ദുരിതബാധിതരുടെ മാനസികാരോഗ്യം എങ്ങനെ ?

പ്രസാദ് അമോര്‍ (licenced rehabilitation phychologist) വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹതാശനായ ഒരു കൂലിപ്പണിക്കാരനെ കണ്ടു.വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികളുണ്ട് അദ്ദേഹത്തിന്. വര്‍ഷങ്ങളോളം മിച്ചംവെച്ചതും വായ്പയെടുത്തതും കൂട്ടി നിര്‍മ്മിച്ച വീട് മുഴുവന്‍ തകര്‍ന്നു. മരണത്തില്‍ നിന്ന് രക്ഷപെട്ട ആ മനുഷ്യന്‍ മരിച്ചുപോകാത്തതില്‍ ദുഖിതനാണെന്ന് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ ഈ ക്യാമ്പില്‍ താമസിക്കാനാകും ആഹാരവും ലഭിക്കും.പിന്നീടുള്ള ജീവിതം ? ആരോഗ്യം നശിച്ച എനിയ്ക്ക് സ്വന്തം പ്രയ്തനം കൊണ്ട് നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കാനാകുമോ? പലരും വന്ന് സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പറഞ്ഞു. ജോലിയെടുക്കാനുള്ള […]

ccc

പ്രസാദ് അമോര്‍ (licenced rehabilitation phychologist)

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹതാശനായ ഒരു കൂലിപ്പണിക്കാരനെ കണ്ടു.വിവാഹ പ്രായമെത്തിയ രണ്ട് പെണ്‍കുട്ടികളുണ്ട് അദ്ദേഹത്തിന്. വര്‍ഷങ്ങളോളം മിച്ചംവെച്ചതും വായ്പയെടുത്തതും കൂട്ടി നിര്‍മ്മിച്ച വീട് മുഴുവന്‍ തകര്‍ന്നു. മരണത്തില്‍ നിന്ന് രക്ഷപെട്ട ആ മനുഷ്യന്‍ മരിച്ചുപോകാത്തതില്‍ ദുഖിതനാണെന്ന് പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ ഈ ക്യാമ്പില്‍ താമസിക്കാനാകും ആഹാരവും ലഭിക്കും.പിന്നീടുള്ള ജീവിതം ? ആരോഗ്യം നശിച്ച എനിയ്ക്ക് സ്വന്തം പ്രയ്തനം കൊണ്ട് നഷ്ടപെട്ടതെല്ലാം വീണ്ടെടുക്കാനാകുമോ? പലരും വന്ന് സ്വന്തം കഴിവില്‍ വിശ്വസിക്കാന്‍ പറഞ്ഞു. ജോലിയെടുക്കാനുള്ള ശേഷി നഷ്ടപ്പെട്ടു.പിന്നെ എന്ത് കഴിവ്? ഉറക്കമില്ല.പലരും മരുന്ന് കഴിക്കാന്‍ പറഞ്ഞു.ഞങ്ങളുടെ ദാരിദ്ര്യത്തിന് എന്താണ് മരുന്ന്?

ദുരിതത്തിന്റെ ആഘാതം അനുഭവിക്കുന്ന വ്യക്തി നിശബ്ദമായി നിങ്ങള്‍ പറയുന്നതെന്തും വിഴുങ്ങുന്ന ഒരാള്‍ ആകാന്‍ തരമില്ല.ഒന്നുമില്ലായ്മയില്‍ നിന്ന് അംബാനിയും ബില്‍ഗേറ്റുമെല്ലാം ഉയര്‍ന്നു വന്ന കഥകളും പൊള്ളയായ പ്രചോദന(Motivation) വാക്കുകളൊന്നും അവരുടെ ഇടയില്‍ വിലപോകുകയില്ല.അവര്‍ക്ക് നിരവധി വൈയക്തികമായ പ്രതിസന്ധികളുണ്ട്.നിങ്ങള്‍ അന്താരാഷ്ട കാര്യങ്ങളും വലിയ സിദ്ധാന്തങ്ങളും പറയുമ്പോഴും വ്യക്തി തനിക്കനുഭവപ്പെടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു് വ്യസനിച്ചുകൊണ്ടേയിരിക്കും. കുറേമാസങ്ങളായി സ്വരുക്കൂട്ടിവെച്ച കാശ് ഉപയോഗിച്ച് വാങ്ങിയ ഒരു സോഫ നഷ്ടപെട്ടവന്റെ സങ്കടം പത്തു ലക്ഷം രൂപയുടെ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചു പോയവന്റെതിനെക്കാള്‍ കൂടുതലാകാനേ തരമുള്ളു.ഇവിടെയാണ് ഓരോ വ്യക്തിയുടെയും സ്വകാര്യമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ട സന്ദര്‍ഭം വരുന്നത്.മാത്രമല്ല മനഃശാസ്ത്രപരമായ സഹായം ഒരു നിശ്ചിത ചട്ടക്കൂടില്‍ ഒതുങ്ങുന്ന ഒരു പ്രക്രിയ ആകാനും പാടില്ല.ബുദ്ധിപരവും മാനസികവും ശാരീരികവുമായ വികാസത്തിനുതകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ചേര്‍ന്നതാകണം പുനരധിവാസ മനഃശാസ്ത്ര സഹായം.

കേവലം സാന്ത്വന വാക്കുകള്‍ കൊണ്ടോ അനുതാപം പ്രകടിപ്പിച്ചത് കൊണ്ടുമാത്രമോ ദുരിതബാധിതരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുകയില്ല.മനസ്സിന്റെ ആരോഗ്യം എന്നത് ശരീരത്തിന്റെ ആരോഗ്യം തന്നെയാണ്.രണ്ടിനെയും വേറെവേറെ കാണേണ്ടതില്ല.ദുരിതബാധിതരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പ്രായോഗിക പരിപാടികള്‍ ആസൂത്രണം ചെയേണ്ടതുണ്ട്.എന്തുകൊണ്ടെന്നാല്‍ എല്ലാം നഷ്ടപെട്ടു ഇനി എന്തിന് ആരോഗ്യം എന്ന വ്യഥചിന്ത അവരെ പൊതുവായ ആരോഗ്യശീലങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനിടയുണ്ട്.സന്തുലിതാഹാരം,
വ്യക്തിശുചിത്വം, പരിസരശുചിത്വം, ശുദ്ധജലം, ശുദ്ധവായു ,മിതവ്യായാമം എന്നിവയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്.ചെലവ് കുറഞ്ഞ രീതിയില്‍ മെച്ചപ്പെട്ട ആരോഗ്യം നേടിയെടുക്കാന്‍ അവരെ സഹായിക്കലാകണം നമ്മുടെ ലക്ഷ്യം.നല്ല ജീവിതശൈലി ഉറപ്പുവരുത്താന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല പുനരധിവാസ പ്രവര്‍ത്തനനത്തിന്റെ ഭാഗമാണ്.

സമീകൃതാഹാരം കഴിക്കുകയും ആവശ്യത്തിന് ശുദ്ധജലം കുടിയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.ദിവസവും ഏഴു മണിക്കൂര്‍ ഉറക്കം ആവശ്യമുണ്ട്.രാവിലെയും ഉറങ്ങുന്നതിന് മുന്‍പും ദന്ത ശുദ്ധി വരുത്തുക .വ്യക്തി ശുചിത്വം -പരിസര ശുചിത്വം ഉറപ്പാക്കല്‍,മാലിന്യ സംസ്‌കരണം.അപകടങ്ങള്‍ക്കെതിരെ മുന്‍കരുതല്‍ തുടങ്ങിയ ആരോഗ്യ ശീലങ്ങള്‍ ദുരിതബാധിതര്‍ പിന്തുടരാന്‍ വേണ്ട കാര്യങ്ങള്‍ മനസികാരോഗ്യപ്രവര്‍ത്തകര്‍ ചെയ്യണം.

നല്ല വെളിച്ചവും പച്ചപ്പും ഉള്ള സ്ഥലങ്ങളില്‍ സമയം ചിലവഴിക്കുന്നത് നല്ലതാണ്.നല്ല തെളിഞ്ഞ പ്രകാശം വിഷാദം ലഘൂകരിക്കും . രാവിലത്തെ സൂര്യ പ്രകാശം മെലറ്റോണിന്‍ ഉല്പാദനത്തിന് കാരണമാകുന്നതുകൊണ്ടാണിത്.

ചികിത്സാ ഇടപെടലുകളില്‍ ജാഗ്രതൈ ….

വ്യക്തികളുടെ മാനസിക സംഘര്‍ഷത്തിന് അയവുവരുത്തുന്നതിന് സഹായകരമായ ചില വിശ്രമാവസ്ഥ രീതികളുണ്ട്(Relaxation Techniques) മനസികോല്ലാസങ്ങള്‍,വിശ്രമാവസ്ഥ രീതികള്‍ എന്നിവ നമ്മുടെ ശരീര രസതന്ത്രത്തെ സ്വാധീനിക്കുന്നതാണ്.വിശ്രമാവസ്ഥ നോര്‍ എപ്പിനെഫിന്‍(Nor epinephrine) ഉല്പാദനത്തിന് കാരണമാകും.അത് വിഷാദം,സംഘര്‍ഷം എന്നിവ കുറയ്ക്കും.കായികഭ്യാസം എന്ററോര്‍ ഫിനുകളുടെ(Endorphin) ഉത്പാദനത്തെ സഹായിക്കുന്നു.ഇക്കാര്യങ്ങളെല്ലാം ശാന്തമായ ഉറക്കത്തിനും സംഘര്‍ഷത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിനും സഹായകരമാണ്.

വിശ്രമാവസ്ഥ കൈവരിക്കുന്നതിനുവേണ്ടി ശരീരത്തിലെ എല്ലാ പേശികളും പരിപൂര്‍ണമായി ദൃഢമാക്കുക.അഞ്ചോ പത്തോ സെക്കന്‍ഡുകള്‍ ഈ നില തുടര്‍ന്നശേഷം പേശികള്‍ സാവധാനം അയച്ചിടുക.വിശ്രമാവസ്ഥയിലേക്ക് നയിക്കുന്നതിന് വേണ്ടി ശ്വസോച്ഛാസ ക്രമീകരണം നടത്തണം.ശ്വാസം ദീര്‍ഘമായി ഉള്ളിലേയ്ക്കെടുക്കുകയും സാവധാനം പുറത്തേയ്ക്ക് കളയുകയും ചെയ്യുക.ഏകദേശം അഞ്ച് മിനിറ്റ് ഇത്തരത്തിലുള്ള രീതികള്‍ തുടരുക.

വിശ്രമാവസ്ഥ പരിശീലനങ്ങള്‍, ധ്യാനം എന്നിവ സംഘര്‍ഷങ്ങളെ നേരിടാന്‍ സഹായിക്കുമെങ്കിലും ഇത്തരം രീതികള്‍ പ്രയോഗിക്കുന്നതില്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്ത മാനസികാരോഗ്യ പ്രവര്‍ത്തകരുടെ അപക്വമായ നിര്‍ദ്ദേശങ്ങളും പരിശീലങ്ങളും ചിലപ്പോള്‍ വിപരീതഫലമുണ്ടാകാനിടയുണ്ട്. വ്യക്തികളുടെ താല്പര്യത്തിന് വിരുദ്ധമായി ഒരു പരിശീലനത്തിനും അവരെ നിര്‍ബന്ധിക്കരുത്.

ഏകാന്ത ധ്യാനം അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് മറ്റൊരു അപകടമാണ് .ധ്യാനാവസ്ഥയില്‍ മസ്തിഷ്‌കത്തിലെ സെറിബ്രത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ തലാമസ് കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുന്നു അപ്പോള്‍ മനസ്സിലേയ്ക്ക് കടന്നുവരുന്ന ഭാവനാദൃശ്യങ്ങള്‍,ദുരനുഭവ സ്മരണകള്‍ എല്ലാം വ്യക്തിയ്ക്ക് വീണ്ടും സ്വയം അനുഭവിക്കുന്നത് പോലെ തോന്നിയാല്‍ അത് ഫലത്തില്‍ സംഘര്‍ഷം ഉണ്ടാക്കാനേ സഹായിക്കുകയുള്ളൂ.

ഗുരുതരമായ മാനസിക വ്യാധി ഇല്ലാത്തവര്‍ക്ക് ഇത്തരത്തിലുള്ള രീതികള്‍ സഹായകരമാണെങ്കിലും അത് തിട്ടപ്പെടുത്താനും ഉചിതമായി പ്രതികരിക്കാനും പരിശീലനം ലഭിച്ച മനസികാരോഗ്യപ്രവര്‍ത്തകരുടെ സേവനം തേടേണ്ടതുണ്ട്.

പുനരധിവാസത്തിന്റെ അജണ്ട …..

പലപ്പോഴും പുനരധിവാസ മാര്‍ഗ്ഗങ്ങളുടെ ആധിക്യം, വിവിധങ്ങളായ നിര്‍ദ്ദേശങ്ങള്‍ എല്ലാം ദുരിതബാധിതരിലേയ്ക്ക് നല്‍കുന്നത് അവര്‍ക്ക് മറ്റൊരു സംഘര്‍ഷമാവാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഓരോ വ്യക്തിയുടെയും വ്യക്തിപരമായ താല്പര്യം പരിഗണിച്ചുവേണം അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാന്‍. വ്യക്തി തലത്തില്‍ നിന്ന് തന്നെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്ന രീതിയാണ് ഫലപ്രദം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ചുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തട്ടെ. ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ വ്യത്യസ്ത കോണുകളിലൂടെ സമീപിക്കാന്‍ വേണ്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കാനുള്ള കഴിവ് മസ്തിഷ്‌കത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിട്ടില്ലാത്ത എല്ലാവരിലും കാണും.

വര്‍ത്തമാന കാലത്തില്‍ മാത്രമേ എക്കാലത്തും നമുക്ക് ജീവിക്കാന്‍ കഴിയുകയുള്ളു.ഭൂതകാലാനുഭവങ്ങള്‍ സൃഷ്ടിച്ച ആഘാതത്തില്‍ കുടുങ്ങിക്കിടക്കാനുള്ളതല്ല ഇനിയുള്ള ജീവിതം എന്ന ഉള്‍ക്കാഴ്ച ദുരിതബാധിതരില്‍ വളര്‍ന്നുവരാന്‍ സഹായിക്കുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ നമ്മുടെ അജണ്ടയിലുണ്ടാകണം.സാമൂഹ്യമായി ഇഴുകിച്ചേരുന്നതിലൂടെ ജീവിത്തിലെ സാധാരണ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്നതിലൂടെ,താന്‍ ജീവിച്ചിരിക്കുന്നു എന്നതിലൂടെ എല്ലാം വ്യക്തികള്‍ക്ക് ജീവിക്കുന്നതില്‍ അര്‍ത്ഥമുണ്ടാകുന്നു.

ചില അപരിഹാര്യ പ്രശ്‌നങ്ങള്‍ ………

വ്യത്യസ്തരായ മനുഷ്യര്‍ ഒരുമിച്ചു താമസിക്കുന്ന ദുരിതാശ്വാസക്യാമ്പുകളില്‍ പരസ്പര ബഹുമാനത്തോടുകൂടിയ ബന്ധങ്ങള്‍ തുടക്കത്തില്‍ കാണാമെങ്കിലും ദിവസങ്ങള്‍ കഴിയും തോറും വ്യക്തികള്‍ക്കിടയില്‍ അതിരുബോധവും മൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍,വ്യത്യസ്തത താല്പര്യങ്ങളുടെമേലുള്ള സംഘര്‍ഷങ്ങള്‍ എല്ലാം ഉണ്ടാകുകയും അത് ആദ്യം നിശബ്ദ പ്രതികരണത്തിലൂടെ അവസാനം പൊട്ടിത്തെറിയില്‍ ചെന്നെത്താനും ഇടയുണ്ട്. പൊതുവായ അതിരുബോധത്തില്‍ നിന്ന് പ്രാദേശിക അതിരുബോധത്തിലെത്തുകയും അതിന്റെ കൂടെ സ്വത്വബോധമുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇത് മനുഷ്യ ജനിതക സവിശേഷതകളാണ്. പ്രതിസന്ധികളില്‍ നിന്ന് കരകയറിവരുന്നതിന്റെകൂടെയാണ് ഇതെല്ലാം കടന്നുവരുന്നത്. അതിനാല്‍ വ്യക്തികള്‍ ചെറു ചെറു സംഘങ്ങളായി മാറി പരസ്പരം പോരാടാതിരിക്കാനുള്ള തന്ത്രങ്ങള്‍ പുനരധിവാസ പ്രവര്‍ത്തനത്തില്‍ മുഴുകുന്നവര്‍ക്കുണ്ടാകണം.

വ്യക്തികള്‍ക്ക് അവരുടെ പരിമിതിയില്‍ നിന്ന് കൊണ്ട് മെച്ചപ്പെട്ട ജീവിതമാര്‍ഗ്ഗം കരുപിടിപ്പിക്കുന്നതിനായുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ വേണ്ട സഹായം നല്‍കണം. പരാധീനതകളോ, തകരാറോ സംഭവിച്ചിട്ടുള്ള വ്യക്തികള്‍ക്ക് സമൂഹത്തില്‍ ജീവിക്കാന്‍ ഉതകുന്ന വിധത്തിലുള്ള പുതിയ കഴിവുകള്‍ വികസിപ്പിച്ചെടുക്കുകയോ,അവരെ ശാരീരികവും മാനസികവുമായി ഉയര്‍ത്തി ഉല്പാദനപരമായ പ്രവൃത്തികള്‍ ചെയ്യുന്നതിന് സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യെണ്ടതുണ്ട്. പരിമിതിയുടെ വേലികെട്ടുകളില്‍ നിന്നുകൊണ്ട് ചില സഹായങ്ങള്‍ ചെയ്യാനേ നമുക്ക് കഴിയുകയുള്ളു. ഇങ്ങനെ പറയുമ്പോഴും വ്യക്തി കേന്ദ്രികൃതമായ നിരവധി പ്രശ്‌നങ്ങള്‍ അപരിഹാര്യങ്ങളായി അവശേഷിക്കും.

കൂട്ടായ്മാ ചികത്സകള്‍ ……

കൂട്ടായ്മയിലൂടെ വ്യക്തികള്‍ക്ക് പരസ്പരം സംവദിക്കാനും സമാശ്വസിക്കാനും കഴിയും. കൂട്ടായ്മകളില്‍ വ്യക്തികള്‍ പരസ്പരം സഹായിക്കുന്നവരായി മാറുമ്പോഴും ഓരോരുത്തര്‍ക്കും താന്‍ പ്രയോജനമുള്ളവനായി തോന്നാന്‍ ഇടയുണ്ട്. അത് വ്യക്തിയില്‍ പ്രസന്നത സൃഷ്ടിക്കും. മാത്രമല്ല ഓരേ വിഷമതകള്‍ അനുഭവിക്കുന്നവര്‍ അഭിലക്ഷണനീയമായ രീതിയില്‍ പരസ്പ്പരം സഹായിക്കുന്നത് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുള്ള അവരുടെ ചവിട്ടുപടികളാണ്. മാത്രമല്ല സാമൂഹ്യ കൂട്ടായ്മയില്‍ ഓരോരുത്തരും അവരവരുടെ സങ്കടങ്ങള്‍ അനുഭവങ്ങള്‍,വേവലാതികള്‍ ഒക്കെ പങ്കുവെക്കുകയും വൈകാരിക സുരക്ഷ പരസ്പരം നല്‍കുകയും ചെയ്യും. വ്യക്തികള്‍ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുക. മനുഷ്യസമൂഹത്തിന്റെ ഉത്തേജനം മസ്തിഷ്‌കത്തിനുള്ള ഔഷധമാണ്.

അതിനാല്‍ നമുക്ക് ജനകീയ കൂട്ടായ്മകള്‍ സൃഷ്ടിക്കാം. വിശാലമായ സാമൂഹ്യ ബന്ധങ്ങളും സാംസ്‌കാരിക ഇടപെടലുകളുമാണ് ആവശ്യമുള്ളത്

റെഫെറല്‍ സിസ്റ്റം വേണം ….

ജീവശാസ്ത്രപരമായി ആത്മഹത്യ പ്രേരണയുള്ളവരും വിഷാദരോഗ സാധ്യയുള്ളവരും ഓര്‍ക്കാപ്പുറത്തു് ദുരിതത്തില്‍ പെടുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ കഠിനമാകും. പ്രത്യക്ഷ സാഹചര്യം ആത്മഹത്യ ചെയ്യാനുള്ള അവരുടെ താല്പര്യത്തെ ശക്തമാക്കാനിടയുണ്ട്. അവരുടെ വൈകാരികമായ അസന്തുലിതാവസ്ഥയും അസ്വാസ്ഥ്യങ്ങളും കൂടാന്‍ ഇടയുണ്ട്. ജീവിതാഭിലാഷങ്ങളിലും നേട്ടങ്ങളിലും വന്ന അപ്രതീക്ഷിത തകര്‍ച്ച, സാമ്പത്തിക ബുദ്ധിമുട്ടുകള്‍,വീട്ടിലും നാട്ടിലും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയെല്ലാം വിഷാദരോഗത്തിലേയ്ക്കും ആത്മഹത്യയിലേയ്ക്കും നയിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ജാഗ്രതൈ !

–ഒരു പ്രവൃത്തിയും ചെയ്യാതെ ഒന്നിലും താല്‍പര്യമില്ലാതെ വെറുതെയിരിക്കുന്ന മനുഷ്യരെ ശ്രദ്ധിക്കുക.

–എപ്പോഴും നിര്‍വികാരരായവരെ,അകാരണമായി കരയുന്നവരെ ,ശാരീരികവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം ഉള്ളവരെ,വിശപ്പ് തീരെ ഇല്ലാത്തവരെ ഒക്കെ തിരിച്ചറിയുക.

ഗുതരമായ അത്തരത്തിലുള്ള മനോവ്യഥകള്‍ അനുഭവിക്കുന്നവര്‍ക്ക് വേണ്ട വിദഗ്ദ്ധ ചികത്സ ലഭ്യമാക്കുന്നതിനുള്ള റഫറല്‍ നടപടികള്‍ ചെയ്യണം.മനോരോഗവിദഗ്ധര്‍,ചികത്സാ&പുനരധിവാസ മനശാസ്ത്രജ്ഞര്‍ എന്നിവരുടെ സേവനമാണ് ഉറപ്പുവരുത്തേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply