നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക അല്ലെങ്കില്‍ സര്‍വ്വനാശത്തിന് തയ്യാറെടുക്കുക

പി.വി.ആന്റണി പുല്ലന്‍, പോട്ട – 680722 9400602224 ഒരു രാഷ്ട്രം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. പാലങ്ങളും, റോഡുകളും കെട്ടിടങ്ങളും, റെയില്‍ സംവിധാനങ്ങളും പോര്‍ട്ടുകളും, വിമാനത്താവളങ്ങളും, ആശുപത്രികളും, വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഇതില്‍പ്പെടും. പക്ഷേ ആവശ്യം അനുസരിച്ചല്ലാതെ പടുത്തുയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ നട്ടെല്ലൊടിക്കും. അത് സര്‍വ്വ നാശത്തില്‍ ഇന്നല്ലെങ്കില്‍ നാളെ എത്തിച്ചേരുകയും ചെയ്യും. ഇക്കാര്യം അതിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക വശങ്ങള്‍ ഉള്‍പ്പെടുത്തി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ന് നമ്മുടെ […]

images

പി.വി.ആന്റണി പുല്ലന്‍, പോട്ട – 680722
9400602224

ഒരു രാഷ്ട്രം പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. പാലങ്ങളും, റോഡുകളും കെട്ടിടങ്ങളും, റെയില്‍ സംവിധാനങ്ങളും പോര്‍ട്ടുകളും, വിമാനത്താവളങ്ങളും, ആശുപത്രികളും, വ്യാപാര സ്ഥാപനങ്ങളുമെല്ലാം ഇതില്‍പ്പെടും. പക്ഷേ ആവശ്യം അനുസരിച്ചല്ലാതെ പടുത്തുയര്‍ത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ നട്ടെല്ലൊടിക്കും. അത് സര്‍വ്വ നാശത്തില്‍ ഇന്നല്ലെങ്കില്‍ നാളെ എത്തിച്ചേരുകയും ചെയ്യും. ഇക്കാര്യം അതിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക വശങ്ങള്‍ ഉള്‍പ്പെടുത്തി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.
ഇന്ന് നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പലതും, കുറെകൂടി വ്യക്തമായി പറഞ്ഞാല്‍, ഭൂരിഭാഗവും ആവശ്യം അനുസരിച്ചുള്ളതല്ല (Need Based അല്ല) നിര്‍മ്മാണത്തിനു വേണ്ടി മാത്രം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പലതും. ഈ പ്രക്രിയയില്‍ പൊളിച്ചുമാറ്റേണ്ട ആവശ്യം ഇല്ലാത്ത ധാരാളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റപ്പെടുന്നു. മറ്റു പല രാഷ്ട്രങ്ങളിലും വളരെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ നിലവിലുള്ള ഫലവത്തായ സംവിധാനങ്ങളെ തച്ചുടക്കുന്നുള്ളൂ. ഇവിടെ സ്ഥിതി വളരെ വ്യത്യസ്തമാണ്.
രാജ്യത്ത് ടൗണ്‍ പ്ലാനിങ്ങ് പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും പൊളിക്കുന്നതിനും പുതിയവ പണിയുന്നതിനും കാര്യമായ പ്ലാനിങ്ങ് ഇല്ല എന്നതാണ് നിജസ്ഥിതി. ഇവിടെ രൂഡമൂലമായ സമാന്തര സമ്പദ് വ്യവസ്ഥയാണ് വ്യാപകമായ പൊളിച്ചുമാറ്റലുകള്‍ക്കും അനിയന്ത്രിതമായ ആവശ്യമനുസരിച്ചല്ലാത്ത (Need Based അല്ലാത്ത)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന ഘടകം. ഒരു രാജ്യം സമാന്തര സമ്പദ്‌വ്യവസ്ഥയായിരിക്കും. കള്ളപ്പണവും, കുഴല്‍പ്പണവും, കള്ളനോട്ടുകളും സമാന്തര സമ്പദ് ഘടനയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കും; വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കും. കണക്കില്‍പ്പെടാത്ത പണം കൈയ്യില്‍ വന്നു ചേരുമ്പോള്‍ അതിന്റെ ഭൂരിപക്ഷവും പഴയതുകള്‍ അനാവശ്യമായി പൊളിച്ചുമാറ്റുന്നതിലേക്കും വ്യാപിക്കും. എല്ലാവിധത്തിലുള്ള ആഡംബരങ്ങളിലേക്കും സമാന്തര സമ്പദ് വ്യവസ്ഥിതി മനുഷ്യരെ കൈപിടിച്ചു കൊണ്ടുപോകും.
ആവശ്യത്തില്‍ കൂടുതല്‍ പ്രകൃതി വിഭവങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനിയന്ത്രിതമായ കടന്നു കയറ്റം ഒരു പക്ഷെ ശ്രദ്ധിക്കപ്പെടാതെ പോയെന്നിരിക്കും. എന്നാല്‍ ഇന്ന് സ്ഥിതിഗതി അതല്ല.
എല്ലാ പ്രകൃതി വിഭവങ്ങളും ലഭ്യതയില്‍ വളരെ കൂടുതല്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. വ്യക്തികളായാലും, സര്‍ക്കാര്‍ സംവിധാനങ്ങളായാലും, സംഘടനകളായാലും, പള്ളികള്‍ പോലുള്ള സംവിധാനങ്ങളായാലും ആവശ്യാനുസരണമുള്ളതല്ലാത്ത (Need Based അല്ലാത്ത) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നു. പരിണിത ഫലം സര്‍വ്വനാശമാണെന്ന വസ്തുത മനസ്സിലാക്കുവാന്‍ അല്പം വൈകിയേക്കാം. പക്ഷെ മനസ്സിലാക്കി വരുമ്പോള്‍ പരിഹാരം കാണാന്‍ കഴിയാത്ത ഒരവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ടാകും. അല്പം കൂടി വിശദമായി ഈ സുപ്രധാന കാര്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ അപകടകരമായ നമ്മുടെ മുന്നേറ്റം വ്യക്തമാകും.
എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒരടിസ്ഥാന ഘടകമാണ് മണല്‍. ധാരാളം പുഴ മണല്‍ ലഭ്യമായിരുന്ന സമയത്ത് തെങ്ങിന്‍ തൈകള്‍ പാകിപ്പിടിപ്പിക്കുവാന്‍ വേണ്ടി പോലും കേരളീയര്‍ പുഴ മണല്‍ (River sand) ഉപയോഗിച്ചിരുന്നു. മനുഷ്യന്‍ മുഴുവന്‍ മണലും ഊറ്റിയെടുത്തു. അവിടം കൊണ്ടവസാനിപ്പിക്കാതെ വളരെ വലിയ പെബില്‍സ് പോലും വാരിക്കൊണ്ടുവന്ന് മുറ്റത്തും നടപ്പാതകളിലും വിരിച്ചു. അതോടുകൂടി ജല, ലഭ്യതയും ജലത്തിന്റെ ഗുണ നിലവാരവും നഷ്ടപ്പെട്ടു. പെബില്‍സ് ജലശുദ്ധീകരണ പ്രക്രിയയില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. നദിയുടെ ശുദ്ധീകരണശേഷിയും വാട്ടര്‍ ഹോള്‍ഡിങ്ങ് കപ്പാസിറ്റിയും നഷ്ടപ്പെട്ടു. ദുരുപയോഗം സര്‍വ്വനാശത്തിലേക്ക് നയിക്കുന്നതിന്റെ പ്രത്യക്ഷമായ പ്രകടനമായി നമുക്കതിനെ ഉദാഹരിക്കാവുന്നതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമാകുമ്പോള്‍, തിരിച്ചു കിട്ടുവാന്‍ ഒരിക്കലും സാധ്യതയില്ലാത്ത ജല ഉപയോഗവും അനിയന്ത്രിതമായി വര്‍ദ്ധിക്കും. ജല ദൗര്‍ലഭ്യം ജീവന് ഭീഷണിയായി 2025-ാമാണ്ടിലൂടെ അത് ഒരു പൊട്ടിത്തെറിയുടെ വക്കത്തെത്തുമെന്ന് കണക്കാക്കപ്പെടുന്നു. എന്നിട്ടും ജലവിനിയോഗത്തെ നേരിട്ട് ബാധിക്കുന്ന അനിയന്ത്രിത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നതേയുള്ളൂ. ഇവിടെയും സമാന്തര സമ്പദ്‌വ്യവസ്ഥ തന്നെയാണ് വില്ലന്‍.
പുഴ മണലിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതില്‍ 90% ത്തോളം സിലിക്കണ്‍ ഡൈ ഓക് സൈഡ് ആണ് ഉള്ളത്. SiO2 സിലിക്കണ്‍ ഡൈ ഓക്‌സൈഡിന് ഒരു പ്രത്യേകതയുണ്ട്. ഒരു പ്രത്യേക വലിപ്പമുള്ള സിലിക്കണ്‍ ഡൈ ഓക്‌സൈഡിലേക്ക് ഒരു പ്രത്യേക അളവുവരെ (20% – 30%) വെള്ളം ചേര്‍ക്കുമ്പോള്‍ അതിന്റെ ബള്‍ക്ക് ഡെന്‍സിറ്റി കുറയുന്നു. മറ്റു വസ്തുക്കളില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ ബള്‍ക്ക് ഡെന്‍സിറ്റി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതായത് സിലിക്കണ്‍ ഡൈ ഓക്‌സൈഡില്‍ (SiO2) വെള്ളം ഒഴിക്കുമ്പോള്‍ (20% – 30%) അതിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല്‍ അത് വികസിക്കുന്നു (Expand ചെയ്യുന്നു). ഒരു പരീക്ഷണത്തിലൂടെ ഇക്കാര്യം ആര്‍ക്കും സ്വയം ബോധ്യപ്പെടാവുന്നതാണ്.
ഒരു ബീക്കറില്‍ പുഴ മണല്‍ എടുക്കുക. അതിന്റെ ലെവല്‍ ബീക്കറില്‍ മാര്‍ക്ക് ചെയ്യുക. അതില്‍ മുകളില്‍ പറഞ്ഞതുപോലെ വെള്ളം ഒഴിക്കുക. ലെവല്‍ (ജലനിരപ്പ്) വര്‍ദ്ധിച്ചു വരുന്നതായി കാണാം. ഈ പ്രത്യേകത പുഴ മണലിനെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും അനുയോജ്യ വസ്തുവാക്കി മാറ്റുന്നു.
ഇന്നത്തെ സ്ഥിതി അതല്ല, ആവശ്യങ്ങള്‍ക്ക് പുഴ മണല്‍ ലഭ്യമല്ല. (അതിനു കാരണം നേരത്തെ നടപ്പാക്കിയ ദുരുപയോഗങ്ങള്‍ തന്നെ) അതിനു പകരമായി ലഭ്യമാകുന്ന ഏതിനും പാറപ്പൊടികളും വാരിയിട്ടു നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു. പാറപ്പൊടികളില്‍ പലപ്പോഴും 50% സിലിക്കണ്‍ ഡൈ ഓക്‌സൈഡ് മാത്രമാണുള്ളത്. (അല്പം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം) അതിനു പുറമേ ഈ പൊടികളില്‍ ധാരാളം ജലത്തില്‍ ഒരു പരിധി വരെ ലയിക്കുവാന്‍ ഇടയുള്ള കലപ്പുകള്‍ ഉള്ളതായി (impurities) രാസ പരിശോധനയില്‍ കാണുവാന്‍ കഴിയും. അതായത് ഈ പൊടി വ്യാപകമായി ഉപയോഗിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ പൊളിഞ്ഞു വീഴാം. അത് സംഭവിച്ചില്ലെങ്കില്‍ കാലാവസ്ഥ മാറ്റങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുവാന്‍ കാരണമാകും. ഈ വിള്ളലുകളില്‍ കൂടി ജലമിറങ്ങി കമ്പികള്‍ ദ്രവിക്കും. അതായത് ഇന്ന് ഭംഗിയില്‍ നിര്‍മ്മാണം നടത്തിയവ അഞ്ചുവര്‍ഷത്തിനകം കമ്പികള്‍ പുറത്തായി പൊളിഞ്ഞുവീഴാന്‍ തുടങ്ങും. മനുഷ്യര്‍ക്ക് അപകടമില്ലാതിരിക്കാന്‍ വ്യാപകമായി പൊളിച്ചു മാറ്റലുകള്‍ ആവശ്യമായി വരും. വടികൊടുത്ത് അടി വാങ്ങിക്കുക എന്ന ശൈലി പ്രയോഗത്തില്‍ കോടികള്‍ ചിലവഴിച്ച് നടപ്പാക്കുന്ന, ഇന്നത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ കാലംകൊണ്ട് ചെന്നുചേരും.
വളരെ പ്രധാനപ്പെട്ട ഈ വിഷയം മള്‍ട്ടിഡിസിപ്ലനറി ചര്‍ച്ച ആവശ്യമുള്ള കാര്യമാണ്. സിവില്‍ എന്‍ജിനിയേഴ്‌സ്, ജിയോളജിസ്റ്റസ്, ആര്‍ക്കിടെക്ച്ചര്‍, ഇന്‍ജിനിയേഴ്‌സ്, കെമിക്കല്‍ എന്‍ജിനിയേഴ്‌സ്, എന്നിവര്‍ ഒരു ടേബിളിന് ചുറ്റുമിരുന്നു ചര്‍ച്ച ചെയ്തു ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കണം. ഇന്ന് ഇത് ചെയ്തില്ലെങ്കില്‍ വരാന്‍ പോകുന്ന സര്‍വ്വനാശത്തിന് കാത്തിരിക്കേണ്ടിവന്നേക്കാം. പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ കാണുവാന്‍ കഴിയാതെ താഴെ പറയുന്ന കാര്യങ്ങള്‍ ഉടനെ നടപ്പാക്കേണ്ടതുണ്ട്.
1) പൊളിച്ചുമാറ്റങ്ങള്‍ക്ക് മുന്‍പ് പൊളിച്ചുമാറ്റുന്നതിന്റെ ആവശ്യകത ഉറപ്പാക്കണം.
2) വ്യക്തിഗത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി നിയന്ത്രിക്കണം.
3) അംഗസംഖ്യ അനുസരിച്ച് മാത്രം വീടു പണിക്ക് ഏരിയ അനുവദിക്കുക.
4) പൊതുതാല്പര്യമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തി ആവശ്യമെങ്കില്‍ മാത്രം അനുവദിക്കുക. നീട്ടിവെയ്ക്കാവുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടിവെയ്ക്കുക
5) 2005 നുശേഷം പണി തീര്‍ത്തിട്ടുള്ള കെട്ടിടങ്ങളുടേയും പാലങ്ങളുടേയും മറ്റു നിര്‍മ്മാണങ്ങളുടേയും സാമ്പിളുകള്‍ എടുത്ത് പരിശോധനകള്‍ക്ക് വിധേയമാക്കണം. ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നടപ്പാക്കണം.
6) പുതുതായി പണിയുന്ന പള്ളികളിലെ ഡോമുകളും മഴയും വെയിലും നേരിട്ട് ഏല്ക്കുന്ന ഭാഗങ്ങളും എന്നും അപകടകാരികളാണ്. ഇന്നല്ലെങ്കില്‍ നാളെ ആദ്യം പൊളിഞ്ഞു വീഴുന്നത് ഡോമുകളും അത്തരം കെട്ടിട ഭാഗങ്ങളും ആയിരിക്കും. കാരണം ഡോമുകളെ കാലാവസ്ഥ വ്യതിയാനങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ കഴിയുകയില്ല എന്നതു തന്നെ. അപ്രിയമായ സത്യമാണെങ്കിലും ഇക്കാര്യം പറയാതെ വയ്യ.
7) മെട്രോ റെയിലായാലും, മൊണോ റെയിലായാലും, വികസന ഹബ്ബായാലും, വികസന കോറിഡോറായാലും, ഇന്‍ഫ്രാസ്ട്രക്കറുകളായാലും (വികസനവുമായി ബന്ധപ്പെട്ട് എവിടെയും കേള്‍ക്കുന്ന പ്രയോഗങ്ങളാണിവ.) ഓരോ ഘട്ടങ്ങളിലും പരിശോധിച്ച് ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം മാലിന്യത്തിന്റെ സ്വന്തം നാടാണ്. എത്ര ശ്രമിച്ചിട്ടും മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുവാന്‍ കഴിയുന്നില്ല. നിര്‍മ്മാണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് പുറമെ കേരളം പൊളിഞ്ഞു വീണ നിര്‍മ്മാണങ്ങളുടെ കൂമ്പാരം കൂടിയായി മാറിയേക്കാം.
ഒരു കൂട്ടായ ശ്രമം വഴി ഈ ദുരവസ്ഥ ഒഴിവാക്കേണ്ടതില്ലെ? നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക അല്ലെങ്കില്‍ ആസന്ന ഭാവിയില്‍ വന്നു ചേരാവുന്ന സര്‍വ്വനാശത്തിന് തയ്യാറെടുക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply