തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും പോലീസും മുഖാമുഖം

സാംസ്‌കാരിക നഗരത്തില്‍ ഒരു വിഭാഗം പോലീസും സാംസ്‌കാരിക പ്രവര്‍ത്തകരും മുഖാമുഖം അണിനിരിന്നിരിക്കുന്നു. പോലീസിന് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഈസ്റ്റ് ജനമൈത്രി സ്റ്റേഷന്‍ എസ് ഐ ലാല്‍ കുമാറിനെ ഇന്ന് 3 മണിക്കുമുമ്പെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഐജിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വാറണ്ടാണ് എസ്‌ഐക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ 22ന് രാത്രി പത്തുമണിയോടെ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികളും വിബ്ജിയിയോര്‍ […]

1653428_10202380862336496_1054444080_n-300x224

സാംസ്‌കാരിക നഗരത്തില്‍ ഒരു വിഭാഗം പോലീസും സാംസ്‌കാരിക പ്രവര്‍ത്തകരും മുഖാമുഖം അണിനിരിന്നിരിക്കുന്നു. പോലീസിന് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. തുടര്‍ച്ചയായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ ഈസ്റ്റ് ജനമൈത്രി സ്റ്റേഷന്‍ എസ് ഐ ലാല്‍ കുമാറിനെ ഇന്ന് 3 മണിക്കുമുമ്പെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഐജിക്ക് ഉത്തരവ് നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വാറണ്ടാണ് എസ്‌ഐക്കെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ 22ന് രാത്രി പത്തുമണിയോടെ സംഗീത നാടക അക്കാദമിയുടെ മുന്നില്‍ ഓട്ടോ കാത്തുനില്‍ക്കുകയായിരുന്ന ചലച്ചിത്ര വിദ്യാര്‍ത്ഥികളും വിബ്ജിയിയോര്‍ ചലചിത്രമേളയുടെ പ്രവര്‍ത്തകരുമായ നാല് യുവാക്കളെയും നീതു എന്ന സിനിമാറ്റോഗ്രാഫറായ പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തുകയും പ്രശ്‌നത്തില്‍ ഇടപെടുവാന്‍ ശ്രമിക്കുകയും ചെയ്ത അഡ്വക്കെറ്റ് ആശയെയും മകനെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും മകനെതിരെ കേസെടുക്കുകയും ചെയ്തു. യുവാക്കളെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും നീതുവിനെ ലൈംഗികമായി അതിക്രമിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെപോലും ദേഹോപദ്രവം ഏല്‍പിക്കുകയും തന്റെ ജോലി ചെയ്യാന്‍ അനുവദിക്കാതെ അഡ്വക്കെറ്റ് ആശയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും നിലത്തിട്ടു വലിക്കുകയും ചെയ്തതായി ഇവര്‍ ആരോപിക്കുന്നു. റിമാന്റ് ചെയ്ത യുവാക്കള്‍ക്ക് ജയിലില്‍ വെച്ചും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. മുഴുവന്‍ പേരും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അഡ്വക്കേറ്റ് പ്രമോദ് നല്‍കിയ പരാതിയാണ് ആശയുടെ വിശദമായ മൊഴിയെടുത്ത പോലീസ് എസ് ഐക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നീതു മര്‍ദ്ദിച്ചെന്നാരോപിച്ച് ഒരു വനിതാ സിവില്‍ പോലീസ് ഓഫീസറും ചികിത്സയിലാണ്.
ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ വിബ്ജിയോര്‍ മേളയില്‍ സംഘപരിവാര്‍ സംഘടനകള്‍ ഓഷന്‍ ഓഫ് ടിയേഴ്‌സ് എന്ന കാഷ്മീര്‍ ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചതിന് ഈ എസ് ഐ കൂട്ടുനിന്നിരുന്നതായി ആരോപണമുണ്ട്. അന്ന് റീജിയണല്‍ തിയറ്ററിലെ സ്റ്റാളുകള്‍ പോലീസിന്റെ മുന്നില്‍വെച്ച് തല്ലിതകര്‍ത്തവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. അതുമായി ബന്ധപ്പെട്ട് പരാതി പറയാന്‍ ചെന്ന അഡ്വ ആശക്കെതിരെ ഈ പോലീസുദ്യോഗസ്ഥന്‍ മോശമായി പെരുമാറി. അതിനെതിരെ ആശ ഉന്നത ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനുള്ള പ്രതികാരം കൂടിയാണ് പോലീസ് നടത്തിയതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ആശയെ മര്‍ദ്ദിച്ചതിനെതിരെ ബാര്‍ കൗണ്‍സില്‍ ഒന്നടങ്കം രംഗത്തിറങ്ങുകയും എസ്‌ഐക്കെതിരെ നടപടിയെടുക്കണെമന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേരള പോലീസ് അക്കാദമിയില്‍ പോലീസിനെ നിയമം പഠിപ്പിക്കുന്ന വ്യക്തി കൂടിയാണ് ആശ, പ്രത്യേകിച്ച് സ്ത്രീ പീഢനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍.
ചലചിത്രമേളയുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു സംഭവവും പ്രശ്‌നത്തെ രൂക്ഷമാക്കിയിരുന്നു. മേളയില്‍ പ്രതിനിധികളായ പങ്കെടുത്ത 6 സ്ത്രീകള്‍ നാടകകൃത്തും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായ ഈവ് എന്‍സ്ലറിന്റെ ‘വെജൈന മോണോലോഗ്’ എന്ന നാടകത്തിന്റെ മലയാളരൂപം പ്രതിനിധികള്‍ക്കുമുന്നില്‍ അവതരിപ്പിച്ചതാണ് വിവാദമായത്. നാടകത്തില്‍ സ്ത്രീ ലൈംഗികാവയവത്തിന്റെ പേര് പച്ചമലയാളത്തിലാണ് പറഞ്ഞിരുന്നത്. നാടകത്തിനുവേണ്ടി പതിച്ച പോസ്റ്റര്‍ അശ്ലീലമാണെന്ന് ആരോപിച്ച് പോലീസ് അത് പിടിച്ചെടുക്കുയും ചിലരെ അറസ്റ്റു ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അതും സ്ത്രീകളടക്കമുള്ള പ്രതിനിധികള്‍ ചെറുത്തുതോല്‍പ്പിച്ചു. ലിംഗനീതി ഇല്ലാത്ത ഒരു സമൂഹത്തില്‍ സ്ത്രീകളുടെ വളര്‍ച്ച ലൈംഗികതയുമായി ആഴത്തില്‍ ബന്ധപ്പെട്ടാണിരിക്കുന്നതെന്നു കരുതുന്ന ഈവ് എന്‍സ്ലര്‍ 1996ല്‍ എഴുതിയ വെജൈന മോണോലോഗ് 48 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 140 രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട നാടകമാണ്. മേളയില്‍ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കുമുന്നിലാണ് നാടകം അവതരിപ്പിച്ചതെന്നും ആര്‍ക്കുമതില്‍ പ്രതിഷേധമില്ലായിരുന്നെന്നും സംഘാടകര്‍ പറയുന്നു. കുറച്ചു ദിവസം മുമ്പ് സംഗീത നാടക അക്കാദമി തന്നെ സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവത്തില്‍ പരിപൂര്‍ണ്ണനഗ്നരായി അഭിനയിച്ച വിദേശനാടകമുണ്ടായിരുന്നു എന്നും അവര്‍ ചൂണ്ടികാട്ടുന്നു. നഗ്നത എന്തിനു വേണ്ടി എന്നതിനെ ആശ്രയിച്ചാണ് അത് കുറ്റകരമാകുന്നതെന്ന കോടതിവിധിയും നിലവിലുണ്ട് കേരളത്തിലെ പൊതുസ്ഥലങ്ങളിലും കുടുംബങ്ങൡലും പോലീസ് സ്‌റ്റേഷനുകളിലുമെല്ലാം ഇതേ വാക്ക് തെറിവാക്കായി ഉപയോഗിക്കുന്നു. എന്നാല്‍ നാടകം അശ്ലീലവും അഴിഞ്ഞാട്ടവുമാണെന്ന പ്രസ്താവനയുമായി സംഘപരിവാരസംഘടനകള്‍ രംഗത്തുവരുകയായിരുന്നു.
ഭീകരതക്കും അശ്ലീലത്തിനും പുറമെ മയക്കുമരുന്നു ആക്ഷേപവും സാസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി ഉന്നയിക്കുന്നു. സംഗീത, സാഹിത്യ അക്കാദമികളുടെ പരിസരം മയക്കുമരുന്നു കേന്ദ്രങ്ങളാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ ഈ പരിസരങ്ങളില്‍ അത്തരമൊരു സംഭവം പോലും ഉണ്ടായിട്ടില്ലെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. പോലീസാകട്ടെ വിശ്വപ്രസിദ്ധനായ സംഗീതഞ്ജന്‍ ‘ബോബ് മാര്‍ലി’ യാണ് നഗരത്തിലെ കഞ്ചാവിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ എന്നും ജമൈക്കാന്‍ പതാകയിലെ നിറങ്ങളായ പച്ച, മഞ്ഞ, ചുവപ്പ് എന്നിവ അതേ ക്രമത്തില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളെല്ലാം കഞ്ചാവിന്റെ ചിഹ്നങ്ങളാണെന്നുമുള്ള പ്രചരണത്തിലാണ്. ബിജെപി പലയിടത്തും ചെഗ്വരയേയും കഞ്ചാവ് അംബാസഡറാക്കിയിട്ടുണ്ട്.
ഈ സംഭവവികാസങ്ങള്‍ക്കെതിരെ ആദ്യഘട്ടത്തില്‍ രംഗത്തുവന്നത് സമാന്തര സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരമായിരുന്നു. ആദ്യഘട്ടത്തില്‍ കെ വേണു, സാറാജോസഫ്, സിവിക് ചന്ദ്രന്‍ തുടങ്ങിയ എഴുത്തുകാരാണ് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് സിപിഎമ്മും സിപിഐയുമായി ബന്ധപ്പെട്ടവരും രംഗത്തുവന്നു. മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ രാജാജി മാത്യു തോമസിന്റേയും സിപിഎം ചിന്തകനും കവിയുമായ രാവുണ്ണിയുടേയും മറ്റും നേതൃത്വത്തില്‍ രൂപം കൊണ്ട ആക്ഷന്‍ കൗണ്‍സിലില്‍ നഗരത്തിലെ മിക്കവാറും സാംസ്‌കാരികപ്രവര്‍ത്തകര്‍ അണി നിരന്നിട്ടുണ്ട്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്യാനാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളും ആരംഭിച്ചിട്ടുണ്ട്. മറുവശത്ത് സോഷ്യല്‍ മീഡിയ വഴി വ്യാപകമായ പ്രചരണവും സംഭവങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും സമാനമായ സംഭവം ഉണ്ടായിരുന്നു. നഗരത്തിലെ മരംവെട്ടിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര് രംഗത്തിറങ്ങുകയും തടയുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസ് സംഗീതനാടകഅക്കാദമിയിലേക്ക് മതില്‍ ചാടി കടന്ന് അവിടെയുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്തു. യുവാക്കളും യുവതികളും ഒരുമിച്ചിരിക്കുന്നു എന്നതായിരുന്നു അവര്‍ക്കെതിരായ കുറ്റം. സദാചാരപോലീസിംഗ് നിയമവിരുദ്ധമാണെന്ന ആഭ്യന്തവകുപ്പിന്റെ തീരുമാനം നിവിലുള്ളപ്പോഴാണിത്. അന്നും ശക്തമായ പ്രതിഷേധം നടന്നു. പോലീസിനെതിരെ അക്കാദമി അധികൃതര്‍ നല്‍കിയ പരാതി നിലവിലുണ്ട്.
അതിനിടെ ഈ പ്രചരണങ്ങളെ തുടര്‍ന്ന് അക്കാദമി ഭാരവാഹികളും കളം മാറ്റിചവിട്ടുകയാണെന്നും ആരോപണമുണ്ട്. ഏതു മതസംഘടനയും പ്രചരണത്തിനും ഹാള്‍ നല്‍കുന്ന സാഹിത്യ അക്കാദമി ഇപ്പോള്‍ പരിപാടികളില്ലാത്ത ദിവസങ്ങളില്‍ ഓഫീസ് സമയം കഴിഞ്ഞാള്‍ ഗേറ്റടക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സാസ്‌കാരിക സ്ഥാപനവും ഇത്തരത്തിലുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് പല എഴുത്തുകാരും ചൂണ്ടികാട്ടുന്നു. ലോകത്ത് താന്‍ പോയ സ്ഥലങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീ സാംസ്‌കാരിക ചലചിത്ര ചര്‍ച്ചള്‍ കേട്ടിട്ടുള്ളത് സാഹിത്യ അക്കാദമിയുടെ മുറ്റത്തെത്തുന്നവരില്‍ നിന്നാണെന്നും അവരില്‍ നിന്ന് താനേറെ പഠിച്ചെന്നും രാജിവെച്ചൊഴിയുമ്പോള്‍ മുന്‍ പ്രസിഡന്റ് എം മുകുന്ദന്‍ അക്കാദമി പ്രസിദ്ധീകരണത്തില്‍ തന്നെ എഴുതിയിരുന്നു. മറുവശത്ത് അവതരിപ്പിക്കുന്ന പരിപാടികളുടെ സ്‌ക്രിപ്റ്റ് കണ്ടശേഷമേ തിയറ്റര്‍ അനുവദിക്കൂ എന്ന തീരുമാനമെടുക്കുമെന്നാണ് സംഗീത നാടക അക്കാദമി ഭാരവാഹികളും പറയുന്നത്. അതേസമയം നഷ്ടപ്പെടുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കാനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമുള്ള പോരാട്ടം തുടരാനുമുള്ള തീരുമാത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍. വരുംദിവസങ്ങളില്‍ ഈ സംഭവങ്ങളുടെ തുടര്‍ ചലനങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും സാംസ്‌കാരിക നഗരത്തില്‍ ശക്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply