തീമഴ പെയ്താല്‍ പോലും നാം ജാഗ്രത കൈവിടരുത്, ജനസ്വാധീനം ഇടിയുമ്പോള്‍ അറസ്റ്റുകള്‍ ഉണ്ടാകുന്നു

അരുന്ധതി റോയി മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്ന പ്രധാനപ്പെട്ട അഞ്ച് പേരെയാണ് വിവിധയിടങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. അസംബന്ധമാര്‍ന്ന കുറ്റങ്ങള്‍ ചാര്‍ത്തി അല്‍പമാത്രമായ രേഖകള്‍ ഉപയോഗിച്ചോ അത് പോലും ഇല്ലാതെയോ ആയിരുന്നു അറസ്റ്റുകള്‍. ഇത്ര വലിയ നടപടിയെടുത്താല്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. അവര്‍ക്കറിയാമായിരുന്നു ഈ വാര്‍ത്താസമ്മേളനം നടക്കുമെന്നും ഞങ്ങള്‍ പുറകേ വരുമെന്നും. എന്നിട്ടും അവരിത് ചെയ്തു. ഇത്ര വലിയ പ്രതികരണമുണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ എന്തുകൊണ്ടാണിത് ചെയ്തത്? വോട്ടര്‍മാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വെച്ച് ലോക്നീതി-സിഎസ് ഡിഎസ്, എബിപി […]

aruഅരുന്ധതി റോയി

മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്ന പ്രധാനപ്പെട്ട അഞ്ച് പേരെയാണ് വിവിധയിടങ്ങളിലെ വീടുകളില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. അസംബന്ധമാര്‍ന്ന കുറ്റങ്ങള്‍ ചാര്‍ത്തി അല്‍പമാത്രമായ രേഖകള്‍ ഉപയോഗിച്ചോ അത് പോലും ഇല്ലാതെയോ ആയിരുന്നു അറസ്റ്റുകള്‍. ഇത്ര വലിയ നടപടിയെടുത്താല്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. അവര്‍ക്കറിയാമായിരുന്നു ഈ വാര്‍ത്താസമ്മേളനം നടക്കുമെന്നും ഞങ്ങള്‍ പുറകേ വരുമെന്നും. എന്നിട്ടും അവരിത് ചെയ്തു. ഇത്ര വലിയ പ്രതികരണമുണ്ടാകുമെന്നറിഞ്ഞിട്ടും അവര്‍ എന്തുകൊണ്ടാണിത് ചെയ്തത്?

വോട്ടര്‍മാരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വെച്ച് ലോക്നീതി-സിഎസ് ഡിഎസ്, എബിപി എന്നിവര്‍ ഈയിടെ നടത്തിയ പഠനത്തില്‍ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും പരിഭ്രമപ്പെടുത്തുന്ന രീതിയില്‍ ജനസ്വാധീനം നഷ്ടപ്പെടുകയാണെന്ന് തെളിഞ്ഞിരുന്നു. വളരെ വേഗത്തിലാണ് അവരുടെ ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. 2002ല്‍ ഗുജറാത്തില്‍ നടന്നതില്‍ നിന്ന് ഞങ്ങള്‍ക്കറിയാം, എപ്പോഴൊക്കെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയ്ക്ക് ജനസമ്മതി നഷ്ടപ്പെടുന്നോ അപ്പോഴൊക്കെ ഇത്തരത്തിലുള്ള ‘അരക്ഷിതാവസ്ഥകള്‍’ സൃഷ്ടിക്കപ്പെടും. നമ്മള്‍ അപകടകരമായ കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്ന് ഇത് അര്‍ത്ഥമാക്കുന്നു. ദയയില്ലാത്തതും നിരന്തരവുമായ ശ്രമങ്ങള്‍ ജനസ്വാധീനം ഇടിയുന്നതില്‍ നിന്ന് ശ്രദ്ധതിരിക്കാനും എതിര്‍പ്പുകളെ തകര്‍ക്കാനും ഉണ്ടാകുന്നു. ഇപ്പോള്‍ മുതല്‍ തെരഞ്ഞെടുപ്പ് വരെ തുടര്‍ച്ചയായ അറസ്റ്റ്, വധങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ബോംബാക്രമങ്ങള്‍, കലാപങ്ങള്‍ എന്നീ സര്‍ക്കസുകള്‍ നടക്കും. ആക്രമണങ്ങളുടെ എല്ലാസമയത്തും അത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുകയാണെന്ന് നാം മനസിലാക്കിയതാണ്.

ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ ആക്രമണങ്ങള്‍ കൂടുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് പഴയൊരു തന്ത്രമാണ്. പക്ഷെ ഇപ്പോഴത് ‘ശ്രദ്ധതിരിച്ച് ഭരിക്കുക’ എന്നായിരിക്കുന്നു. എപ്പോഴാണ്, എവിടെ വെച്ചാണ്, എങ്ങിനെയാണ്, ഏതു തരത്തിലുള്ള ഇടിത്തീയാണ് ഞങ്ങളുടെ തലയില്‍ വീഴാന്‍ പോകുന്നതെന്ന് അറിയില്ല. അറസ്റ്റ് ചെയ്യപ്പെട്ട പ്രവര്‍ത്തകരേക്കുറിച്ചും അഭിഭാഷകരേക്കുറിച്ചും പറയുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. തീ മഴ പെയ്യുമ്പോള്‍ പോലും വിചിത്രമായ സംഭവങ്ങള്‍ നടക്കുമ്പോഴും നമ്മുടെ ശ്രദ്ധയില്‍ നിന്ന് മാറിപ്പോകരുതാത്ത കാര്യങ്ങളാണത്.

2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി ടിവിയില്‍ വന്ന്, (ചിലപ്പോള്‍ അദ്ദേഹത്തിന്റെ മന്ത്രിസഭപോലും അറിയാകാതെയാകും ആ പ്രത്യക്ഷപ്പെടല്‍) വിപണിയില്‍ നിലവിലുള്ള 80 ശതമാനം കറന്‍സികളും നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിട്ട് ഒരു വര്‍ഷവും ഒമ്പത് മാസവും കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വന്തം മന്ത്രിസഭ വരെ ആശ്ചര്യപ്പെട്ടുപോയി. നിരോധിക്കപ്പെട്ട 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. നോട്ട് നിരോധനത്തിലൂടെ ജിഡിപി ഒരു ശതമാനത്തോളം താഴെ പോയെന്നും 15 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായെന്നും ഗാര്‍ഡിയന്‍ പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. 15ലക്ഷം ജോലികള്‍!. പുതിയ കറന്‍സ് അച്ചടിക്കുന്നതിന് മാത്രം ആയിരക്കണക്കിന് കോടികള്‍. നോട്ട് നിരോധനത്തിന് ശേഷം ചരക്കുസേവന നികുതി വന്നു, ചെറുതും ഇടത്തരവുമായ കച്ചവടങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട്. പാവപ്പെട്ടവര്‍ ദുരിതമനുഭവിച്ചപ്പോള്‍ ബിജെപിയോടടുത്ത് നില്‍ക്കുന്ന കോര്‍പറേറ്റുകളുടെ സമ്പത്ത് അനേകമടങ്ങായി വര്‍ധിച്ചു. വിജയ് മല്യ, നീരവ് മോഡി എന്നിവരെപ്പോലെയുള്ള ബിസിനസുകാര്‍ക്ക് പൊതുസ്വത്ത് കൊള്ളയടിക്കാന്‍ അനുവാദം നല്‍കപ്പെട്ടു. ഏത് തരത്തിലുള്ള അക്കൗണ്ടബിലിറ്റിയാണ് നമുക്കിതില്‍ നിന്ന് കിട്ടിയത്? പൂജ്യം. ജനങ്ങളുടെ പോക്കറ്റടിക്കപ്പെട്ടു. ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം ഇടുമെന്ന് പറഞ്ഞു. കിട്ടിയോ? പകരം ജനങ്ങളുടെ പോക്കറ്റില്‍ കൈയിട്ടു. ഇതെല്ലാം ബിജെപിയ്ക്ക് 2019 തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ വേണ്ടിയാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പാര്‍ട്ടിയായി ബിജെപി മാറിയിരിക്കുന്നു. പാര്‍ട്ടികളുടെ വരുമാനസ്രോതസ് വെളിപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞടുപ്പ് അധികാരികളും പറയുന്നു.

അവര്‍ക്ക് പണമുണ്ട്, ഇലക്ടോണിക് വോട്ടിങ് മെഷീനുകളുണ്ട്, അവരുടെ പക്കല്‍ വോട്ടര്‍ പട്ടികയുമുണ്ട് . വരാന്‍ പോകുന്ന തെരഞ്ഞടുപ്പില്‍ നമ്മളെന്തു ചെയ്യണമെന്ന് കണ്ടറിയണം. 2016ല്‍ മോഡി ഉല്‍ഘാടനം ചെയ്ത മെയ്ക്ക് ഇന്ത്യ പരിപാടിക്കിടെ മുംബൈയില്‍ നടന്ന പരിഹാസക്കൂത്ത് നമ്മള്‍ ഓര്‍ക്കുന്നുണ്ട്. ഒരു വന്‍ തീപിടുത്തത്തില്‍ മെയ്ക്ക് ഇന്ത്യ ടെന്റ് കത്തിയമര്‍ന്നു. പക്ഷെ യഥാര്‍ത്ഥ തീ എന്നുപറയുന്നത് പുതിയ റാഫേല്‍ ഇടപാടാണ്. പ്രധാനമന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ഈ കരാര്‍ ഒരിക്കല്‍ കൂടി പാരീസില്‍ വെച്ച് പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ തന്നെ പ്രതിരോധമന്ത്രിയോടും പോലും ചര്‍ച്ച ചെയ്യാതെ. 2012ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഈ കരാര്‍ ആദ്യമുണ്ടാകുന്നത്. അവിടെ നിന്ന് വിമാനഭാഗങ്ങള്‍ വാങ്ങി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് അവ അസംബിള്‍ ചെയ്യും എന്നായിരുന്നു കരാറിലുണ്ടായിരുന്നത്. ബിജെപി പ്രഖ്യാപിച്ച പുതിയ കരാറില്‍ സങ്കല്‍പിക്കാനാവാത്തവിധം അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ജീവിതത്തില്‍ ഇതുവരെ ഒരു വിമാനം പോലും നിര്‍മിക്കാത്ത അനില്‍ അംബാനിയുടെ റിലയന്‍സിന് കരാര്‍ കൈമാറിയതിനെ വിമര്‍ശിക്കുകയും ചെയ്തു. ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നമുക്കത് പ്രതീക്ഷിക്കാന്‍ ആകുമോ?

മൂന്നാമതായി.. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടകപൊലീസ് നടത്തിയ അന്വേഷണത്തില്‍ സനാതന്‍ സന്‍സ്ത ഉള്‍പെടെയുള്ള ഹിന്ദു ഭീകര സംഘടനകളേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുകയുണ്ടായി. ഹിറ്റ്ലിസ്റ്റ്, ഒളിസങ്കേതങ്ങള്‍, സുരക്ഷാസങ്കേതങ്ങള്‍, ആയുധങ്ങള്‍, സ്ഫോടവസ്തുശേഖരങ്ങള്‍, ബോംബാക്രമണം നടത്താനും വധങ്ങള്‍ നടത്താനും ആളുകളെ വിഷം കൊടുത്ത് കൊല്ലാനുമുള്ള പദ്ധതികള്‍ എന്നിവയോടെ നിഴലില്‍ നില്‍ക്കുന്ന ഭീകരസംഘടനാ ശൃംഖലയേക്കുറിച്ചും പുറത്തറിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള എത്ര സംഘടനകളേക്കുറിച്ച് അറിയാം? അധികാരമുള്ളവരുടെയും പൊലീസിന്റെ വരെയും ആശീര്‍വാദമുണ്ടെന്ന ഉറപ്പോടെ അവരില്‍ എത്രയെണ്ണം ഇപ്പോഴും രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടാവും? തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്താകും അവര്‍ നമുക്ക് വേണ്ടി കരുതിയിരിക്കുക? എവിടെയാകും ആക്രമണമുണ്ടാകുക? കശ്മീരിലോ? അയോദ്ധ്യയിലോ? കുംഭമേളയ്ക്കിടയിലോ? ചെറുതോ വലുതോ ആയ ആക്രമണങ്ങളിലൂടെ എത്ര എളുപ്പത്തില്‍ വേണമെങ്കിലും എല്ലാകാര്യങ്ങളും അവര്‍ക്ക് വഴിതിരിച്ചുവിടാനാകും. ഓമനകളായ മാധ്യമസ്ഥാപനങ്ങള്‍ ഉച്ചഭാഷിണികളാകും.

യഥാര്‍ത്ഥ ഭീഷണിയില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി അടുത്തയിടെ നടന്ന അറസ്റ്റുകളുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തകര്‍ത്തുകളയുന്നതിലെ വേഗത നോക്കുക. നമ്മുടെ കണ്‍മുന്നില്‍ വെച്ച് ജെഎന്‍യു നശിപ്പിക്കപ്പെടുന്നു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും എങ്ങിനെയാണ് അപകീര്‍ത്തിപ്പെടുന്നതെന്ന് നാം കണ്ടു. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മുഖ്യധാര മാധ്യമങ്ങളുടെ അപകീര്‍ത്തി ക്യാംപെയ്നുകളും നമ്മള്‍ കണ്ടു. നുണകള്‍, വ്യജദൃശ്യങ്ങള്‍ എല്ലാം നയിക്കപ്പെട്ടത് കനയ്യ കുമാറിന്റെ മര്‍ദ്ദനത്തിലേക്കും ഉമര്‍ ഖാലിദിന്റെ വധശ്രമത്തിലേക്കുമാണ്. ആരാണ് ഇതിന് ഉത്തരവാദിത്തം വഹിക്കുക?

മറ്റൊരു പ്രധാനപ്പെട്ട കാര്യം വിദ്യാഭ്യാസത്തിന്റെ ദ്രുതഗതിയിലുള്ള സ്വകാര്യവല്‍ക്കരണമാണ്. ഈ നയം വിദ്യാഭ്യാസത്തെ പുനര്‍ ബ്രാഹ്മണവല്‍ക്കരിക്കല്‍ അല്ലാതെ മറ്റൊന്നുമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ, ഫീസ് ഉയര്‍ത്തുന്നതിലൂടെ, സംവരണത്തിലൂടെയുള്ള ചെറിയ ആനുകൂല്യങ്ങള്‍ പോലും എസ് സി എസ്ടി വിഭാഗക്കാര്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും നിഷേധിക്കുന്നതിലൂടെ, ഇവര്‍ ഭീതിജനകമായ വേഗതയില്‍ പുറന്തള്ളപ്പെടുന്നു. പുസ്തകങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കുന്നതും കോര്‍പറേറ്റുകളോട് ചേര്‍ന്നുനില്‍ക്കുന്നതുമെല്ലാം നമുക്ക് മറികടക്കാനാവാത്ത ബുദ്ധിഭ്രമത്തിലേക്കാണ് എത്തിക്കുന്നത്.

ഈയിടെ നടന്ന അറസ്റ്റുകളിലേക്ക് വരികയാണെങ്കില്‍.. അവര്‍ ശരിക്കും ആരാണെന്ന് നമുക്ക് അറിയാം. നമുക്കിത് മറക്കാതിരിക്കാം. അഭിഭാഷകരേയും മനുഷ്യാവകാശപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളെ ഒറ്റപ്പെടുത്തുകയാണ്. കാരണം അവര്‍ ഈ ലക്ഷങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിലൂടെ അവരെ അറസ്റ്റ് ചെയ്യുകയും നിശ്ശബ്ദരാക്കുകയുമാണ്. ഈ ജനതയുടെ മുഴുവന്‍ ഭരണഘടനാപരമായ അവകാശങ്ങളെയും ഇതിലൂടെ ചീന്തിക്കളയുകയാണ്.

ജിഗ്‌നേഷ് പറഞ്ഞതുപോലെ എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്തെന്നാരോപിച്ച് ഇവരെ അറസ്റ്റ് ചെയ്യുമ്പോള്‍ തിരിച്ചറിവുള്ള ദളിത് അഭിലാഷങ്ങളെ വിശ്വാസയോഗ്യമല്ലാതാക്കി തീര്‍ക്കുകയാണ്. യുപിഎ സര്‍ക്കാരായാലും ബിജെപിയായാലും അവര്‍ക്ക് സജീവരായ ദളിതരേയും ആദിവാസികളേയും നക്സലുകള്‍ എന്ന് വിളിക്കണം. കാരണം അവര്‍ക്ക് ഈ ഭിന്നിപ്പിലൂടെ ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരെയുള്ള ആക്രമണങ്ങളെ കപടവേഷം ധരിപ്പിക്കണം. ഇന്ന് നാം സംസാരിക്കുന്നതിനിടെ ദരിദ്രരായ ആയിരക്കണക്കിനാളുകള്‍ ജയിലിലാണ്. അവര്‍ വീടുകള്‍ക്കും ഭൂമിയ്ക്കും ആത്മാഭിമാനത്തിനും വേണ്ടി പോരടിക്കുന്നു. രാജ്യദ്രോഹവും അതിനേക്കാള്‍ വലിയ കുറ്റങ്ങളും ആരോപിച്ച് വിചാരണ പോലും ഇല്ലാതെ തിങ്ങിനിറഞ്ഞ ജയിലുകളില്‍ കഴിയുന്നു.
ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ട വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, സുധ ഭരദ്വാജ്, വരവര റാവു, ഗൗതം നവലാഖ എന്നിവരില്‍ ആരും 2017 ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് റാലിയില്‍ പങ്കെടുത്തിരുന്നില്ല. പിറ്റേദിവസം ഭീമ- കൊറേഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാര്‍ഷികം അനുസ്മരിക്കാന്‍ ഏകദേശം മൂന്ന് ലക്ഷം ആളുകള്‍ (ഭൂരിപക്ഷവും ദളിതര്‍) ഒത്തുചേര്‍ന്ന റാലിയിലും അവരുണ്ടായിരുന്നില്ല. എല്‍ഗാര്‍ പരിഷത്ത് വിരമിച്ച രണ്ട് പ്രമുഖ ജഡ്ജിമാര്‍ സംഘടിപ്പിച്ചതാണ്. ജസ്റ്റിസ് പിബി സാവന്ത്, ജസ്റ്റിസ് കൊല്‍സെ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന്. പിറ്റേന്ന് നടത്തിയ റാലി ഹിന്ദുത്വ തീവ്രവാദികള്‍ ആക്രമിച്ചു. ഇത് രണ്ട് ദിവസം നീണ്ടുനിന്ന സംഘര്‍ഷിലേക്ക് നയിക്കുകയാണുണ്ടായത്. പ്രധാനപ്രതികളായ മിലിന്ദ് എക്ബോതെ, മിലിന്ദ് ഭിഡെ എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എഫ്ഐആര്‍ പ്രകാരം റോണ വില്‍സണ്‍, സുധീര്‍ ധാവ്ലെ, ഷോമ സെന്‍, മിഹിര്‍ റൗത്ത്, സുരേന്ദ്ര ഗാഡ്ലിങ് എന്നിവരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തു. അവര്‍ റാലിയ്ക്കിടെ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നുമാണ് ആരോപിച്ചിരിക്കുന്നത്. ഭാഗ്യത്തിന് അവര്‍ ജീവനോടെയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ കുറ്റം ആരോപിക്കപ്പെട്ട ഇസ്രത് ജഹാന്‍, സൊഹ്റാബുദ്ദീന്‍, കൗസര്‍ ബി എന്നിവര്‍ വിചാരണ വരെ ജീവിച്ചിരുന്നില്ല.

ഈ പത്തുപേരെ, മൂന്ന് അഭിഭാഷകരെ, ഏഴ് പ്രശസ്തരായ മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലൂടെ ദുര്‍ബലരായ ജനങ്ങളെയൊട്ടാകെ നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ നിന്നും പ്രാതിനിധ്യത്തില്‍ നിന്നും വിലക്കുകയാണ്. കാരണം ഇവര്‍ അവരെയാണ് പ്രതിനിധാനം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബസ്തറില്‍ നിരീക്ഷണ കൂട്ടമായ സല്‍വാ ജുദൂമിനെ വളര്‍ത്തിയെടുക്കുകയും ആളുകളെ കൊന്നൊടുക്കുകയും ഗ്രാമങ്ങള്‍ അപ്പാടെ ചുട്ടുകരിക്കുകയും ചെയ്ത് ഉഗ്രത കാട്ടുകയും ചെയ്തപ്പോള്‍ അന്ന് ഛത്തീസ്ഗഢ് പിയുസിഎല്‍ (പൗരാവകാശ ജനകീയ പ്രസ്ഥാനം) ജനറല്‍ സെക്രട്ടറിയായിരുന്ന ഡോ. ബിനായക് സെന്‍ ഇരകള്‍ക്ക് വേണ്ടി സംസാരിച്ചു. ബിനായക് സെന്‍ ജയിലില്‍ അടയ്ക്കപ്പെട്ടപ്പോള്‍ തൊഴിലാളി യൂണിയന്‍ നേതാവും അഭിഭാഷകയുമായ സുധ ഭരദ്വാജ് ആ സ്ഥാനത്ത് നിര്‍ന്ന് പ്രവര്‍ത്തിച്ചു. ബസ്തറിലെ സൈനികനീക്കങ്ങള്‍ക്കെതിരെ നിരന്തരം പ്രചരണം നടത്തിയ പ്രൊഫ. സായിബാബ ബിനായക് സെന്നിനൊപ്പം നിന്നു. അവര്‍ സായിബാബയെ അറസ്റ്റു ചെയ്തപ്പോള്‍ റോണ വില്‍സണ്‍ അദ്ദേഹത്തിനൊപ്പം നിന്നു. സുരേന്ദ്ര ഗാഡ്ഗില്‍ സായിബാബയുടെ അഭിഭാഷകനായിരുന്നു. അവര്‍ റോണാ വില്‍സണേയും സുരേന്ദ്രഗാഡ്ഗിലിനേയും അറസ്റ്റു ചെയ്തപ്പോള്‍ സുധ ഭരദ്വാജും ഗൗതം നവലാഖയും അവര്‍ക്കൊപ്പം നിന്നു. അങ്ങനെ അതു നീളുകയാണ്.
ദുര്‍ബലരായവര്‍ ഭരണകൂടത്താല്‍ വളയപ്പെടുകയും നിശബ്ദരാക്കപ്പെടുകയും ചെയ്യുന്നു. ശക്തമായി പ്രതികരിക്കുന്നവര്‍ ജയിലില്‍ അടക്കപ്പെടുന്നു. രാജ്യത്തെ വീണ്ടെടുക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ..

(ഡല്‍ഹിയിലെ പ്രസ്‌ക്ലബ് ഓഫ് ഇന്ത്യയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍….)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply