പലേക്കര്‍ മൗലികവാദികളോട് – ആരും അവസാന വാക്കല്ല

സണ്ണി പൈകട കഴിഞ്ഞ നാലുവര്‍ഷമായി ഞാനും ചെലവില്ലാ കൃഷിതന്നെയാണ് ചെയ്യുന്നത്. ഞാന്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ ചാണകവും മൂത്രവും അവയുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതവുമല്ലാതെ എന്റെ കൃഷിയിടത്തില്‍ വളമായി മറ്റൊന്നുമുപയോഗിക്കുന്നില്ല. രാസവളത്തിനും കീടനാശിനികള്‍ക്കും എന്റെ കൃഷിയിടത്തില്‍ സ്ഥാനമില്ലാതായിട്ട് ആറുവര്‍ഷത്തോളമായി. എന്റെ അനുഭവത്തില്‍ ചെലവില്ലാകൃഷിരീതി ഏറെ സ്വീകാര്യമായതുമാണ്. എന്നാല്‍ കൃഷിയുടെ അവസാന ശാസ്ത്രമാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് പറയാതെ പറയുകയും മറ്റ് ജൈവകൃഷി രീതികളെല്ലാം അപകടകരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ‘അസഹിഷ്ണുതയുടെ കൃഷി’ തികച്ചും അരോചകകരമായി എനിക്കനുഭവപ്പെടുന്നു. രാസകൃഷിയുടെ വ്യാവസായിക താത്പര്യങ്ങളും […]

palekkarസണ്ണി പൈകട

കഴിഞ്ഞ നാലുവര്‍ഷമായി ഞാനും ചെലവില്ലാ കൃഷിതന്നെയാണ് ചെയ്യുന്നത്. ഞാന്‍ വളര്‍ത്തുന്ന നാടന്‍ പശുവിന്റെ ചാണകവും മൂത്രവും അവയുപയോഗിച്ചുണ്ടാക്കുന്ന ജീവാമൃതവുമല്ലാതെ എന്റെ കൃഷിയിടത്തില്‍ വളമായി മറ്റൊന്നുമുപയോഗിക്കുന്നില്ല. രാസവളത്തിനും കീടനാശിനികള്‍ക്കും എന്റെ കൃഷിയിടത്തില്‍ സ്ഥാനമില്ലാതായിട്ട് ആറുവര്‍ഷത്തോളമായി. എന്റെ അനുഭവത്തില്‍ ചെലവില്ലാകൃഷിരീതി ഏറെ സ്വീകാര്യമായതുമാണ്.
എന്നാല്‍ കൃഷിയുടെ അവസാന ശാസ്ത്രമാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് പറയാതെ പറയുകയും മറ്റ് ജൈവകൃഷി രീതികളെല്ലാം അപകടകരമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ‘അസഹിഷ്ണുതയുടെ കൃഷി’ തികച്ചും അരോചകകരമായി എനിക്കനുഭവപ്പെടുന്നു. രാസകൃഷിയുടെ വ്യാവസായിക താത്പര്യങ്ങളും അതിലൊളിഞ്ഞിരിക്കുന്ന സാമ്രാജ്യത്വ അജണ്ടകളും ചോദ്യം ചെയ്യുന്നത് മനസ്സിലാക്കാം. ജൈവകൃഷി രംഗത്തുള്ള കച്ചവട താത്പര്യങ്ങളും തുറന്നു കാണിക്കേണ്ടതാണ്. എന്നാല്‍ രാസകൃഷിരീതികള്‍ മുന്നോട്ടു വയ്ക്കുന്ന ഭീകരമായ കീടനാശിനികളും രാസവളക്കൂട്ടുകളും പാടെ ഒഴിവാക്കിക്കൊണ്ട് പരമ്പരാഗതമായ കൃഷി രീതികള്‍ അവലംബിക്കുന്ന ജൈവ കര്‍ഷകരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ‘പലേക്കര്‍ ഭക്തരുടെ’ വാദഗതികള്‍ എന്തു താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തില്‍ ചെലവില്ലാകൃഷിരീതിയുടെ വിത്തിറക്കാന്‍ പലേക്കര്‍ എത്തിയത്, രാസകൃഷിക്കെതിരെ വിവിധ ജൈവകൃഷിരീതികള്‍ പ്രചരിപ്പിക്കുന്ന ചെറുതും വലുതുമായ സംഘടനകള്‍ ഉഴുതുമറിച്ചിട്ട കൃഷിഭൂമിയിലേക്കാണ്. പലേക്കറെ ശ്രവിക്കാന്‍ ആളുകളെ സംഘടിപ്പിച്ചതും, ആ ജൈവകൃഷി രീതിയെന്തെന്ന് മനസ്സിലാക്കാന്‍ തുറന്നമനസ്സോടെ ഓടിക്കൂടിയവരും ജൈവകര്‍ഷകര്‍തന്നെയായിരുന്നു. അന്നൊന്നും ജൈവകൃഷിക്കെതിരെ ഇന്നത്തേതുപോലെ അട്ടഹസിക്കാത്തവര്‍, ചെലവില്ലാകൃഷിരീതി അനുവര്‍ത്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ അവരെ സംഘടിപ്പിക്കാനും കേരളത്തില്‍ ജൂനിയര്‍ പാലേക്കര്‍മാരാവാനും ഇപ്പോള്‍ ട്യൂണ്‍ മാറ്റുന്നതിനെ ആ നിലയില്‍ത്തന്നെ മനസ്സിലാക്കണം. ജൈവകൃഷിയെന്നോ ജൈവകര്‍ഷകസംഘടനകളെന്നോ പറഞ്ഞ് ഇതുവരെ രാസകൃഷിക്കെതിരെ പൊരുതിയവരെല്ലാം വിവരംകെട്ടവരായി. രാസകൃഷിയേക്കാള്‍ മാരകമായ ജൈവകൃഷിരീതി പ്രചരിപ്പിക്കുന്നവരുമായി പലേക്കര്‍ ഭക്തര്‍ അനുവര്‍ത്തിക്കുന്ന ഈ സമീപനത്തിലെ സങ്കുചിതത്വം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.
ഒരു കൃഷിരീതിയും അവസാനത്തെവാക്കെന്ന നിലയില്‍ അവതരിക്കപ്പെടുന്നതിലര്‍ത്ഥമില്ല. കൃഷി രീതിയുടെ കാര്യത്തില്‍ മാത്രമല്ല, അവസാനവാക്കെന്നനിലയില്‍ അവതരിപ്പിക്കപ്പെടുന്ന എല്ലാ തിയറികളും അവിശ്വസിക്കപ്പെടേണ്ടതാണ്. ചരിത്രത്തിലെ അനുഭവമാണത്. കാലത്തിനും ദേശത്തിനും അനുസൃതമായ ആപേക്ഷിക സത്യങ്ങള്‍ മാത്രമേ മനുഷ്യന് ആവിഷ്‌കരിക്കാനാവൂ. ആപേക്ഷിക സത്യങ്ങളെ ആത്യന്തിക സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നതും, അത്തരം അവതരണങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങുന്നതും സാംസ്‌ക്കാരികവും ബൗദ്ധികവുമായ പാപ്പരത്തം മൂലമാണ്. ചിലപ്പോള്‍ സ്ഥാപിത താത്പര്യങ്ങള്‍ മൂലമാകാം. പലേക്കര്‍ കൃഷിരീതിയൊഴികെയുള്ള എല്ലാ രീതികളും അസാധുവാണെന്നു പ്രഖ്യാപിക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുടെ പിന്നില്‍ ഇതില്‍ എന്താണെന്ന് ആലോചിക്കേണ്ടതുണ്ട്.
രാസകൃഷിയൊഴികെയുള്ള എല്ലാ കൃഷിരീതികളുടെയും ഉപജ്ഞാതാക്കള്‍ കര്‍ഷകര്‍ തന്നെയാണ്. ചിലരീതികള്‍ ചിലര്‍ പ്രചരിപ്പിച്ചു എന്നതിനപ്പുറം ഒന്നുമില്ല. എന്നാല്‍ ചില  പ്രചാരകര്‍ ആചാര്യഭാവത്തോടെ ഞെളിയുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. ഇത്തരം ആചാര്യന്മാരുടെ നേര്‍ശിഷ്യന്മാരായി ഭാവിച്ച് ആരും സ്വന്തം ഉയരം കൂട്ടാനും മറ്റുള്ളവരെ ചവിട്ടിത്താഴ്ത്താനും ശ്രമിക്കരുത്. അങ്ങനെ ശ്രമിക്കുന്നത് തന്നെ പ്രകൃതികൃഷിയുടെ സംസ്‌ക്കാരത്തിനു വിരുദ്ധമാണ്. വൈവിധ്യമാണ് പ്രകൃതിയുടെ ഭാവം. വൈവിധ്യമേറിയ കൃഷിരീതികള്‍ ഇവിടെ നിലനില്‍ക്കണം. ബയോ ഡയനാമിക് കൃഷിരീതികള്‍ പരമ്പരാഗതമായി കര്‍ഷകര്‍ അനുവര്‍ത്തിച്ചുപോരുന്ന ചാണകവും, ചാരവും, കുഴികമ്പോസ്റ്റുമൊക്കെ ഉപയോഗിച്ചുള്ള കൃഷിരീതികള്‍, പെര്‍മാകള്‍ച്ചര്‍ തുടങ്ങിയ രീതികളൊക്കെ ഇവിടെ നിലനിന്നോട്ടെ. അതിനിടയില്‍ ചെലവില്ലാകൃഷിക്കും ഇടമുണ്ടല്ലോ. ബാക്കിജൈവകൃഷിരീതികളെയെല്ലാം റദ്ദ്‌ചെയ്ത് ഇടംപിടിക്കാനുള്ള പലേക്കര്‍ ശിഷ്യരുടെ തത്രപ്പാട് കാണുമ്പോള്‍ നിരാശ തോന്നുന്നു. ജൈവകൃഷിരീതിയിലൂടെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവിളകളില്‍ വിഷം കലരുന്നു. ജൈവകൃഷി ആഗോളതാപനം വര്‍ദ്ധിപ്പിക്കും എന്നു തുടങ്ങിയ ആക്ഷേപങ്ങളുടെ പട്ടിക നിരത്തി പുകമറ സൃഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണ്? മണ്ണിര കമ്പോസ്റ്റിലോ, ബ്രോയിലര്‍ ഫാമുകളിലെ കോഴിക്കാഷ്ടത്തിലോ ഉള്ള പ്രശ്‌നങ്ങളുടെ പേരില്‍ ജൈവകൃഷിയെ ഒന്നടങ്കം ആക്ഷേപിക്കുന്നതിന്റെ യുക്തിയെന്ത്?
ജൈവകര്‍ഷകരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് മണ്ണിരകമ്പോസ്റ്റും ബ്രോയിലര്‍ കോഴിക്കാഷ്ഠവും മറ്റുമുപയോഗിക്കുന്നത്. നാടന്‍പശുവിന് മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന കാലിത്തീറ്റകൊടുത്താല്‍ അവയുടെ ചാണകത്തിന്റെ ഗുണവും മാറുമെന്നുറപ്പല്ലെ. മാത്രവുമല്ല അഞ്ചും പത്തും സെന്റില്‍ ജീവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുള്ള കേരളത്തില്‍ അവര്‍ക്കൊന്നും നാടന്‍പശു വളര്‍ത്തലും ജൈവാമൃതനിര്‍മ്മാണവും പ്രായോഗികമല്ലെന്നിരിക്കെ അവര്‍ അല്പം കമ്പോസ്റ്റും മറ്റുമുപയോഗിച്ച് (ഗൃഹമാലിന്യങ്ങള്‍ സംസ്‌ക്കരിച്ച്) പപച്ചക്കറിയും മറ്റും കൃഷി ചെയ്തു തുടങ്ങുന്ന ഈ കാലഘട്ടത്തില്‍ ചെലവില്ലാകൃഷി അല്ലാതുള്ള ജൈവകൃഷി, രാസകൃഷിയേക്കാള്‍ അപകടമാണെന്ന് പ്രചരിപ്പിക്കുന്നത് ആരെ നന്നാക്കാനാണ് എന്ന് മനസ്സിലാവുന്നില്ല.
കേരളത്തിലെ പാലേക്കര്‍ ശിഷ്യന്മാര്‍ ഈ വിധത്തില്‍ പെരുമാറുന്നതിനെ പാലേക്കറുടെ തന്നെ സമീപനങ്ങളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. ഏകദേശം നാലുവര്‍ഷം മുമ്പ് ആലപ്പുഴ എസ്.എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമ സേവാകേന്ദ്രത്തില്‍ വച്ച് സംഘടിപ്പിക്കപ്പെട്ട പലേക്കറുടെ കൃഷി പരിശീലനക്യാമ്പില്‍ പങ്കെടുത്തയാളാണ് ഞാന്‍. ആ ക്യാമ്പില്‍ ഒരു തവണപോലും പലേക്കര്‍ ഫുക്കുവോക്കയുടെ നാമം പരാമര്‍ശിച്ചു കേട്ടില്ല. ലോകമാദരിക്കുന്ന ആ കൃഷി ദാര്‍ശികനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടാണ് പലേക്കര്‍ സ്വന്തം പ്രകൃതികൃഷി സിദ്ധാന്തം അവതരിപ്പിക്കുന്നത്. മറ്റൊരാളെയോ, മറ്റൊരാള്‍ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകളെയോ അംഗീകരിക്കില്ല, ഞാനാണ് ആദ്യവും അവസാനവും എന്ന മുരടന്‍ ശാഠ്യം ആര് പ്രകടിപ്പിച്ചാലും അത് കാലഘട്ടത്തിന് യോജിച്ചതല്ല. ഗുരുവിന്റെ പാതയില്‍ത്തന്നെയാണ് ശിഷ്യന്മാരും എന്നതില്‍ ഗുരുവിന് സന്തോഷിക്കാം. പലേക്കര്‍ അവതരിപ്പിക്കുന്ന പ്രകൃതികൃഷി സിദ്ധാന്തം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സ്വന്തമാണോ എന്ന ചോദ്യവും അസ്ഥാനത്തല്ല. ഇവിടെ സൂചിപ്പിച്ച എസ്.എല്‍ പുരം ക്യാമ്പിന് രണ്ടാഴ്ചമുമ്പ് അതേസ്ഥാപനത്തില്‍ വച്ചുതന്നെ സംഘടിപ്പിക്കപ്പെട്ട ഹിന്ദ് സ്വരാജ് ശതാബ്ദി സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പലേക്കറുടെ നാട്ടുകാരിയായ പ്രമുഖ ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തക കരുണാ ദേശായി ഞാനുള്‍പ്പെടെ ഏതാനും സുഹൃത്തുക്കളോട് വ്യക്തിപരമായി പറഞ്ഞകാര്യം ഓര്‍ത്തുപോകുന്നു. ”പലേക്കര്‍ പ്രചരിപ്പിക്കുന്ന കൃഷിരീതി ഞങ്ങളുടെ നാട്ടിലെ കര്‍ഷകര്‍ തലമുറകളായി ചെയ്തുവരുന്ന കൃഷിരീതിയാണ്. പലേക്കര്‍ ആ കൃഷിരീതിയെക്കുറിച്ച് പഠനം നടത്തി സിദ്ധാന്തവത്ക്കരിച്ച് ലോകവ്യാപകമായി പ്രചരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ അത് പലേക്കര്‍ കൃഷി രീതി എന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്നതുതന്നെ സത്യവിരുദ്ധമാണ്. ആര്‍ക്കെങ്കിലും ആ കൃഷി രീതിയുടെ പൈതൃകം അവകാശപ്പെടാനാവുമെങ്കില്‍ അതിനര്‍ഹതയുള്ളത് ഞങ്ങളുടെ നാട്ടിലെ കര്‍ഷകര്‍ക്കുമാത്രമാണ്”.  സുഭാഷ് പലേക്കര്‍ ഒരുപക്ഷേ സ്വന്തം പേരില്‍ ആ കൃഷിരീതി ‘രജിസ്റ്റര്‍’ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടാവില്ല. ശ്രദ്ധേയമായ ആ കൃഷിരീതികള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കാനുള്ള പലേക്കറുടെ പരിശ്രമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുമ്പോഴും മറ്റ് ജൈവകൃഷിരീതികളെ രാസകൃഷിയേക്കാള്‍ അപകടകരമെന്ന് വിശേഷിപ്പിക്കുന്ന അസഹിഷ്ണുതയെ അംഗീകരിക്കാനാവില്ല.
ഫുക്കുവോക്കയെ അംഗീകരിക്കാത്ത ആചാര്യന്റെ കേരളത്തിലെ ഭക്തര്‍, ഇനി മേലില്‍ ജൈവകൃഷിയെന്ന് ആരും മിണ്ടിപ്പോകരുത് എന്ന് പരോക്ഷമായി സൂചിപ്പിക്കുന്നതിന് സമാനമായി, ജൈവകൃഷി എന്ന പദത്തെ പ്രകൃതി വിരുദ്ധമായ ഒന്ന് എന്ന് ധ്വനിപ്പിക്കുന്നതില്‍ അത്ഭുതമില്ല. ഇത്തരം തന്ത്രങ്ങള്‍കൊണ്ട് പ്രകൃതി കര്‍ഷക സംഘടനയ്ക്ക് കൂടുതല്‍ ഇടമുണ്ടാക്കണമെന്ന കണക്കു കൂട്ടല്‍ അതിരുകടന്നതാണ്. ദശകങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അംഗത്വകാര്യത്തില്‍ മൂന്നക്കം തീര്‍ക്കാന്‍ കഴിയാത്ത ചില അഖിലേന്ത്യാ രാഷ്ട്രീയ പാര്‍ട്ടികള്‍, തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടേ ഇന്ത്യയില്‍ ഗുണപരമായ രാഷ്ട്രീയ പരിവര്‍ത്തനം ഉണ്ടാകൂ എന്ന് ശഠിക്കുന്നതിന് സമാനമാണ് തങ്ങളുടെതല്ലാത്ത എല്ലാ കൃഷിരീതികളും പ്രകൃതി വിരുദ്ധമാണെന്ന ന്യായം നിരത്തല്‍.
മറ്റെല്ലാറ്റിനെയും അസാധുവാക്കിയിട്ടല്ല ഒന്നും സ്വന്തം ഇടം കണ്ടെത്തേണ്ടത്. മറിച്ച് സ്വന്തം ഗുണം പ്രസരിപ്പിച്ചുകൊണ്ടാണ് ഇടം നേടേണ്ടതും ഇടം വിസ്തൃതമാക്കേണ്ടതും. പലരും സ്വന്തം ഇടം നഷ്ടപ്പെടുത്തുന്നതും സ്വന്തം ഗുണം പ്രസരിപ്പിച്ചുകൊണ്ടുതന്നെയാണെന്നതും സത്യമാണ്. എന്തായാലും ഈ കുറിപ്പിന്റെ ആദ്യം സൂചിപ്പിച്ച നോട്ടീസിലൂടെ പ്രചരണം നടത്തിയിട്ടും ദ്വിദിന കോട്ടയം പരിപാടിക്ക് രണ്ടായിരം പേരെ പ്രതീക്ഷിച്ചെങ്കിലും ആദ്യദിവസം എത്തിയത് അഞ്ഞൂറ് പേരാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ആദ്യ ദിവസത്തെ ജൈവകൃഷിവിരുദ്ധതകൊണ്ടാണോ എന്നറിയില്ല രണ്ടാം ദിവസം പങ്കാളിത്തം ആദ്യത്തെ ദിവസത്തെക്കാള്‍ പകുതിയായി. കര്‍ഷകര്‍ മണ്ടന്‍മാരാണ് എന്ന് കേരളത്തില്‍ ചിലര്‍ക്ക് ഒരു ധാരണയുണ്ട്. പലപതിനായിരങ്ങള്‍ പെന്‍ഷനും വാങ്ങി സ്വന്തം മക്കളെ ഉയര്‍ന്ന ഉദ്യോഗത്തിനുമയച്ചശേഷം ആരാന്റെ മക്കളെ കൃഷി പഠിപ്പിക്കാനും, പരിസ്ഥിതി സംരക്ഷിക്കാനും പുസ്തകജ്ഞാനവുമായി രംഗത്തിറങ്ങിയിട്ടുള്ള ധാരാളമാളുകളുള്ള ഒരു നാടാണ് കേരളം. അവരെ തിരിച്ചറിയാന്‍തക്ക വിവരമുള്ളവരാണ് കര്‍ഷകര്‍ എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം സാര്‍.

കേരളീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply