നോട്ടു നിരോധനത്തിന്റെ ‘ഭൂതം’ രാജ്യത്തെ വീണ്ടും പിടികൂടുമ്പോള്‍

പി ജെ ജെയിംസ് 18 ലക്ഷം കോടി രൂപയിലധികം മൂല്യം-നോട്ടു നിരോധനത്തിന് മുന്‍പുള്ളതിനേക്കാള്‍ 3 ലക്ഷം കോടി രൂപയോളം കൂടുതല്‍ -വരുന്ന കറന്‍സി നോട്ടുകള്‍ ചംക്രമണത്തിലുണ്ടെന്ന് ഈ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രാജ്യം അതീവ ഗുരുതരമായ ഒരു കറന്‍സി ക്ഷാമത്തിന്റെ പിടിയിലായിരിക്കുന്നത്. ധനമന്ത്രി രോഗ ശയ്യയിലായിരിക്കുകയും പ്രധാനമന്ത്രി നേരിട്ട് ധനമന്ത്രാലയം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ ഉണ്ടായിട്ടുള്ള ഈ കറന്‍സി ക്ഷാമം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തോളമായി അനുഭവപ്പെട്ടു […]

noteപി ജെ ജെയിംസ്

18 ലക്ഷം കോടി രൂപയിലധികം മൂല്യം-നോട്ടു നിരോധനത്തിന് മുന്‍പുള്ളതിനേക്കാള്‍ 3 ലക്ഷം കോടി രൂപയോളം കൂടുതല്‍ -വരുന്ന കറന്‍സി നോട്ടുകള്‍ ചംക്രമണത്തിലുണ്ടെന്ന് ഈ ദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് രാജ്യം അതീവ ഗുരുതരമായ ഒരു കറന്‍സി ക്ഷാമത്തിന്റെ പിടിയിലായിരിക്കുന്നത്. ധനമന്ത്രി രോഗ ശയ്യയിലായിരിക്കുകയും പ്രധാനമന്ത്രി നേരിട്ട് ധനമന്ത്രാലയം കൈകാര്യം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ ഉണ്ടായിട്ടുള്ള ഈ കറന്‍സി ക്ഷാമം തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തോളമായി അനുഭവപ്പെട്ടു വരികയാണ്. കറന്‍സി ചംക്രമണത്തില്‍ നിന്നും പ്രതിമാസം ശാരാശരി 20000 കോടി രൂപ പിന്‍വലിക്കല്‍ നടക്കുന്നയിടത്ത്, ഈ ഏപ്രില്‍ മാസത്തില്‍ മാത്രം 45000 കോടി രൂപയിലധികം പിന്‍വലിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

കള്ളപ്പണവും കള്ള നോട്ടും അഴിമതിയുമെല്ലാം അവസാനിപ്പിക്കാനെന്ന വ്യാജേന ആഗോള മൂലധന കേന്ദ്രങ്ങളുടെ തീട്ടൂരപ്രകാരം മുകളില്‍ നിന്ന് കെട്ടിയിറക്കിയ നോട്ടുനിരോധനം ഇന്ത്യന്‍ സമ്പദ്ഘടനയെ കുട്ടിച്ചോറാക്കിയതല്ലാതെ അഴിമതിക്ക് ഒരു കുറവും ഉണ്ടായില്ലെന്ന് മാത്രമല്ല, മോദി ഭരണത്തിലൂടെ ലോക അഴിമതി പട്ടികയില്‍ ഇന്ത്യ പ്രഥമ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായത്. ‘കിട്ടാക്കട’മെന്ന പേരില്‍ 15 ലക്ഷം കോടിരൂപയോളം പൊതുമേഖലാ ബാങ്കുകളില്‍ നിന്നും അംബാനിയെയും അദാനിയെയും പോലുള്ള രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകള്‍ അടിച്ചുമാറ്റിയതെ തുടര്‍ന്ന് ബാങ്കുകളുടെ വിശ്വാസ്യത പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞു. കിട്ടാക്കടം മൂലം ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ ജനങ്ങളുടെ നിക്ഷേപം കണ്ടുകെട്ടുന്നതിനുള്ള കരിനിയമം ഐ എം എഫ് ആവിഷ്‌കരിച്ചിട്ടുള്ള ‘ബെയ്ല്‍-ഇന്‍’ (bail -in) പദ്ധതി യെന്ന പേരില്‍ പാസ്സാക്കിയെടുക്കാന്‍ മോഡി സര്‍ക്കാര്‍ കരുനീക്കം നടത്തിക്കൊണ്ടിരിക്കുന്നു. അതിലുപരി പൊതുമേഖല ബാങ്കുകള്‍ കോര്‍പ്പറേറ്റ് കൊള്ളക്കാര്‍ക്ക് തീറെഴുതാനുള്ള നീക്കവും നടന്നു വരുന്നു. ഇതെല്ലാം ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് കറന്‍സി കൈവശം സൂക്ഷിക്കുന്നതിന് ജനങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.

ഇപ്രകാരം പൂര്‍ണമായും സാമ്രാജ്യത്വ താല്പര്യത്തിനു വിധേയനായ മോഡിയെ ഉപയോഗിച്ച് അമേരിക്കന്‍ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങളായ USAID ഉം മറ്റും ഇന്ത്യക്കു മേല്‍ കെട്ടിയിറക്കിയ നോട്ടു നിരോധനം സമ്പത്തു കോര്‍പ്പറേറ്റുകളില്‍ കേന്ദ്രീകരിപ്പിച്ചതിനൊപ്പം ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാജ്യത്തെ നാണയ വ്യവസ്ഥയിലും ബാങ്ക് സംവിധാനത്തിലും ഉണ്ടാക്കിക്കഴിഞ്ഞ പരിഭ്രാന്തി (ഇതായിരുന്നു നോട്ടു നിരോധനത്തിന്റെ അജണ്ട ) ഒരു നിര്‍ണായക ഘടകമാകുമ്പോള്‍ തന്നെ ഇപ്പോഴുണ്ടായിട്ടുള്ള കറന്‍സിക്ഷാമത്തിന്റെ അടിയന്തിര കാരണം ചില നിഗൂഡ കേന്ദ്രങ്ങളിലേക്ക് പണം വന്‍ തോതില്‍ കടക്കുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഹിന്ദുത്വ ഫാസിസ്റ്റ് ഭരണത്തിനെതിരെ രാജ്യമാസകലം ഉണ്ടായിട്ടുള്ള ജനകീയ രോഷത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടക തെരഞ്ഞെടുപ്പും 2019 ല്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും അതി നിര്‍ണ്ണായകമായിരിക്കുന്നു. മുമ്പ് സൂചിപ്പിച്ചതുപോലെ ആന്ധ്രയും തെലുങ്കാനയും പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുപോലും കര്‍ണ്ണാടകയിലേക്ക് വന്‍ തോതില്‍ കറന്‍സി ശേഖരം കടക്കുന്നതായി ആരോപണങ്ങളുണ്ട്. പലരും നിരീക്ഷിച്ചിട്ടുള്ളതുപോലെ 2000ത്തിന്റെ നോട്ടുകളാണ് വന്‍തോതില്‍ അജ്ഞാത കേന്ദ്രത്തിലേക്ക് കടക്കുന്നത് . എന്തുവില കൊടുത്തും കര്‍ണ്ണാടക തെരഞ്ഞെടുപ്പ് അനുകൂലമാക്കാന്‍ അസാധാരണമാം വിധം നിക്ഷിപ്ത കേന്ദ്രങ്ങളില്‍ പണം കേന്ദ്രീകരിക്കുന്നുവെന്ന ആരോപണം അവഗണിക്കാവുന്നതല്ല.

അതേസമയം, ഡിജിറ്റല്‍ കൈമാറ്റം വ്യാപകമായി കഴിഞ്ഞുവെന്നും ജനങ്ങള്‍ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് തുടങ്ങിയെന്നും ഗീര്‍വാണം മുഴക്കുന്നതിനിടയില്‍ രാജ്യത്തെ നാണയ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതുതന്നെയാണ് ഇപ്പോഴത്തെ കറന്‍സി ക്ഷാമത്തിന്റെ പൊതുവായ കാരണം. മോദി ഭരണത്തില്‍ താരതമ്യങ്ങളിലാത്ത വിധം ബാങ്ക് തട്ടിപ്പുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി പുറത്തുവന്നു കൊണ്ടിരിക്കുന്നതും ബാങ്കുകളുടെ സിഇഒ മാര്‍ തന്നെ പ്രതിക്കൂട്ടിലാകുന്നതും ഈയിടെ പ്രധാനമന്ത്രിയോടൊപ്പം ദാവോസ് സമ്മേളനത്തില്‍ പങ്കെടുത്ത നീരവ് മോദി 30000 കോടി രൂപയുമായി വിദേശത്തെ സുരക്ഷിത താവളത്തിലേക്ക് കടന്നതും മറ്റും ഔപചാരിക ബാങ്കിങ്ങില്‍ നിന്നും പിന്‍വാങ്ങാന്‍ വന്‍തോതില്‍ ആളുകളെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട. വാസ്തവത്തില്‍, മോദി അടിച്ചേല്‍പ്പിച്ച നോട്ടു നിരോധനത്തിന്റെ സമ്പൂര്‍ണ്ണ പരാജയം ആവര്‍ത്തിച്ചുറപ്പിക്കുന്നതു കൂടിയാണ് ഇപ്പോഴത്തെ കറന്‍സി ക്ഷാമം. ബ്രിക്‌സ് രാജ്യങ്ങളില്‍ ഒരു ലക്ഷം പേര്‍ക്ക് ശരാശരി 100 എടിഎമ്മുകളുള്ളപ്പോള്‍ കേവലം 18 മാത്രമുള്ള ഇന്ത്യയില്‍ അതുപോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത വിധം കേന്ദ്രഭരണത്തിന്റെ ധന മാനേജ്മന്റ് സംവിധാനം കഴിവുകെട്ടിരിക്കുന്നുവെന്നു കൂടിയാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്. നാസിക്കിലെ നോട്ടടി കേന്ദ്രവുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വിവരം വിദേശത്തു നിന്നു ഇറക്കുമതി ചെയ്ത മഷി തീര്‍ന്നു പോയെന്നും പുതിയത് വരണമെന്നുമാണ്. സ്റ്റേറ്റ് ബാങ്കിന്റെ ഗവേഷണ വിഭാഗം പറയുന്നത് 70000 കോടി രൂപയുടെ കറന്‍സി ക്ഷാമമുണ്ടെന്നാണ്. ആ നിലക്ക്, നോട്ടു നിരോധനത്തിനു ശേഷം എത്ര പഴയ നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ഇനിയും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ചു കൊണ്ട് ആമുഖമായി സൂചിപ്പിച്ച കണക്കുകള്‍ ശരിയായിക്കൊള്ളണമെന്നില്ല.

ചുരുക്കത്തില്‍, ജനകോടികളുടെ ജീവരക്തം ഊറ്റിയെടുത്ത് കോര്‍പ്പറേറ്റ് കൊള്ളക്കാരെ തടിച്ചു കൊഴുപ്പിച്ച (നോട്ടു നിരോധനം നടപ്പായതെ തുടര്‍ന്നുള്ള വര്‍ഷം ഏറ്റവും മുകള്‍ത്തട്ടിലുള്ള 1 ശതമാനം ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ ദേശീയ സമ്പത്തിലെ വിഹിതം 58 ശതമാനത്തില്‍ നിന്നും 73 ശതമാനമായാണ് കുതിച്ചുയര്‍ന്നത്) അമേരിക്കയുടെ ഇന്ത്യയുടെ മേലുള്ള ഗിനി പന്നി പരീക്ഷണമായ നോട്ടു നിരോധനം സമ്പദ്ഘടനയെ താറുമാറാക്കിയതിന്റെയും റിസര്‍വ് ബാങ്ക് നോക്കുകുത്തിയായി അധ:പതിച്ചതിന്റെയും കോര്‍പ്പറേറ്റ് ഫാസിസത്തിന്റെ രാഷ്ട്രീയ അജണ്ടയുടെയും മറ്റും വിശാലമായ ക്യാന്‍വാസില്‍ ഇപ്പോഴത്തെ കറന്‍സി ക്ഷാമം വിലയിരുത്തപ്പെടേണ്ടതുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Economics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply