നവോത്ഥാനകേരളവും കമ്യൂണിസ്റ്റ് അവകാശവാദങ്ങളും

രാജ്യമെങ്ങും സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ പത്തിവിടര്‍ത്തിയാടുമ്പോള്‍ അതിശക്തമായ പ്രതിരോധനിര പടുത്തുയര്‍ത്തുക എന്നത് ജനാധിപത്യവാദികളുടെ അടിയന്തിരകടമയാണ്. അതിനിടയില്‍ ചെറിയ തോതിലുള്ള അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് വിശാലമായ ഐക്യനിരയാണ് കെട്ടിപ്പടുക്കേണ്ടത്. അക്കാര്യത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട്. തീര്‍ച്ചയായും കേരളത്തിലെ ഇടതുപക്ഷത്തിനും ഇക്കാര്യത്തില്‍ പ്രധാനമായൊരു റോള്‍ തന്നെയുണ്ടെന്നതില്‍ സംശയമില്ല. അപ്പോഴും കണ്ണൂര്‍ മോഡലിലാണ് ഫാസിസ്റ്റുകളെ നേരിടുന്നതെങ്കില്‍ അതവരുടെ വളര്‍ച്ചക്ക് സഹായകരമാകുകയേ ഉള്ളു എന്നത് വേറെ കാര്യം. ആയുധം കൊണ്ട് ഒരു ആശയത്തേയും തകര്‍ക്കുക എളുപ്പമല്ല. അതേസമയം അത്തരമൊരു […]

poster

രാജ്യമെങ്ങും സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ പത്തിവിടര്‍ത്തിയാടുമ്പോള്‍ അതിശക്തമായ പ്രതിരോധനിര പടുത്തുയര്‍ത്തുക എന്നത് ജനാധിപത്യവാദികളുടെ അടിയന്തിരകടമയാണ്. അതിനിടയില്‍ ചെറിയ തോതിലുള്ള അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് വിശാലമായ ഐക്യനിരയാണ് കെട്ടിപ്പടുക്കേണ്ടത്. അക്കാര്യത്തില്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തില്‍ വിശ്വസിക്കുന്ന എല്ലാ പ്രസ്ഥാനങ്ങള്‍ക്കും തങ്ങളുടേതായ പങ്കുവഹിക്കാനുണ്ട്. തീര്‍ച്ചയായും കേരളത്തിലെ ഇടതുപക്ഷത്തിനും ഇക്കാര്യത്തില്‍ പ്രധാനമായൊരു റോള്‍ തന്നെയുണ്ടെന്നതില്‍ സംശയമില്ല. അപ്പോഴും കണ്ണൂര്‍ മോഡലിലാണ് ഫാസിസ്റ്റുകളെ നേരിടുന്നതെങ്കില്‍ അതവരുടെ വളര്‍ച്ചക്ക് സഹായകരമാകുകയേ ഉള്ളു എന്നത് വേറെ കാര്യം. ആയുധം കൊണ്ട് ഒരു ആശയത്തേയും തകര്‍ക്കുക എളുപ്പമല്ല.
അതേസമയം അത്തരമൊരു ഐക്യനിര പടുത്തുയര്‍ത്തുമ്പോള്‍ അതിനൊരു തെറ്റായ രാഷ്ട്രീയദിശ ഉണ്ടാകരുതല്ലോ. ചരിത്രത്തെ വളച്ചൊടിക്കുകയുമരുത്.. പക്ഷെ നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമീപനം കേരളത്തില്‍ വ്യാപകമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തെ അടിമുടി മാറ്റി മറിച്ച നവോതാഥാന പ്രസ്ഥാനങ്ങളായിരിക്കണം കാലത്തിനനുസൃതമായ മാറ്റങ്ങളോടെ നമ്മുടെ മാര്‍ഗ്ഗദര്‍ശി. എന്നാല്‍ ഇടതുപക്ഷനേതാക്കളും അണികളും വ്യാപകമായി പ്രചരിപ്പിക്കുന്നത് തെറ്റായ വസ്തുതകളാണെന്നതാണ് കൗതുകകരം. മേല്‍സൂചിപ്പിച്ച മാറ്റങ്ങളുടെ സൃഷ്ടികര്‍ത്താക്കള്‍ തങ്ങളാണെന്നാണ് പലപ്പോഴും അവരുടെ അവകാശവാദം. ആധുനിക കേരളം സൃഷ്ടിച്ചത് തങ്ങളാണെന്നും സൃഷ്ടികര്‍ത്താവ് ഇ എം എസ് നമ്പൂതിരിപ്പാടാണെന്നു (നമ്പൂതിരിപ്പാടെന്ന പ്രയോഗം തന്നെ അത് തെറ്റാണെന്ന് സൂചിപ്പിക്കുന്നുണ്ട്) മുള്ള അവരുടെ അവകാശവാദങ്ങളാണ് സൂചിപ്പിക്കുന്നത്. ഒരിക്കലുമത് ചരിത്രത്തോട് നീതിപുലര്‍ത്തലല്ല. നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച കേരളത്തില്‍ വളരെ അനായാസമായി തങ്ങളുടെ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുകയാണവര്‍ ചെയതത്. അതാകട്ടെ നവോത്താനത്തിന്റെ രാഷ്ട്രീയത്തെയും തുടര്‍ച്ചയേയും തകര്‍ത്തിട്ടായിരുന്നു. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയുള്ള ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങള്‍ വിജയകരമാകില്ല എന്നുറപ്പ്.
കമ്യൂണിസ്റ്റ് നേതാക്കളുടെ എഴുത്തുകളിലും പ്രസംഗങ്ങളിലും മാത്രമല്ല, പ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലുമെല്ലാം ഈ തെറ്റായ അവകാശവാദങ്ങള്‍ കാണാം. തീര്‍ച്ചയായും ദളിത് വിഭാഗങ്ങളില്‍ നിന്നും മറ്റുമുള്ളവര്‍ അതിനു മറുപടി പറയാന്‍ ശ്രമിക്കുമ്പോഴും ഒരു ആത്മപരിശോധനക്ക് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഉദാഹരണമായി നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് എന്ന തലക്കെട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി കാണുന്ന ഈ പോസ്റ്റര്‍ തന്നെ നോക്കൂ. കേരളം നേടിയ മാറ്റങ്ങളെല്ലാം തങ്ങളാണ് സൃഷ്ടിച്ചതെന്ന അവകാശവാദം എത്ര ബാലിശമാണ്. ഈ അവകാശവാദങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണെന്ന് ദളിത് ന്യൂസ് എന്ന ഓണ്‍ ലൈന്‍ പബ്ലിക്കേഷന്‍ തന്നെ ചൂണ്ടികാട്ടുന്നുണ്ട്.
ഉദാഹരണമായി മേല്‍മുണ്ട് , മുട്ടിനു താഴെ മുണ്ടുടുക്കല്‍ തുടങ്ങിയ വസ്ത്ര ധാരണ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു കിട്ടുന്നത് എന്നായിരുന്നു. അത് 1822 ലെ ചാന്നാര്‍ ലഹളയെ തുടര്‍ന്നായിരുന്നു. 1859 ജൂല. 26ന് (കൊ.വ. 1034) ഉത്രം തിരുനാള്‍ പുറപ്പെടുവിച്ച വിളംബരം നോക്കുക. ‘ചാന്നാര്‍ സ്ത്രീകള്‍ക്ക് അവരുടെ ആഭിജാത്യബോധമനുസരിച്ച് ഏതുതരത്തിലും വസ്ത്രം ധരിച്ച് നഗ്‌നത മറയ്ക്കുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഇതിനാല്‍ അനുവദിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ ഉന്നതജാതിയിലെ സ്ത്രീകളുടെ വസ്ത്രങ്ങളെ അനുകരിക്കാന്‍ പാടില്ലാത്തതാകുന്നു.’ സവര്‍ണരുടേതുപോലെയാകരുത് എങ്കിലും നാടാര്‍ സ്ത്രീകള്‍ക്ക് ബഌസും മേല്‍മുണ്ടും ധരിക്കാനായത് അങ്ങനെയാണ്. തുടര്‍ന്ന് മദ്രാസ് ഗവര്‍ണരായ സര്‍ ചാള്‍സ് ടി. വില്യം ഉയര്‍ന്ന ജാതിക്കാരെ അനുകരിക്കരുത് എന്ന വ്യവസ്ഥ മാറ്റാനുമാവശ്യപ്പെട്ടു. മഹാരാജാവിനു ഈ വ്യവസ്ഥയും പിന്‍വലിക്കേണ്ടിവന്നു. തീര്‍ച്ചയായും വസ്ത്രധാരണത്തിലെ വ്യത്യസ്ഥത പിന്നേയും നിലനിന്നു. ഇപ്പോഴുമുണ്ട്. എന്നാല്‍ നിയമപരമായ അവകാശം അങ്ങനെയാണ് നേടിയത്. അന്ന് കമ്യൂണിസ്റ്റ് പാര്‍്ട്ടിയുണ്ടോ? 1937 ലല്ലേ പാര്‍ട്ടിയുണ്ടായത് എന്ന് ദളിത് ന്യൂസ് ചോദിക്കുന്നു. കേരളത്തെ പിടിച്ചു ഉലച്ച അരുവിപ്പുറം പ്രതിഷ്ഠ (1888) നടന്നപ്പോഴും പാര്‍ട്ടിയുണ്ടായിരുന്നില്ലല്ലോ. ..
വഴി നടക്കാനും ക്ഷേത്രത്തില്‍ കയറാനുമുണ്ടായിരുന്ന വിലക്കിന്റെ കാര്യവും നോക്കുക. ആ വിലക്കിനെതിരെ നടന്ന പോരാട്ടത്തിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്താണ് ബന്ധം? 1865ല്‍ തിരുവിതാംകൂറിലെ എല്ലാ പൊതു നിരത്തുകളും ആര്‍ക്കും ഉപയോഗിക്കാം എന്ന അറിയിപ്പ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു… എങ്കിലും സവര്‍ണര്‍ വഴി സ്വാതന്ത്ര്യം നിഷേധിച്ചിരുന്നു… ദളിതര്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു… അതിvzതിരെ ശക്തമായി പോരാടിയത് സാക്ഷാല്‍ അയ്യങ്കാളിയായിരുന്നു. അതാകട്ടെ ആശയപരമായി മാത്രമല്ല, കായികമായും ആയിരുന്നു. 1893ല്‍ ഊരി പിടിച്ച കത്തിയുമായി സവര്‍ണതയെ വെല്ലുവിളിച്ചുകൊണ്ട് വില്ലുവണ്ടിയില്‍ വിലക്കപ്പെട്ട വഴികളിലൂടെ അദ്ദേഹം നടത്തിയ യാത്ര കേരളത്തിന്റെ നവോത്ഥാനചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. എന്നാല്‍ ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ പ്രശസ്തമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അതു പരാമര്‍ശിച്ചില്ല എന്നതാണ് ദുഖകരമായ യാഥാര്‍ത്ഥ്യം. അതു മാത്രം വായിക്കുന്നവര്‍ തെറ്റിദ്ധരിക്കപ്പെടുന്നതില്‍ കുറ്റം പറയാനാകില്ല.
അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങലുടെ ഫലമായി 1920 ആകുമ്പോഴേക്കും പൊതുവഴികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം എന്ന നില വന്നിരുന്നതായി ദളിത് ന്യൂസ് ചൂണ്ടികാട്ടുന്നു. അപ്പോഴും കുറച്ചു വഴികള്‍ അടഞ്ഞു തന്നെ കിടന്നു… അങ്ങനെയാണ് ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം സംഭവിക്കുന്നത്. അതാകട്ടെ 1925ലായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹവും നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനു മുന്നായിരുന്നു. അതില്‍ എ കെ ജി പങ്കെടുത്തത് കമ്യൂണിസ്റ്റുകാരനായിട്ടായിരുന്നില്ല എന്നതും ഇപ്പോള്‍ മറച്ചുവെക്കപ്പെടുകയാണ്.
ഒന്നിച്ചിരുന്നു പഠിക്കാനുള്ള വിലക്കിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല എന്നും ചൂണ്ടികാട്ടപ്പെടുന്നു. അതിനുമെതിരെ സമരം ചെയ്തത് അയ്യങ്കാളി തന്നെ. കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി സമരമുണ്ടായത് കൂലികക്കൂടുതലിനായിരുന്നില്ലല്ലോ, കുട്ടികളുടെ വിദ്യാഭ്യാസത്തിനായിരുന്നല്ലോ. 1900 നു മുന്‍പ് തന്നെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്ലാ ജാതികള്ക്കും പ്രവേശനം അനുവദിച്ചിരുന്നെങ്കിലും സവര്‍ണ അധ്യാപകരും രക്ഷിതാക്കളും ദളിത കുട്ടികളെ സ്‌കൂളില്‍ ചേര്ക്കാന്‍ അനുവദിച്ചിരുന്നില്ല… അപ്പോഴായിരുന്നു തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല എങ്കില്‍ ഞങ്ങള്‍ പണി ചെയ്യുന്നില്ല എന്ന് അയ്യങ്കാളി പ്രഖ്യാപിച്ചത്. നാട് പട്ടിണിയിലേക്ക് നീങ്ങും എന്ന അവസ്ഥ ആയപ്പോള്‍ സവര്‍ണ്ണര്‍ വഴങ്ങുകയായിരുന്നു. ഈ ചരിത്രസത്യവും മറച്ചുവെക്കാനാവുമോ? കാറല്‍ മാര്ക്‌സിന്റെ ജീവ ചരിത്രം രചിച്ച… പത്രപ്രര്‍ത്തനത്തിന്റെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന ദേശാഭിമാനി രാമകൃഷ്ണപിള്ള പോലും അധസ്ഥിതരുടെ വിദ്യാഭ്യാസത്തിന് എതിരായിരുന്നല്ലോ. ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള ചരിത്രപ്രസിദ്ധമായ പോരാട്ടം നയിച്ചത് സഹോദരന്‍ അയ്യപ്പനായിരുന്നു.
കേരളം മാറിമറിഞ്ഞ പ്രക്ഷോഭങ്ങള്‍ മിക്കവാറും നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിനുമുമ്പായിരുന്നു എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. മാത്രമല്ല, ആ നവോത്ഥാനധാരയെ തടയുകയും നവോത്ഥാനത്തിനു പകരം വര്‍ഗ്ഗസമരവും സാമൂഹ്യനീതിക്കുപകരം സാമ്പത്തികനീതിയുമാണ് പാര്‍ട്ടി മുന്നോട്ടുവെച്ചത്. കേരളത്തില്‍ വ്യാപകമായ ഈ ചിന്താഗതിയുടെ ഫലങ്ങള്‍ ഇനിയും ഗൗരവമായി പഠിക്കേണ്ടതായാണിരിക്കുന്നത്. സവര്‍ണ്ണഫാസിസത്തിനെതിരായ പോരാട്ടങ്ങള്‍ തുടരുമ്പോഴും അത്തരമൊരു പരിശോധന നടക്കുന്നത് ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിനു സഹായകരമായിരിക്കും. അതല്ല, കേരളത്തെ രൂപപ്പെടുത്തിയത് പാര്‍്ട്ടിയും ഇ എം എസുമാണെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വരികള്‍ക്കുകൂടി മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാകും.
”അന്ധമായ ദൈവവിശ്വാസം, മതവിശ്വാസം, ജാതിചിന്ത, അഴിമതി, ആഡംബരഭ്രമം, പൊങ്ങച്ചം, ഉപഭോഗാസക്തി, മദ്യപാനാസക്തി, മുതലാളിവിധേയത്വം, കായികാധ്വാനവൈമുഖ്യം, ആത്മവഞ്ചന, പണക്കൊതി, അധികാരകൊതി, കൊലപാതകരാഷ്ട്രീയം, കൈക്കൂലി, ലൈംഗിക അരാജകത്വം, മനുഷ്യത്വമില്ലായ്മ തുടങ്ങിയ നൂറുനൂറു തിന്മകള്‍ മുഖമുദ്രയായ ഒരു സമൂഹമാണ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കേരളത്തില്‍ രൂപം കൊണ്ടത്. അല്ലാതെ ഇ.എം.എസ് ലക്ഷ്യമാക്കിയ സമത്വ സുന്ദര സാമൂഹ്യവ്യവസ്ഥയല്ല. ആ പരാജയം ഇ.എം.എസിന്റേതു കൂടിയാണ്. ആധുനിക കേരളത്തിന്റെ ശില്‍പി ഇ.എം.എസ്. ആണ് എന്ന് പറയുമ്പോള്‍ കേരളം ഇന്നത്തെ അവസ്ഥയിലായതിന് ഇ.എം.എസ്.നുകൂടി പങ്കുണ്ട് എന്നാണര്‍ത്ഥം”- ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “നവോത്ഥാനകേരളവും കമ്യൂണിസ്റ്റ് അവകാശവാദങ്ങളും

  1. Avatar for Critic Editor

    # നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച കേരളത്തില്‍ വളരെ അനായാസമായി തങ്ങളുടെ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുകയാണവര്‍ ചെയതത്. അതാകട്ടെ നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെയും തുടര്‍ച്ചയേയും തകര്‍ത്തിട്ടായിരുന്നു. #
    ..കേരളത്തിലെ ഇടതു പാരമ്പര്യവും ജാതി വിരുദ്ധ നവോത്ഥാന പാരമ്പര്യവും ചരിത്രപരമായി വിരുദ്ധ ധ്രുവങ്ങളിൽ ആയിരുന്നുവെന്ന് സ്ഥാപിക്കാൻ ഇത്രയും കാര്യങ്ങൾ മതിയോ ?! അതിലുപരിയായി ഇടതു രാഷ്ട്രീയം ജാതിയുടെ പ്രത്യയ ശാസ്ത്രത്തെ അവഗണിക്കാൻ
    ഇടവന്നതെങ്ങിനെ എന്ന് കണ്ടെത്തി തിരുത്താൻ സഹായകമായ തിരിച്ചറിവുകൾക്ക്‌ ശ്രമിക്കുന്നതല്ലേ കൂടുതൽ അഭികാമ്യം?
    ഇടതു രാഷ്ട്രീയത്തിന്റെ പ്രണേതാക്കളും നേരത്തെ സൂചിപ്പിച്ച നവോത്ഥാന നേതാക്കന്മാരും അവരുടെ സമരങ്ങളിൽ ജാതീയതയ്ക്കതീതമായ മാനവികതയെ അസന്ധിഗ്ധമായി ഉയർത്തിപ്പിടിച്ചവരെങ്കിലും, അംബെദ് കറും ജ്യോതിബാ ഫുലേയും ശ്രമിച്ചത് പോലെ ബ്രാഹ്മനിക്കല്‍ ഹിന്ദൂയിസത്തെ പ്രത്യയശാസ്ത്രപരമായി ആക്രമിക്കാൻ അവർക്ക് ത്രാണിയുണ്ടായില്ല എന്നതല്ലേ കൂടുതൽ ശരി ?
    വിശേഷിച്ചും ഹൈന്ദവ ആത്മീയതയുടെ പുരോഗമനപരമായ ബദൽ വ്യവഹാരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എൻ ഡി പി ഇന്നത്തെ കോലത്തിൽ ആയതിന് ഉത്തരവാദി ഇടതു പക്ഷം ആണെന്ന് ആരെങ്കിലും പറയുമോ ?..
    .. മിതമായ ഭാഷയിൽ പറഞ്ഞാൽ, ഈ ലേഖനം ഏറിവന്നാൽ കേരളത്തിലെ ഇടത് രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു പരുക്കൻ വിലയിരുത്തൽ മാത്രം ആണ്.

Leave a Reply