ദേശീയപാത : സര്‍ക്കാര്‍ നിലപാട് തിരുത്തണം

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മേധാപട്ക്കറും സമരനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്കുളള പരാതി ശ്രദ്ധയില്‍പ്പെടുത്താനാണ് മേധാപട്ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്നു മേധാ പട്ക്കര്‍ പറഞ്ഞു. കേരളത്തില്‍ ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് […]

nhh

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും സര്‍ക്കാര്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് വെല്ലുവിളിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മേധാപട്ക്കറും സമരനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചില പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്കുളള പരാതി ശ്രദ്ധയില്‍പ്പെടുത്താനാണ് മേധാപട്ക്കര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയമെന്നു മേധാ പട്ക്കര്‍ പറഞ്ഞു. കേരളത്തില്‍ ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചതായും, ഈ സാഹചര്യത്തില്‍ സമരസമിതി സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനം നടത്തുമെന്നും മേധാ പട്കര്‍ അറിയിച്ചു. ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കല്‍ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം പൂര്‍ത്തിയാക്കും. ഭൂമിയേറ്റെടുക്കല്‍ നിയമപരമാണോ, എങ്ങനെയാകും പുനരധിവാസം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക.
ദേശീയപാതാ വികസനം കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ദേശീയപാതാ വികസനത്തിനു സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം, പുനരധിവാസം എന്നീ കാര്യങ്ങളില്‍ ഏതെങ്കിലും പ്രദേശത്ത് നാട്ടുകാര്‍ക്കു പരാതിയുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നറിയിക്കുകയായിരുന്നു. എന്നാല്‍ ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ല.
മുഖ്യമന്ത്രി എന്തു പറഞ്ഞാലും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണ്? ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നയസമീപനങ്ങള്‍ ജനതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നതാണ് വസ്തുത. വികസനത്തിന്റെ ഇരകളായി മാറുന്നവര്‍ ഉന്നയിക്കുന്ന തികച്ചും ന്യായമായ പ്രശ്‌നങ്ങള്‍ സഹിഷ്ണുതയോടെ കേള്‍ക്കാനോ പരിഹരിക്കാനോ ശ്രമിക്കുന്നതിന് പകരം ഏകപക്ഷീയമായി പോലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി മുന്നോട്ട് പോകാനാണ് ശ്രമം. സ്ഥലം ഏറ്റെടുക്കുന്നതിന് നിയമപ്രകാരം ചെയ്യേണ്ട നടപടികളൊന്നും വേണ്ടപോലെ പാലിക്കാത്തതാണ് പലയിടങ്ങളിലും പ്രതിഷേധം ഉയര്‍ന്നു വരാന്‍ ഇടവരുത്തിയത്. നിയമപ്രകാരം പ്രാഥമികമായി ചെയ്യേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹ്യ ആഘാതപഠനമോ നടത്താതെ, ഇരകളുമായി ഹിയറിങ് നടത്തി അവരുടെ കഷ്ട നഷ്ടങ്ങളെ കുറിച്ച് കൃത്യമായി കാര്യങ്ങള്‍ വിലയിരുത്താതെ, വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ യഥാര്‍ത്ഥ നഷ്ടപരിഹാരവും പുനരധിവാസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും നല്‍കാതെ, ഉചിതമായ നഷ്ടപരിഹാര നിര്‍ണയവും നടത്താതെ, ആവശ്യമായ സ്ഥലങ്ങളില്‍ സാധ്യമായ ബദല്‍ മാര്‍ഗങ്ങള്‍ ആരായാതെ അധികാരികളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സ്വേച്ഛാധികാര മനോഭാവത്തോടെ മുന്നോട്ട് പോകുന്നതാണ് ഇത്രയേറെ വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുള്ളത്. ഒപ്പം നെല്‍പ്പാടങ്ങള്‍ പോലും തകര്‍ത്തുള്ള നിര്‍ദ്ദേശങ്ങളും. പലയിടത്തും ദളിത് കോളനികളേയും. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം പുനരധിവാസം ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നിഷേധിക്കുന്നതായാണ് വിമര്‍ശനം.
സംസ്ഥാനത്തുടനീളം ഈ വിഷയവുമായി ബന്ധപ്പെട്ട് സമരരംഗത്തുള്ളവര്‍ നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. അവയാകട്ടെ താരതമ്യേന ചിലവു കുറഞ്ഞതും ആധുനമികവുമാണ്. 30 മീറ്റര്‍ ഉപയോഗിച്ച് തന്നെ 6 വരി പാത നിര്‍മ്മിക്കാനാവുനമെന്നതാണ് ഒന്ന്. തിരുവനന്തപുരം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും വടക്കന്‍ ജില്ലയില്‍ പലയിടത്തും 30 മീറ്ററോ അതിലധികമോ ഭുമി ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ കൈവശം ഉണ്ട്. 30 മീറ്റര്‍ വീതി തികയ്ക്കാന്‍ ആവശ്യമായ ഭൂമി മികച്ച വിലയുടെയും പാക്കേജിന്റെയും അടിസ്ഥാനത്തില്‍ വിട്ടു നല്‍കാമെന്ന് സമരരംഗത്തുള്ളവര്‍ അറിയിച്ചിട്ടുമുണ്ട്. 30 മീറ്ററില്‍ 4 വരി നിര്‍മ്മിച്ച് അതിന് നടുക്ക് മീഡിയനില്‍ സ്ഥാപിക്കുന്ന തൂണുകളില്‍ മുകളിലൂടെ മറ്റൊരു 4 വരി പാത എലവേറ്റഡ് ആയി നിര്‍മ്മിക്കാമെന്ന നിര്‍ദ്ദേശവും സമരസമിതി മുന്നോട്ടുവെക്കുന്നു. മുകളിലൂടെ കണ്ടെയ്നര്‍ വാഹനങ്ങള്‍, ദീര്‍ഘ ദൂര വാഹനങ്ങള്‍, അതിവേഗ വാഹനങ്ങള്‍ എന്നിവ കടത്തി വിടാം. താഴത്തെ പാത ടുവീലറടക്കമുളള ലോക്കല്‍ ട്രാഫിക്കിന് ഉപയോഗിക്കാം. ചിലവല്‍പ്പം കൂടുമെന്നത് ശരിയാണെങ്കിലും കാര്യമായി ആരേയും ജീവിതത്തില്‍ നിന്ന് ഇറക്കിവിടാതെ ഇത് സാധ്യമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമാകുകയും ചെയ്യും. ഇതോടൊപ്പം എലവേറ്റഡ് മെട്രോ റെയില്‍ കൂടി ചേര്‍ത്ത് 3 നിലകളിലായി പദ്ധതി നടപ്പാക്കിയാല്‍ നൂറ്റാണ്ടുകളിലേക്ക് ധാരാളമാകും. കേരളം പോലെ ഭൂമി വില കൂടുതലും ലഭ്യത കുറവുമായ, ജനസാന്ദ്രതയും കെട്ടിട സാന്ദ്രതയും അധികമായ, ഭൂമിയേറ്റെടുപ്പ് ദുഷ്‌കരമായ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുകളിലേക്കുള്ള വികസനത്തെ കുറിച്ചാണ് ആലോചിക്കേണ്ടത്. അതേസമയം പരിസ്ഥിതി ആഘാതം വിലയിരുത്തി വേണം നടപ്പാകാകന്‍.
ഇത്തരത്തിലുള്ള ഒരു നിര്‍ദ്ദേശവും പരിഗണിക്കാതെയാണ് മുഖ്യമന്ത്രി ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അതേ വികസന നയം തന്നെയാണ് കേരളത്തിന്റേയും. അതാണല്ലോ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എപ്പോളും പിണറായിയെ വികസന നായകനായി വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ പക്ഷെ ഈ വികസനത്തിന്റെ ആഘാതം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാള്‍ രൂക്ഷമാകുമെന്നു മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല. ബിഒടി അടിസ്ഥാനത്തിലാണ് ഇവയെല്ലാം നടപ്പാക്കുക എന്നതിനാല്‍ വരാന്‍ പോകുന്നത് വന്‍തോതിലുള്ള ടോള്‍ കൊള്ളയുമായിരിക്കും.
ഇന്ത്യയെ പോലെ ഇത്രമാത്രം വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് അതൊന്നും
കണക്കിലെടുക്കാതെ ഒരേനയം അടിച്ചേല്പ്പിക്കുന്നത് ഗുണമല്ല, ദോഷമാണുണ്ടാക്കുക എന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിമാത്രം മതി. ഫെഡറല്‍ എന്ന ആശയത്തിനും കടകവിരുദ്ധമാണത്.
സംസ്ഥാനത്തു ദേശീയ പാത വികസനത്തിനു 45 മീറ്റര്‍ വീതി തന്നെ വെണമെന്ന കേന്ദ്രനിര്‍ദ്ദേശം ഇത്തരത്തിലുള്ളതാണ്. ഏറെ കാലം ചെറുത്തുനില്ക്കുകയും കേരളത്തിന്റെ സവിശേഷത അംഗീകരിച്ച് ആവശ്യമായ മാറ്റം വരുത്തണമെന്ന നിലപാടെടുക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാരും ആയുധം വെച്ചു കീഴടങ്ങിയിരിക്കുന്നു. കേരളത്തെ പോലുള്ള പ്രദേശങ്ങലില്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ട മറ്റൊന്നാണ് സ്വകാര്യവാഹനങ്ങളുടെ അമിതോപയോഗം കുറയാനും പൊതുവാഹനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാനുമുള്ള നടപടികള്‍. അക്കാര്യത്തിലും മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഒരു താല്‍പ്പര്യവുമില്ല. നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബസ് വ്യവസായം തന്നെ പ്രതിസന്ധിയിലാണല്ലോ. അത് സ്വകാര്യബസ് മേഖലയായാലും കെ എസ് ആര്‍ ടി സിയായാലും. അവയെ രക്ഷിക്കാന്‍ ഗൗരവത്തോടെയുള്ള സമീപനം കാണുന്നതേയില്ല. മേധാപട്ക്കറിനോട് പറഞ്ഞ പോലെ നിഷേധാത്മക നിലപാടെടുക്കാതെ ആധുനികകാല വിവേകങ്ങള്‍ ഉള്‍ക്കൊണ്ട് ഒരു പുനപരിശോധനക്കാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply