ഡാമുകള്‍ : അന്വേഷണം വേണം, ദീര്‍ഘകാലപരിപാടികളും

പ്രളയക്കെടുതിയുമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. കേരളം ഏറെക്കുറെ ഒറ്റക്കെട്ടായിതന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അടുത്തഘട്ടം ദുരിതബാധിതരുടെ പുനരധിവാസമാണ്. അക്കാര്യത്തിലും ഈ ജാഗ്രതയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അതിനിടയില്‍ പ്രളയദുരന്തങ്ങള്‍ രൂക്ഷമാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിട്ടുണ്ട്. ഈ വവാദങ്ങള്‍ സ്വാഭാവികമാണ്, അനിവാര്യവുമാണ്. ഇക്കാര്യത്തില്‍ എവിടെയെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളുടെ തീവ്രത കുറക്കാന്‍ സഹായകരമാകും. അതിനാല്‍ തന്നെ വിവാദങ്ങളെല്ലാം ഗൂഢാലോചനയാണെന്നു പറഞ്ഞ് തള്ളിക്കളയുകയല്ല വേണ്ടത്. ഒറ്റയടിക്ക് നിരവധി ഡാമുകള്‍ ഒന്നിച്ചുതുറന്ന നടപടി ദുരന്തത്തിന്റെ […]

iii

പ്രളയക്കെടുതിയുമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി. കേരളം ഏറെക്കുറെ ഒറ്റക്കെട്ടായിതന്നെ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അടുത്തഘട്ടം ദുരിതബാധിതരുടെ പുനരധിവാസമാണ്. അക്കാര്യത്തിലും ഈ ജാഗ്രതയുണ്ടാകുമെന്നു പ്രതീക്ഷിക്കാം. അതിനിടയില്‍ പ്രളയദുരന്തങ്ങള്‍ രൂക്ഷമാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായിട്ടുണ്ട്. ഈ വവാദങ്ങള്‍ സ്വാഭാവികമാണ്, അനിവാര്യവുമാണ്. ഇക്കാര്യത്തില്‍ എവിടെയെങ്കിലും അനാസ്ഥയുണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തുന്നതും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും ഭാവിയില്‍ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളുടെ തീവ്രത കുറക്കാന്‍ സഹായകരമാകും. അതിനാല്‍ തന്നെ വിവാദങ്ങളെല്ലാം ഗൂഢാലോചനയാണെന്നു പറഞ്ഞ് തള്ളിക്കളയുകയല്ല വേണ്ടത്.
ഒറ്റയടിക്ക് നിരവധി ഡാമുകള്‍ ഒന്നിച്ചുതുറന്ന നടപടി ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. ശക്തമായ പേമാരിയെ കുറിച്ച് സൂചനകളുണ്ടായിട്ടും ഡാമുകൡ ക്രമാതീതമായി ജലനിരപ്പ് ഉയരുന്നു എന്നു ബോധ്യമായിട്ടും മുന്‍കൂട്ടി ഡാമുകള്‍ ചെറിയ അളവില്‍ തുറന്നില്ല എന്നതാണ് പ്രധാന ആരോപണം. പിന്നീട് തുറന്നപ്പോാകട്ടെ വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയില്ല. കേരളം തമിഴ് നാടിനെതിരെ സുപ്രിം കോടതിയില്‍ ഉന്നയിച്ച ആരോപണം നമുക്കും ബാധകമാണ് എന്നതാണ് സത്യം.
പമ്പയിലെ 9 ഡാമുകള്‍ ഒന്നിച്ചു തുറന്നു. ഇടുക്കി – എറണാകുളം ജില്ലകളെ 11 ഡാമുകളും ചാലക്കുടി പുഴയിലെ ആറ് ഡാമുകളും തുറന്നു. ജൂലൈയ് പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകള്‍ നിറഞ്ഞിരുന്നു. മഴ വീണ്ടും ശക്തി പ്രാപിക്കുമെന്ന് സംസ്ഥാന, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലായ് 31 ന് ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395.68 അടിയായി ഉയര്‍ന്നിരുന്നു. പരമാവധി ശേഷി 2403 ആണ്. തുടര്‍ന്ന ദിവസങ്ങളില്‍ കനത്ത മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. വ്യാപകമായ ഉരുള്‍ പൊട്ടല്‍ സാധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ ഒന്നും എടുത്തില്ല. ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം എം മണി ജൂലൈയ് 27 ന് പറഞ്ഞിരുന്നു. പക്ഷെ നടത്തിയില്ല. 2400 അടി എത്തുന്നത് വരെ കാത്തിരിക്കുകയായിരുന്നു സര്‍ക്കാര്‍. ആഗസ്ത് 9 ന് ജലനിരപ്പ് 2398. 98 അടിയിലേക്കെത്തിയപ്പോള്‍ മാത്രമാണ് ഒരു ഷട്ടര്‍ 50 സെ.മി മാത്രമുയര്‍ത്താന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത്. അപ്പോഴേക്കും സമയം വൈകിയിരുന്നു. സെക്കണ്ടില്‍ അമ്പതിനായിരം ലിറ്റര്‍ പുറത്തേക്കൊഴികിയ സ്ഥാനത്ത് 7.5 ലക്ഷം ഘന ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കേണ്ടി വന്നു. ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍ കെട്ട്, പൊന്‍മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ് നാട് വെള്ളം തുറന്ന് വിട്ടു. ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെ കിടക്കുന്ന പെരിങ്ങല്‍ക്കുത്ത് ജൂണ്‍ പത്തിന് തന്നെ അതിന്റെ പൂര്‍ണ്ണ ശേഷയിലെത്തിയിരുന്നു. പക്ഷെ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ചാലക്കുടി സംരക്ഷണ സമിതി ജൂലായ് 24 ന് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പമ്പയില്‍ ഒമ്പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ അല്‍പ്പാപ്പം ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കമായിരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 30 സെ. മി മാത്രമാണ് തുറന്നത്. അതും വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി. ആഗ്‌സ്ത് 8 ന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ. മി ആയി ഷട്ടര്‍ ഉയര്‍ത്തിയത്. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ജില്ലാ കളക്റ്ററെ പോലും അറിയാക്കാതെയാണ് തുറന്നത്. ജൂലൈ 15 ന് ബാണാസുര സാഗറിന്റെ നാല് ഷട്ടറുകള്‍ ആദ്യം തുറന്നു. പക്ഷെ പിന്നീട് ഒരു മുന്നറിയിപ്പുമില്ലാതെ 230 സെ. മി ആയി ഷട്ടറുകള്‍ ഉയര്‍ത്തി. ഒപ്പം നാലാമത്തെ ഷട്ടറും പൊക്കി. ഇതോടെ വയനാട്ടില്‍ പ്രളയമായി. വാട്‌സ് ആപ്പില്‍ മുന്നറിയിപ്പ് ജില്ലാ കളക്‌ററര്‍ക്ക് നല്‍കിയെന്നാണ കെ എസ് ഇ ബി ഉദ്യേഗസ്ഥര്‍ പറയുന്നത്. ഇത്രയും ഡാമുകള്‍ തുറന്ന് വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. പ്രളയം മുനുഷ്യനിര്‍മിതമാണെന്നും സര്‍ക്കാരിന്റെ വീഴ്ച സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്നെ രംഗത്തു വന്നിട്ടുണ്ട്. ചെന്നിത്തല പ്രതിപക്ഷനേതാവായതിനാല്‍ പറയുന്നതാണെന്ന് ആരോപിക്കാം. എന്നാല്‍ സിപിഎം എം എല്‍ എ രാജു അബ്രഹാം അടക്കമുള്ളവരും ഡാമുകള്‍ തുറന്ന രീതിയില്‍ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. മാധവ് ഗാഡ്ഗില്‍, മേധാപട്കര്‍ തുടങ്ങിയ പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ ഈ അഭിപ്രായക്കാരാണ്. വാസ്തവത്തില്‍ പല മാധ്യമപ്രവര്‍ത്തകരും വിദഗ്ധരുമായി സംസാരിച്ച് ഡാമുകള്‍ തുറക്കാന്‍ വൈകുന്നത് കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നു നേരത്തെ തന്നെ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്കായി ഡാം തുറക്കാനാവില്ല എന്ന മറുപടിയായിരുന്നു മന്ത്രി എം എം മാണിയില്‍ നിന്നുണ്ടായത്. ഡാമുകൡ വെള്ളം നിറയുന്തോറും ഈ വര്‍ഷത്തെ വൈദ്യുതോല്‍പ്പാദനത്തില്‍ നിന്നുണ്ടാകുന്ന വരുമാനമായിരുന്നു കെ എസ് ഇ ബിയുടെ ഉള്ളലിരിപ്പ്. പല ഉദ്യോഗസ്ഥരും അത് തുറന്നു പറഞ്ഞിരുന്നു. ദുരന്തം കൂടുതല്‍ രക്ഷമാക്കുന്നതില്‍ ഈ ആര്‍ത്തിക്കു പങ്കുണ്ടെന്നു പ്രകടം. എന്നാല്‍ ജില്ലാ കലക്ടര്‍മാരോടും റവന്യൂ അധികൃതരോടും അനുമതി തേടിയശേഷമാണ് അണക്കെട്ടുകള്‍ തുറന്നതെന്നാണ് അണക്കെട്ട് സുരക്ഷാ അതോറിട്ടി ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ വാദം. മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടപ്പോള്‍ നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെ വെള്ളത്തിലായിരുന്നു. അതിനാലാണ് ഇക്കുറി ഇടുക്കി അണക്കെട്ട് ആദ്യം തുറക്കാതിരുന്നത്. മഴ വര്‍ധിച്ചപ്പോള്‍ എല്ലാവിധ മുന്നറിയിപ്പും നല്‍കിയാണ് അണക്കെട്ട് തുറന്നത്. കനത്തമഴയാണു പ്രളയത്തിനു കാരണം. അണക്കെട്ടുകള്‍ യഥാസമയം തുറന്നതിനാലാണ് ആഘാതം കുറയ്ക്കാനായതെന്നും രാമചന്ദ്രന്‍ നായര്‍ പറയുന്നു. കൂട്ടത്തില്‍ അതിരപ്പിള്ളിയില്‍ ഡാമുണ്ടായിരുന്നെങ്കില്‍ ചാലക്കുടിയിലെ ദുരന്തം കുറയുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. അതിരപ്പിള്ളി ഡാം വന്നാല്‍ അതിന് ഉള്‍ക്കൊള്ളാവുന്ന വെളളത്തിന്റെ അളവ് മുകളിലെ ഡാമുകള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിന്റെ നൂറിലൊന്നാണ്. ആ ഡാമുകള്‍ക്കൊന്നും പറ്റാത്തത് അതിനെല്ലാം താഴത്തുള്ള അതിരപ്പിള്ളി ഡാമിനു കഴിയുമത്രെ.. മറിച്ച് അതിലെ വെള്ളം കൂടി പുഴയിലൊഴുകുമായിരുന്നു എന്നതാണ് വസ്തുത. കെ എസ് ഇ ബിയും പ്രളയദുരന്തത്തിന്റെ തീവ്രത കൂട്ടിയ വികസനമൗലികവാദത്തിന്റെ വക്താക്കളും കിട്ടിയ അവസരം മുതലാക്കി അതിരപ്പിളളി ഡാമിനായി രംഗത്തെത്തിയിരിക്കുന്നു. ഡാമുകള്‍ തുറന്ന പുഴകളുടെ തീരങ്ങളില്‍ തന്നെയാണ് ദുരന്തങ്ങള്‍ കൂടുതലുണ്ടായത് എന്നതും മറച്ചുവെക്കുന്നു. വേണ്ടത്ര മുന്നറിയിപ്പുകള്‍ നല്‍കിയെന്നുതന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. എന്നാല്‍ ബാണാസുരസാഗറിലെങ്കിലും വീഴ്ചപറ്റിയെന്ന് ചീഫ് സെക്രട്ടറി തന്നെ സമ്മതിക്കുന്നുതാനും. സിപിഎം എം എല്‍ എ ശശീന്ദ്രനും അത് ചൂണ്ടികാട്ടിയിരുന്നു.
ഇത്ര വലിയ മഴ പ്രതീക്ഷിച്ചില്ല എന്ന ന്യായീകരണത്തില്‍ ഒതുക്കാവുന്നതല്ല ഈ വിഷയത്തില്‍ അധികൃതരുടെ വീഴച. മണ്‍സൂണ്‍ മഴ തുല്യഅളവില്‍ 120 ദിവസം പെയ്യുകയാണോ? ഇടക്കിടെ മൂന്നാലുദിവസം നന്നായി പെയ്യും ചിലപ്പോള്‍ ഒരാഴ്ച. ഇനിയും ഒന്നര മാസത്തെ കാലവര്‍ഷം ബാക്കിയുള്ളപ്പോള്‍ എന്തിന് ഡാമുകള്‍ ഇത്ര ഫുള്ളാക്കി വച്ചു എന്നാണ് ചോദ്യം. ഇതേ വരെ കൂടുതല്‍ ചെയ്തില്ല എന്നു കരുതി ലാഘവബുദ്ധി കാട്ടാവുന്ന സംഗതിയല്ല ഡാമുകളില്‍ വെള്ളം സംഭരിക്കല്‍. പമ്പയില്‍ കൊടും കാടാണ്, കമ്യൂണിക്കേഷന്‍ സൗകര്യമില്ല, നാലു മണിക്കൂര്‍ നടന്നു പോയി എങ്ങാണ്ടു മലയില്‍ കേറി വേണം വിവരമറിയിക്കാന്‍ എന്നെല്ലാം പറയുന്നതുകേട്ടാല്‍ ചിരി വരാതിരിക്കുന്നതെങ്ങിനെ? ആധുനിക കാലത്ത് വയര്‍ലസ് ഒന്നുമില്ല ഇതാണോ ശാസ്ത്രീയ ഡാം മാനേജ്‌മെന്റ്! വെള്ളം വന്‍തോതില്‍ വന്നാല്‍ തുറന്നു വിടുകയല്ലാതെ എന്തു ചെയ്യും എന്നും ചോദിക്കുന്നു. ജലസംഭരണം കപ്പാസിറ്റിയുടെ 70% ത്തിലോ അതില്‍ക്കുറച്ചോ നിര്‍ത്തണം എന്നതാണ് അതിനുള്ള മറുപടി. അടുത്തുതന്നെ കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുരളി തുമ്മാരക്കുടിയെയപോലുള്ള വിദഗ്ധര്‍ എന്നേ ചൂണ്ടികാട്ടിയിരുന്നു. എന്നാലതെല്ലാം അവഗണിക്കപ്പെട്ടു. കുത്തിയൊഴുകിയ വെള്ളത്തില്‍ ഡാമുകളിലെ ജലം 10 ശതമാനത്തോളമേ വരൂ എന്നും പറയുന്നു. 10 ശതമാനം വര്‍ദ്ധനവ് മതി ഇത്തരം ദുരന്തങ്ങള്‍ക്ക് എന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. മാത്രമല്ല ആഗസ്റ്റില്‍ ഇത്ര ശക്തമായ പേമാരി പ്രതീക്ഷിച്ചില്ല എന്നു പറയുമ്പോള്‍ ജൂണിലും ജൂലയിലും പതിവുള്ളതിനേക്കാള്‍ ശക്തമായ മഴയുണ്ടായിരുന്നു എന്നു മറക്കുന്നു. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു ചില ഉത്തരവാദിത്തങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്ടെത്തിയേ പറ്റൂ. അതിനായി ഡാമുകള്‍ തുറന്ന രീതിയില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷണം നടത്തണം. ഉണ്ടെങ്കില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. അതില്‍ സര്‍ക്കാരിനു ഒരു നഷ്ടവും വരാനില്ല. കൂടാതെ ഭാവിയിലെങ്കിലും ഡാമുകള്‍ തുറക്കുന്നതിനെ കുറിച്ച് കൃത്യമായ ചട്ടങ്ങള്‍ ഉണ്ടാക്കണം. അതിനും പുറമെ ഇനിയുള്ള കാലത്ത് ഡാമുകള്‍ അനിവാര്യമോ എന്നു പരിശോധിക്കണം. പുതിയ ഒരു ഡാമും സൃഷ്ടിക്കരുത്. പഴയ ഡാമുകള്‍ നിലനിര്‍ത്തണോ, വേണമെങ്കില്‍ ഇതുപോലെ തന്നെ വേണോ എന്നും പരിശോധിക്കണം. ഡാമുകളും ക്വാറികളും നെല്‍വയല്‍ സംരക്ഷണ നിയമവും ഉണ്ടായിട്ടാണോ 1924ല്‍ ദുരന്തമുണ്ടായത് എന്നു ചോദിക്കുന്ന ന്യായീകരണ തൊഴിലാളികളെ തള്ളിക്കളയണം. കേരളം ഒരു കരപ്രദേശമല്ല, ജലപ്രദേശമാണെന്നംഗീകരിച്ച് വരുംകാല ജീവിതം ക്രമീകരിക്കണം. പശ്ചിമഘട്ടം, കാട്, മലകള്‍, നദികള്‍, വയലുകള്‍, കായലുകള്‍, കടല്‍, വായു, മണ്ണ്, മണല്‍ തുടങ്ങിയവയെല്ലാം സംരക്ഷിച്ചുള്ള വികസനമേ നടപ്പാക്കൂ എന്നു പ്രഖ്യാപിക്കണം. പ്രകൃതിയെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. എന്നാല്‍ ദുരന്തങ്ങള്‍ക്ക് ശക്തികൂട്ടുന്ന മനുഷ്യ നിര്‍മ്മിതികള്‍ തടയണം. ഇത്തരമൊരു ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് തയ്യാറാക്കേണ്ടത്. അല്ലാതെ നമ്മള്‍ മഹത്തായ ജനതയെന്നു സ്വയം പുകഴ്ത്തി കാലം കളയുകയല്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply