നരേന്ദ്രമോദി രാജിവെക്കണം

ദീര്‍ഘവീക്ഷണമില്ലാതെ, ഗിമിക്‌സുകളിലൂടെ ഒരു രാജ്യത്തെ ദുരിതത്തിലേക്കു തള്ളിയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിടുക മാത്രമല്ല, ജനാധിപത്യസംവിധാനത്തിന്റെ അടിത്തറയായ പാര്‍ലിമെന്റിനെ പോലും അംഗീകരിക്കാത്ത സമീപനമാണ് മോദിയുടേത്. കൂടാതെ, നോട്ടുവിഷയവുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പാക്കാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിനു അനുമതി നല്‍കാതിരിക്കുക വഴി ഫെഡറല്‍ സംവിധാനത്തേയുമാണ് മോദി വെല്ലുവിളിക്കുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയമായി എന്തവകാശമാണ് പ്രധാനമന്ത്രിക്കുള്ളത്? വാസ്തവത്തില്‍ ജനാധിപത്യത്തേയും ഫെഡറലിസത്തേയും അട്ടിമറിക്കുന്ന പ്രധാനമന്ത്രി രാജിവെക്കുക എന്ന […]

modi

ദീര്‍ഘവീക്ഷണമില്ലാതെ, ഗിമിക്‌സുകളിലൂടെ ഒരു രാജ്യത്തെ ദുരിതത്തിലേക്കു തള്ളിയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കുക എന്ന മുദ്രാവാക്യമുയര്‍ത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളെ പട്ടിണിയിലേക്കു തള്ളിവിടുക മാത്രമല്ല, ജനാധിപത്യസംവിധാനത്തിന്റെ അടിത്തറയായ പാര്‍ലിമെന്റിനെ പോലും അംഗീകരിക്കാത്ത സമീപനമാണ് മോദിയുടേത്. കൂടാതെ, നോട്ടുവിഷയവുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പാക്കാന്‍ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷിസംഘത്തിനു അനുമതി നല്‍കാതിരിക്കുക വഴി ഫെഡറല്‍ സംവിധാനത്തേയുമാണ് മോദി വെല്ലുവിളിക്കുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ രാഷ്ട്രീയമായി എന്തവകാശമാണ് പ്രധാനമന്ത്രിക്കുള്ളത്? വാസ്തവത്തില്‍ ജനാധിപത്യത്തേയും ഫെഡറലിസത്തേയും അട്ടിമറിക്കുന്ന പ്രധാനമന്ത്രി രാജിവെക്കുക എന്ന ആവശ്യമുന്നയിച്ചായിരുന്നു എല്‍ ഡി എഫ് കേരളത്തില്‍ ഹര്‍ത്താല്‍ നടേണ്ടത്.

കള്ളപ്പണം തടയേണ്ടത് അനിവാര്യമാണെന്നതില്‍ സംശയമില്ല. സാമ്പത്തിക ഇടപാടുകള്‍ പരമാവധി ബാങ്കുകള്‍ വഴിയാക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉചിതമാണ്. ഈ രണ്ടു കാര്യങ്ങളുടെ പേരിലാണ് കടുത്ത സാമ്പത്തിക നടപടികളെന്നാണല്ലോ കേന്ദ്രത്തിന്റെ വിശദീകരണം. സത്യത്തില്‍ ആദ്യദിവസങ്ങലില്‍ രാജ്യത്തെ വലിയൊരു വിഭാഗം ഇതു വിശ്വസിക്കാനും അതിനായി കുറച്ചു ദിവസങ്ങള്‍ ബുദ്ധിമുട്ടു സഹിക്കാനും മാനസികമായി തയ്യാറായതായിരുന്നു. രാജ്യത്തെ കള്ളപ്പണത്തില്‍ വിലെയാരു ഭാഗം വിദേശബാങ്കുകളിലും മറ്റൊരു ഭാഗം റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണ്ണത്തിലും മറ്റുമാണെന്നറിഞ്ഞിട്ടും ചെറിയൊരു ഭാഗമെങ്കിലും പിടികൂടാനാകുമെങ്കില്‍ ജനമത് സഹിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ നടപടികളുടെ യഥാര്‍ത്ഥലക്ഷ്യം മറ്റെന്തൊക്കെയോ ആണെന്ന് വ്യക്തമായി. വന്‍കിടക്കാരുടെ കടങ്ങള്‍ ഒഴിവാക്കുകയുനം ബാങ്കുകൡ സാധാരണക്കാരുടെ പണം പിടിച്ചിടുകയും ചെയ്യുന്നതിന്റെ ലക്ഷ്യം എന്തായാലും കള്ളപ്പണവേട്ടയല്ലല്ലോ. സ്വന്തം പണം ആവശ്യത്തിനനുസരിച്ച് ലഭ്യമാകാനുള്ള ജനങ്ങളുടെ പ്രാഥമികാവകാശം നിഷേധിക്കാന്‍ ഒരു ഭരണകൂടത്തിന് എന്തവകാശമാണുള്ളത്? യാതൊരു ദീര്‍ഘവീക്ഷണവുമില്ലാതെ രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം അടിച്ചിറക്കിയതിനും ഒരു നീതീകരണവുമില്ല. സാമ്പത്തികപ്രതിസന്ധിമൂലം ലക്ഷകണക്കിനുപേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്. പഴയ അവസ്ഥയിലേക്കുള്ള തിരിച്ചുപോക്ക് എന്നു സാധ്യമാകുമെന്നതിനെ കുറിച്ച് ഒരു സൂചനയുമില്ല. എലിയെ കൊല്ലാനെന്നു പറഞ്ഞ് ഇല്ലം ചുട്ട് ജനങ്ങളെ ദുരിതത്തിലാക്കിയ ഒരു ഭരണാധികാരിക്ക് അധികാരത്തില്‍ തുടരാന്‍ എന്തവകാശമാണുള്ളത്? ഇപ്പോള്‍ സാമ്പത്തിക അടിയന്തരാവസ്ഥയാണെങ്കില്‍ നാളെ രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഇദ്ദേഹം മടിക്കുമോ? ഇക്കാര്യത്തിലെന്നപോലെ അപ്പോഴും ഭീകരരെ നേരിടാനും പാക്കിസ്ഥാന്റെ വെല്ലുവിളി നേരിടാനും എന്ന ന്യായീകരണല്ലേ ഉണ്ടാകുക? അതിനെ പിന്തുണക്കാനും കുറെ കോര്‍പ്പറേറ്റുകളും നടന്മാരും സാമ്പത്തിക വിദഗ്ധരും ഉണ്ടാകില്ലേ?
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്നണല്ലോ വെപ്പ്. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാര്‍ലിമെന്റെന്നും. മോദിപോലും അധികാരത്തിലെത്തിയത് ജനാധിപത്യരീതിയില്‍ തന്നെയാണ്. എന്നാല്‍ ജനാധിപത്യസംവിധാനത്തോട് അദ്ദേഹത്തിന്റെ നിഷേധാത്മകസംവിധാനം കൂടുതല്‍ കൂടുതല്‍ പ്രകടമാകുകയാണ്. അധികാരം മുഴുവന്‍ മോദിയില്‍ കേന്ദ്രീകരിച്ചിരിക്കുന്നി എന്ന് സ്വകാര്യമായി ബിജെപിക്കാര്‍ പോലും സമ്മതിക്കുന്നതു കേട്ടിട്ടുണ്ട്. ഇപ്പോവിതാ ഇത്രയും പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നടപടിക്കുശേഷം പോലും പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്യാന്‍ ്അദ്ദേഹം തയ്യാറാകുന്നില്ല. താന്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്ന സന്ദേശമാണ് ഇതു ഴഴി അദ്ദേഹം നല്‍കുന്നത്.
ഈ സമീപനത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നട്ടെല്ലാണെന്നു പറയപ്പെടുന്ന ഫെഡറലിസത്തോടുള്ള നിലപാടും. സംസ്ഥാനങ്ങള്‍ക്കു ഇപ്പോള്‍ നിലവിലുള്ള പരിമിതമായ അവകാശങ്ങള്‍ പോലും മോദി അംഗീകരിക്കുന്നില്ല എന്നു വ്യക്തം. അതിന്റെ പ്രകടമായ ഉദാഹരണമാണ് സമയമുണ്ടായിട്ടും കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെ കാണില്ല എന്ന മോദിയുടെ പിടിവാശി. കേരളത്തിലെ സഹകരണമേഖല വിശുദ്ധപശുവൊന്നുമല്ല. 25 ലക്ഷത്തിനുമേല്‍ നിക്ഷേപമുള്ളവരുടെ വിവരങ്ങള്‍പോലും ആദായവകുപ്പിനു കൈമാരില്ല എന്ന നിലപാടും ശരിയല്ല. അപ്പോഴും ഒരു സംസ്ഥാനത്തിന്റെ ജീവവായുവായ ഒരു സംവിധാനം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, ജനാധിപത്യത്തിന്റെ മറ്റൊരു ശ്രീകോവിലായ നിയമസഭയുടെ തീരുമാനപ്രകാരം തന്നെ കാണാന്‍ വരുന്ന സര്‍വ്വകക്ഷി സംഘത്തിന് അനുമതി നിഷേധിക്കുന്നതില്‍ കേള്‍ക്കുന്നത് പാസിസത്തിന്റെ ചൂളംവിളിതന്നെയാണ്. കേന്ദ്ര ധനമന്ത്രിയെ കണ്ടാല്‍മതിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് കിട്ടിയ മറുപടി. നേരത്തേതന്നെ മുഖ്യമന്ത്രിയും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്ര ധനമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, നേരത്തെ കണ്ടിട്ടും പ്രയോജനമില്ലാത്ത സാഹചര്യത്തില്‍ വീണ്ടും ഈ വിഷയത്തില്‍ കാണുന്നതില്‍ എന്തര്‍ത്ഥം? ഈ നിലപാട് അതംഗീകരിക്കുന്നതിനര്‍ത്ഥം ചങ്ങലയുടെ നാളുകള്‍ സ്വാഗതം ചെയ്യുക എന്നതു തന്നെയാണ്. നിയമസഭ ഒരു നിലപാടെടുക്കുക, സര്‍വകക്ഷിസംഘം കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുക, അതിന് സമയം നല്‍കാതിരിക്കുക എന്നതെല്ലാം സംസ്ഥാനത്തോട് കാട്ടുന്ന അനാദരവാണ്. ഹിറ്റ്‌ലറില്‍നിന്നും മുസോളിനിയില്‍നിന്നും ആവേശം ഉള്‍ക്കൊണ്ട് ഫാസിസവും നാസിസവും നയമായി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ടി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരില്‍നിന്ന് വലിയതോതിലുള്ള ജനാധിപത്യമര്യാദ പ്രതീക്ഷിക്കേണ്ടതില്ല എന്നാണിത് വ്യക്തമാക്കുന്നത്.
മോദിയുടെ രഥമുരുളുന്നത് പാസിസത്തിലേക്കാണെന്നത് പകല്‍പോലെ വ്യക്തമാണ്. അതിനായി എന്തും ചെയ്യാന്‍ മടിയില്ല എന്നതും പ്രകടം. ഇത്രയും കാലം അതിനായി ഉപയോഗിച്ചത് മുഖ്യമായും വര്‍ഗ്ഗീയതയെയായിരുന്നു. ബാബറി മസ്ജിദും മുംബൈയും ഗുജറാത്തും മുസാഫര്‍നഗറുമൊക്കെ ബിജെപിയെ പിടിപടിയായി ഒറ്റക്കു ഭരിക്കാവുന്ന അവസ്ഥയിലെത്തിച്ചു. അടുത്തലക്ഷ്യം ഭരണഘടന ഭേദഗതിചെയ്യാനാവശ്യമായ മൂന്നില്‍ രണ്ടു ഭൂരിപക്ഷമാണ്. അതിനായി ഇപ്പോള്‍ മുഖ്യമായും ഉപയോഗിക്കുന്നത് യുദ്ധഭീതിയാണ്. പാക്ക് വിരുദ്ധതയാണ്. നോട്ടുനിരോധനവിഷയത്തെ പോലും ന്യായീകരിച്ചത് അതിന്റെ പേരിലാണല്ലോ. വരാന്‍ പോകുന്ന ജനാധിപത്യവിരുദ്ധനടപടികളേയും ന്യായീകരിക്കുക അതിന്റെ പേരിലായിരിക്കും. അതു തിരിച്ചറിഞ്ഞ ഓടുന്ന നായക്ക് ഒരു മുഴം മുമ്പെറിയാനാണ് ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടത്. മോദിയുടെ രാജിക്കായിതന്നെയാകണം ഹര്‍ത്താലടക്കമുള്ള ജനാധിപത്യപ്രക്ഷോഭം നടത്തേണ്ടത്…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply