ടീസ്റ്റയുടെ ശബ്ദം നിശബ്ദമാക്കാനുള്ളതല്ല.

സെബാസ്റ്റിയന്‍ പോള്‍ ജനാധിപത്യസംവിധാനത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എല്ലാവരും അംഗീകരിക്കുന്നു.. എന്നാല്‍ സംഭവിക്കുന്നതെന്താണ്? അതിനായി ശബ്ദമുയര്‍ത്തുന്നവരേയും പോരാടുന്നവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അവരുടെ പൊതുജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതാണ് ടീസ്റ്റക്കു സംഭവിക്കുന്നത്. ടീസ്റ്റയെപോലെ മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പോരാടുന്നവര്‍ക്കെല്ലാം സംഭവിക്കുന്നത്. അവരുടെ മാത്രമല്ല, സാധാരണക്കാരുടെ ജീവിതങ്ങളെപോലും ഫാസിസം കീഴടക്കുന്നത്. തങ്ങള്‍ക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയും അതിനനുസരിച്ച് അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന തന്ത്രമാണ് ഫാസിസത്തിന്റേത്. അങ്ങനെ അതിന് സ്വീകാര്യതയുണ്ടെന്നു വരുത്തുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ഉദാഹരണം. വധശിക്ഷ നിര്‍ത്തലാക്കാനാവശ്യപ്പെടുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നതുതന്നെ […]

ttt

സെബാസ്റ്റിയന്‍ പോള്‍

ജനാധിപത്യസംവിധാനത്തില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് എല്ലാവരും അംഗീകരിക്കുന്നു.. എന്നാല്‍ സംഭവിക്കുന്നതെന്താണ്? അതിനായി ശബ്ദമുയര്‍ത്തുന്നവരേയും പോരാടുന്നവരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. അവരുടെ പൊതുജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അതാണ് ടീസ്റ്റക്കു സംഭവിക്കുന്നത്. ടീസ്റ്റയെപോലെ മനുഷ്യവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പോരാടുന്നവര്‍ക്കെല്ലാം സംഭവിക്കുന്നത്. അവരുടെ മാത്രമല്ല, സാധാരണക്കാരുടെ ജീവിതങ്ങളെപോലും ഫാസിസം കീഴടക്കുന്നത്.
തങ്ങള്‍ക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുകയും അതിനനുസരിച്ച് അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുന്ന തന്ത്രമാണ് ഫാസിസത്തിന്റേത്. അങ്ങനെ അതിന് സ്വീകാര്യതയുണ്ടെന്നു വരുത്തുന്നു. വധശിക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തന്നെ ഉദാഹരണം. വധശിക്ഷ നിര്‍ത്തലാക്കാനാവശ്യപ്പെടുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രീകരിക്കുന്നതുതന്നെ നോക്കൂ. അങ്ങനെ പറയുന്നവരെയെല്ലാം പാക്കിസ്ഥാനിലേക്കയക്കണമെന്നുപോലും ആവശ്യമുയരുന്നു. അതിനെ മനുഷ്യവകാശപ്രശ്‌നമായി കാണാത്ത വിധം അജണ്ടകള്‍ രൂപപ്പെടുത്തുകയും അതിന്റെ പിന്‍ബലത്തില്‍ ഫാസിസ്റ്റ് പ്രത്യശാസ്ത്രം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഇക്കാര്യത്തില്‍ ജുഡീഷ്യറിയും മാധ്യമങ്ങളുമടക്കമുള്ള സംവിധാനങ്ങളും കുറ്റവാളികളാണ്. അവയൊന്നും വിമര്‍ശനങ്ങള്‍ക്കതീതമല്ല. അന്ത്യനിമിഷം വരെ യാക്കൂബിനെ രക്ഷിക്കാനുള്ള ശ്രമം നടത്തി എന്ന ധാരണ സൃഷ്ടിച്ച് ജുഡീഷ്യറി സത്യത്തില്‍ മുന്‍ അജണ്ട നടപ്പാക്കുകയായിരുന്നു. സുപ്രിംകോടതി ജസ്റ്റീസുമാരടക്കം റിട്ടയര്‍മെന്റിനുശേഷം ഉന്നത സ്ഥാനങ്ങള്‍ കാംക്ഷിക്കുന്നവരാണ്. അതിനാല്‍ തന്നെ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാകുന്നു.
കണക്കുകള്‍ കൃത്യമായി എഴുതിയില്ല എന്നതാണ് ടീസ്റ്റക്കെതിരെ അതിവേഗത്തില്‍ നടപടികളെടുക്കാനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുവരാന്‍ കാരണം. പണ്ട് മദര്‍ തെരേസക്കെതിരേയും ഈ ആരോപണമുണ്ടായിരുന്നു. കണക്കിന്റെ പേരില്‍ നിയമക്കുരുക്കില്‍ പെടുത്തി ടീസ്റ്റയെ നിശബ്ദയാക്കാനാണ് ശ്രമമെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? നേരത്തെ ബിനായക് സെന്നിനെ അറസ്റ്റ ചെയ്ത് വര്‍ഷങ്ങള്‍ ജയിലിലടച്ചപോലെ ടീസ്റ്റയേയും കാരാഗ്രഹത്തിലടക്കാനാണ് അജണ്ട. ഗുജറാത്ത് പോലീസിന്റെ കൈയില്‍ ടീസ്റ്റയെ ലഭിച്ചാല്‍ എന്തായിരിക്കും സംഭവി്ക്കുക? സുപ്രിംകോടതി താല്‍ക്കാലികമായി മാത്രമാണ് അറസ്റ്റിനു സ്‌റ്റേ നല്‍കിയിട്ടുള്ളത്. ടീസ്റ്റക്കുമാത്രമല്ല, മനുഷ്യാവകാശം പറയുന്ന എല്ലാവര്‍ക്കുമുള്ള സന്ദേശം കൂടി നല്‍കാനാണ് നീക്കം.
ഭീകരവാദികള്‍ രാജ്യത്തോട് നടത്തുന്ന യുദ്ധം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ഭരണകൂടം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും നേരെ നടത്തുന്ന യുദ്ധങ്ങള്‍. അടിയന്തരാവസ്ഥ ആസന്നമാണെന്ന് സംശയിച്ചത് പഴയ അടിയന്തരാവസ്ഥയുടെ ഭീകരത നന്നായി അറിഞ്ഞ എല്‍ കെ അദ്വാനി തന്നെയായിരുന്നു എന്നോര്‍ക്കുക. അതൊരുപക്ഷെ പഴയ പോലെ പ്രഖ്യാപിത അടിയന്തരാവസ്ഥയാകണമെന്നില്ല അതിനേക്കാള്‍ ഭയാനകമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയായിരിക്കും. അതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. മനുഷയന്റെ സ്വകാര്യതക്കുള്ള ്അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയാണല്ലോ. നമുക്കെല്ലാമുണ്ടെന്നു കരുതിയ വ്യക്തിസ്വാതന്ത്ര്യങ്ങളെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. കൊലപാതകങ്ങളില്‍ ജാതി- മത വ്യത്യാസങ്ങള്‍ നോക്കേണ്ടതില്ല എങ്കിലും ഭരണകൂടവും ജുഡീഷ്യറിയുമെല്ലാം പ്രകടമായ പക്ഷപാതിത്വം കാണിക്കുന്നു. യാക്കൂബ് മേമനുപിന്നില്‍ ദാവുദ് എബ്രഹാമാണെങ്കില്‍ സ്വദേശി ടെററിസ്റ്റുകള്‍ക്കുപിന്നില്‍ ഭരണകൂടം തന്നെയാണ്.
ഈ സാഹചര്യത്തിലാണ് ടീസ്റ്റയെപോലുള്ളവരുടെ പ്രസക്തി. ഭരണകൂടം മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന ചരിത്രത്തിലെ ചില പേജുകള്‍ കണ്ടെത്തി പൂരിപ്പിക്കാനാണ് അവരുടെ ശ്രമം. ചരിത്രം ഈ രീതിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതാവശ്യമാണ്. ഇനിയുമൊരു ഗുജറാത്ത് ആവര്‍ത്തിക്കരുതല്ലോ. അതിനാല്‍ ടീസ്റ്റയുടെ ശബ്ദം നിശബ്ദമാകാനുള്ള ശബ്ദമല്ല. മുഖരിതമാകാനുള്ള ശബ്ദമാണ്. അതിനാല്‍ ്‌വരോടൊപ്പം നില്‍ക്കേണ്ടത് ഏവരുടേയും ഉത്തരവാദിത്തമാണ്.

ടീസ്റ്റയെ പിന്തുണച്ച് ജനകീയ കലാ സാഹിത്യവേദി തൃശൂരില്‍ നടത്തിയ പ്രതിരോധസദസ്സില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply