപരമായ ഒരേയൊരു കാരണം ആര്യന്‍മാരൊഴികെ മിക്ക വിദേശികളും വടക്കന്‍ കേരളത്തിലെ കാപ്പാട് കടപ്പുറം വഴിയാണ് ഇവിടെ എത്തിയത് എന്നതാണ്. വിദേശികളുമായി ഇടപഴകുമ്പോള്‍ കേരളീയര്‍ക്ക് ഇപ്പോഴും ഒരു അപകര്‍ഷതാബോധമുണ്ട്. ആര്യന്‍മാര്‍ വന്നത് വ്യത്യസ്തമായ പാതയിലൂടെയാണ്. എന്തായാലും മതപരിവര്‍ത്തനം ചെയ്ത മിക്ക മുസ്ലീങ്ങളും കൃസ്ത്യാനികളും , മുമ്പ് അവര്‍ ഏത് ജാതിയില്‍ പെട്ടവരായിരുന്നാലും, ഹിന്ദുമതത്തില്‍ നിന്നല്ല വന്നത്. അവര്‍ അവരവരുടെ ജാതികളില്‍ നിന്നാണ് വന്നത്. അനേകം ജാതികളുടെ ഒരു കുട(Umbrella of castes) എന്ന രൂപത്തില്‍ പില്‍ക്കാലത്ത് ഉയര്‍ന്നു വന്നതാണ് ഹിന്ദുമതം
ആദിമമായ സ്വത്വത്തെക്കുറിച്ച് സംഘപരിവാരമുയര്‍ത്തുന്ന അവകാശ വാദങ്ങള്‍ പരസ്പരബന്ധിതമാണ്. മൂന്ന് സ്വത്വങ്ങളാണ് അവര്‍ ആഘോഷിക്കുന്നത്:
1)അഖണ്ഡഭാരതം, പ്രാചീനമായ ചരിത്രമുള്ള ഭാരതപാരമ്പര്യം എന്ന മിത്തിലധിഷ്ഠിതമായ ദേശീയവാദം
2) പ്രാക്തന കാലം മുതലുള്ളതും എല്ലാവര്‍ക്കും ബാധകമായതുമായ മതപരമായ ചരിത്രമുള്ള ഹൈന്ദവ സംസ്‌കൃതി
3) ഈ ഭൂഭാഗത്തിലെ പൊതുഭാഷ എന്ന നിലയില്‍ സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദി
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇപ്പറഞ്ഞ മൂന്ന് സ്വത്വങ്ങള്‍ക്കും മതിയായ ചരിത്രമില്ല. ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്ത് എത്തിയപ്പോള്‍(കുറേ കാലങ്ങള്‍ക്ക് ശേഷം ‘ഇന്ത്യ’ എന്ന് വിളിക്കപ്പെട്ട പ്രദേശം) ഇവിടെ നിരവധി രാജ്യങ്ങളുണ്ടായിരുന്നു.  ഈസ്റ്റിന്ത്യാ കമ്പനി എന്ന പേരിലുള്ള ഒരു വ്യാപാര കമ്പനിയായിട്ടാണ് അവര്‍ വന്നത്.ഇന്ന് കേരളം എന്നറിയപ്പെടുന്ന മേഖലയില്‍ അധിനിവേശ ശക്തികള്‍ വന്നിറങ്ങിയപ്പോള്‍ കോഴിക്കോട് സാമൂതിരി, കൊച്ചി മഹാരാജാവ്, തിരുവിതാംകൂര്‍ മഹാരാജാവ്  എന്നിവരുടെ കീഴില്‍ മൂന്ന് രാജ്യങ്ങള്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇന്ത്യ എന്ന് വിളിക്കപ്പെടുന്ന മേഖലയിലുടെ വിവിധ ഭാഗങ്ങളിലും സ്വതന്ത്രമായ അനേകം രാജ്യങ്ങളുണ്ടായിരുന്നു.  ഇന്ത്യക്ക് ദീര്‍ഘമായ ഒരു പ്രാചീന ചരിത്രമുണ്ടെന്ന് ഏതെങ്കിലും ചരിത്രകാരന്‍ എഴുതുന്നുവെങ്കില്‍ ആ നിഗമനത്തിനാധാരം ഒരുപാട് നുണകളാണെന്ന് നാം മനസ്സിലാക്കണം. കൊളോണിയല്‍ ചരിത്രകാരന്‍മാരും സ്വതന്ത്ര ഇന്ത്യയിലെ സവര്‍ണ്ണ
ചരിത്രകാരന്‍മാരും പരസ്പര പൂരിതമായിട്ടാണ് ചരിത്ര രചന നടത്തിയത്. ദളിതുകളുടേയും മുസ്ലീങ്ങളുടേയും ആദിവാസികളുടേയും ചരിത്രത്തെ അടിച്ചമര്‍ത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അധിനിവേശ ശക്തികള്‍ക്കെതിരായി മുസ്ലീങ്ങളും ആദിവാസികളും നടത്തിയ നിരവധി കലാപങ്ങളെക്കുറിച്ച് നമ്മുടെ ചരിത്ര വിദ്യാര്‍ത്ഥികക്ക് പഠിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്. കുറേക്കാലങ്ങള്‍ക്ക് ശേഷം മറ്റൊരു ഘട്ടത്തില്‍ നടന്ന സ്വാതന്ത്ര സമരത്തിന് നേതൃത്വം നല്‍കിയ സവര്‍ണ്ണ നേതാക്കളെക്കുറിച്ചാണ് അവര്‍ ധാരാളമായി പഠിക്കുന്നത്.എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരു ‘കമ്പനി’ എന്ന നിലയില്‍ ഇന്ത്യ രൂപപ്പെട്ടത് ബ്രിട്ടീഷുകാരുടെ മുന്‍കൈയിലുള്ള ഒരു കമ്പനിയായിട്ടാണ് എന്നതാണ്. ഇന്ന് നരേന്ദ്ര മോദി വീണ്ടും അതിനെ ഒരു കമ്പനിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കോര്‍പ്പറേറ്റ് ലാക്കോടെ ഈ രാജ്യത്തിലെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ സകല ബഹുരാഷ്ട്ര കുത്തകകളേയും വൈദേശിക ശക്തികളേയും അദ്ദേഹം ക്ഷണിക്കുകയാണ്. ഈ പ്രക്രിയയില്‍ ഇന്ത്യന്‍ ഭരണകൂടം അതിവേഗം കോര്‍പ്പറേറ്റ് ലോകത്തിന്റെ ഒരു അനുബന്ധകമ്പനിയായി മാറിക്കൊണ്ടിരിക്കുന്നു.
ബ്രിട്ടീഷധിനിേവശ ഭരണത്തിന് ശേഷം സ്വതന്ത്ര ഇന്ത്യയുടെ പ്രതീകമായി തെരഞ്ഞെടുക്കപ്പെട്ടത് അശോകചക്രത്തോടുകൂടിയ ദേശീയപതാകയായിരുന്നു. നമ്മുടെ നാണയങ്ങളിലെ മൂന്ന് സിംഹങ്ങളും അശോകനെന്ന രാജാവിന്റെ ചരിത്രത്തെ പ്രതിനിധാനം ചെയ്യുന്നവയാണ്. അദ്ദേഹത്തിന്റെ രാജ്യത്തിന്റെ മൂന്ന് വിഭാഗങ്ങളെയാണ് സിംഹങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അശോകന്റെ കാലത്ത് ഇന്ത്യ ഉണ്ടായിരുന്നില്ല. അശോകന്‍ എന്ന ഈ രാജാവ് ആരായിരുന്നു എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഈ മേഖലയിലെ അനേകം ദളിതുകളേയും ആദിവാസികളേയും കൊന്നൊടുക്കിയ ഏറ്റവും വലിയ  യുദ്ധപ്രിയനായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ദ്രാവിഡരെ കശാപ്പ്‌ചെയ്ത് മടുത്തതിന് ശേഷമാണ് സവര്‍ണ്ണനായ അശോക രാജാവ് ബുദ്ധമതം സ്വീകരിച്ചത്.  അദ്ദേഹം ആത്മീയതയിലേക്ക് തിരിയുകയും ജനങ്ങളെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്താന്‍ വേണ്ടി സവര്‍ണ്ണരായ ബുദ്ധമതക്കാരെ ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തു.  ആര്യന്‍മാരില്‍ നിന്ന് മതം മാറി വന്ന ഈ ബുദ്ധമതക്കാരാണ് സമീപകാല ചരിത്രത്തില്‍ ഇരുനൂറായിരം ദ്രാവിഡരുടെ കൊലപാതകത്തിന് കാരണക്കാരായത്. എന്നിട്ടും സ്വതന്ത്ര ഇന്ത്യയുടെ ദേശീയത്വത്തിന്റെ അടിസ്ഥാനമായി അശോകന്റെ പ്രതീകങ്ങള്‍ സ്വീകരിക്കപ്പെട്ടത് എന്തുകൊണ്ട് എന്നതാണ് പ്രശ്‌നം. ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ദ്രാവിഡരെ കീഴടക്കിയ പ്രധാന രാജാക്കന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം എന്നതാണ് ഇതിനുള്ള ഒരേയൊരു കാരണം.
ബുദ്ധമതം ഇന്ത്യയിലാണ് ഉത്ഭവിച്ചതെങ്കിലും സവര്‍ണ്ണര്‍ തന്നെയാണ് ബുദ്ധമതക്കാരെ ഇവിടെ നിന്ന് ആട്ടിയോടിച്ചത്. അവരെ സംബന്ധിച്ച് ബുദ്ധന്‍ ജാതീയമായ വിവേചനങ്ങള്‍ക്കെതിരെ നിലകൊണ്ട രാജാവായിരുന്നു. ചരിത്രത്തിലെ വിവിധ ഘട്ടങ്ങളില്‍ ആര്യന്‍മാര്‍ വിവിധ രൂപങ്ങളില്‍ സ്വയം രൂപം മാറിയിരുന്നു. അധിനിവേശ കാലഘട്ടത്തില്‍ ദളിതുകളുടേയും ആദിവാസികളുടേയും വിശ്വാസപ്രമാണങ്ങളേയും ദേവന്‍മാരേയും സ്വന്തമാക്കി ഹിന്ദുമതത്തെ അവര്‍ പുനരുദ്ധരിക്കുകയുണ്ടായി. ഇത് ബ്രിട്ടീഷുകാര്‍ക്കും സവര്‍ണ്ണ ജാതിക്കാര്‍ക്കും ഗുണം ചെയ്തു. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും വിഭജിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് എളുപ്പമായി. സ്വാതന്ത്ര്യാനന്തര ഭരണാധികാരികളും വിഭജിച്ച് ഭരിക്കുക എന്ന അതേ കളി തന്നെയാണ് തുടരുന്നത്.
സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദിയാണ് സംഘപരിവാരം അള്ളിപ്പിടിക്കുന്ന മൂന്നാമത്തെ സ്വത്വം. ഔദ്യോഗിക രേഖകള്‍ പ്രകാരം ഇന്ത്യയില്‍ മാതൃഭാഷയായി സംസ്‌കൃതം ഉപയോഗിക്കുന്നവരുടെ എണ്ണം 49736 ആണ്. എന്നാല്‍ തങ്ങളുടെ മാതൃഭാഷയായി സാന്താളി ഭാഷ സംസാരിക്കുന്ന ആദിവാസികളുടെ എണ്ണം 5216325 ആണ്. പക്ഷേ ഈ രണ്ട് ഭാഷകള്‍ക്കുള്ള ഒദ്യോഗിക പദവികള്‍ക്ക് ഉടമയും അടിമയും തമ്മിലുള്ളതുപോലുള്ള വ്യത്യാസമുണ്ട്. സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദിയുടെ മേല്‍ക്കോയ്മയെ തമിഴ് നാട്ടിലെ ദ്രാവിഡര്‍ ചെറുക്കുകയുണ്ടായി. എന്നാല്‍ ഉത്തരേന്ത്യയില്‍ ഹിന്ദിയുടെ മേല്‍ക്കോയ്മ പല ഭാഷകളേയും അടിച്ചമര്‍ത്തി എന്ന വസ്തുത അവശേഷിക്കുന്നു. ഒരു ഹിന്ദി ഫീച്ചര്‍ ഫിലിമില്‍ ആരെങ്കിലും ഭോജ്പുരി ശൈലിയില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ ആ പ്രത്യേക കഥാപാത്രത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭാഷാസംസ്‌കാരത്തെ അധിക്ഷേപിക്കാന്‍ വേണ്ടിയാണത്. സംഘപരിവാരത്തിന്റെ ആര്യന്‍ വിഭാഗങ്ങള്‍ ഹിന്ദിദേശീയവാദവുമായി ലയിച്ച ഹൈന്ദവ ദേശീയവാദമാണ് മുന്നോട്ട് വെക്കുന്നത്. പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ ഹിന്ദിയുടെ അധിനിവേശം ഒഡീഷയിലെ ആദിവാസി ഭാഷകള്‍ക്ക് മേല്‍ ഒറിയ ഭാഷയുടെ അധിനിവേശത്തിന് സമാനമാണ്. എന്നാല്‍ രണ്ടിനും പൊതുവായ ഒരു കാര്യമുണ്ട്: പ്രാദേശിക സംസ്‌കാരങ്ങള്‍ക്കിടയില്‍ ഭാഷാപരമായ ഒരു ആര്യന്‍ കടന്നുകയറ്റത്തെയാണ് അവ പ്രതിനിധാനം ചെയ്യുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഈ ഉപഭൂഖണ്ഡത്തിന്റെ തദ്ദേശീയമായ ചരിത്രത്തെ തിരിച്ചുപിടിയ്ക്കുക എന്നതാണ് കീഴാള ചരീത്രകാരന്‍മാര്‍ക്ക് മുമ്പിലുള്ള വെല്ലുവിളി. ഈ മേഖലയിലെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ക്ക് ഇത് പുതിയ അര്‍ത്ഥം പകരും. ഹിന്ദുമതം, കൃസ്തുമതം, ഇസ്ലാം എന്നിവയുമായി ഒരു ബന്ധവുമില്ലാത്ത തദ്ദേശീയമായ വിശ്വാസങ്ങളുടേയും ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും ശേഷിപ്പുകളെ സംരക്ഷിക്കുക എന്നതാണ് ഏറ്റവും മര്‍മ്മപ്രധാനമായിട്ടുള്ളത്. ഈ സംസ്‌കാരത്തെ സംഘപരിവാരം സജീവമായി സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഇരയും ഈ സംസ്‌കാരം തന്നെയാണ്.
സിവില്‍ സമൂഹത്തിന്റെ ബോധത്തെ രൂപപ്പെടുത്താന്‍ വേണ്ടി രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമങ്ങളും നുണകളെ പ്രോല്‍സാഹിപ്പിക്കുന്നു  എന്നു മാത്രമല്ല നമ്മുടെ ആദരണീയരായ അക്കാദമിക ചരിത്രകാരന്‍മാരും നുണകളെ  സജീവമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
ആര്‍എസ്സെസ്സിനാല്‍ നിയോഗിക്കപ്പെട്ട ICHR(ഇന്ത്യന്‍ ചരിത്ര ഗവേഷണ സമിതി) ഡയരക്ടര്‍ രാമായണവും മഹാഭാരതവും ചരിത്രമാണ്, മിത്തല്ല എന്ന് അവകാശപ്പെടുകയുണ്ടായി. ഇന്ത്യയില്‍ ചരിത്രം എന്ന സംജ്ഞക്ക് ഭിന്നമായ ഒരു പദവി കൈവന്നിരിക്കുന്നു എന്നാണ് യുക്തിബോധമുള്ളവര്‍ ഇതോടെ മനസ്സിലാക്കുക. നാം എന്താണ്, എന്തായിരുന്നു, എന്തായിത്തീരും തുടങ്ങിയ ചോദ്യങ്ങള്‍ നിങ്ങളുടെ മനസ്സിനേയും ശരീരത്തേയും ഭരിക്കാന്‍ ദൃഡനിശ്ചയം ചെയ്തിട്ടുള്ള ഏറെ കാര്യശേഷിയുള്ളതും സംഘടിതവുമായ ഒരു സംഘടനയുടെ നിയന്ത്രണത്തിന് കീഴിലാണ്.
ഇത്തരമൊരു ചുറ്റുപാടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയെ സംശയിക്കാന്‍ ഒരു കാരണവുമില്ല. ഒരുപക്ഷേ  അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ഹിന്ദുമതം ഒരു സംഘടിത മതമായി മാറിയതിനു ശേഷം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തവരായിരിക്കാം. അതുകൊണ്ട് പ്രസ്താവനയെ ആഘോഷിക്കാന്‍ ഞടടനും അസ്വസ്ഥരാവാന്‍ മുസ്ലീങ്ങള്‍ക്കും ഒരു കാരണവുമില്ല. മുസ്ലീങ്ങളും കൃസ്ത്യാനികളും ഹിന്ദുക്കളില്‍ നിന്നും വന്നവരാണെന്ന നിഗമനത്തില്‍ അത്തരമൊരു പ്രസ്താവനയില്‍ ഞടട സന്തോഷിക്കുന്നുവെങ്കില്‍ സുപ്രധാനമായ ഒരു ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്: മുസ്ലീങ്ങളും കൃസ്ത്യാനികളും ഹിന്ദുക്കളില്‍ നിന്ന് വന്നവരാണെങ്കില്‍ നിങ്ങളവരെ വിദേശികള്‍ എന്ന് മുദ്ര കുത്തി അവര്‍ക്കെതിരെ പ്രചരണം നടത്തുന്നതെന്തുകൊണ്ട്? ഗുജറാത്തിലും മുസഫര്‍ നഗറിലും കണ്ഡാമാളിലും മറ്റനേകം സ്ഥലങ്ങളിലും അവരെ കശാപ്പ് ചെയ്തതെന്തുകൊണ്ട്?
ഇന്ത്യയിലെ ആദ്യത്തെ കടന്നു കയറ്റക്കാരായ ആര്യന്‍മാരുടെ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഹിറ്റ്‌ലറും ആറെസ്സെസ്സും എന്ന് നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ആര്യന്‍മാര്‍ എന്ന ഈ ആദ്യ വിദേശികള്‍ ഉപഭൂഖണ്ഡത്തിലെ (ഏറെ പില്‍ക്കാലത്ത് ഇന്ത്യ എന്നറിയപ്പെട്ട മേഖല)ആദിമമായ തദ്ദേശീയ സംസ്‌കാരത്തെ വേരോടെ പിഴുത് മാറ്റി. ഈ പിഴുത് മാറ്റല്‍ ഭൗതികമായി മാത്രമല്ല, ബോധതലത്തിലും നടക്കുകയുണ്ടായി. തദ്ദേശീയ ജനതയുടെ ഭൂമി ആര്യന്‍മാര്‍ പിടിച്ചെടുത്ത രീതി റെഡ് ഇന്ത്യക്കാരുടെ ഭൂമി അമേരിക്കക്കാര്‍ പിടിച്ചെടുത്തതിന് സമാനമായിരുന്നു.. ആദിവാസികളെ വനവാസികള്‍ എന്ന് വിളിക്കാനാണ് RSS ന് ഇഷ്ടം. കാരണം ഇവിടെയുള്ള ആദിമ നിവാസികളായി അവരെ കാണാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്.ആര്യന്‍ മേധാവിത്വം എന്ന പൊതുബോധം  ദ്രാവിഢര്‍ക്കിടയില്‍പോലും സമൂലമായി പ്രചരിക്കുകയുണ്ടായി. തെന്നിന്ത്യയില്‍ ‘ആര്യന്‍’ റെസ്‌റ്റോറന്റുകള്‍ ‘വൃത്തിയുള്ളതും’ ‘ശുദ്ധവും’ ആണെന്ന ധാരണയുണ്ട്. എന്നാല്‍ അവര്‍ ഭക്ഷണം പാകം ചെയ്യുന്ന അടുക്കളകളില്‍ പോയി നോക്കിയാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും. തെന്നിന്ത്യയിലെ ജനപ്രിയ ഫിലിമുകളിലും ആര്‍ട് ഫിലിമുകളിലും ആര്യന്‍ മേധാവിത്വം പ്രതിഫലിക്കുന്നുണ്ട്. മലയാളത്തില്‍ ‘ആര്യന്‍’ എന്ന പേരില്‍ ഒരു വമ്പന്‍ ഫീച്ചര്‍ ഫിലിം ഹിറ്റായിരുന്നു. വിദ്യാസമ്പന്നരായ ദ്രാവിഡരെല്ലാം ഒട്ടും ചോദ്യം ചെയ്യാതെ സംതൃപ്തിയോടെ കാശ് മുടക്കി അത് കാണുകയുണ്ടായി
സുപ്രധാനമായ മറ്റൊരു ചോദ്യം ഇതാണ്: ദളിതുകളില്‍ നിന്നും ആദിവാസികളില്‍ നിന്നും കൃസ്തുമതത്തിലേക്കും ഇസ്ലാമിലേക്കുംപരിവര്‍ത്തനം ചെയ്യപ്പെട്ടവരുടേയും(തീര്‍ച്ചയായും അവരാണ് ഭൂരിപക്ഷം)ഈ മതങ്ങളിലേക്ക് സവര്‍ണജാതികളില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരുടേയും പെരുമാറ്റ രീതികള്‍ക്ക് വ്യത്യാസമുണ്ടോ? കാന്ധമാളിലെ ദളിത് കൃസ്ത്യാനികളുടേയും ആദിവാസി കൃസ്ത്യാനികളുടേയും പെരുമാറ്റത്തെ കേരളത്തിലെ സവര്‍ണരില്‍ നിന്ന് വന്ന കൃസ്ത്യാനികളുടെ പെരുമാറ്റവുമായി തട്ടിച്ച് നോക്കുമ്പോള്‍ സ്പഷ്ടമായ വ്യത്യാസങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്യാടന്റെ കുടുംബത്തിന് സവര്‍ണജാതി പശ്ചാത്തലമുണ്ടെങ്കില്‍ ഈ പ്രസ്താവനയുടെ സ്വഭാവം നമുക്ക് മനസ്സിലാക്കാന്‍ കഴിയും. എന്റെയുള്ളില്‍ അവസാനമായി ഒരു ചോദ്യം കൂടിയുണ്ട്: ആര്യന്‍ ആര്യാടന്‍  എന്നീ പദങ്ങള്‍ തമ്മില്‍ ഭാഷാപരമായ എന്തെങ്കിലും ബന്ധമുണ്ടോ?

പരിഭാഷ: അജിത് നരിക്കുനി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply