ദബോല്‍ക്കറുടെ രക്തസാക്ഷിദിനത്തില്‍…

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സന്ധിയില്ലാ സമരം നടത്തുകയും മാതൃകാപരമായ ഒരു ബില്ലിനു രൂപം കൊടുക്കുകയും ചെയ്ത മഹാരഷ്ട്രയിലെ നരേന്ദ്ര ദബോല്‍ക്കറുടെ രണ്ടാം രക്തസാക്ഷിദി്‌നം ആചരിക്കുമ്പോള്‍ ആ ദിശയില്‍ കാര്യമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല എന്ന യാതാര്‍ത്ഥ്യമാണ് നിലനില്‍ക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന പോലെ അന്ധവിശ്വാസ – അനാചാര നിരോധന നിയമം കേരളത്തമടക്കം രാജ്യത്തിന്റെ മറ്റു ഭാഗങ്ങലിലും നടപ്പാക്കണമെന്ന ആവശ്യം ഇതുവരേയും ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. അത്തരമൊരു നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന ആഭ്യന്തരവകുപ്പുമന്ത്രി രമേശ് […]

nnn

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ സന്ധിയില്ലാ സമരം നടത്തുകയും മാതൃകാപരമായ ഒരു ബില്ലിനു രൂപം കൊടുക്കുകയും ചെയ്ത മഹാരഷ്ട്രയിലെ നരേന്ദ്ര ദബോല്‍ക്കറുടെ രണ്ടാം രക്തസാക്ഷിദി്‌നം ആചരിക്കുമ്പോള്‍ ആ ദിശയില്‍ കാര്യമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ല എന്ന യാതാര്‍ത്ഥ്യമാണ് നിലനില്‍ക്കുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന പോലെ അന്ധവിശ്വാസ – അനാചാര നിരോധന നിയമം കേരളത്തമടക്കം രാജ്യത്തിന്റെ മറ്റു ഭാഗങ്ങലിലും നടപ്പാക്കണമെന്ന ആവശ്യം ഇതുവരേയും ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. അത്തരമൊരു നിയമം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച് വര്‍ഷമൊന്നു കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. മുന്‍ വി എസ് സര്‍ക്കാരിന്റെ കാലത്തുതന്നെ അത്തരമൊരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇരു മുന്നണി സര്‍ക്കാരുകള്‍ക്കുമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിന്റെ പേരുപറഞ്ഞ് യുവതി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ചെന്നിത്തലയില്‍ നിന്ന് ഇത്തരമൊരു പ്രഖ്യാപനമുണ്ടായത്. എന്നാല്‍ അതൊരു പ്രഖ്യാപനമായിതന്നെ അവശേഷിക്കുന്നു..
ഇത്തരമൊരു നിയമം മഹാരാഷ്ട്രയില്‍ പാസ്സായതിനു പുറകില്‍ വര്‍ഷങ്ങളുടെ പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ബില്ലിനു രൂപം കൊടുത്ത സാമൂഹ്യപ്രവര്‍ത്തകന്‍ നരേന്ദ്ര ദബോല്‍ക്കര്‍ രക്തസാക്ഷിയായതിനുശേഷമാണ് ബില്‍ പാസ്സാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തയ്യാറായത്. 1995ല്‍തന്നെ ഇത്തരമൊരു ബില്ലിനെ കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാനാരംഭിച്ചിരുന്നു. 2003 ജൂലായിലാണ് ദബോല്‍ക്കര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബില്‍ അംഗീകാരത്തിനായി കേന്ദ്രത്തിനയച്ചുകൊടുത്തു. അപ്പോള്‍തന്നെ അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും നിര്‍വ്വചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് യുക്തിവാദിനേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005ല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു.
അതിനിടയില്‍ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബില്‍ വൈദേശിക സ്വാധീനത്തിലാണ് തയ്യാറാക്കിയതെന്നും അത് ആരാധനാസ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. ഭൗതികവും ആത്മീയവുമായ പീഡനം എന്താണെന്ന് ബില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ല എന്നും ആരോപണമുയര്‍ന്നു. ഏതു ഹിന്ദു ആചാരത്തേയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാന്‍ ബില്‍ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആര്‍്്ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. പ്രക്ഷോഭങ്ങള്‍ തുടര്‍ന്നതോടെ ബില്‍ പുറത്തെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അതിനിടെ ദബോല്‍ക്കറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രില്‍ ഏഴിന് മുംബൈയില്‍ ഒരു വന്‍ റാലി നടന്നു. ആയിടക്കുതന്നെ മഹാരാഷ്ട്രയില്‍ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടര്‍ന്ന് ദബോല്‍ക്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. അതിനിടയിലാണ് 2013 ആഗസ്റ്റ് 21ന് രാവിലെ നടക്കാനിറങ്ങിയ ദബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുണ്ടായ ജനവികാരം തിരിച്ചരിഞ്ഞ് ബില്‍, ഓര്‍ഡിനന്‍സാക്കി പുറത്തിറക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 24നുതന്നെ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു.
ചിലര്‍ക്ക് ദൈവത്തിനു സമാനമായ ശക്തിയുണ്ടെന്ന് അവകാശപ്പെടുക, അത് പ്രചരിപ്പിക്കുക, ആള്‍ദൈവങ്ങളെന്നവകാശപ്പെട്ട് ചികിത്സയും സാന്ത്വന പ്രവര്‍ത്തനങ്ങളും നടത്തുക, രോഗങ്ങള്‍ക്ക് ഡോക്ടറെ കാണാനനുവദിക്കാതെ മന്ത്രവാദവും മറ്റും നടത്തുക, അതിനായി രോഗികളെ പീഡിപ്പിക്കുക, അവരെ നഗ്‌നരാക്കുകയും ലൈംഗിക പീഡനം നടത്തുകയും ചെയ്യുക, ഭൂത പ്രേത പിശാചുകളുണ്ടെന്ന് അവകാശപ്പെടുക, അവരെ പ്രീതിപ്പെടുത്താന്‍ ദുര്‍മ്മന്ത്രവാദങ്ങള്‍ നടത്തുക, നിധിയുടെ പേരു പറഞ്ഞ് പൂജാദികര്‍മ്മങ്ങള്‍ ചെയ്യുക, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മന്ത്രവാദങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം നിയമമനുസരിച്ച് കുറ്റകരമാണ്. നേരത്തെ തന്നെ കുറ്റകരമായ മനുഷ്യബലിക്കുള്ള ശിക്ഷ കഠിനമാക്കി. അതേസമയം സാധാരണ നിലയിലുള്ള ദേവാലയാരാധനയും നോമ്പെടുക്കലും ജോല്‍സ്യവും കൈനോട്ടവുമൊന്നും നിയമം നിരോധിക്കുന്നില്ല.
ഈ ബില്ലനുസരിച്ച് മഹാരാഷ്ട്രയില്‍ നടന്ന ആദ്യ അറസ്റ്റ് പത്രപരസ്യത്തിന്റെ പേരിലായിരുന്നു എന്നതാണ് കൗതുകകരം. എയ്ഡ്‌സ്, കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക്് അത്ഭുതചികിത്സ എന്ന പരസ്യം കൊടുത്തതിനായിരുന്നു അറസ്റ്റ്. ശ്രീകൃഷ്ണാവതാരമെന്നവകാശപ്പെട്ട ഒരാളേയും മുംബൈയില്‍നിന്ന് ആ സെപ്തംബറില്‍തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2013 കഴിഞ്ഞ ഡിസംബറില്‍ തന്നെ മഹാരാഷ്ട്ര നിയമ സഭ ബില്‍ പാസാക്കി. ഇപ്പോള്‍ ഈ നിയമപ്രകാരം പല നടപടികളും അവിടെ കൈകൊള്ളുന്നുണ്ട്. അതിനായി ഒരു രക്തസാക്ഷി ജനിക്കേണ്ടിവന്നു എന്നത് ചരിത്രത്തിന്റെ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന പ്രഹേളിക മാത്രം.
ആള്‍ദൈവങ്ങള്‍ വിലസുകയും അനാചാരങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ ഈ നിയമം നടപ്പാക്കാന്‍ 2008 മുതലേ യുക്തിവാദികള്‍ ആവശ്യപ്പെടുന്നുണ്ട്. ദബോള്‍ക്കറില്‍ നിന്ന് ബില്ലിന്റെ കോപ്പിവാങ്ങി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്താണ് യുക്തിവാദിസംഘം വി എസ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. എന്നാല്‍ വിഎസ് സര്‍ക്കാരോ പിന്നീടു വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ അക്കാര്യം പരിഗണിക്കുകപോലും ചെയ്തില്ല. മറിച്ച് സാന്ത്വന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആള്‍ദൈവങ്ങളെ ശ്ലാഘിക്കുന്ന പ്രസ്താവനകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയില്‍ നിന്നു പോലും ഉണ്ടാകുകയാണ് ചെയ്തത്. മഹാരാഷ്ട്രപോലുള്ള സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള പുരോഗമന നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ പ്രബുദ്ധരാണെന്നഭിമാനിക്കുന്ന കേരളത്തില്‍ ആള്‍ ദൈവങ്ങളും അന്ധവിശ്വാസങ്ങളും മന്ത്രവാദങ്ങളും മറ്റും വ്യാപകമാകുകയാണ്. ജാതി മത ഭേദമന്യേ ഇത്തരം കേന്ദ്രങ്ങളിലേക്ക് ജനം പ്രവഹിക്കുകയാണ്.
കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടിയെ മന്ത്രവാദി മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ പീഡിപ്പിച്ചു കൊന്ന സംഭവം തന്നെ നോക്കുക. മാനസികപ്രശ്‌നത്തിന്റെ പേരിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുവന്നത്. പതിവുപോലെ മന്ത്രവാദി അതിനെ പ്രേതബാധയായി വ്യാഖ്യാനിക്കുകയായിരുന്നു. മാനസികരോഗങ്ങള്‍ക്ക് മനശാസ്ത്രജ്ഞരെയാണ് കാണിക്കേണ്ടതെന്ന പ്രാഥമിക വിജ്ഞാനം പോലും മലയാളികള്‍ക്കില്ലാത്ത അവസ്ഥ എത്രയോ ദയനീയമാണ്. ്. നമ്മുടെ പത്രങ്ങളിലും ചാനലുകളിലും വരുന്ന പരസ്യങ്ങള്‍ ശ്രദ്ധിക്കുക. സ്വയംവരയന്ത്രം, ധനാഗമനയന്ത്രം, മാന്ത്രിക ഏലസ്സുകള്‍, നവരത്‌നമോതിരങ്ങള്‍, വലംപിരിശംഖ്, ചാത്തന്‍ സേവ, മഷിനോട്ടം, ഭാവി പ്രവചനം എന്നിങ്ങനെ പോകുന്നു അവ. മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴും ജനങ്ങളെ സാസ്‌കാരിക അധപതനത്തിലേക്കും അന്ധവിശ്വാസങ്ങളിലേക്കും നയിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നിരോധിക്കേണ്ടതല്ലേ?
മഹാരാഷ്ട്രയിലെ അവസ്ഥയും ഇവിടത്തെ അവസ്ഥയും രണ്ടാണ്. മഹാരാഷ്ട്രയില്‍ മതമൗലികവാദികള്‍ക്ക് സ്വാധീനമുള്ളപ്പോള്‍തന്നെ മഹാത്മാ ഫൂലേയുടേയും അംബേദ്കറുടേയും ധാരകള്‍ ഇപ്പോഴും ശക്തമാണ്. എന്നാല്‍ സാമൂഹ്യവിപ്ലവത്തിന്റേതായ വേലിയേറ്റങ്ങളെല്ലാം കൈമോശം വന്ന കേരളം ഇന്ന് വേലിയിറക്കങ്ങളിലൂടെയാണല്ലോ കടന്നു പോകുന്നത്. നാം ആട്ടിയോടിച്ചെന്ന് അവകാശപ്പെടുന്ന മുഴുവന്‍ പിന്തിരിപ്പന്‍ മൂല്യങ്ങളും ശക്തമായി തിരിച്ചുവരുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു നിയമം പാസ്സാക്കണമെങ്കില്‍ ഇവിടേയും മനുഷ്യബലികള്‍ അനിവാര്യമായിവരുമെന്നതില്‍ സംശയമില്ല. ജനങ്ങളില്‍ ശാസ്ത്രീയബോധം വളര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് നമ്മുടെ ഭരണഘടനയില്‍ തന്നെ പറയുന്നുണ്ട്. ആ കടമ നിറവേറ്റിയാല്‍തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ കഴിയും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply