ദളിത്, മുസ്ലീം, ആദിവാസി, സ്ത്രീ ഐക്യത്തിലൂടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം..

രാധിക വെമുല സഹോദരീ സഹോദരന്‍മാരേ, നീല്‍ സലാം, ലാല്‍ സലാം, ജയ് ഭീം എന്റെ മകന്‍ രോഹിത് വെമുലയെ ഒരു ദേശീയ സമ്മേളനത്തിലെ പ്രധാന വ്യക്തിത്വമായി പരിഗണിച്ചതിന് ഞാന്‍ ആദ്യമായി ഡി.വൈ.എഫ്.ഐയ്ക്ക് നന്ദി പറയുന്നു. രോഹിതിന് നീതി ലഭിക്കാനായി ഞങ്ങള്‍ അവന്റെ മരണശേഷം നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയ സി.പി.ഐ (എം) എസ്.എഫ്.ഐ എന്നീ സംഘടനകള്‍ക്കും നന്ദി പറയാന്‍ ഞാനീയവസരം ഉപയോഗിക്കുകയാണ്. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ ഞങ്ങളോട് കാണിച്ച സ്‌നേഹവും ഞങ്ങള്‍ക്ക് നല്‍കിയ […]

rrr

രാധിക വെമുല

സഹോദരീ സഹോദരന്‍മാരേ, നീല്‍ സലാം, ലാല്‍ സലാം, ജയ് ഭീം

എന്റെ മകന്‍ രോഹിത് വെമുലയെ ഒരു ദേശീയ സമ്മേളനത്തിലെ പ്രധാന വ്യക്തിത്വമായി പരിഗണിച്ചതിന് ഞാന്‍ ആദ്യമായി ഡി.വൈ.എഫ്.ഐയ്ക്ക് നന്ദി പറയുന്നു. രോഹിതിന് നീതി ലഭിക്കാനായി ഞങ്ങള്‍ അവന്റെ മരണശേഷം നടത്തിയ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയ സി.പി.ഐ (എം) എസ്.എഫ്.ഐ എന്നീ സംഘടനകള്‍ക്കും നന്ദി പറയാന്‍ ഞാനീയവസരം ഉപയോഗിക്കുകയാണ്. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ നേതാക്കള്‍ ഞങ്ങളോട് കാണിച്ച സ്‌നേഹവും ഞങ്ങള്‍ക്ക് നല്‍കിയ പിന്തുണയും ഒരിക്കലും മറക്കാനാകാത്തതാണ്്. എന്റെ മകന്റെ ജീവത്യാഗത്തിന് ശേഷമുണ്ടായ പോരാട്ടങ്ങള്‍ക്ക് ദേശീയ തലത്തില്‍ വരെ നേതൃത്വം നല്‍കിയത് കമ്യൂണിസ്റ്റ് നേതാക്കളാണെന്ന കാര്യവും ഞാനിവിടെ നന്ദിയോടെ സ്മരിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തുടനീളമായി നടത്തിയ യാത്രകളില്‍ ഇന്ത്യയെന്ന രാഷ്ട്രത്തിനപ്പുറം രാഷ്ട്രീയം, വ്യത്യസ്തമായ പ്രത്യയ ശാസ്ത്രങ്ങള്‍ എന്നിവയും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ എന്നിവയെ പിന്തുണയ്ക്കുന്നവരേക്കാള്‍ അവയെ ഏതിര്‍ക്കുന്നവരാണ് കൂടുതലെന്ന് ഈ യാത്രകളിലൂടെ എനിക്ക് മനസിലായി. എന്തുകൊണ്ടാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇഷ്ടപ്പെടാത്ത സംഘപരിവാര്‍ ഇന്ത്യ ഭരിക്കുന്നതെന്ന ചോദ്യം ഇവിടെ ഉയരുകയാണ്. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. ബി.ജെ.പിബ്രാഹ്മണിക്കല്‍ഹിന്ദുത്വ വിരുദ്ധ ശക്തികള്‍ സംഘടിതമല്ലാത്തതാണ് ഇതിന്റെ കാരണം.

ഇതിനെതിരെയുള്ള ഒരു ബഹുജന മുന്നേറ്റം ഉണ്ടാകുന്നതിന് ദളിതുകള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവരുടെ ഒരു ഐക്യമുണ്ടാകണമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ ശക്തികള്‍ ഒരുമിക്കുകയാണെങ്കില്‍ രാജ്യത്ത് സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയെ വെല്ലുവിളിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല. കാലങ്ങളായി ശക്തിയുള്ളവരായിരുന്നിട്ടും അത് പ്രയോഗിക്കാന്‍ പറ്റാത്ത വിഭാഗങ്ങള്‍ യോജിക്കുന്നതോടെ രാജ്യത്ത് തുല്യതയ്ക്കുള്ള അവസരം അവര്‍ക്ക് കൈവരും. കഴിവുണ്ടായിട്ടും നേതൃസ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നവരെ ഈ ശക്തികള്‍ പിന്തുണയ്ക്കണം. വിവേചനം അനുഭവിച്ചിട്ടില്ലാത്തവര്‍ വിവേചനത്തെക്കുറിച്ച് സംസാരിക്കരുന്നതിന് പകരം, വിവേചനം അനുഭവിക്കുന്ന ദളിതുകള്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരെ അവരുടെ അവകാശത്തിനായി ശബ്ദമുയര്‍ത്താന്‍ പാകത്തില്‍ ശക്തരാക്കുകയാണ് വേണ്ടത്.

ദളിത് മുന്നേറ്റങ്ങള്‍ മുസ്ലീം മുന്നേറ്റങ്ങളില്‍ നിന്നും ആദിവാസി മുന്നേറ്റങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നതാണ് മറ്റൊരു കാര്യം. ഈ മുന്നേറ്റങ്ങളെല്ലാം കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മളെല്ലാം വ്യത്യസ്തരാണെന്നിരിക്കെ ഇവിടെ വലുപ്പച്ചെറുപ്പത്തിന്റെ കാര്യമില്ല. നമുക്കിടയില്‍ എല്ലാവരേയും തുല്യരായി പഗിഗണിച്ച് സഹകരണത്തിന്റെ പാലം പണിയുകയാണ് വേണ്ടത്. ഇത്തരത്തില്‍ തുല്യത വരുന്നതോടെ ദളിതുകള്‍, മുസ്ലീങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് കമ്യൂണിസ്റ്റുകളോടൊപ്പം യോജിച്ച് പ്രവര്‍ത്തിക്കാനാകും.

ഞാന്‍ നിങ്ങളോട് ഒരു കമ്യൂണിസ്റ്റായല്ല മറിച്ച് അംബേദ്കറിസ്റ്റായാണ് ഇവിടെ സംസാരിക്കുന്നത്. അതേസമയം അംബേദ്കറിസ്റ്റായിരിക്കുക എന്നത് അനീതികള്‍ക്കും അസമത്വത്തിനുമെതിരെ പോരാടുന്ന കമ്യൂണിസ്റ്റ് തത്വങ്ങളെ പിന്തുടരുന്നത് എന്നാണ് അര്‍ത്ഥമാക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ദളിത് വിഭാഗത്തില്‍പ്പെടുന്ന തൊഴിലാളികള്‍ക്കായി ഡോ. ബി.ആര്‍ അംബേദ്്കര്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ച കാര്യവും ഞാനിവിടെ ഓര്‍മിപ്പിക്കുന്നു. ആര്‍.എസ്്.എസിനെതിരായുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പോരാട്ടം അത്ര എളുപ്പമായിരുന്നില്ല എന്ന് സൂചിപ്പിക്കാനാണ് ഞാനിക്കാര്യങ്ങളൊക്കെ പറഞ്ഞത്. ദളിതുകള്‍, മുസ്ലീങ്ങള്‍, സ്ത്രീകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിവര്‍ ഒരുമിച്ച് പോരാടി എന്നത് വാസ്തവമാണ്. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും ഇവര്‍ പരസ്പരം പോരടിക്കുകയും ചെയ്തു.

അംബേദ്കറിസ്റ്റുകളേയും മുസ്ലീം വിദ്യാര്‍ത്ഥികളേയും കേരളത്തില്‍ എസ്.എഫ്.ഐ ആക്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ചെയ്തികളുടെ ഭാഗമായി രോഹിതിന്റെ ഒരു ചിത്രം കീറിയ സംഭവം പോലുമുണ്ടായി. ദളിത് ഓട്ടോറിക്ഷാ ഡ്രൈവറായ ചിത്രലേഖ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല. ഭൂമിക്കായുള്ള ദളിതുകളുടേയും ആദിവാസികളുടേയും കേരളത്തിലെ പോരാട്ടങ്ങള്‍ക്ക് ഇന്നും ഫലം കാണാത്തത് വളരെ ദുഖകരമാണ്. വളരെ ശക്തയായ ഒരു വനിത ആദിവാസി നേതാവ് ബി.ജെ.പിയുടെ കൂടെ പോകാന്‍ നിര്‍ബന്ധിതമായതിന് ആരാണ് ഉത്തരവാദി. ഇതെങ്ങനെ സംഭവിച്ചു?

‘രോഹിത് ആക്റ്റ്’ (ക്യാമ്പസിലെ ജാതിയത അവസാനിപ്പിക്കാനുള്ള മുന്നേറ്റം) നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ നടത്താനായി എന്നെ ചില ഇടത് നേതാക്കള്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ രോഹിതിന്റെ സുഹൃത്തുക്കളെയോ അംബേദ്കറിസ്റ്റുകളില്‍ ആരെയെങ്കിലുമോ ഈ ചര്‍ച്ചകളിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് എനിക്ക് മനസിലായി. കാമ്പസുകളില്‍ ദളിത് വിഭാഗത്തില്‍പ്പെടുന്നവര്‍ നേരിടുന്ന വിവേചനത്തിന് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ എങ്ങനെയാണ് ആ വിഭാഗത്തില്‍പ്പെടാത്തവര്‍ മാത്രം കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക? ഹൈദരാബാദ് സര്‍വകലാശാല, ജെ.എന്‍.യു എന്നിവിടങ്ങളിലെ തിരഞ്ഞടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ദളിത് മത്സരാര്‍ത്ഥികളെ പിന്തുണച്ചില്ലെന്ന് മാത്രമല്ല അവര്‍ക്കെതിരെ മത്സരിക്കുക കൂടി ചെയ്തുവെന്നതും കാണാതെ പോകരുത്.

തീര്‍ച്ചയായും ഞങ്ങളുടെ ഭാഗത്തും പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്. നയങ്ങളിലെ വൈവിധ്യങ്ങളെക്കുറിച്ച് തുറന്നതും സത്യസന്ധവുമായ ചര്‍ച്ചകളിലൂടെയേ ഇതിന് പരിഹാരം കാണാനാകൂ. നമുക്കിടയിലെ വൈവിധ്യങ്ങള്‍ മനസിലാക്കുമ്പോഴാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകള്‍ ഉണ്ടാകുന്നത്. ഞാനൊരു രാഷ്ട്രീയ നേതാവല്ല. അതുകൊണ്ടുതന്നെ ഞാന്‍ മുന്നോട്ടുവെച്ച വിശാലമായ ഈ ഐക്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടത് നിങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്നാണ്. നജീബിന്റെ ഉമ്മയേയും ജിഷയുടെ അമ്മയേയും അഖ്‌ലഖിന്റെ കുടുംബത്തേയും ഓര്‍മ്മിക്കുമ്പോള്‍ നമുക്കിടയിലെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് മനസിലാകും. ദളിത്, മുസ്ലീം, ആദിവാസി, സ്ത്രീ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളുടെ ഐക്യത്തോടെ മാത്രമേ ഈ വിശാല മുന്നേറ്റം സാധ്യമാകൂ. ഈ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വേറിട്ട് നിന്നാല്‍ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള പ്രതീക്ഷകളാണ് ഇല്ലാതാകുന്നത്.

നീല്‍ സലാം, ലാല്‍ സലാം
ജയ് ഭീം

ഡിവൈഎഫ്‌ഐ സമരവേദിയല്‍ നടത്തിയ പ്രസംഗം. കടപ്പാട് നാരദാ ന്യൂസ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply