നഴ്‌സുമാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അട്ടിമറിച്ചത് ഇങ്ങനെ

വത്സന്‍ രാമംകുളത്ത് ‘നഴ്‌സുമാരുടെ മിനിമം വേതനം 20806 ആയി നിശ്ചയിച്ച സര്‍ക്കാറിന് അഭിനന്ദനങ്ങള്‍..’ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ വ്യാപകമായി അരങ്ങേറിയ ഈ പ്രചാരണം പച്ചക്കള്ളമായിരുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20806 ആയി കൂട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. യോഗത്തില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും പുറത്തുവന്നശേഷം പച്ചക്കള്ളം പറയുകയുമായിരുന്നു മന്ത്രി. കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. നഴ്്‌സുമാരുടെ അവസ്ഥ കൂടുതല്‍ […]

uuuവത്സന്‍ രാമംകുളത്ത്

‘നഴ്‌സുമാരുടെ മിനിമം വേതനം 20806 ആയി നിശ്ചയിച്ച സര്‍ക്കാറിന് അഭിനന്ദനങ്ങള്‍..’
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലാകെ വ്യാപകമായി അരങ്ങേറിയ ഈ പ്രചാരണം പച്ചക്കള്ളമായിരുന്നു. കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20806 ആയി കൂട്ടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ജനങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു.
യോഗത്തില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ തള്ളിക്കളയുകയും പുറത്തുവന്നശേഷം പച്ചക്കള്ളം പറയുകയുമായിരുന്നു മന്ത്രി. കണ്ണില്‍ പൊടിയിടുന്ന നടപടികളാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ടത്. നഴ്്‌സുമാരുടെ അവസ്ഥ കൂടുതല്‍ മോശമാക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വെച്ചത്. ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നഴ്‌സുമാരെ കൂടുതല്‍ ദ്രോഹിക്കാന്‍ അവസരം നല്‍കുന്ന തീരുമാനങ്ങളാണ് എടുത്തത്. എന്നിട്ടാണ്, സര്‍ക്കാര്‍ നഴ്‌സുമാരുടെ കൂടെയാണ് എന്ന തോന്നലുണ്ടാക്കാന്‍ ശ്രമം നടത്തിയത്. കാര്യമറിയാത്തവര്‍ സര്‍ക്കാറിനെ അഭിനന്ദിച്ചത്. അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിക്കപ്പെടാത്തതിനാലാണ്, യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സമരം കടുപ്പിക്കാന്‍ തീരുമാനിച്ചത്.
തീരുമാനത്തിലെ കള്ളക്കളി
തൊഴില്‍ മന്ത്രി, നിയമ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് അനുരഞ്ജന യോഗം നടന്നത്. ഇവിടെയെടുത്ത തീരുമാനത്തോട് അപേ്ാള്‍ തന്നെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിച്ചത് അടിസ്ഥാന ശമ്പളം 15,600 രൂപയാണ്. അതായത് നിലവിലെ ശമ്പളത്തിന്റെ അമ്പത് ശതമാനം വര്‍ദ്ധനവ്. ഈ അധിക തുക ലഭിക്കുന്നത് ഗ്രേഡ് 8 തസ്തികയില്‍ ജോലിയെടുക്കുന്ന സ്വീപ്പര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ്. നിലവില്‍ 6,0006,500 രൂപ വാങ്ങിയിരുന്ന ഇവര്‍ക്കാണ് അക്ഷരാര്‍ത്ഥത്തില്‍ അനുരഞ്ജന ചര്‍ച്ചയിലൂം നേട്ടമുണ്ടായത്. ആശുപത്രി മേഖലയില്‍ പതിറ്റാണ്ടുകളോളം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തിയ മുഖ്യധാര യൂണിയനുകള്‍ക്കും ഇതുവഴി നേട്ടമായി.
അതേസമയം, നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നോട്ട് വച്ച ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കുകയായിരുന്നു. 50 ബെഡ്ഡില്‍ താഴെയുള്ള ആശുപത്രിയിലെ ബിഎസ് സി നഴ്‌സിന് പുതിയ തീരുമാനത്തിലൂടെ ലഭിക്കുക ശരാശരി 18,232 രൂപയാണ്. ഉയര്‍ന്ന വേതനം ലഭിക്കുന്നത് 800 ബെഡിന് മുകളിലുള്ള ആശുപത്രികളിലാണ്. ഇത് 23,760 രൂപയാണ്. നാലഞ്ച് ആശുപത്രികള്‍ മാത്രമാണ് 800 ബെഡിന് മുകളിലുള്ളത്. പുതിയ തീരുമാനത്തിന്റെ വെളിച്ചത്തില്‍ അവര്‍ തന്നെ ബെഡ്ഡ് കുറച്ച് ഈ തുക നല്‍കാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. അതിനാല്‍, വെറും നൂറില്‍ താഴെ നഴ്‌സുമാര്‍ക്ക് മാത്രമാണ് ഈ തുക ലഭിക്കുക. കേരളത്തിലെ ഏറ്റവും കൂടുതല്‍ ആശുപത്രികളും 301500 ബെഡ്ഡ് വരെയുള്ളവയാണ്. പുതിയ തീരുമാനപ്രകാരം ഇവിടങ്ങളില്‍ ലഭിക്കുക 20,014 രൂപയാണ്.
ഈ തുകയിലും പ്രശ്‌നമുണ്ട്. നിലവില്‍ കിട്ടിയിരുന്ന 2685 രൂപയുടെ ഡി.എ ബേസിക് ശമ്പളത്തില്‍ ലയിപ്പിക്കും. പിഎഫ്, ഇഎസ്‌ഐ തുടങ്ങിയവയുടെ വിഹിതവും മെസ്, ക്ലീനിംഗ്, യൂണിഫോം തുടങ്ങിയ കട്ടിംഗും കഴിഞ്ഞാല്‍, കുറഞ്ഞ തുകയാണ് ലഭിക്കുക. ഇതോടൊപ്പമാണ് ട്രെയിനി സമ്പ്രദായത്തിന് നിശ്ചിത തുക നിശ്ചയിക്കുന്ന സര്‍ക്കാര്‍ തീരുമാനം. നിയമവിരുദ്ധമായ ട്രെയിനി സമ്പ്രദായത്തിന് നിയമസാധുത നല്‍കുകയാണ് ഈ തീരുമാനത്തിലൂടെ. ആശുപത്രി മാനേജ്‌മെന്റുകള്‍ തുച്ഛമായ തുകയ്ക്ക് ട്രെയിനികളെ വെച്ച് ചൂഷണം തുടരാനുള്ള വഴിയാണ് ഇതിലൂടെ സര്‍ക്കാര്‍ ഒരുക്കിയത്.
ഇതാണ് മുഖ്യമന്ത്രി പറഞ്ഞത്.
കാര്യങ്ങള്‍ ഇങ്ങനെയായിട്ടും മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പ്രചരിപ്പിച്ചത് മറ്റൊരു ചിത്രമാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ഉയര്‍ന്ന ശബളം 23,760 രൂപയും കുറഞ്ഞത് 18,232 രൂപയും ആയി മാറി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നത്. ഇതില്‍ വസ്തുതയുടെ ഒരു കണിക പോലും ഇല്ല.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണുക:
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഇന്ന് ചേര്‍ന്ന സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി യോഗത്തില്‍ ധാരണയായി. ഇതനുസരിച്ച് എണ്ണൂറിലധികം ബെഡുകളുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം 23,760 രൂപയായി ഉയരും. ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് 50% ആണ്. ആശുപത്രികളില്‍ ജോലി ചെയ്യുന്ന 170 ഓളം കാറ്റഗറികളില്‍പെടുന്ന തൊഴിലാളികളുടെ വേതനത്തില്‍ ആനുപാതിക വര്‍ദ്ധനവുണ്ടാകും.
ഇതോടെ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും താഴെ തട്ടിലെ ജീവനക്കാരുടെ കുറഞ്ഞ വേതനം 18,232 രൂപയായി ഉയരും. ജൂലൈ 20ന് ഐ.ആര്‍.സി വീണ്ടും യോഗം ചേര്‍ന്ന് മിനിമം വേതന ഉപദേശകസമിതിക്ക് ശുപാര്‍ശ സമര്‍പ്പിക്കും. മിനിമം വേതന ഉപദേശകസമിതി ഇത് സംബന്ധിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച് മിനിമം വേതനവിജ്ഞാപനത്തിന് അന്തിമരൂപം നല്‍കുകയും ചെയ്യും.
തീരുമാനമൊന്ന് പ്രചാരണം വേറെ
ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് അനുരഞ്ജന ചര്‍ച്ചയുടെ തീരുമാനം പ്രഖ്യാപിച്ചത്. ചര്‍ച്ച കഴിഞ്ഞ ശേഷം ആരോഗ്യ മന്ത്രി നടത്തിയ ഈ
പ്രഖ്യാപനം അതില്‍ പങ്കെടുത്തവരെ ഞെട്ടിക്കുന്നതായിരുന്നു. അടിസ്ഥാന ശമ്പളം 15,600 രൂപ എന്ന് തീരുമാനിച്ചിറങ്ങിയ മന്ത്രി പുറത്ത് വന്ന് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത് നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളമായി 23,760 രൂപ തീരുമാനിച്ചുവെന്നാണ്.
ഇവരീ പറയുന്ന 23,760 രൂപ ലഭിക്കുക എണ്ണൂറ് ബെഡ്ഡിന് മുകളിലുള്ളള ആശുപത്രികളിലെ നഴ്‌സുമാര്‍ക്കാണ്. കേരളത്തില്‍ എണ്ണൂറ് ബെഡ്ഡിന് മുകളിലുള്ള ആകെ ആശുപത്രികള്‍ നാല് എണ്ണമാണ്. ഇവിടങ്ങളില്‍ ബിഎസ്‌സി നഴ്‌സുമാരുടെ എണ്ണം നൂറില്‍ താഴെ മാത്രം. അതായത്, മന്ത്രി പറഞ്ഞതും യോഗം തീരുമാനിച്ചതുമായ 23,760 രൂപ ലഭിക്കുക കേരളത്തിലെ അഞ്ച് ലക്ഷത്തിലേറെ വരുന്ന നഴ്‌സുമാരില്‍ വെറും നൂറില്‍ താഴെയുള്ളവര്‍ക്കാണ്. ഈ പറഞ്ഞ തുകയില്‍ നിന്ന് നിലവിലെ ഡി.എ കുറഞ്ഞാല്‍ 21,075 രൂപ. മാനേജ്‌മെന്റുകള്‍ ശമ്പളത്തില്‍ നിന്ന് മാസാമാസം പിടിക്കുന്ന മെസ്, ഡ്രസ് ക്ലീനിംഗ്, യൂണിഫോം ഫീ, എന്നിവകൂടി കുറഞ്ഞാല്‍ അടിസ്ഥാന തൊഴിലാളി വിഭാഗത്തിന് അനുവദിച്ച പ്രതിമാസ ശമ്പളത്തിലേക്ക് ഈ തുക ചരുങ്ങും.
നിയമവിരുദ്ധമായി തുടരുന്ന നഴ്‌സിംഗ് ട്രെയിനി സമ്പ്രദായം എടുത്തുകളയണമെന്ന യുഎന്‍എയുടെ ആവശ്യത്തെ സര്‍ക്കാരും മറ്റു തൊഴിലാളി സംഘടനകളും മാനേജ്‌മെന്റുകളും പൂര്‍ണ്ണമായും തള്ളുകയായിരുന്നു. ട്രെയിനിയായ ബിഎസ്‌സി നഴ്‌സിന് സര്‍ക്കാര്‍ നിശ്ചയിച്ചത് 6500 രൂപയാണ്. ജനറല്‍ നഴ്‌സിന് 6000 രൂപയും. സര്‍ക്കാര്‍ തന്നെ നിയമവിരുദ്ധ സമ്പ്രദായത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നു ഇതിലൂടെ. പരിചയസമ്പന്നരായ നഴ്‌സുമാരെ ഒഴിവാക്കി ട്രെയിനികളെ കൂടുതല്‍ നിയമിക്കാനുള്ള അവസരമാണ് ഇതിലൂടെ മാനേജ്‌മെന്റുകള്‍ക്ക് കൈവന്നത്. ഇതേക്കുറിച്ച് മന്ത്രിമാരും മുഖ്യമന്ത്രിയും ഒരക്ഷരം പറയുന്നില്ല.
സംയുക്ത ട്രേഡ് യൂണിയന്‍ കരട് നിര്‍ദേശം അട്ടിമറിച്ച വിധം
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് പുറമെ, മറ്റു മുഖ്യധാരാ ട്രേഡ് യൂണിയനുകളായ സിഐടിയു, എഐടിയുസി, ബിഎംഎസ്, ഐഎന്‍ടിയുസി, എച്ച്എംഎസ് തുടങ്ങിയവയുടെ നേതാക്കള്‍ സിഐടിയു ആസ്ഥാനമായ ഇ ബാലാനന്ദന്‍ സ്മാരകത്തില്‍ ഇരുന്നാണ് മിനിമം വേജസ് കമ്മിറ്റിയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുനഃസംഘടിപ്പിച്ച സ്വകാര്യ ആശുപത്രി വ്യവസായ ബന്ധ സമിതി(ഐആര്‍സി)യില്‍ നിന്നാണ് പ്രത്യേകം മിനിമം വേജസ് കമ്മിറ്റിയെ നിയോഗിച്ചത്. മിനിമം വേജസ് കമ്മിറ്റി 14 ജില്ലകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയാണ് സര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനുള്ള വസ്തുതകള്‍ സ്വരൂപിച്ചത്.
മിനിമം വേജസ് കമ്മിറ്റിയുടെ അവസാന യോഗം കൂടിയായിരുന്നു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ചേര്‍ന്നത്. തലേന്ന് ട്രേഡ് യൂണിയനുകള്‍ തയ്യാറാക്കിയ നിര്‍ദ്ദേശത്തില്‍ സ്വകാര്യ ആശുപത്രികളിലെ ഏറ്റവും അടിസ്ഥാന മേഖലയില്‍ തൊഴിലെടുക്കുന്ന ഗ്രേഡ് 8 ജീവനക്കാര്‍ക്ക് 18,900 രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെയും ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികളുടെയും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നായിരുന്നു യുഎന്‍എ അന്നും ഇന്നും ആവശ്യപ്പെടുന്നത്. എന്നാല്‍, ട്രേഡ് യൂണിയനുകളുടെ പൊതു തീരുമാനമെന്ന നിലയില്‍ 18,900 അടിസ്ഥാന ശമ്പളം എന്ന നിര്‍ദ്ദേശത്തോട് യു.എന്‍.എ പിന്തുണ അറിയിക്കുകയും ചെയ്തു.
ഇതനുസരിച്ച് ജനറല്‍ നഴ്‌സിന്റെ ശമ്പളം സര്‍ക്കാര്‍ നഴ്‌സിന്റെ ശമ്പളത്തിനോട് ഏകദേശം അടുത്തെത്തുമെന്നത് ഒരു തരത്തില്‍ ആശ്വാസവുമായിരുന്നു.
എന്നാല്‍, അടിസ്ഥാന തസ്തികയില്‍ ജോലിയെടുക്കുന്ന സ്വീപ്പര്‍ക്കാണ് 18,900 രൂപ ലഭിക്കുക. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തിയാണ് ഈ ശമ്പള വ്യവസ്ഥയുടെ നിര്‍ദ്ദേശം ഉണ്ടാക്കി മിനിമം വേജസ് കമ്മിറ്റിയിലേക്ക് സംയുക്തമായി സമര്‍പ്പിച്ചത്. ഈ ആനുകൂല്യങ്ങള്‍ക്കും അര്‍ഹമായ വേതനത്തിനും പുറത്തുനിന്നിരുന്ന ആംബുലന്‍സുകളിലെയും ഡയാലിസിസ് യൂണിറ്റുകളിലെയും നഴ്‌സുമാര്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണെന്ന് നിര്‍ദ്ദേശത്തില്‍ ഉണ്ടായിരുന്നു. പൊതുവെ സ്വകാര്യ ആശുപത്രി മേഖലയില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നതായിരുന്നു ഐക്യ ട്രേഡ് യൂണിയന്‍ തീരുമാനം.
കരട് നിര്‍ദേശത്തിന് സംഭവിച്ചത്
നഴ്‌സിംഗ് മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരുള്‍പ്പെടുന്ന യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ടാണ് ട്രേഡ് യൂണിയന്‍ യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സമവായത്തിന് തീരുമാനിച്ചത്. നിലവില്‍ അടിസ്ഥാന തസ്തികയില്‍ തൊഴിലെടുത്തിരുന്ന സ്വീപ്പര്‍ മുതല്‍ ലാബുകളിലെയും മറ്റും നഴ്‌സിംഗ് ഇതര ജീവനക്കാരുടെ കൂട്ടായ്മയാണ് സ്വകാര്യ ആശുപത്രികളിലെ മുഖ്യധാരാ ട്രേഡ് യൂണിയനുകളുടേത്. നഴ്‌സുമാരാണ് പ്രബലരെന്നതിനാല്‍ യൂണിയനുകളുടെ സമവായത്തില്‍ യുഎന്‍എയോട് സമരസപ്പെട്ട ഇവര്‍ പിറ്റേന്ന് മിനിമം വേജ് കമ്മിറ്റിയിലെത്തിയപ്പോള്‍ നിറം മാറ്റി. പല മുതിര്‍ന്ന നേതാക്കളും കയര്‍, കശുവണ്ടി മേഖലയിലെ തൊഴില്‍ വിഷയമെന്ന് താരതമ്യപ്പെടുത്തി വലിയ വേതന വര്‍ദ്ധനവ് ആശുപത്രി വ്യവസായത്തെ തകര്‍ക്കുമെന്ന നിലപാടെടുത്തു. വേതനം വര്‍ദ്ധിപ്പിക്കുന്ന ആശുപത്രികളുടെ ടാക്‌സില്‍ ഇളവ് വാങ്ങി കൊടുക്കണമെന്ന നിര്‍ദ്ദേശം പോലും മുന്നോട്ട് വച്ച് വിധേയത്വം വെളിപ്പെടുത്തിയവരുമുണ്ടായി.
തലേന്ന് എടുത്ത തീരുമാനം മിനിമം വേജസ് കമ്മിറ്റിയില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. മാനേജ്‌മെന്റുകള്‍ 31 ശതമാനം വേതന വര്‍ദ്ധനവ് എന്ന നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം മിനിമം വേജസ് കമ്മിറ്റി അസ്ഥിരപ്പെട്ടതായി തീരുമാനിച്ച് തുടര്‍ നടപടി തൊഴില്‍ വകുപ്പിന് ഫയല്‍ കൈമാറി.
സ്വാഭാവിക നടപടിയനുസരിച്ച് സര്‍ക്കാരിന്റെ സ്റ്റാറ്റിയൂട്ടറി ബോഡിയായ മിനിമം വേജസ് അഡൈ്വസറി ബോഡാണ് തുടര്‍ നടപടിയെടുക്കേണ്ടത്. വകുപ്പിന്റെ ചുമതലക്കാരനെന്ന നിലയില്‍ മന്ത്രിക്കുള്ള അധികാരം ഉപയോഗിച്ച് തുടര്‍ നടപടിക്ക് മുമ്പ് ഒരു അനുരഞ്ജന ചര്‍ച്ച നടത്താം. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 20ന് മന്ത്രി ചര്‍ച്ച വിളിക്കാമെന്ന് അറിയിച്ചു. എന്നാല്‍ സമയം വൈകുന്നതില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അതൃപ്തി അറിയിക്കുകയും അഭിപ്രായം കടുപ്പിക്കുകയുമായിരുന്നു. ഇതോടെ യോഗം ജൂലൈ 10ലേക്ക് മാറ്റാന്‍ മന്ത്രി തയ്യാറായി. മന്ത്രിയുടെ ആരോഗ്യ പ്രശ്‌നങ്ങളും വേഗത്തില്‍ പ്രശ്‌നം തീര്‍ക്കണമെന്ന സര്‍ക്കാരിന്റെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമ, ആരോഗ്യ മന്ത്രിമാരുടെയും സാന്നിധ്യം അനുരഞ്ജന ചര്‍ച്ചയിലുണ്ടായത്. പലതും കരുതി വച്ചുള്ള നീക്കം കൂടിയായി ഇതിനെ കാണേണ്ടതുണ്ട്.
ഇത് കൊടും വഞ്ചന
നഴ്‌സുമാരുടെ ആവശ്യങ്ങളോട് വഞ്ചനാപരമായാണ് സര്‍ക്കാര്‍ സമീപിച്ചത്. വേതന വര്‍ദ്ധനവിനൊപ്പം നിലവിലെ ആനുകൂല്യങ്ങള്‍ ലയിപ്പിച്ചതാണ് വലിയ ചതി. മറ്റൊന്ന് ട്രെയിനി സംവിധാനം നിലനിര്‍ത്താനുള്ള സൗകര്യം ഒരുക്കി കൊടുത്തത്. ഡിഎ ലയിപ്പിച്ചും പിഎഫും ഇഎസ്‌ഐയും ആശുപത്രി പിടുത്തങ്ങളും കഴിച്ച് കയ്യില്‍ കിട്ടുന്നത് തുച്ഛമായ ശമ്പളം തന്നെയാകും.
മൂന്നും നാലും വര്‍ഷത്തോളം വലിയ ഫീസ് വാങ്ങിയാണ് മാനേജ്‌മെന്റുകള്‍ നഴ്‌സമാരെ കോഴ്‌സ് കഴിഞ്ഞ് പുറത്തിറക്കുന്നത്. കോഴ്‌സിന് ചേരുമ്പോള്‍ നല്‍കുന്ന വാഗ്ദാനം തന്നെ മികച്ച കോച്ചിംഗും പരിപൂര്‍ണ ട്രെയിനിംഗും പൂര്‍ത്തിയാക്കി നഴ്‌സിംഗ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ്. എന്നാല്‍, ഇവര്‍ തന്നെ പുതിയതായി നിയമം നടത്തുന്ന നഴ്‌സുമാര്‍ക്ക് പരിചയ സമ്പന്നതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വീണ്ടും അഞ്ചും ആറും വര്‍ഷവും ബോണ്ട് സംവിധാനത്തിലൂടെ ട്രെയിനിയായി സാധാരണ നഴ്‌സുമാരെ ജോലിയെടുപ്പിക്കുകയും ചെയ്യും. നിലവിലെ പരിചയ സമ്പന്നരായ നഴ്‌സുമാരുടെ നിയമനം ഇല്ലാതാക്കാനും ഇതുവഴി മാനേജ്‌മെന്റുകള്‍ക്കാവും.
മറ്റൊന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബെഡ്ഡിന്റെ കണക്കനുസരിച്ചുള്ള ശമ്പളത്തിന്റെ പ്രശ്‌നമാണ്. 800 ബെഡ്ഡുള്ള ആശുപത്രികളിലുള്ള നഴ്‌സുമാര്‍ക്കാണ് ഇതുപ്രകാരം കൂടുതല്‍ വേതനം ലഭിക്കുക. ബഡ്ഡിന്റെ എണ്ണം കുറച്ചുകാട്ടി പുതുക്കിയ ശമ്പളം നല്‍കാതിരിക്കാന്‍ വന്‍കിട ആശുപത്രികള്‍ക്ക് ഇതിലൂടെ കഴിയും. ഉദാഹരണത്തിന് എണറാകുളത്തെ അമൃത മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, അങ്കമാലി ലിറ്റില്‍ ഫല്‍വര്‍, ആസ്റ്റര്‍, കോലഞ്ചേരി മെഡിക്കല്‍ കോളജ്, തൃശൂരിലെ അമല മെഡിക്കല്‍ കോളജ് തുടങ്ങിയവയുടെ ഇപ്പോഴത്തെ ബെഡുകളുടെ എണ്ണം 800 ആണ്.
ഈ ബെഡ്ഡുകളുടെ എണ്ണം കുറച്ച് നഴ്‌സുമാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതിരിക്കാനാണ് ശ്രമം നടക്കുന്നത്. അമൃത ആശുപത്രി രണ്ട് ആശുപത്രികളായി രജിസ്ട്രര്‍ ചെയ്യുന്നതിനുള്ളശ്രമമാണ് സ്വാധീനമുപയോഗിച്ച് നടത്തുന്നത്. എന്നാല്‍, ഒരേ കോമ്പൗണ്ടിനകത്ത് രണ്ട് ആശുപത്രിയെന്നത് അനുവദനീയമല്ലെന്നതിനാല്‍ ബെഡ്ഡുകളുടെ എണ്ണം കുറച്ചുകാട്ടിയിരിക്കുകയാണ്. എണ്ണൂറില്‍ താഴെ ബെഡ്ഡാക്കുന്നതിന് ഇനി ശേഷിക്കുന്ന ആശുപത്രികള്‍ നാല് എണ്ണം മാത്രമാണ് എന്നത് കൂടി അറിയുക. ഇവര്‍ തന്നെ ബെഡുകളുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
അടുത്ത ശമ്പള വര്‍ദ്ധനവിന് അഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നതാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരു ചതി. മിനിമം വേജസ്സ് അഡൈ്വസറി ബോര്‍ഡിന്റെ കരട്് വിജ്ഞാപനവും അതിന്മേലുള്ള ആക്ഷപങ്ങളും അഭിപ്രായങ്ങളും കേട്ട് തെളിവെടുപ്പും പൂര്‍ത്തിയാക്കി മിനിമം വേജ് പ്രഖ്യാപിച്ചാല്‍, അഞ്ചു വര്‍ഷം പിന്നെ വേതന വര്‍ദ്ധനവിന് ശ്രമിക്കാനാവില്ല.
വിശ്വസിച്ചവരോട് ഇടതുപക്ഷം ചെയ്തത്
പ്രതീക്ഷകളോടെ ഇടതുപക്ഷത്തെ അധികാരത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. നാല് ലക്ഷത്തോളം അംഗങ്ങളാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ രജിസറ്റര്‍ ചെയ്തിട്ടുള്ളത്. ഇവരും ഇവരുടെ കുടുംബാംഗങ്ങളും യുഎന്‍എയില്‍ വിശ്വസിച്ച് തങ്ങളുടെ വ്യക്തി രാഷ്ട്രീയം മറന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരസ്യമായി സഹായിച്ച് രംഗത്തിറങ്ങിയിരുന്നു.
2017 ജനുവരി മുതല്‍ നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളം ലഭ്യമാകുമെന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരുന്നത്. ജനുവരിമാസം ജുലൈ ആയിട്ടും ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല. മുമ്പ്, സമരത്തിനിറങ്ങിയ നഴ്‌സുമാരെ സെക്രട്ടേറിയറ്റ് പടിക്കലെ പന്തലിലെത്തി അഭിവാദ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡോ.തോമസ് ഐസകും സമരപ്പന്തലിലെത്തി ഇടത് മുന്നണി അധികാരത്തിലെത്തിയാല്‍ ആറ് മാസം കൊണ്ട് നഴ്‌സുമാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇത് ഒരു തരത്തില്‍ നഴ്‌സിംഗ് കുടുംബങ്ങളെ ആവേശത്തിലാക്കിയിരുന്നു.
ഇടത് പക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രിക പുറത്തുവന്നപ്പോള്‍ നഴ്‌സുള്‍പ്പടെ ഒരു തൊഴിലാളിക്ക് ദിവസവതനം 600 രൂപയാക്കുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ചു പോയാല്‍ മാത്രം ശരാശരി നഴ്‌സുമാരുടെ ശമ്പളം 20,000 രൂപയ്ക്ക് മുകളിലെത്തും. രാജ്യത്തെ ട്രേഡ് യൂണിയന്‍ സ്‌പോണ്‍സറിങ് കമ്മിറ്റി തുടരുന്ന ദേശീയ പ്രക്ഷോഭം 18,000 രൂപയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു. ദേശീയ പണിമുടക്ക പ്രക്ഷോഭത്തിനുള്‍പ്പടെ നഴ്‌സുമാര്‍ പരോക്ഷമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇടത് സര്‍ക്കാരില്‍ നിന്ന് നഴ്‌സുമാരെ വഞ്ചിക്കുന്ന തരത്തിലുള്ള പുതിയ നടപടികള്‍.
പോരാട്ടം തുടരും
ഈ വഞ്ചന കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നാണ് യു.എന്‍.എയുടെ പക്ഷം. സ്വകാര്യ ആശുപത്രി വ്യവസായ ബന്ധസമിതി (ഐആര്‍സി ഇന്റസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി) 20ന് ചേരുകയാണ്. യുഎന്‍എ ചൊവ്വാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സംസ്ഥാനത്ത് സമരം ശക്തമാക്കി കഴിഞ്ഞു. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ ഒരു ആശുപത്രിയിലെ ആകെ നഴ്‌സുമാരുടെ എണ്ണത്തിന്റെ 20 ശതമാനം നിലനിര്‍ത്തി പകര്‍ച്ച പനിയുള്‍പ്പടെയുള്ള രോഗബാധിതരെ ബാധിക്കാത്ത വിധം പണിമുടക്കിലേക്ക് കടക്കാനാണ് ധാരണ. 17 മുതല്‍ പരിപൂര്‍ണമായി അനിശ്ചിതകാല പണിമുടക്കിലേക്ക് എത്തും വിധത്തില്‍ പുതിയ കിടത്തി ചികിത്സ ഒഴിവാക്കും. എന്നാല്‍ അപകടങ്ങള്‍ ഉള്‍പ്പടെയുള്ള അത്യാഹിത കേസുകളും പ്രസവവും കൈകാര്യം ചെയ്യുന്നതിന് തടസം നില്‍ക്കേണ്ടതില്ലെന്നാണ് പൊതുധാരണ. വ്യാഴാഴ്ച തൃശൂരില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ സമരത്തിന് അന്തിമ രൂപം നല്‍കും.
നഴ്‌സുമാര്‍ക്ക് മാത്രമായൊരു മിനിമം വേജസ് കമ്മിറ്റിയെ നിയോഗിക്കുക എന്നതാണ് ഇനി ചെയ്യാനുള്ളത്. ലക്ഷങ്ങള്‍ ചെലവിട്ട് ബലരാമന്‍, വീരകുമാര്‍ കമ്മിറ്റികള്‍ നടത്തിയ പഠനവും അതിന്റെ റിപ്പോര്‍ട്ടും ഫ്രീസറില്‍ സൂക്ഷിച്ചുവച്ചാണ് നഴ്‌സുമാരോട് തൊഴിലാളി വര്‍ഗ്ഗ സര്‍ക്കാര്‍ ‘ഇത്രയും വലിയ സ്‌നേഹം’ കാണിച്ചത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ) നല്‍കിയ ഹരജികള്‍ കോടതികള്‍ക്ക് മുന്നിലുണ്ട്. സുപ്രീം കോടതിയുടേത് നിര്‍ദ്ദേശം മാത്രമാവാം. എങ്കിലും കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടിവരും. അവിടെ സത്യവാങ്മൂലം കൊടുക്കുമ്പോഴറിയാം കൊലച്ചതി ആര്‍ക്കുവേണ്ടിയായിരുന്നുവെന്ന്.
മുതലാളിത്ത വര്‍ഗത്തിനെ സംരക്ഷിച്ചവരെന്നും നഴ്‌സുമാരെ പട്ടിണിയുടെ പടുകുഴിയിലെറിഞ്ഞവരെന്നും ഇടതുപക്ഷത്തെയും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെയും കാലം വിലയിരുത്തുന്ന അവസ്ഥയാണ് വരാന്‍ പോവുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply