ദേവസ്വം ബോര്‍ഡിലെ സംവരണം ദളിത്-പിന്നാക്ക വിരുദ്ധമല്ല?

അമല്‍ സി രാജന്‍ ദേവസ്വം ബോര്‍ഡിലേര്‍പ്പെടുത്തിയ പുതിയ സംവരണ പരിഷ്‌ക്കാരം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ട നടപടി എന്ന മുഖവുരയോടെയാണ് കേരള മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചത്. അതേ സമയം തന്നെ ‘ദേവസ്വം ബോര്‍ഡിന് ‘ മാത്രം ബാധകമാകുന്ന ഒരു ചെറിയ പരിഷ്‌ക്കാരമാണിതെന്നും അതുകൊണ്ട് തന്നെ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്കോ വിശകലനങ്ങള്‍ക്കോ വിധേയമാക്കേണ്ട കാര്യം പോലുമില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഒരേ സമയം ഈ രണ്ടു വാദങ്ങളുമുയര്‍ത്തുന്നത് ഈ നയത്തെ പിന്‍തുണക്കുന്നവരാണ് എന്നതാണ് ശ്രദ്ദേയം. ദിവസങ്ങള്‍ പിന്നിടിടുമ്പോള്‍ വിമര്‍ശനമായി ഉന്നയിക്കപ്പെട്ട […]

ddd

അമല്‍ സി രാജന്‍

ദേവസ്വം ബോര്‍ഡിലേര്‍പ്പെടുത്തിയ പുതിയ സംവരണ പരിഷ്‌ക്കാരം സജീവമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.ഇന്ത്യയൊട്ടാകെ മാതൃകയാക്കേണ്ട നടപടി എന്ന മുഖവുരയോടെയാണ് കേരള മുഖ്യമന്ത്രി ഇത് പ്രഖ്യാപിച്ചത്. അതേ സമയം തന്നെ ‘ദേവസ്വം ബോര്‍ഡിന് ‘ മാത്രം ബാധകമാകുന്ന ഒരു ചെറിയ പരിഷ്‌ക്കാരമാണിതെന്നും അതുകൊണ്ട് തന്നെ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്കോ വിശകലനങ്ങള്‍ക്കോ വിധേയമാക്കേണ്ട കാര്യം പോലുമില്ലെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഒരേ സമയം ഈ രണ്ടു വാദങ്ങളുമുയര്‍ത്തുന്നത് ഈ നയത്തെ പിന്‍തുണക്കുന്നവരാണ് എന്നതാണ് ശ്രദ്ദേയം.

ദിവസങ്ങള്‍ പിന്നിടിടുമ്പോള്‍ വിമര്‍ശനമായി ഉന്നയിക്കപ്പെട്ട എല്ലാ ചോദ്യങ്ങളെയും തമസ്‌കരിച്ചു കൊണ്ട് തങ്ങളുടെ അനുകൂല വാദത്തെ ഏക ബിന്ദുവിലേക്കൊതുക്കാനാണ് ഈ പരിഷ്‌ക്കാരത്തെ അനുകൂലിക്കവര്‍ ശ്രമിക്കുന്നത്. അതിങ്ങനെ സംഗ്രഹിക്കാം.

‘ദേവസ്വം ബോര്‍ഡിലെ സംവരണം പിന്നാക്ക വിരുദ്ധമല്ല, കാരണം ഈ നയത്തിലൂടെ പിന്നാക്കക്കാരുടെ സംവരണ പരിധി ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്, മാത്രമല്ല പൊതു വിഭാഗത്തില്‍ നിന്ന് 10% മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാറ്റി വക്കുക മാത്രമാണ് ചെയ്തിട്ടുള്ളത് അതുകൊണ്ട് തന്നെ ഇത് ഒരു നിലക്കും പിന്നാക്കക്കാരെ ബാധിക്കുന്ന പ്രശ്‌നമേയല്ല. വിവാദങ്ങളുടെ അവശ്യവുമില്ല.’
സംവരണത്തിന്റെ ലോജിക്കും സാമ്പത്തിക സംവരണത്തിന്റെ നിയമവിരുദ്ധതയുമൊന്നും വിശദീകരിക്കാന്‍ നില്‍ക്കാതെ [ എത്ര വിശദീകരിച്ചാലും മനസിലാക്കില്ലല്ലോ ]
മേല്‍ വാദത്തിന്റെ സാധുത മാത്രം പരിശോധിക്കാം.

ഈ വാദഗതിയുയര്‍ത്തി കൊണ്ട് MB രാജേഷ് MP എഴുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് നോക്കുക ‘ പട്ടികജാതി-പട്ടികവര്‍ഗ – പിന്നാക്ക സംവരണത്തില്‍ കുറവു വരുത്താതെ തന്നെ മുന്നോക്കത്തിലെ പാവപ്പെട്ടവര്‍ക്കു കൂടി ചെറിയ സംവരണമേര്‍പ്പെടുത്തുമ്പോള്‍ പൊതുവിഭാഗത്തിലെ അവസരങ്ങള്‍ മുഴുവന്‍ മുന്നോക്കക്കാരിലെ വെണ്ണപ്പാളി സ്വന്തമാക്കുന്നത് തടയാന്‍ സഹായിക്കില്ലേ?സാമൂഹിക പിന്നോക്കാവസ്ഥ എന്ന മാനദണ്ഡം വിട്ടുവീഴ്ച്ചയില്ലാതെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ എല്ലാ വിഭാഗത്തിലെയും അവശതയനുഭവിക്കുന്നവരെ കൂടി പരിഗണിക്കുന്ന വര്‍ഗ പരമായ സമീപനമാണ് ഇതിനടിസ്ഥാനം’

കുറിപ്പില്‍നിന്ന് വ്യക്തമാകുന്ന കാര്യം പൊതു വിഭാഗത്തിനവകാശപ്പെട്ട തസ്തികകള്‍ മുഴുവന്‍ സര്‍വണ്ണര്‍ക്കുള്ളതാണ് എന്ന ഉറച്ച ധാരണയാണ് ബുദ്ധിജീവികള്‍ പോലും ഉളളില്‍ വച്ച് പുലര്‍ത്തുന്നത് എന്നതാണ്.

നിലവില്‍ 68% ശതമാനമാണ് ദേവസ്വം ബോര്‍ഡില്‍ പൊതുവിഭാഗത്തിനുള്ളത്. ഇതില്‍ നിന്ന് 10% മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് മാറ്റി വക്കുന്നത് മുന്നോക്കക്കാരിലെ സമ്പനരില്‍ നിന്നും ആ വിഭാഗത്തിലെ ദരിദ്രരെ രക്ഷിക്കാനാണ് എന്ന വിചിത്ര യുക്തിയും പുതുതായി ഉന്നയിക്കപ്പെടുന്നുണ്ട്.

ദേവസ്വം ബോര്‍ഡിലെ പൊതുവിഭാഗം എന്നത് മുഴുവന്‍ ഹിന്ദുക്കള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് എന്നിരിക്കെ മേല്‍ തീരുമാനത്തിലൂടെ ആ പൊതു വിഭാഗത്തിലുള്ള 68% ല്‍ നിന്ന് 10% ഒരു പ്രത്യേക വിഭാഗത്തിന് പതിച്ചുനല്‍കി എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥമെന്ത്???

തന്റെ പത്തു മക്കള്‍ക്കും തുല്യമായി അവകാശപ്പെട്ട 68 സെന്റ് സ്ഥലത്തില്‍ നിന്ന് ഒരു മകന് മാത്രമായി 10 സെന്റ് കാരണവര്‍ നല്‍കി എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം എല്ലാവര്‍ക്കുമവകാശപ്പെട്ട 58 സെന്റേ ഇനിയവിടെയുള്ളൂ എന്നാണ്. അതിലാകട്ടെ ഈ അന്യായമായി പതിച്ചു കിട്ടിയവനും തുല്യാധികാരവുമുണ്ട്. എന്നിട്ടും ഈ കൈമാറ്റത്തിലൂടെ മറ്റൊന്‍പതു പേര്‍ക്കും യാതൊരു നഷ്ടവുമുണ്ടായിട്ടില്ല എന്ന് പത്താമന്‍ വാദിക്കുന്നതു പോലെയാണ് സംവരണ വിഷയത്തില്‍ പിന്നാക്കക്കാര്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന പ്രചരണവും.

ദേവസ്വം ബോര്‍ഡില്‍ ഈഴവ വിഭാഗത്തിന് 14% മായിരുന്ന സംവരണം 3% വര്‍ദ്ധിപ്പിച്ച് 17% വും പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെത് 10 % ത്തില്‍ നിന്ന് 12% വും ഈഴവേതര പിന്നോക്ക വിഭാഗങ്ങളുടേത് 3% ല്‍ നിന്നും 6 ഉം ആക്കി ജനകീയ സര്‍ക്കാര്‍ ഉയര്‍ത്തിയതുകൊണ്ട് ഇവര്‍ക്കാര്‍ക്കും തന്നെ ഈ പരിഷ്‌ക്കാരത്തില്‍ നഷ്ട്ടമല്ല ലാഭമാണുള്ളതെന്നും അതു മനസിലാക്കാതെ സര്‍ക്കാരിനെ വെറുതെ കല്ലെറിയുകയാണെന്നും പറയുന്നവര്‍ കണക്കൊന്ന് പരിശോധിക്കണം.
പൊതുവിഭാഗത്തിലെ 68% ത്തില്‍ പൊതു അവകാശവും ഒപ്പം 14% ജാതി സംവരണവും ചേര്‍ത്ത് മൊത്തം 82% വരെ പരമാവധി നേടാന്‍ മുന്‍പ് ഈഴ വര്‍ക്ക് സാധ്യത [സാധ്യത മാത്രം] ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെന്ന് സ്ഥിതിയെന്താണ്??

പുതിയ നയമനുസരിച്ച് 35% ദളിത് പിന്നാക്ക സംവരണവും പിന്നെ നിയമവിരുദ്ധമായ 10% സവര്‍ണ്ണ സംവരണവും ബാക്കി 55 % പൊതു വിഭാഗവുമാണ്.അതായത് 55 + 17 = 72 ശതമാനമാണ് ഇനി മുതല്‍ ഈഴവര്‍ക്കു നേടിയെടുക്കാനാവുന്ന പരമാവധി അവകാശം ,അതായത് ഒറ്റയ്ക്ക് തന്നെ 10% അവകാശനഷ്ടം ഈഴവര്‍ക്ക് ഈ നയത്തിലൂടെ സംഭവിച്ചു കഴിഞ്ഞു. പട്ടികജാതി വിഭാഗത്തിനും പട്ടികവര്‍ഗ വിഭാഗത്തിനും ഇതര പിന്നാക്കക്കാര്‍ക്കും ഇതേയളവില്‍ നഷ്ടമുണ്ടായി. പക്ഷേ നാളതേവരെ മേല്‍പ്പറഞ്ഞ രീതിയില്‍ പരമാവധി പ്രാതിനിധ്യം പിന്നാക്ക വിഭാഗക്കാര്‍ക്ക് ദേവസ്വത്തിലെ ഒരു തസ്തികയിലും കിട്ടിയിട്ടില്ലാത്തതു കൊണ്ട് ഈ നഷ്ടം അവര്‍ക്ക് അനുഭവപ്പെടില്ല എന്നു മാത്രം. ആ അനുഭവപ്പെടായ്മയിലാണ്
പരിഷ്‌ക്കരണത്തെ പിന്‍താങ്ങുന്ന വിപ്ലവകാരികളുടെ പ്രതീക്ഷയും ധൈര്യവും ബലവുമെല്ലാം.

മുന്നോക്കക്കാര്‍ക്ക് സംവരണം നല്‍കാനായുള്ള നീക്കത്തിനെതിരെ ഉയര്‍ന്ന ഏറ്റവും ശക്തമായ വിമര്‍ശനം ഇതിന് ഭരണഘടനാ സാധുതയില്ല എന്നാതാണ്. എങ്കിലും
ഈ തീരുമാനം തയ്യാറാക്കിയവര്‍ ആത്മവിശ്വാസത്തോടെ അവകാശപ്പെടുന്നത് ഇതില്‍ ഭരണഘടനാ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ്.
അന്‍പത് ശതമാനം വരെ സംവരണമേര്‍പ്പെടുത്താന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരമുണ്ട്.
ദളിത് പിന്നാക്ക സംവരണം 27 ല്‍ 35 ആക്കി ഉയര്‍ത്തിയതും 10% മുന്നോക്ക ദരിദ്രര്‍ക്കുള്ള സംവരണവും ചേര്‍ത്താലും 45% മാത്രമേ വരൂ.
50 % ത്തില്‍ കവിയാത്ത സംവരണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിനധികാരമുണ്ടെന്നിരിക്കെ ഒരു കോടതിയിലും തീരുമാനം പൊളിഞ്ഞു വീഴാന്‍ പോകുന്നില്ലത്രേ..

ഈ ന്യായീകരണത്തിലൂടെ തങ്ങള്‍ മുന്‍ വാദത്തിലുയര്‍ത്തിയ കള്ളം പൊളിഞ്ഞു വീഴുന്നത് പരിഷക്കരണാനുകൂലികള്‍ അറിയുന്നേയില്ല.

പിന്നോക്കക്കാരുടെ ഒരവകാശവും കവര്‍ന്നെടുത്തിട്ടില്ലെന്നും പൊതു വിഭാഗത്തിലെ നിശ്ചിത ശതമാനം മുന്നോക്കാകാരിലെ പിന്നാക്കക്കാര്‍ക്കായി മാറ്റി വക്കുക കമാത്രമാണുണ്ടായതെന്നും ആണയിട്ടവര്‍, പത്രങളിലും ചാനലിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവര്‍ നാളെ കോടതിയില്‍ പോയി വാദിക്കാനിരിക്കുന്നത് 50% സംവരണമേര്‍പ്പെടുത്താന്‍ സര്‍ക്കാരിനധികാരമുണ്ടെന്നാണ് എങ്കില്‍ അതിലെ ചതി എത്ര ഭീകരമാണ്!

കാരണം 50% ത്തില്‍ കവിയാത്ത സംവരണം ആര്‍ക്കേര്‍പ്പെടുത്താനാണ് സര്‍ക്കാരിനവകാശമുള്ളത്?
അത് നിയമപരമായി സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെട്ടഒന്നല്ല. മറിച്ച് ഭരണഘടനയില്‍ സൂചിപ്പിക്കപ്പെട്ടിട്ടുള്ള സാമൂഹ്യ മായ പിന്നാക്കാവസ്ഥയില്‍ നിലകൊള്ളുന്ന വിഭാഗക്കാര്‍ക്കു വേണ്ടി മാത്രമേ 50 % പെടുത്തി സംവരണം നല്‍കാന്‍ സര്‍ക്കാരിനധികാരമുള്ളൂ..

സര്‍ക്കാരും പിന്‍തുണയ്ക്കുന്നവരും പറയുന്ന പോലെ അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍. പ്രചരിപ്പിക്കപ്പെടുംപോലെ പൊതുവിഭാഗത്തില്‍ നിന്നല്ല മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയിട്ടുള്ളത് എന്നതാണ് യാഥാര്‍ത്യം. മറിച്ച് ഭരണഘടനാപരമായി [നിയമപരമായി ]
പിന്നോക്കക്കാര്‍ക്കായി മാറ്റിവക്കാന്‍ സര്‍ക്കാരിനധികാരമുള്ള 50% ത്തില്‍ നിന്നാണ് മുന്നോക്ക സംവരണം പ്രഖ്യാപിച്ചിട്ടുള്ളത്.ലളിതമായും വസ്തുതാപരമായും പറഞ്ഞാല്‍
ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കു മവകാശപ്പെട്ട 50 % സംവരണ പരിധിയിലേക്ക് ദാരിദ്ര്യത്തെ മറയാക്കി സവര്‍ണ്ണ വിഭാഗങ്ങളെ പിന്‍ വാതിലിലൂടെ തിരുകി കയറ്റുന്ന ചാണക്യതന്ത്രമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച ഈ മാതൃകാ ഭരണപരിഷ്‌ക്കാരം.

ദേവസ്വം ബോര്‍ഡില്‍ ജനകീയ സര്‍ക്കാര്‍ ചെയ്തത് ഹീറോയിസമാണ് എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന സഖാക്കളുണ്ട്.
ദേവസ്വം ബോര്‍ഡില്‍
എന്തായിരുന്നു ഒരു ഇടതു പക്ഷ ജനകീയ സര്‍ക്കാര്‍ യാര്‍ത്ഥത്തില്‍ ചെയ്യേണ്ടിയിരുന്നത്?.
ദേവസ്വം ബോര്‍ഡ് ഹിന്ദുക്കള്‍ക്ക് മാത്രം പ്രാതിനിധ്യത്തിനധികാരമുള്ളയിടമാണ്.നിലവില്‍ പുറത്തു വന്ന കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് അവിടുത്തെ അധികാരവുമുദ്യോഗവുമെല്ലാം ഹിന്ദു ജനസംഖ്യയില്‍ ചെറിയ ശതമാനം വരുന്ന സവര്‍ണ്ണ സമുദായങ്ങളുടെ കൈയ്യിലാണ് എന്നാണ്. 90 ശതമാനത്തോളം പ്രാതിനിധ്യം സവര്‍ണ്ണര്‍കയ്യാളുന്ന അവിടെ
ഇടതുപക്ഷമെടുക്കേണ്ടിയിരുന്ന മാതൃകാ നടപടി എന്നത് തങ്ങളുടെ ഭരണഘടനാപരമായ അധികാരം പൂര്‍ണ്ണമായി വിനിയോഗിക്ക ലായിരുന്നു.
അതായത് 50 ശതമാനം പ്രാധിനിധ്യം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കായി മാറ്റി വക്കാന്‍ സര്‍ക്കാരിനാകുമെന്നിരിക്കെ അത് ചെയ്യാതെ മൂന്നും നാലും ശതമാനത്തിന്റെ തുച്ചമായ വര്‍ദ്ധന വരുത്തി അത് മഹാകാര്യമായി പ്രചരിപ്പിക്കുന്നത് ഹീറോയിസമല്ല വഞ്ചനയും ക്രൂരതയുമാണ്.
സമ്പന്നതയും സാമൂഹ്യ പദവിയുമെന്തെന്ന നുഭവിക്കാന്‍ തലമുറയില്‍ പെട്ട ഒരാള്‍ക്കുമിന്നോളം യോഗം ലഭിചിട്ടില്ലാത്ത ജനലക്ഷങ്ങളുള്ള ദളിത് പിന്നാക്ക വിഭാഗങ്ങളോട് ‘സവര്‍ണ്ണ ദരിദ്രന്റെ ‘കദന കഥ വിളമ്പുന്നത് അവരോടുള്ള പച്ച പരിഹാസമാണ്. അതെന്തായാലും കമ്മ്യൂണിസത്തി ന്റെയുക്തിയല്ല മറിച്ച് കൗടില്യന്റ കൗശലമോ മനുവിന്റെ ദണ് ണ്ഡനീതിയോ മാത്രമാണ്.

[കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖകന്‍}

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply