ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ആപ് പിന്മാറുമ്പോള്‍

അമൃത് ലാല്‍ രണ്ട് കൊല്ലം മുമ്പ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ അഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം അന്ന് ആംആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന യോഗേന്ദ്ര യാദവ് ഞാന്‍ പണിയെടുക്കുന്ന പത്രസ്ഥാപനത്തില്‍ വരികയുണ്ടായി. ദേശീയ രാഷ്ട്രീയത്തില്‍ ആപ്പിന്റെ ഭാവിയെക്കുറിച്ച് ചോദിക്കവേ മറുപടിയെന്നവണ്ണം യാദവ് പറഞ്ഞു: ”ഞങ്ങള്‍ ഒരു പോസ്റ്റ് ഐഡിയോളജിക്കല്‍ പാര്‍ട്ടിയാണ്.” ദീര്‍ഘകാലം സര്‍വ്വകലാശാലാ തലത്തില്‍ രാഷ്ട്രീയ മീമാംസ പഠിപ്പിച്ച യാദവിന് താന്‍ പറയുന്നതെന്തെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നിരിക്കണം. നിലവിലുള്ള രാഷ്ട്രീയ പരികല്പനകള്‍ക്കും വകഭേദങ്ങള്‍ക്കും വഴങ്ങാത്തതാണ് ആപ്പിന്റെ പ്രവര്‍ത്തന ശൈലിയും കാഴ്ചപ്പാടുകളും […]

KKഅമൃത് ലാല്‍

രണ്ട് കൊല്ലം മുമ്പ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ അഭൂതപൂര്‍വ്വമായ വിജയത്തിനു ശേഷം അന്ന് ആംആദ്മി പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായിരുന്ന യോഗേന്ദ്ര യാദവ് ഞാന്‍ പണിയെടുക്കുന്ന പത്രസ്ഥാപനത്തില്‍ വരികയുണ്ടായി. ദേശീയ രാഷ്ട്രീയത്തില്‍ ആപ്പിന്റെ ഭാവിയെക്കുറിച്ച് ചോദിക്കവേ മറുപടിയെന്നവണ്ണം യാദവ് പറഞ്ഞു: ”ഞങ്ങള്‍ ഒരു പോസ്റ്റ് ഐഡിയോളജിക്കല്‍ പാര്‍ട്ടിയാണ്.” ദീര്‍ഘകാലം സര്‍വ്വകലാശാലാ തലത്തില്‍ രാഷ്ട്രീയ മീമാംസ പഠിപ്പിച്ച യാദവിന് താന്‍ പറയുന്നതെന്തെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നിരിക്കണം. നിലവിലുള്ള രാഷ്ട്രീയ പരികല്പനകള്‍ക്കും വകഭേദങ്ങള്‍ക്കും വഴങ്ങാത്തതാണ് ആപ്പിന്റെ പ്രവര്‍ത്തന ശൈലിയും കാഴ്ചപ്പാടുകളും എന്നദ്ദേഹം വിശദീകരണം എന്ന മട്ടില്‍ കൂട്ടിചേര്‍ക്കുകയും ചെയ്തു.
യാദവ് ഇന്ന് ആപ്പിലില്ല. പക്ഷേ അദ്ദേഹം ആപ്പിന്റെ വക്താവായി തന്റെ പാര്‍ട്ടിയെ കുറിച്ച് നടത്തിയ വിശദീകരണത്തിന് ഇന്നും പ്രസക്തിയുണ്ട്. ഗുരുതരമായ ആഭ്യന്തര പ്രതിസന്ധി നേരിടുകയാണ് ഇന്ന് ആപ്പ്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളും പാര്‍ട്ടിയിലൂടെ അധികാര കേന്ദ്രീകരണവും വലിയ കൊഴിഞ്ഞു പോകലുകള്‍ക്ക് കാരണമായിട്ടുണ്ട്. നേതൃത്വവുമായി തെറ്റിയപ്പോള്‍ യാദവ്, പ്രശാന്ത ഭൂഷണ്‍, അഡ്മിറല്‍ രാംദാസ് എന്നിവര്‍ ഉയര്‍ത്തിക്കാട്ടിയത് ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിക്കുള്ളില്‍ ഇല്ലാതാകുന്നു എന്നായിരുന്നു. ഒരു ദില്ലി പാര്‍ട്ടിയായി തുടരണമോ കോണ്‍ഗ്രസ്സിന് ബിജെപിക്കുമുള്ള ദേശീയ ബദല്‍ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമോ; അങ്ങനെയെങ്കില്‍ പ്രവര്‍ത്തന പരിപാടി എന്തായിരിക്കണം എന്നതൊക്കെ പാര്‍ട്ടിയില്‍ വലിയ ചേരിതിരിവുകളുണ്ടാക്കിയിരുന്നു. ഇതേ ചോദ്യങ്ങള്‍ ആപ്പ് വീണ്ടും അഭിമുഖീകരിക്കുകയാണ്. പാര്‍ട്ടി എന്തുകൊണ്ട് പഞ്ചാബിലും ഗോവയിലും, സര്‍വ്വോപരി ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും, പരാജയപ്പെട്ടു എന്ന ചോദ്യം ആപ്പിനകത്തും പുറത്തും ഉയര്‍ന്നു വന്നിട്ടുണ്ട്. ആ പാര്‍ട്ടിയെ ആഭ്യന്തര കലഹത്തിന്റെ വക്കോളം തിരഞ്ഞെടുപ്പ് പരാജയം കൊണ്ടെത്തിച്ചിരിക്കുന്നു. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ ആപ്പ് അഭിമുഖീകരിക്കുന്ന രീതി പാര്‍ട്ടിയുടെ ഭാവിയെക്കുറിച്ച് ഒട്ടും പ്രതീക്ഷ നല്‍കുന്നില്ല എന്നു കൂടി പറയേണ്ടതുണ്ട്.
ഇന്ന് ആപ്പ് നേരിടുന്ന പ്രതിസന്ധിയുടെ വിത്തുകള്‍ അതിന്റെ തുടക്കകാലത്ത് പാകിയതാണ്. അഴിമതിക്കെതിരെ എന്ന പരിമിത മുദ്രാവാക്യത്തില്‍ തുടങ്ങിയ ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ആപ്പ്. പാര്‍ട്ടി വിരുദ്ധ രാഷ്ട്രീയം പറഞ്ഞുകൊണ്ടായിരുന്നു അന്നവര്‍ സംഘടിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ജീര്‍ണ്ണതയും ഭരണ പ്രതിപക്ഷങ്ങളുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തന ശൈലികളും ഒരു വശത്തും നവസാമൂഹ്യ പ്രസ്ഥാനങ്ങളും സോഷ്യല്‍ മീഡിയ അടക്കമുള്ള നവവിനിമയ ഉപാധികളും വച്ചു ഭരണ രാഷ്ട്രീയത്തില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് അക്ഷമരായി നിലകൊണ്ടിരുന്ന ഒരു വലിയ ജനസഞ്ചയവും ആപ്പ് എന്ന രാഷ്ട്രീയ വേദിയെ സാധ്യമാക്കി. ഇത് അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുഖമായിരുന്ന അണ്ണാ ഹസാരേക്ക് കാണാന്‍ കഴിയാതിരുന്നപ്പോള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതായിരുന്നു ഹസാരേ അനുയായി അരവിന്ദ് കേജ്‌രിവാളിനെ നേതാവാക്കിയത്. തന്റെ ചഏഛ പ്രവര്‍ത്തന കാലത്തുനിന്നും ലഭിച്ച സംഘാടക നൈപുണ്യവും പരിചയവും അദ്ദേഹത്തിനു കൂട്ടായി. തന്റെ മധ്യവര്‍ത്തി വര്‍ഗ്ഗ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയും ദില്ലിയില്‍ പുതുതായി രൂപം കൊണ്ടിരുന്ന പുതിയ മധ്യവര്‍ഗ്ഗത്തോട് അദ്ദേഹത്തെ അടുപ്പിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും അകന്നു തുടങ്ങിയിരുന്ന മുസ്ലിംങ്ങളും ബിഎസ്പിയോട് അനിഷ്ടം തോന്നിയ ദളിത് വിഭാഗങ്ങളും ചേര്‍ന്നപ്പോള്‍ ആപ്പിന്റെ ജനകീയാടിത്തറ വിപുലവും ശക്തവുമായി. ഈ വിപുലീകരണത്തിന്റെ ഭാഗമായിട്ടും കൂടിയാണ് കേജ്‌രിവാള്‍ നവസാമൂഹ്യ പ്രസ്ഥാനങ്ങളിലെ നേതൃത്വങ്ങളുമായി അടുത്തത്. 2014 ലെ പൊതു തിരഞ്ഞെടുപ്പ് കാലത്ത് ആപ്പ് നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ മുന്നണിയായി മാറിയിരുന്നു. ബി.ജെ.പിയുടെ ബി- ടീം എന്ന വിമര്‍ശനത്തിന് മറുപടി എന്ന വണ്ണം കേജ്‌രിവാള്‍ ബനാറസില്‍ നരേന്ദ്ര മോഡിക്ക് എതിരെ മത്സരിക്കാനിറങ്ങിയതോടെ കോണ്‍ഗ്രസ്സ്- ബിജെപി രാഷ്ട്രീയത്തിനൊരു ബദല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ആപ്പിനു കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഈ ത്രികോണ മത്സരം സഹായിച്ചത് ബിജെപിയെയാണ് എന്ന് കരുതേണ്ടി വരുന്നു. അഞ്ചു ശതമാനത്തില്‍ താഴെ മാത്രം വോട്ടുകളാണ് ആപ്പിന്റെ നാനൂറില്‍പരം സ്ഥാനാര്‍ത്ഥികള്‍ നേടിയതെങ്കിലും കോണ്‍ഗ്രസ്സിന് ബിജെപിക്ക് എതിരെയുള്ള ഏക മതേതര ബദല്‍ എന്ന സ്ഥാനം പലയിടത്തും നഷ്ടമായി. ഇതേ കാരണത്താല്‍ കോണ്‍ഗ്രസ്സിന്റെ കോര്‍ വോട്ടറായി നിലകൊണ്ടിരുന്ന പല വിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്നും അകന്നു. ലോക്‌സഭയില്‍ നാല്‍പത്തിനാലു സീറ്റായി കോണ്‍ഗ്രസ്സ് ചുരുങ്ങിയതിന് പ്രധാന കാരണങ്ങളിലൊന്ന് ദേശീയ രാഷ്ട്രീയത്തില്‍ അന്ന് ആപ്പ് സൃഷ്ടിച്ച അടിയൊഴുക്കുകളാണ്.
നാലു സീറ്റ് മാത്രം നേടിയ ആപ്പിന്റെ മുന്നില്‍ രണ്ട് വഴികളുണ്ടായിരുന്നു. അവ സാമൂഹ്യപ്രസ്ഥാനങ്ങള്‍, ചെറുഗ്രൂപ്പുകള്‍ എന്നിവ മുന്നോട്ട് വച്ച നൈതിക രാഷ്ട്രീയത്തിന്റെ വക്താവാകുക അല്ലെങ്കില്‍ ദില്ലിയിലെ പഴയ അഴിമതി വിരുദ്ധ കൂട്ടായ്മയുടെ രാഷ്ട്രീയത്തിലേക്ക് ചുരുങ്ങുക, കേജ്‌രിവാള്‍ സ്വീകരിച്ചത് രണ്ടാമത്തെ വഴിയാണ്. ആപ്പിന്റെ ദില്ലി രാഷ്ട്രീയം – അഴിമതിക്കെതിരെ കുരിശുയുദ്ധം – വ്യാപിപ്പിച്ചാല്‍ മതി എന്ന തീരുമാനം സംസ്ഥാന രാഷ്ട്രീയത്തില്‍ അതിന് പ്രയോജനം ചെയ്തിട്ടുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ന്നില്ല. ദില്ലിയുടെ മധ്യവര്‍ഗ്ഗ സ്വഭാവത്തെ സ്വാംശീകരിച്ചുകൊണ്ട് മോഡിയെ മാതൃകയാക്കിയാണ് ആപ്പ് 2014 ലെ പരാജയത്തെ നേരിട്ടത്. ദില്ലി ഡയലോഗ് കമ്മീഷന്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ സൃഷ്ടിച്ചും നുക്കഡ് സഭ, മൊഹള്ള കൂട്ടായ്മകള്‍ (ടൃേലല േരീൃിലൃ ാലലശേിഴ െഎന്നിവയെ വിളിക്കാം) ഒരുക്കിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും അരവിന്ദ് കേജ്‌രിവാള്‍ എന്ന വ്യക്തിയിലേക്ക് പാര്‍ട്ടി നേതൃത്വത്തെ ചുരുക്കി. ‘പാഞ്ച് സാല്‍ കേജ്‌രിവാള്‍ എന്നായിരുന്നുവല്ലോ മുദ്രാവാക്യം. റേഡിയോയിലും സോഷ്യല്‍ മീഡിയയിലും ചുവരെഴുത്തുകളിലും കേജ്‌രിവാള്‍ – കേജ്‌രിവാള്‍ മാത്രം- നിറഞ്ഞു. മോഡി ഢ െകേജ്‌രിവാള്‍ എന്ന സമവാക്യം 2015 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പ്രയോജനം ചെയ്തു. കാരണം ബിജിപി ദില്ലിയിലേക്കു നിര്‍ദ്ദേശിച്ച വ്യക്തി കിരണ്‍ ബേദിയായിരുന്നു. അവര്‍ക്ക് സാമ്പ്രദായികാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം സാധിക്കുമായിരുന്നില്ല. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ അവരുടെ പ്രവര്‍ത്തന ശൈലി അകറ്റി. മാത്രമല്ല ആപ്പ് എന്ന സ്വപ്നത്തിന് ഒരു ബദലേ ആയിരുന്നില്ല അന്നത്തെ ബിജെപിയും ബേദി എന്ന നായികയും.
എല്ലാ സ്വപ്നങ്ങളും എപ്പോഴെങ്കിലും അവസാനിക്കുകയും സ്വപ്നം കാണുന്നയാള്‍ ഉണരുകയും ചെയ്യും. രണ്ട് കൊല്ലക്കാലം ആപ്പിന്റെ ഭരണം തങ്ങളുടെ മുന്‍ഗാമികളുടേതിനേക്കാളും എന്തുകൊണ്ടും മികച്ചതായിരുന്നു. പക്ഷേ, പറഞ്ഞതില്‍ കുറച്ചു മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും ശ്രദ്ധ പുലര്‍ത്തി. പക്ഷേ ഒരു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തലത്തില്‍ ആ രംഗത്തെ ഭരണ പരിഷ്‌ക്കാരങ്ങളും പരീക്ഷണങ്ങളും ഫലം ഉളവാക്കിത്തുടങ്ങിയിട്ടില്ല. കേജ്‌രിവാളാകട്ടെ നിരന്തരം കലഹിക്കുന്ന ഒരു നേതാവിന്റെ പ്രതിച്ഛായയിലേക്ക് ചുരുങ്ങുകയും ചെയ്തു. മോദിയുടെ ഭരണത്തെ അഴിമതി നിറഞ്ഞതെന്നും പ്രവര്‍ത്തന ക്ഷമത കുറഞ്ഞതെന്നും വിമര്‍ശിച്ചു കൊണ്ടിരുന്ന കേജ്‌രിവാളിന് മോദി ഒരിക്കലും മറുപടി പറയാന്‍ ഒരുങ്ങിയില്ല. എന്നോളമായില്ല താന്‍ എന്ന നിലപാടിലാണ് മോദി നിലകൊണ്ടത്. മോദി രാഷ്ട്രീയം ഉയര്‍ത്തിയ വര്‍ഗ്ഗീയതയുടെ മാനങ്ങളെകുറിച്ച് കേജ്‌രിവാള്‍ മൗനം പാലിക്കുകയും ചെയ്തു. പശു രാഷ്ട്രീയത്തേയും അതിന്റെ മറവില്‍ ബിജെപി കൈക്കൊണ്ട മുസ്ലിം വിരുദ്ധതയേയും കേജ്‌രിവാള്‍ അവഗണിച്ചു. തങ്ങള്‍ക്ക് വര്‍ഗ്ഗീയതയില്ല, എന്നാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയതയെ വിമര്‍ശിച്ചാല്‍ അത് ബിജെപിക്ക് ഗുണകരമാകുകയേയുള്ളൂ എന്ന നിലപാടാണ് ആപ്പ് കൈക്കൊണ്ടത്. ചുരുക്കത്തില്‍ വടക്കേയിന്ത്യന്‍ സമൂഹത്തില്‍ ഇടം കൊള്ളുന്ന ഹിന്ദുത്വ പൊതുബോധ നിര്‍മ്മാണത്തെ അവര്‍ നേരിട്ടതേയില്ല. അഴിമതി, ഭരണ പരിഷ്‌കാരങ്ങള്‍ എന്നതായി ചുരുങ്ങി ആപ്പിന്റെ രാഷ്ട്രീയം. ആ രംഗത്താകട്ടെ ജനസാമാന്യത്തെ പിടിച്ചു കുലുക്കുന്ന മട്ടില്‍ അവര്‍ക്കൊന്നും ചെയ്യാനും കഴിഞ്ഞിട്ടില്ല. ഹിന്ദുത്വ രാഷ്ട്രീയം ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ പോലും തങ്ങള്‍ മത രാഷ്ട്രീയത്തെ വിമര്‍ശിക്കാതിരുന്നാല്‍ തങ്ങള്‍ക്ക് ഒപ്പം നില്‍ക്കും എന്ന തോന്നലും അവര്‍ക്കുണ്ടായിരുന്നു. പഞ്ചാബില്‍ സിക്ക് വര്‍ഗ്ഗീയതയുമായി ആപ്പ് സന്ധി ചെയ്തു എന്ന വിമര്‍ശനത്തേയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
ദില്ലിയിലെ ഇക്കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടുന്നത് ആപ്പിനെതിരെയുള്ള ജനവികാരം ശക്തമാണ് എന്നതാണ്. ഈ കണക്കുകള്‍ ശ്രദ്ധിക്കുക. 2017 ലെ തിരഞ്ഞെടുപ്പില്‍ 272 വാര്‍ഡുകളില്‍ 184 എണ്ണത്തില്‍ ബിജെപി വിജയിച്ചു, 47 ല്‍ മാത്രം ആപ്പും 30 എണ്ണത്തില്‍ കോണ്‍ഗ്രസ്സും മുന്നിലെത്തി. ബിജെപിയുടെ വോട്ട് ശതമാനം എന്നാല്‍ 37% മാത്രമാണ്. ആപ്പിന്റേതോ 26 ഉം. ഈ കണക്കുകള്‍ 2015 ലെ അസംബ്ലി തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുക. അന്ന് ആപ്പ് നേടിയത് 70 ല്‍ 67 നിയമസഭാ സീറ്റുകള്‍. ലഭിച്ചതോ 54% വോട്ടുകള്‍. ബിജെപിയുടെ വോട്ടുശതമാനം അന്ന് 32. മറ്റൊരു കണക്കു കൂടി ശ്രദ്ധിക്കുക. 2012 ലെ മുനിസപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയതും 32% വോട്ടുകള്‍ മാത്രം. ചുരുക്കി പറഞ്ഞാല്‍ ബിജെപി പിന്തുണ കുത്തനെയൊന്നു വര്‍ദ്ധിച്ചിട്ടില്ല. ആപ്പിനുള്ള പിന്തുണ നെടുങ്ങനെ കുറഞ്ഞിരിക്കുന്നു. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. 2015 ലെ തിരഞ്ഞെടുപ്പില്‍ 67% ദില്ലി വോട്ടര്‍മാര്‍ ബൂത്തിലെത്തി. ഇത്തവണ അത് 54% മാത്രമായി കുറഞ്ഞു. ചരിത്രത്തിലെങ്ങും കാണാത്ത ഒച്ചപ്പാടോടെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നിട്ടും വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ബൂത്തിലേക്കു നീങ്ങിയില്ല. ദില്ലിയുടെ സാധാരണ പോളിംഗ് നിലവാരം 50 -55% മാത്രമാണ്. ആപ്പ് സൃഷ്ടിച്ച ഓളം തന്നെയാണ് ഒരുപാട് പേരെ അസംബ്ലി തിരഞ്ഞെടുപ്പ് കാലത്ത് ബൂത്തിലേക്കു നടത്തിയത്. അവര്‍ പലരും ആപ്പില്‍ അസന്തുഷ്ടരാണ്. പക്ഷേ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നതിനു പകരം അവര്‍ വോട്ടിംഗില്‍ നിന്നു തന്നെ വിട്ടു നിന്നു. പിന്നൊരു കാര്യം കോണ്‍ഗ്രസ്സിന്റെ പിന്തുണ 2015 ലെ 10% നിന്നും 21% ആയി കൂടി എന്നതാണ്. മുസ്ലിം വോട്ടുകള്‍ ഗണ്യമായി കോണ്‍ഗ്രസ്സിലേക്കു നീങ്ങി എന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ വന്‍ വിജയത്തിന്റെ വേലിയേറ്റം ദില്ലിയില്‍ പ്രതീക്ഷിച്ചുവെങ്കിലും ബിജെപിക്കുള്ള പിന്തുണയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആപ് വിരുദ്ധ തരംഗം ബിജെപിക്ക് അനുകൂലമായി മാറിയില്ല എന്ന് ചുരുക്കം.
ആപ്പിന്റെ വോട്ടര്‍മാരില്‍ ഒരു വലിയ വിഭാഗം കോണ്‍ഗ്രസ്സിലേക്കു നീങ്ങി എന്നത് ആപ്പിന്റെ രാഷ്ട്രീയ നിലപാടുകളുടെ പരിമിതിയെ കൂടിയാണ് കാണിക്കുന്നത്. അഴിമതിയും ഭരണ പരിഷ്‌കാരത്തിനുമപ്പുറം ഇന്ന് രാജ്യം സംസാരിക്കുന്നത് വര്‍ഗ്ഗീയതയെ കുറിച്ചാണ്. ഹിന്ദുത്വ രാഷ്ട്രീയം ദേശീയതയയേും പശുവിനേയും മുന്‍നിര്‍ത്തി ഹിന്ദു വര്‍ഗ്ഗീയതയെ ദേശീയ നയമാക്കുമ്പോള്‍ ആപ്പിന്റെ ഭരണാധികാരത്തിന്റെ സീമകളെക്കുറിച്ച് കേന്ദ്രവുമായുള്ള തര്‍ക്കങ്ങള്‍ ചെവികൊടുക്കാന്‍ ആര്‍ക്കും സമയമില്ല. വലിയ ആകുലതകളുടെ കാലമാണിത്. എന്നാല്‍ തങ്ങളുടെ കൊച്ചു കൊതിക്കെറുവുകളുടെ പിന്നാലെയാണ് ആപ്പ്. ഹിന്ദുത്വ രാഷ്ട്രീയം ഒരു പ്രത്യയശാസ്ത്ര നിലപാടാണ്. അതിനെ പ്രതിരോധിക്കാന്‍ ഒരു ബദല്‍ പ്രത്യയശാസ്ത്ര നിലപാട് തന്നെ ആവശ്യമുണ്ട്. കോര്‍പറേറ്റ് ഭീമനായി മാറിക്കൊണ്ടിരിക്കുന്ന പതഞ്ജലി രാമദേവ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സഹചാരിയായ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരോടൊക്കെ സഹകരിച്ചു കൊണ്ടാണ് ആപ്പ് നീങ്ങുന്നത്. യാദവ് നല്‍കിയ വിശേഷം- ആപ് ഒരു പോസ്റ്റ് ഐഡിയോളജിക്കല്‍ പാര്‍ട്ടിയാണ് – ഇന്ന് ആപ്പിനെ തിരിഞ്ഞു കടിക്കുന്നു. ആപ്പിന്റെ സോഷ്യല്‍ യാഥാസ്ഥിതികത്വം അതിനെ ബിജെപിയുടെ സ്വാധീന മേഖലയും അടുപ്പിക്കുന്നുണ്ട്. ആപിന്റെ രാഷ്ട്രീയം കമ്മ്യൂണല്‍ അല്ല, കമ്മ്യൂണിറ്റേറിയന്‍ ആണ്. പക്ഷേ, അത്തരമൊരു നിലപാട് അപ്രസക്തമാകുന്ന വിധത്തില്‍ രാജ്യത്തിന്റെ ഇന്ന് രാഷ്ട്രീയ ധ്രുവീകരണം സംഭവിക്കുന്നുണ്ട്. വര്‍ഗ്ഗീയതയെ കുറിച്ച് കൃത്യമായ നിലപാട് എടുക്കാതെ എന്നാല്‍ ദേശീയതാവാദം പറഞ്ഞുകൊണ്ട് ആപ് നടത്തുന്ന ഒറ്റയാന്‍ രാഷ്ട്രീയത്തിന് സമകാലിക രാഷ്ട്രീയത്തില്‍ പ്രസക്തി കുറവാണ്. ഒരു സോഷ്യല്‍ കണസര്‍വേറ്റീവ് മോഡിക്ക് ഇന്ന് ആവശ്യക്കാരുണ്ട് എന്ന് തോന്നുന്നില്ല- തന്നില്‍ ഭരണം കേന്ദ്രീകരിച്ചുകൊണ്ട് സബ് കാ സാത് സബ് കാ വികാസ് എന്നു തന്നെയാണ് കേജ്‌രിവാളും പറയുന്നത്. പഞ്ചാബും ഗോവയും ദില്ലിയുമൊക്കെ കാണിക്കുന്നത് പൊതു ബോധത്തെ സ്വാധീനിക്കുന്നതില്‍ കേജ്രിവാളിനെക്കാള്‍ മുന്നിലാണ് മോഡി എന്നു തന്നെയാണ്.
ദില്ലി പരാജയത്തിനു ശേഷം കേജ്‌രിവാളിന് രാഷ്ട്രീയ ദിശ തിരിച്ചു വിടാന്‍ അവസരമുണ്ടായിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ജനങ്ങളിലേക്ക് ഒരു പാര്‍ട്ടിനേതാവായി മാത്രം അദ്ദേഹത്തിന് ഇറങ്ങി ചൊല്ലാമായിരുന്നു. മനീഷ് സിസോഡിയ എന്ന സൗമ്യനും കാര്യപ്രാപ്തിയുള്ള അനുചരനെ ദില്ലി എന്ന ‘പകുതി’ സംസ്ഥാനത്തിന്റെ പരിമിതമായ ഭരണചുമതല ഏല്‍പ്പിച്ചത് കേജ്‌രിവാളിന് ഒരു മുഴുവന്‍ സമയ പ്രക്ഷോഭകാരിയായി, രാഷ്ട്രീയനേതാവായി തന്റെ പഴയ പോരാളി പ്രതിച്ഛായ വീണ്ടെടുക്കാമായിരുന്നു. അത്തരമൊരു നിലപാട് എടുക്കാനുള്ള ധൈര്യം ഇന്നദ്ദേഹത്തിനില്ല. പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ കുമാര്‍ വിശ്വാസ് എന്ന നേതാവിനെ അനുനയിക്കാന്‍ എന്നാലദ്ദേഹം തയ്യാറായി. ആപ്പിന്റെ പിന്തിരിപ്പന്‍ നേതൃത്വ മുഖമാണ് വിശ്വാസ്. അയാള്‍ ബിജെപിയുടെ അനുചരനാണെന്നും പാര്‍ട്ടി പിളര്‍ത്തിയേക്കും എന്ന് പറഞ്ഞ ജനസ്വാധീനമുള്ള ഓഖ്‌ല സമാജികന്‍ അമാനത്തുള്ള ഖാനെതിരെ നടപടി എടുക്കാനാണ് ആപ്പ് തുനിഞ്ഞത്. വിശ്വാസിനോട് കാണിച്ച അയവ് അയാള്‍ വരുതിയില്‍ നില്‍ക്കും എന്നതു കൊണ്ടായിരിക്കാം. യോഗേന്ദ്ര യാദവ് മുതല്‍ മേധാ പട്കര്‍ വരെയുള്ളവര്‍ തന്റെ ചൊല്‍പടിയില്‍ നില്‍ക്കില്ല എന്നും കേജ്‌രിവാള്‍ കണക്കു കൂട്ടിയിട്ടുണ്ടാവാം. വികേന്ദ്രീകൃത രാഷ്ട്രീയം, വികേന്ദ്രീകൃത നേതൃത്വം എന്നിങ്ങനെയുള്ള ആപ്പിന്റെ ആരംഭകാല ചിന്തകളൊക്കെ ഇന്ന് ആ പാര്‍ട്ടിയുടെ ആലോചനകളില്‍ നിന്നു പൊയ്‌പ്പോയിരിക്കുന്നു കേജ്‌രിവാളിനു ചുറ്റുമുള്ള ഒരു ഉപജാപക സംഘമാണ് ആപ്പിനെ നിയന്ത്രിക്കുന്നത് എന്നു പറഞ്ഞത് വിശ്വാസാണ്. പറഞ്ഞത് വിശ്വാസാണെങ്കിലും അത് വിശ്വസനീയമാണ് എന്ന് കരുതേണ്ടിയിരിക്കുന്നു.
പ്രത്യയശാസ്ത്രവും നൈതിക നിലപാടുകളും ഇല്ലാത്ത പ്രസ്ഥാനങ്ങള്‍ ഉപജാപവൃന്ദങ്ങളായി തീരുന്നതിന്റെ ഉദാഹരണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനവധിയുണ്ട്. ഇന്ദിരഗാന്ധിയുടെ കോണ്‍ഗ്രസ്സ് തന്നെ ഉദാഹരണം. അതിന്റെ ചരിത്രം തന്നെയാണ് ആ പാര്‍ട്ടിയെ ഇന്നും നിലനിര്‍ത്തി പോരുന്നത്. തങ്ങളുടെ തന്നെ പാരമ്പര്യത്തെ തിരിച്ചറിയാനും സമയോചിതമായി നവീകരിക്കാനും കഴിയാത്തതു കൊണ്ടോ തയ്യാറാകാത്തതു കൊണ്ടോ ആണ് കോണ്‍ഗ്രസ്സിന് ഹിന്ദുത്വ രാഷ്ട്രീയത്തിന് ശക്തമായ ബദല്‍ ആകാന്‍ ഇന്നു കഴിയാത്തത്. മധ്യവര്‍ഗ്ഗ ബോധത്തില്‍ മാത്രം ഊന്നി നിന്നുകൊണ്ട് പോപ്പുലിസ്റ്റ് രാഷ്ട്രീയം പറയുകയാണെങ്കില്‍ ആപ്പിന്റെ വലിയൊരു പങ്ക് വോട്ടര്‍മാര്‍ കാലന്തരേ ബിജെപി രാഷ്ട്രീയത്തിന്റെ അവാന്തര വിഭാഗമായി ഒടുങ്ങാനിടയുണ്ട്.

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply