ദുരിതമാകുന്ന യാത്രകള്‍

കേരളം ഒന്നടങ്കം ഗതാഗതകുരുക്കിലാണ്. അത്തം എത്തിയതോടെ കുരുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഷോപ്പിംഗിന്റെ മഹോത്സവമാണ് ഓണമെന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അത് നിയന്ത്രണാധീതമാകുമെന്നുറപ്പ്. നടക്കാനുള്ള ദൂരത്തേക്കുപോലും സ്വകാര്യവാഹനത്തില്‍ പോകുന്ന നമ്മുടെ പൊതുശീലവും യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത ഡ്രൈവിംഗും ദീര്‍ഘവീക്ഷണമില്ലാത്ത ഗതാഗതപരിഷ്‌കാരങ്ങളും ചേര്‍ന്ന് പ്രശ്‌നത്തെ അതിരൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് തൃശൂരിലെത്താനെടുത്തത് ആറുമണിക്കൂറോളമായിരുന്നു. ശാസ്ത്രീയമായും ദീര്‍ഘവീക്ഷണത്തോടേയുമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി യാത്ര മാറും. ഗതാഗതരംഗത്തെ ഏതുപരിഷ്‌കാരവും പരിഗണിക്കുമ്പോള്‍ ആദ്യമോര്‍ക്കേണ്ടത് പരിസ്ഥിതിയെ തന്നെയാണ്. ഇന്ന് നമുക്ക് നേരിട്ടുതന്നെ അനുഭവവേദ്യമായിരിക്കുന്ന […]

kk

കേരളം ഒന്നടങ്കം ഗതാഗതകുരുക്കിലാണ്. അത്തം എത്തിയതോടെ കുരുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഷോപ്പിംഗിന്റെ മഹോത്സവമാണ് ഓണമെന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ അത് നിയന്ത്രണാധീതമാകുമെന്നുറപ്പ്. നടക്കാനുള്ള ദൂരത്തേക്കുപോലും സ്വകാര്യവാഹനത്തില്‍ പോകുന്ന നമ്മുടെ പൊതുശീലവും യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത ഡ്രൈവിംഗും ദീര്‍ഘവീക്ഷണമില്ലാത്ത ഗതാഗതപരിഷ്‌കാരങ്ങളും ചേര്‍ന്ന് പ്രശ്‌നത്തെ അതിരൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോടുനിന്ന് തൃശൂരിലെത്താനെടുത്തത് ആറുമണിക്കൂറോളമായിരുന്നു. ശാസ്ത്രീയമായും ദീര്‍ഘവീക്ഷണത്തോടേയുമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മലയാളികള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി യാത്ര മാറും.
ഗതാഗതരംഗത്തെ ഏതുപരിഷ്‌കാരവും പരിഗണിക്കുമ്പോള്‍ ആദ്യമോര്‍ക്കേണ്ടത് പരിസ്ഥിതിയെ തന്നെയാണ്. ഇന്ന് നമുക്ക് നേരിട്ടുതന്നെ അനുഭവവേദ്യമായിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം ആഗോളതാപനമാണല്ലോ. ഹരിതഗൃഹവാതകങ്ങള്‍ പുറംതള്ളുന്നതില്‍ മുഖ്യസ്ഥാനമാണ് ഗതാഗതമേഖലയ്ക്കുള്ളത്. അതിനാല്‍ തന്നെ, പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത മാതൃകകള്‍ക്ക് പ്രാമുഖ്യം നല്‍കണം. നമ്മുടെ ഗതാഗതപ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം സ്വകാര്യവാഹനങ്ങളുടെ അനിയന്ത്രിതമായ വര്‍ദ്ധനയാണെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലുള്ള ആകെ മോട്ടോര്‍വാഹനങ്ങളില്‍ കേവലം മൂന്നുശതമാനത്തില്‍ താഴെമാത്രമാണ് ബസ്സുകള്‍. 65 ശതമാനം ഇരുചക്രവാഹനങ്ങളും 20 ശതമാനം കാറുകളുമാണ്. ഇവയുടെ എണ്ണമാകട്ടെ ഓരോ വര്‍ഷവും 10 ശതമാനം വീതം കൂടുമ്പോള്‍ ബസ്സുകള്‍ കുറഞ്ഞുവരുന്നു. വ്യക്തിഗതസ്വകാര്യ മോട്ടോര്‍ വാഹനങ്ങളോടുള്ള ഈ കമ്പം നിയന്ത്രിക്കുകയും പൊതുഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഈ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുവാനും അതുവഴി ഗതാഗതം സുഗമമാക്കുവാനും കഴിയുകയുള്ളൂ. ഏതൊരു ഗതാഗത നയത്തിന്റെയും ഹൃദയസ്ഥാനത്ത് പൊതുവാഹനങ്ങളും പൊതു ഗതാഗതസമ്പ്രദായവും ആയിരിക്കണം. എല്ലാ പരിഷ്‌കരണ നടപടികളും പൊതുഗതാഗതത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതായിരിക്കണം. കൂടുതല്‍ ജനങ്ങളെ ചലിപ്പിക്കുന്നതിനാകണം ഗതാഗതനയം. അല്ലാതെ കൂടുതല്‍ വാഹനങ്ങളെ ചലിപ്പിയ്ക്കുന്നതിനാകരുത്. സ്വകാര്യവാഹനങ്ങള്‍ ഇന്ന് അന്തസ്സിന്റെ പ്രതീകമാണല്ലോ. ആ അവസ്ഥ മാറ്റിയേ പറ്റൂ. ചുരുങ്ങിയ പക്ഷം ആദ്യഘട്ടത്തില്‍ ഒരു റേഷന്‍ കാര്‍ഡില്‍ ഒരു വാഹനമെന്ന നിയമമെങ്കിലും വേണം.
ഇതിനാരു മറുവശം കൂടിയുണ്ട്. വാഹനസാന്ദ്രത ഏറ്റവും കൂടിയ പ്രദേശമായി കേരളം മാറുകയാണല്ലോ. അത്രയും വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള റോഡുകള്‍ ഇവിടെയില്ല. അതുണ്ടാ്ക്കുക എളുപ്പവുമല്ല. റോഡു വീതി കൂട്ടാന്‍ ഭൂമി നഷ്ടപ്പെടുന്നവരോട് നീതി പുലര്‍ത്താന്‍ കേരളീയ സാഹചര്യത്തില്‍ കഴിയുകയില്ലെന്നുറപ്പ്. അതിനാല്‍ തന്നെ വാഹനനിയന്ത്രണം അനിവാര്യമാണ്. ലോകത്തിനുനേരെ അഹങ്കാരത്തോടെ നോക്കി ആഡംബരകാറുകളില്‍ ഒറ്റക്കു ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ക്ക് അറുതി വരുത്തിയേ പറ്റൂ. ലോകത്ത് പല രാജ്യങ്ങളിലും അത്തരം നിയന്ത്രണങ്ങളുണ്ട്. കോഴിക്കോട് കഴിഞ്ഞ വര്‍ഷം ഓണത്തിന് ഒറ്റക്ക് കാറോടിച്ചുപോകുന്നതില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതു പക്ഷെ എന്നു വേണം. കൂടാതെ മറ്റു നടപടികളും അനിവാര്യമാണ്. ഡെല്‍ഹി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൊണ്ടുവന്നതുപോലെയുള്ള നിയന്ത്രണങ്ങളും ആലോചിക്കാവുന്നതാണ്. കൂടാതെ മണിക്കൂറോളം പാര്‍ക്കിംഗ് നടത്താനുള്ള സ്ഥലമല്ല പൊതുനിരത്തെന്ന ബോധവും ഉണ്ടാക്കണം. ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യമില്ലാത്ത ഒറ്റ കെട്ടിടവും ഉണ്ടായിരിക്കയുമരുത്. സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഗതാഗത നയങ്ങള്‍ സുസ്ഥിരമല്ലാത്തതാണെന്ന് ലോകം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഭവങ്ങളുടെ ശോഷണത്തിനും സന്തുലിതമല്ലാത്ത ഉപയോഗത്തിനും ഗതാഗത കുരുക്കുകള്‍ക്കും അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനും എല്ലാം കാരണം അനിയന്ത്രിതമായ സ്വകാര്യ വാഹന പ്രളയമാണ്. കേരളം പോലെ ജനസാന്ദ്രതയേറിയൊരു പ്രദേശത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഗതാഗത കുരുക്കിലും അനുബന്ധ വിപത്തുകളിലും മാത്രമേ കലാശിയ്ക്കുകയുള്ളൂ.
ഗതാഗത നിരത്തുകളുടെ ഒന്നാമത്തെ അവകാശി കാല്‍നടക്കാരനും രണ്ടാമത്തെ അവകാശി സൈക്കിള്‍പോലുള്ള യന്ത്രരഹിത വാഹനങ്ങളും മൂന്നാമത്തെ അവകാശി പൊതുവാഹനങ്ങളുമായിരിക്കണം. നിരത്തുകളില്‍ കാല്‍നടയ്ക്കും സൈക്കിള്‍ സവാരിക്കും പ്രത്യേകിച്ചും വേര്‍തിരിച്ച പാതകള്‍ ഏര്‍പ്പെടുത്തുവാന്‍ പരിശ്രമിക്കണം. ഓരോ നഗരത്തിലും മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നിരത്തുകളോ, പ്രത്യേകദിവസങ്ങളോ പ്രഖ്യാപിക്കണം. അന്നേ ദിവസം ആ ഭാഗം മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ം വഴിവാണിഭത്തിനും ജനങ്ങളുടെ ഉല്ലാസത്തിനും സൈക്കിളുകള്‍ക്കുമായി വിട്ടുകൊടുക്കണം.
ദീര്‍ഘദൂരബസ്സുകള്‍ നഗരത്തില്‍ യാത്ര അവസാനിപ്പിച്ച് ബസ് സ്റ്റാന്റുകളില്‍ നിര്‍ത്തിയിടണം. നഗരത്തില്‍ സിറ്റി സര്‍വീസുകളും സര്‍ക്കുലര്‍ സര്‍വ്വീസുകളും വ്യാപകമായി ആരംഭിക്കണം. ഈ ബസ്സ്റ്റാന്റുകളോടു ചേര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനും സൗകര്യമുണ്ടാക്കണം. അവയില്‍ വരുന്നവരോട് നഗരത്തിലേക്കുള്ള യാത്ര ബസിലാക്കാന്‍ സമ്മര്‍ദ്ദം ചെയുത്തണം. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ഹ്രസ്വദൂര ബസ്സുകളെല്ലാം തന്നെ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നും യാത്രയാരംഭിച്ച്, വിവിധ ദിശകളിലുള്ള മറ്റ് പ്രാന്തപ്രദേശങ്ങളില്‍ യാത്ര അവസാനിപ്പിക്കുന്നവിധം സംവിധാനം ചെയ്യണം. അവ നഗരത്തിലൂടെ കടന്നുപോകുകമാത്രം ചെയ്യണം. അങ്ങനെയായാല്‍, നഗരത്തിന്റെയും പ്രാന്തപ്രദേശങ്ങളുടേയും ഏതു ഭാഗത്തിനിന്നും മറ്റേത് ഭാഗത്തേയ്ക്കും ഒരൊറ്റ ബസ്സില്‍ തന്നെ യാത്രചെയ്യാന്‍ കഴിയും. ഇത് ബസ്സ് യാത്രാനിരക്കിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കും. ബസ് സ്റ്റാന്റുകള്‍ വികേന്ദ്രീകരിക്കപ്പെടുന്നതിനാല്‍, നഗരത്തിലെ മുഖ്യ ബസ്സ് സ്റ്റാന്റുകളില്‍ ദീര്‍ഘദൂരബസ്സുകള്‍ മാത്രമാകും കാത്തുകിടക്കുക. അതു തിരക്കുകുറക്കാന്‍ സഹായകരമാകും.
വലിയ ബസ്സുകള്‍ ഓടിയ്ക്കുവാനാകാത്ത റൂട്ടുകളിലും മേഖലകളിലും മിനിബസ്സുകള്‍, വാനുകള്‍, 6/8 യാത്രക്കാര്‍ കയറുന്ന ചെറുവാഹനങ്ങള്‍ തുടങ്ങിയവ അനുവദിക്കണം. ഒപ്പം എല്ലായിടത്തും ഷെയര്‍ ടാക്‌സി/ ഓട്ടോ സംവിധാനം നടപ്പാക്കണം. ടാക്‌സികളും ഓട്ടോകളും മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റണമെന്നത് നിര്‍ബന്ധമാക്കണം. കാലിയായി ഓടുന്നത് ദേശീയ നഷ്ടമാണല്ലോ.
തെക്ക്‌വടക്ക്‌യാത്രയ്ക്ക് തീവണ്ടികളെ പരമാവധി പ്രയോജനപ്പെടുത്തണം. സമീപനഗരങ്ങളിലേക്ക് കൂടുതല്‍ ‘മെമു’ സര്‍വീസുകള്‍ ആരംഭിക്കുവാന്‍ റെയില്‍വേയില്‍ സമ്മര്‍ദ്ദം ചെലുത്തണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ബസ് സര്‍വ്വീസുകള്‍ ഉണ്ടായിരിക്കണം. തീര്‍ച്ചയായും അധികം താമസിയാതെ കേരളം മുഴുവന്‍ നാലുവരി പാതയും വേണം.
നഗരങ്ങളുടെ ഭാവിവളര്‍ച്ച മുന്‍കൂട്ടിക്കണ്ടുകൊണ്ട് ബസ്സ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട്, മെട്രോ/ മോണോറെയില്‍, പേഴ്‌സണല്‍ റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ ആധുനിക നഗരഗതാഗതരൂപങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടത്തണം. നഗരത്തേയും സമീപപ്രദേശങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് എല്ലാ ഗതാഗതരൂപങ്ങളുടേയും ഏകോപനത്തിനും നിയന്ത്രണത്തിനുമായി യൂണിഫൈഡ് മെട്രോപ്പോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കണം. നിര്‍ദ്ദിഷ്ടപ്രദേശത്തെ എല്ലാ ഗതാഗതരൂപങ്ങളുടേയും നടത്തിപ്പും നിയന്ത്രണവും അതോിറ്റിയില്‍ നിക്ഷിപ്തമാകണം. സാധ്യമാകുന്ന മേഖലകളില്‍ ആധുനിക ജലഗതാഗതം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകണം.
ജംഗ്ഷനുകള്‍ ശാസ്ത്രീയമായി വികസിപ്പിക്കണം. പ്രധാന ജംഗ്ഷനുകളിലെല്ലാം ട്രാഫിക് സിഗ്‌നലുകള്‍ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കണം. പ്രകടനങ്ങളോ, ആഘോഷങ്ങളോ മറ്റു കാരണങ്ങളോ മൂലം ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ആദ്യമേ സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുക, നിവൃത്തിയില്ലെങ്കില്‍, അവസാനമായി മാത്രം പൊതു വാഹനങ്ങളെ പ്രത്യേകിച്ചും ബസുകളെ നിയന്ത്രിക്കണം.
സര്‍ക്കാര്‍ ചെയ്യേണ്ട മറ്റൊന്നുകൂടി. ട്രാഫിക് ബോധത്തില്‍ പഴയ തലമുറ ഇനിയൊരിക്കലും നന്നാകാനിടയില്ല. നിരത്തുകള്‍ ഒരു പൊതുയിടമാണെന്നും ഡ്രൈവിംഗ് ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപത്തിലായിരിക്കണമെന്നും അവരിനി പഠിക്കുമെന്ന് കരുതാനാകില്ല. അതിനാല്‍ തന്നെ വരും തലമുറയെയെങ്കിലും ഇക്കാര്യത്തില്‍ ബോധവല്‍ക്കരിക്കണം. ഗതാഗതം വളരെ ഗൗരവമുള്ള പാഠ്യവിഷയമാക്കണം. കയ്യൂ്ക്കുള്ളവന് വിജയഭേരി മുഴുക്കാനുള്ള സ്ഥലമല്ല പൊതുറോഡെന്ന ബോധം അവരിലുണ്ടാക്കണം.. അല്ലെങ്കില്‍ യാത്രയായിരിക്കും ജീവിതത്തിലെ ഏറ്റവും വലിയ ദുരിതം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply