തിരിച്ചുപിടിക്കുക ചക്കയെ

ഇ.പി. കാര്‍ത്തികേയന്‍ വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നത് പഴമൊഴി. അത് കുറച്ചുകൂടി വിസ്തരിച്ച് തൃശൂരിയന്‍ സ്റ്റൈലിലാക്കിയാല്‍ എല്ലാം ചക്കകൊണ്ട് എന്നുമാകാം. ചക്കകൊണ്ടുതന്നെ സാമ്പാറും മോരും എന്നതു തൃശൂരിന്റെ സ്വന്തം ശൈലിയാണ്. എന്നാല്‍ ഇതെല്ലാം വെറുംവാക്കല്ല എന്നാണ് മൂന്നു ദിവസമായി തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ചക്ക വിഭവങ്ങള്‍ ഒരുക്കുന്നതിനെ സംബന്ധിച്ച് സംഘടിപ്പിച്ച ശില്‍പശാല തെളിയിക്കുന്നത്. ചക്കകൊണ്ടുള്ള വൈവിധ്യപൂര്‍ണമായ വിഭവങ്ങള്‍ കേട്ടുകേള്‍വിയല്ലെന്ന് അനുഭവവേദ്യമാക്കുന്നതാകട്ടെ കൈപുണ്യമുള്ള വനിതകളും. പോഷകസമ്പന്നവും രോഗപ്രതിരോധശേഷിയുള്ളതുമായ ചക്ക പഴമക്കാര്‍ക്ക് അന്യമായിരുന്നില്ല. ചക്ക അട, ചക്കക്കുരു […]

chakkaഇ.പി. കാര്‍ത്തികേയന്‍

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നത് പഴമൊഴി. അത് കുറച്ചുകൂടി വിസ്തരിച്ച് തൃശൂരിയന്‍ സ്റ്റൈലിലാക്കിയാല്‍ എല്ലാം ചക്കകൊണ്ട് എന്നുമാകാം. ചക്കകൊണ്ടുതന്നെ സാമ്പാറും മോരും എന്നതു തൃശൂരിന്റെ സ്വന്തം ശൈലിയാണ്. എന്നാല്‍ ഇതെല്ലാം വെറുംവാക്കല്ല എന്നാണ് മൂന്നു ദിവസമായി തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ചക്ക വിഭവങ്ങള്‍ ഒരുക്കുന്നതിനെ സംബന്ധിച്ച് സംഘടിപ്പിച്ച ശില്‍പശാല തെളിയിക്കുന്നത്.
ചക്കകൊണ്ടുള്ള വൈവിധ്യപൂര്‍ണമായ വിഭവങ്ങള്‍ കേട്ടുകേള്‍വിയല്ലെന്ന് അനുഭവവേദ്യമാക്കുന്നതാകട്ടെ കൈപുണ്യമുള്ള വനിതകളും. പോഷകസമ്പന്നവും രോഗപ്രതിരോധശേഷിയുള്ളതുമായ ചക്ക പഴമക്കാര്‍ക്ക് അന്യമായിരുന്നില്ല. ചക്ക അട, ചക്കക്കുരു കറി, ചക്കപ്പഴം വരട്ടിയത്, ചക്ക ഉപ്പേരി, ചക്ക കറി, ചക്ക വറുത്തത് തുടങ്ങിയവ നമ്മുടെ നാടന്‍ വിഭവങ്ങളാണ്. എന്നാല്‍ കാലം മുന്നേറിയപ്പോള്‍, പാക്കറ്റ് വിഭവങ്ങള്‍ വിപണി കീഴടക്കിയപ്പോള്‍ ചക്ക നമ്മുടെ തീന്‍മേശകളില്‍നിന്ന് പൊയ്‌പ്പോയി. വളമിടാതെ, നനയ്ക്കാതെ, ആരും നോക്കാതെ തൊടികളില്‍ വളര്‍ന്ന ചക്ക മതിവരാത്ത രുചികളുടെയും കണക്കില്ലാത്ത സമ്പത്തിന്റെയും ഉല്‍പ്പന്നമാണെന്ന് തെളിയിക്കുന്നതായിരുന്നു പരിശീലനപരിപാടി. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നാല്‍പതോളം സ്ത്രീകളാണ് ചക്ക മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പരിശീലനപരിപാടിയില്‍ പങ്കെടുത്തത്. ശില്പശാലയുടെ സമാപനദിവസമായ വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ലീല സുബ്രഹ്മണ്യന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്ക് അത് രുചിയുടെ പുതിയൊരു അനുഭവംകൂടി സമ്മാനിച്ചു. വേണമെങ്കില്‍ ചക്കകൊണ്ട് സദ്യയൊരുക്കാം എന്ന്് തെളിയിക്കുന്നതായിരുന്നു സമാപനം.
ചക്ക കൊണ്ടുള്ള പത്തിലേറെ വിഭവങ്ങള്‍ കൂട്ടി കുശാലായ ശാപ്പാടും കഴിച്ചാണ് പലരും ചക്കയുടെ മഹത്വം നേരിട്ടറിഞ്ഞത്. ചക്കകൊണ്ട് വെള്ളമോ… സംശയിക്കേണ്ട. ചക്കവിഭവങ്ങള്‍ കൂട്ടി സദ്യ കഴിച്ചവര്‍ക്ക് ചക്കകൊണ്ടുള്ള വെള്ളമാണ് കുടിക്കാന്‍ നല്‍കിയത്. ചക്കയുടെ പുറംഭാഗമായ മുള്ള് ഉപയോഗിച്ചാണ് വെള്ളമുണ്ടാക്കുന്നത്. മാംസഭക്ഷണപ്രിയര്‍ക്ക് ഇഷ്ടമുള്ള ചിക്കന്‍ 65 നു പകരം ചക്ക 65, ചക്ക മസാലക്കറി, ചക്ക മട്ടന്‍ സ്റ്റൈല്‍ കറി, ചക്ക മപ്പാസ്, ചക്ക മഞ്ജൂരിയന്‍, ചക്ക പനീര്‍കറി, ചക്ക സൂപ്പ്, ചക്ക സോസ്, ചക്ക കട്‌ലറ്റ്, ഇടിച്ചക്കത്തോരന്‍, ചക്ക അച്ചാര്‍, ചക്ക പുളിങ്കറി, ചക്ക ഇഞ്ചിക്കറി, ചക്ക പപ്പടം തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങളാണ് പരിശീലനപരിപാടിയുടെ ഭാഗമായി തയ്യാറാക്കിയത്. കൂടാതെ പാലക്കാട് ചെതലിയില്‍നിന്നുള്ള ചക്കകൊണ്ടുള്ള ഐസ്‌ക്രീമും. ഇതെല്ലാം കൂട്ടിയുള്ള സദ്യ കഴിച്ചവരെല്ലാം ഒരു പോലെ പറഞ്ഞു. ചക്കകൊണ്ട് എന്തുമാവാം; നോണ്‍വെജ് പോലെയുള്ള ഭക്ഷണവുമുണ്ടാക്കാം.
അതുതന്നെയാണ് ഇതിനെല്ലാം നേതൃത്വപരമായ പങ്കുവഹിക്കുന്ന സി.ഡി. സുനീഷ് അഭിപ്രായം. ചക്കയുടെ മുള്ളു മുതല്‍ ചുള, കുരു തുടങ്ങി എന്തും ഭക്ഷണത്തിനു മാത്രമല്ല, നല്ല വരുമാനത്തിനും ഉപകരിക്കും.
ആയിരം കോടി രൂപയുടെ ചക്കയാണ് പ്രതിവര്‍ഷം നാം പാഴാക്കുന്നത്. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ വമ്പിച്ച വരുമാനത്തിനുള്ള ഉപാധിയാണ് ചക്ക. പ്രാദേശിക ആരോഗ്യസമ്പ്രദായങ്ങളുടെ പുനരുജ്ജീവനം കൂടിയാവും ചക്കയുടെ ഉപയോഗം. കാന്‍സറിനു വരെ ഫലപ്രദമാണ് ചക്കുക്കുരുവിന്റെ പൊടിയെന്ന് തെളിയിക്കപ്പെട്ടിട്ടുുണ്ട്. ആഹാരത്തോടൊപ്പം ഔഷധവുമായ ചക്കയെ മൂല്യവര്‍ധത ഉല്‍പ്പന്നങ്ങളാക്കി കയറ്റുമതി ചെയ്താല്‍ രാജ്യത്തിനു വിദേശനാണ്യവും നേടാനാവും. കാരണം യൂറോപ്പില്‍ ചക്കയില്ല. ഇല ആടിനും ചക്ക ആനയ്ക്കും തീറ്റയായും മരം വീട്ടാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിലൂടെ പ്ലാവിന്റെ ഗുണം നമുക്കറിയാം. ചക്ക ഒരു പരിസ്ഥിതി സൗഹൃദ വൃക്ഷമാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ആധിക്യത്തെ ചെറുക്കുന്നതിനും ചൂട് കുറയ്ക്കുന്നതിനും പ്ലാവ് സഹായിക്കുന്നുണ്ട്. എന്നാല്‍ പഴയ തലമുറ മനസിലാക്കിയിരുന്നതുപോലെ ചക്കയുടെ മഹത്വം നമുക്കറിയില്ല. അതിന് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണനം ചെയ്യുന്നതിന് ചെറുകിട കര്‍ഷകരെ പ്രോത്സാഹിപ്പിക്കണം. വിപണി ഒരു പ്രശ്‌നമേയല്ല. നിര്‍ത്തിവച്ചിരുന്ന ചക്ക ഉല്പാദനം ചൈന വീണ്ടും തുടങ്ങിയിരിക്കുകയാണ്. 25,000 ഹെക്ടറിലാണ് ചൈന ചക്കകൃഷി തുടങ്ങിയിരിക്കുന്നത്. ചൈനയില്‍നിന്നുള്ള പാക്കറ്റിലാക്കിയ ചക്ക ഉല്‍പന്നങ്ങളും ഇവിടേക്ക് വരുമെന്നാണ് ഇതു നല്‍കുന്ന സൂചനയെന്നും സുനീഷ് പറഞ്ഞു. ശ്രീലങ്കയിലാണെങ്കില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ചക്ക.
കേരളത്തില്‍നിന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക കയറ്റി അയക്കുന്നുണ്ട്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനു പകരമായിട്ടാണ് അവിടങ്ങളില്‍ ചക്ക ഉപയോഗിക്കുന്നത്. എന്നാല്‍ ചക്കയുടെ വില കേരളീയര്‍ മനസിലാക്കി വരുന്നതേയുള്ളൂ. ചക്ക മഹോത്സവം പോലുള്ളവ സംഘടിപ്പിക്കുന്നുണ്ട്. അതിനു പകരം ഉല്പാദനസമ്പ്രദായമാണ് ഉണ്ടാകേണ്ടത്. കോമണ്‍ ഫെസിലിറ്റി സെന്റര്‍ സ്ഥാപിച്ച് സാറ്റലൈറ്റ് കേന്ദ്രങ്ങളുണ്ടാക്കി മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാം-സുനീഷ് പറഞ്ഞു. ഇതിനു ഏതു തരത്തിലുള്ള സഹായവും ചെയ്യാന്‍ വയനാട്ടിലെ എക്‌സ്‌പെര്‍ട്ടോ ക്രെഡെ എന്ന സംഘടന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചക്കയുടെ സംസ്‌ക്കരണം, ചക്കയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണനം എന്നിവ ലക്ഷ്യമിട്ടാണ്  ജില്ലാ വ്യവസായ കേന്ദ്രം ചക്ക വിഭവ നിര്‍മ്മാണത്തിലും ചക്ക സംസ്‌ക്കരണത്തിലും പരിശീലനം നല്‍കിയത്. തെരഞ്ഞെടുത്ത 35 വനിതകള്‍ക്കായിരുന്നു പരിശീലനം. കനറാബാങ്കിന്റെ സഹായത്തോടെ സംഘടിപ്പിച്ച മൂന്നു ദിവസത്തെ പരിശീലനത്തിന് വയനാട് ഉറവിലെ സുനീഷ് നേതൃത്വം നല്‍കി. പരിശീലന സമാപനത്തോടനുബന്ധിച്ചാണ് ചക്ക വിഭവ പ്രദര്‍ശനവും ഇരുനൂറിലേറെ പേര്‍ക്ക് സദ്യയും വിളമ്പിയത്.
കേരളത്തില്‍ വര്‍ഷംതോറും 3 ലക്ഷം ടണ്‍ചക്ക വിളയുന്നുവെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനവും പാഴായി പോകുന്നു. പോഷക സമൃദ്ധവും രാസവളം ഏല്‍ക്കാത്തതുമായ ചക്കപഴത്തിന് വിദേശങ്ങൡപ്പോലും ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ കാര്യക്ഷമമായ സംസ്‌കരണ മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ വിളയുന്ന ചക്ക മുഴുവന്‍ഉപയോഗിക്കാന്‍ കഴിയുന്നില്ല. ഈയൊരു പശ്ചാത്തലത്തിലാണ് ജില്ലാ വ്യവസായകേന്ദ്രം ചക്ക സംസ്‌കരണ മേഖലയില്‍ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കൃപകുമാര്‍ പറഞ്ഞു. ചാലക്കുടി എക്‌സ് സര്‍വ്വീസ്‌മെന്‍ സൊസൈറ്റിക്ക് ചക്ക സംസ്‌ക്കരണഫാക്ടറി തുടങ്ങാന്‍ 13.55 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
പരിശീലന പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് പത്തനംതിട്ട ക്യൂറി വിജ്ഞാന്‍ കേന്ദ്രത്തിലും മൈസൂര്‍ സര്‍വ്വകലാശാലയിലും  കൂടുതല്‍ പരിശീലനം നല്‍കാനും വ്യവസായ കേന്ദ്രത്തിന് പദ്ധതിയുണ്ട്. ലീഡ് ബാങ്കായ കനറാ ബാങ്ക്, ജില്ലാ വ്യവസായ കേന്ദ്രം, വെറ്റിലപ്പാറ എക്‌സ് സര്‍വീസ്‌മെന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply