നിരത്തുകളില്‍ പൊലിയുന്ന യുവത്വത്തിന് അറുതി വരുത്തണം

നൂറ്റാണ്ടുകണ്ട മഹാപ്രളയത്തില്‍ കേരളത്തില്‍ മരിച്ചത് 500 പേര്‍. നിപ വന്ന് മരിച്ചത് ഇരുപതോളം പേര്‍. അവയെല്ലാം വലിയ വാര്‍ത്തകളാണ്. ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുന്നോട്ടുനീങ്ങുന്നു. എന്നാല്‍ റോഡപകടങ്ങളില്‍ ശരാശരി ഒരു വര്‍ഷം മരിക്കുന്നത് നാലായിരത്തില്‍ പരം പേര്‍. പ്രകൃതിദുരന്തങ്ങളിലോ യുദ്ധങ്ങളിലോ മാറാരോഗങ്ങളിലോ ഒന്നും ഇത്രയും പേര്‍ മരിക്കുന്നില്ല. പരിക്കേല്‍ക്കുന്നത് പതിനായിരങ്ങള്‍ക്ക്. ജീവിതത്തില്‍ ഒരിക്കലും എണീല്‍ക്കാനാവാതെ കിടക്കുന്നത് ആയിരങ്ങള്‍. ഈ മരിക്കുന്നവരിലും കിടക്കുന്നവരിലും ബഹുഭൂരിപക്ഷവും നാടിന്റെ ഏറ്റവും വലിയ വിഭവശേഷിയായ ചെറുപ്പക്കാര്‍. എന്നിട്ടും ഇതുനമുക്കൊരു വലിയ വാര്‍ത്തയല്ല. […]

bb

നൂറ്റാണ്ടുകണ്ട മഹാപ്രളയത്തില്‍ കേരളത്തില്‍ മരിച്ചത് 500 പേര്‍. നിപ വന്ന് മരിച്ചത് ഇരുപതോളം പേര്‍. അവയെല്ലാം വലിയ വാര്‍ത്തകളാണ്. ആവര്‍ത്തിക്കാതിരിക്കാനുളള നടപടികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുന്നോട്ടുനീങ്ങുന്നു. എന്നാല്‍ റോഡപകടങ്ങളില്‍ ശരാശരി ഒരു വര്‍ഷം മരിക്കുന്നത് നാലായിരത്തില്‍ പരം പേര്‍. പ്രകൃതിദുരന്തങ്ങളിലോ യുദ്ധങ്ങളിലോ മാറാരോഗങ്ങളിലോ ഒന്നും ഇത്രയും പേര്‍ മരിക്കുന്നില്ല. പരിക്കേല്‍ക്കുന്നത് പതിനായിരങ്ങള്‍ക്ക്. ജീവിതത്തില്‍ ഒരിക്കലും എണീല്‍ക്കാനാവാതെ കിടക്കുന്നത് ആയിരങ്ങള്‍. ഈ മരിക്കുന്നവരിലും കിടക്കുന്നവരിലും ബഹുഭൂരിപക്ഷവും നാടിന്റെ ഏറ്റവും വലിയ വിഭവശേഷിയായ ചെറുപ്പക്കാര്‍. എന്നിട്ടും ഇതുനമുക്കൊരു വലിയ വാര്‍ത്തയല്ല. പ്രമുഖര്‍ മരിച്ചാല്‍ ചെറിയ ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനുള്ള യാതൊരു നടപടിയുമില്ല. നമ്മള്‍ സ്വയം സ്വീകരിക്കില്ല. സര്‍ക്കാരുകള്‍ക്കും അതില്‍ താല്‍പ്പര്യമില്ല.
അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും നടക്കുന്ന അപകടങ്ങളും കൂട്ടമരണങ്ങളും ഇന്ന് സഥിരം സംഭവമാണ്. അതിന്റെ പ്രധാനകാരണം വ്യക്തമാണ്. ഡ്രൈവറും ഒരു മനുഷ്യനാണെന്ന് അംഗീകരിക്കാതെ, അയാള്‍ക്ക് ആവശ്യത്തിനു വിശ്രമമോ ഉറക്കമോ നല്‍കാതെ യാത്രകള്‍ ആസൂത്രണം ചെയ്യല്‍. അവസാനത്തെ ബാലഭാസ്‌കറിന്റെ മരണത്തിലും സംഭവിച്ചതു അതുതന്നെ. നിരന്തരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും രാത്രിയാത്രകള്‍ നിയന്ത്രിക്കാന്‍ നമ്മള്‍ സ്വയമോ സര്‍ക്കാരോ ഒന്നും ചെയ്യുന്നില്ല. ഇടക്കാലത്ത് റോഡരികില്‍ വാഹനങ്ങള്‍ തടഞ്ഞ് പോലീസ് കട്ടന്‍ ചായ നല്‍കിയിരുന്നു. ഇപ്പോള്‍ അതുമില്ല.
സാമൂഹ്യ പുരോഗതിയുടെ കാര്യത്തില്‍ അസൂയാവഹമായ നേട്ടങ്ങള്‍ നാം കൈവരിച്ചിട്ടുണ്ട് എന്നാണ് വെപ്പ്. സാക്ഷരതയിലും മുന്നില്‍. എന്നിട്ടും റോഡ് സുരക്ഷയുടെ കാര്യത്തില്‍ വളരെ പുറകില്‍. ജനാധിപത്യത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കേണ്ട തെരുവില്‍ നാമെല്ലാവരും ജനാധിപത്യവിരുദ്ധര്‍. തെരുവില്‍ ഏവരും തുല്ല്യരാണെന്ന് അംഗീകരിക്കാതെ, ഒന്നാമനാവാനുള്ള പായലാണ് പ്രധാന പ്രശ്‌നം. റോഡപകടങ്ങളെക്കുറിച്ച് പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് കേരളത്തിലെ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണം വാഹനമോടിക്കുന്നവരുടെ പിഴവാണെന്നാണ്. ഡ്രൈവര്‍മാരില്‍ ശരിയായ ഡ്രൈവിംഗ് അവബോധമില്ല. ട്രാഫിക് സംസ്‌കാരമില്ല. പൊതുവഴിയില്‍ വണ്ടി ഓടിക്കുമ്പോഴുള്ള നിബന്ധനകള്‍ പാലിക്കാറില്ല. തിരക്കില്‍ വണ്ടി ഓടിക്കാനുള്ള സംയമനമോ, മഴക്കാലത്ത് ഓടിക്കാനുള്ള പരിചയമോ ഇല്ല. രാത്രിയില്‍ വണ്ടി ഓടിക്കുമ്പോള്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകള്‍ കാട്ടാറില്ല. ഇതൊന്നും പരിശീലനത്തിന്റെ ഭാഗമാ്‌യി ലഭിക്കുന്നില്ല. ഇതിനെല്ലാം പുറമെ മദ്യം. സാഹസികതയാണെന്ന തെറ്റിദ്ധാരണയില്‍ ചെറുപ്പക്കാരുടെ മരണപാച്ചിലും. ഡ്രൈവിങ്ങ് സീറ്റിലെത്തുമ്പോള്‍ സാങ്കല്‍പ്പിക ലോകത്ത് സാമ്രാജ്യം കീഴടക്കിയ പ്രതീതിയാണ് ചിലര്‍ക്ക്. രാജ്യത്ത് ലംഘിക്കപ്പെടേണ്ട നിയമങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ അതൊന്നും ലംഘിക്കാതെ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാന്‍ മാത്രമേ നമുക്കു താല്‍പ്പര്യമുള്ളു.
തീര്‍ച്ചയായും കൂടുതല്‍ അപകടങ്ങളും മരണങ്ങളും ഉണ്ടാവാന്‍ പ്രധാന കാരണം വാഹനങ്ങളുടെ ബാഹുല്യമാണ്. നമ്മുടെ റോഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം വാഹനങ്ങളാണ് ഇന്ന് ഓരോ ദിവസവും നിരത്തിലിറങ്ങുന്നത്. ഒരു ദിവസം മൂവായിരത്തില്‍പ്പരം വാഹനങ്ങളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. മഹാഭൂരിപക്ഷവും സ്വകാര്യവാഹനങ്ങള്‍. പകുതിയിലധികവും ഇരുചക്രവാഹനങ്ങള്‍. ആകെ അപകടങ്ങളില്‍പ്പെടുന്നവയില്‍ നാല്‍പ്പത് ശതമാനവും ഇരുചക്രവാഹനങ്ങള്‍ തന്നെ. ഇരുചക്രവാഹനങ്ങളുടെ വര്‍ധനവ് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ വാഹനാപകടങ്ങളുടെ തോതില്‍ കുറവ് വരുത്താന്‍ കഴിയും.
കാറുകളുടെ പെരുപ്പവും അപകടത്തിന് മറ്റൊരു കാരണമാകുന്നുണ്ട്. നമ്മുടെ ധനകാര്യസ്ഥാപനങ്ങള്‍ ആകര്‍ഷകമായ വാഹന വായ്പകള്‍ നല്‍കിത്തുടങ്ങിയതോടെ ജോലിയില്ലാത്തവര്‍ക്കുപോലും ആഡംബരകാറുകള്‍ വാങ്ങാമെന്നായി. ഉത്സവകാലങ്ങളില്‍ വാഹന ഡീലര്‍മാരും ബാങ്കുകളും ചേര്‍ന്ന് വായ്പാമേളകള്‍ സംഘടിപ്പിച്ചു തുടങ്ങിയതോടെ കാര്‍ വാങ്ങല്‍ വളരെ എളുപ്പമായി. മറുവശത്ത് കാറുകള്‍ അന്തസ്സിന്റെ പ്രതീകമായി. അതില്ലാത്തവര്‍ അപരിഷ്‌കൃതരായി. മനുഷ്യരുടെ സ്വപ്‌നങ്ങള്‍ക്കുപോലും നിയന്ത്രണം കൊണ്ടു വരുന്ന സര്‍ക്കാരുകളാകട്ടെ റോഡുകളുടെ അളവിനനുസരിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കുക, ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ അനുവദിക്കാതിരിക്കുക, കാറുകളില്‍ ഒറ്റക്കു യാത്രചെയ്യുന്നത് നിരുത്സാഹിപ്പിക്കുക, നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറക്കാല്‍ ഡെല്‍ഹിയില്‍ നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുക തുടങ്ങിയ മിനിമം കാര്യങ്ങള്‍ പോലും ചെയ്യുന്നില്ല. മദ്യവും ലോട്ടറിയുംപോലെ തങ്ങളുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് സര്‍ക്കാരിന് വാഹനങ്ങള്‍. എന്നാല്‍ ആ വന്‍തുക റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നില്ല. അതെല്ലാം ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടര്‍മാരും മറ്റുള്ളവരും തട്ടിയെടുക്കുന്നു. അവിടെ ചെറുപ്പക്കാരുടെ ജീവന് എന്തുവില? അതേസമയം റോഡുകളുടെ വീതി കൂട്ടി പ്രശ്‌നം പരിഹരിക്കാമെന്നു കരുതുന്നതും ശരിയല്ല. വാഹനമോടിക്കുന്നവരുടെ അവകാശത്തേക്കാള്‍ പ്രധാനമാണ് വീടും പറമ്പുമെല്ലാം നഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍. അവ സംരക്ഷിക്കാന്‍ പക്ഷെ ഒരു സര്‍ക്കാരും പ്രതിബദ്ധത കാണിക്കാറില്ല. കുടിയൊവിക്കപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം മുന്‍കൂട്ടി നല്‍കി മാത്രമേ പാതാവികസനത്തെ കുറിച്ച് ആലോചിക്കന്‍ പറ്റൂ. ജനസാന്ദ്രത കൂടിയ കേരളത്തില്‍ അത് മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബുദ്ധിമുട്ടാണ്. പരമാവധി പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. താകട്ടെ തകര്‍ച്ചയുടെ വക്കിലുമാണ്.
കുട്ടികള്‍ക്കുള്ള പ്രതേക സീറ്റുപോലും ഇല്ലാത്തവയാണ് ഇവിടത്തെ വാഹനങ്ങളില്‍ ഭൂരിപക്ഷവും. കനം കുറഞ്ഞ കാറുകള്‍ക്കാകട്ടെ ചെറിയൊരു ഇടിയുടെ ആഘാതത്തെപ്പോലും പ്രതിരോധിക്കാന്‍ കഴിവില്ല. മോട്ടോര്‍വാഹന വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണം ഒരുകോടി കവിഞ്ഞിരിക്കുന്നു. അതായത് ജനസംഖ്യാനുപാതത്തില്‍ മൂന്നുപേര്‍ക്ക് ഒരു വാഹനം. ഇതിനെ പുരോഗതിയെന്നാണോ വിളിക്കുക?
പൊതുവില്‍ പറഞ്ഞാല്‍ അലക്ഷ്യമായ ഡ്രൈവിംഗ്, അമിത വേഗത, മദ്യപിച്ചു വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉപയോഗിക്കാത്ത്, ട്രാഫിക്ക് സൂചനാ ബോര്‍ഡുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍ എന്നിവ അവഗണിക്കല്‍, തെറ്റായവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യല്‍, രാത്രി കാലങ്ങളില്‍ ലൈറ്റ് ഡിം ചെയ്യാത്തത്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വാഹനങ്ങളുടെ മത്സര ഓട്ടം, വാഹനപ്പെരുപ്പം, റോഡുകളുടെ അവസ്ഥ, റോഡില്‍ വേണ്ടത്ര വെളിച്ചമില്ലത്തത് തുടങ്ങിയവയൊക്കെയാണ് അപകടങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങള്‍. വാഹനങ്ങളില്ലാത്ത, റോഡിന്റെ പ്രാഥമിക അവകാശികളായ കാല്‍നടക്കാരും സൈക്കിള്‍ യാത്രക്കാരുമടക്കം തെരുവുകളില്‍ പിടഞ്ഞുവീണു മരിക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം.
നിപ്പയും പ്രളയവുംപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ പ്രാധാന്യത്തോടെ ഈ വിഷയത്തെ ഇനിയെങ്കിലും സര്‍ക്കാര്‍ പരിഗണിക്കമം. നിലവില്‍ വാഹനങ്ങളോടിക്കുന്നവര്‍ ശരിയാകുമെന്നു കരുതാനാകില്ല. പുതുതലമുറയില്‍ പ്രതീക്ഷ വെക്കുക മാത്രമേ രക്ഷയുള്ളു. ഇപ്പോള്‍ വിദ്യാലയങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണമൊക്കെ നടക്കുന്നുണ്ട്. അതുപോര. വളരെ ഗൗരവമായ പാഠ്യവിഷയമായി ട്രാഫിക് സംസ്‌കാരം മാറണം. സര്‍വ്വകലാശാലകളില്‍ അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തണം. ഹ്രസ്വകാലവും ദീര്‍ഘകാലവുമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ശക്തമായ നടപടികളിലൂടെ തെരുവുകളില്‍ പിടഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം കുറക്കണം. അതിനുള്ള ആര്‍ജ്ജവം സര്‍ക്കാരുകള്‍ക്കുണ്ടോ എ്ന്നതുതന്നെ പ്രസക്തമായ ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply