നജീബിനെ കാണാതായിട്ട് രണ്ടു മാസം

ജി. സുഗുണന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നാണ്. എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഈ കലാശാല മൂന്നു മാസങ്ങള്‍ക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു. ജെ.എന്‍.യു. മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്റെ പേരിലെടുത്ത നടപടികളും അറസ്റ്റും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സര്‍വകലാശാലകളിലെ എ.ബി.വി.പി. സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള അവരുടെ നീക്കങ്ങളുമായിരുന്നു അന്ന് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഇപ്പോഴും സമാനമായ സാഹചര്യങ്ങളാണ് ജെ.എന്‍.യുവില്‍ ഉണ്ടായിരിക്കുന്നത്. എ.ബി.വി.പി. സംഘപരിവാര്‍ സംഘടനകളുടെ […]

NNN

ജി. സുഗുണന്‍

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ഒന്നാണ്. എന്നും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ഈ കലാശാല മൂന്നു മാസങ്ങള്‍ക്കു ശേഷം വീണ്ടും ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്നു. ജെ.എന്‍.യു. മുന്‍ യൂണിയന്‍ ചെയര്‍മാന്‍ കനയ്യകുമാറിന്റെ പേരിലെടുത്ത നടപടികളും അറസ്റ്റും അന്ന് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സര്‍വകലാശാലകളിലെ എ.ബി.വി.പി. സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കെതിരേയുള്ള അവരുടെ നീക്കങ്ങളുമായിരുന്നു അന്ന് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഇപ്പോഴും സമാനമായ സാഹചര്യങ്ങളാണ് ജെ.എന്‍.യുവില്‍ ഉണ്ടായിരിക്കുന്നത്.
എ.ബി.വി.പി. സംഘപരിവാര്‍ സംഘടനകളുടെ നീക്കങ്ങള്‍ക്കു പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ് ജെ.എന്‍.യു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ വന്‍ വിജയം കൊയ്തത്. ജനറല്‍ സീറ്റുകളിലെല്ലാം പരാജയപ്പെട്ട എ.ബി.വി.പി. പല സീറ്റുകളിലും മൂന്നാം സ്ഥാനത്ത് പോയി. ഈ തെരഞ്ഞെടുപ്പില്‍ കണ്ട മറ്റൊരു പ്രത്യേകത ദളിത് പിന്നോക്ക ന്യൂന പക്ഷ വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. പല സീറ്റുകളിലും ഇവര്‍ എ.ബി.വി.പിയെക്കാള്‍ മുന്നില്‍ വന്നു. എ.ബി.വി.പി. സംഘപരിവാര്‍ ശക്തികള്‍ പുരോഗമന പ്രസ്ഥാനങ്ങളിലെയും ദളിത് ന്യൂനപക്ഷ പ്രസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളെ കടന്നാക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
ഹോസ്റ്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മര്‍ദിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ എം.എസ്.സി (ബയോടെക്‌നോളജി) വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനമാണ് ഇപ്പോള്‍ ജെ.എന്‍.യുവിനെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഒക്‌ടോബര്‍ 13ന് രാത്രിയാണ് നജീബിനെ ഹോസ്റ്റല്‍ മുറിയില്‍ മര്‍ദ്ദിച്ചത്.
ഒക്‌ടോബര്‍ 15 മുതല്‍ നജീബിനെ ആരും കണ്ടിട്ടില്ല. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നജീബിനെ സംബന്ധിച്ച ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടുമില്ല. കാമ്പസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കോലം കത്തിച്ച സംഭവങ്ങളെ തുടര്‍ന്നാണ് നജീബ് അഹമ്മദിന് മര്‍ദനം ഏറ്റത്. തന്റെ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നജീബിന്റെ മാതാവ് ഫാത്തിമാ നബീസ ഇപ്പോഴും കാമ്പസില്‍ കഴിയുകയുമാണ്. ഒരു വിദ്യാര്‍ഥിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ടും സര്‍വകലാശാലാ അധികൃതര്‍ തെരച്ചില്‍ നടത്തുകയോ പോലീസില്‍ പരാതിപ്പെടുകയോ ചെയ്തില്ല. തിരോധാനപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് സര്‍വകലാശാലാ ഭരണസമിതി ഓഫീസ് വിദ്യാര്‍ഥികള്‍ ഉപരോധിക്കുകയും വൈസ് ചാന്‍സലറെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
സമരത്തിന് അധ്യാപകരുടെയും പിന്തുണയുണ്ടായിരുന്നു. പോലീസില്‍ പരാതിനല്‍കാമെന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രധാനമന്ത്രിയുടെ കോലം കത്തിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം അന്വേഷണം ആരംഭിച്ച സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥിയെ കാണാതായിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്നത് പക്ഷപാതത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്.
പ്രമുഖ സര്‍വ്വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ബി.ജെ.പി. സര്‍ക്കാരിന്റെ നീക്കങ്ങളാണ് കാമ്പസുകളിലെ സ്ഥിതി സംഘര്‍ഷഭരിതമാക്കിയിരിക്കുന്നത്. നജീബിനെ കാണാതായ വിഷയത്തില്‍ ജെ.എന്‍.യു. അധികൃതര്‍ അലംഭാവം കാണിച്ചെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെയും എ.ബി.വി.പി. ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെയും ആരോപണം. നജീബിനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ നടപടി എടുക്കാനും അധികൃതര്‍ തയാറായില്ല. ജെ.എന്‍.യു അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നജീബിനെ കുറ്റക്കാരന്‍ എന്ന് വിശേഷിപ്പിച്ചതും വിദ്യാര്‍ഥികളെ പ്രകോപ്പിച്ചു. നജീബിന് നീതി, ഞങ്ങളെല്ലാവരും നജീബ് തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയര്‍ത്തി നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിന് ഇറങ്ങിയത്.
ഡല്‍ഹിയിലെ വസന്ത്കുഞ്ച് പോലീസ് സ്‌േറ്റഷനില്‍ നജീബിന്റെ മാതാവ് ഫാത്തിമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത് ഒഴിച്ചാല്‍ കാര്യമായ ഒരു നടപടിയും സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകാത്തത് പ്രശ്‌നത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ജെ.എന്‍.യു. വിദ്യാര്‍ഥികളുടെ സമരത്തെ തുടര്‍ന്നാണ് തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായത്. ഭക്ഷണം പോലും കഴിക്കാതെ കരഞ്ഞ കണ്ണുമായി ജെ.എന്‍.യു. കാമ്പസിന്റെ വരാന്തയില്‍ മകനെ കാത്തിരിക്കുകയാണ് നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമാ നഫീസ. തന്റെ മകനെ മര്‍ദിച്ചവര്‍ ഇവിടെ മാന്യരായി നടക്കുകയാണെന്ന് മകനെ തിരക്കി ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്നെത്തിയ ഫാത്തിമ പറഞ്ഞു. കാമ്പസില്‍ വിദ്യാര്‍ഥികളോടൊപ്പം കഴിയുകയാണ് ഇവര്‍. നിരവധി രോഗങ്ങള്‍ ഉള്ള ഫാത്തിമ നേരത്തിന് ഭക്ഷണവും മറ്റും കഴിക്കാന്‍ തയ്യാറാകുന്നുമില്ല. മകനെ കണ്ടിട്ടെ എന്തെങ്കിലും കഴിക്കൂ എന്ന ദൃഢനിശ്ചയത്തിലാണ് അവര്‍. നജീബിന്റെ പിതാവ് കിടപ്പിലാണ്.
അമ്മയ്ക്കു കൂട്ടായി എത്തിയ നജീബിന്റെ സഹോദരി സഫദ് മുശര്‍റഫ് ക്യാമ്പസില്‍ നടത്തിയ പ്രസംഗം വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്നു. സഹോദരനെ തിരിച്ചു കിട്ടും വരെ താന്‍ കാമ്പസില്‍ തുടരാനാണ് ഓഖ്‌ലയിലെ സ്‌കൂളില്‍ അധ്യാപികയായ സഫദിന്റെ തീരുമാനം. ഇത് ഹിന്ദു മുസ്ലീം പ്രശ്‌നം അല്ലെന്നും നാളെ ഏതൊരു വിദ്യാര്‍ഥിക്കും ഈ അവസ്ഥ ഉണ്ടായേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. നജീബിനെ ആക്രമിച്ചവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കണമെന്നാണ് വിദ്യാര്‍ഥി യൂണിയന്റെ മുഖ്യമായ മറ്റൊരാവശ്യം. ഇതിനിടെ, വിദ്യാര്‍ഥി സമരത്തെ ആക്ഷേപിക്കാനും ചിലര്‍ രംഗത്തെത്തി. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ പഠിക്കാനല്ല, രാഷ്ട്രീയം കളിക്കാനാണ് വരുന്നതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍റിജ്ജു കുറ്റപ്പെടുത്തിയിരിക്കുകയാണ്.
ജെ.എന്‍.യു. അടക്കമുള്ള പ്രമുഖ സര്‍വകലാശാലകളിലൊന്നും ബി.ജെ.പിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും പിടിമുറുക്കുവാന്‍ കഴിയില്ലെന്നു മാത്രമല്ല, ജനാധിപത്യ ഇടത് ദളിത് ന്യൂനപക്ഷവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇവിടങ്ങളില്‍ ആധിപത്യം ഉറപ്പിക്കുകയുമാണ്. ഇത്തരം കൂട്ടുകെട്ടുകള്‍ക്കെതിരായി സ്വാഭാവികമായും സംഘപരിവാര്‍ തിരുയുമെന്നതില്‍ സംശയമില്ല. ജെ.എന്‍.യുവില്‍ എ.ബി.വി.പി. വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന നജീബിന്റെ തിരോധാനത്തിന് പിന്നില്‍ അതു കൊണ്ട് തന്നെ സംഘപരിവാര്‍ ശക്തികളുടെ കരങ്ങളാണെന്നുള്ള ആരോപ ണത്തില്‍ അടിസ്ഥാനവുമുണ്ട്. എത്രയുംവേഗം നജീബിനെ കണ്ടെത്താനും വസ്തുതകള്‍ പുറത്ത് കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാരിന് കഴിയേണ്ടതായിട്ടുണ്ട്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply