പത്രപ്രവര്‍ത്തക യൂണിയന്‍ : എന്തുകൊണ്ട് നാരായണന്‍?

മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിനും നേതൃത്വം നല്‍കിയതിനും മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സി നാരായണ്‍ ഇത്തവണ കെ യു ഡബ്ല്യൂ ജെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ത്തന്നെ തന്റെ സംഘടനയുടെ തലപ്പത്തേക്ക് ഒരു തൊഴിലാളിക്ക് മത്സരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയം ഏറെ ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ നാരായണനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നൂറ് ശതമാനവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി എന്ന ഒറ്റക്കാരണം കൊണ്ട് മാധ്യമമേഖലയില്‍ പിരിച്ചുവിടപ്പെടുന്ന […]

nമാധ്യമ പ്രവര്‍ത്തക കൂട്ടായ്മ

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയതിനും നേതൃത്വം നല്‍കിയതിനും മാതൃഭൂമിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സി നാരായണ്‍ ഇത്തവണ കെ യു ഡബ്ല്യൂ ജെ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട് രണ്ട് മാസത്തിനുള്ളില്‍ത്തന്നെ തന്റെ സംഘടനയുടെ തലപ്പത്തേക്ക് ഒരു തൊഴിലാളിക്ക് മത്സരിക്കേണ്ടി വരുന്നതിന്റെ രാഷ്ട്രീയം ഏറെ ഗൗരവമുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ നാരായണനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
നൂറ് ശതമാനവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി എന്ന ഒറ്റക്കാരണം കൊണ്ട് മാധ്യമമേഖലയില്‍ പിരിച്ചുവിടപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയാണ് നാരായണനെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാളത്തിലെ ശ്രദ്ധേയനായ കോളമെഴുത്തുകാരനും സര്‍വ്വോപരി കെ യു ഡബ്ല്യൂ ജെയുടെ പ്രമുഖ മുന്‍നേതാക്കളില്‍ ഒരാളുമായ എന്‍ പി രാജേന്ദ്രന്‍ പറയുമ്പോള്‍ അതില്‍ കൂടുതലായി എന്തെങ്കിലും നിങ്ങളോട് ഞങ്ങള്‍ പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. രാജേന്ദ്രന്‍ പറഞ്ഞതുതന്നെയാണ് ഇത്തവണത്തെ സംഘടനാ തെരഞ്ഞെടുപ്പില്‍ നാരായണന്‍ മത്സരിക്കാനുണ്ടായ സാഹചര്യങ്ങളില്‍ പ്രധാനപ്പെട്ടത്.
കേരളത്തിലെ മാധ്യമരംഗത്ത് നിലനില്‍ക്കുന്ന ഭീതിജനകവും അതേസമയം പരിതാപകരവുമായ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്ന സാഹചര്യം ഇതുപോലെ മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല.തൊഴില്‍ സുരക്ഷിതത്വം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് മാധ്യമസ്ഥാപനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചിടുകയും ശബളമോ ആനുകൂല്യങ്ങളോ ഒന്നും നല്‍കാതെ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. കേരളത്തില്‍ ഇതുവരെ ഇല്ലാതിരുന്ന കരാര്‍വല്‍ക്കരണം മാനേജ്‌മെന്റുകള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. മഹിതമായ തൊഴില്‍ പാരമ്പര്യം ഉയര്‍ത്തിപിടിച്ചിരുന്ന ജനനേതാക്കള്‍ നിയന്ത്രിച്ചുവരുന്ന സ്ഥാപനങ്ങളില്‍പോലും തൊഴിലാളികളുടെ വ്യക്തിത്വഹത്യയും പരിമിതമായ സ്വാതന്ത്ര്യം പോലും നിഷേധിക്കലും നിരന്തരമായ ഭീകര പ്രതികാര നടപടികളും നടന്നുകൊണ്ടിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യമെന്നത് മാധ്യമ ഉടമകളുടെ മാത്രം സ്വാതന്ത്ര്യമായി ചുരുങ്ങിപോയിരിക്കുന്നു.
പ്രക്ഷോഭങ്ങളിലൂടേയും സുപ്രിംകോടതിവരെ നീണ്ട നിയമപോരാട്ടത്തിലൂടേയും നമ്മള്‍ നേടിയെടുത്ത ശബള പരിഷ്‌കരണ ശുപാര്‍ശകള്‍ പോലും മിക്ക മാനേജ്‌മെന്റുകളും നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. 14 വര്‍ഷം കാത്തിരുന്ന് ലഭിച്ച വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്ന് മാനേജ്‌മെന്റുകള്‍ മിണ്ടുന്നില്ല. ഇക്കാര്യത്തില്‍ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവുപോലും ലംഘിക്കപ്പെട്ടിരിക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള പരിമിതമായ സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധി്ക്കുന്ന സമീപനമാണ് മാധ്യമ ഉടമകളുടേത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി മാതൃഭൂമിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ്. ഒരുകാലത്ത് ഒരുവിധം ഭേദപ്പെട്ട നിലയില്‍ സൗഹാര്‍ദ്ദ അന്തരീക്ഷമുണ്ടായിരുന്ന മാതൃഭൂമിയുടെ മാനേജ്‌മെന്റ് ഇന്ന് പൂര്‍ണ്ണമായും തൊഴിലാളി വിരുദ്ധ നിലപാടാണ് കൈകൊണ്ടുവരുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണെ പിരിച്ചുവിട്ടത്. എന്തുകൊണ്ടാണ് മാതൃഭൂമിയില്‍ ഇതു സംഭവിച്ചത്? മാതൃഭൂമിയിലെ ഒരു യൂണിയന്‍ നേതൃത്വവും അതിലെ ബഹുഭൂരിപക്ഷം വരുന്ന വിഭാഗവും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നുമുള്ള സംഘടനാബോധത്തോടെ പ്രവര്‍ത്തിച്ചു എന്നത് മാതൃഭൂമി മാനേജ്‌മെന്റിന്റെ തലപ്പത്തിരിക്കുന്ന ചിലരെ അസ്വസ്ഥരാക്കി. തൊഴിലാളികളുടേത് ക്ഷമിച്ചുകൂടാത്ത തെറ്റാണെന്ന് അവര്‍ കരുതി.
ഇതിനെതുടര്‍ന്ന് അന്യായമായ സ്ഥലംമാറ്റങ്ങള്‍, കടുത്ത തൊഴില്‍ പീഢനം, ഒടുവില്‍ മാതൃഭൂമി ജേര്‍ണ്ണലിസ്റ്റ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന നാരായണന്റെ പിരിച്ചുവിടല്‍. കേരള പത്രപ്രവര്‍ത്തക ചരിത്രത്തിലില്ലാത്തവിധം പീഡനത്തിന് ഇരയാക്കി ഏറ്റവും അധാര്‍മികമായി, നീതിക്കു നിരക്കാത്ത രീതിയില്‍ സ്വീകരിച്ച ഈ നടപടിയെ സാമൂഹ്യബോധവും രാഷ്ട്രീയബോധവുമുള്ള മുഴുവന്‍ പത്രപ്രവര്‍ത്തകരും ഒറ്റക്കെട്ടായി ചെറുക്കേണ്ടതാണ്. ഇത്തരം നടപടികള്‍ കൈക്കൊള്ളുന്ന മാനേജ്‌മെന്റുകള്‍ക്ക് നിശബ്ദതയായിരിക്കരുത് നമ്മുടെ മറുപടി. നാരായണനെ നമ്മുടെ സംഘടനയുടെ ജനറല്‍ സക്രട്ടറിയായി തെരഞ്ഞെടുക്കാന്‍ കഴിഞ്ഞാല്‍ അതിലും വലിയ മറുപടി നല്‍കാനില്ല. ഇന്ന് കേരളത്തിലെ മാധ്യമ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഉറപ്പായും ഉയര്‍ത്തിക്കാട്ടാവുന്ന, ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഐക്കണ്‍ നാരായണനാണ്. അദ്ദേഹം തന്നെ കെ യു ഡബ്ല്യൂ ജെയെ നയിക്കണമെന്നത് ആ സംഘടനക്ക് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാവുന്ന ഏറ്റവും വലിയ അഭിവാദ്യവുമാണ്.
മാധ്യമമേഖലയിലെ കോര്‍പ്പറേറ്റിസം നമ്മുടെ മഹിതമായ മാധ്യമപ്രവര്‍ത്തന സംസ്‌കാരത്തെ നശിപ്പിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. ഇത് മാതൃഭൂമിയിലെ മാത്രം അവസ്ഥയല്ല. അനുദിനം കോര്‍പ്പറേറ്റുകളായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ പത്രമാനേജ്‌മെന്റുകളെല്ലാം ഈ വഴിയാണ് യാത്ര ചെയ്യുന്നത്. സകല മാധ്യമസ്ഥാപനങ്ങളിലും കരാര്‍ നിയമനം നടപ്പില്‍ വന്നു കഴിഞ്ഞു. ഒരിടത്തും ജോലി സ്ഥിരതയില്ല. അനുദിനം ടെലിവിഷന്‍ ചാനലുകള്‍ രൂപം കൊള്ളുന്നു. പുറമേക്ക് കാണുന്ന ഗ്ലാമര്‍ കാഴ്ചകള്‍ക്കു പുറകില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ജനം അറിയുന്നില്ല. പലയിടത്തും ശഭളം പോലും മര്യാദക്ക് ലഭിക്കുന്നില്ല. തൊവിലാളികള്‍ക്ക് വര്‍ഷങ്ങളായുള്ള ശബളകുടിശ്ശിഖ നല്‍കുന്നില്ല. ഇന്ത്യാവിഷന്‍ ഒരു മികച്ച ഉദാഹരണം. റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റുകള്‍ ആയിരക്കണക്കിനു കോടി ചിലവാക്കി മാധ്യമമേഖലയെ അപ്പാടെ വിഴുങ്ങാന്‍ ശ്രമിക്കുന്നു. അവിടെ നടക്കുന്ന തൊഴിലാളി വിരുദ്ധതയും വെച്ചുപുറപ്പിക്കാന്‍ കഴിയാത്ത നടപടികളും പൊതുസമൂഹം അറിയുന്നതേയില്ല.
ഇനിയും നാം ഇങ്ങനെയായാല്‍ മതിയോ? വരാനിരിക്കുന്ന കാലം കടുത്ത വെല്ലുവിളികളുടേതാണ്. അത് നേരിടാന്‍ നാം സജ്ജരാണോ? സമൂഹത്തിലെ ഉന്നതക്ലാസ്സില്‍ പെടുന്നവരാണെന്ന നമ്മുടെ മിഥ്യാബോധം യാഥാര്‍ത്ഥ്യവുമായി ഒരുതരത്തിലും ബന്ധപ്പെടാത്തതാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു ലഭിക്കുന്ന മാന്യതപോലും പല സ്ഥാപനങ്ങലിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല. ഒരു നല്ല ട്രേഡ് യൂണിയനായി കെ യു ഡബ്ല്യു ജെയെ മാറ്റിയെടുക്കാനുള്ള ശ്രമം ഒരു സെക്കന്റ് പോലും വൈകിച്ചുകൂട. ഇത് അത്തരമൊരു ഘട്ടമാണ്. മാധ്യമമേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വരാന്‍ പോകുന്നവര്‍ക്കും വേണ്ടി ഈ ദൗത്യം നാം ഏറ്റെടുത്തേ മതിയാവൂ. അതിനുള്ള കാഹളമാണ് ഇത്തവണത്തെ സംഘടനാ തെരഞ്ഞെടുപ്പ്. ആശയക്കുഴപ്പങ്ങളില്ലാത്ത, ഊര്‍ജ്ജസ്വലതയും കണിശതയും സുതാര്യതയുമുള്ള ഒരു നേതൃത്വം സംഘടനക്ക് അനിവാര്യമാണ്. കൃത്യസമയത്ത് ഫലപ്രദമായും നിര്‍ഭയമായും പ്രതികരിക്കാന്‍ നമുക്ക് കഴിയണം. കാലം ആവശ്യപ്പെടുന്ന പ്രതിരോധങ്ങളിലേക്ക് പോകാനാകാത്ത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്ത നേതൃത്വമല്ല നമുക്കാവശ്യം.
ഈ തെരഞ്ഞെടുപ്പില്‍ നാരായണനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തിറങ്ങിയിട്ടുള്ള ഞങ്ങള്‍ക്ക് മുന്നോട്ടുവെക്കാനുള്ള രാഷ്ട്രീയം ഇതാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഇന്ന് അപൂര്‍വ്വമായ നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്തിന്റേയും പ്രതീകമാണ് നാരായണന്‍. അദ്ദേഹത്തെ തെരഞ്ഞെടുക്കേണ്ടത് മാധ്യമപ്രവര്‍ത്തക സമൂഹത്തിന്റെ കടമയാണെന്ന് ഞങ്ങല്‍ കരുതുന്നു…

മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply