തേറമ്പലിന്റെ 25 വര്‍ഷം

ഹരികുമാര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ തൃശൂരിന്റെ എംഎല്‍എ ആയി 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിനു അക്ഷരോപഹാരം നല്‍കി ആദരിക്കും. എല്ലാം നല്ലത്. എന്നാല്‍ 25 വര്‍ഷത്തില്‍ സ്വന്തം മണ്ഡലത്തിനുവേണ്ടി എന്താണ് തൃശൂരിന്റെ സ്വന്തം തേറമ്പില്‍ ചെയ്തത് എന്നു പരിശോധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ആരും അതിനു ശ്രമിക്കുന്നില്ല. അതിനു കൃത്യമായ കാരണമുണ്ടുതാനും. അതു മറ്റൊന്നുമല്ല. അത്തരമൊരു കണക്കെടുത്താല്‍ അതിനു കാര്യമായ നീളം കാണില്ല എന്നതുതന്നെ. […]

05trksh04-thrissur__522446g
ഹരികുമാര്‍
തേറമ്പില്‍ രാമകൃഷ്ണന്‍ തൃശൂരിന്റെ എംഎല്‍എ ആയി 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അതുമായി ബന്ധപ്പെട്ട് വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമടക്കമുള്ളവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിനു അക്ഷരോപഹാരം നല്‍കി ആദരിക്കും.
എല്ലാം നല്ലത്. എന്നാല്‍ 25 വര്‍ഷത്തില്‍ സ്വന്തം മണ്ഡലത്തിനുവേണ്ടി എന്താണ് തൃശൂരിന്റെ സ്വന്തം തേറമ്പില്‍ ചെയ്തത് എന്നു പരിശോധിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ആരും അതിനു ശ്രമിക്കുന്നില്ല. അതിനു കൃത്യമായ കാരണമുണ്ടുതാനും. അതു മറ്റൊന്നുമല്ല. അത്തരമൊരു കണക്കെടുത്താല്‍ അതിനു കാര്യമായ നീളം കാണില്ല എന്നതുതന്നെ.
തീര്‍ച്ചയായും മണ്ഡലത്തിലുടനീളം വ്യാപകമായ ബന്ധങ്ങളാണ് തേറമ്പലിനുള്ളത്. ആരേയും പിണക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല. അതുവ്യക്തികളായാലും സംഘടനകളായാലും. കല്ല്യാണവീടുകളിലും മരണവീടുകളിലും കൃത്യമായി എത്തുന്ന എംഎല്‍എ. മറുവശത്ത് ഒരു സംഘടനയേയും പിണക്കുകയുമില്ല. പ്രത്യേകിച്ച് എല്ലാ സാമുദായിക സംഘടനകളുമായി നല്ല അടുപ്പം. അതിനോടൊപ്പം പൊതുവില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുന്ന മണ്ഡലം. എന്നും യുഡിഎഫിനെ പിന്തുണക്കുന്ന സഭ. ഇതെല്ലാം ചേര്‍ന്ന് എന്നും തേറമ്പലിന്റെ വിജയം സുനിശ്ചിതമാക്കുന്നു. മറുവശത്ത് ശക്തനായ എതിരാളിയെ കളത്തിലിറക്കാന്‍ പറ്റാത്തത്ര മോശപ്പെട്ട അവസ്ഥയിലാണ് ഇടതുപക്ഷം.
തൃശൂരിനെ കുറിച്ചു പറയുമ്പോള്‍ ആരും ആദ്യമോര്‍ക്കുക കെ കരുണാകരന്റെ പേരാണല്ലോ. എന്തൊക്കെയായായലും മണ്ഡലത്തിനായി പലതും കരുണാകരന്‍ ചെയ്തിട്ടുണ്ട്. പൂങ്കുന്നം മേല്‍പ്പാലവും മറ്റും ഉദാഹരണം. തേറമ്പിലോ? ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഡല്‍ റോഡിന്റെ വവസ്ഥ മാത്രം നോക്കിയാല്‍ അതു മനസ്സിലാക്കാന്‍ കഴിയും. ഇനിയും എങ്ങുമെത്താത്ത അവസ്ഥ.
കേരളത്തില്‍ ഇന്ന് അതിവേഗം വികസിക്കുന്ന നഗരമാണ് തൃശൂര്‍. എറണാകുളത്തിന്റെ ഇരട്ട നഗരമെന്ന പദവിയിലേക്കാണ് തൃശൂര്‍ വളരുന്നത്. സ്വാഭാവികമായും വരുംകാല വികസനത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനു നേതൃത്വം കൊടുക്കേണ്ടത് ആരാണ്? തേറമ്പില്‍ തന്നെ. എന്നാല്‍ എല്ലാം കോര്‍പ്പറേഷന്‍ ചെയ്യുമെന്ന ധാരണയിലാണ് ഇദ്ദേഹം എന്നു തോന്നുന്നു. കോര്‍പ്പറേഷനേക്കാള്‍ ചെറുതാണ് ഇന്ന് തൃശൂര്‍ നിയമസഭാ മണ്ഡലം. അതേസമയം നഗരത്തിന്റെ പ്രധാന ഭാഗങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു. ഈ സാഹചര്യത്തില്‍ തൃശൂരിന്റെ വികസനത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ പലപ്പോഴും അനുവദിക്കപ്പെട്ട തുക പോലും നേടിയെടുക്കാനാവാത്ത അവസ്ഥയാണ്. റോഡുവികസനത്തിനായി അനുവദിച്ച തുകകള്‍ തന്നെ ഉദാഹരണം. കോര്‍പ്പറേഷനും എംഎല്‍എയുമായി കാര്യമായ ബന്ധം പോലുമില്ലെന്ന കാര്യം നഗരത്തില്‍ പാട്ടാണ്. അതു നയിക്കുന്നത് നഗരവികസനത്തിന്റെ സ്തംഭനത്തിലേക്കും. ചുരുങ്ങിയപക്ഷം കൊക്കാലയില്‍ മേല്‍പ്പാലം, കെഎസ്ആര്‍ടിസി അടക്കമുള്ള ബസ് സ്റ്റാന്റുകളുടെ വികസനം, ശക്തന്‍ വികസനം, പട്ടാളം റോഡ് വീതികൂട്ടല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പോലും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെയുത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. അതില്ലാതെ കോര്‍പ്പറേഷനു മാത്രം നേടിയെടുക്കാവുന്ന വിഷയങ്ങളല് ഇവ. വരും കാലത്ത് ഗതാഗതകുരുക്കില്‍ നഗരം ശ്വാസം മുട്ടുമ്പോള്‍ അതിനുത്തരം പറയേണ്ട ഉത്തരവാദിത്തം തേറമ്പലിനായിരിക്കും എന്നതില്‍ സംശയം വേണ്ട.
നഗരത്തിലെ മാലിന്യപ്രശ്‌നം മറ്റൊന്ന്. തേറമ്പില്‍ എംഎല്‍എ ആയിരുന്ന ഈ നീണ്ടകാലത്തിലുടനീളം ലാലൂര്‍ നിവാസികളുടെ സമരവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു കാലത്തും പ്രശ്‌നപരിഹാരത്തിനൊരു മുന്‍കൈ അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടില്ല. എ കെ ആന്റണിയും വിഎസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിയും കാണിച്ച താല്‍പ്പര്യം പോലും ഇക്കാര്യത്തില്‍ തേറമ്പില്‍ കാണിച്ചിട്ടില്ല. സക്രിയമായൊരു ഇടപെടല്‍ ഒരു കാലത്തുമുണ്ടായിട്ടില്ല. മാലിന്യസംസ്‌കരണത്തിനു സര്‍ക്കാരിന്റെ ഒരു പദ്ധതി പോലും നേടിയെടുക്കാന്‍ 25 വര്‍ഷത്തിനിടയില്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നാതാണ് യാഥാര്‍ത്ഥ്യം. കുടിവെള്ളം, പാര്‍പ്പിട പ്രശ്‌നങ്ങള്‍ തുടങ്ങി മറ്റനവധി വിഷയങ്ങലിലും സ്ഥിതി വ്യത്യസ്ഥമല്ല.
തീര്‍ച്ചയായും മണഅഡലത്തിലെ വിഷയങ്ങള്‍ പരിഹരിക്കല്ല എംഎല്‍എയുടെ മുഖ്യജോലി. അത് നിയമനിര്‍മ്മാണവും മറ്റുമാണ്. തേറമ്പില്‍ ഏറെകാലം നിയമസഭാ സ്പീക്കറായിരുന്നു. എന്നാല്‍ അത്തരം കടമകളോടൊപ്പംതന്നെയാണ് മണ്ഡലത്തിനുവേണ്ടി സമ്മര്‍ദ്ദം ചെയുത്തുന്നതും. ഇത്രയും കാലം എംഎല്‍എയായിരുന്നവര്‍ തങ്ങളുടെ മണ്ഡലങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ തേറമ്പലിനു പരിശോധിക്കാവുന്നതാണ്. കേരളത്തില്‍ പലരും അങ്ങനെയുണ്ടല്ലോ.
എംഎല്‍എ സ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ തീര്‍ച്ചയായും തേറമ്പില്‍ ദുഖിതനാണ്. കാരണ മറ്റൊന്നുമല്ല, നിനച്ചിരിക്കാതെയുള്ള സിഎന്‍ ബാലകൃഷ്ണന്റെ രംഗപ്രവേശം അദ്ദേഹത്തിന്റെ മന്ത്രിപദത്തിനാണ് വിലങ്ങായത്. ഇനിയുമത്തരമൊരു സാഹചര്യം ഉരുത്തിരിയാനിടയില്ല. അതുകൊണ്ടും പ്രായം കൊണ്ടുമാകാം ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണെന്നു പറയാതെ വയ്യ. കോണ്‍ഗ്രസ്സില്‍ തന്നെയുള്ള എംപി വിന്‍സന്റോ ടി എന്‍ പ്രതാപനോ മറ്റോ ആയി താരതമ്യം പോലും പറ്റാത്തതാണ് അവസ്ഥ. തൃശൂരിലെ മൃഗശാല പുത്തൂരിലേക്കു മാറ്റുന്ന പ്രശ്‌നം തന്നെ ഉദാഹരണം. അതിനും 25 വര്‍ഷത്തോളം പഴക്കമുണ്ട്. അടുത്തയിടെ വിന്‍സന്റിന്റെ ശ്രമത്തിലാണ് കാര്യങ്ങള്‍ ഏറെ മുന്നോട്ടുപോയത്.
ഐ ഗ്രൂപ്പിലാണെങ്കിലും കാര്യമായി ഗ്രൂപ്പിസത്തിനു പോകാത്ത ആളാണ് തേറമ്പില്‍. അതിനാല്‍തന്നെ സ്ഥിരമായി അദ്ദേഹത്തിനു സീറ്റു ലഭിക്കുന്നു. കഴിഞ്ഞ തവണ നേരിയ അതിനെതിരെ നേരിയ #ോതതില്‍ മുറുമുറുപ്പുയര്‍ന്നിരുന്നു. അടുത്ത തവണ അത് ശക്തമാകാനിടയുണ്ടെന്ന് തേറമ്പലിനറിയാം. അതിനാല്‍ തന്നെയായിരിക്കും സഹപ്രവര്‍ത്തകര്‍ ഇത്തരമൊരു വേദിയൊരുക്കിയിരിക്കുന്നത്. എന്നാല്‍ തൃശൂര്‍ പൗരാവലിയുടെ കാര്യമായ പങ്കാളിത്തം അതിനുണ്ടാകാനിടയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply