ശിക്ഷ ഉചിതം. ഇനിവേണം സിബിഐ അന്വേഷണം.

നിരവധി സാക്ഷികളുടെ കൂറുമാറ്റത്തിനും കേസൊതുക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന നടന്നു എന്ന ആരോപണങ്ങള്‍ക്കും ശേഷം ടിപി വധകേസില്‍ ഏറെക്കുറെ പ്രതീക്ഷിച്ച ശിക്ഷാവിധിതന്നെയാണ് വന്നിരിക്കുന്നത്. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജീവപര്യന്തം. കൊലപാതകം ആസൂത്രണം ചെയ്തു എന്ന കുറ്റം ചുമത്തപ്പെട്ട് മൂന്നു സിപിഎം നേതാക്കള്‍ക്കും കൊല നേരിട്ടുനടത്തിയവര്‍ക്കും അതേ ശിക്ഷതന്നെ എന്നത് നല്ല കീഴ്‌വഴക്കമായി. കൊലക്കു വ്യക്തിപരമായ ഒരു കാരമവുമില്ലെന്നും കൊലയാളികള്‍ക്കൊന്നും ടിപിയെ അറിയില്ലെന്നും കൊലക്കു കാരണം രാഷ്ട്രീയമാണെന്നും കോടതി വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഏതുകേസിലും വധശിക്ഷ ഒഴിവാക്കണമെന്ന […]

images

നിരവധി സാക്ഷികളുടെ കൂറുമാറ്റത്തിനും കേസൊതുക്കാന്‍ രാഷ്ട്രീയതലത്തില്‍ ഗൂഢാലോചന നടന്നു എന്ന ആരോപണങ്ങള്‍ക്കും ശേഷം ടിപി വധകേസില്‍ ഏറെക്കുറെ പ്രതീക്ഷിച്ച ശിക്ഷാവിധിതന്നെയാണ് വന്നിരിക്കുന്നത്. തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും ജീവപര്യന്തം. കൊലപാതകം ആസൂത്രണം ചെയ്തു എന്ന കുറ്റം ചുമത്തപ്പെട്ട് മൂന്നു സിപിഎം നേതാക്കള്‍ക്കും കൊല നേരിട്ടുനടത്തിയവര്‍ക്കും അതേ ശിക്ഷതന്നെ എന്നത് നല്ല കീഴ്‌വഴക്കമായി. കൊലക്കു വ്യക്തിപരമായ ഒരു കാരമവുമില്ലെന്നും കൊലയാളികള്‍ക്കൊന്നും ടിപിയെ അറിയില്ലെന്നും കൊലക്കു കാരണം രാഷ്ട്രീയമാണെന്നും കോടതി വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഏതുകേസിലും വധശിക്ഷ ഒഴിവാക്കണമെന്ന നിലപാടിലേക്ക് ലോകം നീങ്ങികൊണ്ടിരിക്കുമ്പോള്‍ അതിനായി മുറവിളി കൂട്ടുന്നത് ആധുനികകാലത്തിന് യോജിച്ചതല്ല.
ഇനി വരുന്ന വിഷയം കേസില്‍ നടന്ന ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരിക എന്നതാണ്. സിപിഎമ്മിനെ കോടതി കുറ്റവിമുക്തമാക്കി എന്ന പ്രചരണം വസ്തുതാപരമായും രാഷ്ട്രീയമായും ശരിയല്ല. പാര്‍ട്ടി നേതാവ് പി മോഹനനെ വിട്ടയച്ചു എന്ന ഒറ്റകാരണം ചൂണ്ടികാട്ടിയാണ് ഈ പ്രചരണം നടക്കുന്നത്. കൊലയാളി സംഘത്തില്‍ പെട്ടവര്‍ മാത്രം ശിക്ഷിക്കപ്പെടുമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. അതു തകര്‍ന്നു. കൊലയാളി സംഘത്തിന് ടിപിയോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്ല. അവരെന്തിനു ടിപിയെ വധിച്ചു? അവര്‍ക്കൊപ്പം പാര്‍ട്ടി നേതാക്കള്‍ എങ്ങനെ കുറ്റക്കാരായി? അതും ഏരിയാ കമ്മിറ്റി അംഗമടക്കം..? സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏരിയാ കമ്മിറ്റി ചെറിയ സംഘടനാ സംവിധാനമല്ല. കുഞ്ഞനന്തനാകട്ടെ മോശപ്പെട്ട നേതാവുമല്ല. ജില്ലാസെക്രട്ടറിയുടെ കാറിലാണല്ലോ ഇയാളെ ഒളിവിലാക്കിയത്. പഴയ പാര്‍ട്ടി നേതാവ് അബ്ദുള്ളകുട്ടി പറയുന്നതനുസരിച്ച് പാന്നൂര്‍ – തലശ്ശേരി മേഖലയിലെ രാഷ്ട്രീയ കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നതും ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധം നിലനിര്‍ത്തുന്നതും പാര്‍ട്ടിയോട് ജീവനേക്കാള്‍ പ്രതിബദ്ധത പുലര്‍ത്തുന്ന കുഞ്ഞനന്തനാണ്.
അന്ധമായ സിപിഎം അണികള്‍ക്കൊഴികെ ആ വിഷയത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് എങ്ങനെ പറയാനാകും? ശിക്ഷിക്കപ്പെട്ട പാര്‍ട്ടിക്കാരില്‍ ഇരു ജില്ലകളിലുമുള്ളവരുണ്ട് എന്നതിനാല്‍ മേല്‍ക്കമ്മിറ്റികള്‍ അറിയാതെ അതു നടപ്പാകില്ല എന്നും സിപിഎം സംഘടനാ സംവിധാനങ്ങളെ കുറിച്ചറിയുന്നവര്‍ക്ക് സംശയമുണ്ടാകില്ല. വിചാരണഘട്ടത്തില്‍ കുറെപേരെ വെറുതെവിട്ടു, മോഹനനടക്കമുള്ളവരെ വെറുതെവിട്ടു എന്നതൊന്നും പങ്കില്ലാത്തതിനു ന്യായീകരണമല്ല. വേണ്ടത്ര തെളിവു കിട്ടാത്തതുകൊണ്ടാണല്ലോ അതു സംഭവിച്ചത്. വിചാരണഘട്ടത്തിലെ സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ എല്ലാവരും കണ്ടതുമാണ്.
വ്യക്തിവൈരാഗ്യമല്ല, രാഷ്ട്രീയവൈരാഗ്യമാണ് കൊലക്കുകാരണമെന്ന് വിധിയിലൂടെ അസന്നിഗ്ധമായി തെളിഞ്ഞിരിക്കുന്നു. കൊലയില്‍ പങ്കെടുത്ത ഒരാള്‍ക്കും ടിപിയോട് വ്യക്തിവൈരാഗ്യമില്ല. പിന്നേയും പാര്‍ട്ടിക്കുപങ്കില്ല എന്നു വിശ്വസിക്കാന്‍ വ്എസ് പറഞ്ഞപോലെ അരിഭക്ഷണം കഴിക്കുന്നവര്‍ക്കു കഴിയില്ല. വധത്തിന് പിന്നില്‍ പാര്‍ട്ടി ഗൂഡാലോചന നടത്തിയെന്ന ആരോപണം പൊളിഞ്ഞുവെന്നും മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടത് ഇതാണ് തെളിയിക്കുന്നതെന്നുമുള്ള പിണറായിയുടെ വാദം നിലനില്‍ക്കുന്നതല്ല. മറുവശത്ത് കുഞ്ഞനന്തന്‍ ശിക്ഷിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നും പിണറായി കൂട്ടിചേര്‍ത്തത് കൗതുകകരമായി.
വളരെ പ്രധാനപ്പെട്ട രണ്ടുവിഷയങ്ങളാണ് ഇനി ഉയര്‍ന്നു വരാന്‍ പോകുന്നത്. ഒന്ന് ഈ വധത്തിലെ ഉന്നതതല ഗൂഢാലോചന സിബിഐ അന്വഷിക്കണമെന്ന ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നതാണ് ഒന്ന്. ആദ്യഘട്ടത്തില്‍ കേസന്വേഷണം കൃത്യമായി മുന്നോട്ടുപോയിരുന്നു എന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണത്തെകുറിച്ചും ആരോപണമുയര്‍ന്നു. അന്നത്തെ ആഭ്യന്തര വകുപ്പുമന്ത്രി തിരുവഞ്ചൂരിനെതിരേയും ആരോപണം നീണ്ടു. കോണ്‍ഗ്രസ്സ് നേതാക്കള്‍പോലും ഈ ആരോപണം ഉന്നയിച്ചു. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നുതന്നെയാണ് കരുതേണ്ടതണ്ടത്. പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം. എന്തായാലും ഉന്നത തല ഗൂഢാലോചന കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമാണ്. കെ കെ രമക്കുപുറമെ വിഎസും കോണ്‍ഗ്രസ്സ് നേതാക്കളായ വിഎം സുധീരന്‍, മുല്ലപ്പിള്ളി തുടങ്ങിയവരൊക്കെ അതാവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പിസി ജോര്‍ജ്ജും. ഈ ആവശ്യം ഉന്നയിച്ച് രമ നിരാഹാരം ആരംഭിക്കുകയാണെങ്കില്‍ അതുണ്ടാക്കുന്ന രാഷ്ട്രീയചനലങ്ങള്‍ ചെറുതായിരിക്കില്ല.
രണ്ടാമത്തെ വിഷയം സംഭവവുമായി ബന്ധപ്പെട്ട സിപിഎം അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ്. കോടതിവിധി വന്നിട്ടുപോലും അത് പുറത്തുവന്നിട്ടില്ല എന്നത് മറ്റൊരു തമാശ. പ്രസ്തുത റിപ്പോര്‍ട്ടിന്റെ അവസ്ഥ ഇനിയെന്താകുമെന്ന് കാത്തിരുന്നു കാണാം. മിക്കവാറും അത് പുറത്തുവരാനിടയില്ല. മറുവശത്ത് കുറ്റവാളികളെന്ന് കോടതി വിധിച്ച മൂന്നു നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. മറുവശത്ത് പാര്‍ട്ടിക്കു കൊലയില്‍ പങ്കില്ലെന്നും ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന പഴയ പ്രഖ്യാപനം ഇനി നടപ്പാക്കുമോ? കാത്തിരുന്നുകാണാം.
ഇതൊക്കെയാണങ്കിലും വളരെ ഗുണകരമായ ചില സംഭവങ്ങള്‍ ടിപി വധവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട് എന്നതു കാണാതിരുന്നുകൂടാ. രഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍തന്നെ പ്രതികളുടെ ലിസ്റ്റ് നല്‍കുകയും അവരെ പ്രതികളാക്കുകയും പിന്നീട് അവരുടെ കുടുംബങ്ങളെ പാര്‍ട്ടികള്‍ സംരക്ഷിക്കുകയും ചെയ്യുക എന്ന പതിവുശൈലി ഈ കേസില്‍ നടന്നില്ല എന്നതാണത്. അതോടൊപ്പം വധവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ അഭൂതപൂര്‍വ്വമായ പ്രതികരണം തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ചെറിയ തോതില്‍ കുറവുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ടിപിയുടെ രക്തസാക്ഷിത്വം അതിനു സഹായകരമായെന്നത് നന്നായി.
മറ്റൊന്ന് കമ്യൂണിസ്റ്റുകാര്‍ ഇനിയെങ്കിലും ഒരു സ്വയം വിമര്‍ശനത്തിനു തയ്യാറാകുമോ എന്നതാണ്. ലോകം കണ്ട ഏറ്റവും ഭീകരനെന്നും വിശേഷിപ്പിക്കപ്പെടുന്ന ഹിറ്റ്‌ലര്‍പോലും എതിരാളികളെന്നു അയാള്‍ കരുതിയവരെയാണ് കൊന്നൊടുക്കിയത്. എന്നാല്‍ പാര്‍ട്ടി കമ്മിറ്റികളില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പുലര്‍ത്തിയവരെപോലും കൊന്നൊടുക്കിയ ചരിത്രമാണ് സ്റ്റാലിന്റേത്. ട്രോട്‌സ്‌കിയുടെ പുറത്തു പതിച്ച മഴു ഇന്നും സജീവമാണ്. ട്രോട്‌സികിയില്‍ നിന്നാരംഭിച്ച പോരാളികളുടെ നിരയാണ് ഇപ്പോള്‍ ടിപിയില്‍ എത്തിയിരിക്കുന്നത്. ജനാധിപത്യവിരുദ്ധമായ ഈ നയം അവസാനിപ്പിക്കാന്‍ ഇനിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ തയ്യാറാകുമോ എന്നതുതന്നെയാണ് പ്രസക്തമായ ചോദ്യം. വ്യത്യസ്ഥ അഭിപ്രായങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന മിനിമം ജനാധിപത്യമെങ്കിലും സംഘടനക്കകത്തും പുറത്തും നടപ്പാക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകുമോ? കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ശിക്ഷ ഉചിതം. ഇനിവേണം സിബിഐ അന്വേഷണം.

  1. രാഷ്ട്രീയം അന്നും ഇന്നും കുറെ ഒളിപ്പോരാളി സംഘങ്ങളുടെ കൈകളില്‍ത്തന്നെയാണ്.ഇതില്‍ എല്ലാവര്‍ക്കും പങ്കുണ്ട്.

Leave a Reply