ട്രാന്‍സ് ജെന്റര്‍ ചിഞ്ചു അശ്വതി പോരാടുമ്പോള്‍

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് ഈ തെരഞ്ഞടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയമെന്നതില്‍ സംശയമില്ല. ദളിതരും സ്ത്രീകളും ട്രാന്‍സ്‌ജെന്ററുകളും ആദിവാസികളുമൊക്കെ സവര്‍ണ്ണഫാസിസത്തിനെതിരെ നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെ തുടര്‍ച്ച ഈ തെരഞ്ഞെടുപ്പിലും പ്രകടമാണ്. ഈ വിഭാഗങ്ങളെയൊന്നും അധികാരത്തിന്റെ അകത്തളങ്ങളിലേക്കടുപ്പിക്കാത്ത ശക്തികളോട് ഇനിയുള്ള കാലം അധികാരത്തിലെ പങ്കാളിത്തത്തിനായാണ് പോരാടേണ്ടതെന്ന അംബേദ്കറുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് നിരവധി പോരാളികള്‍ രാജ്യമെങ്ങും രംഗത്തിറങ്ങിയിട്ടുണ്ട്. ആ നിരയിലാണ് എറണാകുളം […]

chinchu

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു തെരഞ്ഞെടുപ്പു പ്രക്രിയയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സാമൂഹ്യജീവിതത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കുന്ന സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി തന്നെയാണ് ഈ തെരഞ്ഞടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയമെന്നതില്‍ സംശയമില്ല. ദളിതരും സ്ത്രീകളും ട്രാന്‍സ്‌ജെന്ററുകളും ആദിവാസികളുമൊക്കെ സവര്‍ണ്ണഫാസിസത്തിനെതിരെ നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടത്തിന്റെ തുടര്‍ച്ച ഈ തെരഞ്ഞെടുപ്പിലും പ്രകടമാണ്. ഈ വിഭാഗങ്ങളെയൊന്നും അധികാരത്തിന്റെ അകത്തളങ്ങളിലേക്കടുപ്പിക്കാത്ത ശക്തികളോട് ഇനിയുള്ള കാലം അധികാരത്തിലെ പങ്കാളിത്തത്തിനായാണ് പോരാടേണ്ടതെന്ന അംബേദ്കറുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് നിരവധി പോരാളികള്‍ രാജ്യമെങ്ങും രംഗത്തിറങ്ങിയിട്ടുണ്ട്. ആ നിരയിലാണ് എറണാകുളം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ദളിത് – അംബേദ്കറിസ്റ്റ് – ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് ചിഞ്ചു അശ്വതി (അശ്വതി രാജപ്പന്‍) യുടേയും സ്ഥാനം.
കോഴിക്കോട് നഗരമധ്യത്തില്‍ വെച്ച് കൊല ചെയ്യപ്പെട്ട ട്രാന്‍സ് സഹോദരി ശാലുവിന് അന്ത്യാജ്ഞലിയര്‍പ്പിച്ചാണ് ചിഞ്ചു സാമൂഹ്യനീതിക്കും രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തത്തിനുമായുള്ള ഈ പോരാട്ടത്തിനിറങ്ങുന്നത്. അടുത്തകാലം വരെ കേരളീയസമൂഹത്തില്‍ ദൃശ്യരാകാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലായിരുന്നു ട്രാന്‍സ് സമൂഹം. അവരില്‍ ഭൂരിഭാഗവും അയല്‍ സംസ്ഥാനങ്ങളിലാണ് ജീവിച്ചിരുന്നത്. മറ്റെല്ലാവര്‍ക്കുമെന്ന പോലെ, സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി കേരളത്തില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നു പ്രഖ്യാപിച്ച് ഇവര്‍ കേരളീയസമൂഹത്തില്‍ ദൃശ്യരാകാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതിനായി ജീവന്‍ പണയം വെച്ചുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നത്. പലരും കൊലചെയ്യപ്പെട്ടു. പലരും ആത്മഹത്യയിലഭയം തേടി. പലര്‍ക്കും പോലീസില്‍ നിന്നും സദാചാരപോലീസില്‍ നിന്നുമെല്ലാം മര്‍ദ്ദനമേറ്റു. കള്ളക്കേസുകളില്‍ തുറുങ്കിലടക്കപ്പെട്ടു. ചെറിയ മാറ്റങ്ങളോടെയാണെങ്കിലും ഇപ്പോളും ആ അവസ്ഥ തുടരുന്നു. ഇത്തരത്തിലുള്ള പല അനുഭവങ്ങളും ചിഞ്ചുവും നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പിറന്ന മണ്ണില്‍ അന്തസ്സായി ജീവിക്കാനുള്ള ഒരു സമൂഹത്തിന്റെ തുടരുന്ന പോരാട്ടത്തിന്റെ ഭാഗമായി ചിഞ്ചു ലോകസഭയിലേക്ക് മത്സരിക്കുന്നത്.
ഇന്ത്യയിലാദ്യമായി ഒരു ഭിന്നലിംഗനയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ ഇപ്പോഴും ലിംഗ – ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍ തന്നെ. പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഭേദപ്പെട്ട അവസ്ഥയിലാണ്. വീട്ടില്‍ നിന്നുതന്നെ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം നില നില്‍ക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ ജീവിക്കേണ്ടി വരുന്നത്. ട്രാന്‍സ്ജെന്റര്‍ വിഭാഗങ്ങളുടെ പഠനം ഉറപ്പുവരുത്തുക, അതിനായി അധ്യാപകരേയും മറ്റു ബന്ധപ്പെട്ടവരേയും സജ്ജരാക്കുക, ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തേയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തേയും അംഗീകരിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രത്യക ടോയ്ലറ്റുകള്‍ സ്ഥാപിക്കുക, എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം ഉറപ്പുവരുത്തുക, ഐഡി കാര്‍ഡുകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തുക, അവകാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നയത്തിലുണ്ട്. എന്നാല്‍ ഇല്ലാത്ത പലതുമുണ്ട്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കും ലഭ്യമാകണം. നിയമപരമായിതന്നെ വിവേചനം അവസാനിപ്പിക്കണം. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം പോലെ, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍പോലെ കര്‍ശനമായ നിയമങ്ങളിലൂടെ ഇവര്‍ക്കെതിരായ കടന്നാക്രമണങ്ങളും തടയണം. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവകാശമായി അംഗീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണം. ബലാല്‍സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെ പരാമര്‍ശിക്കുന്നതേയില്ല എന്നതും പ്രധാനമാണ്. ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കണം. ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധി സഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യണം. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍പെടുന്നവര്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഗവണ്മെന്റ് തലത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. എല്ലാ മേഖലകളിലും സംവരണം വേണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല. മാത്രമല്ല, ട്രാന്‍സ്‌ജെന്റര്‍, ഇന്റര്‍സെക്‌സ്, മറ്റു ലിംഗ ലൈംഗിക സമുദായങ്ങളുടെയും ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ആശങ്കകളെയും പ്രതിഷേധങ്ങളെയും ഒട്ടും തന്നെ പരിഗണിക്കാതെ കേന്ദ്ര സര്‍ക്കാര്‍ 2018 ഡിസംബര്‍ 17ന് ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ട്രാന്‍സ്്‌ജെന്റര്‍ ബില്ലില്‍ ഒരാളുടെ ലിംഗപദവി എന്താണെന്ന് നിശ്ചയിക്കാനുള്ള സ്വയം നിര്‍ണ്ണയാവകാശം ഉള്‍പ്പെടുത്തണം എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങളുമായാണ് ഇന്റര്‍ സെക്‌സ് വിഭാഗത്തില്‍ പെട്ട ചിഞ്ചു ഈ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ്
വാസ്തവത്തില്‍ ട്രാന്‍സ് സമൂഹത്തിന്റെ മാത്രമല്ല, പാര്‍ശ്വവല്‍കൃതരായ എല്ലാ വിഭാഗങ്ങളുടേയും പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ചിഞ്ചുവുണ്ട്. താനൊരു അംബേദ്കറൈറ്റാണെന്ന് അഭിമാനപൂര്‍വ്വും ചിഞ്ചു പ്രഖ്യാപിക്കുന്നു. രോഹിത് വെമുലയുടെ മരണമാണ് സാമൂഹ്യവിവേചനത്തിനെതിരായ പോരാട്ടത്തില്‍ തന്നെ സജീവമാക്കിയതെന്നും അവര്‍ പറയുന്നു. ചിഞ്ചുവിന്റെ മാതാപിതാക്കളും ദളിത് ആക്ടിവിസ്റ്റുകളാണ്. സംസ്ഥാനത്തു നടക്കുന്ന ദളിത് – സ്ത്രീ – ആദിവാസി പോരാട്ടങ്ങളിലെല്ലാം സജീവസാന്നിധ്യമാണ് ചിഞ്ചു. അതുപോലെ തന്നെ എറണാകുളത്തുമാത്രമല്ല, കേരളത്തിലെമ്പാടുമുള്ള പരിസ്ഥിതി – ജനകീയ സമരങ്ങളിലും ചിഞ്ചുവിനെ കാണാം. മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ തുടരുന്ന ജനവിരുദ്ധമായ വികസന നയങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് തന്റെ സഖാക്കള്‍ എന്നു ചിഞ്ചു പ്രഖ്യാപിക്കുന്നു. ആ പോരാട്ടത്തിന്റെ ഭാഗമായാണ് താന്‍ ലോകസഭയിലേക്ക് മത്സരിക്കുന്നതെന്നും. അതിന്റെ ഭാഗമായാണ് ചിഞ്ചു അധികാരത്തിലെ പങ്കാളിത്തത്തെ കാണുന്നത്. അതൊടൊപ്പം ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും ലിംഗനീതിക്കുമായുള്ള പോരാട്ടത്തിന്റെ ഭാഗവുമാണിതെന്നും ചിഞ്ചു തിരിച്ചറിയുന്നു.
സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിവരുകയും ഇന്നോളം അധികാരത്തിന്റേ വാതായനങ്ങള്‍ അടച്ചിട്ടവര്‍ക്കായി അവ തുറക്കുകയും ചെയ്യുമ്പോളാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ പക്വവും പൂര്‍ണ്ണവുമാക്കാനുള്ള പോരാട്ടം കൂടിയാണ് ചിഞ്ചു നടത്തുന്നത്. ഒപ്പം താന്‍ വിജയിക്കുകയാണെങ്കില്‍ പാര്‍ശ്വവല്‍ക്കരുടെ പക്ഷം പിടിച്ച് മണ്ഡലത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും ചിഞ്ചു ഉറപ്പു നല്‍കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply