ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ അസഹിഷ്ണതരാകുന്നതെന്തിന്?

ദിവസകൂലി ആവശ്യപ്പെട്ട് മൂന്നാറടക്കം കേരളത്തിലെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയപ്പോള്‍ തോട്ടമുടമകളും സര്‍ക്കാരും മാത്രമല്ല, രാഷ്ട്രീയ – ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളും അസഹിഷ്ണതരാകുന്നു. മൂന്നാറിലെ സത്രീതൊഴിലാളികള്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തതാണ് അവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമണം അതിനു തെളിവാണ്. അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ പരോക്ഷമായി ന്യായീകരിക്കുകയാണ് നേതാക്കള്‍. സ്ത്രീതൊഴിലാളികള്‍ക്കെതിരായ പ്രചരണം മറ്റു മാധ്യമങ്ങളിലൂടേയും നടക്കുന്നു. മാതൃഭൂമി വാരികയിലെ ടി എം ഹര്‍ഷന്റെ ലേഖനം ഒരുദാഹരണം. സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ ശക്തമായ […]

mm

ദിവസകൂലി ആവശ്യപ്പെട്ട് മൂന്നാറടക്കം കേരളത്തിലെ തോട്ടം മേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം സമരരംഗത്തിറങ്ങിയപ്പോള്‍ തോട്ടമുടമകളും സര്‍ക്കാരും മാത്രമല്ല, രാഷ്ട്രീയ – ട്രേഡ് യൂണിയന്‍ നേതൃത്വങ്ങളും അസഹിഷ്ണതരാകുന്നു. മൂന്നാറിലെ സത്രീതൊഴിലാളികള്‍ തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്തതാണ് അവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്കെതിരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമണം അതിനു തെളിവാണ്. അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ പരോക്ഷമായി ന്യായീകരിക്കുകയാണ് നേതാക്കള്‍. സ്ത്രീതൊഴിലാളികള്‍ക്കെതിരായ പ്രചരണം മറ്റു മാധ്യമങ്ങളിലൂടേയും നടക്കുന്നു. മാതൃഭൂമി വാരികയിലെ ടി എം ഹര്‍ഷന്റെ ലേഖനം ഒരുദാഹരണം.
സമരം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് നേരെ ശക്തമായ കല്ലേറാണ് കഴിഞ്ഞ ദിവസമുണ്ടായത്. സ്ത്രീകളുടെ സമര സ്ഥലത്തേക്ക് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ തളളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഒരുമിച്ച് സമരം നടത്താമെന്ന ട്രേഡ് യൂനിയനുകളുടെ അഭ്യര്‍ഥന നിരസിച്ച പെമ്പിള ഒരുമൈ പ്രവര്‍ത്തകര്‍ രാപകല്‍ സമരവുമായി ഒറ്റക്ക് മുന്നോട്ട് പോകുകയായിരുന്നു. അതാണവരെ ചൊടിപ്പിച്ചത്. സമരം നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് തങ്ങളാണെന്ന വിശ്വാസമാണ് അക്രമത്തിനവരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഇത്തരം വിശ്വാസങ്ങളാണ് ഫാസിസത്തിന്റെ ഉറവിടം.
എന്നാല്‍ ഇനിയും ഇത്തരം ദത്തുപുത്രന്മാര്‍ തങ്ങള്‍ക്കാവശ്യമില്ല എന്ന് പ്രഖ്യാപിച്ച് കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീത്തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ നിരാഹാരസമരം ആരംഭിച്ചു. സമരത്തിനെത്തുന്ന എല്ലാവരും നിരാഹാരമനുഷ്ഠിക്കുകയാണ്. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് സ്ത്രീകള്‍ നിരാഹാരം കിടക്കുക. ചൊവ്വാഴ്ച ചേര്‍ന്ന പ്‌ളാന്‍േറഷന്‍ ലേബര്‍ കമ്മിറ്റി യോഗത്തിലും കുറഞ്ഞ വേതനം സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് പെമ്പിളൈ ഒരുമൈ രണ്ടാം ഘട്ട സമരം ആരംഭിച്ചത്.
തൊഴിലാളി നേതാക്കളേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും നേതാക്കളേയും മാറ്റി നിര്‍ത്തി ചരിത്രം രചിച്ച മൂന്നാര്‍ ആദ്യഘട്ട സമരത്തിനുശേഷം ഉയരുന്ന വാദഗതികളിലൊന്ന് ഇപ്പറഞ്ഞവരെ അങ്ങനെ തള്ളാന്‍ പാടില്ല എന്നാണല്ലോ. ഇങ്ങനെ പോയാല്‍ തങ്ങള്‍ എന്തുചെയ്യുമെന്ന ആധിയാണ് അവരെ നയിക്കുന്നതെങ്കിലും അവര്‍ പറയുന്നത് മുഴുവന്‍ തള്ളാനാവില്ല. രാഷ്ട്രീയക്കാരെ മുഴുവന്‍ തള്ളിക്കളയുന്ന സമീപനം ശരിയല്ല. പക്ഷെ, രാഷ്ട്രീയം തൊഴിലാക്കിയ ഒരു വിഭാഗം നമുക്കാവശ്യമില്ല. മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരാകുകയാണ് വേണ്ടത്.
വിപ്ലവം തൊഴിലാക്കിയവര്‍ എന്നത് പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പമാണ്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ എന്തിനാണ് അത്തരത്തിലുള്ളവര്‍? അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. കോര്‍പ്പറേറ്റുകള്‍ പല രീതിയിലും ജനാധിപത്യസംവിധാനത്തെ കൈപിടിയിലാക്കുന്നു. ജനപ്രതിനിധികളേയും നേതാക്കലേയും. മൂന്നാറിലും അത് പ്രകടം. തൊഴിലാളികള്‍ ലായങ്ങൡ കഷ്ടപ്പെടുമ്പോള്‍ നേതാക്കള്‍ക്ക് വീടുവെച്ചു കൊടുക്കുന്നത് അതിനാലാണല്ലോ.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. ഇപ്പോള്‍തന്നെ നമ്മുടെ നേതാക്കളില്‍ ആ ധാരണയുണ്ട്. ഇവരില്‍ ഫാസിസ്റ്റ് പ്രവണതകളും അഴിമതിയും വളരുക മാത്രമല്ല, മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാനുമാണ് അത് സഹായിക്കുക.
ട്രേഡ് യൂണിയനുകളെല്ലാം ആവശ്യം തന്നെ. എന്നാല്‍ ഇനിയെങ്കിലും അതിന്റെ നേതൃത്വങ്ങളില്‍ തൊഴിലാളികളല്ലാത്തവര്‍ മാറി നില്‍ക്കണം. മൂന്നാര്‍ സമരത്തിന്റെ പാഠങ്ങളില്‍ നിന്ന് എന്തെങ്കിലും പഠിക്കുന്നു എങ്കില്‍ നേതാക്കള്‍ ചെയ്യേണ്ടത് അതാണ്. എന്നാലതിനവര്‍ തയ്യാറല്ല എന്നാണ് വ്യക്തമാകുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കളുടേയും മറ്റു രാഷ്ട്രീയ നേതാക്കളുടേയും പ്രസ്താവനകള്‍ അതിന്റെ സൂചനയാണ് നല്‍കുന്നത്. മൂന്നാര്‍ മോഡല്‍ സമരം തൊഴില്‍ മേഖലയെ അരാജകത്വത്തിലേക്ക് തള്ളി വിടുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുന്നത്. ആ തിരിച്ചറിവ് മാധ്യമങ്ങള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ കണ്ണന്‍ദേവന്‍ കമ്പനി മാനേജ്‌മെന്റും തൊഴിലാളി യൂണിയനും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം അനുവദിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ സ്ത്രീകളുടെ സമരത്തിന് അമിതപ്രാധാന്യം കൊടുക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ അക്രമത്തിനു കാരണമെന്ന് എം എം മണിയും പറയുന്നു. ഐ ഓന്‍ ടി യു സി നേതാവ് ചന്ദ്രശേഖറും ആദ്യദിവസം മുതല്‍ സത്രീ തൊഴിലാളികള്‍്കകെതിരെ രംഗത്തുണ്ട്. സ്ത്രീ തൊഴിലാളികളുടെ സമരത്തെ എല്ലാവരും പിന്തുണക്കുന്നു. എന്നാല്‍ അവരെ അക്രമിച്ചവരെ യൂണിയനുകളില്‍ നിന്നു പുറത്താക്കുന്നതിനു പകരം പരോക്ഷമായി പിന്തുണക്കുന്ന കാഴ്ചയാണ് കാണുന്നത്.
വര്‍ഷങ്ങള്‍ക്കുശേഷമാണ് തോട്ടം മേഖലയില്‍ ഇത്തരമൊരു ഉണര്‍വ്വുണ്ടായിരിക്കുന്നത്. 1958ല്‍ നടന്ന സമരത്തില്‍ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. മൂന്നുമാസം നീണ്ടുനിന്ന പ്രക്ഷോഭത്തിന്റെ അവസാനം തൊഴിലാളികള്‍ സമരനേതൃത്വത്തിന്റെ ശാസനകളെ മറികടന്നുകൊണ്ട് കത്തിയും കുറുവടികളും മറ്റുമേന്തി മുതലാളിമാരെയും കങ്കാണിമാരെയും നേരിടുകയായിരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് വര്‍ഷങ്ങളോളം പതിവുചടങ്ങുകളായിരുന്നു ഇവിടത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം. തൊഴിലാളികളുടെ ജീവിതം നരകതുല്ല്യമായി തുടര്‍ന്നു. ട്രേഡ് യൂണിയന്‍ നേതാക്കളാകട്ടെ തടിച്ചുകൊഴുത്തു. തൊഴിലാളികള്‍ ബഹുഭൂരിഭാഗവും തമിഴ് സ്ത്രീകളായതിനാല്‍ ചൂഷണം അനന്തമായി തുടരാമെന്നായിരുന്നു തോട്ടമുടമകളും തൊഴിലാളി നേതാക്കളും ഭരണകൂടവും കരുതിയത്. ആ ധാരണക്കാണ് ഇപ്പോള്‍ കനത്ത തിരിച്ചടിയേറ്റത്. അതാണവര്‍ക്ക് പേടിസ്വപ്‌നമായിരിക്കുന്നത്. ഈ പോക്കുപോയാല്‍ കൂലിക്കൂടുതലിനും ബോണസിനും വേണ്ടി സമരംചെയ്യുന്ന തൊഴിലാളികള്‍ നാളെ തോട്ടങ്ങളില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുമെന്ന ആശങ്കയും അവരെ ഞെട്ടിക്കുന്നു.
സമീപകാലത്ത് കേരളത്തില്‍ അസംഘടിത മേഖലയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണല്ലോ. കല്ല്യാണിനു മുന്നില്‍ നടന്ന ഇരിപ്പുസമരത്തെ പ്രസ്ഥാനങ്ങള്‍ അവഗണിച്ചു. എന്നിട്ടും സമരം വിജയിച്ചതിനെ തുടര്‍ന്ന് സീമീസിലെ സമരത്തില്‍ അവരോടിയെത്തി. മുത്തങ്ങ സമരത്തിനു ശേഷം ആദിവാസി മേഖലയിലും ചങ്ങറക്കുശേഷം പട്ടികജാതി മേഖലയിലും സിപിഎം സംഘടനയുണ്ടാക്കി. എത്രയോ പരിസ്ഥിതി സമരങ്ങള്‍ക്കുശേഷമാണ് അക്കാര്യത്തിലും ചില സംഘടനകള്‍ ശ്രദ്ധിക്കാന്‍ തയ്യാറായത്. സ്ത്രീപീഡനങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. സദാചാരപോലീസിങ്ങിനെതിരെ ചുംബനസമരം നടന്നപ്പോള്‍ അക്കാര്യത്തിലും ചിലര്‍ നിലപാടെടുത്തു. ഇത്തരത്തില്‍ സിവില്‍ സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്കു പുറകില്‍ ഇഴയുകയാണ് നമ്മുടെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍. എന്നാല്‍ എല്ലാം തങ്ങളുടെ നിയന്ത്രണത്തിലാവണമെന്ന പിടിവാശി ഉപേക്ഷിക്കാനുമവര്‍ തയ്യാറല്ല.
മിലോവന്‍ ജിലാസ് ദശകങ്ങള്‍ക്ക് മുമ്പ് ന്യൂ ക്ലാസ് എന്ന പുസ്തകമെഴുതിയിരുന്നു. പുത്തന്‍ വര്‍ഗ്ഗമെന്ന പേരില്‍ മലയാളത്തിലും ആ പുസ്തകം ലഭ്യമാണ്. ചൂഷിതരുടെ വക്താക്കളായി എങ്ങനെയാണ് പുത്തന്‍ ചൂഷണവര്‍ഗ്ഗം ഉയര്‍ന്നു വരുക എന്നാണ് അതില്‍ വിശദീകരിക്കുന്നത്. സമാനമായ അവസ്ഥാവിശേഷമാണ് കേരളത്തിലും കാണുന്നത്. അത് ഹര്‍ഷനപോലുള്ളവര്‍ പറയുന്ന പോലെ അരാഷ്ട്രീയ മധ്യവര്‍ഗ്ഗത്തിന്റെ സൃഷ്ടിയല്ല. അവരോടുള്ള പോരാട്ടം കൂടിയാണ് മൂന്നാറിലെ സ്ത്രീതൊഴിലാളികളുടെ സമരമെന്നതാണ് അതിനെ മറ്റു സമരങ്ങളില്‍ നിന്ന് വ്യത്യസ്ഥാമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply