നീതി ആയോഗും ഇന്ത്യന്‍ വികസനപാതയും

അബ്ദുള്‍ ഗഫൂര്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ചരമക്കുറിപ്പെഴുതിയ ആസൂത്രണ കമ്മിഷനും പഞ്ചവത്സര പദ്ധതികള്‍ക്കും പകരമായി കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം കഴിഞ്ഞയാഴ്ച ചേരുകയുണ്ടായി. പഞ്ചവത്സര പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സമിതിയായിരുന്നു ആസൂത്രണ കമ്മീഷന്‍. സ്വാതന്ത്ര്യാനന്തര ഭാരതം സോവിയറ്റ് വികസന മാതൃകയില്‍ നിന്നും കടംകൊണ്ട പഞ്ചവത്സര പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വഴികളില്‍ തീര്‍ത്ത നാഴികക്കല്ലുകള്‍ പലതായിരുന്നു. […]

Niti-Aayogഅബ്ദുള്‍ ഗഫൂര്‍

നരേന്ദ്ര മോഡി സര്‍ക്കാര്‍ ചരമക്കുറിപ്പെഴുതിയ ആസൂത്രണ കമ്മിഷനും പഞ്ചവത്സര പദ്ധതികള്‍ക്കും പകരമായി കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗം കഴിഞ്ഞയാഴ്ച ചേരുകയുണ്ടായി. പഞ്ചവത്സര പദ്ധതികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സമിതിയായിരുന്നു ആസൂത്രണ കമ്മീഷന്‍. സ്വാതന്ത്ര്യാനന്തര ഭാരതം സോവിയറ്റ് വികസന മാതൃകയില്‍ നിന്നും കടംകൊണ്ട പഞ്ചവത്സര പദ്ധതി രാജ്യത്തിന്റെ അടിസ്ഥാന ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വഴികളില്‍ തീര്‍ത്ത നാഴികക്കല്ലുകള്‍ പലതായിരുന്നു. അവയ്ക്കു പകരമായാണ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തീരുമാനമായി 2015 ജനുവരി ഒന്നിനു നീതി ആയോഗ് നിലവില്‍ വന്നത്. ദേശീയ, അന്തര്‍ദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുകയാണ് നീതി ആയോഗിന്റെ ചുമതല. പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും അംഗങ്ങളാണ്.
ആരംഭിച്ച ഘട്ടത്തില്‍ തന്നെ നീതി ആയോഗിന്റെ സഞ്ചാരം ഏതുവഴിയിലൂടെയാണെന്ന് വ്യക്തമായ സൂചനകളുണ്ടായിരുന്നു. സ്വകാര്യവല്‍ക്കരണം, പൊതുമേഖലാ വില്‍പന, സബ്‌സിഡികളുടെ വെട്ടിക്കുറയ്ക്കല്‍, ക്ഷേമപദ്ധതികള്‍ ചുരുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണത്തിന്റെ ഏജന്‍സിപ്പണിയാണ് നീതി ആയോഗ് നിര്‍വഹിക്കാന്‍ പോകുന്നതെന്ന ആ സൂചനകള്‍ പിന്നീട് യാഥാര്‍ഥ്യമാകുന്നതാണ് കണ്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളെ പാതയോരങ്ങളില്‍ വില്‍പ്പനയ്ക്കുവയ്ക്കുന്ന വഴിവാണിഭക്കാരന്റെ ജോലിയാണ് രണ്ടുവര്‍ഷത്തോളമായി പ്രധാനമായും നീതി ആയോഗ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. എയര്‍ ഇന്ത്യ, ഫാക്ട്, ചെന്നൈ പെട്രോളിയം, സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ്, രാജസ്ഥാന്‍ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവ ഉള്‍പ്പടെ മുപ്പതോളം പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞ ജനുവരി മാസത്തിലാണ് നീതി ആയോഗ് ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐടിഡിസി ഹോട്ടലുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാരണം പറഞ്ഞ് വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യണമെന്ന നിര്‍ദ്ദേശമാണ് നീതി ആയോഗ് മുന്നോട്ടുവച്ചത്. അത്തരം സ്ഥാപനങ്ങള്‍ സ്വകാര്യ മുതലാളിമാര്‍ ഏറ്റെടുക്കണമെങ്കില്‍ അത് ലാഭത്തിലാക്കാന്‍ സാധിക്കുമെന്നവര്‍ക്ക് ഉറപ്പുണ്ടാകണം. നഷ്ടത്തിലാണെന്നു പറഞ്ഞ് മുന്‍ സര്‍ക്കാരുകള്‍ വില്‍പന നടത്തിയ ഹോട്ടലുകള്‍ സ്വകാര്യ ഉടമകള്‍ ലാഭത്തിലാക്കുന്നതിന്റെ അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. അപ്പോള്‍ പ്രശ്‌നം ഹോട്ടലിന്റേതല്ല, നടത്തിപ്പിന്റേതാണെന്ന് വ്യക്തമാകുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളെ ലാഭത്തിലാക്കി രാജ്യത്തിന്റെ പൊതുസ്വത്തായി നിലനിര്‍ത്തുന്നതിന് പകരം വില്‍പന നടത്താന്‍ മാത്രം ശുപാര്‍ശ ചെയ്യുക എന്ന ജോലി നിര്‍വഹിക്കുന്നതിന് വലിയ പാണ്ഡിത്യമൊന്നും ആവശ്യമില്ല. പക്ഷേ ആ ജോലിയാണ് നീതി ആയോഗ് നിര്‍വഹിച്ചുപോരുന്നത്.
നീതി ആയോഗിന്റെ ആദ്യകാല പ്രവൃത്തികളില്‍ പ്രധാനം കേന്ദ്രസഹായ പദ്ധതികളുടെ പുനരവലോകനമായിരുന്നു. അതിനായി ഒരു ഉപസമിതി രൂപീകരിക്കുകയും പദ്ധതികള്‍ വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. 147 കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ് രാജ്യത്ത് ഉണ്ടായിരുന്നതെങ്കില്‍ പല പദ്ധതികളും ഏകോപിപ്പിക്കുന്നുവെന്നതിന്റെ പേരില്‍ അത് 66 എണ്ണമായി കുറച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളോടുള്ള മോഡി സര്‍ക്കാരിന്റെയും നീതി ആയോഗിന്റെയും സമീപനം വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പു പദ്ധതി. പാവപ്പെട്ട ഗ്രാമീണര്‍ക്ക് ജീവിതോപാധി നല്‍കുന്നതിന് ആവിഷ്‌കരിച്ച പ്രസ്തുത പദ്ധതി നോക്കുകുത്തിയായിരിക്കുകയാണ്. ഓരോ വര്‍ഷവും കൂലി കുടിശിക വര്‍ധിച്ചുവരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നീതി ആയോഗിന്റെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് ഭരണകാലം മുതല്‍ തുടര്‍ന്നുവന്നിരുന്ന റയില്‍വേ ബജറ്റ് നിര്‍ത്തലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. നീതി ആയോഗിലെ അംഗമായ ബിബേക് ദെബ്രോയിയാണ് റയില്‍വേ ബജറ്റ് നിര്‍ത്തലാക്കണമെന്ന ശുപാര്‍ശ മുന്നോട്ട് വച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച 201718 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മുതല്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലായിക്കഴിഞ്ഞു. പ്രസ്തുത ബജറ്റില്‍ നേരിട്ട് റയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ സൂചിപ്പിച്ചിട്ടില്ലെങ്കിലും സ്വന്തമായ ബജറ്റ് ഇല്ലാതായിരിക്കുന്നുവെന്നതിനെ മറയാക്കി അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്ത് വിനോദ സഞ്ചാര പ്രാധാന്യമുള്ള റയില്‍വേ ട്രാക്കുകളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ്. ഇതിന് പുറമേ പ്രമുഖ റയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യസംരംഭകരുടെ സഹായത്തോടെ നവീകരിക്കാനും നടപടിയായിട്ടുണ്ട്.
ഇതിന്റെയെല്ലാം ഒടുവിലാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന നീതി ആയോഗിന്റെ ഗവേണിങ് കൗണ്‍സിലില്‍ പഞ്ചവത്സര പദ്ധതികള്‍ക്ക് പകരമായി തയ്യാറാക്കിയിരിക്കുന്ന മൂന്ന് വര്‍ഷ പ്രവര്‍ത്തന പദ്ധതി പുറത്തുവന്നിരിക്കുന്നത്. ഉദാരവല്‍കരണ സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ ആഗോള സമ്പദ്ഘടനയുടെ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊണ്ടുള്ള വികസന പദ്ധതിയാണ്, അതിനനുസരിച്ചുള്ള കാഴ്ചപ്പാടും തന്ത്രങ്ങളും പ്രവര്‍ത്തന പദ്ധതിയുമാണ് ഇന്ത്യന്‍ വികസനം യാഥാര്‍ഥ്യമാക്കുന്നതിന് അനിവാര്യമെന്ന ആമുഖത്തോടെയാണ് മൂന്ന് വര്‍ഷ പ്രവര്‍ത്തന പദ്ധതി രേഖ ആരംഭിക്കുന്നതു തന്നെ.
എല്ലാ മേഖലകളില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുകയാണ്. പകരം സ്വകാര്യ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുകയോ സംസ്ഥാനങ്ങളുടെ ബാധ്യതകളായി തീരുകയോ ചെയ്യുന്നു. ഏഴു ഭാഗങ്ങളിലായി 27 അധ്യായങ്ങളുള്ളതാണ് മൂന്ന് വര്‍ഷ പ്രവര്‍ത്തന പദ്ധതി രേഖ. ധനക്കമ്മി കുറയ്ക്കണമെന്ന് പറയുന്നതോടൊപ്പം വരുമാനം വര്‍ധിപ്പിക്കുന്നതിന് പ്രധാനമായും ഊന്നുന്നത് ഗ്രാമീണ ജനവിഭാഗങ്ങളെ കൂടുതല്‍ നികുതി വലയിലേയ്ക്ക് കൊണ്ടുവരണമെന്ന നിര്‍ദ്ദേശത്തിനാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിനു ശേഷം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളിക്കളഞ്ഞുവെങ്കിലും കാര്‍ഷികാദായ നികുതി ഏര്‍പ്പെടുത്തണമെന്നത് നീതി ആയോഗിന്റെ നിര്‍ദ്ദേശം തന്നെയാണ്.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഗ്രാമീണ വികസനം, പ്രതിരോധം, റയില്‍ – റോഡ് വികസനം എന്നിങ്ങനെയുള്ള പരിഗണനാ മേഖലകളുടെ വികസനത്തിനുള്ള അധിക വരുമാനം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടണമെന്ന നിര്‍ദ്ദേശം സ്വകാര്യ മേഖലയ്ക്ക് ഈ രംഗത്തേക്കു കടന്നുവരുന്നതിന് വഴിയൊരുക്കണമെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. തൊഴില്‍ വ്യാപാരം എളുപ്പത്തിലാക്കുന്നതിന് സുപ്രധാനമായ നിയമങ്ങളില്‍ പൊളിച്ചെഴുത്ത് വേണമെന്ന നിര്‍ദ്ദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. അതിനര്‍ഥം ഉടമകള്‍ക്ക് കൂടുതല്‍ തൊഴില്‍ ശക്തിയെ ഉപയോഗിച്ച് കൂടുതല്‍ ചൂഷണം നടത്താന്‍ അവസരം നല്‍കണമെന്നാണ്. എല്ലാവര്‍ക്കും കൂടുതല്‍ എളുപ്പമാകുന്ന വിധത്തില്‍ ഭൂമി തരം മാറ്റല്‍ ചട്ടങ്ങള്‍ പുതുക്കണമെന്ന നിര്‍ദ്ദേശമാണ് നഗരവികസനമെന്ന ഭാഗത്ത് പ്രധാനമായും മുന്നോട്ടു വച്ചിട്ടുള്ളത്. രോഗാതുരമായ വ്യവസായങ്ങളുടെ ഭൂമിയും മറ്റു ഭൂമികളും നഗരങ്ങളില്‍ എളുപ്പത്തില്‍ ലഭ്യമാക്കുക, വാടക നിയന്ത്രണ നിയമത്തില്‍ മാറ്റം വരുത്തുക എന്നീ നിര്‍ദ്ദേശങ്ങളും പരിസ്ഥിതി വിരുദ്ധവും സ്വകാര്യ സംരംഭകര്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്നതും തന്നെയാണ്.
നേരത്തേ വില്‍പ്പനയ്ക്കു നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വകാര്യവല്‍ക്കരണവും ഓഹരി വില്‍പനയും വളരെ വേഗത്തില്‍ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. പൊതു പദ്ധതികളിലുള്ള സര്‍ക്കാര്‍ പങ്കാളിത്തം കുറച്ചുകൊണ്ട് അത്യാവശ്യ മേഖലകളിലേയ്ക്ക് മാത്രമായി ചുരുക്കുന്ന വിധത്തില്‍ പുനഃക്രമീകരണം നടത്തണം. മൂലധന സമാഹരണം ശക്തിപ്പെടുത്തുന്നതിന് ശക്തമായ സിവില്‍ സര്‍വീസ് സൃഷ്ടിക്കണം. കാലാനുസൃതമായ സ്ഥാനക്കയറ്റമെന്ന സ്ഥിതി അവസാനിപ്പിക്കണം, സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കും സ്വയംഭരണം നല്‍കി വിഭവസമാഹരണത്തിന് അവസരമുണ്ടാക്കണം എന്നിങ്ങനെയുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് രേഖയിലുള്ളത്.
സാമൂഹ്യമേഖലയിലെ സബ്‌സിഡികള്‍ പുനഃപരിശോധിക്കണമെന്നും ഗുണഭോക്താക്കളെ കണ്ടെത്തുന്ന രീതി പരിഷ്‌കരിച്ച് എണ്ണം കുറയ്ക്കണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കൃത്യമായ പരിശോധനയിലൂടെ ഭക്ഷ്യ സബ്‌സിഡി പരിമിതപ്പെടുത്തണമെന്നും അതുവഴി സര്‍ക്കാരിന് വലിയ തുക ലാഭിക്കാമെന്നും പറയുന്നിടത്ത് മൂന്നുവര്‍ഷത്തെ പദ്ധതിയിലൂടെ സാധാരണക്കാരെയല്ല സമ്പന്നരെയും മൂലധന – വ്യവസായ ശക്തികളെയും തന്നെയാണ് യജമാനന്മാരായി കാണുന്നതെന്ന വ്യക്തമായ സൂചന നല്‍കുകയാണ്. സാധാരണക്കാരെ പുറന്തള്ളിക്കൊണ്ടുള്ള, സ്വകാര്യ വല്‍ക്കരണവും ഉദാരവല്‍ക്കരണവും വഴിയുള്ള മുന്നോട്ടുപോക്ക്, അതുതന്നെയാണ് രാജ്യത്തിന്റെ വികസനപാതയെന്ന് അടിവരയിടുന്നതാണ് നീതി ആയോഗിന്റെ ത്രിവത്സര കര്‍മ പദ്ധതി രേഖ.

ജനയുഗം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply