നാഥനില്ലാത്ത നന്ദിഗ്രാം

ജിനേഷ് പൂനത്ത് നന്ദിഗ്രാം ഒരു ഗ്രാമം മാത്രമല്ല, ചരിത്രം തിരുത്തിയ രാഷ്ട്രീയ പാഠം കൂടിയാണ്. പശ്ചിമ ബംഗാളിലെ അനേകം അപരിഷ്‌കൃത ഗ്രാമങ്ങളിലൊന്ന്. വിപ്ലവത്തിന്റെ കാലൊച്ചയ്ക്കായി കാതോര്‍ത്ത്, നഗരത്തെ വളയുന്ന പുലരിക്കായി കാത്തിരുന്ന ഗ്രാമീണരുടെ തട്ടകം. അന്നം നല്‍കുന്ന മണ്ണ് ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തില്‍ അവര്‍ പഠിച്ചുറപ്പിച്ച വിപ്ലവ പാഠങ്ങള്‍ക്കു മറുപാഠം തേടി. ഒരൊറ്റ സംഭവത്തിലൂടെ, ഭൂമി ഏറ്റെടുക്കലിനെതിരേ സമരംചെയ്ത 18 ഗ്രാമീണര്‍ വെടിവയ്പ്പിലും തുടര്‍ന്നു നടന്ന സംഘര്‍ഷങ്ങളിലും പിടഞ്ഞു മരിച്ചതോടെ ഇടതുപക്ഷത്തെ അവര്‍ കൈയൊഴിഞ്ഞു. ഇതേ പാഠം […]

nnnജിനേഷ് പൂനത്ത്

നന്ദിഗ്രാം ഒരു ഗ്രാമം മാത്രമല്ല, ചരിത്രം തിരുത്തിയ രാഷ്ട്രീയ പാഠം കൂടിയാണ്. പശ്ചിമ ബംഗാളിലെ അനേകം അപരിഷ്‌കൃത ഗ്രാമങ്ങളിലൊന്ന്. വിപ്ലവത്തിന്റെ കാലൊച്ചയ്ക്കായി കാതോര്‍ത്ത്, നഗരത്തെ വളയുന്ന പുലരിക്കായി കാത്തിരുന്ന ഗ്രാമീണരുടെ തട്ടകം. അന്നം നല്‍കുന്ന മണ്ണ് ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തില്‍ അവര്‍ പഠിച്ചുറപ്പിച്ച വിപ്ലവ പാഠങ്ങള്‍ക്കു മറുപാഠം തേടി. ഒരൊറ്റ സംഭവത്തിലൂടെ, ഭൂമി ഏറ്റെടുക്കലിനെതിരേ സമരംചെയ്ത 18 ഗ്രാമീണര്‍ വെടിവയ്പ്പിലും തുടര്‍ന്നു നടന്ന സംഘര്‍ഷങ്ങളിലും പിടഞ്ഞു മരിച്ചതോടെ ഇടതുപക്ഷത്തെ അവര്‍ കൈയൊഴിഞ്ഞു. ഇതേ പാഠം മറ്റു ഗ്രാമങ്ങളും ഏറ്റുചൊല്ലി. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായിരുന്നു ബംഗാളില്‍ പാര്‍ട്ടിക്ക് അടിത്തറയിളകി. എട്ടു വര്‍ഷം കഴിഞ്ഞിട്ടും അതില്‍ മാറ്റമുണ്ടായില്ല.
പശ്ചിമ ബംഗാളിലെ ഏതൊരു ഗ്രാമത്തെയും പോലെ നന്ദിഗ്രാമും എട്ടുവര്‍ഷം മുമ്പു വരെ ചുവന്നുതുടുത്തു വിപ്ലവ വഴിയിലെ അടയാളപ്പെടുത്തല്‍ തന്നെയായിരുന്നു. ജ്യോതിബസു നേതൃത്വം നല്‍കിയ ഇടതു സര്‍ക്കാര്‍ നന്ദിഗ്രാമില്‍ 10,000 ഏക്കര്‍ സ്ഥലം വ്യവസായ ആവശ്യത്തിനായി ഏറ്റെടുക്കാനൊരുങ്ങിയതോടെയാണു വിപ്ലവ സങ്കല്‍പ്പത്തിന്റെ നിറപ്പകര്‍ച്ചയില്‍ ഗ്രാമം പകച്ചത്. ഇത്തരമൊരു ആശങ്കയില്‍ രാഷ്ട്രീയനീക്കം കൊയ്യാന്‍ രംഗത്തിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എരിവും പുളിയും പകര്‍ന്ന് ഗ്രാമീണരുടെ ആശങ്ക വര്‍ധിപ്പിച്ചു. ഒടുവില്‍ 2007 മാര്‍ച്ച് 14ന് പ്രക്ഷോഭം നയിച്ച ഗ്രാമീണര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ മരിച്ചുവീണത് 14 പേരാണ്. ഒപ്പംതന്നെ പ്രക്ഷോഭം നടന്ന സിംഗൂറില്‍ സമരത്തിനിടെ പതിമൂന്ന്കാരിയായ തപസി മാലിക് തീവയ്പ്പില്‍ കൊല്ലപ്പെട്ടു. നന്ദിഗ്രാമില്‍ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പിടഞ്ഞുവീണ ഗ്രമീണരുടെ ഓര്‍മകള്‍ വോട്ടാക്കി മാറ്റി തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ. ജയം ആവര്‍ത്തിക്കാന്‍ ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നതിനാല്‍ തന്നെ, തൃണമൂല്‍ നേതാവായ എം.എല്‍.എ. വെടിവയ്പ്പു നടന്ന സ്ഥലത്തിനടുത്തു സ്മാരകവും പണികഴിപ്പിച്ചു.
ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിയ്ക്കായും മറ്റും ഭൂമി ഏറ്റെടുക്കാനായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇടത് സര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതുവഴി ഗ്രാമീണരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനയിരുന്നു ഉദേശ്യമെന്നും ഭട്ടാചാര്യ പറയുന്നു. ഗ്രാമീണര്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ ടാറ്റ ശ്രമം ഉപേക്ഷിച്ച് ഗുജറാത്തിലേക്ക് പോയി. തോല്‍വിയില്‍ കരകയറാന്‍ തീവ്ര ശ്രമം നടത്തുന്ന സി.പി.എം. വീണ്ടും നന്ദിഗ്രാമിനെയും സിംഗൂറിനെയും ചര്‍ച്ചാവിഷയമാക്കി മാറ്റുവേ, പഴയകാല സംഭവങ്ങള്‍ പശ്ചിമ ബംഗാളിന്റെ മനസില്‍ വീണ്ടും തികട്ടിവരുന്നു. സി.പി.എം അധികാരത്തിലെത്തിയാല്‍ ഏറ്റെടുക്കാന്‍ ഉദേശിച്ച ഗ്രാമങ്ങളില്‍ ഫാക്ടറികളും വ്യവസായവും തുടങ്ങുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര തന്നെ കൊല്‍ക്കത്തയില്‍ സമാപിച്ച പ്ലീനത്തിന്റെ ഉദ്ഘാടനവേദിയില്‍ വ്യക്തമാക്കി. അടുത്ത മാസം സി.പി.എം. സിംഗൂറില്‍ നിന്നും പ്രചാരണ ജാഥ തുടങ്ങുന്നുമുണ്ട്.
*** *** ***
നന്ദിഗ്രാം അടക്കമുള്ള പശ്ചിമ ബംഗാളില്‍ അവികസിത ഗ്രാമങ്ങളിലെ ദുരിത ജീവിതം ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍ തന്നെയാണ് മമത, എന്തുചെയ്തുവെന്ന് സി.പി.എം ചോദിക്കുന്നത്. മൂന്നുപതിറ്റാണ്ട് ഭരിച്ചപ്പോള്‍ എന്തുചെയ്തുവെന്നതിന് ഉത്തരമില്ലെങ്കിലും തൊഴിലില്ലായ്മ ചൂണ്ടികാട്ടി സി.പി.എം മമതയ്‌ക്കെതിരേ രംഗത്തിറങ്ങുമ്പോഴും ഗ്രാമീണ ജീവിതങ്ങളില്‍ മാറ്റമില്ലാത്തതു പട്ടിണിയും പരിവട്ടവും തന്നെ. നിറംമങ്ങിയ പുലരികളില്‍ തുടങ്ങി നന്ദിഗ്രാമിലെ കൃഷിയിടങ്ങളില്‍ ഒഴുകുന്ന വിയര്‍പ്പിന് ഇന്നും ഒരേ നിറവും മണവുമാണ്. ഒട്ടിയ വയറിനു മുകളില്‍ മുണ്ട് മുറുക്കിയെടുത്ത് ചാണകമെഴുകിയ ഒറ്റമുറിക്കൂരയ്ക്കുള്ളില്‍ തണുത്ത വിറയ്ക്കുമ്പോഴും അവരുടെ സ്വപ്‌നങ്ങളില്‍ വിപ്ലവത്തിന്റെ ചക്രവാളം ചുവന്നു തുടുക്കുന്നില്ല. സ്വപ്‌നങ്ങളും പ്രതീക്ഷകളും അസ്തമിച്ച ഒരു ജനതായണ് ഇന്ന് നന്ദിഗ്രാമിലുള്ളത്. അതുകൊണ്ട് തന്നെ വീണ്ടും അധികാരത്തിലെത്തിയാല്‍ ഫാക്ടറി തുടങ്ങുമെന്ന സി.പി.എമ്മിന്റെ പ്രഖ്യാപനം അവരെങ്ങിനെ ഉള്‍കൊള്ളുമെന്ന് കണ്ടറിയണം.
ചുവന്ന പുറംചട്ടയുള്ള പുസ്തകങ്ങളിലെ വിപ്ലവ സൂക്തങ്ങള്‍ക്കായി കണ്ണും കാതും തുറന്നുവച്ച കര്‍ഷക ജനതയ്ക്ക് മേല്‍ പതിച്ച വെടിയുണ്ടകള്‍ ഇന്നും നന്ദിഗ്രാമിന്റെ നെഞ്ചിലെ വിങ്ങലാണ്. വിപ്ലവം ഒരു കാട്ടുപൂച്ചയെപോലെ സ്വന്തം സന്തതികളെ കൊന്നുതിന്ന കാലത്തിന്റെ ഓര്‍മയ്ക്കായി നന്ദിഗ്രാമില്‍ തലയുയര്‍ത്തിനില്‍ക്കുന്ന സ്മാരക സമുച്ചയത്തില്‍ ചില്ലിട്ടുവച്ച രക്തസാക്ഷി ഫോട്ടോകളില്‍ ചരിത്രത്തിന്റെ കൈയൊപ്പ്. വിപ്ലവത്തിന്റെ കനല്‍വഴികളില്‍ പൂത്തുതളിര്‍ത്ത ചേറുമണമുള്ള ജീവിതങ്ങളുടെ നിരര്‍ഥകതയെയാണു നന്ദിഗ്രാം ഓര്‍മിപ്പിക്കുന്നത്.
തൃണമൂലിനൊപ്പം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയ ഗ്രാമങ്ങളില്‍ ഒരൊറ്റ ചെങ്കൊടിപോലുമില്ല ഇന്ന്. എവിടെത്തിരഞ്ഞിട്ടും സി.പി.എം. പ്രവര്‍ത്തകനെന്നു പറയുന്ന ഒരാളെപ്പോലും കണ്ടില്ല. സി.പി.എമ്മുകാര്‍ കൂട്ടത്തോടെ ഗ്രാമങ്ങളില്‍നിന്നു പലായനം ചെയ്തു. ശേഷിച്ചവര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരായി. ചിലര്‍ ബി.ജെ.പിയിലും ചേര്‍ന്നു. രാഷ്ട്രീയത്തിന്റെ നിറം മാറിയെങ്കിലും ഇവരുടെ ജീവിതത്തിന് ഇപ്പോഴും പട്ടിണിയുടെ താളംതന്നെ. ഒഴിഞ്ഞ വയറുമായി അന്തിയുറങ്ങുന്നവരാണ് അധികവും.
പതിറ്റാണ്ടുകള്‍ മുമ്പുള്ള കേരളത്തെ ഓര്‍മിപ്പിക്കും നന്ദിഗ്രാം. തെങ്ങിന്‍ തോപ്പുകളും ഇടുങ്ങിയ വഴികളും ഒറ്റയടിപ്പാതകളും കൃഷിയിടങ്ങളും നിറഞ്ഞ ഗ്രാമം. പാതവക്കില്‍ ചെളിവാരിത്തേച്ചു ഭിത്തികെട്ടിയ പുല്ലുമേഞ്ഞ ഒറ്റമുറി വീടുകള്‍. ചേറില്‍ കുതിര്‍ന്നു വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ചു കൂരകള്‍ക്കു മുന്നിലും കൃഷിയിടത്തിലും ചിതറിക്കിടക്കുന്ന കുട്ടികളും മുതിര്‍ന്നവരും. അന്നന്നത്തെ അന്നത്തില്‍ കവിഞ്ഞൊരു സ്വപ്‌നവും ഇവര്‍ക്കില്ല. സ്വന്തമായി മണ്ണില്ലാത്തവര്‍ക്കു ജന്മിയുടെ മണ്ണാണ് അന്നം. വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കിയാല്‍ കിട്ടുന്ന കൂലി വട്ടച്ചെലവിനുപോലും തികയില്ല. വയറുനിറയെ ഭക്ഷണം കഴിക്കാനുള്ള വരുമാനം ഗ്രാമങ്ങളിലെ കര്‍ഷകജനതയ്ക്ക് ഇന്നുമില്ല. പൊരി വെള്ളത്തില്‍ കുതിര്‍ത്ത് അതിനു മുകളില്‍ പരിപ്പ് കറിയുടെ വെള്ളമൊഴിച്ചു കഴിച്ചു വിശപ്പടക്കുന്നവരാണ് അധികവും. കൃഷിയിടങ്ങളോട് ചേര്‍ന്ന് കുളങ്ങളും കനാലുകളും ധാരാളം. തെളിമയുള്ള വെള്ളം ഒരിടത്തും കണ്ടില്ല. വൃത്തിഹനീമായ വെള്ളമാണു കൃഷിയാവശ്യത്തിനും വീട്ടാവശ്യത്തിനും കുളിക്കാനും അലക്കാനും അടക്കമുള്ള എല്ലാ ആവശ്യത്തിനും കര്‍ഷകര്‍ ഉപയോഗിക്കുന്നത്.
നിറമുള്ള ഒരു വീടുപോലും ഗ്രാമങ്ങളിലൊന്നും തന്നെ കണ്ടില്ല. അഴുക്കുപുരണ്ട പട്ടിണിക്കോലങ്ങളാണു ഗ്രാമീണ ബാല്യങ്ങള്‍. വിശപ്പടക്കാന്‍ മാര്‍ഗമില്ലാത്തപ്പോള്‍ എങ്ങനെ സ്‌കൂളില്‍ വിടുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ മാത്രം കൃത്യമായി സ്‌കൂളിലെത്തും. ഇവര്‍ക്കു സൗജന്യമായി സൈക്കിളും നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. ഗ്രാമീണരുടെ പ്രധാന വാഹനവും സൈക്കിള്‍ തന്നെ. നന്ദിഗ്രാം കവലയില്‍ സൈക്കിള്‍ നിര്‍ത്തിയിടാന്‍ മാത്രമായി പ്രത്യേക സ്ഥലവും നീക്കിവച്ചിട്ടുണ്ട്. തൊട്ടടുത്ത നഗരമായ ചണ്ഡിപൂരില്‍നിന്ന് നന്ദിഗ്രാമിലേക്കുള്ള ഗതാഗത മാര്‍ഗമായ ടാക്‌സി ജീപ്പുകള്‍ക്ക് മുകളില്‍ പോലും പെണ്ണുങ്ങളടക്കമുള്ള യാത്രക്കാര്‍ കയറിയിരുന്നാണ് സഞ്ചാരം.
ഗുണ്ടകളുടെ ഭരണം
പാര്‍ട്ടി ഗ്രാമങ്ങളിലെ വിറങ്ങലിപ്പാണ് നന്ദിഗ്രാമിലും അനുഭവപ്പെടുന്നത്. ഓരോ അപരിചിതനും ഗുണ്ടാസംഘങ്ങളാല്‍ നിരീക്ഷിക്കപ്പെടുന്ന, അതിന്റെ തിരിച്ചറിവല്‍ അസ്വസ്ഥമാകുന്ന ഗ്രാമീണാവസ്ഥ. ഗുണ്ടാസംഘങ്ങളാണ് പാര്‍ട്ടിയുടെ വിജയ സാധ്യതകള്‍ നിര്‍ണയിക്കുന്നത്. ജയസാധ്യയയുള്ള പാര്‍ട്ടികള്‍ക്കൊപ്പംനിന്ന് ഗ്രാമങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുത്ത് പാര്‍ട്ടി കമ്മിറ്റികളുടെ അധികാര സ്ഥാനങ്ങളിലെത്തി പോലീസിനെയും ഗ്രാമത്തെയും ഭരിക്കുന്നു. പശ്ചിമ ബംഗാളിലെ മറ്റ് ഗ്രാമങ്ങളില്‍നിന്ന് മാറി അപരിചിതരോട് സംസാരിക്കാന്‍ പോലും നന്ദിഗ്രാമിലുള്ളവര്‍ക്കു ഭയമാണ്. വിവരം തിരക്കി സമീപിച്ചവരൊന്നും ഒന്നും വിട്ടു പറയുന്നില്ല. ഗുണ്ടാസംഘങ്ങളുടെ പിടിയില്‍വീണാല്‍പിന്നെ രക്ഷയില്ലെന്നും എത്രയും പെട്ടെന്ന് തിരിച്ചുപോകുന്നതാണ് പന്തിയെന്നും മുന്നറിയിപ്പും.
നന്ദിഗ്രാമിലെ കച്ചവഗഡിയില്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഓഫീസ് പിടിച്ചെടുത്തു നിറംമാറ്റി തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്വന്തം ക്ലബാക്കി മാറ്റിക്കഴിഞ്ഞു. ഗ്രാമങ്ങളിലുടനീളം സി.പി.എമ്മിന്റേയും സഖ്യ കക്ഷികളുടേയും ഓഫീസുകള്‍ ഇങ്ങനെ വ്യാപകമായി മാറ്റിയിട്ടുണ്ട്. ക്ലബില്‍നിന്ന് പുറത്തുവന്ന യുവാക്കള്‍ വിവരം തിരക്കുന്നതിനിടെയില്‍ വളഞ്ഞു. സൂക്ഷമമായി ഐഡന്റിറ്റി പരിശോധിച്ച അവര്‍ക്കു മുന്നില്‍ വിനീത വിധേയനായി നിന്നു. ഗ്രാമത്തില്‍ ഒരു സി.പി.എം. പ്രവര്‍ത്തകനെപോലും കാണാന്‍ സാധിക്കില്ലെന്നും അതിനായി ശ്രമിച്ചിട്ട് കാര്യമില്ലെന്നും മുന്നറിയിപ്പ്. അതുതന്നെയായിരുന്നു യാഥാര്‍ഥ്യവും. ഗുണ്ടാസംഘങ്ങളുടെ പിന്തുണയില്‍ ഗ്രാമങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അടക്കി ഭരിക്കുമ്പോള്‍ സി.പി.എമ്മാണന്നു പറയാന്‍പോലും ഒരാള്‍ക്കും ധൈര്യമില്ല.
കൊല്‍ക്കത്തയില്‍നിന്ന് 150 കിലോമീറ്റര്‍ അകെലയാണ് നന്ദിഗ്രാം. കവലയില്‍നിന്ന് പിന്നേയും 20 കിലോമീറ്റര്‍ ഉള്ളിലേക്ക് കടന്നാലാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 2007 ല്‍ പ്രക്ഷോഭവും പോലീസ് വെടിവയ്പ്പും നടന്ന സ്ഥലത്തെത്തുക. ഈ മേഖലയിലേക്ക് വഴികാട്ടാന്‍ പോലും ആരും തയാറായില്ല. ”അഥവാ സഹായിച്ചാല്‍ നിങ്ങള്‍ മടങ്ങുംമുമ്പെ അവര്‍ ഞങ്ങളെകൊല്ലുമെന്ന്” പതിഞ്ഞ ശബ്ദത്തില്‍ തുറന്നുപറച്ചില്‍. സൈക്കിള്‍ മാത്രമാണ് ഗ്രാമത്തില്‍ ആണിനും പെണ്ണിനും ഒരേപോലെയുള്ള ഗതാഗതമാര്‍ഗം.
കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ അടുത്ത വിളവിറക്കാനായി പണിയിലേര്‍പ്പെട്ട കര്‍ഷകര്‍. ഒരു പെട്രോള്‍പമ്പുപോലും വഴിയോരത്ത് കണ്ടതേയില്ല. പകരം റോഡരികിലെ ചെറു മാടക്കടകളില്‍ മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിറച്ച് പെട്രോളും ഡീസലും വാങ്ങാന്‍ കിട്ടും. പെട്രാള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ നിരത്തിവച്ച കടയ്ക്ക് മുന്നില്‍നിന്ന് ഉടമ നാരായണന്‍ ദേവ്, ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തെകുറിച്ച് പതിയെ പറഞ്ഞു. നാലുപാടും നിരീക്ഷണം നടത്തി ആരുമില്ലെന്ന് ഉറപ്പുവരുത്തയാണ് നാരായണന്‍ ദേവിന്റെ സംസാരം.
‘ഭൂമി ഏറ്റെടുക്കാനൊന്നും അന്നത്തെ ഇടതു സര്‍ക്കാര്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ തുണമൂലുകാര്‍ ജനങ്ങളെ അങ്ങനെ വിശ്വസിപ്പിച്ചു. ഗുണ്ടാസംഘങ്ങളും തൃണമൂലിനൊപ്പം ചേര്‍ന്നതോടെ സി.പി.എമ്മിനു പിടിച്ചുനില്‍ക്കാനാവാതായി. ഇപ്പോള്‍ സി.പി.എമ്മുകാര്‍ക്ക് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കാന്‍ പറ്റില്ല. എന്റെ ഈ കട തന്നെ പലതവണ കൊള്ളയടിച്ചിട്ടുണ്ട്’ നേരത്തെ സി.പി.എം പ്രവര്‍ത്തകനാണെന്ന് നാരായണന്‍ ദേവ് പറഞ്ഞില്ല. എത്ര ചോദിച്ചിട്ടും സ്ഥിരീകരണത്തിനും തയാറായില്ല. പാര്‍ട്ടി വ്യക്തമാക്കിയാല്‍ പുലിവാല്‍ പിടിച്ചേക്കുമെന്ന് ആശങ്ക. എന്തായാലും നാരായണന്‍ ദേവ് അടക്കമുള്ള പഴയ സി.പി.എമ്മുകാരും തൃണമൂലിനു ജയ് വിളിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ സാധിക്കില്ല.
വെടിവയ്പ്പ് നടന്ന സ്ഥലം തേടിയുള്ള യാത്രയിലാണു ഘര്‍ ചക്രപഡിയായില്‍വച്ച് അധ്യാപകനായ ഷെയ്ക്ക് ഹസബുലിനെ പരിചയപ്പട്ടത്. ഭീതി തളംകെട്ടികിടക്കുന്ന ഗ്രാമാവസ്ഥയാണ് ഹസബുല്‍ വിവരിച്ചത്. അധികം ഈ മേഖലയില്‍ കറങ്ങി വിവരം ശേഖരിക്കുന്നത് പന്തിയല്ലെന്നും എത്രയും വേഗം തിരിച്ചുപോകുന്നതാണ് നല്ലതെന്ന് ഉപദേശവും. വെടിവയ്പ്പ് നടന്ന ഇടുങ്ങിയ പാലത്തിനടിയില്‍, പുഴയില്‍ വ്യാപക മണലൂറ്റ്. പാലത്തിലേക്ക് കൈചൂണ്ടി ഗ്രാമീണര്‍ അന്നത്തെ സംഭവങ്ങള്‍ വിവരിച്ചുതന്നു. പ്രക്ഷോഭത്തിന് മുമ്പ് ചെങ്കൊടി നിറഞ്ഞ പാലത്തില്‍ പോയിട്ട് ഗ്രാമത്തില്‍ ഒരിടത്തുപോലും ചുവന്ന അടയാളം പോലും കണ്ടെത്താനായില്ല.
ഗ്രാമത്തിലെ 10,000 ഏക്കര്‍ സ്ഥലം അന്നത്തെ ഇടതു സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയായി നിശ്ചയിച്ച് ബഹുരാഷ്ട്ര കമ്പനിയുടെ വ്യവസായ പാര്‍ക്കിനായി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നുവെന്ന പ്രചാരണം ഗ്രാമീണരെ ആശങ്കയിലാക്കിയ കാലം. ഭൂമി അളന്നുതിരിക്കാന്‍ അധികൃതര്‍ ഏത്തുന്നുവെന്ന സൂചനയില്‍ ഗ്രാമീണര്‍ സംഘടിച്ചു. എന്നാല്‍ ഗ്രാമത്തിലെ എല്ലാവര്‍ക്കും കക്കൂസ് നിര്‍മിച്ചുനല്‍കാനുള്ള ആലോചനായോഗമായിരുന്നു നടത്താന്‍ നിശ്ചയിച്ചതെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. പാലത്തിനു മറുകരയില്‍ സംഘടിച്ച ജനങ്ങളെ തുരുത്താന്‍ പോലീസ് സംഘമെത്തിയതോടെ ഗ്രാമീണര്‍ ആക്രമാസക്തരായി. പിന്നീട് നടന്നതെല്ലാം ചരിത്രത്തില്‍ ചിതറിത്തെറിച്ച ചോരത്തുള്ളികളായി അവശേഷിക്കുന്നു.
സി.പി.എമ്മിന്റെ കോട്ടയായ നന്ദിഗ്രാമില്‍ പാര്‍ട്ടി ഒറ്റപ്പെട്ടു. ജനങ്ങളുടെ ആക്രമണം ഭയന്നു നേതാക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്തു. ഓടിയൊളിക്കാന്‍ ഇടം കിട്ടാത്തവര്‍ സമരത്തിന് നേതൃത്വം നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുണ്ടാസംഘങ്ങളുടെ പിന്തുണയും തൃണമൂലിനായി. ഇതോടെ നന്ദിഗ്രാമില്‍ സി.പി.എം നാമാവശേഷമായി. പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളിലൊക്കെയും നന്ദിഗ്രാമിന്റെ രാഷ്ട്രീയ സാഹചര്യം വ്യാപിച്ചു. ഫലം തൊട്ടുപിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ദയനീയ പരാജയം. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു.
നന്ദിഗ്രാമില്‍ വിജയിച്ചെത്തിയ തൃണമൂല്‍ എം.എല്‍.എ പ്രക്ഷോഭത്തില്‍മരിച്ച 18 പേരുടേയും ഓര്‍മകള്‍ നിലനിര്‍ത്താന്‍ സ്മാരകം പണിതു. ന്യൂനപക്ഷ മേഖലയായ ഇവിടെ മരിച്ചുവീണവരില്‍ ഏറെയും ഈ വിഭാഗത്തില്‍പെട്ടവരാണ്. ഓര്‍മകുടീരമായ ഷെയ്ക്ക് മിനാറിന് 130 അടിയാണ് ഉയരം. തൊട്ടുചേര്‍ന്ന് ഒരു ഗസ്റ്റ് ഹൗസും പ്രാഥമിക ആരോഗ്യ കേന്ദ്രവും. ആരോഗ്യ കേന്ദ്രത്തിന്റെ മുന്‍ചുമരില്‍ മരിച്ച 18 ഗ്രാമീണരുടേയും ഫോട്ടോ ചില്ലിട്ടു വച്ചിട്ടുണ്ട്. തുടക്കകാലത്ത് ആരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറുണ്ടായിരുന്നു. ഇപ്പോഴാകട്ടെ, മാസത്തില്‍ വല്ലപ്പോഴും വന്നെങ്കിലായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പോലീസ് ഔട്ട്‌പോസ്റ്റ് ഈ സ്മാരകത്തിന് എതിര്‍വശത്ത് ഇപ്പോഴുമുണ്ട്.
നന്ദിഗ്രാമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും സി.പി.എം. പിഴുതുമാറ്റപ്പെട്ടു കഴിഞ്ഞു. ഗുണ്ടാസംഘങ്ങളുടെ ഇടപെടലും വ്യാപകമായി. ടൗണുകളില്‍ പോലീസ് നാമാമാത്രമാണ്. തൃണമൂലിനെ പിന്തുണയ്ക്കുന്ന ഗുണ്ടാസംഘങ്ങളില്‍ പെട്ട യുവാക്കളാണ് പലയിടങ്ങളിലും പോലീസിന്റെ പണി ഏറ്റെടുത്തിട്ടുള്ളത്. മുഗ്രാജ്പൂരില്‍ റെയില്‍വേ ക്രോസിങ്ങല്‍ വാഹനം നിര്‍ത്തിയപ്പോഴേക്കും ഒരു യുവാവ് ഗുണ്ടാപിരിവിനെത്തി. ഊരും പേരും യാത്രാ ഉദേശ്യവുമൊന്നും അറിയണ്ട; പിരിവു നല്‍കിയ ശേഷമേ യാത്ര തുടരാന്‍ അനുവദിച്ചുള്ളൂ. ഈ മേഖലയുടെ ഗതാഗത നിയന്ത്രണം തനിക്കാണെന്നാണു പിരിവിനു കാരണമായി പറഞ്ഞത്.
കൊല്‍ക്കത്തയുടെ നാഗരിക ബിംബങ്ങള്‍ക്കിടയില്‍ അഭിരമിക്കുമ്പോള്‍ ഇത്തരമൊരവസ്ഥ ഗ്രാമങ്ങളിലുണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമാകും. നന്ദിഗ്രാമില്‍ ഏറ്റെടുത്തേക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന സ്ഥലത്ത് ഇന്നും കൃഷിയിറക്കുന്നുണ്ട്. ആരും ഇപ്പോള്‍ ഇതേക്കുറിച്ചൊന്നും പറയുന്നുമില്ല.
അതേസമയം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ലാതെ, ഗ്രാമത്തിലെ കൃഷിയിടങ്ങളില്‍ അഴുക്കു നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്ന ചെറുകുളങ്ങള്‍ പോലെ തളംകെട്ടിയ ജീവിതക്കാഴ്ചയാണ് ഗ്രാമങ്ങളിലുടനീളം. നാഗരികതയുടെ ബിംബങ്ങള്‍ തച്ചുടച്ച് അവിടങ്ങളില്‍ ഗ്രാമീണ വിശുദ്ധിയുടെ ആധികാരികത സ്വപ്‌നം കണ്ട വിപ്ലവത്തിന്റെ പുലരികളിലേക്കുള്ള ദൂരം പോലും ഇവര്‍ മറന്നുകഴിഞ്ഞു.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply