തകരുന്ന ബാല്യവും തളരുന്ന വാര്‍ദ്ധക്യവും

കുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുട്ടിയെ ചികത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിലാണ്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി രക്ഷപ്പെട്ടാല്‍ സംരക്ഷണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നടന്ന സമാനമായ സംഭവത്തില്‍ കുട്ടി മരിച്ചിരുന്നു. സാമൂഹ്യനീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ […]

kuttiകുമളിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ അഞ്ചുവയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം അതീവ ഗുരുതരാവസ്ഥയിലാണെന്ന് കുട്ടിയെ ചികത്സിക്കുന്ന ഡോക്ടര്‍ വ്യക്തമാക്കി. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയിലാണ്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടി രക്ഷപ്പെട്ടാല്‍ സംരക്ഷണത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കോഴിക്കോട് നടന്ന സമാനമായ സംഭവത്തില്‍ കുട്ടി മരിച്ചിരുന്നു.

സാമൂഹ്യനീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന കാലമാണിത്. എന്നിട്ടും ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്. അഥവാ ശബ്ദമുയര്‍ത്തുകയാണെങ്കില്‍ തന്നെ കോലാഹലങ്ങള്‍ക്കിടയില്‍ അതു മുങ്ങിപോകുന്നു. അവരില്‍ മുഖ്യം കുട്ടികളും വൃദ്ധരുമാണ്. കുട്ടികളും വൃദ്ധരും ഒരുപോലെയാണെന്ന് പറയാറുണ്ടല്ലോ. ഇക്കാര്യത്തില്ലെങ്കിലും അത് സത്യമാണ്.
കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നല്ലതാണ്. എന്നാല്‍ അതെങ്ങനെ പ്രാവര്‍ത്തികമാകുമെന്ന കാര്യത്തില്‍ വളരെ സംശയമുണ്ട്. കാരണം കുട്ടികള്‍ മുഖ്യമായും പീഡിപ്പിക്കപ്പെടുന്നത് അവരുടെ വീടുകളിലും ബന്ധുവീടുകളിലുമാണ് എന്നതുതന്നെ. മാതാപിതാക്കള്‍ മുതല്‍ മറ്റു ബന്ധുക്കളും അയല്‍ക്കാരുമൊക്കെയാണ് പ്രധാന പീഡകര്‍. എന്തിന്.. പലപ്പോഴും അധ്യാപകരും. മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചാല്‍ തന്നെ പീഡനങ്ങള്‍ പുറത്തറിഞ്ഞാല്ലല്ലേ നടപടികള്‍ ഉണ്ടാകൂ. എത്ര കുട്ടികള്‍ക്ക് അതു പറയാന്‍ കഴിയും? പ്രത്യേകിച്ച് ലൈംഗികമായ പീഡനങ്ങള്‍. വിദേശ രാജ്യങ്ങളില്‍ മിക്കയിടത്തും കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. അതുവഴി സ്പര്‍ശനത്തിന്റെ സ്വഭാവം പോലും അവര്‍ക്കു മനസ്സിലാക്കാം. പ്രതികരിക്കാനുള്ള മാനസികശേഷി വളര്‍ത്തിയെടുക്കാനുള്ള വിദ്യാഭ്യാസരീതിയും പലയിടത്തുമുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുണ്ട്. ലൈംഗികപീഡനം മാത്രമല്ല, കുമളിയില്‍ ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള സംഭവങ്ങളും കൗണ്‍സിലര്‍മാരോടു പറയാനുള്ള സംവിധാനമുണ്ട്. കുട്ടികളെ മര്‍ദ്ദിക്കുന്നത് പല രാജ്യങ്ങളിലും വലിയ കുറ്റമാണ്. അടുത്തയിടെ ഇന്ത്യന്‍ മാതാപിതാക്കള്‍ക്കുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ. അതേസമയം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠിപ്പിച്ച് മാനസികമായ വളര്‍ച്ചയുമുണ്ടാക്കാനും ശ്രമിക്കുന്നു.
ഇതില്‍ നിന്നെല്ലാം കടകവിരുദ്ധമാണ് ഇവിടത്തെ സ്ഥിതി. കുട്ടികളെ മര്‍ദ്ദിക്കുന്നതും പീഡിപ്പിക്കുന്നതും കുറ്റകരമല്ല, മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും എന്തിന് ബസ് കണ്ടക്ടര്‍ക്കുമെല്ലാം അതിനുള്ള അവകാശമുണ്ടെന്നാണ് നമ്മുടെ ധാരണ. മര്‍ദ്ദനങ്ങള്‍ കണ്ടാലും ആരും പ്രതികരിക്കില്ല. ഇക്കാര്യത്തില്‍ ജാഗ്രതാസമിതികള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. നല്ലത്. ഒരു വശത്ത് സദാചാരപോലീസും മറുവശത്ത് പീഡനവും. ഇതാണ് ഇവിടത്തെ അവസ്ഥ. വിദ്യാലയങ്ങള്‍പോലും വ്യത്യസ്ഥമല്ല. സിലബസ്സിലൊക്കെ കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും കുട്ടികളുടെ മാനസിക വളര്‍ച്ചക്കുള്ള യാതൊരു പദ്ധതിയും ഇവിടെയില്ല. ലൈംഗികവിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടാന്‍ പാടില്ല. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്.. അതുമാത്രമാണ് ഏവരുടേയും ഉദ്ദേശം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടേയും അഹങ്കാരത്തിന്റെയും അന്തസ്സിന്റേയും ഇരകളായി അവര്‍ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവര്‍ക്ക് നിഷേധിക്കുന്നു. എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ തടവറകളാകുന്നു.
ഈ സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാത്രം പോര, അടിമുടി പൊളിച്ചെഴുത്താണാവശ്യം. സംരക്ഷമല്ല, അവകാശമാണ് കുട്ടികള്‍ക്ക് വേണ്ടത്. കുട്ടികള്‍ കുടുംബത്തിന്റേതല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കല്‍പ്പത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. നമുക്ക് സാധിക്കാത്ത ആഗ്രഹങ്ങള്‍ സാധിപ്പിക്കേണ്ടവരല്ല കുട്ടികള്‍ എന്നും മാതാപിതാക്കള്‍ തിരിച്ചറിയണം.
സമാനമാണ് വൃദ്ധരുടെ അവസ്ഥയും. ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കുടുംബത്തിനും സമൂഹത്തിനും വേണ്ടി ചിലവഴിച്ചവര്‍. വാര്‍ദ്ധക്യത്തില്‍ ഇവരില്‍ മിക്കവരും ഒറ്റപ്പെട്ടുപോകുന്നു. പലപ്പോഴും മാന്യമായ മരണം പോലും ഇവര്‍ക്കു നിഷേധിക്കപ്പെടുന്നു. ശരാശരി ആയുസ്സ് കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന സവിശേഷ പശ്ചാത്തലത്തില്‍ കേരളത്തിലെ വൃദ്ധരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു. ഇവരില്‍ പലരും പൂര്‍ണ്ണമായും കിടപ്പിലാണ്. പലരും അള്‍ഷിമേഴ്‌സിന്റെ പിടിയിലാണ്.
തങ്ങളുടെ മാതാപിതാക്കളെ അവസാന കാലയളവില്‍ പരിചരിക്കാന്‍ പോലും തയ്യാറാകാത്ത മലയാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. അത് കുറ്റകരമാക്കിയ നിയമം പാസ്സാക്കിയിട്ടുണ്ട്. അത് കര്‍ശനമായി നടപ്പാക്കണം. കുട്ടികളെപോലെതന്നെ, തങ്ങളുടെ അവസ്ഥ പുറത്തു പറയാനാകാത്ത അവസ്ഥയിലാണ് വൃദ്ധരും. അതിനുള്ള സംവിധാനം ഉണ്ടാക്കിയേ പറ്റൂ. അതേസമയം തങ്ങളെ വയസ്സുകാലത്ത് പരിചരിക്കാന്‍ വേണ്ടി മാത്രമാണ് മക്കളെ വളര്‍ത്തുന്നതെന്ന ചിന്ത നാം മാറ്റുകയും വേണം. വൃദ്ധരെ പരിചരിക്കേണ്ടത് മൊത്തം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. വൃദ്ധസദനങ്ങളെ അന്ധമായി എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. കേരളം പോലുള്ള സമൂഹത്തില്‍ അത് അനിവാര്യമാണ്. വൃദ്ധസദനങ്ങള്‍ മികച്ച നിലവാരമുള്ളതാക്കുക എന്നതാണ് ചെയ്യേണ്ടത്. അവിടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് ആവശ്യമുണ്ട്. കൂടാതെ വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് സാമൂഹ്യജീവിതം ലഭ്യമാക്കണം. കോളനികളിലും ഫ്‌ളാറ്റുകളിലും നാട്ടിന്‍ പുറങ്ങളിലുമെല്ലാം വൃദ്ധരുടെ അസോസിയേഷനുകള്‍ വേണം. അതുപോലെ കര്‍ശനമായ സാമൂഹ്യനിരീക്ഷണത്തില്‍ പകല്‍വീടുകളുമാകാം. ക്രഷുകളും പകല്‍ വീടുകളും ഒന്നിച്ചുമാകാം. അവിടെ വാര്‍ദ്ധക്യം ആഹ്ലാദകരമാക്കാനുള്ള അന്തരീക്ഷം അവര്‍ക്കു ലഭിക്കും. വൃദ്ധര്‍ക്കു ഇപ്പോഴുള്ള അവകാശങ്ങള്‍ ലഭ്യമാക്കാനും പുതിയ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ബോധവല്‍ക്കരണവും നടപടികളും വേണം. പലപ്പോഴും ഇപ്പോഴുള്ള അവകാശങ്ങള്‍ പോലും അവര്‍ക്കറിയില്ല. ഉദാഹരണം ബസിലെ സീറ്റുസംവരണം. കേരളത്തിന്റെ സമകാലിക സാഹചര്യത്തില്‍ ഒറ്റക്കു താമസിക്കേണ്ടിവരുന്ന വൃദ്ധര്‍ കൊലചെയ്യപ്പെടുന്ന സംഭവങ്ങളും വര്‍ദ്ധിച്ചു വരുന്നു. അവരുടെ സംരക്ഷണത്തിനും പ്രത്യേക നടപടികള്‍ വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply