താങ്കളുടെ അവകാശവാദങ്ങള്‍ ശരിയല്ല ഗൗതം (സാരംഗ്)……

ഹരികുമാര്‍ ക്ഷമിക്കണം ഗൗതം (സാരംഗ്)….. മാതൃഭൂമി ആഴ്ചപതിപ്പില്‍ സ്‌കൂളില്‍ പോകാതെ താങ്കള്‍ നേടിയ നേട്ടങ്ങളെ കുറിച്ചുള്ള നീണ്ട അവകാശവാദങ്ങള്‍ വായിച്ചു. ലോകത്തെ ഏതു വിഷയത്തിലുമെന്ന പോലെ കുറെയൊക്കെ ശരി അതിലുമുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട താങ്കളുടെ ഭൂരിഭാഗം നിലപാടുകളോടും അവകാശവാദങ്ങളോടും യോജിപ്പില്ല എന്നു പറയട്ടെ. എല്ലാവര്‍ക്കുമറിയാവുന്ന പോലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രായോഗിക ജീവിതത്തില്‍ നേരിടുന്ന വിഷയങ്ങളുമായി വിദ്യാഭ്യാസത്തിനു കാര്യമായ ബന്ധമില്ല എന്നതുതന്നെയാണ് അതില്‍ മുഖ്യം. ഏറെ കാലമായി ചര്‍ച്ച ചെയ്യുന്നതും ചെറിയ രീതിയിലെങ്കിലും […]

gouthamഹരികുമാര്‍

ക്ഷമിക്കണം ഗൗതം (സാരംഗ്)….. മാതൃഭൂമി ആഴ്ചപതിപ്പില്‍ സ്‌കൂളില്‍ പോകാതെ താങ്കള്‍ നേടിയ നേട്ടങ്ങളെ കുറിച്ചുള്ള നീണ്ട അവകാശവാദങ്ങള്‍ വായിച്ചു. ലോകത്തെ ഏതു വിഷയത്തിലുമെന്ന പോലെ കുറെയൊക്കെ ശരി അതിലുമുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട താങ്കളുടെ ഭൂരിഭാഗം നിലപാടുകളോടും അവകാശവാദങ്ങളോടും യോജിപ്പില്ല എന്നു പറയട്ടെ.
എല്ലാവര്‍ക്കുമറിയാവുന്ന പോലെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രായോഗിക ജീവിതത്തില്‍ നേരിടുന്ന വിഷയങ്ങളുമായി വിദ്യാഭ്യാസത്തിനു കാര്യമായ ബന്ധമില്ല എന്നതുതന്നെയാണ് അതില്‍ മുഖ്യം. ഏറെ കാലമായി ചര്‍ച്ച ചെയ്യുന്നതും ചെറിയ രീതിയിലെങ്കിലും ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നതുമായ വിഷയമാണത്. നിരന്തരമായ ഇടപെടലിലൂടെ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കുകയാണ് വേണ്ടത്.  ആകാശവാണിയിലൂടെ ആദിവാസി ഭാഷ സംപ്രേക്ഷണം ചെയ്യുന്നതിനെ കുറിച്ച് താങ്കള്‍ പറയുന്നതെന്താണ്? പുതിയ റേഡിയോ സ്‌റ്റേഷന്‍ തുടങ്ങുകയല്ല, നിലവിലുള്ളതിനെ ഉപയോഗിക്കലാണ് ശരിയെന്ന്. വിദ്യാഭ്യാസത്തിലും അത് ബാധകമാണ്. ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന മാതാപിതാക്കള്‍ക്ക് ജനിച്ച താങ്കള്‍ക്ക് സ്‌കൂളില്‍ പോകാതെ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ കഴിഞ്ഞു. പക്ഷെ എവിടെയെല്ലാം പോയാണ് പഠിച്ചതെന്ന് താങ്കള്‍ തന്നെ പറയുന്നുണ്ട്. ഹിന്ദി പഠിക്കാന്‍ മഹാരാഷ്ട്രയില്‍ വരെ പോയി. നല്ലത്. അതേസമയം തൊഴിലന്വേഷിച്ച് മുംബൈയില്‍ പോയി ഹിന്ദി പഠിച്ച തലമുറ ഇപ്പോഴും ഇവിടെയുണ്ട് എന്നു മറക്കരുത്. പഠനകാലത്ത് പല തൊഴിലുകളും ചെയ്തതായും അവയില്‍ നിന്നും പഠിച്ചതായും താങ്കള്‍ പറയുന്നു. അതുപോലെ കഷ്ടപ്പെട്ട് ജോലി ചെയ്ത് പഠിക്കുന്ന എത്രയോ പേരെ കാണിച്ചുതരാം.
ചോദ്യമിതാണ്. സാധാരണക്കാരായ മഹാഭൂരിക്ഷത്തിന് താങ്കള്‍ പഠിച്ചപോലെ പഠിക്കാന്‍ കഴിയുമോ? അതും അട്ടപ്പാടി പോലെയുള്ള മേഖലയില്‍ നിന്ന്.. എന്തുകൊണ്ട് താങ്കള്‍ ഒഴികെ മറ്റെല്ലാ കുട്ടികളും സാരംഗില്‍ നിന്ന് വിട്ടുപോയി? മറ്റു കുട്ടികളെ കൂടെ നിര്‍ത്താന്‍ അധ്യാപകരായ താങ്കളുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല? അതിനെ ശത്രുക്കള്‍ നടത്തിയ ഗൂഢാലോചനയായി കാണുന്നത് കാര്യങ്ങളെ ലഘൂകരിക്കലാണ്. അതൊന്നും തങ്ങള്‍ക്കു പറ്റുന്ന കാര്യങ്ങളായിരുന്നില്ല എന്ന് അന്ന് താങ്കള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്.
തീര്‍ച്ചയായും വിദ്യാഭ്യാസത്തില്‍ മാറ്റം അനിവാര്യം. കാലത്തിനൊത്ത് വളരാന്‍ അധ്യാപകരെയും രക്ഷാകര്‍ത്താക്കളേയും ബാധ്യസ്ഥരാക്കണം. വിദ്യാഭ്യാസം വിദ്യാര്‍ഥികേന്ദ്രീകൃതമാകണം. ബാങ്കിംഗ് രീതിയല്ല വിദ്യാഭ്യാസത്തിനു വേണ്ടതെന്നതില്‍ സംശയമില്ല. അത് സംവാദാത്മകമാകണം. ഒപ്പം മര്‍ദ്ദിതരുടെ ബോധനശാസ്ത്രമാകണം. ഇവാന്‍ ഇല്ലിച്ചിന്റേയും പൗലോഫ്രയറുടേയും മറ്റും വിദ്യാഭ്യാസ നിലപാടുകള്‍ നാമേറെ ചര്‍ച്ച ചെയ്തിട്ടുമുണ്ട്. ഈ സിസ്റ്റത്തിനകത്തുനിന്ന് ഒന്നും ചെയ്യാനാവില്ല എന്നു പറയുന്നതും ശരിയല്ല. ചെയ്തിട്ടുള്ളയെല്ലാവരും തന്നെ ഈ സിസ്റ്റത്തില്‍ നിന്ന് ഒളിച്ചോടാതെ അതിനകത്തുകൂടി കടന്നു പോയവര്‍ തന്നെ.
താങ്കള്‍ പറയുന്ന പോലെ ”ഇങ്ങനെയൊരു സാധ്യതയുണ്ട് എന്ന് കാണിച്ചുകൊടുക്കുകയാണ് എന്റെ അച്ഛനും അമ്മയും ചെയ്തത്. അവര്‍ക്ക് എല്ലാ സമയവും ഒബ്‌സര്‍വ്വ് ചെയ്യാനും പഠിക്കാനും പറ്റിയ കുട്ടി ഞാന്‍ മാത്രമായിരുന്നു. അതുകൊണ്ടാണ് ഗൗതം ഉണ്ടായത്. സാരംഗ് ഉണ്ടായത്.” അതെ, അങ്ങനെ മുഴുവന്‍ സമയവും മകനെ ഒബ്‌സര്‍വ് ചെയ്യാന്‍ കഴിയുന്നവര്‍ എത്രപേരുണ്ട്? അതുകൊണ്ടാണല്ലോ സ്‌കൂളുകള്‍ അനിവാര്യമാകുന്നത്.
തീര്‍ച്ചയായും എല്ലാ കാലത്തും എവിടേയും പരീക്ഷണങ്ങള്‍ നടക്കും. അത്തരം ചില മാതൃകകള്‍ സമൂഹത്തിലുണ്ടാകും. അതാണ് സാംരംഗിന്റേയും താങ്കളുടേയും പ്രസക്തി. പക്ഷെ അവയെ സാമാന്യവല്‍ക്കരിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തിനു നിരക്കുന്നതാവില്ല. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ജനാധിപത്യവല്‍ക്കരിക്കുകയും തൊഴിലധിഷ്ഠിതമാക്കുകയും പാവങ്ങള്‍ക്കും പൂര്‍ണ്ണമായും പ്രാപ്യമാക്കുകയുമാണ് വേണ്ടത്. അതിനവസരമില്ലാതെ ഡീ സ്‌കൂളിംഗ് നടത്തോന്‍ നിര്‍ബന്ധിതരായവരെ കുറിച്ച് എന്തു പറയുന്നു? കഴിഞ്ഞില്ല. ജനകീയ പോരാട്ടങ്ങള്‍ക്കായി വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം ഉപേക്ഷിച്ചവരും എത്രയോയുണ്ട്. സ്വാതന്ത്ര്യസമരകാലം മുതല്‍ നക്‌സല്‍ കാലഘട്ടം വരെ ആ നിരയില്‍ എത്രയോ പേരെ കാണാം. അതിനേക്കാളൊന്നും മഹത്തല്ല മാതാപിതാക്കളുടെ വിശ്വാസത്തിനനുസരിച്ച് സ്‌കൂളില്‍ പോകാതിരുന്നത്. മാത്രമല്ല, ബാല്യം സഹപ്രായക്കാരോടൊപ്പം പഠിച്ചും കളിച്ചും കലഹിച്ചും ജീവിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയത് ബാലാവകാശ ലംഘനമായേ കാണാന്‍ കഴിയൂ. താങ്കളത് അംഗീകരി്ച്ചില്ലെങ്കിലും.
ഏഴുവയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം പശ്ചിമഘട്ടയാത്രയ്ില്‍ പങ്കെടുത്തത് ഞങ്ങള്‍ വിശ്വസിക്കാം. പക്ഷെ, കേരളത്തില്‍ ആദിവാസികളുടെ ജീവന്മരണ പോരാട്ടങ്ങളായിരുന്നു കഴിഞ്ഞ ദശകത്തില്‍ രൂപം കൊണ്ടത്. അട്ടപ്പാടിയില്‍ ജനി്ച്ചുവളര്‍ന്ന താങ്കളെ അവിടെയൊന്നും കാര്യമായി കണ്ടിട്ടില്ല. വിവാഹം സ്വന്തം സ്വാതന്ത്ര്യമാണെങ്കിലും കണ്ടെത്തിയ വധു ഉന്നതതലത്തില്‍ നിന്നു ഉന്നതവിദ്യാഭ്യാസം നേടിയവരാണെന്നതിലും അത്ഭുതപ്പെടാനാകില്ല.
ഡീ സ്‌കൂളിങ്ങിലൂടേയും മറ്റു ജീവിതാനുഭവങ്ങളിലൂടേയും താങ്കള്‍ നേടിയെന്ന് നിരവധി പേജുകളിലായി വിശദീകരിക്കുന്ന മിക്ക കാര്യങ്ങളും അങ്ങനെയല്ലാതെ എത്രയോ പേരുടെ കാര്യത്തിലും ശരിയാണ്. ഉദാഹരണമായി പ്രസവിക്കുന്നത് ഭര്‍ത്താവ് കാണണമെന്നും അങ്ങനെ കണ്ടതിനാലാണ് താങ്കള്‍ക്ക് മക്കളോട് വലിയ അറ്റാച്ച്‌മെന്റ് എന്നും ഭാര്യ അനുരാധ പറഞ്ഞത് വായിക്കുകയുണ്ടായി. എത്രയോ അമ്മമാര്‍ മക്കളോട് അച്ഛന്മാരുടെ അറ്റാച്ച്‌മെന്റിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. ഇനി പ്രസവം കാണുന്ന കാര്യം. ഭര്‍ത്താവ് ഭാര്യയുടെ പ്രസവത്തിനു സാക്ഷിയാകണമെന്ന് ഉപദേശിക്കുകയും കഴിയുന്നത്രപേരെ അതിനു തയ്യാറാക്കുകയും ചെയ്യുന്ന ഒരു ഡോക്ടര്‍ തന്നെ തൃശൂര്‍ നഗരത്തിലുള്ള കാര്യം താങ്കള്‍ക്കറിയാമോ? എത്രയോ ഭര്‍ത്താക്കന്മാര്‍ അവിടെ ഭാര്യമാരുടെ പ്രസവം നേരില്‍ കണ്ടിരിക്കുന്നു. പ്രണയത്തെ കുറിച്ചുള്ള നിങ്ങളുടെ വിശേഷണങ്ങള്‍ക്കും എന്തു പുതുമയാണുള്ളത്? പിന്നെ ഇരുവരും ലിംഗസമത്വത്തോടെ വീട്ടിലെ ജോലികളും മറ്റും ചെയ്യുന്നത്. നല്ല കമ്യൂണിക്കേഷനുള്ളത്… അത്തരത്തിലുള്ള എത്രയോ കുടുംബങ്ങള്‍ ഇന്നു കേരളത്തിലുണ്ട്. വനം നശിപ്പിച്ചാണ് തേയിലതോട്ടമുണ്ടാക്കുന്നത് എന്നതിനാല്‍ ചായ കുടിക്കാത്തവര്‍ എത്രയോ പേരുണ്ട്. രാഷ്ട്രീയ – സാമൂഹ്യ വിഷയങ്ങളിലൊക്കെ താങ്കള്‍ പറയുന്ന അഭിപ്രായങ്ങളിലൊന്നും പുതുതായി ഒന്നുമില്ല. താങ്കള്‍ നേടിയെന്നു കരുതുന്നതെല്ലാം ഡീ സ്‌കൂളിംഗിലൂടെയല്ലാതെ നേടിയവര്‍ കേരളത്തില്‍ ആയിരക്കണക്കിനുണ്ട് എന്നാണ് പറഞ്ഞുവരുന്നത്. മറിച്ച് വിശ്വസിക്കാനുള്ള താങ്കളുടെ അവകാശത്തെ മാനിച്ചുകൊണ്ടുതന്നെ.
മറ്റൊന്നു കൂടി. ഈ രംഗത്ത് കേരളത്തില്‍ ഇതിനേക്കാള്‍ എത്രയോ ഉന്നതമായ മുന്‍കൈകള്‍ ഉണ്ടായിട്ടുണ്ട്. വയനാട്ടിലെ കനവ് തന്നെ. ഇത്രയൊന്നും അവകാശവാദങ്ങളില്ലാതെതന്നെ കനവില്‍ നിന്ന് എത്രയോ കുട്ടികള്‍ കേരളത്തിന്റെ പൊതുസമൂഹത്തിലെത്തി. എന്നിട്ടും അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല എന്നത് വേറെ കാര്യം. ആഗ്രഹിക്കുന്നതുപോലെയല്ലല്ലോ സാമൂഹ്യയാഥാര്‍ത്ഥ്യം? പരീക്ഷണങ്ങള്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. ആ പ്രസക്തി അവക്കുണ്ട്. അത്രയേയുള്ളുതാനും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “താങ്കളുടെ അവകാശവാദങ്ങള്‍ ശരിയല്ല ഗൗതം (സാരംഗ്)……

  1. ഹരികുമാർ പറഞ്ഞ കാര്യങ്ങൾ ശരിയാണ്. ഇതുമാതിരി ആന അവകാശവാദങ്ങൾക്ക് പ്രസക്തിയില്ലായിരിക്കാം. പക്ഷെ ഗൗതം മുന്നോട്ട് വെക്കുന്ന ( some others also) ഡീ സ്കൂളിംഗ് വളരെ മാതൃകാപരമാണ്‌. എല്ലാവർക്കും ഈ രീതി കഴിയില്ല എന്നത് നേര്, അതിനു ഗൗതമിനെ പഴിച്ചിട്ട് എന്ത് കാര്യം ?! ഈയുള്ളവൻ സാധാരണ സ്കൂളിൽ പഠിച്ചവനാണ്. ആയതിനാൽ ഒരുപാടു കാര്യങ്ങൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്. യഥാർത്ഥ ജീവിതത്തെ നേരിടാനുള്ള പക്വത അതിലൊന്നു മാത്രം. ഗൗതം സാരംഗിൽ ചെയ്യുന്ന കാര്യങ്ങൾ നേരിട്ടല്ലെങ്കിലും കുറെയൊക്കെ അറിയാം. അതിൽ പല കാര്യങ്ങളും നമ്മുക്ക് (എനിക്ക്) അറിയില്ല. സ്കൂളിൽ പോയാല എല്ലാം ആയി എന്ന് വിചാരിക്കുന്നവർക്ക് അത് കാണിച്ചു കൊടുക്കാം. സ്കൂളിൽ പോയാൽ കിട്ടുന്ന എല്ലാ കാര്യങ്ങളും ( സർട്ടിഫികറ്റ് ഒഴികെ ) ഗൗതമിനു കിട്ടിയിട്ടുണ്ട്. എന്തെങ്കിലും കിട്ടാത്തതുണ്ടോ എന്ന ഗൗതം തന്നെ പറയേണ്ടതാണ്. സുഹൃത്തുക്കളോടൊപ്പം കളിക്കാനും ചങ്ങാത്തം കൂടാനും ഈ ബദൽ രീതി അനുവദിച്ചിട്ടില്ല എന്നതാണ് സത്യമെങ്കിൽ ഗൗതമിനു നഷ്ട്ടം വളരെ വലുതാണ്താനും.

Leave a Reply