`നിറക്കൂട്ടിലെ രതിയും ആവിഷ്‌കാര സ്വാതന്ത്യവും`

മണമ്പൂര്‍ സുരേഷ്‌, ലണ്ടന്‍ ഇന്ത്യന്‍ ചിത്രകലയുടെ കുലപതി ആയിരുന്ന ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മയുടെ കഥയാണ് കേതാന്‍ മേത്തയുടെ രംഗ്‌രസിയ എന്ന ചലച്ചിത്രം. ഈ മനോഹരമായ ചിത്രം 6 വര്‍ഷം മുമ്പത്തെ ലണ്ടന്‍ ഫിലിം ഫെസ്‌റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ റിലീസ് ആയില്ല. പിന്നീട് അടുത്തയിടെ അതിനുള്ള ശ്രമം നടന്നപ്പോള്‍ രാജാരവിവര്‍മ്മയുടെ പിന്മുറക്കാര്‍ തന്നെ കോടതിയില്‍ പോയി ചിത്രത്തിന്റെ റിലീസ് തടഞ്ഞു. .ഒരു പക്ഷെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയും വിജയിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കലാകാരനാവും ആര്‍ട്ടിസ്റ്റ് […]

Rangrasiyaമണമ്പൂര്‍ സുരേഷ്‌, ലണ്ടന്‍

ഇന്ത്യന്‍ ചിത്രകലയുടെ കുലപതി ആയിരുന്ന ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മയുടെ കഥയാണ് കേതാന്‍ മേത്തയുടെ രംഗ്‌രസിയ എന്ന ചലച്ചിത്രം. ഈ മനോഹരമായ ചിത്രം 6 വര്‍ഷം മുമ്പത്തെ ലണ്ടന്‍ ഫിലിം ഫെസ്‌റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ റിലീസ് ആയില്ല. പിന്നീട് അടുത്തയിടെ അതിനുള്ള ശ്രമം നടന്നപ്പോള്‍ രാജാരവിവര്‍മ്മയുടെ പിന്മുറക്കാര്‍ തന്നെ കോടതിയില്‍ പോയി ചിത്രത്തിന്റെ റിലീസ് തടഞ്ഞു. .
ഒരു പക്ഷെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുകയും വിജയിക്കുകയും ചെയ്ത ഇന്ത്യയിലെ ആദ്യത്തെ കലാകാരനാവും ആര്‍ട്ടിസ്റ്റ് രാജാരവിവര്‍മ്മ. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള ചിത്രവും തടയപ്പെട്ടു. ഇപ്പോഴിതാ കേരളത്തിലും ചിത്രം റിലീസ് ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആറുവര്‍ഷം മുമ്പ് കലാകൗമുദിയില്‍ എഴുതിയ ലേഖനം.

സര്‍ഗ്ഗസൃഷ്ടിയുടെ സൗന്ദര്യലഹരിയില്‍ മുഴുകി വര്‍ണ്ണങ്ങളുടെ ലോകത്ത്‌ സ്വന്തമായി ഒരുക്കിയ തുരുത്തില്‍ നില്‌ക്കുന്ന ചിത്രകാരന്‍. അയാളുടെ സര്‍ഗ്ഗസപര്യയുടെ ആഴങ്ങളിലേക്കിറങ്ങി ദേവതയായി മാറുന്ന സുന്ദരിയായ മോഡല്‍. ഈ സ്വകാര്യതയിലേക്ക്‌ വാതില്‍ തുറന്നെത്തുന്ന പൊലീസുകാര്‍ ചിത്രകാരനെ അറസ്റ്റുചെയ്യുകയാണ്‌ ദൈവനിന്ദയുടെ പേരില്‍.മതവികാരം വ്രണപ്പെടുത്തിയത്രെ!
50 കോടി ജനങ്ങള്‍ ഇപ്പോഴും പൂജിക്കുന്ന ദേവതകള്‍ക്ക്‌ ചിത്രങ്ങളിലൂടെ രൂപം നല്‍കിയ ആര്‍ട്ടിസ്റ്റ്‌ രാജാരവിവര്‍മ്മ എന്ന ഇന്ത്യന്‍ ചിത്രകലയുടെ കുലപതിക്ക്‌ മതവിശ്വാസത്തിന്റെ പേരില്‍ തിരിച്ചുകിട്ടിയ പ്രതിഫലം. ആര്‍ട്ടിസ്റ്റ്‌ രാജാരവിവര്‍മ്മയുടെ കഥ കേതാന്‍ മേത്തയുടെ പുതിയ ചിത്രമായ ‘രംഗ്‌രസിയ’യിലൂടെ പതിഞ്ഞു തുടങ്ങുന്നതിങ്ങനെയാണ്‌. ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലെ രണ്ടു പ്രദര്‍ശനങ്ങളും ദിവസങ്ങള്‍ക്കകം വിറ്റുതീര്‍ന്ന രംഗ്‌രസിയ ഒരു നല്ല കാഴ്‌ചാനുഭവം നല്‍കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ന്‌ ഇന്ത്യയിലും പുറത്തും നേരിടുന്ന ഭീഷണികളിലേക്ക്‌ ഒരു സമീപദൃശ്യം ഒരുക്കുകയാണ്‌ സംവിധായകന്‍ കേതന്‍ മേത്ത രംഗ്‌രസിയയിലൂടെ.
സര്‍ഗ്ഗസൃഷ്ടിയുടെ ഗിരിശൃംഗങ്ങള്‍ കടന്നുപോയ രവിവര്‍മ്മ തന്റെ തൂലികകൊണ്ട്‌ ചിത്രകലയുടെ ഒരു പുതിയ ചരിത്ര പന്ഥാവു കൂടി തെളിയിക്കുകയായിരുന്നു. നിറക്കൂട്ടുകളുടെ തീവ്രവൈകാരിക ഭാവങ്ങളില്‍ തെന്നി നടക്കുകയായിരുന്ന രവിവര്‍മ്മയെ താഴത്തേക്ക്‌ വലിച്ച ‘ടാന്‍ ഉപയോഗിച്ചത്‌ ആളിക്കത്തിക്കാന്‍ എളുപ്പമായ മതവികാരത്തെയും. രവിവര്‍മ്മയേയും അദ്ദേഹത്തിന്‌ വിലപ്പെട്ട എല്ലാറ്റിനേയും അവര്‍ അടിച്ചുടച്ച്‌ നശിപ്പിക്കാനിറങ്ങി. അവസാനം കോടതി കയറ്റി പീഡിപ്പിച്ച’ട്ടേ അവര്‍ പിന്‍തിരിഞ്ഞുള്ളൂ. രവിവര്‍മ്മയുടെ പ്രസ്സിന്‌ തീയിട്ടു. ചിത്രങ്ങള്‍ നശിപ്പിച്ചു. രവിവര്‍മ്മയേയും സുഹൃത്തുക്കളെയും ചിത്രങ്ങളുടെ പ്രചോദനമായിരുന്ന സുഗന്ധയേയും അവര്‍ ആക്രമിച്ചു. പക്ഷേ അന്തിമവിജയം രവിവര്‍മ്മയുടേതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റേതുമായിരുന്നു.
സംഘര്‍ഷത്തിന്‍റെ ഈ കോടതിദിനങ്ങളിലൂടെയാണ്‌ രംഗ്‌രസിയയുടെ കഥ ഓര്‍മ്മകളുടെ ഖണ്ഡശകളിലൂടെ അനാവൃതമാകുന്നത്‌. ഒരു ഡോക്യുഫിക്ഷന്റെ മേലങ്കിയണിഞ്ഞു തുടങ്ങുന്ന ചിത്രം രവിവര്‍മ്മയുടെ സര്‍ഗ്ഗസപര്യയുടെ വൈകാരിക തീക്ഷ്‌ണതയിലേക്ക്‌ ഊളിയിട്ടിറങ്ങുകയാണ്‌. അവിടെ രവിവര്‍മ്മ കണ്ടെത്തുന്ന പവിഴമുത്താണ്‌ സുഗന്ധ എന്ന മോഡല്‍ രവിവര്‍മ്മചിത്രങ്ങളടെ പ്രചോദനബിന്ദു. ശരീരലാവണ്യത്തികവുള്ള ദേവതമാരെയാണ്‌ സുഗന്ധവല്ലിയുടെ സൗന്ദര്യത്തികവിലൂടെ രവിവര്‍മ്മ സൃഷ്ടിച്ചത്‌. സുഗന്ധ, സരസ്വതിയായി, വിശ്വാമിത്രനു മുന്നില്‍ വസ്‌ത്രപാളികള്‍ ഊര്‍ന്നുപോകുന്ന സൗന്ദര്യലഹരിയായ മേനകയായി, ഒപ്പം രവിവര്‍മ്മയുടെ കാമുകിയുമായി. വര്‍ണ്ണങ്ങളിലൂടെയും വികാരങ്ങളിലൂടെയും സുഗന്ധയുടെ സൗന്ദര്യം രവിവര്‍മ്മ പകര്‍ത്തിയെടുത്തപ്പോള്‍ അവരുടെ അംഗലാവണ്യം കൂടുതല്‍ അനാവൃതമാവുകയായിരുന്നു.
പക്ഷേ രവിവര്‍മ്മ പകര്‍ത്തിയ സൗന്ദര്യത്തിന്റെ വില നല്‍കിയത്‌ സുഗന്ധ തന്നെയായിരുന്നു. ചിത്രത്തിന്റെ പകര്‍പ്പവകാശം കൈക്കലാക്കിയ പ്രിന്റര്‍ കലണ്ടര്‍ ചിത്രങ്ങളിലൂടെ സുഗന്ധയുടെ അര്‍ദ്ധനഗ്‌നചിത്രങ്ങള്‍ അവളുടെ ജീവിതപരിസരങ്ങളില്‍ വിറ്റഴിച്ചപ്പോള്‍ ശരിക്കും വിറ്റഴിക്കപ്പെട്ടത്‌ സുഗന്ധ തന്നെയായിരുന്നു അവളുടെ ജീവിതമായിരുന്നു. ഈ സന്ദര്‍ഭത്തില്‍ താനെല്ലാം വിശ്വസിച്ച്‌ സ്‌നേഹിച്ച രവിവര്‍മ്മയെ സുഗന്ധ നേരിടുന്ന സീന്‍ ഈ ചിത്രത്തിലെ വികാരനിര്‍ഭരമായ മുഹൂര്‍ത്തമായി മാറുന്നു. മേനിയഴക്‌ പുറത്തുകൊണ്ടുവരുന്ന പോസ്റ്റര്‍ താനറിയാതെയാണ്‌പ്രസ്സില്‍ പോയതെന്ന്‌ പറയുന്ന രവിവര്‍മ്മ ‘എന്റെ ഭാവനയ്‌ക്ക്‌ പുറത്തു നീ ജീവിച്ചി’രിക്കുന്നില്ല’ എന്ന്‌ തുറന്നടിക്കുമ്പോള്‍ വഞ്ചിക്കപ്പെട്ട പണയപ്പെടുത്തിയ ജീവിതത്തിന്റെ പ്രതീകമായി മാറുകയായിരുന്നു സുഗന്ധ. എന്നിട്ടും രവിവര്‍മ്മ എന്ന കലാകാരനെ സംരക്ഷിക്കാന്‍ കോടതിയില്‍ എത്തുന്നതാണ്‌ സുഗന്ധയുടെ വ്യക്തിത്വത്തിന്റെ ശക്തി, സൗന്ദര്യം. മതവികാരത്തിന്റെ നൊമ്പരങ്ങളുമായി കോടതിയിലെത്തിയ കുടുസ്സുമനസ്സുളെ നോക്കി സുഗന്ധ പറഞ്ഞു: ‘ഈ മനുഷ്യന്‍ എന്നെപ്പോലൊരു സ്‌ത്രീയെ ദേവതയാക്കി. നിങ്ങള്‍ അവളെ ഒരു വേശ്യയും ആക്കിമാറ്റി.’
തുടര്‍ന്നുള്ള കോടതിരംഗങ്ങള്‍ ഒരു ചരിത്രവസ്‌തുതയും കലയ്‌ക്കും സാഹിത്യത്തിനും എതിരെ ഇന്നുയര്‍ന്നു വരുന്ന ഭീഷണിയിലേക്ക്‌ വിരല്‍ ചൂണ്ടുന്നതുമാകുന്നു. രവിവര്‍മ്മ കോടതിയില്‍ പറഞ്ഞു: ‘ചിത്രം വരച്ചതിന്‌ ഞാന്‍ കുറ്റക്കാരന്‍ തന്നെ. ദേവതകളെ വരച്ചതും എന്റെ കുറ്റം. ഒരു നശ്വരയായ സ്‌ത്രീയെ അതിന്റെ പ്രചോദനമായി ഉപയോഗിച്ച തിനും ഞാന്‍ കുറ്റക്കാരന്‍. പക്ഷേ ഞാനവളില്‍ ദിവ്യതയുടെ പ്രതിച്ഛായ കണ്ടു. ഇപ്പോള്‍ സദാചാരത്തിന്റെ സംരക്ഷകരായി നില്‌ക്കുന്ന ഇവര്‍ ആരാണ്‌? ആരുടെ അധികാരത്തിലാണിവര്‍ സദാചാരത്തിന്റെ സംരക്ഷകരായിരിക്കുന്നത്‌? ആരുടെ അധികാരത്തിലാണിവര്‍ എന്റെ കലയുടെയും ജീവിതത്തിന്റെയും വിധികര്‍ത്താക്കളായിരിക്കുന്നത്‌? എന്റെ കല എന്റെ ജീവിതമാണ്‌. ഈ മഹത്തായ സംസ്‌കാരം കാമാതുരതയുടെ സ്‌പര്‍ശം കൊണ്ടോ നഗ്‌നശരീരത്തിന്റെ ക്ഷണിക ദര്‍ശനങ്ങളിലൂടെയോ ആടി ഉലഞ്ഞു പോകുമെന്ന്‌ ഞാന്‍ കരുതുന്നില്ല.’
‘നമ്മുടെ സംസ്‌കാരത്തിന്റെ അമൂല്യശേഖരങ്ങളുള്ള ഖജ്ജുരാഹോയിലേയും അജന്തയിലേയും എല്ലോറയിലേയും കൊനാര്‍ക്കിലേയും ശില്‌പങ്ങള്‍ കണ്ട്‌ അതിലെ നഗ്‌നത കണ്ട്‌, ലൈംഗികത കണ്ട്‌ ഞാന്‍ അപമാനിക്കപ്പെട്ടിട്ടില്ല. അവിടെ ഞാന്‍ സ്വതന്ത്രനാക്കപ്പെടുന്നതായാണനുഭവപ്പെടുന്നത്‌. കാമാതുരതയും ആത്മീയതയും ഇവിടെ കൈകോര്‍ത്തു പിടിക്കുന്നു. നമ്മുടെ സംസ്‌കാരം നമ്മുടെശരീരത്തെ ആകെയും അതിന്റെ മാനുഷികതയെയും ആഘോഷിക്കുന്നതാണ്‌.’
ആര്‍ട്ടിസ്റ്റ്‌ രാജാരവിവര്‍മ്മ കോടതിയില്‍ വിജയിക്കുന്നു. പക്ഷേ സദാചാര സംരക്ഷകരായ മത തീവ്രവാദികളുടെ നിരന്തരമായ ആക്രമണത്തിനിരയായ സുഗന്ധ ആത്മഹത്യ ചെയ്യുകയാണ്‌. മതവികാരത്തിന്റെ പേരില്‍ സദാചാരത്തിന്റെ പേരില്‍ തെരുവിലിറങ്ങിയവരുടെ നേര്‍ക്കാണ്‌ ചിന്തിക്കാന്‍ കഴിയുന്ന സമൂഹം വിരല്‍ ചൂണ്ടുന്നത്‌. പക്ഷേ തളിരുപോലെ അശക്തയായ ഒരു സ്‌ത്രീയെ സംരക്ഷിക്കുന്നതില്‍ രവിവര്‍മ്മ വീഴ്‌ച വരുത്തുകയായിരുന്നു.വഞ്ചിക്കപ്പെട്ട സ്‌ത്രീകളുടെ നീണ്ടനിരയില്‍ ഒരു സുഗന്ധ കൂടി.
ചിത്രകാരന്‍ എം.എഫ്‌. ഹുസൈന്‍, ചലച്ചിത്രകാരി ദീപാ മേത്ത , സല്‍മാന്‍ റുഷ്‌ദി തുടങ്ങി എത്ര പേരാണ്‌ അന്ധമായ മതവികാരത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്നത്‌. രവിവര്‍മ്മ കോടതിയില്‍ പറഞ്ഞതുപോലെ `നിങ്ങള്‍ കലയ്‌ക്ക്‌ ചങ്ങലയിടുമ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരവും അര്‍ത്ഥവത്തുമായതിനെ ചങ്ങലയിലാക്കുന്നു.’ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു നൂറ്റാണ്ടു മുന്‍പ്‌ പടപൊരുതി വിജയംവരിച്ച ആധുനിക ഇന്ത്യന്‍ ചിത്രകലയുടെ പിതാവും മലയാളിയുമായ ആര്‍ട്ടിസ്റ്റ്‌ രാജാരവിവര്‍മ്മയുടെ ജീവിതത്തിന്റെയും കലയുടെയും ആദര്‍ശങ്ങളുടെയും ആഘോഷമാണീ ചിത്രം. ഉത്തരേന്ത്യന്‍ ദിനങ്ങളാണ്‌ രംഗ്‌ രസിയയുടെ മുഖ്യധാര. കേരളത്തിലെ കിളിമാനൂര്‍ കൊട്ടാരവും മറ്റും ചെറിയ സീനുകളിലെത്തുന്നുണ്ട്‌. അവിടെ ഭാഷ ഹിന്ദിയാണെന്നു
മാത്രം. ഈ ചിത്രത്തിലെ കോടതിരംഗം ഇംഗ്ലീഷ്‌ ആയതുകൊണ്ട്‌ മറ്റൊരു ഭാഷ കൂടി ഉള്‍പ്പെടുത്തി പ്രേക്ഷകരെ അകറ്റണ്ട എന്നു വിചാരിച്ച!വും. എന്നിരുന്നാലും രവിവര്‍മ്മയ്‌ക്ക്‌ ചരമാനന്തരം ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്‌ ‘രംഗ്‌ രസിയ’ എന്ന കേതന്‍ മേത്തയുടെ ചിത്രം.
രാജ്യത്തിന്റെ പകുതിയിലധികം ജനങ്ങള്‍ രവിവര്‍മ്മ വരച്ച ചിത്രങ്ങളിലൂടെയാണ്‌ അവരുടെ ഇഷ്ടദേവതകളെ കാണുന്നത്‌. ഇന്ത്യന്‍ ചലച്ച ‘ )തകലയുടെ പിതാവ്‌ ദാദാ സാഹിബ്‌ ഫാല്‍കെ രവിവര്‍മ്മയുടെ ശിഷ്യനായിരുന്നുവെന്നു മാത്രമല്ല അദ്ദേഹത്തിന്‌ ആദ്യമായി ഒരു സിനിമാതിയേറ്റര്‍ വാങ്ങാനുള്ള തുക സമ്മാനിക്കുന്നതും രവിവര്‍മ്മയാണ്‌. ഫാല്‍കെ നിര്‍മ്മിച്ച ആദ്യ സിനിമകളിലെ ദൃശ്യപരതയെ സമ്പന്നമാക്കിയത്‌ രവിവര്‍മ്മയുടെ സ്വാധീനമായിരുന്നു.
സിനിമയ്‌ക്കകത്തെ സിനിമയില്‍ ചലച്ചിത്ര കല അതിന്റെ ആദ്യപടവുകള്‍ വയ്‌ക്കുന്നതും ദൃശ്യങ്ങളില്‍ പകരുന്നു . ലൂമിയര്‍ ബ്രദേഴ്‌സ്‌ നിര്‍മ്മിച്ച ലോകത്തിലെ ആദ്യ ചലച്ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യവും ചിത്രീകരിച്ചിട്ടുണ്ട്‌.
കണ്ടിരുന്നവരില്‍നിന്നും നിലവിളി ഉയര്‍ത്തി കാണികളിലേക്ക്‌ പാഞ്ഞടുക്കുന്ന ഒരു ട്രെയിന്‍ ചലച്ചിത്ര ചരിത്രത്തിലെ ഒരു കണ്ണിയാകുന്നു. ഒപ്പം റബ്ബര്‍ പൈപ്പിലൂടൊഴുകുന്ന വെള്ളം ചവിട്ടിപ്പിടിച്ച്‌ നിര്‍ത്തിയ ശേഷം തുറന്നുവിട്ട്‌ മുഖത്ത്‌ വെള്ളം തളിക്കുന്ന രസകരമായ ഷോട്ടിന്റെ പ്രദര്‍ശനവും ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗം തന്നെ. ഇതിന്‌ പ്രോത്‌സാഹനം നല്‍കിയ രാജാ രവിവര്‍മ്മയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ മുഹൂര്‍ത്തങ്ങളാണിതെല്ലാം.
വര്‍ണ്ണങ്ങളുടെ ഒരുഘോഷയാത്രയായി മാറുന്ന രംഗ്‌ രസിയയില്‍ 19ാം നൂറ്റാണ്ടിന്റെ പശ്ചാത്തലം അര്‍ത്ഥവത്തോടും ദൃശ്യഭംഗിയോടും കൂടി ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയുടെ ആഘോഷവും കൂടിയാവുകയാണ്‌ രംഗ്‌ രസിയ. ബള്‍ഗേറിയന്‍ സിനിമാറ്റോഗ്രാഫര്‍ രാല്‍റ്റ്‌ഷേവിന്റെ ചിത്രീകരണം പുതുമയുള്ളതും വിഷയത്തിന്റെ സൗന്ദര്യത്തിനും ഗൗരവത്തിനും ഇണങ്ങുന്നതുമാണ്‌. ഷാന്‍ഡില്യാസിന്റെ ക്വവാലി സംഗീതം ചിത്രത്തിന്‌ നല്ല വൈകാരികാന്തരീക്ഷം സൃഷ്ടിക്കുന്നു. നന്ദനസെന്റെ (നോബേല്‍ െ്രെപസ്‌ നേടിയ അമര്‍ത്യ സെന്റെ മകള്‍) സുഗന്ധയും, രണ്‍ദീപ്‌ ഹുഡിന്റെ രവിവര്‍മ്മയും റ്റോം അറ്റ്‌ലറുടെ ജഡ്‌ജുമൊക്കെ ഹൃദ്യമായ അഭിനയപാടവം കാഴ്‌ചവയ്‌ക്കുന്ന. ഈ കാലഘട്ടത്തിലെ സജീവ പ്രാധാന്യമുള്ള വിഷയം ചലച്ചിത്രകലയുടെ ലാവണ്യം സൂക്ഷിച്ചുകൊണ്ട്‌ ശക്തമായും അതിമനോഹരമായും ചിത്രീകരിച്ചിരിക്കയാണ്‌ കേതന്‍ മേത്ത രംഗ്‌ രസിയയില്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “`നിറക്കൂട്ടിലെ രതിയും ആവിഷ്‌കാര സ്വാതന്ത്യവും`

  1. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനു വേണ്ടി മുന്നിട്ടിറങ്ങിയ ഒരു കലാകാരനുവേണ്ടി, അദ്ദേഹത്തിന്റെ മഹത്തായ രചനകളുടെ പ്രകാശം നിലനിറുത്താനായി ഈ നിരോധനത്തിനെതിരേ നാം മുന്നിട്ടിറങ്ങണം.ഒരു നല്ല ചിത്രത്തിന്റെ പ്രദർശനത്തെ തടയാൻ, അനേകമാൾക്കാരുടെ ആസ്വാദനാവകാശങ്ങൾക്ക് തടയിടാനുള്ള പ്രവർത്തനങ്ങളുമായി ഒരു കുടുംബം മുന്നോട്ടിറങ്ങുന്നത് ശരിയല്ല. ജനസമ്മതിയുള്ള ഒരു കലാകരനെ ഒരു കുടുംബത്തിന്റെ നാലതിരുകളിൽ തടഞ്ഞു വയ്ക്കാനുള്ളതല്ല.കുടുംബം വിട്ട്, സമൂഹം വിട്ട്, രാജ്യം വിട്ട് ലോകം നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് രാജാ രവിവർമ്മ. നല്ല കൃതികൾക്ക് എന്നും നേരിടേണ്ടി വന്ന ഒരവസ്ഥയാണിത്. അതിനെ അതിജീവിക്കാൻ കൂട്ടായിട്ടുള്ള പ്രസ്ഥാനങ്ങളുണ്ടാവേണ്ടിയിരിക്കുന്നു.ഒരു സംവിധായകന്റെ ആവിഷ്ക്കാരവഴിയാണിത്. അതിന്റെ ഭാവി നിർണ്ണയിക്കേണ്ടത് അത് കാണുന്ന ആസ്വാദകരാണ്.സിനിമാസ്വാദകരുടെ ഈ അവകാശത്തിനായി നാം ഒരുമിച്ചു നിൽക്കുക. ശബ്ദമുയർത്തുക.  

  2. ജീവിതാവസാനംവരെ ആവിഷ്കാര സ്വതന്ത്രത്തിന് വേണ്ടി ജീവിച്ച,ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ചിത്രകാരന്‍ രാജ രവി വര്‍മ്മയെ കുറിച്ചുള്ള ഹിന്ദി സിനിമ ‘രംഗരസിയ’ക്ക്‌ കോടതി പ്രദര്‍ശന അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണ്. മികച്ച ലേഖനം . സിനിയയെ കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം .ജിന്‍സന്‍ ഇരിട്ടി

Leave a Reply