തൃശൂരില്‍ 13നും 15നും ദളിത് സമ്മേളനങ്ങള്‍ : ജിഗനേഷ് പങ്കെടുക്കും

രാജ്യത്തെങ്ങും ശക്തമാകുന്ന ദളിത് പ്രക്ഷോഭങ്ങള്‍ കേരളത്തിലും സജീവമാകുമെന്ന സൂചന നല്‍കി രണ്ടു ദളിത് മഹാസമ്മേളനങ്ങള്‍ക്ക് തൃശൂര്‍ വേദിയാകുന്നു. പരസ്പര സഹകരണത്തോടെ നടക്കുന്ന രണ്ടുസമ്മേളനങ്ങളിലും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പങ്കെടുക്കുന്നു. ദലിതുകള്‍ ഐക്യപ്പെടുക, ദലിതുകളോട് ഐക്യപ്പെടുക, ബ്രാഹ്മണിസം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം, ഗുജറാത്തിലെ ദളിത് പോരാട്ടത്തിന് കേരളത്തിലെ ദളിതുകളുടേയും ജനാധിപത്യവാദികളുടെയും ഐക്യദാര്‍ഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ഒക്‌ടോബര്‍ 13നു നടക്കുന്ന ദളിത് ജനാധിപത്യസംഗമത്തിന്റെ ചെയര്‍മാന്‍ ആദിവാസി നേതാവ് കെ എം സലിംകുമാറും കണ്‍വീനര്‍ എം എ ലക്ഷ്മണനുമാണ്. […]

mmm

രാജ്യത്തെങ്ങും ശക്തമാകുന്ന ദളിത് പ്രക്ഷോഭങ്ങള്‍ കേരളത്തിലും സജീവമാകുമെന്ന സൂചന നല്‍കി രണ്ടു ദളിത് മഹാസമ്മേളനങ്ങള്‍ക്ക് തൃശൂര്‍ വേദിയാകുന്നു. പരസ്പര സഹകരണത്തോടെ നടക്കുന്ന രണ്ടുസമ്മേളനങ്ങളിലും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി പങ്കെടുക്കുന്നു. ദലിതുകള്‍ ഐക്യപ്പെടുക, ദലിതുകളോട് ഐക്യപ്പെടുക, ബ്രാഹ്മണിസം ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രം, ഗുജറാത്തിലെ ദളിത് പോരാട്ടത്തിന് കേരളത്തിലെ ദളിതുകളുടേയും ജനാധിപത്യവാദികളുടെയും ഐക്യദാര്‍ഢ്യം തുടങ്ങിയ മുദ്രാവാക്യങ്ങളോടെ ഒക്‌ടോബര്‍ 13നു നടക്കുന്ന ദളിത് ജനാധിപത്യസംഗമത്തിന്റെ ചെയര്‍മാന്‍ ആദിവാസി നേതാവ് കെ എം സലിംകുമാറും കണ്‍വീനര്‍ എം എ ലക്ഷ്മണനുമാണ്. മറുവശത്ത് ഭൂമി, പാര്‍പ്പിടം, അധികാരം, തുല്ല്യനീതി എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് 15, 16 തിയതികളില്‍ നടക്കുന്ന ഭൂ അധകാര പ്രഖ്യാപന കണ്‍വെന്‍ഷനും ദളിത് ആദിവാസി അംബേദ്കറൈറ്റ് നേതൃസംഗമത്തിനും നേതൃത്വം നല്‍കുന്ന ദളിത് ചിന്തകന്‍ സണ്ണി കപിക്കാടും എം ഗീതാനന്ദനുമാണ്. കേരളത്തിലെ പ്രമുഖ ദളിത് ചിന്തകരും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമെല്ലാം സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ദലിതുകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരേയുള്ള കടന്നാക്രമണങ്ങള്‍കൊണ്ട് രാജ്യം മുഖരിതമായിരിക്കുകയാണെന്നും ജാതികേന്ദ്രീകൃതമായ സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയുടെ വടക്കന്‍ പ്രവിശ്യകളിലും നവോത്ഥാന സമരങ്ങള്‍ ഉഴുതുമറിച്ചുവെന്ന് കരുതുന്ന കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലും സ്ഥിതി ഒരുപോലെയായിരിക്കുന്നുവെന്നും ദളിത് ജനാധിപത്യ സംഗമത്തിന്റെ സാരഥികള്‍ ചൂണ്ടികാട്ടുന്നു. ‘സ്വതാന്ത്യാനന്തരം ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്ത്യയിലെ വിശാലമായ ഭൂപ്രദേശത്ത് നിവസിക്കുന്ന ദളിത് പിന്നോക്ക വിഭാഗത്തിന്റെ ജീവിത സാഹചര്യം പഴയതില്‍നിന്ന് കാര്യമായ മുന്നോട്ടുപോയിട്ടില്ല. നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയില്‍നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം ഓരോ പതിനെട്ടു മിനിറ്റിലും ദളിത് പിന്നോക്ക വിഭാഗത്തിലെ ഒരാള്‍ ആക്രമിക്കപ്പെടുന്നു. പ്രതിദിനം രണ്ട് ദളിതുകള്‍ കൊല്ലപെടുന്നു. മൂന്ന് ദളിത് വനിതകള്‍ മാനഭംഗത്തിനിരയാകുന്നു. ഇതില്‍ അഞ്ച് ശതമാനം കേസ്സുകളില്‍ പോലും പ്രതികള്‍ ശിക്ഷിക്കപെടുന്നില്ല. ഇക്കാര്യത്തില്‍ അധികാരനിര്‍വഹണ വിഭാഗത്തിന്റേയും ജുഡീഷ്യറിയുടെയും മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെയുമെല്ലാം സവര്‍ണ പ്രത്യയശാസ്ത്രനിലപാടുകള്‍ ഇരകളെന്ന നിലയില്‍ ദളിത് സമൂഹത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെനനും സംഘാടകര്‍ ചൂണ്ടികാട്ടുന്നു. ഇന്ത്യയിലിന്നും വര്‍ണ്ണ-ജാതി വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഗ്രാമങ്ങള്‍തന്നെയാണ് നിലനില്‍ക്കുന്നത്. മേല്‍ജാതിക്കാരും സമ്പന്ന സവര്‍ണഹിന്ദു സമൂഹവും നടത്തുന്ന ജാതീയമായ അസ്പൃശ്യതയും സാമ്പത്തികമായ ചൂഷണവും സാമൂഹ്യമായ മര്‍ദ്ദനവും സഹിച്ചുകഴിയുന്നവരാണ് ദളിത് ജനവിഭാഗങ്ങള്‍. കേരളത്തിലെ മിച്ചഭൂമി, ലക്ഷംവീട് കോളനികള്‍, പുറമ്പോക്ക് ഭൂമികള്‍, നഗരചേരികള്‍ തുടങ്ങിയവ പൊതുസമൂഹത്തില്‍നിന്ന് ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തപെടുന്നതിന് ഉദാഹരണങ്ങളാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന സംവരണത്തില്‍ ഹരിച്ചും കിഴിച്ചും ലഭിക്കുന്ന ക്ലാസ്സ്‌ഫോര്‍ സര്‍ക്കാര്‍ ജോലിയല്ലാതെ ഒരു ചെറിയ മുറുക്കാന്‍കടപോലും(ചില്ലറ വില്പനശാല) സ്വന്തമായില്ലാതെ ജീവിക്കുന്ന കേരളത്തിലെ ദളിതന്റെ ജീവിതപരിസരം മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വളരേയൊന്നും വിഭിന്നത പുലര്‍ത്തുന്നില്ല. ഇങ്ങനെ സാമൂഹ്യമായും ഭൂപരമായും തൊഴില്‍പരമായും മാറ്റിനിര്‍ത്തപെടുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളുമായി സവര്‍ണ-മേല്‍ജാതി വിഭാഗങ്ങള്‍ നിരന്തരം സംഘര്‍ഷത്തിലേര്‍പെടുകയാണ്. അതിലൊന്നുമാത്രമാണ് ജൂലായ് 11 ന് ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ഊനയില്‍ നടന്ന ദളിത് പീഢനം. ഗോസംരക്ഷണത്തിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ പെരുവഴിയിലിട്ട് മൃഗീയമായി മര്‍ദ്ദിച്ചതിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം ഇന്ത്യയിലെ ദളിത് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ രൂപമാര്‍ജ്ജിക്കുകയാണ്. പിന്നോക്കവിഭാഗങ്ങളെയും ദരിദ്ര ന്യൂനപക്ഷവിഭാഗത്തേയും ചേര്‍ത്തുനിര്‍ത്തികൊണ്ട് ദളിത് വിഭാഗങ്ങള്‍ നയിക്കുന്ന പ്രക്ഷോഭം വലിയ രാഷ്ട്രീയമാനം കൈവരിച്ചുകഴിഞ്ഞു. അതിന്റെ ഭാഗം കൂടിയാണ് ദളിത്-ജനാധിപത്യസംഗമം നടക്കുന്നതെന്നും സംഘാടകര്‍ പറയുന്നു.
മറുവശത്ത് ഭൂമിയിലുള്ള അവകാശമാണ് 15, 16 തിയതികളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഊന്നുന്നത്. കേരളത്തില്‍ 2,44,124 കുടുംബങ്ങള്‍ ഭൂരഹിതരായി പുറമ്പോക്കുകളിലും ചേരികളിലും താമസിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങളും. ഭരണഘടനയുടെ പിന്‍ബലവും നിയമപരമായ പരിരക്ഷയുമുണ്ടായിട്ടും കേരള ജനസംഖ്യയുടെ 1.45 ശതമാനം മാത്രം വരുന്ന ആദിവാസി ജനതയുടെ പകുതിയും ഇന്നും ഭൂരഹിതരാണ്. മാനവ വിഭവ സൂചികയിലും സാക്ഷരതയിലും കേരളം ഏറ്റവും മുന്നിലാണെന്ന് പറയുമ്പോഴും ‘ആദിവാസി വികസനത്തിനായി’ കോടികള്‍ ചിലവിടുമ്പോഴും ആദിവാസി ഊരുകളില്‍ കുഞ്ഞുങ്ങള്‍ പട്ടിണികൊണ്ടും പോഷക ആഹാരക്കുറവകൊണ്ടും മരിച്ചു വീണുകൊണ്ടേയിരിക്കുന്നു. ഭൂമിയില്‍ നിന്ന് മാത്രമല്ല ആദിമ ജനത കുടിയിറക്കപ്പെട്ടത് തനത് സംസ്‌കാരത്തില്‍ നിന്നും ഭക്ഷ്യപാരമ്പര്യത്തില്‍ നിന്നുകൂടിയാണ്. കേരളത്തിലെ ദളിത് ജനസംഖ്യയുടെ 47.5 ശതമാനവും കഴിയുന്നത് 26,193 കോളനികളിലായാണ്. 29.9 ശതമാനം ദളിതര്‍ കഴിയുന്നതാകട്ടെ സമാനമായ സാഹചര്യത്തിലും. കോളനികളിലെ പുതുതലമുറ കുടുംബങ്ങളില്‍ മിക്കവയും വീട് വെയ്ക്കാന്‍ സ്ഥലമില്ലാത്തവരോ പണമില്ലാത്തവരോ ആണ്. സമാനമായ സമൂഹിക സാഹചര്യത്തിലൂടെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹവും കടന്നുപോകുന്നത്. കേരളത്തിലെ ഇതര പാര്‍ശ്വവല്‍കൃത പിന്നോക്ക വിഭാഗങ്ങള്‍, ചെറുതല്ലാത്തൊരളവില്‍ മതന്യൂനപക്ഷങ്ങള്‍ എന്നിവരും ഭൂരാഹിത്യമെന്ന ദുരന്തം പേറുന്നവരാണെന്നും ഗീതാനന്ദനും കപിക്കാടും ചൂണ്ടികാട്ടുന്നു..
ഈ അടിസ്ഥാന ജനസമൂഹങ്ങള്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും രാഷ്ട്രീയ സാമൂഹിക അധികാരം ആര്‍ജ്ജിക്കുന്നതിനും ഭൂമിയുള്‍പ്പടെയുളള വിഭവങ്ങളില്‍ അധികാരവും ഉടമസ്ഥതയും ലഭിക്കേണ്ടത് അടിയന്തര ആവശ്യമാണ്. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമിയും ഭൂരഹിതര്‍ക്ക് സമൂഹിക ജീവിതത്തിനാവശ്യമായ ഭൂമിയും എന്ന ഭൂസമരങ്ങളിലൂടെ നേടിയെടുത്ത അവകാശത്തെ അട്ടിമറിച്ച് മൂന്ന് സെന്റ് ഭൂമി നല്‍കി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നതെന്നും സംഘാടകര്‍ ചൂണ്ടികാട്ടുന്നു. ഈ പദ്ധതിയിലൂടെ കേരളത്തില്‍ പുതിയതായി രൂപപ്പെടാന്‍ പോകുന്നത് പതിനായിരത്തിലധികം കോളനികളായിരിക്കും. ഭൂരാഹിത്യവും ചേരികളും കോളനികളുമാണ് പാര്‍ശ്വവല്‍കൃത ജനതയുടെ സാമൂഹിക-രാഷ്ട്രീയ പിന്നോക്കാവസ്ഥയ്ക്ക് അടിസ്ഥാനകാരണമെന്നിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും ഈ ജനതയെ മൂന്ന് സെന്റ് നല്‍കി കോളനിവല്‍ക്കരിക്കുന്നത്.
കൊളോണിയല്‍ സമ്പദ്‌വ്യവസ്ഥ കൊള്ളലാഭം കൊയ്യുന്നതിന് വേണ്ടി മാത്രമാണ് കേരളത്തില്‍ തോട്ടങ്ങള്‍ ആരംഭിച്ചത്. സ്വാതന്ത്ര്യം കിട്ടി 68 വര്‍ഷം കഴിഞ്ഞിട്ടും കോര്‍പ്പറേറ്റുകള്‍ ഇപ്പോഴും തോട്ടംമേഖലയില്‍ തുടരുന്നത് കൊളോണിയല്‍ ഭൂബന്ധങ്ങളും കൊളോണിയല്‍ തൊഴില്‍ ബന്ധങ്ങളുമാണ്. കോര്‍പ്പറേറ്റുകളില്‍ ധന-വിഭവ കേന്ദ്രീകരണം നടക്കുന്നതല്ലാതെ കേരള സമ്പദ്ഘടനക്ക് തോട്ടംമേഖലയിലൂടെ ഒരു പ്രയോജനവുമില്ല. തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും ഭൂരഹിതരും വളരെ തുച്ഛമായ തുകയ്ക്ക് പന്ത്രണ്ട്-പതിനാല് മണിക്കൂര്‍ ജോലി ചെയ്യുന്നവരും കമ്പനി ലയങ്ങളില്‍ കഴിയുന്നവരുമാണ്. കേരള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചക്കും ഭക്ഷ്യസുരക്ഷക്കും തോട്ടം ഭൂമിയുടെ പുനര്‍വിതരണം അത്യന്താപേക്ഷിതമാണ്. വിമാനത്താവളങ്ങള്‍ക്കും ആറുവരിപ്പാതകള്‍ക്കുമല്ല ഭവനരഹിതരായ 4.7 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വാസയോഗ്യമായതും പരിസ്ഥിതിക്ക് അഘാതം ഉണ്ടാക്കാത്തതുമായ പാര്‍പ്പിടം നിര്‍മ്മിച്ചും ഉപജീവനത്തിന് കൃഷി ചെയ്യുന്നവര്‍ക്ക് കൃഷിഭൂമി നല്‍കിയും സമ്പദ്ഘടനയെ ചലനാത്മകമാക്കാന്‍ കഴിയുമെന്ന രാഷ്ട്രീയ ബോധ്യമാണ് നമ്മുടെ സര്‍ക്കാരിനെ നയിക്കേണ്ടതെന്നും സംഘാടകര്‍ ചൂണ്ടികാട്ടുന്നു.
ഭൂരഹിതര്‍ക്ക് നല്‍കാന്‍ ഭൂമിയില്ല എന്ന സര്‍ക്കാര്‍ വാദത്തെയും സംഘാടകര്‍ ചോദ്യം ചെയ്യുന്നു. സര്‍ക്കാര്‍ കണക്കുപ്രകാരമുള്ള 2,44,124 ഭൂരഹിത കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കാന്‍ സര്‍ക്കാരിനു 7324 ഏക്കര്‍ ഭൂമി മതിയാകും! നിലവില്‍ ലാന്റ് ബാങ്കില്‍ മാത്രം 1,80,787 ഏക്കര്‍ ഭൂമിയുണ്ട്. ഏറ്റെടുക്കേണ്ടതും കുത്തകകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി 8 ലക്ഷത്തിനു മുകളില്‍ വരും. ഭൂരഹിതര്‍ക്ക് മാത്രം വിതരണം ചെയ്യേണ്ട 16,000 ഏക്കര്‍ ഭൂമിയാണ് അനധികൃത കൈയ്യേറ്റക്കാരുടെ ഇടപെടല്‍ മൂലം കേസില്‍ കുരുങ്ങിക്കിടക്കുന്നത്. ഡോ. എം.ജി. രാജമാണിക്യം സ്‌പെഷ്യല്‍ ഓഫീസറായ കമ്മീഷന്‍ 5 ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉണ്ടെന്ന് സര്‍ക്കാരിന് ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിയമ നിര്‍മ്മാണത്തിലൂടെ ഈ ഭൂമി ഏറ്റെടുക്കാമെന്നതാണ് വസ്തുത. എന്നിട്ടും ഭൂരാഹിത്യമെന്ന സാമൂഹിക-രാഷ്ട്രീയ പിന്നോക്കാവസ്ഥയെ സര്‍ക്കാര്‍ എന്തിനാണ് മൂന്ന് സെന്റിലൂടെ കോളനിവല്‍ക്കരിക്കുന്നത് ? സമഗ്രമായ തോട്ടം ഏറ്റെടുക്കല്‍ നടപടി സ്വീകരിക്കുന്നതിനു പകരം ഹാരിസണ്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികളിലേയ്ക്ക് മാത്രം സര്‍ക്കാര്‍ നടപടി ചുരുക്കുന്നത് ഈ റിപ്പോര്‍ട്ട് അട്ടിമറിച്ച് തോട്ടങ്ങള്‍ക്ക് പാട്ടം നീട്ടി നല്‍കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൂന്ന് സെന്റ് നല്‍കി, 7324 ഏക്കറിലൂടെ ‘ഭൂപ്രശ്‌നം പരിഹരിച്ചാല്‍’ ഭൂമിക്കുമേല്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഉടമസ്ഥത അവസാനിക്കും. ബാക്കിവരുന്ന ലക്ഷക്കണക്കിന് തോട്ടങ്ങള്‍ക്ക് തല്‍സ്ഥിതി തുടരുകയോ ബിനാമി ഇടപാടുകളിലൂടെ കക്ഷിരാഷ്ട്രീയ-കുത്തക കൂട്ടുകെട്ടിന് കൈയ്യടക്കുകയോ കോര്‍പ്പറേറ്റ് ‘വികസനത്തിന്’ യഥേഷ്ടം നല്‍കുകയോ ചെയ്യാം എന്നതാകാം സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നും സംഘാടകര്‍ ആരോപിക്കുന്നു. നവകൊളോണിയല്‍ കാലഘട്ടത്തില്‍ കേരളത്തില്‍ ജാതിമേധാവിത്വം നിലനിര്‍ത്തുന്നത് ദലിത്-ആദിവാസികളെയും പാര്‍ശ്വവല്‍കൃതരെയും കോളനികളിലും ചേരികളിലും ഒതുക്കി നിര്‍ത്തിക്കൊണ്ടാണ്. പരമ്പരാഗത ജാതിത്തൊഴിലുകളെ ഇത് ശക്തിപ്പെടുത്തുന്നു. സാമൂഹിക ജീവിതത്തിന്റെ തുല്യനീതി ഉറപ്പാക്കാന്‍ ജാതിയുടെ പേരിലുള്ള കോളനിവല്‍ക്കരണം അവസാനിപ്പിക്കണം. അന്തസുള്ള ഉപജീവനോപാധിയായ കൃഷിഭൂമിയും മറ്റ് തൊഴിലുകളും നല്‍കിക്കൊണ്ടേ ഈ അസമത്വത്തെ മറികടക്കാന്‍ കഴിയൂ. അതിന് ശക്തമായ ബഹുജന പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ആ ദിശയിലുള്ള അന്വഷണത്തിന്റെ തുടക്കമാണ് കണ്‍വെന്‍ഷനെന്നും സംഘാടകര്‍ പറയുന്നു. എന്തായാലും വരാന്‍ പോകുന്ന ദളിത് മുന്നേറ്റങ്ങള്‍ക്കുള്ള മുന്നോടിയായിരിക്കും ഈ സമ്മേളനങ്ങള്‍ എന്നാണ് സംഘാടകരുടേയും ആക്ടിവിസ്റ്റുകളുടേയും പ്രതീക്ഷ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply