നസീറാന മുതല്‍ അക്ബറാന വരെ

ഡി.പ്രദീപ് കുമാര്‍ ‘ആനയ്ക്ക് ജാതിയും മതവുമുണ്ടോ?’എന്നാരാഞ്ഞുകൊണ്ട് 2010ഏപ്രില്‍ 25നു ‘ദൃഷ്ടിദോഷം’ ബ്ലോഗില്‍ എഴുതിയിരുന്നു. അതിനു  കാരണമുണ്ടായിരുന്നു. പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരം സമാപിച്ചെങ്കിലും ഇത് ഉത്സവങ്ങളുടെ കാലം. മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന. ആദിമമനുഷ്യന്റെ കാലം മുതല്‍തന്നെ  കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു. വിവിധ ഇതിഹാസങ്ങളില്‍, സംസ്‌കൃതികളില്‍ എല്ലാം കരിവീരന്മാര്‍ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു. പൌരാണികമായ വേദങ്ങളില്‍ ഗജവീരമ്മാരെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലത്രേ. ക്രിസ്തുവിനു മുന്‍പ് 3000 മുതല്‍ 1700 വരെ നീണ്ടു […]

ana
ഡി.പ്രദീപ് കുമാര്‍
‘ആനയ്ക്ക് ജാതിയും മതവുമുണ്ടോ?’എന്നാരാഞ്ഞുകൊണ്ട് 2010ഏപ്രില്‍ 25നു ‘ദൃഷ്ടിദോഷം’ ബ്ലോഗില്‍ എഴുതിയിരുന്നു. അതിനു  കാരണമുണ്ടായിരുന്നു.
പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരം സമാപിച്ചെങ്കിലും ഇത് ഉത്സവങ്ങളുടെ കാലം.
മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന. ആദിമമനുഷ്യന്റെ കാലം മുതല്‍തന്നെ  കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു. വിവിധ ഇതിഹാസങ്ങളില്‍, സംസ്‌കൃതികളില്‍ എല്ലാം കരിവീരന്മാര്‍ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു. പൌരാണികമായ വേദങ്ങളില്‍ ഗജവീരമ്മാരെക്കുറിച്ച് പരാമര്‍ശിക്കുന്നില്ലത്രേ. ക്രിസ്തുവിനു മുന്‍പ് 3000 മുതല്‍ 1700 വരെ നീണ്ടു നിന്ന ഇന്‍ഡസ് വാലി സംസ്‌കാരകാലഘട്ടത്തില്‍ ഉപയോഗിച്ച മുദ്രകളില്‍ ആനയുടെ ചിത്രങ്ങളുണ്ടായിരുന്നത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത് ആനകളെ യുദ്ധത്തിനു ഉപയോഗിച്ചിരുന്നതായി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗജപരിപാലനത്തെക്കുറിച്ച് ‘ഹസ്തായുര്‍വേദം’, ‘മാതംഗലീല’ എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.
ഹിന്ദു പുരാണങ്ങളില്‍ ഗണപതിയും ഐരാവതവും മറ്റും ആരാധനാബിംബങ്ങളായി. ബ്രഹ്മാവാണത്രേ ആനകളെ സൃഷ്ടിച്ചത്. ബുദ്ധ, ജൈനമതങ്ങളിലും ആനകള്‍ക്ക് ദിവ്യമായ പരിവേഷമാണുള്ളത്. അധികാരത്തിന്റേയും പ്രൌഢിയുടേയും ശക്തിയുടേയുമൊക്കെ ചിഹ്ന്‌നങ്ങളാണു ആനകള്‍. നൂറ്റാണ്ടുകളായി അവ ക്ഷേത്രാചാരങ്ങളിലെ അഭിവാജ്യഘടകമാണ്. ഗോശാലകൃഷ്ണന്റെ അമ്പലങ്ങളില്‍ പോലും എഴുന്നള്ളത്തിനു കൊമ്പനാനകള്‍ വേണം. (പിടിയാനകളെ ആരും എഴുന്നള്ളിക്കാറില്ല. വനിതാസംവരണത്തിനു വേണ്ടി വീറോടെ വാദിക്കുന്നവര്‍ ഭരിക്കുന്ന ദേവസ്വംബോര്‍ഡിനു കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലെങ്കിലും പിടിയാനകള്‍ക്ക് പ്രവേശം ഉറപ്പുവരുത്തണം). ഗള്‍ഫില്‍ പോയും , കച്ചവടം ചെയ്തും, ലോട്ടറിയടിച്ചും, നാട്ടാരെ മദ്യം കുടിപ്പിച്ചും പണമുണ്ടാക്കുന്ന പരമഭക്തര്‍ ഇഷ്ടദൈവമായ കൃഷ്ണനു തന്റെ പ്രിയപ്പെട്ട കന്നുകാലികളെ നടക്കിരുത്തിയതായി അറിവില്ല. സാദാഭക്തര്‍ മുതല്‍ വിജയ് മല്യവരെ നടയ്ക്കിരുത്തുന്നത് ലക്ഷണമൊത്ത കൊമ്പനാനകളെയാണ്. ഗുരുവായൂരില്‍ ആനത്താവളവും ആനയൂട്ടും ആനയോട്ടവുമൊക്കെയുണ്ടു. ഗജവീരന്‍ കേശവനു സ്മാരകമായി പ്രതിമയുണ്ട്. ചരമവാര്‍ഷികാചരണമുണ്ട്. അവ മാദ്ധ്യമങ്ങള്‍ വര്‍ഷംതോറും കൊണ്ടാടാറുണ്ട്. പക്ഷേ, ഗോമാതാക്കളുടെ കാര്യമോ? എല്ലും തോലുമായ അവയെ ദൂരത്തെവിടെയോ ഉള്ള ഗോശാലയില്‍ നടതള്ളിയിരിക്കുകയാണത്രേ. ക്ഷേത്രഭാരവാഹികളും മാദ്ധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.
ആന മതചിഹ്ന്‌നം മാത്രമല്ല; രാഷ്ട്രീയായുധം കൂടിയാണെന്നു നമ്മള്‍ കണ്ടുകഴിഞ്ഞു. മതപരമായ മാനങ്ങളുള്ള ചന്ദ്രക്കലയും പശുവും കിടാവും താമരയും കൈയ്യും രാ!ഷ്ട്രീയപാര്‍ട്ടികള്‍ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാകണം ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്ന്‌നമായത്. അതോ, ജന്മിത്വത്തിന്റെ അടയാളങ്ങളിലൊന്നായിരുന്ന ആനയെത്തന്നെ തങ്ങളുടേതാക്കി മാറ്റി സാമൂഹികമായ ഒരു പൊളിച്ചെഴുത്തിനു കാന്‍ഷിറാം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല. അതെന്തായാലും, ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ പാര്‍ക്കുകളില്‍ ദളിത് നേതാക്കളുടെ പ്രതിമകള്‍ക്കൊപ്പം ഈ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു ആനശില്‍പ്പങ്ങളുടെ നിയമസാധുത ഉന്നതനീതിപീഠം വിധിയെഴുതട്ടെ.
ആനയുടെ രാഷ്ട്രീയ ഉടമസ്ഥത ആര്‍ക്കായാലും കേരളത്തിലെ ആനകളുടെ ഉടമസ്ഥത നൂറ്റാണ്ടുകളായി മാറ്റമില്ലാതെതന്നെ തുടരുകയാണ്. നമ്മുടെ ആനമുതലാളിമാരില്‍ ഒരുമതക്കാര്‍ മാത്രമേയുള്ളൂ എന്നാണു അറിയുന്നത്. അല്ലെങ്കില്‍, ഇവരില്‍ ബഹുഭൂരിപക്ഷവും ഒരു മതത്തില്‍ തന്നെപെട്ടവരാണ്. അതില്‍തന്നെ ദളിത് വിഭാഗത്തില്‍ നിന്ന് ഇന്നേവരെ ഒരു ആനമുതലാളിയും ഉണ്ടായിട്ടില്ല. ആനകളുമായി യുഗങ്ങളായി സഹവസിക്കുന്ന ആദിവസികളിലൊരാല്‍ പോലും ആനമുതലാളിയല്ലല്ലോ. ഉടമസ്ഥര്‍ ഉന്നതശ്രേണിയില്‍ പെട്ടവരാണെങ്കിലും ആനപാപ്പാന്മാര്‍ അങ്ങനെയല്ല. അവര്‍ ജാതിയില്‍ താഴെയുള്ളവരാണ്. ആന ഇടഞ്ഞാല്‍ മയക്കുവെടി വെക്കാനും ആന ചരിഞ്ഞാല്‍ സംസ്‌കരിക്കാന്‍ സ്ഥലം കൊടുക്കാനും മറ്റു മതസ്ഥര്‍ വേണം. പക്ഷേ, ആനക്ക് പേരിടുമ്പോള്‍ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഇതിന്റെ ഉപകാരസ്മരണയുണ്ടാകാറുണ്ടോ?
ആനമുതലാളിമാര്‍ നാട്ടിലെ പ്രമാണിമാരാണ്. സാംസ്‌കാരിക നായകരാണ്. ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബിന്റെ പരിപാടികള്‍ക്കു മാത്രമല്ല, സര്‍ക്കാരിന്റെ സാംസ്‌കാരിക ജാഥകള്‍ക്കും മറ്റു മതസ്ഥരുടെ വിശേഷങ്ങള്‍ക്കുമൊക്കെ ആനകളോടൊപ്പം ഇവരേയും നമ്മള്‍ എഴുന്നള്ളിക്കാറുണ്ട്. ഇവര്‍ മതേതരജാഥകള്‍ക്ക് മുന്നില്‍ തന്നെ നില്‍ക്കുന്നവരാണ്. പക്ഷേ, ഇവരുടെ ആനകള്‍ക്ക് പേരിടുമ്പോള്‍ ഇവരാരും വിശാലമനസ്‌കരാകുന്നില്ല? എന്തേ, ആനകളില്‍ കേശവനും സുബ്രഹ്മണ്യനും കുട്ടിശങ്കരനും പത്മനാഭനും ശിവസുന്ദറുമൊക്കെയല്ലാതെ കോരനും തിരുവനും ബഷീറും മുസ്തഫയും തോമസുമൊന്നും ഉണ്ടാകുന്നില്ല? യേശുദാസിനെയും മെഴ്‌സിരവിയേയും ക്ഷേത്രത്തിനകത്ത് കയറ്റാത്തവര്‍ നാളെ തോമസാനയേയും ബഷീറാനയേയും പടിക്ക് പുറത്ത് നിര്‍ത്തുമോ?
നോണ്‍ വെജിറ്റേറിയന്‍ ഉടമസ്ഥരുടെ ആനകള്‍ ചിക്കനും ബീഫും മട്ടനും കഴിക്കില്ല. എന്തിനു, ബംഗാളിലെ ഒന്നാംതരം ബ്രാമണരെപ്പോലെ മത്സ്യവും കഴിക്കില്ല. ഉടമസ്ഥര്‍ ആരായിരുന്നാലും, അവരുടെ വീടുകളിലെ അന്തരീഷം എന്തായിരുന്നാലും ആന പൂര്‍ണ്ണ സസ്യാഹാരിയാണ്. അവ കഴിക്കുന്നത് പഴവും പട്ടയും ശര്‍ക്കരയുമൊക്കെ തന്നെ. സാത്വികാഹാരികള്‍. അങ്ങനെയുള്ള ആനകളെ വെറുമൊരു പേരിന്റെ മാത്രം പേരില്‍ ക്ഷേത്രകമ്മറ്റിക്കാര്‍ അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തുമോ?
ആലോചിച്ച് നോക്കാന്‍ രസമുണ്ട്. ആനയെ നടക്കിരുത്തുക എന്ന ഒരു ചടങ്ങുണ്ട് .നടക്കിരുത്തപ്പെട്ട ആനകള്‍ക്ക് ദൈവികപരിവേഷവും ദിവ്യത്വവും കല്‍പ്പിക്കപ്പെടുക സ്വാഭാവികം. പക്ഷേ, നാട്ടാനകളില്‍ ഭൂരിപക്ഷവും ഈ ഗണത്തില്‍ പെടുന്നവയല്ല. പൂരത്തിനും എഴുന്നള്ളത്തിനും, കൂപ്പിലും തടിഡിപ്പോയിലുമൊക്കെ വിശ്രമമില്ലാതെ ജോലിചെയ്യാന്‍ വിധിക്കപ്പെട്ടവയാണ് ഇവ. ആന മുതലാളിമാര്‍ക്ക് കാശുണ്ടാക്കാനായി മാത്രം അശ്രാന്തം പണിയെടുക്കുന്ന സാധുമൃഗങ്ങള്‍. ഇവയുടെ മുതലാളിമാര്‍ക്ക് ഒരേ മുഖമാണുള്ളത്. പൂരപ്പറമ്പില്‍ നിന്ന് അവര്‍ ആനകളെ അടുത്ത പള്ളിയിലെ പെരുന്നാളിനോ ചന്ദനക്കുടത്തിനോ നേര്‍ച്ചക്കോ കൊണ്ടുപോകും. അവിടെയെത്തുന്ന അനകളുടെ പേരോ ഉടമസ്ഥതയോ അവര്‍ നോക്കാറില്ല. അങ്ങനെ ആരെങ്കിലും നിര്‍ബന്ധം പിടിച്ചാല്‍ പള്ളിക്കമ്മറ്റിക്കാരും ചന്ദനക്കുടക്കാരും കൂടി കാശുപിരിച്ച് സ്വന്തമായി കൊമ്പനാനകളെ വാങ്ങുകയേ ഇപ്പോള്‍ വഴിയുള്ളൂ. ‘ന്റുപ്പാപ്പായ്ക്ക് ഒരാനേണ്ടാര്‍ന്ന്’ എന്നൊക്കെ കുഞ്ഞുതാച്ചുമ്മമാര്‍ വീമ്പിളക്കാറേയുള്ളൂ.
അതുകൊണ്ട് കാട്ടാനകള്‍ക്കൊപ്പം നാട്ടാനകളുടേയും സെന്‍സസ് എടുക്കുക.ക്ഷമിക്കണം; നാട്ടാനകളുടെ കൃത്യമായ കണക്ക് ലഭ്യമാണ്. പക്ഷേ, അവയുടെ ജാതിയും മതവും തിരിച്ചുള്ള സെന്‍സസാണു ഇനി നടത്തേണ്ടത്. നാളെ അതിന്റെ ആവശ്യം ഏവര്‍ക്കും ബോദ്ധ്യപ്പെടാതിരിക്കില്ല.
ഈ ബ്ലോഗ്കുറിപ്പിനു ലഭിച്ച പ്രതികരണങ്ങള്‍ അഭൂതപൂര്‍വമായിരുന്നു. ആനയ്ക്ക് ജാതിയും മതവുമുണ്ടോ എന്ന ചോദ്യം തന്നെ പലരെയും പ്രകോപിപ്പിച്ചുവെങ്കിലും വിലപ്പെട്ട ഒട്ടേറെ അറിവുകള്‍ ലഭിച്ചു. ഞാന്‍ ആദ്യമായി അക്ബറിനെക്കുറിച്ച് കേള്‍ക്കുന്നത് ആ പ്രതികരണങ്ങളില്‍ നിന്നായിരുന്നു. വര്‍ഷങ്ങളായി ഏറ്റുമാനൂരപ്പന്റെ തിടമ്പ് ഏറ്റുന്ന ഗജവീരനാണു ഈ അക്ബര്‍. ഇതിന്റെ ഉടമ പ്ലാത്തോട്ടത്തില്‍ അപ്പച്ചന്‍ എന്ന സത്യക്രിസ്ത്യാനി. നമ്മുടെ പി.സി ജോര്‍ജ്ജിന്റെ ബന്ധു. മുസ്ലീം പേരുകാരനായ ക്രിസ്ത്യാനിയുടെ ആന അമ്പലത്തില്‍ എഴുന്നള്ളത്തിനു ഭഗവാന്റെ തിടമ്പ് വഹിക്കുന്നു. ഒരു പക്ഷേ ഇതിനു സമാനമായ ഒരാനക്കഥ ആരും എവിടെയും കേട്ടിട്ടുണ്ടാകില്ല.
അക്ബര്‍ ആന വേറിട്ടു നിന്നുവെങ്കിലും എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു മറ്റ് പ്രതികരണങ്ങള്‍ ആനമുതലാളിമാരില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനുകളുമുണ്ടങ്കിലും അവരെല്ലാം തങ്ങളുടെ ആനകള്‍ക്കിടുന്നത് ഹിന്ദു ദൈവങ്ങളുടെ പേരുകളാണ്. അല്ലെങ്കില്‍ ഉത്സവത്തിനു എഴുന്നള്ളിക്കാന്‍ ബുദ്ധിമുട്ടുണ്ടായാലോ? ആനകള്‍ക്ക് മാത്രമല്ല പശുക്കള്‍ക്കും ഹിന്ദുപേരുകളാണ് ഇടുന്നതെന്ന് മറ്റൊരു ബ്ലോഗര്‍ അറിയിച്ചു. പക്ഷേ, മുമ്പ് കോടനാട്ടെ ആനക്കൂട്ടില്‍ ടോണി, വിത്സന്‍ എന്നീ കുട്ടിയാനകള്‍ ഉണ്ടായിരുന്നതായി മറ്റൊരാള്‍ എഴുതി. ആനകളില്‍ ബ്രാഹ്മണരും വൈശ്യരും ശൂദ്രരുമുണ്ടെന്നാണു വേറൊരു സുഹൃത്ത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ നിന്ന് അറിഞ്ഞത്  ബ്രാഹ്മണആന തീറ്റയെടുക്കും മുമ്പ് തര്‍പ്പണം ചെയ്യുമത്രേ. അവ തുമ്പിക്കൈയ്യില്‍ വെള്ളമെടുത്ത് വശത്തേക്കും തലയ്ക്കുമുകളിലേക്കും ഒഴിക്കും!
പിടിയാനകളെ ഉത്സവത്തിനു എഴുന്നള്ളിക്കില്ലെന്ന ധാരണ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഒരാള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയെ കൂട്ടുപിടിച്ചു. ‘ഐതിഹ്യമാല’യിലെ ആനക്കഥകളില്‍ പിടിയാനകളെ എഴന്നള്ളത്തിനുപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. പണ്ട് പിടിയാനകളെ ഗുരുവായൂരമ്പലത്തില്‍ കൂട്ടാനകളായി എഴുന്നള്ളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം എഴുതി. െപരുമ്പാവൂരിനടുത്ത ഇരിങ്ങോള്‍ കാവില്‍ പിടിയാനകളെ മാത്രമെ എഴുന്ന ള്ളിക്കാറുള്ളുവെന്ന് മറ്റൊരു സുഹൃത്തഅറിയിച്ചു. ആനപാപ്പാന്മാരില്‍ വിഭാനമ്പൂതിരിയെപ്പോലുള്ള ബ്രാഹ്മണരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബ്ലോഗര്‍ സുഹൃത്ത് ഈ നിരീക്ഷണം കൂടി നടത്തി: ആനപാപ്പാന്മാരില്‍ മറ്റുമതക്കാരാരുമുണ്ടെന്നു തോന്നുന്നില്ല.
ഒരു കൌതുകത്തിനു എഴുതിയ   ബ്ലോഗ് കുറിപ്പില്‍ നിന്ന് ലഭിച്ച ഈ വിലയേറിയ ആനക്കാര്യങ്ങളില്‍ തലയുയര്‍ത്തി നിന്നിരുന്നത് അക്ബറാന തന്നെയായിരുന്നു. അതുകൊണ്ടു തന്നെ, കേരളീയ സാമൂഹികപശ്ചാത്തലത്തില്‍ വലിയ പ്രാധന്യമുള്ള ഈ ഗജവീരനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ക്ക് പിന്നെയും കാതോര്‍ത്തു. ഏറ്റുമാനൂരമ്പലത്തില്‍ മാത്രമല്ല തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും  മറ്റും തിടമ്പേറ്റാനായി ഈ ഗജവീരനെ പലരും പാട്ടത്തിലെടുത്തു. പ്രായാധിക്യവും പട്ടിണിയും കാരണം ഇക്കഴിഞ്ഞ ജനുവരിയില്‍ നായരമ്പലത്ത് തളര്‍ന്നു വീണ അക്ബറെ ജെ.സി.ബി ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് ഉത്സവത്തിനു കൊണ്ടുപോയെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഫെബ്രുവരി അവസാനം എത്തിയത് സങ്കടകരമായ വൃത്താന്തമായിരുന്നു. രോഗം മൂലം തീര്‍ത്തും അവശനായ അക്ബര്‍ ഇടുക്കി ഇരുട്ടുക്കാനത്തെ ഒരു ഏലത്തോട്ടത്തില്‍ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്നുവെന്നായിരുന്നു അത്. പിന്നാലെ, 65 വയസ്സുള്ള ആ ഗജവീരന്‍ യാത്രയായി. ഏറ്റുമാനൂരിലെ പ്ലാത്തോട്ടത്ത് ഉടമസ്ഥനായ അപ്പച്ചന്റെ സ്ഥലത്ത് തന്നെയാനു അക്ബറിനെ സംസ്‌കരിച്ചത്. മറ്റ് ആനകളെ സംസ്‌കരിക്കുന്നത് പോലെ ഹൈന്ദവമതാചാരപ്രകാരമാണോ അക്ബറെ സംസ്‌കരിച്ചത് എന്നറിയില്ല. അതെന്തായാലും, അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഒരു ജീവിതവും മരണവുമാണ്: തീര്‍ച്ച. അത് നല്‍കുന്ന ഗുണപാഠങ്ങള്‍ മനുഷ്യനു വിലപ്പെട്ടതാണ്. അക്ബര്‍ ആന അതുകൊണ്ടു തന്നെ തലയെടുപ്പോടെ വരും കാലത്തും തുമ്പികൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകതന്നെ ചെയ്യും.
അക്ബറാനയെക്കുറിച്ചുള്ള ഈ കുറിപ്പിനു പൂര്‍ണ്ണവിരാമമിടുന്നത് മുന്‍പ് നസീറിനെ കൂടി ഓര്‍ക്കേണ്ടതുണ്ട്. നസീറാനയാണത്. നമ്മുടെ നിത്യ ഹരിത നായകന്‍ പ്രേംനസീര്‍  ചിറയിങ്കീഴിലെ  ശാര്‍ക്കരക്ഷേത്രത്തില്‍ 1966ല്‍ നടയ്ക്കിരുത്തിയ ആനയായിരുന്നു അത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ പ്രാക്കുളം ഭാസിയായിരുന്നു ആ ആനക്ക് ”നസീര്‍’   എന്ന പേരിട്ടത്. അത് ഏറെക്കാലം ഹിന്ദു, മുസ്ലീം വര്‍ഗ്ഗീയവാദികളെ ചൊടിപ്പിച്ചു. പക്ഷേ പ്രേംനസീറും പ്രാക്കുളവും വഴങ്ങിയില്ല. അങ്ങനെ നസീറാന ശാര്‍ക്കര ക്ഷേത്രത്തില്‍ തുമ്പിക്കൈയുയര്‍ത്തിപ്പിടിച്ചു തന്നെ നിന്നു .(പില്‍ക്കാലത്ത് നസീറാനയ്ക്ക് എന്തു സംഭവിച്ചുവോ, ആവോ !)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply